news-details
പുസ്തകപരിചയം

ആത്മാന്വേഷണമാകുന്ന യാത്രകള്‍

"ഒരു യഥാര്‍ത്ഥ യാത്രികന്‍ സഞ്ചരിക്കുന്ന നാട്ടില്‍ എല്ലായ്പ്പോഴും സ്വന്തമായ രാജ്യം നിര്‍മ്മിക്കുന്നു" എന്നെഴുതിയത് കസാന്‍ദ്സാക്കീസാണ്. അങ്ങനെയുള്ള സഞ്ചാരി കാണുന്നത് സ്വന്തം കാഴ്ചയിലുള്ള നാടാണ്. ആത്മസഞ്ചാരമാണ് അയാള്‍ നടത്തുന്നത്. സ്വയം തിരിച്ചറിയലാണ് ഈ യാത്ര. സഞ്ചാരിയുടെ അകത്തളങ്ങള്‍ പുറംകാഴ്ചകളുമായി സംയോജിച്ച് നൂതനദര്‍ശനങ്ങളുടെ വര്‍ണ്ണക്കാഴ്ചകള്‍ വിരിയുന്നു. സപ്തവര്‍ണ്ണാഞ്ചിതമായ മഴവില്ലിന്‍റെ രൂപപ്പെടലായി സഞ്ചാരം രൂപംമാറുന്നു. വി. ജി. തമ്പിയുടെ 'യൂറോപ്പ് ആത്മചിഹ്നങ്ങള്‍' എന്ന യാത്രാക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ നാം ഇത്തരത്തില്‍ ചിന്തിക്കുക സ്വാഭാവികമാണ്. അകംകാഴ്ചകളും പുറംകാഴ്ചകളും ആത്മാവിനോടൊട്ടിനില്‍ക്കുമ്പോള്‍ യാത്ര ആത്മീയാന്വേഷണമാകുന്നു. കവിതയിലും ചിന്തയിലും തനിമ കാത്തുസൂക്ഷിക്കുന്ന ഈ എഴുത്തുകാരന്‍ പ്രണയഭാവത്തോടെ യൂറോപ്പിനെ തൊടുന്നു. ഈ സ്പര്‍ശമാത്രകളാണ് സഞ്ചാരക്കുറിപ്പുകളായി വാര്‍ന്നുവീഴുന്നത്. "യൂറോപ്പിലൂടെ തുറന്നുപിടിച്ച കണ്ണുകളും ഹൃദയവും മസ്തിഷ്കവുമായി സഞ്ചരിക്കുന്ന വി.ജി. തമ്പി വായനക്കാരന് സമ്മാനിക്കുന്നത് ചരിത്രവും അനുഭൂതിയും ചിന്താധാരകളും ഒന്നുചേര്‍ന്ന് അത്യന്തം ഹൃദയഹാരിയായ സൗന്ദര്യത്തിന്‍റെ  ത്രിമാനാനുഭവങ്ങളാണ്" എന്ന് ആമുഖത്തില്‍ സക്കറിയ കുറിക്കുന്നത് ഏറെ പ്രസക്തമാണ്. 'ത്രിമാനാനുഭവം' പ്രസരിപ്പിക്കുന്ന കൃതികള്‍ കുറഞ്ഞുവരുന്ന കാലത്ത് ഈ യാത്രാവിവരണം ശ്രദ്ധേയമാകുന്നു. "ഒരേ സമയം ഒരു ആത്മീയതീര്‍ത്ഥാടനവും സാംസ്കാരിക സഞ്ചാരവുമാണ് വി. ജി. തമ്പിയുടെ ഈ മനോഹരമായ പുസ്തകം" എന്ന് സച്ചിദാനന്ദന്‍ ഈ ഗ്രന്ഥത്തെ ശരിയായ വിധത്തില്‍ അടയാളപ്പെടുത്തുന്നു.

യാത്രയെക്കുറിച്ചുള്ള തന്‍റെ വിചാരങ്ങള്‍ ഗ്രന്ഥകാരന്‍ ആമുഖത്തില്‍ കുറിക്കുന്നു: "നദിയുടെ മൂന്നാം കര എവിടെയാണ് എന്നന്വേഷിക്കുന്ന ആ പഴയ തോണിക്കാരന്‍റെ ആത്മീയാകാംക്ഷകളെയാണ് യാത്രകളില്‍ കൊണ്ടുപോകേണ്ടത്. അകത്തേക്കും പുറത്തേക്കും ഒരേസമയം തുറന്നടയുന്ന വാതിലുകളാണ് യാത്രകള്‍. ആത്മാവിന്‍റെയും ശരീരത്തിന്‍റെയും തൃഷ്ണകളും ദാഹങ്ങളും പൂരിപ്പിക്കുവാനുള്ള ശ്രമങ്ങളും വിശ്രമങ്ങളും അതിനുള്ളിലുണ്ട്." കലാസൃഷ്ടികളും സാഹിത്യകൃതികളും സിനിമകളും മതവിചാരങ്ങളും വ്യക്തിപരമായ അനുഭവങ്ങളും പാകത്തില്‍ ഇടകലരുന്ന അനുഭവമായി 'ആത്മചിഹ്നങ്ങള്‍' നമുക്കു മുന്നില്‍ വിടര്‍ന്നുവരുന്നു.

സെന്‍റ് ഫ്രാന്‍സിസ് നടന്ന വഴിയിലൂടെ വി. ജി. തമ്പി ആത്മാന്വേഷിയെപ്പോലെ നടന്നുനീങ്ങുന്നു. "വിണ്ടും വീണ്ടും പുതുക്കപ്പെടുന്ന, മാറ്റിപ്പണിയപ്പെടുന്ന ആത്മീയദേവാലയങ്ങളുടെ പുനര്‍നിര്‍മ്മിതകളാണ് അസ്സീസിയെക്കാണുമ്പോള്‍ മനസ്സ് നിറയ്ക്കുന്നത്" എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. "അസ്സീസി കേവലം ഒരു ഭൂപ്രകൃതിയല്ല. അത് ഭൂമിയിലെ മുഴുവന്‍ ഏകാകികളുടെയും ആത്മദേശമാണ്. മനസ്സില്‍ ഒരു തുള്ളി കിറുക്കെങ്കിലും സൂക്ഷിക്കുന്നവര്‍ക്ക് അസ്സീസി പകരുന്ന ഉന്മാദജലത്തില്‍ നനയാതിരിക്കാനാവില്ല" എന്ന കണ്ടെത്തല്‍ ഏറ്റം ഹൃദ്യമാണ്. ഏറ്റവും ദുര്‍ഗമമായ വഴിയിലൂടെ നടന്നുനീങ്ങിയ വിശുദ്ധന്‍റെ കാലടിപ്പാടുകള്‍ തിരിച്ചറിയുന്നു ഗ്രന്ഥകാരന്‍. 'ഈ നടത്തം തനിക്കുള്ളിലെ എത്രയോ ശൂന്യതകളെയാണ് പൂരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വേദനകളുടെ സംഗീതമാണ് കേള്‍പ്പിച്ചുകൊണ്ടിരിക്കുന്നത്' എന്ന് പറയുമ്പോള്‍ നാം സഞ്ചാരികളോട് ഹൃദയം കൊണ്ടടുക്കുന്നു. 'ഫ്രാന്‍സിസ് നമുക്കു പുറത്തുള്ള ഒരാളല്ല. നമ്മുടെ ആന്തരികതയിലെ അപരനാണെന്ന് എഴുതിയ ബോബിയച്ചന്‍ നിനവില്‍ വരുന്നു. നാം ഇതുവരെ നടന്നെത്തിച്ചേര്‍ന്ന ലോകവും എത്തിച്ചേരേണ്ട ലോകവും തമ്മിലുള്ള അകലമാണ് ഫ്രാന്‍സിസിലേക്കുള്ള നമ്മുടെ ദൂരം. അസ്സീസി ഓര്‍മ്മകളിലൊരു വിളിച്ചുണര്‍ത്തലുണ്ട്. 'കയ്ക്കുന്ന ശരീരത്തില്‍നിന്ന് മധുരിക്കുന്ന ദൈവത്തിലേക്ക് ' എന്നെഴുതിയാണ് 'അസ്സീസിയില്‍ ഒരു മഴവില്‍ രാത്രി അവസാനിക്കുന്നത്. വെറുതേ ജീവിക്കാനും വെറുതെ കരയാനും വെറുതെ കിനാവു കാണാനും അപാരതയ്ക്കു മുമ്പില്‍ അമ്പരന്നു നില്‍ക്കാനും കൂടിയുള്ളതാണ് ജീവിതമെന്ന് ഈ കൊച്ചുനഗരം നിശ്ശബ്ദമായി പറഞ്ഞുകൊണ്ടിരിക്കും എന്ന് അസ്സീസി നഗരത്തെ പ്രണയപൂര്‍വ്വം കവി ആശ്ലേഷിക്കുന്നു. ജീവിതത്തെ അല്പാല്പമായി കഴുകി വെടിപ്പാക്കുന്ന പ്രക്രിയയായി സഞ്ചാരം മാറുകയാണിവിടെ. 'ആത്മാവിന്‍റെ മടക്കയാത്ര' പുതിയൊരു അവബോധത്തിലേക്കാണ് നമ്മെ ആനയിക്കുന്നത്.

ഇറ്റാലിയന്‍ യാത്ര കലയുടെ ലോകാത്ഭുതങ്ങള്‍ക്കു മുന്നില്‍ വിനമ്രതയോടെ നില്‍ക്കുന്നതിനുള്ളതാണ്. ദേവാലയങ്ങളും മഹാകലാകാരന്മാരുടെ സൃഷ്ടികളും ആത്മാവില്‍ നിറയ്ക്കുന്ന ചൈതന്യം വി. ജി. തമ്പി ഏറെ ഹൃദ്യമായി ആവിഷ്കരിക്കുന്നു. മൈക്കലാഞ്ചലോ, റാഫേല്‍, ഡാവിഞ്ചി എന്നിവര്‍ നമുക്കു മുന്നില്‍ പുതിയ തേജസ്സോടെ ഉയര്‍ന്നുനില്‍ക്കുന്നു. "ആന്തരികതയില്‍ സ്തംഭിച്ചുപോകുന്ന ഗഹനനിമിഷങ്ങളാണ്" നാം അഭിസന്ധിക്കുന്നത്. "ആന്തരികതയുമായുള്ള അര്‍ത്ഥവത്തായ അനുരഞ്ജനമാണ് യാത്രകളുടെ ആനന്ദം. ഓരോ യാത്രയും ഒരു മടക്കയാത്രയായിരിക്കണമെന്ന് അസ്സീസി നഗരം എന്നെ ഓര്‍മ്മിപ്പിക്കുന്നു" എന്നെഴുതുമ്പോള്‍ നാം യാത്രികന്‍റെ ദര്‍ശനം തിരിച്ചറിയുന്നു, അതോടൊപ്പം ഒഴുകിനീങ്ങുന്നു.

റോമാനഗരത്തിന്‍റെ ഭൂതവും വര്‍ത്തമാനവും തനതായ രീതിയില്‍ ഈ സഞ്ചാരി ഒപ്പിയെടുക്കുന്നു. "പഴമയുടെ ദീര്‍ഘശ്വസനങ്ങള്‍ ആ ശൈത്യക്കാറ്റില്‍ അമര്‍ന്നു കിടപ്പുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. "റോമിന്‍റെ ചരിത്രമെഴുതിയത് ശിലകളും ചിത്രങ്ങളുമാണ്" എന്നാണ് ഗ്രന്ഥകാരന്‍റെ കണ്ടെത്തല്‍. "ജീവിക്കുന്നതിലേറെ അതിജീവിക്കുന്നതിലെ സാഹസികസൗന്ദര്യമാണ് റോമിന്‍റേതെന്നു പറയാം. ഓരോ ശിലാഖണ്ഡത്തിനും പറയാനുണ്ടാകും സാമ്രാജ്യചരിത്രങ്ങളുടെ ഉദയാസ്തമയകഥകള്‍. ഈ നഗരവുമായി ബന്ധപ്പെട്ട സാംസ്കാരികാനുഭവങ്ങള്‍ ചേര്‍ത്തുവയ്ക്കാനാകുന്നുവെന്നതാണ് വായനക്കാരന്‍റെ ധന്യത. "ചരിത്രത്തിന് നിര്‍മ്മിക്കുന്നതിന്‍റെ കല മാത്രമല്ല, തകര്‍ക്കുന്നതിന്‍റെ സൗന്ദര്യവും ഒരു ചരിത്രപാഠമാണ്. റോമാനഗരിയിലെ ശവകുടീരങ്ങള്‍ അതാണ് എന്നോട് ഈ രാത്രി നിശ്ശബ്ദം പറഞ്ഞുകൊണ്ടിരിക്കുന്നത്." ഇവിടെ ജീവിതത്തിന്‍റെ കാലത്തിന്‍റെ, ചരിത്രത്തിന്‍റെ ആത്യന്തികതലമാണ് അവതീര്‍ണ്ണമാകുന്നത്. വത്തിക്കാന്‍റെ മണ്ണിലൂടെയുള്ള സഞ്ചാരം ക്രിസ്തുവിന്‍റെയും സഭയുടെയും വിശ്വാസത്തിന്‍റെയും പാതകളെ ആത്മവിചാരണയ്ക്കു വിധേയമാക്കുന്നു. പുതിയ അന്വേഷണങ്ങളുടെ പരാഗരേണുക്കള്‍ ഇവിടെ വന്നു നിറയുന്നു.

"കലയുടെ ജീവനലീലകള്‍ ആ കലാകാരന്മാരുടെ ജീവശ്വാസങ്ങളില്‍തൊട്ട് പ്രാണസുഖം പകര്‍ന്ന് ചരിത്രസുഗന്ധിയായ കാറ്റില്‍ ഹൃദയമിടിപ്പുകളായി മാറുന്നു"വെന്ന നിരീക്ഷണം ഡാവിഞ്ചിയുടെയും മൈക്കലാഞ്ചലോയുടെയും കലാസൃഷ്ടികളുടെ ആത്മാവിലേക്കുള്ള വഴികാട്ടിയാകുന്നു. "മൈക്കലാഞ്ചലോയുടെ പിയെത്തെ പരമമായ വേദനയുടെ ആനന്ദനിര്‍വൃതിയിലേക്ക് ഒരാളെ കൊണ്ടുപോകും. മനുഷ്യജന്മങ്ങളിലെ രൂക്ഷമായ പീഡാസഹനങ്ങളാണ് അദ്ദേഹത്തിന്‍റെ എല്ലാ രചനകളുടെയും കാതല്‍ എന്നാണ് വി. ജി. തമ്പി കുറിക്കുന്നത്. ഓരോ ശില്പവും ചിത്രവും ഈ എഴുത്തുകാരനില്‍ നിറയ്ക്കുന്ന അനുഭൂതികള്‍ വശീകരിക്കുമ്പോള്‍ നാം പുതിയൊരവബോധത്തിലേക്കുണരും. അസാധാരണമായ കാലചൈതന്യം പ്രസരിപ്പിക്കുന്ന കാലസൃഷ്ടികള്‍ നമുക്കുമുന്നില്‍ അണിനിരക്കുന്നു. "സ്വര്‍ഗ്ഗവും നരകവും ഒരേ സമയം ചൂതാടുന്ന മനുഷ്യാത്മാവിലാണ് മൈക്കലാഞ്ചലോ ചായം തെളിച്ചത്" എന്ന് കുറിക്കുന്ന എഴുത്തുകാരന്‍ ഹൃദയങ്ങളിലേക്കുറ്റുനോക്കുകയാണ്.

"കണ്ടതിലേറെ സങ്കല്പിക്കുന്നതിലാണ് യാത്രയും ആനന്ദവുമെന്ന് ഞാനറിഞ്ഞിട്ടുണ്ട്" എന്ന് എഴുതുന്ന വി. ജി. തമ്പി വായനയുടെയും കാഴ്ചയുടെയും ജ്ഞാനത്തിന്‍റെയും ശേഖരത്തില്‍നിന്ന് ഏറെ വിഭവങ്ങള്‍ അണിനിരത്തുന്നു. വെനീസും മിലാനും പാദുവായുമെല്ലാം നമ്മില്‍ പുത്തന്‍ അനുഭൂതികള്‍ നിറയ്ക്കുന്നു. ഓരോ നഗരത്തിന്‍റെയും അഗാധതലങ്ങളില്‍ ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും അറിയാത്ത അധ്യായങ്ങളുണ്ട്. അത് കാലത്തിന്‍റെ, ചരിത്രത്തിന്‍റെ മറുപുറമാണ്. അത് വിഷാദത്തിന്‍റെ നിറംകലര്‍ന്ന ആത്മവിചാരങ്ങളിലേക്ക് യാത്രികനെ നയിക്കുന്നു. "ലോകത്തിലെല്ലായിടത്തും വേദനകളെ വരയ്ക്കുന്ന ഭൂപടം ഒന്നുതന്നെയാണല്ലോ" എന്നതാണ് അദ്ദേഹത്തിന്‍റെ വീക്ഷണം.

ലൂര്‍ദ്ദിന്‍റെ പാതകള്‍ എഴുത്തുകാരനെ പ്രാര്‍ത്ഥനകളാല്‍ നിറയ്ക്കുന്നു. "പ്രാര്‍ത്ഥനകളും ഭക്തിയും ഒരു സ്നാനകര്‍മ്മമാണ്. വേദനയെ കഴുകിവെടിപ്പാക്കാനുള്ള സ്നാനഘട്ടങ്ങളാണ് ലൂര്‍ദ്ദിലെ ഉറവകള്‍" എന്നാണ് അദ്ദേഹം എടുത്തുപറയുന്നത്. "അത്ഭുതങ്ങള്‍കൊണ്ടും അടയാളങ്ങള്‍കൊണ്ടും അനുഭവിക്കാനുള്ളതാണോ ആത്മീയത എന്നെനിക്കു സംശയമുണ്ട്" എന്ന സന്ദേശം നമ്മെ വിചാരണ ചെയ്യുന്നതാണെന്നോര്‍ക്കുക. ഇവിടെ വി. ജി. തമ്പി അമ്മയോര്‍മ്മകളിലേക്കു കൂടി സഞ്ചരിക്കുന്നു. ആര്‍ദ്രമായ ഈ സ്മരണകള്‍ നമ്മെ ആഴത്തില്‍ സ്വാധീനിക്കുന്നു. യാത്രകളിങ്ങനെയാണ്. എനിക്കു ചില പഴയ ഓര്‍മ്മകളെ ഉണര്‍ത്തിത്തരുന്നത്, കളഞ്ഞുപോയ ചില ചിരികളെ, നിഷ്കളങ്കതകളെ തിരിച്ചുതരും. ഉള്ളിന്‍റയുള്ളിലെ ചില ശൂന്യതകളെ പൂരിപ്പിച്ചുതരും. യുക്തിക്കും ശാഠ്യങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും പഠിച്ചറിവുകള്‍ക്കും അപ്പുറത്തുള്ള ചില മിന്നാമിന്നുകളെ പ്രകാശിപ്പിച്ചു തരും' എന്നു നാം തിരിച്ചറിയുന്നു.

പാരീസിലൂടെ ഈ സഞ്ചാരി നടന്നത് സ്വപ്നാടകനെപ്പോലെയാണ്. "ലോകത്തിന്‍റെ സൗന്ദര്യഭാവനകളെ ഒരുമിച്ചുണര്‍ത്തിയ നാഗരികതയുടെ വഴിക്കവലയാണ് പാരീസ് എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. നഗരത്തെരുവുകളെ ഓരോ ദിവസവും മായ്ച്ചുവയ്ക്കുകയും പിന്നെയും പുനര്‍ജീവിക്കുകയും ചെയ്യുന്ന ഒരു ചിത്രകാരിയായി പാരീസിനെ ബോദ്ലെയര്‍ വര്‍ണിച്ചത് വി. ജി. തമ്പി ഓര്‍മ്മിക്കുന്നു. പാരീസിന്‍റെ ബൗദ്ധികപശ്ചാത്തലം അദ്ദേഹം അനാവരണം ചെയ്യുമ്പോള്‍ നമ്മുടെ വായനയുടെ ലോകംകൂടി ഉന്മിഷത്താകുന്നു. അങ്ങനെ യാത്ര സാസ്കാരികാനുഭവം കൂടിയാകുന്നു. കസാന്‍ദ്സാക്കീസ്, സാര്‍ത്ര്, സിമോണ്‍ദ ബുവു തുടങ്ങിയ ധീഷണാശാലികള്‍ വന്നുനിറയുമ്പോള്‍ യാത്ര അധികമാനം കൈവരിക്കുന്നു.

സെയിന്‍ നദി ഒരു പ്രണയപ്രവാഹമാണ്. "നദീമുഖങ്ങളില്‍നിന്നുമാണ് ജീവിതം തളിര്‍ക്കുന്നത്. എല്ലാ നാഗരികതകളും അവിടെ തുടങ്ങുന്നു" എന്ന തിരിച്ചറിവില്‍ നിന്നാണ് യാത്രികന്‍ മുന്നേറുന്നത്. "യാത്രകളെ തീര്‍ത്ഥയാത്രകളാക്കുന്നത് നദികളാണ്" എന്നാണ് അദ്ദേഹം കുറിക്കുന്നത്. മനുഷ്യനും ദൈവത്തിനും ഇടയിലുള്ള മാരകമായ ചില ശൂന്യതകളെ നദികളാണ് പൂരിപ്പിക്കുന്നതെന്ന കസാന്‍ദ്സാക്കീസിന്‍റെ വാക്കുകള്‍ എടുത്തുചേര്‍ക്കുമ്പോള്‍ നദിയുടെ പൊരുളേറുകയാണ്. ഹെസ്സെയുടെ സിദ്ധാര്‍ത്ഥയിലെ നദിസാന്നിധ്യം ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കുന്നത് സ്വാഭാവികം.

"കാണാക്കരകളിലെ ചില നിശ്ശബ്ദവിഷാദങ്ങളെയും വിസ്മയാകൃതികള്‍ക്കു പിന്നിലെ ചരിത്രഹത്യകളെയും മണ്‍മറഞ്ഞുപോയ സംസ്കൃതിയുടെ നീറ്റുന്ന ദാഹങ്ങളെയുമാണ് ഞാന്‍ നാട്ടിലേക്കെടുത്തുകൊണ്ടുപോരുന്നത്." ഇതു തന്നെയാണ് ഈ ഗ്രന്ഥത്തിന്‍റെ പ്രത്യേകതകളും. ആരും നടക്കാത്ത വഴിയിലൂടെ ആത്മസഞ്ചാരം നടത്തുകയാണ് വി. ജി. തമ്പി. "വിശ്വാസങ്ങളെ പിളര്‍ത്തിയ ആത്മാവിന്‍റെ ചില മുറിവുകളും എനിക്ക് നാട്ടിലേക്ക് കൊണ്ടുവരേണ്ടതുണ്ട്." ഈ മുറിവുകള്‍ വാക്കുകളിലാക്കുമ്പോള്‍ നമ്മില്‍ ചില വിഷാദചിന്തകള്‍ നിറയ്ക്കുന്നു. "കണ്ണുകളല്ല, നോട്ടങ്ങളാണ് നമുക്കു കാഴ്ചകള്‍ തരുന്നത്" എന്നതാണ് ഗ്രന്ഥകാരന്‍റെ വീക്ഷണം. "സംസ്കാരങ്ങളുടെ അമ്പരപ്പിക്കുന്ന ബഹുലതയാണ് ഈ ഗ്രന്ഥത്തിന്‍റെ മനോഹാരിത നിര്‍ണയിക്കുന്നത്.

"ഈ യാത്രകള്‍ ഓര്‍മ്മകളുടെയും മറന്നുപോയ പഴയ വായനകളുടെയും മഴകളേറെ നനഞ്ഞിട്ടുണ്ട്. ആത്മവിഷാദത്തിന്‍റെ ദുരൂഹമായ ഭാവഛായകളിലൂടെയാണ് യൂറോപ്യന്‍ ഭൂപ്രകൃതിയെ ഞാന്‍ സ്നേഹിക്കുന്നത്" എന്നു പറഞ്ഞവസാനിപ്പിക്കുമ്പോള്‍ നാം പുതിയൊരനുഭവത്തിലെത്തിച്ചേരുന്നു. "ചരിത്രാവബോധവും ദൃശ്യവൈകാരികാനുഭൂതികളും കണ്ടെത്തലിന്‍റെ വിസ്മയവും അവയ്ക്കു തിളക്കം നല്‍കുന്ന കാവ്യാത്മകഭാഷയും ഒന്നുചേരുന്ന രചനയാണ് വി. ജി. തമ്പിയുടെ 'യൂറോപ്പ് ആത്മചിഹ്നങ്ങള്‍' എന്ന സച്ചിദാനന്ദന്‍റെ നിരീക്ഷണം ഈ ഗ്രന്ഥം സാധൂകരിക്കുന്നു. ശരീരവും മനസ്സും ആത്മാവും ഒന്നുചേരുന്ന ശ്രേഷ്ഠകൃതിയാണിത്. അതുകൊണ്ടുതന്നെയാണ് ഈ ഗ്രന്ഥത്തിന് ത്രിമാനതലം കൈവരുന്നത്.  

You can share this post!

കുരിശല്ല രക്ഷ കരുണാര്‍ദ്ര സ്നേഹം

ടോം മാത്യു
അടുത്ത രചന

കറ

ഡോ. കുഞ്ഞമ്മ ജോർജ്ജ്
Related Posts