ചിത്രം 1
നവോത്ഥാന കാലഘട്ടത്തിലെ ഒരു യൂറോപ്യന്‍ ചുമര്‍ചിത്രം പോലെ മനസ്സില്‍ പതിഞ്ഞ ഒരു രംഗമുണ്ട്. സ്ഥലപരിമിതിയും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ബാഹുല്യവുംകൊണ്ട് ശ്വാസം മുട്ടുന്ന ഒരു ഫ്രാന്‍സിസ്ക്കന്‍ സ്ഥാപനം. പേരും പ്രശസ്തിയും പാരമ്പര്യവുമുള്ള ഇടം. ആ കെട്ടിടത്തിന്‍റെ ഒരു മുറിയില്‍ ഫ്രാന്‍സിസ്ക്കന്‍ സന്യാസിമാരുടെ വാര്‍ഷിക സമ്മേളനം നടക്കുന്നു. ഉച്ചചൂടിന്‍റെ കാഠിന്യം കുറഞ്ഞെങ്കിലും ചര്‍ച്ചകള്‍ക്ക് ചൂട് കുറഞ്ഞിട്ടില്ല. വിഷയം, ഫ്രാന്‍സിസ്കന്‍ ചൈതന്യം ഈ കാലഘട്ടത്തില്‍ എങ്ങനെ കൂടുതല്‍ വ്യക്തികളിലേക്ക് പകര്‍ത്താം, എങ്ങനെ സാക്ഷ്യം വഹിക്കാം. പുറത്ത് അവശേഷിച്ച ഏക മരത്തില്‍നിന്നും അപ്പോള്‍ ഒരു ബുള്‍ബുള്‍പക്ഷി സ്വരമുയര്‍ത്താന്‍ തുടങ്ങി. ഇല്ല, ഒരു ട്വിസ്റ്റും ഇവിടെ സംഭവിച്ചില്ല. രണ്ടോ മൂന്നോ പേരുടെ കര്‍ണ്ണപുടങ്ങളില്‍ ആ ബുള്‍ബുളിന്‍റെ സ്വരം വന്നു പതിഞ്ഞു. അത്രമാത്രം. ചര്‍ച്ചകള്‍ തുടര്‍ന്നു...
ചിത്രം 2
അസ്സീസിയിലെ ഫ്രാന്‍സിസിനെപോലെ നിയതമായ രൂപവും ചട്ടക്കൂടും ഇല്ലാത്ത ഗദ്യവും പദ്യവും വരകളും ഇഴചേര്‍ന്ന ഒരു ഗ്രന്ഥമാണ് ക്രിസ്റ്റഫര്‍ കൊയ്ലോയുടെ"A New Kind of Fool'.പ്രസ്തുത ഗ്രന്ഥത്തിന്‍റെ ആമുഖം കൊയ്ലോ എഴുതിയത് അസ്സീസിയില്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ശവകുടീരത്തില്‍ വച്ചാണ്. ആമുഖമെഴുതാനായി അവിടെ എത്തിയ കൊയ്ലോ അവിടുത്തെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തന്‍റെ യുക്തിയുടെ കണിശതകളൊക്കെ മാറ്റിവച്ച് അവിടെ കത്തിനില്‍ക്കുന്ന അനേകം മെഴുകുതിരികള്‍ക്കൊപ്പം ഒഴു മെഴുകുതിരികൂടി കത്തിച്ചുവയ്ക്കുന്നു.
എന്നിട്ട് ഇങ്ങനെ കുറിച്ചു. ഇവിടെ കത്തിനില്‍ക്കുന്ന മെഴുകുതിരികള്‍ ഫ്രാന്‍സിസിന്‍റെ ശവകുടീരത്തെ പ്രഭാപൂരിതമാക്കുന്നതിനോടൊപ്പം ഈ മുറിയുടെ മച്ചിനെ പുകക്കറകൊണ്ട് കറുപ്പിക്കുന്നു. തന്‍റെ ഈ പുസ്തകം ഫ്രാന്‍സിസിന്‍റെ വെളിച്ചത്തെ കൂടുതല്‍ വ്യക്തമാക്കുകയാണോ അതോ അവ്യക്തതയുടെ കറുപ്പിലേക്ക് അദ്ദേഹത്തെ തള്ളിയിടുന്നുണ്ടോയെന്ന സന്ദേഹത്തില്‍ കൊയ്ലോ പെട്ടുപോകുന്നു.
ചിത്രം 3
ഇന്നലെ കേട്ട സംഭവമാണ്. നോര്‍ത്തമേരിക്കയില്‍ ഒരു സമ്പന്ന കുടുംബാംഗമായ പത്തുവയസുകാരന്‍ കുട്ടിയെ അമ്മ സ്കൂളിലെ കൗണ്‍സിലറുടെ അടുത്തു കൊണ്ടുവരുന്നു. കാരണം അവന്‍ ഇപ്പോള്‍ തണുപ്പുകാലത്തുപോലും ചൂടുവെള്ളത്തില്‍ കുളിക്കാന്‍ തയ്യാറാകുന്നില്ല. കാര്യമിതാണ്, ചെലവേറിയ സ്വകാര്യസ്കൂളില്‍ പഠിക്കുന്ന അവന് വാര്‍ഷികസാംസ്കാരിക കൈമാറ്റപരിപാടിയുടെ ഭാഗമായി സൗത്തമേരിക്കയില്‍ ഹോണ്ടുറസ് എന്ന ദരിദ്ര രാജ്യത്ത് തന്‍റെ സ്കൂള്‍ ദത്തെടുത്തിരിക്കുന്ന മറ്റൊരു വിദ്യാലയം സന്ദര്‍ശിക്കാനും അവിടുത്തെ കുട്ടികളോടൊപ്പം സമയം പങ്കിടുവാനും സാധിച്ചു. അവിടെ ചെലവഴിച്ച ദിനങ്ങളില്‍ അവനു മനസ്സിലായി തന്‍റെ സമപ്രായക്കാരായ അവിടുത്തെ കുട്ടികള്‍ക്കൊരിക്കലും തന്നെപ്പോലെ സൗകര്യങ്ങളനുഭവിക്കാന്‍ സാധിക്കുകയില്ലെന്ന്. പ്രത്യേകിച്ച് തണുപ്പുകാലത്ത് അവര്‍ക്ക് ഒരിക്കലും ചൂടുവെള്ളം ലഭ്യമായിരുന്നില്ല. എന്നാല്‍ നോര്‍ത്തമേരിക്കയില്‍ സദാസമയവും ചൂടുവെള്ളം ലഭ്യമാകുന്ന സാഹചര്യത്തിലാണ് അവന്‍ വളരുന്നത്. തന്‍റെ രാജ്യത്ത് എപ്പോഴും സുലഭമായിരിക്കുന്ന ചൂടുവെള്ളം ഇനിമുതല്‍ പത്തുവയസ്സുകാരന് ഒരു നൊമ്പരത്തിന്‍റെ ഓര്‍മ്മയാണ്. അവനിനിമുതല്‍ ഹോണ്ടുറസിലെ അവന്‍റെ ചങ്ങാതിമാരെപ്പോലെ തണുപ്പുകാലത്ത് പോലും തണുത്തവെള്ളം മാത്രം മതി. തന്‍റെ രാജ്യത്ത് തനിക്ക് ലഭ്യമായ സൗകര്യം പോലും വേണ്ട. ഇതൊരു നിലപാടാണ്.
അതെ, ഫ്രാന്‍സിസ് ഇതാണെന്നു പറയാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല. ഇങ്ങനെയൊക്കെയാണെന്നു മാത്രമേ പറയാന്‍ പറ്റൂ. കാല്പനികഭംഗികൊണ്ട് ചിലപ്പോള്‍ നാം അവനെ നശിപ്പിച്ചിട്ടുണ്ട്. ഭക്തിയുടെ അലങ്കാരങ്ങളും ദീപക്കാഴ്ചകളുമായി അവന്‍റെ നിലപാടുകളെ നാം പലപ്പോഴും ഇല്ലാതാക്കിയിട്ടുണ്ട്. അതിനാല്‍തന്നെ അവന്‍ വില കല്പിച്ച പല മൂല്യങ്ങളെയും അവന്‍റെ ഭ്രാന്തന്‍ ശൈലികളായി നാം ഇന്നും ചിരിച്ചുതള്ളുന്നു. ഫ്രാന്‍സിസ് എന്നത് ഉച്ഛസ്ഥായിലുള്ള മെറ്റാലിക് സംഗീതം മാത്രം കേട്ടു ശീലിച്ചവര്‍ക്ക് മെലഡിയുടെ സുഖം പകരാനുള്ള പരിശ്രമമല്ല. ഫ്രാന്‍സിസ് എന്‍റെ ധാരണകളെ അതിലംഘിക്കുന്ന മനുഷ്യവേദനകളുടെ സംഘടിതരൂപത്തെ ഏറ്റെടുത്തവനാണ്. അവന്‍റെ കലഹങ്ങളെ അനുസരണത്തിന്‍റെയും ഭക്തിയുടെയും വര്‍ണങ്ങളില്‍ ചാലിക്കാന്‍ നമുക്ക് ഉത്സാഹമാണ്. കാരണം എന്‍റെ സൗകര്യങ്ങളെ അവന്‍ ചോദ്യം ചെയ്തുകൂടരുതല്ലോ.
പരിപൂര്‍ണ്ണ മനുഷ്യനും പരിപൂര്‍ണ്ണ ദൈവവുമായ ക്രിസ്തുവിനോട് താദാത്മ്യം പ്രാപിക്കുകയായിരുന്നു ഫ്രാന്‍സിസിന്‍റെ പരമമായ ലക്ഷ്യം. കാലഘട്ടത്തിന്‍റെ ഇരുട്ടറകളിലും നന്മയുടെ പ്രകാശകിരണങ്ങളെ അനുഭവമാക്കാന്‍ ഫ്രാന്‍സിസിനെ ഗൗരവമായിട്ടെടുക്കുന്നവന് സാധിക്കും. ഇതു വേറിട്ടവഴികളിലൂടെ വേദനിച്ച് നടക്കാനുള്ള ക്ഷണമാണ്. ഈ വേദനക്കുള്ളിലും തിളങ്ങുന്ന വൈഢൂര്യമുണ്ടെന്ന് നിരന്തരം നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു ക്ഷണം. അസ്സീസിയിലെ ഫ്രാന്‍സിസിനൊപ്പം മറ്റൊരുവന്‍റെ വേദന പങ്കിടാം. അങ്ങനെ അവസാനിക്കാത്ത വേദനകള്‍ക്കൊരൗഷധമാകാം, മുറിവുണക്കാം. അതാണ് ഫ്രാന്‍സിസ്ക്കനിസം...
അസ്സീസിയുടെ താളുകളില്‍ ഫ്രാന്‍സിസിന്‍റെ വിപ്ലവാത്മകമായ നിലപാടുകള്‍ എങ്ങനെ ഇരുളടഞ്ഞ ഒരു കാലഘട്ടത്തിന് വെളിച്ചത്തിന്‍റെ സാക്ഷ്യം പകര്‍ന്നുവെന്ന് വളരെ വ്യത്യസ്തമായ ചിന്തകൊണ്ട് ജോസ് സുരേഷ് കുറിച്ചിടുന്നുണ്ട്. ഫ്രാന്‍സിസിന്‍റെ വ്യക്തിപരമായ അനുഭവങ്ങളെ സ്വന്തം വാക്കുകളില്‍ ശിവദാസ് സാര്‍ മുതല്‍ ബാലചന്ദ്രന്‍വരെ വിവരിക്കുന്നുണ്ട്.
എല്ലാവര്‍ക്കും ഫ്രാന്‍സിസിന്‍റെ തിരുനാള്‍ മംഗളങ്ങള്‍ അസ്സീസികുടുംബത്തില്‍ നിന്നും.