news-details
ഇടിയും മിന്നലും

പലരാജ്യക്കാരായ അച്ചന്മാരും അല്മായപ്രമുഖരുമൊന്നിച്ച് ഒരു വലിയ റ്റി.വി. സ്ക്രീനിനുമുമ്പില്‍ വട്ടംകൂടിയിരിക്കുകയായിരുന്നു. പെസഹാത്തിരുനാളിന്‍റെ കര്‍മ്മങ്ങളൊക്കെക്കഴിഞ്ഞ് പള്ളിമുറിയില്‍ അതിന്‍റെ ചെറിയ ആഘോഷവും കഴിഞ്ഞപ്പോള്‍ പരിശുദ്ധ പിതാവു നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷയുടെ തത്സമയസംപ്രേഷണം കാണാന്‍വേണ്ടി പെട്ടെന്നുണ്ടാക്കിയ ഒരു പരിപാടിയായിരുന്നു അത്. 'ഇ.ഡബ്ളിയു.റ്റി.എന്‍' ചാനലും തുറന്ന് അതിനുമുമ്പിലിരുന്നു. തിരുക്കര്‍മ്മങ്ങള്‍ തുടങ്ങാന്‍ പിന്നെയും സമയം കുറെക്കൂടി ഉണ്ടായിരുന്നതുകൊണ്ട് എല്ലാവരും വര്‍ത്തമാനത്തിലേക്കു തിരിഞ്ഞു. പത്തുമുപ്പതുപേര്, അതും പല നാടുകളില്‍ നിന്നുള്ളവര്‍ ഒന്നിച്ചുകൂടിയപ്പോള്‍ മാര്‍പ്പാപ്പായും പള്ളിവിഷയങ്ങളുമായിരുന്നു സംസാരവിഷയങ്ങള്‍ എന്നതു സ്വാഭാവികംമാത്രം.

എന്‍റെ തൊട്ടടുത്തുണ്ടായിരുന്നത് തെക്കെ ഇന്ത്യക്കാരായ ആറേഴു പേരായിരുന്നു. അടുത്തകാലത്ത് ചാനലുകളില്‍ വരുന്ന ഊതിപ്പെരുപ്പിച്ച ക്രൈസ്തവ വിരുദ്ധ വാര്‍ത്തകളും ചര്‍ച്ചകളും മറ്റുമായിരുന്നു അവരുടെ സംസാരത്തില്‍. മിണ്ടാതിരുന്നു കേള്‍ക്കുകമാത്രം പതിവായിരുന്നതുകൊണ്ട് ചെവിവട്ടംപിടിച്ചു.

ഇന്നു സഭാതലങ്ങളില്‍പ്പോലും ഏറിവരുന്ന രാഷ്ട്രീയവത്കരണവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമൊക്കെ അവരുടെ സംസാരത്തില്‍ കടന്നുവന്നു. പ്രത്യേകിച്ചും വൈദികരുടെയിടയിലും അവരുടെ കളരിയായ സെമിനാരികളിലുംപോലും ഏറിക്കൊണ്ടിരിക്കുന്ന മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളും അതതു നാട്ടില്‍ നിന്നുള്ളവര്‍ പറയുന്നതു കേട്ടപ്പോള്‍, എന്‍റെ നാട്ടിലങ്ങനെയൊന്നുമില്ല എന്നു പറഞ്ഞില്ലെങ്കിലും അങ്ങനെ മനസ്സിലാശ്വസിച്ചിരിക്കുമ്പോഴായിരുന്നു എന്നോട് ഒരച്ചന്‍റെ ചോദ്യം:

"മിണ്ടാതിരുന്നിട്ട് എഴുത്തുകൊണ്ടു പാരപണിയുന്നയാളാണെന്നു പലരും താങ്കളെപ്പറ്റിപ്പറഞ്ഞു. ഇങ്ങേരുടെ മുഖത്തെ വളിച്ച ചിരി കാണുമ്പോള്‍ത്തന്നെ ഏതോ പാരയ്ക്കു മൂര്‍ച്ചകൂട്ടുകയാണെന്നറിയാം. നിങ്ങളുടെ നാട്ടിലും ഇതുപോലൊക്കെത്തന്നെയല്ലേ?"

ഒത്തിരിപ്പേര് അങ്ങേരു പറഞ്ഞതുകേട്ട് എന്നെ ശ്രദ്ധിക്കുന്നതുകണ്ടപ്പോള്‍ അങ്ങേരു പറഞ്ഞതുപോലെതന്നെ വളിച്ച ഒരുചിരീംകൂടെയങ്ങു വച്ചുകൊടുത്തു.

"ആരോ അച്ചന്മാര് അങ്ങനെയൊക്കെ ചെയ്തെന്നുവച്ച് അച്ചന്മാരെല്ലാം അങ്ങനെയാണെന്നുള്ളമട്ടില്‍ ചാനലുകാരു പടച്ചുവിടുന്നതിന്‍റെ ചുവടുപിടിച്ചു നിങ്ങളും പറഞ്ഞുകൊണ്ടിരുന്നതിനോടു യോജിക്കാനുംമാത്രം വിവരദോഷിയല്ല ഞാന്‍. അതുകൊണ്ടാണു മിണ്ടാതിരുന്നത്."

"അങ്ങനെയാണെന്ന് ഇവിടെയാരും പറഞ്ഞില്ല. പക്ഷേ, ഇതുവരെയും കേട്ടുകേള്‍വിപോലുമില്ലാതിരുന്നതൊക്കെ ഇപ്പോള്‍ കേള്‍ക്കുന്നതിനെപ്പറ്റിയാണു ഞങ്ങള്‍ പറഞ്ഞത്."

"കേള്‍ക്കാനിഷ്ടപ്പെടുന്നതു മസാലചേര്‍ത്തുവിളമ്പാന്‍ മത്സരിക്കുന്ന ചാനലുകളുംമറ്റും ഇല്ലാതിരുന്ന പണ്ടുകാലത്ത് ഒന്നുംതന്നെ വാര്‍ത്തകളാകാറില്ലായിരുന്നു എന്നുമാത്രം, അത്രതന്നെ."

"അപ്പോള്‍, പണ്ടും ഇങ്ങനൊക്കെത്തന്നെ ആയിരുന്നു എന്നാണോ അച്ചന്‍റെ അഭിപ്രായം?"
"അപ്പറഞ്ഞതാണു ചാനലുകാരും ചെയ്യുന്നത്. മനസ്സറിയാത്തതു പറഞ്ഞതില്‍നിന്ന് വായിച്ചെടുക്കുക. എന്നിട്ടതു പറഞ്ഞെന്നാക്കുക. ഞാന്‍ പറഞ്ഞതതല്ല. പണ്ടൊക്കെ ക്യാന്‍സര്‍ തീരെ അസാധാരണമായിരുന്നു. ഇപ്പഴതാണേറ്റവും കൂടൂതല്‍. പലകാരണങ്ങളും അതിനു പിന്നിലുണ്ടെങ്കിലും വിഷാംശമേറെയുള്ള ഭക്ഷണമാണു മുഖ്യകാരണമെന്ന് ഇന്നു തെളിയിക്കപ്പട്ടുകഴിഞ്ഞു. സര്‍വ്വതിലും, ഭക്ഷണവിഭവങ്ങളാണെങ്കില്‍ കൃഷിയിടങ്ങള്‍ വിത്തിറക്കുമ്പോള്‍മുതല്‍ അതു പാകമായി വായിലെത്തുംവരെ വളരാനും പൂക്കാനും മുന്തിയവിളവുലഭിക്കാനും വിളവെടുക്കാനും കേടുകൂടാതെ സൂക്ഷിക്കാനുമെല്ലാം, അളവില്ലാതെ മാരകവിഷങ്ങളുപയോഗിക്കുന്നു. എല്ലാവര്‍ക്കുമതറിയാം. എന്നിട്ടും അറിഞ്ഞുകൊണ്ടുതന്നെ എല്ലാവരും അതുതന്നെ വാങ്ങിക്കഴിക്കുന്നു. രോഗം ബാധിക്കുന്നു, ചികിത്സയ്ക്കുള്ള മരുന്നുപോലും നിര്‍മ്മിക്കാനും പഴക്കംചെയ്യാനുംവേണ്ടി വിഷംകലര്‍ത്തിത്തന്നെ കിട്ടുന്നു. അതും, അറിഞ്ഞുകൊണ്ടുതന്നെകഴിച്ച് അത്രയുംകൂടെ കൂടുതല്‍ നാളുകള്‍ നരകിച്ചു ജീവിച്ചു മരിക്കേണ്ടിവരുന്നു. എന്നിട്ടോ, 'അല്ലാതെന്തു ചെയ്യും?' എന്നു നമ്മള്‍തന്നെ അങ്ങോട്ടുമിങ്ങോേട്ടും പറഞ്ഞാശ്വസിക്കുന്നു. ഉള്ളമുറ്റത്തും വരാന്തയിലും വച്ചായാലും അല്പമദ്ധ്വാനിച്ചാല്‍ വിഷമില്ലാത്തതു വിളയിക്കാമെന്നറിയാമെങ്കിലും ബുദ്ധിമുട്ടാന്‍ തയ്യാറല്ല. എന്നിട്ടിരുന്നു വമ്പന്‍ ഗീര്‍വാണമടിക്കും; തമിഴ്നാട്ടുകാര് എല്ലാത്തിലും വിഷമടിക്കുന്നു, മായംചേര്‍ക്കുന്നു എന്നൊക്കെ. താങ്കള്‍ ചോദിച്ചതും ഞാനീപ്പറഞ്ഞതുമായിട്ടെന്തു ബന്ധം എന്നായിരിക്കും അടുത്തചോദ്യമെന്നെനിക്കൂഹിക്കാവുന്നതുകൊണ്ട് അതൂടെയങ്ങു പറയാം. ഞങ്ങടെ നാട്ടില്‍ കാരണവന്മാരു പറഞ്ഞിട്ടുള്ള ഒരു പഴഞ്ചൊല്ലുണ്ട്: 'വിത്തുഗുണം പത്തുഗുണ'മെന്ന്. അതു തന്നെയാണ് ഇന്നത്തെ സഭയ്ക്കോ അച്ചന്മാര്‍ക്കോ നിങ്ങള്‍ പറയുന്ന അധ:പതനമുണ്ടായിട്ടുണ്ടെങ്കില്‍ അതിനു കാരണം. അച്ചന്മാരെ മാത്രം പ്രതിക്കൂട്ടിലാക്കിയിട്ടു രക്ഷപെടാനാണെല്ലാവര്‍ക്കുമിഷ്ടം. വിഷവിത്തുകളില്‍നിന്നു മുളയ്ക്കുന്നതും അതില്‍ വിളയുന്നതും വിഷമുള്ളതായിരിക്കാനാണല്ലോ സാദ്ധ്യത. അങ്ങനെ മുളച്ചത് എവിടെച്ചെന്നാലും ആ സ്വഭാവമല്ലേ കാണിക്കൂ. അങ്ങനെയുള്ളവര്‍ അച്ചന്മാരാകാനും സാധ്യതയുണ്ട്. അതാണു വിത്തുഗുണം പത്തുഗുണമെന്നു ഞാന്‍ പറഞ്ഞത്. അങ്ങനെയുള്ള ചുരുക്കം ചിലരെ പ്രദര്‍ശിപ്പിച്ച് അച്ചന്മാരും സഭയുമെല്ലാം അങ്ങനെയാണെന്നു പറഞ്ഞുപറഞ്ഞു പുണ്ണാക്കരുതെന്നു തോന്നിയതുകൊണ്ടാണു ഞാനൊന്നും മിണ്ടാതിരുന്നു കേട്ടത്."

"അച്ചനിപ്പം അങ്ങനെ ഒഴിഞ്ഞു മാറിയേ പറയാന്‍ പറ്റൂ എന്നു മനസ്സിലാക്കാം. പക്ഷേ, പത്തു പന്ത്രണ്ടു വര്‍ഷം പരിശീലിപ്പിക്കുന്നതിനിടയില്‍ വിഷവിത്തുകളെ തിരിച്ചറിഞ്ഞു തിരുത്താനോ തള്ളാനോ കഴിയാതെ പോകുന്നതിനെന്തു ന്യായീകരണം പറയും? അവിടെപ്പോലും പരിശീലിപ്പിക്കുന്നവരും സെമിനാരിയില്‍ പഠിക്കുന്നവരും ചേര്‍ന്ന് കൊല്ലും കൊലയുംനടത്തി തെളിവോടെ അറസ്റ്റു ചെയ്യപ്പെട്ടത് അടുത്തകാലത്തല്ലേ, അതിനെപ്പറ്റി എന്തു പറയും?"

"ചോദ്യവും ഉത്തരവും താങ്കള്‍ പറഞ്ഞതിലുണ്ട്. വിഷവും വിഷവിത്തുകളും തിരിച്ചറിഞ്ഞു തിരുത്താന്‍ തുനിഞ്ഞപ്പോള്‍ തിരിച്ചടിയുണ്ടായി, അതിനു തുനിഞ്ഞവനെ വകവരുത്തി, അത്രതന്നെ. അങ്ങനെ ബലിയാടാകാന്‍ ആര്‍ക്കാണത്ര ആവേശം? സത്യം പറഞ്ഞാല്‍, എനിക്കില്ല. 'ഞാനെന്തു ചെയ്യാനാ, തമ്പുരാനെന്തെങ്കിലും ചെയ്യട്ടെ' എന്നുപറഞ്ഞ് ഒഴിഞ്ഞുമാറാനും പിന്‍വലിയാനുമാണെനിക്കും ഇഷ്ടം. ആ എനിക്കു പിന്നെ മറ്റാരെയെങ്കിലും കുറ്റപ്പെടുത്താന്‍ പറ്റുമോ? അതാണ് നിങ്ങളൊക്കെപ്പറഞ്ഞതുകേട്ടിട്ടും ഒന്നും മിണ്ടാതിരുന്നതിന്‍റെ മറ്റൊരു കാരണം."

"എന്‍റെ അഭിപ്രായംകൂടി പറയുന്നതില്‍ തടസ്സമില്ലായിരിക്കുമല്ലോ." മലയാളിയല്ലാത്ത പത്തെഴുപതു വയസ്സെങ്കിലും തോന്നിക്കുന്ന ഒരു സെമിനാരി റെക്ടര്‍ സ്വയം മൈക്ക് ഏറ്റെടുത്തപ്പോള്‍ ഞാന്‍ രക്ഷപെട്ടു.

"ഞാന്‍ വര്‍ഷങ്ങളോളം സെമിനാരീല്‍ പഠിപ്പിച്ച് ഇപ്പോള്‍ റെക്ടറായുംകൂടി സേവനം ചെയ്യുന്ന ആളാണ്. അതുകൊണ്ട് ഇദ്ദേഹം പറഞ്ഞത് എനിക്കു മനസ്സിലാകും. പണ്ടൊക്കെ സെമിനാരിയില്‍ സെലക്ഷന് വളരെ കര്‍ക്കശമായ മാനദണ്ഡങ്ങളുണ്ടായിരുന്നു. അതു കൃത്യമായി പാലിക്കപ്പെട്ടുമിരുന്നു. സെലക്ഷന്‍ കൊടുത്താലും ആരിലെങ്കിലും പന്തികേടു കണ്ടാല്‍ അപ്പോള്‍ത്തന്നെ പറഞ്ഞു വിടുകയും ചെയ്യുമായിരുന്നു. ആരിലെങ്കിലും എന്തെങ്കിലും ന്യൂനതകണ്ടാല്‍ ~ഒരു സൂചന കൊടുത്താല്‍ മതിയായിരുന്നു, മിക്കവരും തിരുത്താന്‍ സന്നദ്ധരുമായിരുന്നു. എന്നിട്ടും അത്രശരിയാകുന്നില്ലെന്നുകണ്ടാല്‍ 'നിന്നെ സെമിനാരീന്നു പറഞ്ഞുവിടും' എന്നു താക്കീതുചെയ്താല്‍ മതിയായിരുന്നു സാധാരണഗതിയില്‍ അവര്‍ നേര്‍വഴിക്കു വരാനായിരുന്നു സാധ്യത. അല്ലെന്നുകണ്ടാല്‍ അപ്പഴേ പറഞ്ഞുവിടുകയും ചെയ്തിരുന്നു. ഇന്ന് ആ സ്ഥിതിയൊക്കെ മാറി. ആരുമാറ്റി എന്നുചോദിച്ചാല്‍, കാലംമാറ്റി എന്നേ എനിക്കുത്തരമുള്ളു. ഇപ്പോളത്തെ നിലപാട് പറഞ്ഞാല്‍ നേരെ തിരിച്ചാണ്. ആരെങ്കിലും, സെമിനാരിയില്‍ തുടരാന്‍ താത്പര്യമില്ല, പോവുകയാണ് എന്നു പറഞ്ഞാല്‍ പോലും, 'ഉടനെ പോകണമോ? സമയമിനിയും ധാരാളമുണ്ടല്ലോ, അഞ്ചാറുമാസംകൂടെയെങ്കിലും പ്രാര്‍ത്ഥിച്ചിട്ടും ആലോചിച്ചിട്ടുമൊക്കെ പോയാല്‍ പോരേ?' എന്നേ ചോദിക്കാറുള്ളു. അല്പം കര്‍ക്കശമായ നിലപാടാരോടെങ്കിലുമെടുത്താല്‍, ചിലരുനേരിട്ടുതന്നെവന്നു ഭീഷണിപ്പെടുത്തിക്കളയും, വിട്ടുപൊയ്ക്കളയുമെന്നുംപറഞ്ഞ്. പൊയ്ക്കൊള്ളാന്‍ പറയാമെന്നു വച്ചാല്‍ത്തന്നെ അതിലും നല്ലതിനെ വേറേ കണ്ടുപിടിക്കാമോ എന്നുള്ള ചോദ്യത്തിന് പലരോടും ഉത്തരം കൊടുക്കേണ്ടിയും വരും. അങ്ങനെ വരുമ്പോള്‍, ഇദ്ദേഹം പറഞ്ഞതുപോലെ, 'ഞാനായിട്ടെന്തിനാ, തമ്പുരാന്‍ നോക്കട്ടെ' എന്നോര്‍ത്തങ്ങു കണ്ണടയ്ക്കും. കുറച്ചുമുമ്പ് ഇദ്ദേഹം പറഞ്ഞതുപോലെ ബലിയാടാകാന്‍ ആര്‍ക്കാണിത്ര ആവേശം?"

ഞങ്ങളുടെ സംസാരത്തിനിടയില്‍ മാര്‍പ്പാപ്പാ കാലുകഴുകല്‍ കര്‍മ്മങ്ങളും കഴിഞ്ഞു പ്രസംഗമാരംഭിച്ചിരുന്നു. സ്വയംബലിയാകുന്ന കര്‍ത്താവിനെപ്പറ്റിത്തന്നെ അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞതു കേട്ടപ്പോള്‍ 'ബലിയാടാകാന്‍ ആര്‍ക്കാണിത്ര ആവേശം?' എന്ന് അല്പം മുമ്പു ചോദിച്ച എന്‍റെ നെഞ്ചിനുനേരേതന്നെയല്ലേ അദ്ദേഹം വിരല്‍ ചൂണ്ടുന്നതെന്നു തോന്നിപ്പോയി.

You can share this post!

ആരുമില്ലാത്തവര്‍ക്കല്ലേ ദൈവം

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts