വിവിധ തരത്തില്‍ പരിമിതികളുള്ള വ്യക്തികളെ പ്രത്യേകം ഓര്‍മ്മിക്കുന്നതിനും അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടേണ്ടതാണെന്നു ലോകജനതയെ ഉദ്ബോധിപ്പിക്കുന്നതിനും വേണ്ടി എല്ലാ വര്‍ഷവും ഡിസംബര്‍ 3 ആഗോള ഭിന്നശേഷി ദിന(International Day of Persons with disabilities)മായി ആചരിക്കുന്നു. ലോകജനസംഖ്യയിലെ 15% ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക-മാനസിക പരിമിതികളുള്ളവരാണെന്ന് കണക്കുകള്‍ പറയുന്നു. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക തലങ്ങളിലെല്ലാം ഇത്തരക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, തുല്യഅവസരങ്ങള്‍ നല്കുക, ഇവര്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുക എന്നിവയൊക്കെയാണ് ഈ ദിനാചരണത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. ഇക്കാര്യത്തില്‍ കേരളം ശ്രദ്ധേയമായ വിധത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട് എന്നതു ശ്ലാഘനീയം തന്നെ. അപകര്‍ഷബോധമില്ലാതെ, സാധാരണമനുഷ്യരെപ്പോലെ സഞ്ചരിക്കാനും, സാമൂഹിക രംഗങ്ങളില്‍ ഇടപെടാനും, ജീവിതം ആസ്വദിക്കാനും, ഒറ്റപ്പെടുത്തപ്പെടാതിരിക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയെന്നത് ശ്രമകരമായ ദൗത്യമാണ്.
"എന്‍റെ മാജിക് ഒന്നുമായിരുന്നില്ല. ഈ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍പ്പരം വലിയ മാജിക് ഇല്ല."45 വര്‍ഷത്തെ മാജിക്ജീവിതം ഉപേക്ഷിച്ച്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി ജീവിതം മാറ്റിവച്ച്, അതില്‍ മാനസികസംതൃപ്തിയും ആനന്ദവും കണ്ടെത്തുന്ന ഗോപിനാഥ് മുതുകാടിന്‍റെ വാക്കുകളാണിവ. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇദ്ദേഹം ഇന്നൊരു പ്രതീക്ഷയാണ്. അവരുടെ തകര്‍ന്ന സ്വപ്നങ്ങള്‍ക്ക്, നിരാശനിറഞ്ഞ ജീവിതത്തിനൊരു പ്രത്യാശയാണ് ഈ മനുഷ്യന്‍. വളരെ ചുരുങ്ങിയ കാലംകൊണ്ട് അത്ഭുതകരമായ മാറ്റങ്ങളാണ് ഈ കുഞ്ഞുങ്ങളില്‍ പ്രകടമായത്: പ്രാഥമിക കൃത്യങ്ങള്‍ തനിയെ ചെയ്യാന്‍ സാധിക്കുന്നു, കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നു, വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാന്‍ പഠിക്കുന്നു, താളം പിടിക്കുന്നു, പെരുമാറ്റവൈകല്യങ്ങള്‍ കുറയുന്നു, പലരുടെയും IQ Level വര്‍ദ്ധിക്കുന്നു... ഗോപിനാഥ് മുതുകാട് എന്ന മനുഷ്യസ്നേഹിക്കു ലഭിച്ച ഉള്‍വെളിച്ചവും ഉള്‍ക്കരുത്തും അനേകം കുടുംബങ്ങള്‍ക്ക്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സുവിശേഷമാകുന്നു. ഇങ്ങനെയുള്ള കുട്ടികളെയും മുതിര്‍ന്നവരെയും സംരക്ഷിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. വ്യത്യസ്ത ശൈലിയിലും തലത്തിലുമുള്ള കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ ഇത്തരക്കാരെ സാധാരണജീവിതത്തിലേക്കു കൊണ്ടുവരാനാകൂ. പല മതവിഭാഗങ്ങളും ഭിന്നശേഷിക്കാരെ ശുശ്രൂഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. അവിടങ്ങളില്‍ സേവനസന്നദ്ധരായ വൈദികരും സന്ന്യാസിനീ-സന്ന്യാസികളും സഹോദരീ-സഹോദരന്മാരും ഡോക്ടറന്മാരും നേഴ്സുമാരുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ചെറിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തത് എന്ന ക്രിസ്തുവചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയവര്‍.
Universal empowerment centre വലിയ പ്രതീക്ഷയാണ് മുന്നോട്ടുവയ്ക്കുന്നത്. ഓട്ടിസവും സെറിബ്രല്‍ പാള്‍സിയും ബുദ്ധിമാന്ദ്യവുമൊക്കെ ബാധിച്ച കുട്ടികള്‍ക്ക് മാജിക്കും, പാട്ടും, ചിത്രരചനയുമൊക്കെ നടത്തി മാസവരുമാനം നേടാം. കാഴ്ച, കേള്‍വി എന്നിവയില്‍ പരിമിതിയുള്ളവര്‍ക്കും കാണികളുടെ കൈയടി തീയേറ്റര്‍ വഴി നേടാം. ഏറ്റവും മികച്ച തെറാപ്പി വഴി കഴിവുകള്‍ കണ്ടെത്താം, വളര്‍ത്താം. കായികരംഗത്തും ശാസ്ത്രമേഖലകളിലും കഴിവുകള്‍ തെളിയിക്കാം. ഗവേഷണങ്ങള്‍ നടത്താം. അങ്ങനെ ലോകത്തിലെതന്നെ മികച്ചൊരു സ്ഥാപനമായി ഇതു മാറും. ഒരു മനുഷ്യന്‍ തന്‍റെ ജീവിതം ഭിന്നശേഷിക്കാര്‍ക്കുവേണ്ടി മാറ്റിവെച്ചപ്പോള്‍ സംഭവിച്ചഅത്ഭുതങ്ങളാണിവയൊക്കെ.
ഇനിയും ഒരുപാടു തലങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിയേണ്ടതുണ്ട്. (1) ഭിന്നശേഷിക്കാരെക്കുറിച്ചുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ മാറ്റം വരണം. അതായത് അവരുടെ കഴിവുകളെക്കുറിച്ച് സമൂഹം കൂടുതല്‍ ബോധവത്കരിക്കപ്പെടണം. (2) ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന നിയമനിര്‍മ്മാണങ്ങള്‍ നടത്തണം. (3) അരക്ഷിതാവസ്ഥയില്‍ നിന്ന് അവരെ പരിരക്ഷിക്കുന്നതിനുള്ള സംരക്ഷണവലയം ഒരുക്കണം. (4) ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗപ്രദമായ പൊതുഇടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, പൊതു യാത്രാമാര്‍ഗ്ഗങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, സ്കൂളുകള്‍, കോളേജുകള്‍ എന്നിവ ആരംഭിക്കണം. (5) ഭിന്നശേഷിയുള്ള യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കണം.
ജന്മനാ ഭിന്നശേഷിക്കാരനായ അറബ് വംശജന്‍ ഗാനിം അല്‍ മുഹ്താഫും (അരക്ക് കീഴ്ഭാഗമില്ലാതെ ജനിച്ച ഇദ്ദേഹത്തിന് മാതാപിതാക്കള്‍ "പോര്‍ക്കള ത്തിലെ പോരാളി " എന്നര്‍ത്ഥമുള്ള ഗാനിം അല്‍ മുഫ്താഹ് എന്നാണ് പേരിട്ടത്.) ചലച്ചിത്ര താരവും, അവതാരകനുമായ കറുത്തവര്‍ഗ്ഗക്കാരന്‍ മോര്‍ഗന്‍ ഫ്രീമാനും ലോക ഫുട്ബോള്‍ മേള (2022) യുടെ ഉല്‍ഘാടനവേദിയിലെ പ്രമുഖ സാന്നിദ്ധ്യമായിരുന്നു.
ഭിന്നശേഷിക്കാര്‍ മറ്റു മനുഷ്യരില്‍ നിന്നും ഭിന്നരല്ല എന്നും അവര്‍ മറ്റു മനുഷ്യരെ പോലെയാണെന്നും ചിലപ്പോള്‍ ഒരു പടികൂടി മുന്നിലാണെന്നുമുള്ള സന്ദേശം ലോകത്തോട് വിളിച്ച് പറയാന്‍കൂടിയാണ് ഗാനിമിനെ ഉല്‍ഘാടനവേദിയില്‍ എത്തിച്ചത്. ഇന്‍സ്റ്റ്ഗ്രാമില്‍ മാത്രം 30 ലക്ഷം ഫോളോവര്‍മാര്‍ ഇദ്ദേഹത്തിനുണ്ട്.
ഇന്നും നിലനില്‍ക്കുന്ന വര്‍ണ്ണവിവേചനത്തിനെ തിരെയുള്ള ആഹ്വാനമാണ് മോര്‍ഗ്ഗന്‍ ഫ്രീമാനെപോ ലെയുള്ള ഒരു കറുത്തവര്‍ഗ്ഗക്കാരനെ ഉല്‍ഘാടനവേദിയിലേയ്ക്കു ക്ഷണിച്ചതിലൂടെ ഭരണകൂടം ചെയ്തത്.
കരുതലോടെ, കരുണയോടെ അവരെ ചേര്‍ത്തുനിര്‍ത്താം, കരുത്തേകാം.
**** **** **** ****
പരിമിതിയുള്ള വിദ്യാര്‍ത്ഥികളെ ഹൈസ്കൂള്‍ പഠനശേഷം കോളേജു വിദ്യാഭ്യാസത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതിന്‍റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്‍റയും ആവശ്യകത കാരണങ്ങള്‍ നിരത്തി ഡോ. പവന്‍ ആന്‍റണി സമര്‍ത്ഥിക്കുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ സ്ഥിതീകരിച്ച കുട്ടികളെ എങ്ങനെ മികച്ചവരാക്കാമെന്ന് ഡോ. അരുണ്‍ ഉമ്മനും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ആവശ്യമായ ആധികാരിക രേഖകളെക്കുറിച്ച് ഫെബ ആലീസ് തോമസും ഭിന്നശേഷി ഒരു ഭാരമല്ല, മറിച്ച് നന്മയിലേക്കു നടത്തുന്ന പുണ്യമാണെന്നു ജീവിതാനുഭവത്തിന്‍റെ വെളിച്ചത്തില്‍ റെനിയും അഥീനയും പോള്‍ ചാക്കോയും വരുംതാളുകളില്‍ കുറിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത ഒരു യാത്രയാണ് ക്രിസ്തു. ക്രിസ്മസ് യാത്രകളുടെ ആഘോഷമാണെന്ന് ഷാജി അച്ചനും ക്രിസ്തുജനനത്തിന്‍റെ വര്‍ത്തമാനകാല പ്രസക്തിയെപ്പറ്റി തത്വശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ ജോസ് സുരേഷും ഈ ലക്കം വായനക്കാരോട് സംസാരിക്കുന്നു.
**** **** **** *****
ക്രിസ്മസ്, ഖത്തര്‍ ഫുട്ബോള്‍, പുതുവര്‍ഷം- ആഘോഷങ്ങളുടെ, പ്രതീക്ഷയുടെ, ഒരുക്കത്തിന്‍റെ, അവധിക്കാലത്തിന്‍റെ ദിവസങ്ങളാണ് വരുന്നത്. പരിമിതികള്‍ക്കിടയില്‍ ഞെരുങ്ങുന്ന മനുഷ്യര്‍ക്കിടയിലാണ് ക്രിസ്തു ജനിച്ചത്. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വവും ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയുമാണ് അവന്‍റെ ജനനം. എല്ലാ ആഘോഷങ്ങളും കുറച്ചുകൂടി സമാധാനത്തിലേക്ക്, പ്രത്യാശയിലേക്ക് നയിക്കട്ടെ.
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
ഉണ്ണിയേശുവിന്‍റെ പിറവിത്തിരുന്നാള്‍
ആശംസകള്‍
ഉണ്ണിയേശുവിന്‍റെ പിറവിത്തിരുന്നാള്‍
ആശംസകള്‍