news-details
ഇടിയും മിന്നലും

ആരുമില്ലാത്തവര്‍ക്കല്ലേ ദൈവം

ഇപ്പോള്‍ പ്രീസ്റ്റ്ഹോമില്‍ വിശ്രമജീവിതം നയിക്കുന്ന എനിക്കു പരിചയമുള്ള ഒരു വല്യച്ചന്‍, അദ്ദേഹം നേരത്തെ ഇരുന്നിട്ടുള്ള ഇടവകയില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരനെ എന്‍റെയടുത്തു പറഞ്ഞയച്ചു. അവന്‍ എത്തുന്നതിനുമുമ്പുതന്നെ അച്ചന്‍ എന്നെ വിളിച്ചിരുന്നു.

"ദയനീയമായ ഒരു കേസാണ്. എല്ലാവരും എനിക്കു പരിചയമുള്ളവരായതുകൊണ്ട് ഞാനൊന്ന് ഇടപെട്ടുനോക്കി. അച്ചന്‍ പോയി ആദ്യം സഭേലെ അടിപിടി തീര്‍ക്ക്, എന്നിട്ട് ഉപദേശിക്കാന്‍ വന്നാല്‍ മതിയെന്നു പറഞ്ഞ് അവരെന്നെ കളിയാക്കിവിട്ടു. ഈ പയ്യന്‍ മാന്യനാ. അച്ചന്‍ അവനൊരു മോറല്‍ സപ്പോര്‍ട്ട് കൊടുത്തുവിട്ടാല്‍ മതി. കേസുകെട്ടിലൊന്നും ഇടപെടണ്ട. ഇടവകയിലെ വളരെ നല്ല കുടുംബങ്ങളായിരുന്നു, എനിക്കവരുമായി നല്ല ബന്ധവുമുണ്ടായിരുന്നു. എന്നിട്ടും അവര്‍ക്കാര്‍ക്കുമിപ്പോള്‍ അച്ചന്മാരു വേണ്ടെന്നായി."

'അവര്‍ക്കു വേണ്ടെന്നായതല്ല, നമ്മളങ്ങനെ ആക്കിയതല്ലെ?' എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ചോദിച്ചില്ല. അന്നുതന്നെ അയാളെത്തി. ബയോഡാറ്റയൊക്കെ ചോദിച്ചറിഞ്ഞു. മുപ്പതുവയസ്സുണ്ട്,

നാലുവര്‍ഷമായി ജോലിയുണ്ട്. കല്യാണം കഴിച്ചിട്ടില്ല. അപ്പന്‍റെയും അമ്മയുടെയും കാര്യംചോദിച്ചപ്പോള്‍ വല്ലാതെ മുഖം മാറുന്നതുകണ്ടപ്പോള്‍ അവിടെയാണു പ്രശ്നമെന്ന് ഊഹിച്ചു.

"എനിക്ക് ആരുമില്ലച്ചാ." കണ്ണും നിറഞ്ഞ് ചുണ്ടും വിറയ്ക്കുന്നതു കണ്ടപ്പോള്‍ അവന്‍റെയുള്ളിലെ വേദന ഊഹിച്ചു.

"ആരുമില്ലാത്തവര്‍ക്കല്ലേ ദൈവം." എവിടെയോ കേട്ടുമറന്ന ഒരു സിനിമാ ഡയലോഗ് ഒഴുക്കന്‍മട്ടില്‍ പറഞ്ഞത് അവനെ കൂടുതല്‍ വേദനിപ്പിച്ചു എന്ന് അവന്‍റെ മറുപടിയില്‍ നിന്നു മനസ്സിലായി.

"അച്ചനൊക്കെ അതൊന്നും അനുഭവിച്ചിട്ടില്ലാത്തതുകൊണ്ട് അങ്ങനെ പറയാം."

അവനെയും കൂട്ടിക്കൊണ്ട് ഊണുമുറിയിലേക്കുപോയി നല്ലയൊരു ബ്രൂ കോഫി ഉണ്ടാക്കിക്കൊടുത്ത് ശാന്തമാക്കി. അതുകഴിഞ്ഞ് പുറത്ത് മരത്തണലില്‍ ചെന്നിരുന്നപ്പോള്‍ അവന്‍ സംസാരിക്കാന്‍ തുടങ്ങി.

"എനിക്ക് ആരുമില്ലെന്നു ഞാന്‍ പറഞ്ഞതു സത്യമാണച്ചാ, അപ്പനെ കണ്ടിട്ടുപോലുമില്ല, ബന്ധുക്കളുമാരുമില്ല. ആര്‍ക്കും വേണ്ടാത്ത ഒരമ്മ മാത്രമുണ്ട്."

കേള്‍ക്കാന്‍ സന്നദ്ധതയോടെ അങ്ങോട്ട് ഒന്നും ചോദിക്കാതെ ഇരുന്നുകൊടുത്തു. ഓര്‍മ്മയില്‍നിന്നും പൊടിതട്ടിയെടുക്കുന്നതുപോലെയായിരുന്നു അവന്‍റെ സംസാരം.

"എന്‍റെ അപ്പന്‍ അച്ചന്മാരു നടത്തുന്ന അനാഥാലയത്തില്‍ വളര്‍ന്ന ആളാണെന്നാണ് അമ്മ പറഞ്ഞ് എന്‍റെ അറിവ്. കല്യാണത്തിനുമുമ്പുതന്നെ അച്ചന്മാര്‍ അപ്പനെ ഐറ്റിഐ പഠിപ്പിച്ച് ജോലിയും വാങ്ങിക്കൊടുത്തിരുന്നു. എന്‍റെ ചെറുപ്പത്തില്‍ അമ്മയുടെ ബൈബിളില്‍ സൂക്ഷിച്ചിരുന്ന അവരുടെ കല്യാണഫോട്ടോയില്‍ അപ്പന്‍റെ ഫോട്ടോ കണ്ടിട്ടുള്ള ഓര്‍മ്മ മാത്രമാണ് എനിക്കുള്ളത്. അമ്മയും സിസ്റ്റേഴ്സ് നടത്തുന്ന വേറൊരു അനാഥാലയത്തില്‍ നിന്നായിരുന്നു. സിസ്റ്റേഴ്സ് കൊടുത്തസ്ഥലത്ത് പലരുടെയും സഹായത്തോടെ ചെറിയ വീടും വച്ച് അപ്പനുമമ്മയും അവിടെ താമസം തുടങ്ങി. അവിടെവച്ചു ഞാനുണ്ടായി. താമസിയാതെ, ഒരു സിസ്റ്ററിന്‍റെ ബന്ധുവഴി അപ്പന് ഗള്‍ഫില്‍ ജോലികിട്ടി. അവിടെച്ചെന്നിട്ട് ആദ്യമൊക്കെ കത്തെഴുതുമായിരുന്നെങ്കിലും പിന്നീട് അയയ്ക്കുന്ന കത്തിന് മറുപടിപോലും അയയ്ക്കാതെയായി. രണ്ടുവര്‍ഷംകഴിഞ്ഞാണ് അപ്പന്‍ അവധിക്കുവന്നത്. അത്രയും കാലംകഴിഞ്ഞു കാണുകയായിരുന്നെങ്കിലും തീരെ താത്പര്യമില്ലാത്തതുപോലെയുള്ള പെരുമാറ്റമായിരുന്നു അപ്പന്‍റേതെന്നാണ് അമ്മ പറഞ്ഞത്. അവധികഴിഞ്ഞുപോയപ്പോള്‍, ഉടനെയെങ്ങും തിരിച്ചുവരാന്‍ സാദ്ധ്യത ഇല്ല എന്നുപറഞ്ഞിട്ടാണ് പോയതെന്ന് അമ്മ ഓര്‍ക്കുന്നുണ്ട്. ഒരുമാസം കഴിഞ്ഞ് ഒരു കത്തുവന്നു, അയാള്‍ വേറെ കല്യാണം കഴിച്ചെന്നും, ഇനി അയാളെ കാത്തിരിക്കേണ്ടെന്നും, നാട്ടിലേക്കു തിരിച്ചു വരുന്നില്ലെന്നും, അമ്മയോട് മറ്റാരെയെങ്കിലും കല്യാണം കഴിച്ചുകൊള്ളാനും പറഞ്ഞായിരുന്നു കത്ത്. എന്‍റെ കാര്യത്തെപ്പറ്റി സൂചനപോലുമില്ലായിരുന്നു. പിന്നീടാണ് അമ്മഅറിഞ്ഞത്, ഒന്നിച്ചു ജോലിചെയ്തിരുന്ന മറ്റൊരു രാജ്യക്കാരി സ്ത്രീയുമായി ഒന്നിച്ചാണ് നാളുകളായി അവിടെ അപ്പന്‍ താമസിച്ചിരുന്നത് എന്ന്. പിന്നീട് അവരൊന്നിച്ച് ആ സ്ത്രീയുടെ രാജ്യത്തേക്കു പോയി എന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. കേസിനു പോയിട്ടു കാര്യമില്ലാഞ്ഞതുകൊണ്ടും അതിനു കൂടെനില്‍ക്കാനോ മുന്നോട്ടിറങ്ങാനോ ആരുമില്ലാത്ത അനാഥ ആയിരുന്നതുകൊണ്ടും അമ്മ മനപ്രയാസത്തോടെ മഠത്തിലെ ജോലിയും പുറംപണികളുമൊക്കെ ചെയ്ത് പത്തുവയസ്സുവരെ എന്നെ വളര്‍ത്തി. അങ്ങനെയങ്ങുപോയിരുന്നെങ്കില്‍ ഇന്നെനിക്കീ അവസ്ഥ വരില്ലായിരുന്നു. പക്ഷേ, അതുകഴിഞ്ഞ് എല്ലാം മാറിമറിഞ്ഞച്ചാ."

പിന്നീട് അവന്‍ രണ്ടുമൂന്നു മണിക്കൂറുകളെടുത്തു അവന്‍റെ മുപ്പതുവയസ്സുരെയുള്ള ഇരുപതു വര്‍ഷക്കാലത്തെ ചരിതം പറഞ്ഞു തീര്‍ക്കാന്‍. അതിനിടയില്‍ ഒരു ഇടവേളയെടുത്ത് അവനെ എന്‍റെടുത്തേക്കു പറഞ്ഞുവിട്ട വല്യച്ചനെ വിളിച്ച് അവന്‍ പറഞ്ഞതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ ചോദിച്ചുമനസ്സിലാക്കി. അങ്ങനെയാണ് അവന്‍റെ ഇപ്പോളത്തെ അവസ്ഥയ്ക്ക് ഇടയാക്കിയ മറ്റൊരു കുടുംബത്തെപ്പറ്റി അറിഞ്ഞത്.

അപ്പനും അമ്മയും മൂന്നു പെണ്‍ മക്കളും മാത്രമുള്ള ഇടവകയിലെ വളരെ സജീവമായ ഒരു കുടുംബം. അദ്ധ്വാനികളായ മാതാപിതാക്കന്മാര്‍, മൂന്ന് ഏക്കര്‍ വസ്തുവും ചെറിയ വീടും. മൂത്ത പെണ്‍മക്കളെ രണ്ടുപേരെയും കെട്ടിച്ചയച്ചു കഴിഞ്ഞാണ് ഇദ്ദേഹം അവിടെ വികാരിയായി എത്തുന്നത്. താമസിയാതെയായിരുന്നു മൂന്നാമത്തെ മകളുടെ വിവാഹം. ആണ്‍മക്കള്‍ ഇല്ലാത്തതുകൊണ്ട് ഇളയമകളെ കെട്ടിച്ചു വീട്ടില്‍ നിര്‍ത്തുന്നതിന് അമ്മയ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നല്ല ആരോഗ്യമുണ്ട് കുറെ കഴിയുമ്പോള്‍ അതിനെപ്പറ്റി ആലോചിക്കാമെന്നായിരുന്നു അപ്പന്‍റെ നിലപാട്. അമ്മയുടെ നിര്‍ബ്ബന്ധപ്രകാരം വികാരിയച്ചന്‍ അതിനെപ്പറ്റി സൂചിപ്പിച്ചപ്പോഴും, ഇപ്പോള്‍ തീരുമാനമെടുത്ത് അബദ്ധത്തില്‍ ചാടാതെ, മൂന്നില്‍ ആരായിരിക്കും കൂടുതല്‍ മെച്ചം എന്നറിഞ്ഞിട്ടു പിന്നീടു തീരുമാനിക്കാമെന്നുള്ള അയാളുടെ നിലപാട് അച്ചനും ശരിവച്ചു. പിന്നീടാണ് എല്ലാ കണക്കുകൂട്ടലും തെറ്റിയത്. രണ്ടു കൊല്ലം കഴിയുന്നതിനുമുമ്പ് ക്യാന്‍സര്‍ബാധിച്ച് അമ്മ മരണപ്പെട്ടു. ഒറ്റയ്ക്കായ അപ്പനു കൂട്ടായി പെണ്‍മക്കള്‍ മാറിമാറി വന്നിരുന്നെങ്കിലും അതു ബുദ്ധിമുട്ടായതുകൊണ്ട് അവരുടെ ആരുടെയെങ്കിലും കൂടെ സ്ഥിരമായോ, അല്ലെങ്കില്‍ മാറിമാറി ഓരോരുത്തരുടെയും അടുത്തോ ചെന്നു താമസിക്കുന്നതിന് അവരു നിര്‍ബ്ബന്ധിച്ചു വിളിച്ചെങ്കിലും അയാള്‍ അതിനു തയ്യാറല്ലായിരുന്നു. തന്നത്താനെ വച്ചുവിളമ്പി കഴിക്കും അല്ലെങ്കില്‍ പകലു വന്നിരുന്ന ജോലിക്കാരി ഭക്ഷണമുണ്ടാക്കി കൊടുക്കുകയായിരുന്നു പതിവ്.

അങ്ങനെ രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞപ്പോളാണ് വികാരിയച്ചന്‍ ഒരു നിര്‍ദ്ദേശം വച്ചത്. അച്ചന്‍ മുമ്പിരുന്ന ഇടവകയില്‍ പത്തുവയസ്സുള്ള കുട്ടിയുമായി ഭര്‍ത്താവില്ലാതെ കഴിയുന്ന ഒരു നല്ല സ്ത്രീയുണ്ട്, താത്പര്യമെങ്കില്‍ അച്ചന്‍ ഇടപെട്ട് അവരെ കല്യാണം കഴിക്കാനുള്ള വഴികള്‍ ശരിയാക്കാം, അവള്‍ക്കും കുട്ടിക്കും ഭാവിയുമാകും, ഇയാളുടെ കാര്യങ്ങള്‍ എല്ലാം ഭംഗിയാകുകയും ചെയ്യും. കേട്ടപ്പോള്‍തന്നെ അയാള്‍ അതു തള്ളിയെങ്കിലും അതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചുള്ള അച്ചന്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നതുകൊണ്ട് അയാളുടെ മനസ്സില്‍ തട്ടി. പെണ്‍മക്കള്‍ക്ക് അര്‍ഹമായതുകൊടുത്തു കെട്ടിച്ചയച്ചതായതുകൊണ്ട്, അവരെയും മറ്റാരെയും, ആശ്രയിക്കാതെ ജീവിക്കാമല്ലോ എന്നുംകൂടി ഓര്‍ത്തപ്പോള്‍ അയാള്‍ അതിനു സമ്മതിച്ചു. ഈ വിവരം അറിഞ്ഞ പെണ്‍മക്കളും മരുമക്കളുമൊക്കെ ഭയങ്കര പ്രതിഷേധമായി. അവര്‍ അപ്പനെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്നും അതിനുവേണ്ടി അപ്പന്‍ ഇങ്ങനെയൊരു നാണംകെട്ട പണിക്കുപോകണ്ടാ എന്നുമൊക്കെ അവരു വാദിച്ചപ്പോള്‍ അവരുടെയൊക്കെ നോട്ടം അവര്‍ക്കു ലഭിക്കുമായിരുന്ന വസ്തുവും സമ്പത്തും അന്യാധീനപ്പെട്ടു പോകുന്നതിന്‍റെ ദണ്ഡമാണെന്നു മനസ്സിലാക്കാനുള്ള വിവരം ആ അപ്പനുണ്ടായിരുന്നു. എന്തായാലും കുറെ സമയമെടുത്തിട്ടാണെങ്കിലും മക്കള്‍ നിസ്സഹകരിച്ചിട്ടും വികാരിയച്ചന്‍റെ ശക്തമായ സപ്പോര്‍ട്ടോടെ അയാള്‍ ആ സ്ത്രീയെ കെട്ടി, കുട്ടിയെയും സ്വീകരിച്ചു.

അതിനെപ്പറ്റിയായിരുന്നു അവന്‍ പറഞ്ഞത്, പത്തുവയസ്സു കഴിഞ്ഞപ്പോള്‍ എല്ലാം മാറി മറിഞ്ഞെന്ന്.  പക്ഷെ മാറിയെങ്കിലും മറിഞ്ഞില്ലായിരുന്നു. മറിഞ്ഞതു വര്‍ഷങ്ങള്‍ക്കുശേഷമാണ്. രണ്ടു പേരുടെയും രണ്ടാം കെട്ടായിരുന്നെങ്കിലും വളരെ സമാധാനത്തോടെ അവരു ജീവിച്ചു. പെണ്‍മക്കളാരും ആ വീട്ടില്‍പിന്നെ കയറിയിട്ടില്ല. അവരുടെ മക്കളാരും ചെല്ലാറുമില്ലായിരുന്നു. പക്ഷെ അപ്പന്‍ ആ മക്കളുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു, ഏതു കാര്യത്തിനും സഹകരിക്കാറുമുണ്ടായിരുന്നു.

ഇവന്‍ നല്ലരീതിയില്‍ പഠിച്ചുയര്‍ന്നു. നാലുവര്‍ഷം മുമ്പ് നാട്ടില്‍ നല്ലൊരു ജോലിയും കിട്ടി. കല്യാണം കഴിക്കുന്നതിനെപ്പെറ്റി അമ്മയും രണ്ടാനപ്പനും നിര്‍ബ്ബന്ധിച്ചപ്പോള്‍ വീട് ഒന്നു പുതുക്കിപ്പണിതിട്ടാകട്ടെ എന്ന് അവന്‍ അഭിപ്രായപ്പട്ടത് അപ്പന്‍ സമ്മതിച്ചു. അങ്ങനെ അപ്പന്‍റെ സമ്മതത്തോടെ വസ്തു ഈടുവച്ചു നല്ലതുക ലോണുമെടുത്ത് വളരെ പഴക്കമുണ്ടായിരുന്ന വീട് പൊളിച്ചുമാറ്റി നല്ലയൊരു വീടുപണി പൂര്‍ത്തിയാകാറായപ്പോള്‍ കല്യാണാലോചനയും തുടങ്ങി. ആ സമയത്താണ് അടുത്ത ദുരന്തം. ഒരു ഞായറാഴ്ച പള്ളിയില്‍നിന്നും തിരിച്ചുവരുന്നവഴി അപ്പന്‍ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും അടുത്തദിവസം മരിച്ചു.

അപ്പന്‍റെ അടക്കിനെത്തിയ പെണ്‍മക്കളും കെട്ടിയോന്മാരും അടക്കു കഴിഞ്ഞു വീട്ടിലെത്തി ആദ്യം ചോദിച്ചത് അപ്പന്‍റെ വില്‍പത്രമാണ്. അങ്ങനെ ഒന്നിനെപ്പറ്റി അപ്പന്‍ പറഞ്ഞുപോലും കേട്ടിട്ടില്ലാതിരുന്ന അവന്‍ ആകെ തളര്‍ന്നുപോയി. അമ്മയ്ക്കും അതിനെപ്പറ്റി യാതൊരു അറിവുമില്ലായിരുന്നു. അവര് അപ്പന്‍റെ മുറിയും അലമാരയും മേശയുമെല്ലാം അരിച്ചുപെറുക്കിതപ്പി. ഈ അമ്മയും മകനും അതെല്ലാം കണ്ണീരോടെ നോക്കിനിന്നു. വില്‍പത്രമൊന്നും ഇല്ലെന്നുറപ്പായപ്പോള്‍ പിറ്റെദിവസംതന്നെ വക്കീലുമായിട്ടു വരുമെന്ന് അറിയിച്ചിട്ട് കടുംകാപ്പിപോലും കുടിക്കാതെ അവരിറങ്ങിപ്പോയി. ഇവര്‍ വികാരിയച്ചനെ ഈ വിവരം അറിയിച്ചു. അച്ചന്‍ വല്യച്ചനെയും വിവരമറിയിച്ചു. അവരൊക്കെ ആവതു പോലെ പറഞ്ഞു, കെഞ്ചി. 'അച്ചന്മാര്‍ ആദ്യംപോയി സഭേലെ വസ്തുപ്രശ്നോം കുര്‍ബ്ബാനതര്‍ക്കോം ഒക്കെ തീര്‍ത്തിട്ട് വാ.' എന്നായിരുന്നു അവരുടെ മുഖത്തടിച്ച മറുപടി.

പിറ്റെദിവസംതന്നെ അവരെത്തി. മൂന്ന് ഏക്കറുള്ള വസ്തു കൃത്യം അഞ്ചായിട്ടു വീതിക്കാനായിരുന്നു വക്കീലിന്‍റെ വിധി. വസ്തു ഈടുവച്ചു ലോണെടുത്തിട്ടുള്ളകാര്യം അറിയിച്ചപ്പോള്‍, അത് മുഴുവന്‍ അവന്‍ ഏറ്റെടുക്കണം, അല്ലെങ്കില്‍ വീടിന്‍റെ അവകാശം അഞ്ചുപേര്‍ക്കുംകൂടിയാക്കണം എന്നായി. വന്നുകയറിയവളായ അമ്മയ്ക്ക് ഒന്നും പറയാനില്ലായിരുന്നു. അവനും ഒന്നും പറഞ്ഞില്ല. ഒറ്റയാഴ്ചകൊണ്ട് അളന്നുതിരിച്ചു. കടം ഒഴിവാക്കി കൊടുക്കണം എന്നു നിര്‍ബ്ബന്ധമായപ്പോള്‍ അവന്‍റേയോ അമ്മയുടെയോ വീതം വില്‍ക്കാമെന്ന് അവന്‍ സമ്മതിച്ചു. അപ്പോളേക്കും അടുത്തപ്രശ്നം. വീട് ഇരിക്കുന്നത് കുറെ ഉള്ളിലായതുകൊണ്ട് രണ്ടുപേര്‍ക്കുവച്ച വീതത്തിനു നടുക്കൂടെയാണ് വീട്ടിലേക്കുള്ള വഴി. അത്രയും സ്ഥലവുംകൂടി അവനും അമ്മയ്ക്കുംവച്ചിട്ടുള്ള വീതത്തില്‍നിന്നും കുറവുചെയ്തു കഴിഞ്ഞപ്പോള്‍ വീടുതന്നെ വില്‍ക്കേണ്ടിവരുമെന്ന അവസ്ഥയായി കടം മുഴുവന്‍ വീട്ടാന്‍.

"അത്രയുമായപ്പോള്‍ അമ്മ എന്നെ അടുത്തുവിളിച്ചു പറഞ്ഞു: നമുക്കിതിന് അവകാശമൊന്നുമില്ല മോനെ, പത്തിരുപതു വര്‍ഷം നമുക്കു സമാധാനമായി ജീവിക്കാന്‍ തമ്പുരാന്‍ ഇവിടം തന്നു. നിനക്കു ജോലിയുണ്ടല്ലോ, എനിക്കും പണിയെടുക്കാന്‍പറ്റും. ഇവിടെയെത്തുന്നതിനുമുമ്പ് ഞാന്‍ നിന്നെ വളര്‍ത്തിയത് അങ്ങനെയല്ലെ. നമുക്ക് മാറിക്കൊടുത്തേക്കാം. നമുക്ക് വീതത്തിന് അവകാശമൊന്നുമില്ലല്ലോ. അതും പറഞ്ഞ് അമ്മ കരഞ്ഞൊന്നുമില്ല. അത് എനിക്കും വല്ലാത്ത ധൈര്യംതന്നു. ഞാന്‍ചെന്ന് അവരോട് അക്കാര്യം പറഞ്ഞു. കടമെടുത്തത് അപ്പന്‍റെ വസ്തുവിലാണ്. ഞങ്ങള്‍ക്ക് സ്വന്തമായിട്ട് കുറച്ചുവീട്ടു സാധനങ്ങളല്ലാതെ ഒന്നുമില്ല. അത് ഒരാഴ്ചയ്ക്കകം മാറ്റി ഞങ്ങളും മാറിത്തന്നേക്കാമെന്നു പറഞ്ഞു. അവരു കുറെനേരം കൂടിയാലോചിച്ചിട്ട് പിറ്റെദിവസം വിവരം അറിയിക്കാം എന്നുപറഞ്ഞു പിരിഞ്ഞു. കണക്കെല്ലാം നോക്കിയിട്ട് പത്തിരുപതുസെന്‍റ് ഞങ്ങള്‍ക്കു വീതമായി തന്നേക്കാമെന്ന് പിന്നീട് വക്കീല്‍ അറിയിച്ചു. പിറ്റെദിവസം മുതല്‍ തപ്പിനടന്ന് ഒരുവാടകവീടു കണ്ടുപിടിച്ച് അമ്മയേയുംകൂട്ടി അങ്ങോട്ടു മാറി."

കുറെനേരത്തെ മൗനത്തിനുശേഷം അവന്‍ പറഞ്ഞു:

"ഇപ്പോഴത്തെ എന്‍റെ പ്രശ്നമതല്ലച്ച, ഓരോരുത്തരോരോരുത്തരായി, ഞാന്‍ മണ്ടനാണ്, കാണിച്ചതു വിഡ്ഢിത്തമാണ്, ഇറങ്ങിപ്പോകരുത്, മുഴുവന്‍ വാങ്ങിക്കണം, വിട്ടുകൊടുക്കരുത്, കേസുകൊടുക്കണം എന്നെല്ലാം പറഞ്ഞ് സമ്മര്‍ദ്ദമാണ്. അങ്ങനെയാണ് ഞാന്‍ പഴയവികാരിയച്ചന്‍റെ അടുത്തുചെന്നത്. അച്ചനാണല്ലോ ഒരുകണക്കിന് ഇതിന്‍റെയൊക്കെ തുടക്കക്കാരന്‍. എനിക്ക് അവകാശമുണ്ട്, അതുവാങ്ങിയെടുക്കണമെന്നാണ് അച്ചനും പറഞ്ഞത്. അമ്മ അതിനൊട്ടു സമ്മതിക്കുന്നുമില്ല. എനിക്കും അമ്മ പറയുന്നതാണ് ഇഷ്ടമെങ്കിലും, ഒരു തീരുമാനത്തിലെത്താന്‍ പറ്റുന്നില്ല."

"ഉത്തരം വളരെ സിമ്പിള്‍, മനസ്സമാധാനം വേണോ, അമ്മ പറയുന്നതുചെയ്യുക. കിട്ടുന്നതുകൊണ്ട് തൃപ്തിയായി, മാന്യമായി അമ്മയുമൊത്ത് സന്തോഷമായി ജീവിക്കുക. സമ്പത്തുവേണോ പിടിച്ചുവാങ്ങാന്‍ നോക്കുക. പിടിച്ചുവാങ്ങാന്‍ നോക്കിയാല്‍ കിട്ടുമായിരിക്കും, പക്ഷെ അതിനു നല്‍കേണ്ടിവരുന്ന വില മനസ്സമാധാനമായിരിക്കും. അതു നല്ലതുപോലെ മനസ്സിലാക്കിയതുകൊണ്ടാണ് അമ്മ ആ തീരുമാനം പറഞ്ഞത്. നിങ്ങള്‍ക്ക് അര്‍ഹമായതു തമ്പുരാന്‍തരും, അതാണല്ലോ അമ്മ പറഞ്ഞത്, പത്തിരുപതുകൊല്ലം മനസമാധാനത്തോടെ സന്തോഷമായിട്ടു ജീവിക്കാന്‍ തമ്പുരാന്‍ അനുവദിച്ചു, അതുമതിയെന്ന്. വഴക്കിനുപോയാല്‍ എന്തെല്ലാം നേടിയെടുക്കാമെന്നു മോഹിച്ചാലും ഇന്നു സീറോമലബാര്‍ സഭേല്‍ കാണുന്നതുപോലിരിക്കും. എന്തെല്ലാം ന്യായങ്ങള്‍ പറഞ്ഞാലും വിശ്വാസികളുടെ സമാധാനമാണു നഷ്ടപ്പെട്ടത്, പ്രതിവിധിയില്ലാത്ത ഊരാക്കുടുക്കിലേക്കു പിന്നേം പിന്നേം ചെന്നു വീഴുന്നു. കുരുക്കഴിക്കാന്‍ ശ്രമിക്കുന്തോറും അതിലുംവലിയ കുരുക്കിനകത്താകുന്നു. നിങ്ങള്‍ക്ക് എല്ലാം നഷ്ടമായി എന്ന് ആരെങ്കിലും പറയുന്നതുകേട്ട് ഇറങ്ങിപ്പുറപ്പെടാന്‍ നോക്കണ്ട, അമ്മ പറയുന്നതാണു ശരി. സമാധാനമാണു വലുത്, അതിനുവേണ്ടി സഹിക്കേണ്ട ത്യാഗം എത്രവലുതായാലും. സമാധാനത്തോടെ പോവുക. ആരുമില്ലെന്ന ചിന്തവരുമ്പോള്‍ ആരുമില്ലാത്തവര്‍ക്കാണു ദൈവം എന്നു മറക്കാതിരിക്കുക."

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts