ഡോഗന് എന്ന സെന്‍ഗുരുവിന്‍റെ സത്യാന്വേഷണപരീക്ഷണങ്ങളുടെ കഥയാണ് Zen - the life of Zen Master Dogan എന്ന സിനിമ. അമ്മയുടെ ചിതയില്‍ നിന്നാണ് അവന്‍റെ ചിന്തയില്‍ തേടലിന്‍റെ ആവശ്യകത ഉറവ പൊട്ടുന്നത്. അവന്‍ ചൈനയിലെ ഒരു ബുദ്ധമഠാധിപതിയെ കണ്ടുമുട്ടുന്നു. ഗുരുവിനെ തേടിയുള്ള അവന്‍റെ പ്രയാണത്തോട് മഠാധിപന്‍: "ഡോഗന്‍, ഒരു ഗുരുവിനായുള്ള നിന്‍റെ കാംക്ഷയും പ്രയത്നവും ഞാന്‍ മാനിക്കുന്നു. എന്നാല്‍ മതം പഠിക്കുന്നതിന് ഒരു ഗുരുവിന്‍റെ ആവശ്യമില്ല. നീ അത് സ്വയം ഗ്രഹിക്കേണ്ടതാണ്. Now I must go to meet some Govt officials. This is also necessary to protect the temple.'' തന്‍റെ തിരക്കുപിടിച്ച മതജീവിതവും ജോലിത്തിരക്കും ഡോഗന് മനസ്സിലായിട്ടുണ്ടാവും എന്ന വിധത്തില്‍ അദ്ദേഹം എഴുന്നേറ്റു. അപ്പോള്‍ ഡോഗന്‍ ഒരു മറുചോദ്യം ഉന്നയിച്ചു:"" Perhaps, that will help you to protect the temple, but... who will help to protect Budhism?''
ദൈവസംരക്ഷകരും ദൈവാലയസംരക്ഷകരും പെരുകുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ ആഴം ചോദ്യംചെയ്യപ്പെടുന്ന രീതിയിലാണ് നമ്മുടെ വിശ്വാസസംരക്ഷണ സമിതികളുടെ പ്രകടനങ്ങളും പ്രവര്‍ത്തനങ്ങളും.
പ്രക്ഷുബ്ധമായ കടല്‍, വന്യമായ കാറ്റ്, ഭയചകിതരായ ശിഷ്യന്മാര്‍, ഉലയുന്ന വഞ്ചി, ഉലയാത്ത മനസ്സോടെ ശാന്തമായി ഉറങ്ങുന്ന ക്രിസ്തു. ഏതുലച്ചിലിലും തളരാത്ത ക്രിസ്തുബലം ഉണ്ടോ?
*****
ഒരു ക്രൂശിതരൂപത്തിലൂടെ ഇഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൊച്ചുചിലന്തിയെ കണ്ടതോര്‍മ്മിക്കുന്നു. കുരിശിനും ക്രിസ്തുവിന്‍റെ ശിരസ്സിനുമിടയ്ക്കുള്ള വിടവില്‍ അത് വലകെട്ടി ഒളിച്ചിരുന്നു. കുരിശില്‍ വിരല്‍കൊണ്ട് മെല്ലെ തട്ടിയപ്പോള്‍ അതു വേഗം ഇറങ്ങിയോടി. പക്ഷേ, വളരെ വേഗം തിരിച്ചെത്തി, മേശപ്പുറത്തെ പുസ്തകങ്ങളിലൂടെ ഇഴഞ്ഞ് കുരിശു കണ്ടെത്തി. എന്നിട്ട് ക്രിസ്തുവിന്‍റെ ഉടലിലൂടെ മുകളിലേയ്ക്കിഴഞ്ഞു ശിരസ്സിലെത്തി പഴയസ്ഥാനത്തേക്കിറങ്ങി സ്വസ്ഥമായി. ഇത്ര കൃത്യമായി ഈ ജീവി കുരിശു കണ്ടുപിടിക്കുന്നതു കണ്ടിട്ട് തെല്ലൊരു കൗതുകം തോന്നി. പിന്നെ തുടരെത്തുടരെ കുരിശില്‍ മുട്ടി ഇതിനെ പായിച്ചു. ഓരോ തവണ ഇറക്കിവിടുമ്പോഴും അതിവേഗത്തില്‍ തിരിച്ചെത്തി അത് കുരിശില്‍ അഭയം തേടുന്നുണ്ടായിരുന്നു.
കുരിശിലൂടെ ഇഴയുന്ന ആ ജീവിയെ നോക്കിയിരിക്കെ മനസ്സിലൊരു ചിത്രം തെളിഞ്ഞു. ഇതായിരിക്കാം ഒരു യഥാര്‍ത്ഥ ക്രിസ്തു-ശിഷ്യന്‍. ജീവിതത്തില്‍ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോയാലും അതിവേഗം ക്രൂശിതനിലേക്ക് തന്നെ മടങ്ങിയെത്തുന്ന ഒരാള്‍. പക്ഷേ അധികനേരം കഴിയുംമുമ്പേ ആ ചിത്രം മനസ്സില്‍നിന്ന് മാഞ്ഞുപോയി. ഒരിക്കല്‍ കൂടി ആ ചിലന്തിയെ കുരിശില്‍ നിന്നിറക്കിവിട്ടു. എന്നിട്ട് അത് തുടച്ചു വൃത്തിയാക്കി. ചിലന്തിവല കോരിമാറ്റി. തിരിച്ചോടിയെത്തിയ ജീവി വളരെവേഗം ക്രൂശിതന്‍റെ ഉടലിലൂടെ മുകളിലേയ്ക്കിഴഞ്ഞു ശിരസ്സിലെത്തി. പെട്ടെന്നത് നിശ്ചലമായി. കുരിശില്‍ മുട്ടാതെ തന്നെ അത് തനിയെ ഇഴഞ്ഞ് താഴേക്കിറങ്ങി. എത്രനേരം കാത്തിരുന്നിട്ടും ആ ജീവി തിരിച്ചെത്തിയില്ല. പഴയ ചിത്രത്തിന്‍റെ സ്ഥാനത്ത് പുതിയൊരു ചിത്രം ഇപ്പോള്‍ മനസ്സില്‍ തെളിഞ്ഞു. ഇത് ഇത്രയും നേരം ഓടിക്കൊണ്ടിരുന്നത് ക്രിസ്തുവിലേയ്ക്കായിരുന്നില്ല. ക്രിസ്തുവിന്‍റെ ഉടലില്‍ കെട്ടിയ വലയിലേക്കായിരുന്നു.
കൂടെ നടന്ന ശിഷ്യന്മാരെല്ലാം അവന്‍റെ ഉടലില്‍ വലകെട്ടിയിട്ടുണ്ടായിരുന്നു. വഞ്ചിയും വള്ളവും ഉപേക്ഷിച്ച് അവന്‍റെ ഉടലില്‍ അവര്‍ മറ്റു വലകള്‍ കെട്ടി- സംരക്ഷണത്തിന്‍റെ, സമൃദ്ധിയുടെ, സല്‍പ്പേരിന്‍റെ - ഒടുവില്‍ അവന്‍ ഉടല്‍ കുടഞ്ഞ് വലകള്‍ വീഴ്ത്തികളഞ്ഞ രാത്രിയില്‍ മരങ്ങള്‍ക്കിടയിലൂടെ അവര്‍ നടന്നുമറഞ്ഞു.(പ്രകാശത്തിന്‍റെ നിഴല്‍ - ഡാനികപ്പൂച്ചിന്‍, പേജ് 15-16)
ക്രിസ്തുവിലേക്കല്ല മറിച്ച് അവന്‍റെ ഉടലില്‍ കെട്ടിയ ചിലന്തിവലയിലേക്ക് ജീവിതത്തെ ചേര്‍ത്തുനിര്‍ത്തുന്നവരുണ്ട്. സഭ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും ചുടുനിണത്താല്‍ പടുത്തുയര്‍ത്തപ്പെട്ടതാണ്. ക്രിസ്തുവിലേക്ക് നോക്കി ജീവിതം സമര്‍പ്പിച്ച അനേകം പുണ്യാത്മാക്കളുടെ, നമ്മുടെ പൂര്‍വ്വികരുടെ ജീവിതംകൊണ്ട് പടുത്തുയര്‍ത്തപ്പെട്ടതാണ്. ആരാധനയും കുര്‍ബാനയും ഭക്തകര്‍മ്മങ്ങളും ഉള്ളിലെ ക്രിസ്ത്വാനുഭവത്തെ ഉണര്‍ത്തുന്നതാവണം. അറിവ്, സമ്പത്ത്, ഭക്തി ഇവയൊക്കെ ചിലപ്പോള്‍ ഉടലിലെ ചിലന്തിവലയാകാം. ക്രിസ്തുവിനെ, അവന്‍ ജീവിതംകൊണ്ട് കാണിച്ചു തന്ന മാതൃകകളെ അടിസ്ഥാനപ്പെടുത്തിയാവണം സഭ വളരേണ്ടതും വളര്‍ത്തപ്പെടേണ്ടതും. ജീവിതം ബലിയും ബലി ജീവിതമാകുമ്പോള്‍ സഭയെന്ന ശരീരം ശിരസ്സായ ക്രിസ്തുവില്‍ ചേരും.
****
2005. വൈദികപഠനത്തിനിടയിലെ നോവിഷ്യേറ്റു കാലം. ബഹു. ജോര്‍ജുകുട്ടി അച്ചനായിരുന്നു ഞങ്ങളുടെ നോവിസ് മാസ്റ്റര്‍. ആദ്യദിവസം തന്നെ അച്ചന്‍ പറഞ്ഞു: "മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്. i am not your Master. He is your Master (ക്രൂശിതരൂപത്തിലേക്ക് നോക്കി). എന്‍റെ വഴികളില്‍ തെറ്റുകള്‍ പറ്റിയേക്കാം. സംസാരത്തിലും പ്രവൃത്തിയിലും പരസ്പരം വിരുദ്ധമായ കാര്യങ്ങള്‍ കണ്ടേക്കാം. അതുകൊണ്ട് ഞാനല്ല, ക്രിസ്തുവാണ് നിങ്ങളുടെ മാസ്റ്റര്‍." ഈ രണ്ടു കാര്യങ്ങള്‍ അദ്ദേഹം പലപ്പോഴും ഞങ്ങളോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
സഭയിലെ പ്രതിസന്ധികള്‍ കണ്ടു തളര്‍ന്നുപോകുന്നവരോട് പറയാനുള്ളതും ഇതുതന്നെയാണ്. ക്രിസ്തുവിലേക്ക് നോക്കുക. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം ഈ സഭ കരുത്താര്‍ജ്ജിച്ച് നില്‍ക്കുന്നത് മനുഷ്യപ്രയത്നം കൊണ്ടല്ല. ക്രിസ്തുവിന്‍റെ കൃപകൊണ്ടാണ്. ഒരിടത്ത് സഭ വാടിക്കരിയുമ്പോള്‍ മറ്റൊരിടത്ത് മുളയെടുക്കുന്നു.
"അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും. മറിച്ച്, ദൈവത്തില്‍നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല" (അപ്പ. പ്രവ. 5:38-39).
****
മുന്തിരിച്ചെടിയും ശാഖകളുമെന്നതുപോലെ, ദൈവവും മനുഷ്യനും ഒട്ടിച്ചേര്‍ന്നിരിക്കാന്‍ സഹായിക്കുന്നവയാണ് ആരാധനകള്‍. ദൈവസ്വഭാവത്തിലേക്കും ദൈവസ്നേഹത്തിലേക്കും മനുഷ്യബന്ധത്തിലേക്കും വളര്‍ത്തുന്നില്ലെങ്കില്‍, ആരാധനകള്‍ക്കും കര്‍മ്മങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നു. വചനം മാംസം ധരിക്കാത്ത വെറുംവാക്കുകളായ് അവസാനിക്കുന്നു. ആരാധനകളെയും അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അതില്‍ ശ്രദ്ധിക്കേണ്ട വസ്തുതകളെക്കുറിച്ചും വൈദികരുടെയും അല്മായരുടെയും കാഴ്ചപ്പാടുകളും പ്രതീക്ഷകളും ഈ ലക്കം അസ്സീസി പങ്കുവയ്ക്കുന്നു. സഭയെ ശക്തമായി സ്വാധീനിച്ച്, ഡിസം. 31 ന് ദൈവസന്നിധിയിലേക്ക് യാത്രയായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ അനുസ്മരിക്കുന്നു.
വായന ചിന്തയിലേക്കും ആശയങ്ങള്‍ മനനത്തിലേക്കും മനനം പരിവര്‍ത്തനത്തിനും സഹായിക്കട്ടെ.