പള്ളി സ്ഥാപിച്ചിട്ട് മുപ്പത്തിമൂന്നു വര്‍ഷമായതിന്‍റെ ആഘോഷം ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു. അവിടെ ധ്യാനം നടത്താന്‍ എനിക്കു നിയോഗം വന്നത് ഞാനച്ചനായതിന്‍റെ മുപ്പത്തിമൂന്നാം വര്‍ഷമായിരുന്നതുകൊണ്ടായിരുന്നുതാനും. പള്ളി വെഞ്ചരിച്ച ആദ്യവര്‍ഷം നടന്ന മിഷന്‍ധ്യാനത്തിനു പുത്തനച്ചനായിരുന്ന ഞാനുമുണ്ടായിരുന്നു എന്ന് ഓര്‍ത്തിരുന്ന ആരോ തപ്പിപ്പിടിച്ചാണ് എന്നെ കണ്ടെത്തിയതും. മുപ്പത്തിമൂന്നു വയസ്സായവരുടെയും, കല്യാണംകഴിച്ചിട്ടു മുപ്പത്തിമൂന്നു വര്‍ഷം കഴിഞ്ഞവരുടെയും അങ്ങനെ മൂപ്പത്തിമൂന്നുകാരുടെ പല സംഗമങ്ങളും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പുതുമയുള്ള ആ പരിപാടിയെപ്പറ്റി അന്നത്തെ വികാരിയച്ചനോടു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി വളരെ യുക്തിസഹമായിരുന്നു. വല്യകുഴപ്പമില്ലാത്ത ഇടവകക്കാരാണ്, പക്ഷേ ഒരു മരവിപ്പാണ് എല്ലായിടത്തും. ഒരുകാലത്ത് ഒരു കരിസ്മാറ്റിക് ആവേശമൊക്കെയുണ്ടായിരുന്നു. അതെല്ലാമടങ്ങി. ജനത്തിനെന്തെങ്കിലുമൊരു പുതുമ വേണം. അങ്ങനെ ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ യാദൃച്ഛികമായിട്ടു പള്ളിയുടെ മോണ്ടളത്തിലെ ഭിത്തിയില്‍ കൊത്തിവച്ച കല്ലിലെ വെഞ്ചരിപ്പിന്‍റെ തീയതി കണ്ണില്‍പെട്ടു. അതില്‍ പിടിച്ചുകയറി എത്തിയ ഒരാശയമായിരുന്നു മുപ്പത്തിമൂന്നാഘോഷം. പിന്നെ മുപ്പത്തിമൂന്നിനെപ്പറ്റിയായി പല ഞായറാഴ്ചകളിലും പള്ളിയില്‍ പ്രസംഗം. കര്‍ത്താവു പരസ്യജീവിതം തുടങ്ങിയ മുപ്പത്തിമൂന്നാം വയസ്സിനെപ്പറ്റിപ്പറഞ്ഞുതുടങ്ങി. ജനത്തിന് മുപ്പത്തിമൂന്നിഷ്ടമായിത്തുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു സംഗമത്തെപ്പറ്റിപ്പറഞ്ഞുതുടങ്ങി. രണ്ടുമൂന്നുമാസംകൊണ്ട് അതൊരു ആവേശമായി. അങ്ങനെ അവരുതന്നെ കണ്ടെത്തിയതാണ് പല പരിപാടികളും. മുപ്പത്തിമൂന്നു കുടുംബങ്ങള്‍വീതം ഒന്നിച്ചുചേര്‍ന്ന് ഞായറാഴ്ച ഒഴികെ ഓരോദിവസം കുര്‍ബ്ബാന, അവരെടുക്കുന്ന പിരിവുമായി അടുത്തുള്ള വൃദ്ധസദനത്തിലെത്തി അവരെ സഹായിക്കുക, മുപ്പത്തിമൂന്നു ചോദ്യങ്ങള്‍ ബൈബിളില്‍നിന്നും കണ്ടുപിടിച്ച് ഗ്രൂപ്പുതമ്മില്‍ ക്വിസ്സ് മത്സരം, അവരവരുടെ ഗ്രൂപ്പുകളിലും പ്രദേശത്തുമുള്ള ജാതീം മതവും നോക്കാതെ എല്ലാവീടുകളിലെയും യാത്രചെയ്യുവാനൊന്നും പറ്റാത്ത രോഗികളെയും പ്രായമായവരെയും സന്ദര്‍ശിക്കുക തുടങ്ങി ജനങ്ങളുതന്നെ ഒരോരോപരിപാടികള്‍ കൊണ്ടുവന്നുതുടങ്ങി. വളരെചുരുക്കം ചിലരുമാത്രം ഇതില്‍നിന്നൊക്കെ വിട്ടുനിന്നെങ്കിലും ജനത്തിനിടയില്‍ കാണാനും മിണ്ടാനും എല്ലാത്തിനും ഒരുണര്‍വ്വായി. അക്കൂട്ടത്തിലാണ് ധ്യാനത്തെപ്പറ്റിയുള്ള ആലോചനയും വന്നത്. അങ്ങനെയാണ് എന്നെതപ്പിയെടുത്തത്. ജനത്തിനിടയില്‍നിന്നും വന്ന ആശയങ്ങളെ തേച്ചുമിനുക്കിയതല്ലാതെ അച്ചനൊന്നും അടിച്ചേല്‍പിച്ചുമില്ല, ഒന്നിനുവേണ്ടിയും പിരിവെടുത്തുമില്ല. സഭയുടെയും രൂപതയുടെയും പൊതുവായ ചില പിരിവുകളൊഴികെ കാശിനെപ്പറ്റി പള്ളീല്‍ പറയേണ്ടിവന്നിട്ടില്ല. ഒരു സമ്മര്‍ദ്ദവുമില്ലാതെ ഏതുകാര്യത്തിനും സഹകരണവും എന്തുകാര്യത്തിനും മിച്ചമല്ലാതെ തികയാതെ വന്നിട്ടുമില്ല. നാലഞ്ചുദിവസങ്ങള്‍ അവിടെ ചെലവഴിച്ചപ്പോള്‍ കണ്ടതും കേട്ടതും ചിലതൊക്കെ ഞാനൊന്നു കുറിച്ചതാണ്.
ധ്യാനത്തിന്‍റെ സമാപനത്തോടെയായിരുന്നു, വിവാഹിതരായിട്ട് മുപ്പത്തിമൂന്നുവര്‍ഷത്തിനുമേല്‍ ആയവരുടെ സംഗമം. നൂറിലധികം ദമ്പതികളും പിന്നെ വിഭാര്യരും വിധവകളുമായി കുറെപ്പേരും എല്ലാംകൂടെ മുന്നൂറോളംപേര്‍ പങ്കെടുക്കാനുണ്ടായിരുന്നു. ഒന്നുരണ്ടു ക്ലാസ്സുകളും അവര്‍ക്കുവേണ്ടിയുള്ള ചില മത്സരങ്ങളുമായിരുന്നു ഉച്ചയ്ക്കുമുമ്പ്. ഉച്ചകഴിഞ്ഞ് ഇടവകയുടെ പുരോഗതിയില്‍ അവര്‍ക്കുള്ള പങ്കിനെപ്പറ്റിയും മറ്റുമുള്ള വികാരിയച്ചന്‍റെ ചില നിരീക്ഷണങ്ങളും അനിനുശേഷം അവരുടെ പ്രതികരണങ്ങളുമായിരുന്നു വിഷയം. ഇടവകയുടേതായ പലതും പറഞ്ഞുകഴിഞ്ഞപ്പോള്‍ പത്തെണ്‍പതു വയസ്സെങ്കിലുമുള്ള ഒരു ചേട്ടന്‍ എഴുന്നേറ്റനിന്നു. സംസാരിക്കാന്‍ അനുമതി കിട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞുതുടങ്ങി. 'ഇപ്പോഴാണ് ഞങ്ങളും വേണ്ടപ്പെട്ടവരാണെന്നു തോന്നിത്തുടങ്ങിയത്. മിക്കവാറും വഴക്കുപറച്ചിലും പിരിവുകേസുകളും കേട്ടു സഹികെട്ടാലും ഗത്യന്തരമില്ലാതെ ഞായറാഴ്ച കഷ്ടിച്ചു പള്ളിയില്‍ വരികയും, മനസ്സില്‍ തെറീംപറഞ്ഞു പിരുവുകൊടുക്കുകയും ചെയ്തിരുന്നതിന് ഒരിളവുകിട്ടിയതില്‍ സന്തോഷം. നിര്‍ബ്ബന്ധിക്കാതെതന്നെ നേരത്തത്തേതിനേക്കാളും കൂടുതല്‍ കൊടുക്കുന്നുമുണ്ട്. എന്നുകണ്ട് പണ്ടൊന്നും പള്ളീല്‍ അച്ചന്മാരു വഴക്കുപറയാറില്ലായിരുന്നെന്നും പിരിവില്ലായിരുന്നെന്നുമൊന്നും പറയുന്നില്ല. പക്ഷേ അന്ന് എപ്പോള്‍ ചെന്നാലും മിണ്ടാനും കുമ്പസാരിപ്പിക്കാനും മറ്റ് ഏതാവശ്യത്തിനു ചെന്നാലും അച്ചന്മാരു തയ്യാറായിരുന്നു. ആണ്ടില്‍ ചുരുങ്ങിയത് ഒന്നുരണ്ടു പ്രാവശ്യമെങ്കിലും ഈ അച്ചന്‍ വരുന്നതുപോലെ അച്ചന്മാരു വീട്ടിലും വരുമായിരുന്നു. പള്ളീലേം എടവകേലേം കാര്യമൊക്കെ പറയുമായിരുന്നു. രാവിലെ ചെന്നാല്‍ പ്രാര്‍ത്ഥിക്കുന്നതു കാണാമായിരുന്നു. അതെല്ലാം കഴിഞ്ഞ് അച്ചന്‍ പള്ളീല്‍ രണ്ടുകവിളു വഴക്കുപറഞ്ഞാലും ഒരു പരിഭവോം തോന്നാറില്ലായിരുന്നു. ഒരു പക്ഷേ ഇന്നത്തേതില്‍ കൂടുതല്‍ വഴക്കുപറയാറുള്ളത് അന്നൊക്കെയായിരുന്നെന്നാ തോന്നുന്നത്. എന്നാലും വികാരിയച്ചന്‍ ഞങ്ങളുടെ സ്വന്തമാണെന്ന് ശരിക്കും ഒരു തോന്നലുണ്ടായിരുന്നു.' സംഗമത്തിന്‍റെ സാമാപനം ഒരുമണിക്കൂര്‍ ആരാധനയോടെ ആയിരുന്നതുകൊണ്ടും അത് ഏല്‍പ്പിച്ചിരുന്നത് എന്നെയായിരുന്നതുകൊണ്ടും സമയമാകാന്‍വേണ്ടി അതെല്ലാം കേട്ടുകൊണ്ട് പുറകില്‍ ഒരു കേള്‍വിക്കാരനായി ഞാനുമിരിപ്പുണ്ടായിരുന്നു.
കുറെനാളുമുമ്പ് ഒരച്ചന്‍മാത്രമുള്ള ഒരിടവകപ്പള്ളിയില്‍നിന്നും എല്ലാ ഞായറാഴ്ചയും ഒരു കുര്‍ബ്ബാന ചൊല്ലിക്കൊടുക്കാമോയെന്നുള്ള റിക്വസ്റ്റുവന്നു. സമ്മതിക്കുകയും ചെയ്തു. പള്ളിയില്‍തന്നെ രണ്ടും കുരിശുപള്ളിയിലൊന്നുമായി മൂന്നു കുര്‍ബ്ബാന പതിവായിട്ടുണ്ടായിരുന്ന അത്രവലുതല്ലാത്ത ആ ഇടവകയില്‍ ഇനിയുമൊരു കുര്‍ബ്ബാനകൂടി തുടങ്ങാനുംമാത്രം ജനസംഖ്യ പെട്ടെന്നുകൂടിയോ എന്നൊക്കെയോര്‍ത്തെങ്കിലും അതൊന്നും അന്വേഷിക്കേണ്ട കാര്യമെനിക്കില്ലാത്തതുകൊണ്ട് എന്‍റെ സൗകര്യത്തിനുവേണ്ടി വെളുപ്പിന് 6 മണിയുടെ കുര്‍ബ്ബാന സമ്മതിച്ച് മുടങ്ങാതെ പോയിത്തുടങ്ങി. ഒന്നുരണ്ടു ഞായറാഴ്ച കഴിഞ്ഞപ്പോള്‍ ഒരുദിവസം ഞാന്‍ ചെല്ലുന്ന വാഹനത്തില്‍ ഞാന്‍ തനിച്ചായതുകൊണ്ട് ഒരാളുകൂടെ പോരട്ടെയെന്നു ചോദിച്ചു. അധികം ദൂരെയല്ലാത്ത ഒരുസ്ഥലത്ത് ആളിറങ്ങി. അങ്ങോട്ടുമിങ്ങോട്ടും പേരും വീടും പിന്നെ അത്യാവശ്യം വീട്ടിലാരൊക്കെയുണ്ട് എന്നൊക്കെയൊന്നു ചോദിക്കാനുള്ള സമയമൊക്കെയേ കിട്ടിയുള്ളു. പിന്നത്തെ ഞായറാഴ്ച കാത്തുനില്ക്കുന്നതുകണ്ടപ്പോള്‍ ചോദിക്കാതെതന്നെ ഞാന്‍ വണ്ടിനിര്‍ത്തി. രണ്ടുമൂന്നു പേരുംകൂടെയുണ്ട് കൊണ്ടുപോകാമോന്നു ചോദിച്ചു. കയറാവുന്നത്രയുംപേരു കയറിക്കൊള്ളാന്‍ പറഞ്ഞു. നാലഞ്ചുപേരുണ്ടായിരുന്നു. ഏതാണ്ട് അടുത്തത്തടുത്താണവരിറങ്ങിയത്. അവസാനത്തെ ആളിറങ്ങിയിടത്തുനിന്ന് അഞ്ചുമിനിറ്റുനടന്നാല്‍ അടുത്തപള്ളിയുടെ പടിയാണ്. എന്നിട്ടും അവരൊക്കെ അവിടെപ്പോകാത്തതെന്താണെന്നോര്‍ക്കാതിരുന്നില്ല. പിന്നത്തെ ഞായറാഴ്ചയുംകൂടെയായപ്പോള്‍ പരിചയമായി, സൗഹൃദമായി പലതും പറഞ്ഞുതുടങ്ങി. അന്നു ഞാനവരോടു ചോദിച്ചു തൊട്ടടുത്തപള്ളീല്‍ ഇടവക ചേരാന്‍മേലേന്ന്. അപ്പോഴാണറിഞ്ഞത് അവര് ആ ഇടവകക്കാരുതന്നെയാണെന്ന്. അവിടുത്തെ വികിയച്ചന്‍റെ കുര്‍ബ്ബാനയ്ക്കു നീളം കൂടുതലാണെന്നും, പ്രസംഗത്തിലെന്നും പിരിവും വഴക്കുമാണെന്നും, ഏത് അടിയന്തിരത്തിനു ചോദിച്ചാലും എല്ലാം അച്ചന്‍റെ സമയമനുസരിച്ചു മാത്രമാണെന്നും രണ്ടുകൊല്ലമായിട്ടും കയറിച്ചെല്ലാത്ത വീടുകളുണ്ടെന്നും എല്ലാം തന്നിഷ്ടമാണെന്നും അതുകൊണ്ട് ചോദിക്കുന്ന പിരിവും കൊടുത്ത് വഴക്കിനൊന്നും നില്‍ക്കാതെ അടുത്തപള്ളീല്‍ പോരുന്നതാണെന്നും, അങ്ങനെ ആളുകൂടിയതുകൊണ്ടാണ് അവിടെ ഒരുകുര്‍ബ്ബാനകൂടെ കൂട്ടിയതെന്നുമൊക്കെയുള്ള കുറെ വാര്‍ത്തകളവരു വിളമ്പി.
പഴയ മുപ്പത്തിമൂന്നിന്‍റെ ഓര്‍മ്മവന്നെങ്കിലും അതൊന്നും പറയുന്നതില്‍ സാംഗത്യമില്ലെന്നു തോന്നിയതിനാല്‍ ശരിയായ നടപടിക്രമമെന്തായിരിക്കുമെന്ന് അവരു മനസ്സിലാക്കാന്‍വേണ്ടി ഞാന്‍ പറഞ്ഞു: "സ്വന്തം വീട്ടിലെ ചോറിനും കറിക്കും രുചി കുറഞ്ഞാലും വേവുകുറഞ്ഞാലും, സ്ഥിരം കരിഞ്ഞതാണു കിട്ടുന്നതെങ്കിലും, അല്പമൊക്കെ കല്ലുകടിച്ചാലും വല്ലപ്പോഴുമെങ്ങാനുമൊരു രസത്തിനു അയല്‍പക്കത്തു പോയിക്കഴിക്കുന്നതില്‍ കുറ്റം പറയാനില്ല. അരീടെ ബ്രാന്‍ഡും ചേരുവകളുടെ അളവും സ്റ്റൗവ്വിന്‍റെ വാല്‍വും അരിപ്പയുടെ കണ്ണിയും ഒക്കെ മാറാവുന്നതും, മാറ്റം വരുത്താവുന്നതും ഒക്കെയല്ലെ.?"