news-details
എഡിറ്റോറിയൽ

എല്ലാദേശത്തും എല്ലാ കാലത്തും ആരൊക്കെയോ അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ സ്വാധീനവലയത്തില്‍പ്പെട്ടു പോകുന്നതു നമ്മള്‍ കാണുന്നുണ്ട്. നാളിതുവരെ എഴുതപ്പെട്ട ജീവചരിത്രങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് ഫ്രാന്‍സിസിനെക്കുറിച്ചുള്ളതാണെന്ന് റിച്ചാര്‍ഡ് റോര്‍ പറയുന്നു. ബൈബിളിനു പുറത്തുള്ളവരില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടിരിക്കുന്നതും അദ്ദേഹത്തെക്കുറിച്ചത്രേ. ഇസ്ലാമിക പണ്ഡിതനായ ഫരീദ് മുനീറിന്‍റെ വാക്കുകള്‍ ഇതാ: "ഫ്രാന്‍സിസിന്‍റെ കാലവും ലോകവും ഇസ്ലാമിനോടു തികഞ്ഞ വെറുപ്പു കൊണ്ടുനടന്നപ്പോള്‍, അതിന്‍റെ വിശ്വാസങ്ങളെയും നന്മകളെയും വലിയ ആദരവോടെ കണ്ടയാളാണ് ഫ്രാന്‍സിസ്... അതുകൊണ്ടുതന്നെ ഇസ്ലാം അദ്ദേഹത്തില്‍ ഒരു മുസ്ലീമിനെ കാണുന്നു." സത്യത്തില്‍ നമ്മുടെ ഉത്തരാധുനികലോകം വലിയ പ്രമാണങ്ങളുടെയും വമ്പന്‍ ജ്ഞാനങ്ങളുടെയും നേര്‍ക്കു പുറംതിരിഞ്ഞാണു നില്ക്കുന്നത്.  എന്നാലും ഫ്രാന്‍സിസിനെ ഈ കാലത്തിന് ഇഷ്ടമാണ്.  അതിനു കാരണം ലളിതമായ കാര്യങ്ങളെ അദ്ദേഹം പറഞ്ഞിട്ടുള്ളൂ എന്നതാണ്; പിന്നെ പറഞ്ഞതൊക്കെ കാണിച്ചുതരികയും ചെയ്തു.

ഫ്രാന്‍സിസിന്‍റെ  ജീവചരിത്രകാരന്‍ തോമസ് സെലാനോ ഒരു സംഭവം വിവരിക്കുന്നുണ്ട്. തന്‍റെ സന്ന്യാസസമൂഹത്തിന് അംഗീകാരം തേടി റോമിലെത്തിയതായിരുന്നു ഫ്രാന്‍സിസ്. ബിഷപ് ഹ്യൂഗോ അദ്ദേഹത്തെ ഹൊണോറിയൂസ് മാര്‍പാപ്പായും കര്‍ദ്ദിനാള്‍മാരും ഇരിക്കുന്നിടത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു. തന്‍റെ ദര്‍ശനത്തെക്കുറിച്ചും ദൗത്യത്തെക്കുറിച്ചുമല്ല പക്ഷേ ഫ്രാന്‍സിസ് അവരോടു പറഞ്ഞുപോകുന്നത്, ഉള്ളില്‍ നുരഞ്ഞുപൊന്തുന്ന ദൈവസ്നേഹത്തെക്കുറിച്ചാണ്. അതോടെ സംസാരം സംഗീതമായി മാറുന്നു, ചുവടുകള്‍ നിയന്ത്രണം വിട്ട് നൃത്തത്തിലെന്നപോലെ നീങ്ങിത്തുടങ്ങുന്നു. ഇത്തരമൊരു മനുഷ്യന്‍റെ മുമ്പില്‍ ഏതു മനസ്സാണ് അലിയാത്തത്? അതുകൊണ്ടൊക്കെയാണ് ആധുനികനും ഉത്തരാധുനികനും വിശ്വാസിക്കും അവിശ്വാസിക്കും ഫ്രാന്‍സിസില്‍ പ്രിയമുണ്ടാകുന്നത്.

***

ഇന്നിപ്പോള്‍ ഫ്രാന്‍സിസ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പുതിയ മാര്‍പാപ്പാ അദ്ദേഹത്തിന്‍റെ പേരു സ്വീകരിച്ചതാണല്ലോ അതിനു കാരണം. ഇഗ്നേഷ്യസ് ലയോളയുടെ ഈശോസഭയില്‍ അംഗമായിരുന്നിട്ടും ബൊര്‍ഗോളിയോയുടെ നെഞ്ചിനെ തൊട്ടത് ഫ്രാന്‍സിസാണ്.  ഏകദേശം ഒരു നൂറ്റാണ്ടുമുമ്പ് ഇതേ ഈശോസഭയില്‍പ്പെട്ട പീറ്റര്‍ ലിപ്പര്‍ട്ട് ഇതേ നിലപാടില്‍ എത്തുന്നുണ്ട്: "ബെനഡിക്ടില്‍ തുടങ്ങി, ഡൊമിനിക്കിലൂടെ, ഇഗ്നേഷ്യസ് ലയോളയിലെത്തി നില്ക്കുന്ന സന്ന്യാസസമൂഹത്തെക്കുറിച്ചുള്ള ദര്‍ശനം അതിന്‍റെ ആന്തരിക സാധ്യതകളുടെ പാരമ്യത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു... ഒരു പുത്തന്‍വഴിത്താരക്ക് ഇനി തുടക്കമിടണമെങ്കില്‍ നാം മറ്റൊന്നിനെ ആശ്രയിച്ചേ മതിയാകൂ: കാര്‍ക്കശ്യങ്ങളില്ലാതെ, തളരാത്ത ഉന്മേഷത്തോടെ ജീവിക്കുന്ന സ്നേഹസമൂഹമെന്ന ഫ്രാന്‍സിസ്കന്‍ ആദര്‍ശമാണത്. സഭയെ ഭാവിയിലേക്കു നയിക്കാന്‍ കെല്പുള്ള പുതിയൊരു സന്ന്യാസസമൂഹത്തെ നല്കിയനുഗ്രഹിക്കാന്‍ ദൈവം തീരുമാനിച്ചാല്‍, ആ സമൂഹം ഉറപ്പായും ഫ്രാന്‍സിസ്കന്‍ ചൈതന്യത്തിന്‍റെ മുദ്ര പേറുന്നതായിരിക്കും." സഭ ഏതുവഴിക്ക് നടന്നു നീങ്ങണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകളാണ് ഈ രണ്ട് ഈശോസഭാംഗങ്ങള്‍ ചേര്‍ന്നു നമുക്കു നല്കുന്നത്.

***

ഫ്രാന്‍സിസിന്‍റെ  കാലം യുദ്ധങ്ങളുടെ കാലമായിരുന്നു. മേലാളരും കീഴാളരും തമ്മില്‍, മേയറും മെത്രാനും തമ്മില്‍, മാര്‍പാപ്പായും ചക്രവര്‍ത്തിയും തമ്മില്‍, ക്രിസ്ത്യാനികളും മുസ്ലീമുകളും തമ്മില്‍... അസ്സീസിയിലെ കുന്നുകളുടെയെല്ലാം മുകളില്‍ ഭീമാകാരങ്ങളായ കോട്ടകളുണ്ടായിരുന്നു; നിരത്തുകളിലാകട്ടെ ആയുധധാരികളുടെ സംഘങ്ങളും. അവിടുത്തെ കുട്ടികള്‍ യുദ്ധവീരന്മാരുടെ കഥകള്‍ കേട്ടാണു വളര്‍ന്നത്. യുദ്ധം ചെയ്യാന്‍ വേണ്ടിത്തന്നെ പ്രത്യേക സന്ന്യാസസഭകള്‍ അക്കാലത്ത് രൂപംകൊള്ളുന്നുണ്ട്. ഏതാനും ദശകങ്ങള്‍ക്കുമുമ്പ് അസ്സീസിയിലെ മേയറായിരുന്ന അര്‍നാള്‍ഡോ ഫൊര്‍ത്തീനി പറയുന്നത് ഫ്രാന്‍സിസിന്‍റെയൊക്കെ കാലത്ത് ചില പെരുന്നാളുകളോട് അനുബന്ധിച്ച് അസ്സീസിക്കാര്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ആയുധമേന്തി ഏറ്റുമുട്ടിയിരുന്നു എന്നാണ്. കുറഞ്ഞതു പത്തുപേരെങ്കിലും അത്തരം 'മേള'കളില്‍ കൊല്ലപ്പെട്ടിരുന്നുവത്രേ. ക്രിസ്മസിനെ തുടര്‍ന്നുള്ള ആഴ്ചയില്‍ കത്തീഡ്രലില്‍ പള്ളിമണി മുഴങ്ങുന്നതോടെ പട്ടണത്തില്‍ കാളപ്പോരു തുടങ്ങിയിരിക്കും. യുദ്ധങ്ങള്‍ മാത്രമല്ല, കളിതമാശകള്‍പോലും ചോരക്കളിയായി മാറിയിരുന്നുവെന്നു സാരം. അത്തരമൊരു കാലത്താണ് ഫ്രാന്‍സിസ് തന്‍റെ സന്ന്യാസസമൂഹത്തിനു രൂപംകൊടുത്തത്. അതിനദ്ദേഹം കൊടുത്ത പേര്: നിസ്സാര സഹോദരന്മാരുടെ കൂട്ടം. ആ പേരിലുണ്ട് എല്ലാം. രണ്ടു കാര്യങ്ങളാണ് ആ കൂട്ടത്തിന്‍റെ മുഖമുദ്ര: നിസ്സാരതയും സാഹോദര്യവും. എന്നും ചോര ചിന്തപ്പെട്ടിട്ടുള്ളത് പണത്തിനും അധികാരത്തിനും വേണ്ടിയായിരുന്നല്ലോ. അതിനു ബദലാണു ഫ്രാന്‍സിസ് നിര്‍ദ്ദേശിക്കുന്നത്.
അന്നത്തെ റോമന്‍ സിവില്‍ സമൂഹത്തില്‍ നിലവിലിരുന്ന രണ്ടുകാര്യങ്ങളാണ് 'ഓര്‍ദോ'യും 'ഫ്രത്തേനിത്താസും'. 'ഓര്‍ദോ'ക്ക് ഓര്‍ഡര്‍ അഥവാ ക്രമബദ്ധത എന്നേ അര്‍ത്ഥമുള്ളൂ. മുന്‍ഗണന-പിന്‍ഗണന ക്രമത്തെ അതു സൂചിപ്പിക്കുന്നു. 'ഫ്രത്തേനിത്താസ്' ക്ലബ്ബുകള്‍ പോലുള്ള കൂട്ടങ്ങളാണ്. സമത്വമാണ് അതിന്‍റെ സ്വഭാവം. ഈ രണ്ടു വാക്കുകളും പിന്നീട് ക്രൈസ്തവ സന്ന്യാസസമൂഹങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. ബനഡിക്ടൈന്‍ ആശ്രമങ്ങളില്‍ പ്രാര്‍ത്ഥനക്കും മറ്റും ഇരിക്കുമ്പോള്‍ ആശ്രമാംഗങ്ങള്‍ കൃത്യമായി മുന്‍ഗണനാക്രമം പാലിച്ചിരുന്നു. അങ്ങനെയാണ് അവരുടെ സമൂഹം ഓര്‍ഡര്‍ എന്നു വിളിക്കപ്പെട്ടത്. എന്നാല്‍ ഫ്രാന്‍സിസിന്‍റെ എഴുത്തുകളില്‍, നൈയാമികമായ കാര്യങ്ങള്‍ പറയുന്നിടത്തൊഴികെ, തന്‍റെ സമൂഹത്തെ കുറിക്കാന്‍ അദ്ദേഹമുപയോഗിക്കുന്ന പദം 'ഫ്രത്തേനിത്താസ്' ആണ്. സഹോദരന്മാര്‍ക്കിടയില്‍ ആരും ശ്രേഷ്ഠനെന്നോ പ്രഥമനെന്നോ വിളിക്കപ്പെടരുതെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. കാര്‍ക്കശ്യത്തെയും അധികാരത്തെയും പടിക്കുപുറത്തു നിര്‍ത്തി, മറ്റൊരു ജീവിതം സാധ്യമാണെന്ന് ഇവ്വിധം തെളിയിക്കാന്‍ ശ്രമിക്കുന്നുണ്ട് ഫ്രാന്‍സിസ്.

***

1033 വളരെ പ്രധാനപ്പെട്ട കൊല്ലമായിരുന്നു ക്രൈസ്തവ സഭയ്ക്ക്. ക്രിസ്തു മരിച്ച് ആയിരം കൊല്ലം പൂര്‍ത്തിയായ അന്ന് ജറുസലെമിലേക്ക് ലോകമെമ്പാടുനിന്നും വന്‍ തീര്‍ത്ഥാടക പ്രവാഹമുണ്ടായി. അങ്ങനെയാണ് ജറുസലെം ക്രൈസ്തവന് ആവേശമായി മാറുന്നത്. പക്ഷേ 1187-ല്‍ സലാവുദ്ദീന്‍റെ നേതൃത്വത്തില്‍ മുസ്ലീസൈന്യം അവിടം കീഴടക്കിയത് വിശ്വാസികളെ ഞെട്ടിച്ചുകളഞ്ഞു. തുടര്‍ന്ന് ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടലായി. യുദ്ധഗാനങ്ങള്‍ രചിക്കലും ആലപിക്കലുമായി. അക്കാലത്ത് അവതരിപ്പിക്കപ്പെട്ട ഒരു ടാബ്ലോ ഇങ്ങനെയായിരുന്നു: രക്തമൊലിക്കുന്ന ക്രിസ്തുവിനെ ചാട്ടവാറുകൊണ്ടടിക്കുന്ന മുസ്ലീം സൈനികന്‍. കൂട്ടത്തില്‍ ഒരു വിശദീകരണകുറിപ്പും: "ഇതാണു ക്രിസ്തു - മുസ്ലീമുകളുടെ പ്രവാചകനായ മുഹമ്മദിനാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടവന്‍." ഇതിനെയൊക്കെ തുടര്‍ന്നാണ് കുരിശുയുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്.

1215-ലെ നാലാം ലാറ്ററന്‍ സൂനഹദോസില്‍വെച്ച് അഞ്ചാം കുരിശുയുദ്ധത്തിനുള്ള പോര്‍വിളി മുഴങ്ങി. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം സുല്‍ത്താന്‍ മാലിക് -അല്‍- കമല്‍ ഈജിപ്തിലെ ഡാമിയെറ്റ പ്രദേശം കീഴ്പ്പെടുത്തുന്നു. അക്കാലത്താണ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് അവിടെയെത്തുന്നത്. ആയുധങ്ങള്‍ ഏറ്റുമുട്ടുകമാത്രം ചെയ്തിരുന്ന അന്നാളില്‍ ഇരുചേരികളിലുള്ള രണ്ടുപേര്‍ സമാധാനത്തോടെ സംസാരിച്ച ഒരേയൊരു സംഭവം ഇതാകാം. മുസ്ലീം മതപണ്ഡിതരുടെ എതിര്‍പ്പിനെ അവഗണിച്ച് സുല്‍ത്താന്‍ ഫ്രാന്‍സിസിനെ ആദരവോടെ കേള്‍ക്കുന്നുണ്ട്; രോഗബാധിതനായ അദ്ദേഹത്തെ ശുശ്രൂഷിക്കുന്നുണ്ട്; ഒടുക്കം സ്വന്തം പട്ടാളത്തിന്‍റെ അകമ്പടിയോടെ സുരക്ഷിതനായി കുരിശുയുദ്ധക്കാരുടെ ക്യാമ്പില്‍ എത്തിക്കുന്നുമുണ്ട്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പലതു നല്കിയതാണു സുല്‍ത്താന്‍. എന്നാല്‍ ഫ്രാന്‍സിസ് അവയെല്ലാം വേണ്ടെന്നുവെയ്ക്കുകയാണുണ്ടായത്. അദ്ദേഹം സുല്‍ത്താനെ അത്ഭുതപ്പെടുത്തിക്കാണണം. എന്തായാലും ഏതാനും മാസങ്ങള്‍ കഴിഞ്ഞ് ഒരിക്കല്‍ ക്രിസ്ത്യന്‍ സൈന്യം നൈല്‍നദിയില്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിച്ചത് ഈ സുല്‍ത്താന്‍റെ സൈന്യമാണ്. മുസ്ലീം സൈന്യത്തെ ഒരുമിച്ചു കൂട്ടാനായി കാഹളമൂതാനുപയോഗിച്ചിരുന്ന ആനക്കൊമ്പുകൊണ്ടുള്ള ഒരു കുഴല്‍ അസ്സീസിയിലെ  ഫ്രാന്‍സിസിന്‍റെ പേരിലുള്ള പള്ളിയില്‍വെച്ചിട്ടുണ്ട്. സുല്‍ത്താന്‍ ഫ്രാന്‍സിസിനു കൊടുത്ത സമ്മാനമാണ് അതെന്ന് ഒരു ഐതിഹ്യമുണ്ട്. യുദ്ധങ്ങള്‍ക്കൊണ്ട് രാജ്യങ്ങളെ കീഴ്പ്പെടുത്താനേ ആകൂ, ഹൃദയങ്ങളെ കീഴ്പ്പെടുത്താനാകില്ലെന്ന് ഫ്രാന്‍സിസ് അങ്ങനെയാണു സഭയെ പഠിപ്പിച്ചത്.

***

മോറിസ് വെസ്റ്റിന്‍റെ ടവീലെ Shoes of the Fisher Man  എന്ന നോവലില്‍നിന്ന് ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു: "അസ്സീസിയിലെ  ഫ്രാന്‍സിസ് പുണ്യവാളനെക്കുറിച്ച് ഒന്നു ചിന്തിക്കൂ. ആരായിരുന്നു അദ്ദേഹം? ചരിത്രത്തില്‍ സമാനതകളില്ലാതിരുന്നവന്‍... ആദിമ ക്രൈസ്തവ ചൈതന്യത്തിന് പെട്ടെന്നു വീണ്ടും ജീവന്‍വച്ചതുപോലെ... അദ്ദേഹം തുടങ്ങിവച്ച കാര്യം ഇന്നും തുടരുന്നുണ്ട്... പക്ഷേ എന്തോ, അതു പഴയതുപോലെയല്ല... തുടങ്ങിവെച്ച വിപ്ലവം തീര്‍ന്നുപോയി. വിപ്ലവകാരികളൊക്കെ ഇന്നു പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ആ ചെറിയ മനുഷ്യന്‍റെ പിന്‍തലമുറക്കാര്‍ സ്വന്തം സന്ന്യാസസഭക്ക് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ റയില്‍വേ സ്റ്റേഷനില്‍ പിച്ചതെണ്ടുകയോ, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഏര്‍പ്പെടുകയോ ഒക്കെ ചെയ്യുന്നു. തീര്‍ച്ചയായും അതു മാത്രമല്ല കേട്ടോ അവര്‍ ചെയ്യുന്നത്. അവര്‍ പഠിപ്പിക്കുന്നുണ്ട്, പ്രസംഗിക്കുന്നുണ്ട്, തങ്ങള്‍ക്കറിയാവുന്ന വിധത്തിലെല്ലാം ദൈവത്തിന്‍റെ വേല നിറവേറ്റുന്നുണ്ട്. എന്നാലും അതിന് ഇനിയൊരിക്കലും ഒരു വിപ്ലവമാകാന്‍ സാധിക്കില്ല."

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts