news-details
ഇടിയും മിന്നലും

വന്‍തുക കടമെടുത്ത് എല്ലാ അനുമതികളോടും കൂടെ തുടങ്ങിയ പ്രസ്ഥാനമായിരുന്നു. നന്നായിട്ടു നടന്നുകൊണ്ടിരുന്നതുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പു വന്നപ്പോഴുണ്ടായ അഭിപ്രായവ്യത്യാസം കാരണം രാഷ്ട്രീയക്കാരനും പണക്കാരനുമായിരുന്ന അയല്‍വാസിയുമായി ഏറ്റുമുട്ടി. അയല്‍വാസിയുടെ സ്ഥാനാര്‍ത്ഥി വിജയിച്ച് ഭരണവും കൂടി അവരുടെ കൈയിലായപ്പോള്‍ അയാള്‍ക്കു പ്രതികാരം ചെയ്യാന്‍ എളുപ്പവുമായി. പരിസ്ഥിതിപ്രശ്നോം മലിനീകരണവുമൊക്കെപ്പറഞ്ഞു കുറെപ്പേരെ ഇളക്കി പരാതികൊടുത്തു പ്രസ്ഥാനം പൂട്ടിച്ചു. വന്‍തുക കടവുമായി തകര്‍ച്ചയിലായതോടെ വളരെ മര്യാദയ്ക്കു ജീവിച്ചിരുന്ന അയാള്‍ കടംവാങ്ങി കള്ളുംകുടിച്ചു കുടുംബവും കുളമായപ്പോള്‍ അമ്മയും മക്കളും സഹായംതേടി വന്നു. അന്വേഷിച്ചപ്പോള്‍ ന്യായം മുഴുവന്‍ ഇയാളുടെ ഭാഗത്താണെന്നും രാഷ്ട്രീയ കുതന്ത്രങ്ങളുപയോഗിച്ചാണ് പ്രസ്ഥാനം പൂട്ടിച്ചതെന്നും അയാള്‍ ആരെയും സഹായിക്കാത്തയാളും പള്ളിയോടൊന്നും സഹകരിക്കാത്തയാളുമായതുകൊണ്ടാണ് നാട്ടുകാരാരും അനങ്ങാത്തതെന്നും അറിയാന്‍ കഴിഞ്ഞു. അടുത്തെങ്ങും അല്ലാതിരുന്നതുകൊണ്ട് ഇടപെടേണ്ട കാര്യമില്ലെന്നു തോന്നിയെങ്കിലും പരിചയമുണ്ടായിരുന്ന ഒരു പത്രപ്രവര്‍ത്തകനെ അടുത്തദിവസം കണ്ടപ്പോള്‍ അക്കാര്യം ഞാന്‍ പറഞ്ഞു. അയാളും അന്വേഷിച്ചപ്പോള്‍ ഞാനറിഞ്ഞതൊക്കെ ശരിയാണെന്ന് അയാള്‍ക്കും ബോദ്ധ്യപ്പെട്ടു. അങ്ങേരുടെ പാര്‍ട്ടിക്കാരന്‍ മന്ത്രിയുമായിട്ട് അടുപ്പമുള്ളതുകൊണ്ട് കൂടെച്ചെന്നാല്‍ കണ്ടു സംസാരിക്കാന്‍ സൗകര്യമുണ്ടാക്കാമെന്നുറപ്പു പറഞ്ഞു. ആ വീട്ടുകാരെ പറഞ്ഞുവിടാമെന്നു പറഞ്ഞപ്പോള്‍ അച്ചന്‍നേരിട്ടു പറഞ്ഞാല്‍ ഗുണം കിട്ടുമെന്നായിരുന്നു സ്വ. ലേ. യുടെ മറുപടി. അതിനൊന്നിനും ഞാനില്ലെന്നും പറഞ്ഞൊഴിവായി. കുറച്ചുദിവസംകഴിഞ്ഞ് ആളെന്നെ വിളിച്ച് ഒരു സഹായം ചോദിച്ചു. അങ്ങേരടെ ഒരു മേലുദ്യോഗസ്ഥന്‍റെ അപ്പന്‍ മരിച്ചു, ആളിന്‍റെ കൂടെച്ചെന്ന് ഒരൊപ്പീസു പാടിയാല്‍ ആളിനും ഗമയാകും മാത്രമല്ല എനിക്കു വേറെയും എന്തോ ഗുണമുണ്ടാകുമെന്നും പറഞ്ഞു. എന്തായാലും മരിച്ച ആത്മാവിനേം എന്നേം ഗുണപ്പെടുത്തുന്നതു കളയേണ്ടാ എന്നുകരുതി ചെല്ലാമെന്നു സമ്മതിച്ചു. ആളു വണ്ടിയുമായിട്ടുവന്നു, ഒരുമണിക്കൂറിന്‍റെ യാത്ര. സ്ഥലത്തെത്തിയപ്പോള്‍ അടുത്തെങ്ങുമെത്താന്‍ പറ്റാത്തതുപോലെ വണ്ടികളുടെ നിര. ഒരു തരത്തില്‍ വീട്ടിലെത്തിയപ്പോള്‍ അലങ്കരിച്ച പന്തലില്‍ അലങ്കരിച്ച പെട്ടിയില്‍ അലങ്കരിച്ച അപ്പനെ കിടത്തിയിട്ടുണ്ട്. ചെന്നപ്പോളെ സ്വീകരിച്ചാനയിക്കാന്‍ രണ്ടുപേരു വന്നു, അവരുടെകൂടെ ശവമഞ്ചത്തിന്‍റെ അടുത്തേയ്ക്കു പോകാന്‍ തുടങ്ങിയപ്പോള്‍ അവരെന്നെയും സ്വ.ലേ.യേയും പന്തലിന്‍റെ ഒരു കോണിലേയ്ക്കാണു കൊണ്ടുപോയത്. ഞങ്ങളെ കണ്ടപാടെ അവിടെനിന്ന് മൊബൈലില്‍ സംസാരിക്കുകയായിരുന്ന 'മേലുദ്യോഗസ്ഥന്‍' അടുത്തേയ്ക്കുവന്നു. നല്ല ടിപ്ടോപ് വേഷം. ഞാന്‍ ഭവ്യതാപൂര്‍വ്വം അനുശോചനമൊക്കെ അറിയിച്ചു. അങ്ങേരടെ അടുത്ത ചോദ്യം:

"അച്ചന്‍ സി.എസ്.ഐ. ആയിരിക്കും അല്ലെ?" അതുകേട്ടു ഞാനൊന്നു ചമ്മി. മിക്കവാറും സി.എം.ഐ. എന്നുദ്ദേശിച്ചതു സി.എസ്.ഐ. എന്നായിപ്പോയതായിരിക്കും എന്നോര്‍ത്തു ഞാന്‍ പരുങ്ങുന്നതുകണ്ടപ്പം സ്വ.ലേ. രക്ഷയ്ക്കെത്തി.

"അല്ല, സാറെ അച്ചന്‍ കപ്പൂച്ചിനാ."

"ഓ, അപ്പം യാക്കോബായാക്കാരനാ, ഞാനോര്‍ത്തതു ഉടുപ്പുകണ്ടപ്പം സി.എസ്.ഐ. ആണെന്നാ." അതൂടെക്കേട്ടപ്പം എന്നെക്കാളും ചമ്മിയതു സ്വ.ലേ.യായിരുന്നു. ഒന്നും മിണ്ടാതെ പോയാലോന്ന് ആദ്യംതോന്നി, എന്നാലും പരേതാത്മാവിനു 'ഗുണം' വരുത്തണമല്ലോന്നോര്‍ത്ത് അങ്ങോട്ടു തിരിഞ്ഞപ്പോഴേയ്ക്കും 'മേലുദ്യോഗസ്ഥന്‍' കീഴുദ്യോഗസ്ഥനെ വിളിച്ചു നിര്‍ത്തി.

"താനിതു കണ്ടോ?" കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന മൂന്നു പത്രങ്ങള്‍ നിവര്‍ത്തി അതിലേയ്ക്കൊക്കെ വിരല്‍ ചൂണ്ടിക്കൊണ്ടായിരുന്നു ചോദ്യം. അനുസരണാപൂര്‍വ്വം സ്വ.ലേ. അതൊക്കെ നോക്കി.

"നമ്മുടെ പത്രത്തില്‍ അപ്പന്‍റെ ഫോട്ടോ നല്ല കിണ്ണനായിട്ടുണ്ട്. മറ്റവന്മാര് ഒഴപ്പി."

അല്പം ദൂരെനിന്നാണെങ്കിലും എനിക്കതുകണ്ടിട്ട് ഒരുപോലിരുന്നു. ഒരൊപ്പീസും പാടിയിട്ടു വിട്ടുപോന്നേക്കാമെന്നു കരുതി ഞാന്‍ തിരിഞ്ഞപ്പോഴേയ്ക്കും സ്വ.ലേ. ഉടുപ്പില്‍ പിടിച്ചു വലിച്ചു.

"മന്ത്രി അടക്കിനാണോ വരുന്നത് അതോ നേരത്തെ വരുമോ?" സ്വ.ലേ.

"ഉടനെ എത്തുമെന്നാണ് വിളിച്ചു പറഞ്ഞത്. വഴിക്കാരെയെങ്കിലുമൊക്കെ കാണാനുണ്ടാകും."

"എന്നാല്‍ ഞാന്‍ പോയൊന്നു പ്രാര്‍ത്ഥിച്ചിട്ടു പോകാം." രംഗംവിടാന്‍വേണ്ടി ഞാന്‍ പറഞ്ഞു.

"ശരിയച്ചാ, ഞാനങ്ങനെ ജാതീം മതോമൊന്നും നോക്കുന്ന ആളല്ല, ഏതുകൂട്ടത്തിലായാലും ഒരച്ചനല്ലേ?" ഞാനുറക്കെയൊരു പൊട്ടന്‍ചിരി പൊട്ടിച്ചുകഴിഞ്ഞപ്പഴാ മരണവീടാണല്ലോന്നോര്‍ത്തത്. വേഗം നടന്നപ്പോള്‍ സ്വ.ലേ. കൂടെയെത്തി.

"അച്ചനെന്തെങ്കിലും തിരിച്ചടിക്കുമെന്നായിരുന്നു എന്‍റെ പേടി. ആ പുള്ളിയങ്ങനെ പള്ളീലൊന്നും പോകുന്ന ആളൊന്നുമല്ല. സൂപ്പര്‍ ജാടയാ." സ്വരം താഴ്ത്തിയാണയാളതു പറഞ്ഞതെങ്കിലും കൂടുതല്‍ പറയിപ്പിക്കാതെ ഞാന്‍ മുന്നോട്ടു നടന്നു. ശവമഞ്ചത്തിനടുത്തിരുന്ന സ്ത്രീകള്‍ എന്തോ കാര്യമായ ചര്‍ച്ചയിലായിരുന്നു. ഞാനടുത്തുചെന്നപ്പോള്‍ അവരതുനിര്‍ത്തി. അവിടെ വച്ചിട്ടുണ്ടായിരുന്ന തിരുവസ്ത്രവും ധരിച്ച് പ്രാര്‍ത്ഥന തുടങ്ങിയപ്പോള്‍ ചൊല്ലാന്‍ ഞാന്‍ മാത്രമുണ്ട്. അല്പം കഴിഞ്ഞപ്പോള്‍ ആരാണ്ടു മൂന്നാലു പേരുവന്നു പാട്ടൊക്കെപ്പാടാന്‍ കൂടി.

എല്ലാം കഴിഞ്ഞു പോകാന്‍ റെഡിയായപ്പോള്‍ ഒരല്പംകൂടെ വെയ്റ്റുചെയ്യാമോന്നു സ്വ.ലേ. ചോദിച്ചു. ആകാമെന്നു കരുതി പുറകിലേയ്ക്കുമാറിയപ്പോള്‍ എന്നെ പന്തലില്‍ നിന്നും വീടിനകത്തേയ്ക്കു കൂട്ടിക്കൊണ്ടു പോയി. അകത്തെ സ്വീകരണമുറിയില്‍ രണ്ടുമൂന്നു ചെറപ്പക്കാരു സ്ത്രീകളും രണ്ടുമൂന്നു കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നെക്കണ്ടയുടനെ സ്ത്രീകളെഴുന്നേറ്റുപോയി. കുട്ടികളവിടെത്തന്നെയിരുന്നു. അവരെന്നെ വല്ലാതെ തുറിച്ചുനോക്കുന്നതുകണ്ടപ്പോള്‍ സാവകാശം അടുത്തുകൂടാന്‍വേണ്ടി പേരു ചോദിച്ചു. പിന്നെ ഓരോ കൂട്ടം പറഞ്ഞു പറഞ്ഞു കുട്ടികളടുത്തുകൂടി. അവരെന്‍റെ പേരു ചോദിച്ചു. ഞാനച്ചനാണെന്നു പറഞ്ഞപ്പോള്‍ ഒരു കുട്ടിക്കു മനസ്സിലായി. മറ്റേ കുട്ടിയുടെ സംശയം എന്തിനാ ഈ നൈറ്റി ഇട്ടിരിക്കുന്നതെന്നായിരുന്നു. അങ്ങനെല്ലാം പറഞ്ഞിരുന്നതിനിടയില്‍ ഒരു കുട്ടിയുടെ ചോദ്യം:

"അച്ചന്‍ കള്ളു കുടിക്കാന്‍ വന്നതാണോ?"

ചോദ്യംകേട്ട് ആദ്യമൊന്നു പകച്ചുപോയെങ്കിലും അവരുടെ കൂടെയങ്ങു കൂടാമെന്നുവച്ചു.

"അതെ, തരാമോ.?" ഞാന്‍ ചോദിച്ചു.

"വാ." ആ കുട്ടി കൈയ്യില്‍ പിടിച്ചു വലിച്ചു.

"എവിടെയാ?"

"ആ മറ്റേ മുറിക്കകത്താ." അവനങ്ങോട്ടേയ്ക്കു കൈചൂണ്ടിയപ്പോഴേയ്ക്കും അതിലെ ഏറ്റവും സ്മാര്‍ട്ടായിട്ടുണ്ടായിരുന്നവന്‍ ഓടിച്ചെന്ന് ആ മുറിയുടെ കതകിനിടയ്ക്കൂടെ നോക്കിയിട്ടു തിരിച്ചുവന്നു സ്വരംതാഴ്ത്തിപ്പറഞ്ഞു.

"അവരു മറ്റേപ്പണിയാ."

പരിസരം മറന്ന് എന്‍റെ പൊട്ടന്‍ചിരി പിന്നേം പൊട്ടിപ്പോയി. ആ കുട്ടികളും ചിരിച്ചു.

"മിടുക്കനാണല്ലോടാ കുട്ടാ, എന്നതാ ഈ മറ്റേപ്പണി?" ഞാന്‍ ചോദിച്ചു. അവന്‍ നല്ല മിമിക്രി കാണിക്കുന്നതുപോലെ കുപ്പി തുറക്കുന്നതും ഗ്ലാസിലൊഴിക്കുന്നതും വെള്ളമൊഴിക്കുന്നതും അതെടുത്തു കുടിക്കുന്നതുമൊക്കെക്കാണിച്ചപ്പോള്‍ പിന്നെയും ഞാന്‍ ചിരിച്ചതുകേട്ടിട്ടാവാം 'മറ്റേമുറി'യ്ക്കകത്തുനിന്ന് ഇറങ്ങിവന്നത് 'മേലുദ്യോഗസ്ഥന്‍' ആയിരുന്നു. ഇത്തവണ ചമ്മിയത് അങ്ങേരായിരുന്നു. എന്നെ അവിടെ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു എന്നുറപ്പ്.

"അച്ചനിവിടെ ഇരുന്ന വിവരം അറിഞ്ഞില്ലായിരുന്നു. രണ്ടുമൂന്നു ഗസ്റ്റു വന്നവരെ ഒന്നുകാണുവാരുന്നു. അച്ചനെന്തെങ്കിലും അല്പം ഫ്രഷാകാന്‍ വല്ലതും...?"

"അയ്യോ വേണ്ട, ഇപ്പത്തന്നെ ഈ കുട്ടികളെല്ലാം നല്ല ഫ്രഷാക്കി."

എന്നെ അവിടെ കൊണ്ടിരുത്തിയവരറിയാതെ ഇരുത്തിയതോ, അതോ എന്നെയും കണ്ടിട്ട് ഒന്നു വീശുന്ന കൂട്ടത്തിലാണെന്നു തോന്നിയിട്ടു കൊണ്ടിരുത്തിയതോ, എന്തായാലും ഇനിയവിടിരിക്കുന്നതു പന്തിയല്ലെന്നു തോന്നി, കുട്ടികളോടു യാത്രേം പറഞ്ഞു ഞാന്‍ പുറത്തുചാടി.

സ്വ.ലേ.യെ കണ്ടുപിടിച്ചപ്പോള്‍ അയാള്‍ മന്ത്രി വരാന്‍ കാത്തിരിക്കുകയാണെന്നും എന്‍റെ പഴയ വിഷയം പറയാന്‍ സൗകര്യമുണ്ടാക്കാനാണെന്നും പറഞ്ഞു. ഞാനും സമ്മതിച്ചു. അരമണിക്കൂറു വകുപ്പു കേട്ടിരിക്കേണ്ടിവന്നെങ്കിലും കാര്യം സാധിച്ചെടുത്തു. രണ്ടുമാസം കഴിഞ്ഞപ്പോള്‍ പ്രസ്ഥാനം വീണ്ടും തുറന്നു. എന്നാലും പലപ്പോഴും ഒറ്റയ്ക്കിരിക്കുമ്പം ആ പിള്ളേരുടെ "മറ്റേപ്പണി" ഓര്‍മ്മയില്‍വരും. രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞതുകൊണ്ട് ഇപ്പം മിക്കവാറും അവരും "മറ്റേപ്പണി" തുടങ്ങിക്കാണും! അപ്പന്‍ ചത്തുകിടക്കുമ്പോഴും പട്ടയടിക്കുന്നതാണല്ലോ അവര്‍ കണ്ടു ശീലിച്ചിരിക്കുന്നത്.  

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts