news-details
ഇടിയും മിന്നലും

അറിയാതെചെന്ന് ബ്ലോക്കില്‍ പെട്ടുപോയതായിരുന്നു. രാത്രി ഒമ്പതുമണി കഴിഞ്ഞ സമയം. ബൈബിള്‍ കണ്‍വന്‍ഷന്‍ കഴിഞ്ഞിറങ്ങിയ ജനമാണ് വഴിനിറയെ. മുമ്പിലും പിറകിലുമെല്ലാം വണ്ടികള്‍. എത്രയുംവേഗം വീട്ടിലെത്താനുള്ള വ്യഗ്രതയിലാണ് ആള്‍ക്കാരും വണ്ടിക്കാരുമെല്ലാം. കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍നിന്നും വില്പനയ്ക്കുവച്ചിട്ടുള്ള പുസ്തകങ്ങള്‍, സിഡികള്‍ തുടങ്ങി പലതിന്‍റെയും അനൗണ്‍സ്മെന്‍റുകള്‍ വന്നുകൊണ്ടിരുന്നു. അരമണിക്കൂറിലധികമെടുത്തു ആ ഇരുനൂറുമീറ്റര്‍ ദൂരമൊന്നു കടന്നുകിട്ടാന്‍. കുരുക്കില്‍നിന്നും പുറത്തായപ്പോഴേയ്ക്കും മുമ്പില്‍ നിരനിരയായി വണ്ടികള്‍ നീങ്ങിക്കൊണ്ടിരുന്നു. രണ്ടുമൂന്നു കീലോമീറ്ററിനുള്ളില്‍ മുമ്പിലുണ്ടായിരുന്ന വാഹനങ്ങളൊക്കെത്തന്നെ പലവഴികളിലായി പിരിഞ്ഞു. ഇനിയും മുന്നില്‍ മൂന്നുനാലുവണ്ടികള്‍ മാത്രം. ഓരോന്നിനെയും ഓവര്‍ടേക്കു ചെയ്തു. ഒരെണ്ണം മാത്രമെ പിന്നെ മുന്നിലുണ്ടായിരുന്നുള്ളു. ഒരു മാരുതി 800. കയറ്റമായിരുന്നതുകൊണ്ട് അതുകഴിഞ്ഞ് അതിനെ മറികടക്കാമെന്നു മനസ്സില്‍ കണക്കുകൂട്ടി. തന്നെയുമല്ല, മിക്കവാറും യാത്രചെയ്തിരുന്ന റോഡായിരുന്നതുകൊണ്ട്  ആ കയറ്റംകഴിഞ്ഞുള്ള ഇറക്കത്തില്‍ റോഡില്‍ വലിയൊരു കുഴിയുണ്ടെന്നുമറിയാമായിരുന്നു. അതുകൊണ്ടുകൂടിയാണ് പുറകില്‍ത്തന്നെനിന്നത്. കയറ്റംതീര്‍ന്ന സമയത്ത് ഹോണടിച്ചു പാഞ്ഞുവന്ന ഒരു കാറിനു സൈഡുകൊടുത്തു. മുമ്പില്‍ പോയിരുന്ന മാരുതിയും മാറിക്കൊടുത്തു. അയാളാപോക്കുപോയാല്‍ ആ വലിയകുഴീല്‍ ചെന്നുചാടുമല്ലോന്നു ഞാന്‍ മനസ്സില്‍ പറഞ്ഞുതീര്‍ന്നതേയുണ്ടായിരുന്നുള്ളു. പാഞ്ഞുപോയ കാറുകാരന് റോഡിലെ കുഴിയെപ്പറ്റി അറിവില്ലായിരുന്നു. അയാള്‍ സഡന്‍ ബ്രേക്കുചെയ്തു. അതു പ്രതീക്ഷിച്ചില്ലായിരുന്നെങ്കിലും മാരുതിക്കാരനും ആഞ്ഞു ചവിട്ടിയിട്ടും വണ്ടി നിരങ്ങിച്ചെന്ന് മറ്റേക്കാറിന്‍റെ പിന്നിലിടിച്ചു. തൊട്ടുപുറകിലുണ്ടായിരുന്നെങ്കിലും വെട്ടിച്ചുമാറ്റാന്‍ എനിക്കു സൗകര്യം കിട്ടിയതുകൊണ്ട് രണ്ടിനെയും മറികടന്നു മുന്നില്‍ കയറ്റി ഞാന്‍ വണ്ടിനിര്‍ത്തി. ഇറങ്ങി അവിടേയ്ക്കു ചെല്ലുമ്പോഴേയ്ക്കും തട്ടുകിട്ടിയ വണ്ടിക്കാരന്‍ പുറത്തിറങ്ങിയിരുന്നു. തുറന്ന ഡോറ് അയാള്‍ അടയ്ക്കാതിരുന്നതുകൊണ്ട് അപ്പുറത്തെ സീറ്റില്‍ കിടന്ന സമ്പൂര്‍ണ്ണബൈബിളും പുസ്തകങ്ങളും കണ്ടപ്പോള്‍ ആളും കണ്‍വന്‍ഷന്‍ കഴിഞ്ഞുവരികയായിരിക്കണം എന്നൂഹിച്ചു. മാരുതിക്കാരന്‍ അപ്പോഴും പുറത്തിറങ്ങാതെ എന്‍ജിനും ഓഫാക്കാതെ അവിടെത്തന്നെ ഇരുന്നു. ഭയന്നുപോയെന്നുറപ്പ്. അടുത്തുചെന്നു ചോദിച്ചപ്പോള്‍ ആര്‍ക്കും പരിക്കൊന്നും പറ്റിയില്ലെന്നു പറഞ്ഞു.

"തന്‍റെ കണ്ണെവിടെയായിരുന്നെടോ വണ്ടി ഓടിക്കുമ്പോള്‍?" തട്ടുകിട്ടിയ മാന്യന്‍ കോപത്തിലാണ്. അയാള്‍ ഇടികൊണ്ട ഭാഗമെല്ലാം നോക്കി. മാരുതി അപ്പോഴും ലൈറ്റ് ഓഫാക്കിയിട്ടില്ലാതിരുന്നതിനാല്‍ എനിക്കും നന്നായിട്ടു കാണാമായിരുന്നു. ഇടികൊണ്ട് പുറകിലത്തെ ബംബര്‍ ചതഞ്ഞിട്ടുണ്ട്, അല്പം പെയിന്‍റും പോയിട്ടുണ്ട്.

"ഏതായാലും കാര്യമായിട്ടൊന്നും പറ്റിയില്ല, അല്പം പെയിന്‍റു പോയതെയുള്ളു." ആളെയൊന്നു തണുപ്പിക്കാന്‍വേണ്ടി ഞാന്‍ പറഞ്ഞു.

"നിങ്ങള്‍ക്കതുപറയാം. എഴുപതുലക്ഷം രൂപായുടെ വണ്ടിയാ. ഇത്രയും പെയിന്‍റു ചെയ്യാന്‍ ഇരുപതിനായിരം രൂപായെങ്കിലും അവന്മാരു വാങ്ങിക്കും." അയാളപ്പോഴും അരിശത്തിലാണ്. ഞാന്‍ മാരുതിക്കാരന്‍റെയടുത്തുചെന്നു.

"നിങ്ങളു പുറത്തേയ്ക്കൊന്നിറങ്ങ്, പേടിക്കണ്ടാ. വണ്ടിയല്ലേ തട്ടുംമുട്ടുമൊക്കെ ഉണ്ടായെന്നിരിക്കും." അയാള്‍ ഡോറുതുറന്നപ്പോള്‍ കാറിനകത്തെ ലൈറ്റുകത്തി. അപ്പോഴാണ് അകത്തിരുന്നവരെക്കണ്ടത്. നാലഞ്ചുപേരുണ്ട്. ഒന്നുരണ്ടു പേരുടെ കൈയില്‍ ബൈബിള്‍ കണ്ടപ്പോള്‍ അവരും കണ്‍വന്‍ഷന്‍ കഴിഞ്ഞുവരുന്നവരാണെന്നുറപ്പായി. അപ്പോഴാണ് മാരുതിയുടെ ഫ്രണ്ടിലെ ബംബറ് പൊട്ടിത്തൂങ്ങിയിരിക്കുന്നതു ഞാന്‍ കണ്ടത്.

"അതിന്‍റെ ബംബറേലെ പെയിന്‍റേ പോയുള്ളു, ഇതിന്‍റെ ബംബറു മൊത്തംപോയി." ഞാന്‍ പറഞ്ഞു.

"അയാളു വഴീല്‍ നോക്കി വണ്ടിയോടിക്കാതെ എന്‍റെ വണ്ടിക്കിട്ടിടിച്ചതല്ലേ?"

'നിങ്ങളും വഴീല്‍ നോക്കേണ്ടിയിരുന്നു. തൊട്ടുമുന്നില്‍ വണ്ടി ചവിട്ടിയിട്ട് പുറകെവന്നവനെയെന്തിനാ കുറ്റം പറയുന്നത്. ആ പാവം മാരുതി 800 ആയിരുന്നതുകൊണ്ടിത്രയേ പറ്റിയുള്ളു, വല്ല ജീപ്പുമായിരുന്നെങ്കില്‍ കാണാമായിരുന്നു." മാരുതിക്കാരനെങ്കിലും എന്നെ സപ്പോര്‍ട്ടുചെയ്യുമെന്നു പ്രതീക്ഷിച്ചു ഞാനയാളുടെ സൈഡു പറഞ്ഞു. അതോടെ മാരുതിയേലിരുന്നവരും അതേറ്റുപിടിച്ചു. ഒടുവില്‍ മാരുതിക്കാരനു ബംബറു മാറാന്‍ എഴുപതുലക്ഷക്കാരന്‍ കാശുകൊടുക്കണമെന്നായി പൊതു അഭിപ്രായം. മാരുതിക്കാരന്‍ എന്‍റെയടുത്തുവന്നു പറഞ്ഞു: "കാശുംവേണ്ട, വഴക്കിനുമില്ല, ഒന്നു പോകാന്‍സമ്മതിച്ചാല്‍ മതി"യെന്ന്. അങ്ങനെ അവരെ പറഞ്ഞുവിട്ടു. ഞാനും പോയി വണ്ടിയില്‍കയറി. അപ്പോഴാണ് എഴുപതുലക്ഷക്കാരന്‍ ഓടിവന്നത്. എന്നെക്കണ്ടപ്പോള്‍ തോന്നിയ സംശയം തീര്‍ക്കാന്‍ വന്നതാണെന്നു പറഞ്ഞു.  എനിക്കയാളെ ഒരു പരിചയവും തോന്നിയില്ല. ഞാനയാളുടെ ഇടവകയില്‍ മിഷന്‍ധ്യാനത്തിനുചെന്നപ്പോള്‍ ടാക്സി കാറുണ്ടായിരുന്ന അയാളാണ് പലവീടുകളിലും എന്നെ കൊണ്ടുപോയതെന്നയാള്‍ അവകാശപ്പെട്ടു. വീട്ടിലേയ്ക്കു റോഡില്ലാതിരുന്നതുകൊണ്ട് വേറാരുടെയോ വീട്ടുമുറ്റത്താണ് അയാളു വണ്ടിയിട്ടിരുന്നതെന്നും വീട്ടിലേയ്ക്കു വഴികൊടുക്കാതിരുന്നതിന്‍റെ പേരില്‍ അയല്‍വാസിയുമായിട്ടുണ്ടായിരുന്ന വഴക്കുതീര്‍ക്കാന്‍ ഞാനും ചെന്നതും നടക്കാതെപോയതുമൊക്കെപ്പറഞ്ഞപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. അതു ഞാനല്ലായിരുന്നെന്നും മിഷന്‍ധ്യാനത്തിനു ഞാന്‍ പോകാറില്ലെന്നും പറഞ്ഞിട്ടും പത്തുപതിനഞ്ചുകൊല്ലം മുമ്പിലത്തെകാര്യമല്ലെ ഞാന്‍ മറന്നുപോയതായിരിക്കുമെന്നും പറഞ്ഞ് അയാളു വിവരണം തുടര്‍ന്നു.

"അച്ചന്‍ പറഞ്ഞാല്‍ വിശ്വസിക്കത്തില്ല. കഴിഞ്ഞ നാലഞ്ചുകൊല്ലംകൊണ്ട് അത്ഭുതങ്ങളാണച്ചാ നടന്നത്. അന്നത്തെ ആ വഴിക്കേസുമായിട്ടു ഞാന്‍ കാശൊത്തിരി കളഞ്ഞു, അതുകാരണം ഒരു പുര പണിതുടങ്ങിയതു പാതിയാക്കിയിടേണ്ടിവന്നു. അവസാനം വണ്ടീംവിറ്റു. പിന്നേം കടംകേറി വല്ലാതായപ്പം വസ്തു ഒരേക്കറുവില്ക്കാന്‍ നോക്കി. അയാളു സ്ഥലം തരാഞ്ഞതുകാരണം വസ്തുവിലേയ്ക്കു റോഡില്ലാത്ത കാരണം ആരും ന്യായമായ വില പറഞ്ഞില്ല. രണ്ടാണ്‍മക്കളാ എനിക്ക്. പഠിക്കാന്‍ മിടുക്കരായിരുന്നെങ്കിലും കാശിന്‍റെ ഞെരുക്കംകൊണ്ടു രണ്ടുപേരേം കാര്യമായി പഠിപ്പിക്കാനും പറ്റിയില്ല. കേസിനുപോയി കാശുകളഞ്ഞതുകൊണ്ടാണെല്ലാം നശിച്ചതെന്നും പറഞ്ഞ് അവരും അവരുടെഅമ്മേം എന്നും അലമ്പായിരുന്നു. എല്ലാംകൂടെയായപ്പോള്‍ ഞാന്‍ പള്ളീപ്പോക്കുമൊക്കെ നിര്‍ത്തി വീട്ടിലിരിക്കുന്ന കാലത്ത് മഠത്തിലെ ഒരു സിസ്റ്ററു നിര്‍ബ്ബന്ധിച്ചിട്ട് ഞാന്‍ പോയി ഒരു അഭിഷേകധ്യാനം കൂടി. ഒരു മാസം കഴിഞ്ഞപ്പോള്‍ അയല്‍വാസിക്കു ക്യാന്‍സറു വന്നു. ആറുമാസത്തെ ചികിത്സകൊണ്ട് അയാടെ ആപ്പീസു പൂട്ടി. ആളുംപോയി കടോംകേറി. തുണ്ടുതുണ്ടായി അയാളുടെ മകന്‍ സ്ഥലം വിറ്റപ്പോള്‍ അതു വാങ്ങിച്ച ഒരാള്‍ക്ക് ഇരട്ടി സ്ഥലം പകരംകൊടുത്ത് വഴിക്കു സ്ഥലം വാങ്ങി. പിന്നേം പോയി ഒരു അഭിഷേകധ്യാനോംകൂടെക്കൂടി. രണ്ടുമാസം കഴിഞ്ഞപ്പോള്‍ വമ്പന്‍വിലയ്ക്ക് ഒരേക്കര്‍ സ്ഥലംവില്ക്കാന്‍ സാധിച്ചു. കടമെല്ലാം വീട്ടി. വീടുപണി പൂര്‍ത്തിയാക്കി കുറെ കാശുമിച്ചോംവന്നു. പിന്നേം പോയി അഭിഷേകധ്യാനംകൂടി. വെല്‍ഡിങ്ങുപണി പഠിച്ച് ജോലിചെയ്തുകൊണ്ടിരുന്ന മക്കള്‍ക്കു രണ്ടുപേര്‍ക്കും ബാക്കിയുണ്ടായിരുന്ന കാശുമുടക്കി  ഗള്‍ഫില്‍ ഒരുവലിയ കമ്പനിയില്‍ ജോലികിട്ടി. പിന്നേം ഞാന്‍പോയി ധ്യാനംകൂടി. ഒരുവര്‍ഷംകഴിഞ്ഞു മക്കളു രണ്ടും അവധിക്കു വന്നു. പണ്ടു ടാക്സീംകൊണ്ടു നടന്നകാലത്ത് വണ്ടി പഴയതായിരുന്നതുകൊണ്ട് 'ചടാക്ക്' എന്നാ നാട്ടുകാര് എന്നെ പറഞ്ഞിരുന്നത്. ആരോ അവന്മാരെ എന്‍റെ ആ പഴേപേരുപറഞ്ഞു കളിയാക്കി. അതിനവന്മാരു രണ്ടുംകൂടെ ആലോചിച്ച് എന്തോ പദ്ധതിയൊപ്പിച്ച് വാങ്ങിച്ച വണ്ടിയാ ഇത്. ഒരു കൊല്ലമായി. അവന്മാരതിന്‍റെ കടമെല്ലാം വീട്ടിയെന്നാ ഇന്നാളു വിളിച്ചുപറഞ്ഞത്. ഏതായാലും ഞാനീക്കൊല്ലം മൂന്നാമത്തെ അഭിഷേകധ്യാനമാ കൂടുന്നത്. അടുത്തകൊല്ലം പറ്റിയെങ്കില്‍ നാലെണ്ണംകൂടണം. അവന്മാരു രണ്ടും ഇതുവരെയും കെട്ടിയിട്ടില്ല. അതുംകൂടെ നടക്കണം." പറഞ്ഞുതുടങ്ങിയപ്പോള്‍ ആകെ മുഷിപ്പുതോന്നിയെങ്കിലും കേട്ടുതുടങ്ങിയപ്പോള്‍ രസം തോന്നിയതുകൊണ്ട് ആ മുതുരാത്രീല്‍ അഞ്ചെട്ടുമിനിറ്റ് പെരുവഴീല്‍ നിന്നുകൊടുത്തു. അവസാനം ഒരു ചെറിയ വിശദീകരണവും:

"ഞാനിപ്പമെന്താ ഇതച്ചനോടു പറഞ്ഞതെന്നറിയാമോ? ഞാനിതൊക്കെ ധ്യാനിപ്പിക്കുന്ന ഒരാളോടിനു പറഞ്ഞപ്പോള്‍, കിട്ടുന്ന അനുഗ്രഹങ്ങളൊക്കെ മറ്റുള്ളവരോടു പറയണമെന്നങ്ങേരു പറഞ്ഞു, അതുകൊണ്ടാ."

ഒരു 'പ്രയ്സ് ദ ലോഡും' പറഞ്ഞു ഞാനും വണ്ടിയില്‍കയറി. അധികം ദൂരം ചെല്ലുന്നതിനുമുമ്പ് 'ചടാക്ക്' എന്നെ ഓവര്‍ടേക്കുചെയ്തപ്പോള്‍ അതിന്‍റെ കാറ്റുപോലും അടിക്കാതെ ഒതുങ്ങിക്കൊടുത്തു.

അഭിഷേകവും തേടി ഓടിനടക്കുന്ന ഇത്തരം എത്രയെത്ര 'ചടാക്കുകള്‍'!!

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts