തിരക്കുള്ള ഒരു ദിവസമായിരുന്നു. ആറരയോടെയാണ് വീട്ടിലെത്തുന്നത്. എത്തിയയുടനെ പ്രത്യേകമാം വിധം കൈകള്‍ കഴുകുവാനും ഉപയോഗിച്ചിരുന്ന വസ്ത്രം മാറ്റി ദേഹശുദ്ധി വരുത്താനും പുതിയ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കുക. എന്നിട്ടേ വീട്ടിലുള്ള മറ്റുള്ളവരുമായി എന്തുകാര്യത്തിനും ഏര്‍പ്പെടാവൂ എന്ന് കൊറോണ നമ്മളെ ഓരോരുത്തരെയും പഠിപ്പിച്ചു. സമയം ഏഴുമണിയായപ്പോള്‍ ഒരു ക്രൈസ്തവചാനലില്‍ ജപമാല ആരംഭിച്ചു. അതു കാണുകയാണ് തുടര്‍ന്നുള്ള ദിനചര്യ. അതിനിടയില്‍ തന്നെ ചായയും അച്ചപ്പവും കഴിച്ചു. ജപമാലയിലെ ഓരോ രഹസ്യം ചൊല്ലുന്നവരെയും അവരുടെ"voice modulation' നും ചര്‍ച്ച ചെയ്ത് ഏഴരയ്ക്ക് മുന്‍പ് അന്നത്തെ കൊന്തനമസ്കാരം തീര്‍ന്നു. ജീവിതം തിരക്കില്‍നിന്ന് കൂടുതല്‍ തിരക്കിലേക്ക് നീങ്ങിത്തുടങ്ങിയ അന്നുമുതല്‍ മേല്‍പ്പറഞ്ഞതാണ് എറ്റവും വലിയ പ്രാര്‍ത്ഥന - അനുദിന പ്രാര്‍ത്ഥന.
ഇത് ഒരു വ്യക്തിയുടെ മാത്രം അവസ്ഥയല്ല. ഈ ലേഖനം വായിക്കുന്ന കുറെപ്പേര്‍ക്ക് എങ്കിലും മേല്‍പ്പറഞ്ഞതാണ് തങ്ങളുടെയും ഗതി എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. മറ്റു പ്രാര്‍ത്ഥനകളായി അനുഷ്ഠിച്ചിരുന്നത്:
1. എഴുന്നേല്‍ക്കുമ്പോഴുള്ള കുരിശുവര.
2. വീട്ടില്‍നിന്ന് പുറത്തിറങ്ങും മുന്‍പ് ഏറ്റവും അടുത്തുകാണുന്ന രൂപത്തെ തൊട്ടുമുത്തുന്നത്.
3. 12 മണിയുടെ സൈറന്‍ മുഴങ്ങുമ്പോള്‍ ഞായറാഴ്ച വേദോപദേശക്ലാസുകളില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കാറുള്ള 'കര്‍ത്താവിന്‍റെ മാലാഖ' ഓര്‍ക്കുന്നത്.
4. തിരക്കിനിടയില്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ ദൈവമേ കാക്കണെ എന്ന ഒരു രോദനം. (ഇവിടെ ആഗ്രഹിച്ച വിധം കാര്യങ്ങള്‍ നടന്നാല്‍ മെഴുകുതിരി കത്തിക്കാമെന്നു നേര്‍ച്ച നേരുന്നു.)
5. ഉറക്കക്ഷീണത്തോടെ കിടക്കാന്‍ വരുമ്പോഴും കൈയിലുള്ള ടച്ച് ഫോണ്‍ താഴെ വയ്ക്കാതെ ഒരു കുരിശുവര. നമ്മുടെ പ്രാര്‍ത്ഥനാ ജീവിതം പ്രത്യേകിച്ച് അല്മായരുടേത് ഈ വിധം ശോഷിച്ചു തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനയുടെ ഗ്രാഫ് താഴോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്ന് നമ്മള്‍ ആരും അറിഞ്ഞില്ല.
അറിഞ്ഞാല്‍ തന്നെയും ദൈവം സ്നേഹനിധിയാണെന്നും എല്ലാം പൊറുക്കുന്നവനാണെന്നും നമ്മള്‍ മനസ്സിലുറപ്പിച്ചിരുന്നു. അതിനാല്‍ത്തന്നെ സമയം എന്ന ഏറ്റവും പ്രധാന ഘടകത്തെ കൂടുതലായി നേടാന്‍ നമ്മള്‍ പ്രാര്‍ത്ഥനാജീവിതത്തെ 'കട്ട്' ചെയ്തിരിക്കുന്നു. മാറ്റിവയ്ക്കപ്പെടാവുന്നതായി പ്രാര്‍ത്ഥന മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇതൊക്കെ കണ്ടുകൊണ്ടുതന്നെയാണ് നമ്മുടെ മക്കളും അവരുടെ മക്കളും വളര്‍ന്നിരുന്നത്.
ദൈവവിചാരത്തിനും സഭാത്മകജീവിതത്തിനും വിലയിടിഞ്ഞുകൊണ്ടിരിക്കുന്നു. ആകര്‍ഷകവും പ്രൗഢഗംഭീരവുമായ ജീവിതശൈലി ഉപേക്ഷിച്ച് പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും സുവിശേഷ പ്രഘോഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്‍റെ ഹൃദയത്തിലും അധരങ്ങളിലും ചെവികളിലും... ശരീരത്തിന്‍റെ ഓരോ അവയവങ്ങളിലും യേശുവിനെ സംവഹിച്ചിരുന്ന, യേശുവിനോടുള്ള ഉജ്വലസ്നേഹത്താല്‍ മറ്റെല്ലാം തന്നെ ത്യജിക്കാനും എളിമയും ദാരിദ്ര്യവും അഭ്യസിക്കുകയും പ്രാര്‍ത്ഥനാജീവിതം എന്നതിലുപരി ജീവിതംതന്നെ പ്രാര്‍ത്ഥനയാക്കിയ ഫ്രാന്‍സിസിന്‍റെ മക്കളല്ലെ നമ്മള്‍... ഈ പുതുവര്‍ഷത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് പ്രാര്‍ത്ഥനയില്‍ തന്നെയാകട്ടെ എന്ന് നമ്മള്‍ക്ക് ഉറപ്പിക്കാം. ഇതിനായി നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ട വ്യക്തമായ ഒന്നാണ് സഭയോടൊത്ത് ദിവസത്തിന്‍റെ ഓരോ യാമങ്ങളിലും കാലാനുസൃതമായി ചൊല്ലേണ്ട യാമപ്രാര്‍ത്ഥനകള്‍.
സ്രഷ്ടാവിന്‍റെ മുന്‍പില്‍ സൃഷ്ടിയെന്ന നിലയില്‍ നാം സ്വന്തം ശൂന്യതയെക്കുറിച്ചുള്ള ബോധ്യത്തോടെ നില്‍ക്കുമ്പോള്‍ അതു പ്രാര്‍ത്ഥനയാകുന്നു. ഇതു തന്നെയാണ് യാമപ്രാര്‍ത്ഥനകളുടെ അടിസ്ഥാനം. യഹൂദന്മാരുടെ ഇടയില്‍ രാവിലെയും വൈകിട്ടും 'ഇസ്രായേലെ കേള്‍ക്കുക Shema' ചൊല്ലുക പതിവായിരുന്നു.
നമ്മുടെ ആരാധന വത്സരത്തിലൂടെ രക്ഷാകരകര്‍മ്മത്തില്‍ സംഭവിച്ച ഓരോന്നും നാം അനുസ്മരിക്കുന്നു. ഇതുവഴി വരുവാന്‍ ഇരിക്കുന്നവയിലുള്ള വിശ്വാസവും പ്രത്യാശയും നവീകരിച്ച് ഉറപ്പിക്കുന്നു. ദൈവം നമുക്ക് ചെയ്തിട്ടുള്ളതും ചെയ്യാനിരിക്കുന്നതുമായിട്ടുള്ള കാര്യങ്ങള്‍ വര്‍ഷം മുഴുവനും വിവിധ ഭാഗങ്ങളില്‍ ധ്യാനിച്ച് ദിവസത്തിന്‍റെ പല സമയങ്ങളിലും മനസ്സു കൊണ്ടെങ്കിലും ദൈവസന്നിധിയില്‍ എത്തിച്ചേര്‍ന്ന് ദൈവദര്‍ശനം സാധ്യമാക്കാന്‍ യാമപ്രാര്‍ത്ഥനകള്‍ സഹായകങ്ങളാണ്.
(തുടരും)