കേരളത്തിലെ പ്രശസ്തമായ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു രോഗിയെ കാണാന്‍ പോയതായിരുന്നു. സന്ദര്‍ശനസമയമാകാന്‍വേണ്ടി ആശുപത്രിയുടെ മുറ്റത്ത് ക്രമീകരിച്ചിട്ടുള്ള വിശ്രമസങ്കേതത്തിലെ ഒരു ചാരുബഞ്ചില്‍ കാത്തിരുന്നു. ആ സമയത്ത് തൊട്ടടുത്തുണ്ടായിരുന്ന കോഫി സ്റ്റാളില്‍നിന്നും ഒരു ഗ്ലാസ് കാപ്പിയുമായി അടുത്തുവന്നത് പരിചയമുണ്ടായിരുന്ന ഒരച്ചനായിരുന്നു.
"അച്ചനും .......നെ കാണാന്‍ വന്നതാണോ? അച്ചനേം പുള്ളിക്കാരന്‍ വിളിച്ചായിരുന്നോ?"
അച്ചന്‍റെ ചോദ്യം എനിക്കു മനസ്സിലായില്ല. വിശദീകരണം പിന്നാലെവന്നു. അച്ചനോര്‍ത്തത് ഞാനും അച്ചന്‍ കാണാന്‍ വന്ന ആളിനെത്തന്നെ കാണാന്‍ ചെന്നതാണെന്നായിരുന്നു. അച്ചന്‍ പറഞ്ഞപ്പോള്‍ എനിക്കാളെ ഓര്‍മ്മവന്നു, പക്ഷെ ഞാന്‍ ആ ആളെക്കാണാന്‍ പോയതല്ലായിരുന്നു. എട്ടൊന്‍പതുവര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒരു സംഭവത്തിലാണു തുടക്കം. ഈ അച്ചന്‍ അന്നിരുന്ന ഇടവകയില്‍ ആയിടെ ഒരു ധ്യാനം നടത്തിയിരുന്നതിന്‍റെ പേരില്‍ മൂന്നാലുമാസം കഴിഞ്ഞ് ആ ഇടവകപ്പള്ളിയിലെ പെരുനാളിന്‍റെ ഒരു നോട്ടീസ് എനിക്കും അയച്ചുതന്നു. പത്തഞ്ഞൂറു വീട്ടുകാരു മാത്രമുള്ള ആ പള്ളിയിലെ പെരുനാളിന്‍റെ മേനിക്കടലാസിലടിച്ച നോട്ടീസിന്‍റെ വലിപ്പവും അതിലെ പരിപാടികളുടെ എണ്ണവുമൊക്കെക്കണ്ടപ്പോള്‍ അതിശയം തോന്നി. ഒരാഴ്ച നീളുന്ന തിരുനാളിന്‍റെ കൊടിയേറ്റുതന്നെ രൂപതയുടെ മെത്രാന്‍. തുടര്‍ന്ന് അദ്ദേഹംതന്നെ മൂന്നുദിവസങ്ങള്‍ ദീര്‍ഘിക്കുന്ന വചനപ്രഘോഷണം ഉത്ഘാടനം ചെയ്യുന്നു. പിന്നത്തെദിവസം ഒരു വമ്പന്‍ ട്രൂപ്പിന്‍റെ ഗാനമേള. തിരുനാള്‍ തലേന്ന് പ്രദിക്ഷണത്തിന് പേരെടുത്ത മൂന്നു ബാന്‍റ്സെറ്റ്, പ്രദിക്ഷണം തിരിച്ചെത്തിക്കഴിയുമ്പോള്‍ ചെണ്ടമേളം, ശിങ്കാരിമേളം മൂന്നു സെറ്റുകാരുടെ കരിമരുന്നു കലാപ്രകടനം, തിരുനാള്‍ ദിവസം രാവിലെ പുതിയതായി സ്ഥാപിച്ച കൊടിമരം വെഞ്ചരിപ്പും തിരുനാള്‍കുര്‍ബ്ബാനയും വിരമിച്ച രൂപതാദ്ധ്യക്ഷന്‍. അന്നുവൈകുന്നേരം ഒരു പ്രശസ്തട്രൂപ്പിന്‍റെ നാടകം. നോട്ടീസിന്‍റെ താഴെ പ്രസുദേന്തിയുടെ പേരും സാമാന്യം വലിപ്പത്തില്‍ അച്ചടിച്ചിട്ടുണ്ട്. ഒരു രണ്ടുമൂന്നു പെരുനാളിന്‍റെ വിഭവങ്ങള്‍ ഒറ്റപ്പെരുനാളിനു കണ്ടപ്പോള്‍ ഞാന്‍ വികാരിയച്ചനോടു നോട്ടീസു കിട്ടിയകാര്യം പറയാന്‍ ഫോണില്‍ വിളിച്ചു. അപ്പോഴാണ് അച്ചന്‍പറഞ്ഞത് ഞാന്‍ അന്നു ധ്യാനത്തിനു ചെന്നപ്പോള്‍ കാണാന്‍ ആഗ്രഹിച്ച ആളാണ് ആ പ്രസുദേന്തിയെന്ന്. അയാളൊരു ഗള്‍ഫുകാരനായിരുന്നു. പത്തിരുപത്തഞ്ചു കൊല്ലമായി കുടുംബസമേതം അവിടെയാണ്. അവിടെ ബിസിനസ് നടത്തി കോടീശ്വരനായ ആ മനുഷ്യന്‍ മെയിന്‍ റോഡ് സൈഡില്‍ സ്ഥലംവാങ്ങി വല്ലപ്പോഴുമൊക്കെ നാട്ടിലെത്തുമ്പോള്‍ താമസിക്കാന്‍ കൊട്ടാരം പോലൊരു വീടും പണിതു. തൊട്ടയല്‍വാസി രോഗിയായ അമ്മയുമായി കുടുംബമായി ജീവിച്ചിരുന്ന ഒരു സ്കൂള്‍ടീച്ചറായിരുന്നു. റോഡില്‍നിന്നും അദ്ദേഹത്തിന്‍റെ വീട്ടിലേയ്ക്ക് നടപ്പാതമാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും മുന്‍ ഉടമസ്ഥന്‍ ആവശ്യം വരുമ്പോള്‍ അങ്ങേരുടെ പറമ്പിലൂടെ വണ്ടികയറ്റുവാന്‍ അനുവദിച്ചിരുന്നു. ഗള്‍ഫുകാരന്‍ ആ സ്ഥലം വാങ്ങിയാണു വീടുവച്ചത്. സ്കൂള്‍ടീച്ചറിന്‍റെ സ്ഥലവുംകൂടി വാങ്ങാന്‍ തയ്യാറായിരുന്നെങ്കിലും പള്ളീം, പഠിപ്പിക്കുന്ന സ്കൂളും, ടൗണും, ബസ്സ്റ്റാന്‍റുമെല്ലാം അടുത്തായിരുന്നതുകൊണ്ട് അതു വിറ്റിട്ടുപോകാന്‍ സാറിനു മടിയുമായിരുന്നു. അതുകൊണ്ടു സാറതുകൊടുത്തില്ല. ന്യായമായവില വഴിക്കുവേണ്ടിയുള്ള സ്ഥലത്തിനു കൊടുക്കാമെന്നു പറഞ്ഞിട്ടും കൂട്ടാക്കാതെ ഗള്‍ഫുകാരന്‍ വാശിക്ക് സ്കൂള്‍മാഷിന് ആധാരപ്രകാരമുള്ള നടപ്പാത മാത്രം വിട്ടിട്ട് വസ്തു മുഴുവന്‍ ചുറ്റുമതിലുകെട്ടിയടച്ചു. അമ്മയെ ആശുപത്രിയില്‍ മിക്കപ്പോഴും കൊണ്ടുപോകേണ്ടിവന്നിരുന്നതുകൊണ്ടാണെന്നു വികാരിയച്ചനെക്കൊണ്ടു പറയിപ്പിച്ചിട്ടും, വഴികൊടുക്കില്ല വേണമെങ്കില്‍ അദ്ധ്യാപകന്‍റെ വസ്തു മുഴുവന്‍ വാങ്ങിക്കൊള്ളാമെന്നായിരുന്നു ഗള്‍ഫുകാരന്‍റെ ഓഫര്‍. ആ അദ്ധ്യാപകനെയും കുടുംബത്തെയും പരിചയമുണ്ടായിരുന്നതിനാല്‍ ധ്യാനത്തിനു ചെന്നപ്പോള്‍ വഴിക്കാര്യം ഒന്നു പറഞ്ഞുനോക്കാമെന്നു വച്ചപ്പോള്‍ ഗള്‍ഫുകാരന്‍ അന്നു നാട്ടിലില്ലായിരുന്നു. ആ മാന്യന്‍തന്നെയാണു പ്രസുദേന്തി എന്നച്ചന്‍ പറഞ്ഞപ്പോള്‍ നല്ലയൊരവസരമാണല്ലോ അയാളോടൊന്നു സംസാരിച്ചുനോക്കാന്‍ എന്നോര്‍ത്ത് പെരുനാളിന് ഒരാഴ്ച മുമ്പ് ഒരുദിവസം ഞാനവിടെച്ചെന്നു. വികാരിയച്ചന്‍ നേരത്തെ സംസാരിച്ചിട്ടും സഹകരിക്കാന്‍ മനസ്സുകാണിക്കാതിരുന്ന അയാളോട് അക്കാര്യമിനിയും പറയാന്‍ ചെന്നാല്‍ പ്രസുദേന്തികൂടിയായതുകൊണ്ട് അയാള്‍ വല്ല സാഹസവും കാണിച്ചു പെരുനാളുഴപ്പിയെങ്കിലോ എന്ന ശങ്കയുണ്ടായിരുന്നതുകൊണ്ട് അച്ചന്‍ കൂടെ വരാന്‍ മടിച്ചു. തന്നെയുമല്ല പെരുനാളേറ്റെടുത്തപ്പോള്‍ ആഘോഷങ്ങളുടെ കൂട്ടത്തില്‍ പള്ളിക്കുവേണ്ടിയും എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞിട്ടു മനസ്സില്ലായിരുന്നെങ്കിലും അച്ചന്‍റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് അയാളുടെ സംഭാവനയാണെന്നു ചുവട്ടില്‍ പേരു കൊത്തിവയ്ക്കാമെന്ന വ്യവസ്ഥയില്‍ കൊടിമരം പണിയാനുള്ള ചെലവു വഹിക്കാമെന്നയാള്‍ സമ്മതിച്ചത്. പെരുനാളു കഴിഞ്ഞു കണക്കു തീര്‍ക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളുതാനും. അതുകൊണ്ടു ഞാന്‍ തനിച്ചാണ് ആളെക്കാണാന്‍ വീട്ടില്‍ കയറിച്ചെന്നത്. ഞാന്‍ സ്വയം പരിചയപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ആളല്പം അസ്വസ്ഥത കാണിച്ചു. അല്പം നീരസത്തോടെ അയാള്‍ കാര്യം തുറന്നങ്ങു പറഞ്ഞു:
"അച്ചാ ക്ഷമിക്കണം. സാധാരണ അച്ചനെപ്പോലെയുള്ളവരു വരുന്നതെന്തിനാണെന്നെനിക്കൂഹിക്കാം. പറ്റുന്നതുപോലൊക്കെ ഞാന്‍ കൊടുക്കാറുമുണ്ട്. അച്ചനെന്തോ നല്ലകാര്യത്തിനു പിരിവിനു വന്നതാണെന്നെനിക്കറിയാം. പക്ഷെ ഇത്തവണ എന്നെ വെറുതെവിടണം. പെരുനാളേറ്റപ്പം ഞാനൊരു പത്തുലക്ഷം എസ്റ്റിമേറ്റിട്ടു. എന്നാലും അലുക്കുലുത്തെല്ലാം കൂടെ പന്ത്രണ്ടു പ്രതീക്ഷിച്ചു. പക്ഷെ ഇപ്പംതന്നെ പന്ത്രണ്ടായി. പതിനഞ്ചിലും നില്ക്കുമെന്നു തോന്നുന്നില്ല. കൊണം വരുത്താന്‍ ആ വികാരിയച്ചന്‍ ആ തക്കത്തിന് ഒരു കൊടിമരവും എന്‍റെ പിടലിക്കുവച്ചു. അല്ല, പെരകത്തുമ്പഴല്ലേ വാഴവെട്ടാന്‍ പറ്റത്തൊള്ളു." എന്നിട്ടയാളൊരു വളിച്ച ചിരി. ഞാന്‍ ചുറ്റും നോക്കി. വേറാരുമില്ല. അതുകൊണ്ടു ചുമ്മാതങ്ങു സഹിച്ചു.
"സത്യം പറഞ്ഞാല്‍ ആ കൊടിമരം നന്നായിരുക്കുന്നു കേട്ടോ. ഞാനടുത്തനാളില്‍ കണ്ടിട്ടുള്ളതിലെ ഏറ്റവും നല്ല കൊടിമരമാ. ഇദ്ദേഹം പണിതുകൊടത്തതാണെന്നു ഞാനറിഞ്ഞില്ലായിരുന്നു." കൊടിമരം അടുത്തുപോലും പോയിക്കാണാതെ പച്ചക്കള്ളം പറഞ്ഞേച്ച് അയാളുകാണാതെ ഞാന്‍ തന്നത്താനെ ചുണ്ടില്‍ കുരിശുവരച്ചു.
"അമ്പതിനായിരം എന്നു പറഞ്ഞു തുടങ്ങിയതാ, ഇപ്പം ഒന്നു മിച്ചമായി. പിന്നെ ഏതായാലും ചെലവാ, അതും മോശമാക്കണ്ടാന്നു ഞാനും വച്ചു." ഞാന്‍ വച്ച വെടി ഏറ്റതിന്‍റെ ലക്ഷണം. അല്പം കൂടിവിട്ടു:
"പെരുനാളിന്‍റെ പരിപാടിയൊക്കെ വളരെ ഗംഭീരമായിരിക്കുന്നു കേട്ടോ. ഇത്രേം വല്യ പെരുന്നാള് ഈ അടുത്തവട്ടത്തെങ്ങും നടന്നിട്ടുണ്ടെന്നു തോന്നുന്നില്ല." ചെന്ന കാര്യം പറയാനൊരു വഴിയൊരുക്കാന്‍ വേണ്ടിയും കൂടി ഞാന്‍ പറഞ്ഞു.
"അച്ചനേതാ ചായയോ കാപ്പിയോ ...." ആളിന്‍റെ മൂഡൊന്ന് അയഞ്ഞ മട്ടായി. രണ്ടും വേണ്ട എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആളു നിര്‍ബ്ബന്ധിച്ചില്ല.
"കുറെക്കാലമായിട്ട് ഒരാഗ്രഹമായിരുന്നു ഇടവകയിലെ പെരുനാളു നടത്തണമെന്ന്. നടത്തിയപ്പോള്‍ അങ്ങു നന്നായിരുന്നോട്ടെന്നു വച്ചു. സത്യം പറഞ്ഞാലച്ചാ, എനിക്കിതിലൊന്നും വല്യ വിശ്വാസമുണ്ടായിട്ടൊന്നുമല്ല. സൗകര്യം കിട്ടിയാല്‍ പള്ളീല്‍ പോകും അത്രതന്നെ. നാട്ടീന്നും അങ്ങനെതന്നെ ആയിരുന്നു. അവിടെച്ചെന്നും അങ്ങനെതന്നെയാ. പിരിവങ്ങു കൊടുത്തേക്കും. അത്രതന്നെ. എന്നിട്ടും എനിക്കൊരു കുറവുമൊട്ടു വന്നിട്ടുമില്ല. പള്ളീന്നിറങ്ങാതെ നടന്നവരൊക്കെ ഇന്നും കഷ്ടപ്പെടുമ്പോള്‍ എനിക്കൊരു കുഴപ്പമൊട്ടില്ലതാനും. ഈ പ്രാര്‍ത്ഥനേലൊന്നും വല്യ കാര്യമൊന്നുമില്ലച്ചാ. പിന്നെ നാട്ടില്‍ വരുമ്പോള്‍ പലരും പറഞ്ഞപ്പോള്‍ പെരുനാളുകഴിക്കണമെന്നു തോന്നി. അത്രതന്നെ."
"അതെല്ലാം ദൈവാനുഗ്രഹമല്ലേ. ഇനിയും തരണമേയെന്ന് ഞാനും പ്രാര്‍ത്ഥിക്കാം." പറഞ്ഞു കഴിഞ്ഞാണു മണ്ടത്തരമായിപ്പോയീന്നോര്‍ത്തത്.
"അച്ചന്‍ പ്രാര്‍ത്ഥിച്ചോ, അതിന്‍റെ കുറവു വേണ്ട. പക്ഷെ ഞാന്‍ പറഞ്ഞിട്ട് അച്ചന്‍ പ്രാര്‍ത്ഥിക്കണ്ടാ. അതിന്‍റെ പേരില്‍ അച്ചന്‍ പിരിവും നോക്കണ്ടാ." വീണ്ടും ചിരി, മയമില്ലാത്ത സംസാരം.
"വാസ്തവത്തില്‍ ഞാന്‍ വന്നതു പിരിവിനല്ലായിരുന്നു. ഒരു ചെറിയ അപേക്ഷയുമായിട്ടാണ്."
"തിരക്കുണ്ടായിരുന്നച്ചാ, എന്നാലും അച്ചന്‍ പറഞ്ഞുതുടങ്ങിയ സ്ഥിതിക്ക്..."
അയാളുടെ അയല്‍വാസി അദ്ധ്യാപകന്‍റെ വീട്ടിലേയ്ക്ക് വണ്ടി എത്തിക്കാനുള്ള വഴി ഇപ്പോള്‍ മൂന്നടി നടപ്പാതയുള്ളിടത്ത് അല്പം വീതികൂടി കൊടുത്താല്‍ അയാള്‍ക്ക് അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വണ്ടി മുറ്റത്തെത്തിക്കാമെന്നും, അയാള്‍ സ്ഥലത്തിന്‍റെ വില കൊടുക്കാന്‍ തയ്യാറാണെന്നുമൊക്കെ ഞാന്‍ വളരെ മയത്തിനൊന്നു പറഞ്ഞുനോക്കി.
"എനിക്കയാളുടെ കാശുവേണ്ട. അയാളുടെ ഒരേക്കറും വീടുമല്ലേ, അയാളതിങ്ങു തന്നേക്കട്ടെ, അതിനു നാട്ടില്‍ നടപ്പുള്ള വില ഞാന്‍ കൊടുത്തേക്കാം."
ഞാന്‍ ആവതു ശ്രമിച്ചു. ആളു വഴങ്ങിയില്ല. ഞാന്‍ പോകാനെഴുന്നേറ്റു. തിരിച്ചു നടക്കുന്നവഴി അറിയാതെ പറഞ്ഞുപോയി: 'മാളികപ്പുറത്തേറിയ മന്നന്‍റെ തോളില്‍ മാറാപ്പേറ്റുന്നതും ഭവാന്‍.'
"ആ മാറാപ്പു ഞാന്‍ ചുമന്നോളാമച്ചാ, അതോര്‍ത്തച്ചന്‍ ബുദ്ധിമുട്ടണ്ട." അയാളുടെ സ്വരം അല്പം കനത്തിരുന്നു. കാശിന്‍റെ മുഷ്ക്ക്. തിരിച്ചു പറയാന്‍ നാക്കുചൊറിഞ്ഞെങ്കിലും വായടച്ചു. അയാള്‍ തുടര്‍ന്നു:
"ഇടവകക്കാരെ ബുദ്ധിമുട്ടിക്കാതെ പത്തുപതിനഞ്ചുലക്ഷം രൂപാ മുടക്കി പെരുനാളും നടത്തി കൊടിമരോം പണിയിച്ചു, എന്നിട്ടും പറമ്പിക്കൂടെ എടവകക്കാര്‍ക്കു കാറു കൊണ്ടുപോകാന്‍ വഴികൊടുക്കാത്തതിനാ പരാതി." മേശപ്പുറത്തുവച്ചിരുന്ന മുന്തിയതരം ഈന്തപ്പഴം പോലും തൊടാതെ 'പിരിവിനു' ചെന്ന അച്ചന്‍ പിണങ്ങിപ്പോയെന്നു തോന്നിയ അയാളുടെ ന്യായീകരണം.
"ലക്ഷോം കോടീമൊക്കെ പ്രാര്‍ത്ഥിക്കാതെ തന്നെ കിട്ടിയത് ചോദിക്കാതെ തന്നെ കൊടുക്കാന്‍ വേണ്ടിക്കൂടിയാണെന്നാണ് എനിക്കുതോന്നുന്നത്." വേറൊന്നും പറയുന്നതു ശരിയല്ലെന്നു തോന്നിയതുകൊണ്ട് അത്രയും ഞാന്‍ പറഞ്ഞത് വാതില്‍ക്കലെത്തിയിട്ടാണ്. നടപ്പടിയില്‍ ഊരിയിട്ടിരുന്ന ചെരിപ്പിട്ടുകൊണ്ടിരുന്നപ്പോള്‍ മുറ്റത്തുനിന്നിരുന്ന ഒരു പൊണ്ണന്‍ പന, അലങ്കാരപ്പന കണ്ണില്‍ പെട്ടു. അറിയാതെ നാക്കിന്‍റെ കണ്ട്രോളു പോയി:
"ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തുമെന്നു പറഞ്ഞതുപോലെയുണ്ട്." വായില്‍ നിന്നതു വീണുകഴിഞ്ഞാണ് അയാളെന്‍റെ തൊട്ടുപിന്നിലുണ്ടായിരുന്നതു ശ്രദ്ധിച്ചത്. തിരിഞ്ഞുനോക്കാതെ നടക്കുന്നതിനിടയില്‍ അതിന്‍റെ ബാക്കികൂടെയങ്ങു പറഞ്ഞു:
"അവസാനം ആ പന ആമ്പിള്ളേരു ചെത്തി കള്ളും കുടിക്കും." വേഗം നടന്നു ഗേറ്റിനു പുറത്ത് റോഡിലെത്തി. കിട്ടിയവണ്ടിക്കു തിരിച്ചെത്തിക്കഴിഞ്ഞു വികാരിയച്ചനെ വിളിച്ച് സംഭവിച്ചതൊക്കെപ്പറഞ്ഞു. അതില്‍ പിന്നെ അപ്പോള്‍ ആ ആശുപത്രിമുറ്റത്താണ് അദ്ദേഹത്തെക്കാണുന്നത്. അദ്ദേഹം വേഗം പോയി എനിക്കുംകൂടി ഒരു കാപ്പി വാങ്ങിക്കൊണ്ടുവന്നു. അതു കുടിക്കുന്നതിനിടയില്‍ അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു. അച്ചനവിടെനിന്നു പിന്നത്തെക്കൊല്ലം മാറി. വഴികിട്ടാഞ്ഞ സാറ് വഴക്കിനൊന്നുംപോകാതെ സ്വന്തം വീട് വാടകയ്ക്കു കൊടുത്തിട്ട് അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സൗകര്യത്തിനുവേണ്ടി റോഡ്സൈഡില്‍ ഒരു ചെറിയവീടു വാടകയ്ക്കെടുത്ത് ഇപ്പോഴും അവിടെത്തന്നെ താമസിക്കുന്നു. ഡയബറ്റിസ് രോഗമുണ്ടായിരുന്ന ഗള്‍ഫുകാരന്‍ രണ്ടു വര്‍ഷംമുമ്പ് അവിടെയുണ്ടായിരുന്നു അയാളുടെ വില്ലായില്‍ തെറ്റി തലയടിച്ചുവീണ് ഒരു വശത്തിന്‍റെ സ്വാധീനം വളരെ നഷ്ടമായി വാക്കറില്‍ മാത്രം കഷ്ടിച്ചു നടക്കാവുന്ന അവസ്ഥയിലായി. മക്കള്‍ക്കാര്‍ക്കും ഒരുദിവസത്തേയ്ക്കുപോലും അവധിയെടുക്കാനാവാത്ത ബിസിനസാണ്. അവരുടെ മക്കളെ നോക്കിക്കഴിഞ്ഞിട്ടുമതി അമ്മ അവശനായഅപ്പനെപ്പോലും നോക്കാനെന്നായിരുന്നു അവരുടെ നിലപാട്. അപ്പനെ നാട്ടിലെത്തിച്ചു. മക്കളുടെ കൊച്ചുകുഞ്ഞുങ്ങളെ ഇട്ടേച്ചു പോരാന്‍ അയാളുടെ ഭാര്യയ്ക്കു സാധിച്ചുമില്ല. മക്കള്‍ അപ്പന്‍റെ സംരക്ഷണം നാട്ടിലെ 'കൊട്ടാരംവീട്ടില്‍' രണ്ടു ഹോം നേഴ്സുമാരെ ഏല്പിച്ചിരിക്കുകയാണ്. ദിവസവും ഫോണ്‍ ചെയ്ത് വിവരങ്ങള്‍ അന്വേഷിക്കും അത്രമാത്രം. അവര്‍ക്കു സമയമില്ല. അടുത്തകാലത്ത് അയാളുടെ വയ്യാത്ത കാലില്‍ ഒരു പരുവന്നു പഴുത്തു. അതുവല്ലാതെയായി. ഇപ്പോള്‍ ഈ വല്യ ആശുപത്രിയില്‍ അഡ്മിറ്റാണ്. ഭാര്യ മാത്രം എത്തിയിട്ടുണ്ട്. വിരലും പിന്നീടു പാദവും മുറിച്ചുമാറ്റി. ഇനിയും കാല് മുട്ടിനുമുകളില്‍ വച്ച് മുറിച്ചു മാറ്റുന്ന ഓപ്പറേഷനാണ്. മക്കള്‍ക്കെത്താനുള്ള സൗകര്യത്തിനുവേണ്ടി രണ്ടുതവണ മാറ്റിവച്ചു. പിറ്റെദിവസം മക്കളെത്തും, ഓപ്പറേഷനാണ്. സന്ദര്‍ശിക്കാനും കൂടെ നില്ക്കാനും ആളില്ലാതെ എഴുന്നേറ്റു നില്ക്കാനും പറ്റാതെ അയാള്‍ നാട്ടുകാരു പലരെയും വിളിച്ചു. പെരുനാളുകൂടിയവരും വെടിക്കെട്ടു കണ്ടവരുമാരും ഒരു പ്രാവശ്യംപോലും ഒന്നു കാണാന്‍പോലും തിരിഞ്ഞു കയറിയില്ല. വികാരിയച്ചന്‍ വീട്ടില്‍ ഒന്നുരണ്ടു പ്രാവശ്യം ചെന്നുകണ്ടു. ആശുപത്രിയില്‍ ചെന്നില്ല. പഴയവികാരിയച്ചനെ പല പ്രാവശ്യം വിളിച്ചു. അങ്ങനെ വന്നതായിരുന്നു അച്ചന്‍. അച്ചനോര്‍ത്തു എന്നെയും അയാള്‍ വിളിച്ചിരിക്കുമെന്ന് അങ്ങനെയാണ് ഞാനുമപ്പോളവിടെ എത്തിയതെന്ന്. കുടിച്ചുകൊണ്ടിരുന്ന കാപ്പിതീര്‍ന്നപ്പോഴേയ്ക്കും എനിക്കു കാണാനുണ്ടായിരുന്ന ആളിന്‍റെ അടുത്തു നിന്നും എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ ആളുവന്നു. ഞാന്‍പോയി. ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞു ഞാന്‍ തിരിച്ചിറങ്ങി വരുമ്പോള്‍ അച്ചന്‍ പിന്നെയും മെയിന്‍ ഗേറ്റിനടുത്തു നില്ക്കുന്നു. വയ്യാതെ കിടക്കുന്ന ഗള്‍ഫുകാരനെ കണ്ടിട്ടേ പോകാവൂ എന്ന അപേക്ഷയുമായി. എന്നെക്കണ്ട കാര്യം പറഞ്ഞപ്പോഴേ, എങ്ങിനെയെങ്കിലും എന്നെ അയാളുടെ പക്കലൊന്നെത്തിക്കണമെന്നു നിര്‍ബ്ബന്ധിച്ചതുകൊണ്ട് എന്‍റെ ഫോണ്‍നമ്പരും കൈയ്യിലില്ലാതെ ഞാനാരെക്കാണാനാണു പോയതെന്നുമറിയാതെ തിരിച്ചു പോയോ എന്നുമുറപ്പില്ലാതെ ഏതാണ്ടരമണിക്കൂര്‍ എനിക്കുവേണ്ടി കാത്തുനിന്ന അച്ചനോടുള്ള പരിഗണനവച്ച് മുറിയും വഴിയുമെല്ലാം ചോദിച്ചറിഞ്ഞ് ഞാന്‍ ചെന്ന് അയാള്‍ കിടന്ന മുറിയുടെ വാതില്‍ക്കല്‍മുട്ടി. എന്നെക്കണ്ടപാടെ ആളൊന്നു ചിരിക്കാന്‍ ശ്രമിച്ചു. പക്ഷെ അതൊരു പൊട്ടിക്കരച്ചിലായിപ്പോയി. ആരും അനങ്ങിയില്ല. ഞാനും ഒന്നും മിണ്ടിയില്ല. പണ്ടു പറഞ്ഞതെല്ലാം വച്ച് രണ്ടുകവിളു കൊള്ളിച്ചു മിണ്ടണം എന്നൊക്കെക്കരുതി മൂര്‍ച്ചപിടിപ്പിച്ച വാക്കുകളും കരുതിയായിരുന്നു ഞാന്‍ ചെന്നത്. മിണ്ടാന്‍ സാധിച്ചില്ല. രണ്ടുമൂന്നു മിനിറ്റു കഴിഞ്ഞപ്പോള്‍ സംസാരിക്കാനാകാതെ, തലയില്‍ കൈവച്ചു പ്രാര്‍ത്ഥിക്കാമോ എന്ന് അയാള്‍ ആംഗ്യം കൊണ്ടു ചോദിച്ചു. നാലഞ്ചുമിനിറ്റു പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ആളു ശാന്തനായി. എന്നിട്ടും കണ്ണുനിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. സംസാരിച്ചും, കൂടുതല്‍ സമയം ചെലവഴിച്ചും അയാളുടെ പശ്ചാത്താപത്തിന്‍റെ സാന്ദ്രത കുറയ്ക്കണ്ട എന്നു മനസ്സു പറഞ്ഞു.
"എല്ലാം നല്ലതിനാണ്, ഞാന്‍ പ്രാര്‍ത്ഥിക്കാം." അത്രയും മാത്രം പറഞ്ഞ് ഞാന്‍ പോകാന്‍ തിരിയുമ്പോള്‍ അയാളുടെ മുഖത്തുവിരിഞ്ഞ പുഞ്ചിരി മരണം വരെ മറക്കാന്‍ പറ്റില്ല. മുറിക്കു പുറത്തിറങ്ങി നടക്കുമ്പോള്‍ അറിയാതെ ഉറക്കെപ്പാടിപ്പോയി: 'രണ്ടുനാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികപ്പുറത്തേറിയ മന്നന്‍റെ തോളില്‍ മാറാപ്പേറ്റുന്നതും ഭവാന്‍.'