പല രാജ്യക്കാരായ അച്ചന്മാരും അത്മായ പ്രമുഖരും വലിയ റ്റി.വി. സ്ക്രീനിനുമുമ്പില്‍ ഒന്നിച്ചുകൂടിയിരിക്കുകയായിരുന്നു. പെസഹാത്തിരുനാളിന്‍റെ കര്‍മ്മങ്ങളൊക്കെക്കഴിഞ്ഞ് പള്ളിമുറിയില്‍ അതിന്‍റെ ചെറിയ ആഘോഷവും കഴിഞ്ഞപ്പോള്‍ പരിശുദ്ധ പിതാവു നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ ലൈവായിട്ടു കാണാന്‍വേണ്ടി പെട്ടെന്നുണ്ടാക്കിയ ഒരു പരിപാടിയായിരുന്നു അത്. 'ഇ.ഡബ്ളിയു.റ്റി.എന്‍' ചാനലില്‍ തിരുക്കര്‍മ്മങ്ങള്‍ തുടങ്ങാന്‍ പിന്നെയും സമയം കുറെക്കൂടി ഉണ്ടായിരുന്നതുകൊണ്ട് എല്ലാവരും വര്‍ത്തമാനത്തിലേയ്ക്കു തിരിഞ്ഞു. പത്തുമുപ്പതുപേര് അതും പല നാടുകളില്‍ നിന്നുള്ളവര്‍ ഒന്നിച്ചുകൂടിയപ്പോള്‍ മാര്‍പ്പാപ്പായും പള്ളിവിഷയങ്ങളുമായിരുന്നു സംസാരവിഷയങ്ങള്‍.
എന്‍റെ തൊട്ടടുത്തുണ്ടായിരുന്നത് തെക്കെ ഇന്ത്യക്കാരായ ആറേഴു പേരായിരുന്നു. അടുത്തകാലത്ത് ചാനലുകളില്‍ വരുന്ന ഊതിപ്പെരുപ്പിച്ച ക്രൈസ്തവ വിരുദ്ധ വാര്‍ത്തകളും മറ്റുമായിരുന്നു അവരുടെ സംസാരത്തില്‍. മിണ്ടാതിരുന്നു കേള്‍ക്കുന്ന പതിവുള്ളതുകൊണ്ട് ചെവിവട്ടംപിടിച്ചു.
ഇന്നു സഭാതലങ്ങളില്‍ ഏറിവരുന്ന രാഷ്ട്രീയവല്‍ക്കരണവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമൊക്കെ അവരുടെ സംസാരത്തില്‍ കടന്നുവന്നു. പ്രത്യേകിച്ചും വൈദീകരുടെയിടയിലും അവരുടെ കളരിയായ സെമിനാരികളിലും പോലും ഏറിക്കൊണ്ടിരിക്കുന്ന മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളും അതതു നാട്ടില്‍ നിന്നുള്ളവര്‍ പറയുന്നതു കേട്ടപ്പോള്‍ എന്‍റെ നാട്ടിലങ്ങിനെയൊന്നുമില്ലെന്നു പറഞ്ഞില്ലെങ്കിലും മനസ്സിലാശ്വസിച്ചിരിക്കുമ്പോഴായിരുന്നു എന്നോട് ഒരച്ചന്‍റെ ചോദ്യം.
"മിണ്ടാതിരുന്നിട്ടു എഴുത്തുകൊണ്ടു പാരപണിയുന്നയാളാണെന്നു പലരും താങ്കളെപ്പറ്റിപ്പറഞ്ഞു. ഇങ്ങേരുടെ വളിച്ച ചിരി കാണുമ്പോള്‍തന്നെ ഏതോ പാരയ്ക്കു മൂര്‍ച്ചകൂട്ടുകയാണെന്നറിയാം. നിങ്ങളുടെ നാട്ടിലും ഇതുപോലൊക്കെത്തന്നെയല്ലേ?"
ഒത്തിരിപ്പേര് അങ്ങേരു പറഞ്ഞതുകേട്ട് എന്നെ ശ്രദ്ധിക്കുന്നതു കണ്ടപ്പോള്‍ അങ്ങേരു പറഞ്ഞതുപോലെതന്നെ വളിച്ച ഒരുചിരീംകൂടെയങ്ങു വച്ചുകൊടുത്തു.
"ആരോ അച്ചന്മാര് അങ്ങനെയൊക്കെ ചെയ്തെന്നുവച്ച് അച്ചന്മാരെല്ലാം അങ്ങനെയാണെന്നുള്ളമട്ടില്‍ ചാനലുകാരു പടച്ചുവിടുന്നതിന്‍റെ ചുവടുപിടിച്ചു നിങ്ങളു പറഞ്ഞുകൊണ്ടിരുന്നതിനോടു യോജിക്കാനുംമാത്രം വിവരദോഷിയല്ല ഞാന്‍. അതുകൊണ്ടാണു മിണ്ടാതിരുന്നത്."
"അങ്ങനെയാണെന്നു ഞങ്ങളും പറഞ്ഞില്ല. പക്ഷെ ഇതുവരെയും കേട്ടുകേള്‍വി പോലുമില്ലാതിരുന്നതൊക്കെ ഇപ്പോള്‍ കേള്‍ക്കുന്നതിനെപ്പറ്റിയാണു ഞങ്ങള്‍ പറഞ്ഞത്."
"കേള്‍ക്കാനിഷ്ടപ്പെടുന്നതു മസാലചേര്‍ത്തുവിളമ്പാന്‍ മത്സരിക്കുന്ന ചാനലുകള്‍ ഇല്ലാതിരുന്ന കാലത്ത് ഒന്നുംതന്നെ വാര്‍ത്തകളാകാറില്ലായിരുന്നു, അത്രതന്നെ."
"അപ്പോള്‍ പണ്ടും ഇങ്ങനൊക്കെത്തന്നെ ആയിരുന്നു എന്നാണോ അച്ചന്‍റെ അഭിപ്രായം?"
"അപ്പറഞ്ഞതാണു ചാനലുകാരും ചെയ്യുന്നത്. മനസ്സറിയാത്തതു പറഞ്ഞതില്‍നിന്നും വായിച്ചെടുക്കുക. എന്നിട്ടതു പറഞ്ഞെന്നാക്കുക, ഞാന്‍ പറഞ്ഞതതല്ല. പണ്ടൊക്കെ ക്യാന്‍സര്‍ തീരെ അസാധാരണമായിരുന്നു. ഇപ്പഴതാണേറ്റവും കൂടൂതല്‍. സര്‍വ്വതിലും, ഭക്ഷണവിഭവങ്ങളാണെങ്കില്‍ കൃഷിയിടങ്ങള്‍ മുതല്‍ വായിലെത്തുംവരെ വിളവെടുക്കാനും, പാകപ്പെടുത്താനും സൂക്ഷിക്കാനും, മാരകവിഷങ്ങളുപയോഗിക്കുന്നു. എല്ലാവര്‍ക്കുമതറിയാം. എന്നിട്ടും അറിഞ്ഞുകൊണ്ടുതന്നെ അതു വാങ്ങിക്കഴിക്കുന്നു. രോഗം ബാധിക്കുന്നു, ചികിത്സയ്ക്കുള്ള മരുന്നുപോലും നിര്‍മ്മിക്കാനും പഴക്കംചെയ്യാന്‍വേണ്ടിയും വിഷംകലര്‍ത്തി കിട്ടുന്നു. അതും കഴിച്ച് അത്രയും കൂടെ ദീര്‍ഘനാള്‍ നരകിച്ചു ജീവിച്ചു മരിക്കേണ്ടിവരുന്നു. അല്ലാതെന്തു ചെയ്യും എന്നു നമ്മള്‍തന്നെ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞാശ്വസിക്കുന്നു. ഉള്ള മുറ്റത്തും വരാന്തയിലും വച്ചായാലും വിഷമില്ലാത്തതു വിളയിക്കാമെന്നറിയാമെങ്കിലും ശ്രമിക്കുന്നില്ല. എന്നിട്ടിരുന്നു വമ്പന്‍ ഗീര്‍വാണമടിക്കും; വിഷമടിക്കുന്നു, നാടു നശിക്കുന്നു എന്നൊക്കെ. താങ്കള്‍ ചോദിച്ചതും ഞാനീപ്പറഞ്ഞതുമായിട്ടെന്തു ബന്ധം എന്നായിരിക്കും അടുത്തചോദ്യമെന്നെനിക്കൂഹിക്കാവുന്നതുകൊണ്ട് അതൂടെയങ്ങു പറയാം. ഞങ്ങടെ നാട്ടില്‍ കാരണവന്മാരു പറഞ്ഞിട്ടുള്ള ഒരു പഴഞ്ചൊല്ലുണ്ട്: 'വിത്തുഗുണം പത്തുഗുണ'മെന്ന്. അതു തന്നെയാണ് ഇന്നത്തെ സഭയ്ക്കോ അച്ചന്മാര്‍ക്കോ നിങ്ങള്‍ പറയുന്ന അധഃപതനമുണ്ടെങ്കില്‍ അതിനു കാരണം. വിഷവിത്തുക്കളില്‍നിന്നും മുളയ്ക്കുന്നതും അതില്‍ വിളയുന്നതും വിഷമുള്ളതായിരിക്കും. അങ്ങനെയുള്ളവര് എവിടെച്ചെന്നാലും ആ സ്വഭാവമല്ലെ കാണിക്കൂ. അങ്ങനെയുള്ളവര്‍ അച്ചന്മാരാകാനും സാധ്യതയുണ്ട്. അങ്ങനെയുള്ള ചുരുക്കം ചിലരെ പ്രദര്‍ശിപ്പിച്ച് അച്ചന്മാരും സഭയുമെല്ലാം അങ്ങനെയാണെന്നു പറഞ്ഞുപറഞ്ഞു പുണ്ണാക്കരുതെന്നു തോന്നിയതുകൊണ്ടാണു ഞാനൊന്നും മിണ്ടാതിരുന്നു കേട്ടത്."