news-details
അക്ഷരം

കാണാത്ത പുറംകാഴ്ചകള്‍

തനിച്ചു തന്‍റെ കാലടിവച്ച് നടന്നുനീങ്ങിയ കവിയും എഴുത്തുകാരനും വ്യക്തിയുമാണ് ടി. പി. രാജീവന്‍. എല്ലാ പ്രലോഭനങ്ങളെയും ഭീഷണികളെയും സധൈര്യം മറികടന്ന ചെറുമത്സ്യത്തെപ്പോലെയായിരുന്നു അദ്ദേഹം. ഭൂരിപക്ഷത്തില്‍ ലയിക്കാത്ത ന്യൂനപക്ഷത്തിന്‍റെ പ്രതിനിധി. പിളര്‍ന്നസ്വത്വമുള്ള മലയാളിയുടെ വ്യാജമുഖങ്ങള്‍ തിരിച്ചറിഞ്ഞതാണ് ടി പി രാജീവന്‍റെ വിജയവും പരാജയവും. പരാജയം ഇവിടെ വിജയത്തെക്കാള്‍ അന്തസ്സുള്ളതാകുന്നു. രാജീവന്‍റെ മരണശേഷം പുറത്തുവന്ന 'നീലക്കൊടുവേലി' എന്ന കവിതാസമാഹാരം പരിവര്‍ത്തനത്തിന്‍റെ പുതിയ ഘടകത്തെ അടയാളപ്പെടുത്തുന്ന കവിതകളാണ് ഉള്‍ക്കൊള്ളുന്നത്. ഒരു മടക്കയാത്രയും മുന്‍കാഴ്ചകളുമെല്ലാം ഈ കവിതകളെ സാന്ദ്രമാക്കുന്നു. ലാളിത്യത്തിന്‍റെ ആഴം നാം തിരിച്ചറിയുന്നു. പ്രകൃതിയും മനുഷ്യനും കാലവുമെല്ലാം നമ്മെ വന്നു തൊടുന്നു. കടന്നുവരുന്നതും നഷ്ടമാകുന്നതും തിരിച്ചറിയപ്പെടുന്നു. ഈ കവി ഭാവിയിലേക്കുള്ള ദിശാസൂചികള്‍ നാട്ടിയാണ് കടന്നുപോയതെന്ന് നാം അറിയുന്നു.

'നിരന്തരം ഉറവ പൊട്ടുന്ന ഒരു നദി'യായിട്ടാണ് രാജീവന്‍ തന്‍റെ കവിതയെ നിര്‍വ്വചിക്കുന്നത്. "ജീവിതത്തെപ്പറ്റിയും കവിതയെപ്പറ്റിയുമുള്ള എന്‍റെ ധാരണകള്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന കാലങ്ങളിലെ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്" എന്നദ്ദേഹം പറയുന്നുണ്ട്. 'പരാജിതന്‍റെ, ഒറ്റപ്പെട്ടവന്‍റെ മാധ്യമമാണ് കവിത എന്ന് പാഠപുസ്തകത്തിലൂടെയല്ലാതെ അനുഭവംകൊണ്ട് ബോധ്യം വന്ന കാലം' എന്ന് കവി സൂചിപ്പിക്കുന്നു. സാമൂഹ്യസ്വാതന്ത്ര്യത്തിന്‍റെ പൂര്‍വ്വപാഠങ്ങള്‍ മുഴുവന്‍ മാറ്റിയെഴുതപ്പെട്ട കാലമാണിത്. 'കവിതയുടെ ഭാഷ കുറച്ചെങ്കിലും മനസ്സിലായതിന്‍റെ ചിരിയോ കണ്ണീരോ ആണ് ഈ സമാഹാരം' എന്നാണ് രാജീവന്‍ പറയുന്നത്.

'മേദിനീവെണ്ണിലാവ്' എന്ന കവിത പഴയകാലത്തെയും വര്‍ത്തമാനകാലത്തെയും കൂട്ടിയിണക്കി പരിശോധിക്കുകയാണ്. പലതും മാറിയിരിക്കുന്നു. ഈ മാറ്റത്തില്‍ പുതിയവ തെളിഞ്ഞുവരുന്നു. നഷ്ടമായത് ഇനി തിരിച്ചുകിട്ടില്ല. എന്നാല്‍ യാത്ര തുടരാതിരിക്കാനാവില്ല. പഴമയുടെ ശേഖരത്തില്‍നിന്ന് ചിലതെല്ലാം നമ്മോടൊപ്പമുണ്ടാകും. അനിവാര്യതയുടെ ഇടപെടല്‍ എല്ലാറ്റിലും മുദ്രകള്‍ ചാര്‍ത്തുന്നു. അനിര്‍വ്വചനീയതയുടെ പൊരുള്‍ തേടിയാണ് ഈ യാത്ര.

പല മൂര്‍ത്തികളും 'ആള്‍മാറാട്ടം' നടത്തുകയാണ്. ദൈവത്തിനുപോലും തിരിച്ചറിയാനാവാത്തവിധം മനുഷ്യന്‍ മാറിപ്പോയിരിക്കുന്നു. അപ്പോള്‍ മൂര്‍ത്തികള്‍ ഒഴിഞ്ഞുമാറുന്നു. വിളിച്ചാല്‍ വിളിപ്പുറത്തെത്തിയിരുന്നവര്‍ കണ്ട ഭാവം നടിക്കുന്നില്ല. എന്താണ് കാരണമെന്ന് തെളിഞ്ഞുകിട്ടുന്നില്ല.

'ഒരു പക്ഷേ,
ചേരുമന്തോട്ടപ്പന്‍
ഒരു ഒളിപ്പോരാളിയായിരിക്കാം,
പീഡനവും അവമതിയും
തിരിച്ചറിയപ്പെടാതിരിക്കലുമായിരിക്കാം
മുപ്പാരിലേക്കെത്താനുള്ള
ഒരേയൊരു വഴി'
എന്ന തിരിച്ചറിവില്‍ കവി എത്തുന്നു. നമ്മുടെ ആരാധനമൂര്‍ത്തികളില്‍നിന്ന് നാം അകലെയാണ്. നാമതറിയുന്നില്ല എന്നതാണ് വാസ്തവം.

സ്വന്തം വ്യക്തിത്വത്തിലെ പിളര്‍പ്പുകള്‍ രാജീവന്‍റെ കവിതകളില്‍ നിരന്തരം കടന്നുവരുന്നുണ്ട്. 'ജിഗ്സോ' ഉത്തമമായ നിദര്‍ശനം. സ്വപ്നത്തിലെ  ഞാനും യഥാര്‍ത്ഥഞാനും മുഖാമുഖം നില്‍ക്കുന്നു. ആരാണ് യഥാര്‍ത്ഥത്തിലുള്ളത്. ആരാണ് പകരക്കാരന്‍ എന്ന് കവി സന്ദേഹിക്കുന്നു. ഈ പിളര്‍പ്പ് എല്ലാവരിലുമുണ്ട്. ആഗ്രഹിച്ച ജീവിതവും ജീവിക്കുന്ന ജീവിതവും തമ്മില്‍ അന്തരമുണ്ട്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലും ഭേദമുണ്ട്. മലയാളിയുടെ ദ്വിമുഖവ്യക്തിത്വത്തെ സാക്ഷ്യപ്പെടുത്തുക കൂടിയാണ് കവി. സ്വയം പരിശോധിച്ച് സമൂഹത്തിന്‍റെ പിളര്‍പ്പിന്‍റെ സ്വഭാവം നിര്‍ണയിക്കാനാണ് കവിയുടെ ശ്രമം. തിരിച്ചും മറിച്ചും ചേര്‍ത്തുവച്ച് സ്വയം കളിക്കുന്ന കളിയായി മാറുന്ന അനുഭവം.

'ചെങ്ങോട്ടുമല' എന്ന കവിത വികസനത്തിന്‍റെ പുതിയ ഭാഷ്യങ്ങളെ ആഴത്തില്‍ തിരുത്താന്‍ ശ്രമിക്കുന്ന കവിതയാണ്. നഷ്ടമാകുന്നതിനെല്ലാം എതിരെയുള്ള ചെറുത്തുനില്പിന്‍റെ പ്രതീകം കൂടിയാണത്. ലോകാരംഭം മുതല്‍ എല്ലാറ്റിനും സാക്ഷി നിന്ന ഒരു മലയാണ് ഇല്ലാതാകുന്നത് എന്ന തിരിച്ചറിവില്‍ നിന്ന് വികസിക്കുന്ന കവിത നമ്മെ ആഴത്തിലാണ് തൊടുന്നത്. ഇന്ന് മലയെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. എല്ലാ ചരിത്രസന്ദര്‍ഭത്തിനും സാക്ഷിയായിരുന്നു അത്. ഏതു ഭാഷയും തിരിച്ചറിഞ്ഞ മഹാസാന്നിധ്യം. 'ഒരിറക്കുവെള്ളം' നമുക്കുവേണ്ടി കരുതിവച്ചതാണത്.

"നിലനില്‍ക്കാനും ജയിക്കാനും എന്നും വേണമല്ലോ ഒരു ശത്രു, ഇപ്പോഴത് ഞാനാണ് അത്ര മാത്രം' എന്ന് ചെങ്ങോട്ടുമലയുടെ തിരിച്ചറിവ് കവി വെളിപ്പെടുത്തുന്നു. 'കുറ്റ്യാടിപ്പുഴ' എന്ന കവിത ഇതിനു തുടര്‍ച്ചതന്നെയാണ്.  ഓരോ സൂക്ഷ്മജീവിക്കും ഇടം നല്‍കുന്ന കവിതയാണ്. ഈ ഘട്ടത്തില്‍ രാജീവന്‍ എഴുതുന്ന 'ഒരു തെറ്റിന്‍റെ കവിത' ഉദാഹരണം. അവര്‍ക്കും അവകാശം നല്കാന്‍ കവി സന്നദ്ധനാകുന്നു. സൂക്ഷ്മജീവികളുടെ ശബ്ദങ്ങള്‍ പുതിയ സംഗീതം സൃഷ്ടിക്കുന്നു.  സൂക്ഷ്മരാഷ്ട്രീയത്തിന്‍റെ പുതിയ ധ്വനികള്‍ അങ്ങനെ പ്രസരിക്കുന്നു.

'സ്വപ്നത്തില്‍പ്പോലും അണിയില്ല എന്നു കരുതിയ പുത്തന്‍ ഉടുപ്പണിഞ്ഞുകിടക്കുന്നു.' തന്നെ അവതരിപ്പിക്കുമ്പോള്‍ നമ്മുടെ വേഷപ്പകര്‍ച്ചകളെ കവി പരിഹസിക്കുകയാണ്. ആത്മവിചാരണയിലൂടെയാണ് അതു സാധിക്കുന്നത്. എന്തെല്ലാം വേഷങ്ങളാണ് നാമണിയുന്നത് എന്നറിയാതെ നാം  ഓര്‍ക്കുന്നു.

എന്തായിരിക്കും 'ശേഷപത്ര'ത്തിലുള്ളത് എന്നു കവി ചോദിക്കുന്നുണ്ട്.
"എല്ലാം ഏറ്റുവാങ്ങുന്ന കടലേ,
നോക്കിനില്‍ക്കുന്ന ആകാശമേ
സഹിക്കുന്ന ഭൂമി
നിങ്ങളില്‍നിന്നും പകര്‍ന്നതാണോ
ഞങ്ങള്‍ക്ക് വേദന അറിയാത്ത
ഈ മരവിപ്പ്? എന്ന് കവി സംശയിക്കുന്നു.
'പൊളിറ്റക്കലി' എന്ന കവിതയുടെ ആക്ഷേപത്തിന്‍റെ മൂര്‍ച്ച നമ്മുടെ രാഷ്ട്രീയ സാംസ്കാരിക പരിസരത്തെ ആഴത്തില്‍ ചോദ്യം ചെയ്യുന്നു. ടാറ്റായുടെ വീട്ടിലെ എലിയും തെരുവിലെ എലിയും തമ്മിലുള്ള സംവാദം പൊളിറ്റിക്കല്‍ കറക്റ്റ്നെസിനെപോലും ചോദ്യം ചെയ്യുന്നു. നമ്മുടെ വിപ്ലവ വായാടിത്തവും രാഷ്ട്രീയവും എല്ലാം വഴിമാറിയത് കവി അറിയുന്നു. മുഖംമൂടികളുടെ രാഷ്ട്രീയനൃത്തം കാലത്തിന്‍റെ യാഥാര്‍ത്ഥ്യമാകുന്നു.
പല വിതാനങ്ങളില്‍ കാലത്തെ ഉള്‍ക്കൊള്ളുന്നതാണ് 'നീലക്കൊടുവേലി'യിലെ കവിതകള്‍. നമുക്ക് ഈ കവിതകളില്‍ ചിലപ്പോഴെങ്കിലും സ്വയം കണ്ണാടി നോക്കാം. നമ്മുടെ യഥാര്‍ത്ഥരൂപം കണ്ട് ഞെട്ടാം. "മലയാള കവിതയിലെ പൊതുബോധത്തോട് ഇടയുന്നു വിമതനായി. രാജീവന്‍ ഇന്നും ഉറച്ചുനില്‍ക്കുന്നത് ഓന്‍ വികസിപ്പിച്ചെടുത്ത ഈ രാഷ്ട്രീയ സൗന്ദര്യദര്‍ശനങ്ങളുടെ ബലത്തിലാണ്" എന്ന പി. രാമന്‍റെ നിരീക്ഷണം അന്വര്‍ത്ഥമാക്കുന്ന കവിതകളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഭാവികാലത്തിലേക്കുള്ള വഴികാട്ടികള്‍ കൂടിയാണവ. കവി കടന്നുപോയാലും ഈ കവിതകള്‍ പല തലങ്ങളില്‍ പ്രതിധ്വനികള്‍ തീര്‍ക്കും.

(നീലക്കൊടുവേലി - ടി. പി. രാജീവന്‍ - ഡി. സി. ബുക്സ്)

You can share this post!

നിശ്ശബ്ദതയുടെ ആഴം

ഡോ. റോയി തോമസ്
Related Posts