news-details
സാമൂഹിക നീതി ബൈബിളിൽ

മുഖക്കുറിപ്പ്

ഒന്നരക്കൊല്ലംമുമ്പ് കുറച്ചുനാള്‍ ബാംഗ്ലൂരിലായിരുന്നു താമസം. അന്നൊരിക്കല്‍ കാണാന്‍വന്ന സുഹൃത്തിനെ പൂനെക്കു വണ്ടി കയറ്റിവിടാന്‍ രാവിലെ അഞ്ചുമണിക്ക് യശ്വന്ത്പുര്‍ റെയില്‍വേസ്റ്റേഷനില്‍ ചെന്നതായിരുന്നു. അന്നവിടെ കണ്ടത് ഇന്നും മറക്കാനായിട്ടില്ല. അവിടെക്കിടന്ന ട്രെയിനിലും സ്റ്റേഷനിലും നിറയെ നൂറുകണക്കിന് (അതോ ആയിരക്കണക്കിനോ?) വടക്കുകിഴക്കന്‍ വാസികള്‍. അന്നു കണ്ട അവര്‍ക്കെല്ലാം ഒരൊറ്റ മുഖം - ഭയം നിറഞ്ഞ മുഖം. ട്രെയിനില്‍ കടന്നുകൂടാനുള്ള തത്രപ്പാടുകള്‍, എറിയപ്പെടുന്ന ബാഗുകള്‍, ഫോണ്‍ വിളികള്‍, ആക്രോശങ്ങള്‍... പോലീസൊക്കെ ഒന്നും ചെയ്യാനാകാതെ നോക്കിനില്ക്കുകയാണ്. ചെറിയൊരു തീപ്പൊരി മതിയായിരുന്നു അവിടം മുഴുവന്‍ കത്തിത്തീരാന്‍. വടക്കുകിഴക്കെവിടെയോ മുസ്ലീമുകളെ അന്നാട്ടുകാര്‍ ആക്രമിച്ചിരുന്നു. അതിന് പ്രതികാരം ചെയ്യുമെന്ന് ബാംഗ്ലൂരുള്ള ആരോ എസ്.എം.എസ്. ചെയ്തത് പടര്‍ന്നുപിടിച്ചു. അങ്ങനെയാണവര്‍ ആ സ്റ്റേഷനില്‍ തടിച്ചുകൂടിയത്.

എന്തുകൊണ്ടാണ് പ്രാണനുവേണ്ടി ഇവര്‍ക്കോടേണ്ടി വന്നത്? വടക്കുകിഴക്കന്‍ നാട്ടിലുള്ള ഏതോ അക്രമികളും ഈ പാവം മനുഷ്യരും തമ്മില്‍ എന്ത് ബന്ധം? ഒന്നു മാത്രമേ കാരണമായി പറയാനുള്ളൂ: ഇവരെല്ലാം ഒരൊറ്റ വര്‍ഗ്ഗമാണെന്ന്, അതുകൊണ്ട് സ്വഭാവവും ഒന്നാണെന്ന് ആര്‍ക്കോ തോന്നി - അത്രമാത്രം. അമേരിക്കയിലെ ഇരട്ട ടവറുകള്‍ 2001 ല്‍ ആക്രമിക്കപ്പെട്ടതിനെതുടര്‍ന്ന് അവിടെയുള്ള സിഖുകാരില്‍ പലര്‍ക്കും അടിയും അക്രമവും ഏല്‍ക്കേണ്ടിവന്നു. അതിനു കാരണമായി പറയപ്പെട്ടത്, അമേരിക്കയെ ആക്രമിച്ച ഒസാമ ബില്‍ ലാദനും സിഖുകാരും താടി വളര്‍ത്തുന്നു എന്നതാണ്; പിന്നെ രണ്ടുകൂട്ടരുടെയും തലപ്പാവും സമാനമാണത്രേ. ലാദനും സിഖുകാരനും തമ്മില്‍ വിദൂരബന്ധംപോലുമില്ലെങ്കിലും അമേരിക്കക്കാരന് എല്ലാം ഒരുപോലിരിക്കുന്നു.

പൊട്ടക്കിണറ്റിലെ തവള "കടലു കുളം പോലിരിക്കുമോ" എന്നു ചോദിച്ചകണക്കെയാണു നമ്മുടെ കാര്യങ്ങള്‍. നമ്മുടെ ചില കാറ്റഗറികളിലേയ്ക്ക് എല്ലാറ്റിനേയും ഒതുക്കാനോ അവയനുസരിച്ച് അളക്കാനോ ആണു നമ്മുടെ പ്രവണത. അതുകൊണ്ട് വടക്കുകിഴക്കന്‍ വാസികള്‍ ചൈനക്കാരോ നേപ്പാളികളോ ആണെന്നും ജീന്‍സും ടീഷര്‍ട്ടുമിട്ട്, പാശ്ചാത്യസംഗീതം കേള്‍ക്കുന്നതുകൊണ്ട് 'എന്തിനും തയ്യാറുള്ളവരാ'ണെന്നും ഒക്കെ നാം ധരിക്കുന്നു. റാണി ലക്ഷ്മിബായിയെക്കുറിച്ചു പഠിച്ചിട്ടുള്ള നാം പക്ഷേ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ധീരസാന്നിദ്ധ്യമായിരുന്ന നാഗാലാന്‍റുകാരി റാണി ഗൈഡിന്‍ല്യുവിനെക്കുറിച്ചു കേട്ടിട്ടേയില്ല. അരുണാചല്‍ പ്രദേശില്‍തന്നെ 150 ഗോത്രങ്ങളും ഭാഷകളുമുണ്ടെന്നും നമുക്കറിയില്ല.

ഒരന്വേഷണത്തിനുപോലും മെനക്കെടാതെ നാം കൊണ്ടുനടക്കുന്ന മുന്‍വിധികളുടെ ഭാരം ചുമക്കേണ്ടിവരുന്നവരുടെ ഭാഗത്തുനിന്ന് ഒരിക്കലെങ്കിലും കാര്യങ്ങളെ ഒന്നു നോക്കിക്കണ്ടിരുന്നെങ്കില്‍. ഡല്‍ഹിയിലെ തന്‍റെ ജീവിതത്തെക്കുറിച്ച് വടക്കുകിഴക്കുനിന്നുള്ള സംഗീത ബറുവാ പിഷാരടി ഹിന്ദു പത്രത്തില്‍ എഴുതിയത് ഓര്‍ക്കുന്നു: താന്‍ താമസിക്കുന്ന വീടിന്‍റെ ഉടമസ്ഥയോട് തന്‍റെ മാതാപിതാക്കള്‍ പെണ്‍മക്കളെ വളരെ അച്ചടക്കത്തോടെയാണു വളര്‍ത്തുന്നതെന്ന് അവള്‍ക്കു പറയേണ്ടി വന്നിട്ടുണ്ട്, വളരെ ഇഷ്ടമുള്ള പാശ്ചാത്യസംഗീതം ഉറക്കെ വയ്ക്കാന്‍ ആകാതെ വന്നിട്ടുണ്ട്, താന്‍ സസ്യാഹാരമേ കഴിക്കൂവെന്ന് വീട്ടുവേലക്കാരിയോടു കള്ളം പറയേണ്ടി വന്നിട്ടുണ്ട്, കണ്മഷി ഉപയോഗിച്ച് കണ്ണുകള്‍ വലുതാക്കി കാണിക്കേണ്ടി വന്നിട്ടുണ്ട്... ഇതിന്‍റെയെല്ലാം ഒടുവില്‍ അവളറിയാതെ അവള്‍ കുറച്ചുകൂടി അഗ്രസീവ് ആയി മാറുകയാണ്.

* * *

കുറച്ചേറെ പ്രചാരം കിട്ടിയ സിനിമയായിരുന്നല്ലോ കമലിന്‍റെ ഗദ്ദാമ. ഒരു മലയാളി ഹിന്ദു യുവതി അറബികളുടെ നാട്ടില്‍ ചെന്ന് അഭിമുഖീകരിക്കേണ്ടിവരുന്ന അവഹേളനങ്ങളും ചൂഷണവുമൊക്കെയാണു സിനിമയുടെ പ്രമേയം. തീയേറ്ററിലിരുന്ന് അതു കണ്ടിരിക്കവേ ഒരാള്‍ ഉറക്കെ പറയുന്നതുകേട്ടു: "മുസ്ലീമുകളെന്ന വൃത്തികെട്ട വര്‍ഗം ഇവിടില്ലായിരുന്നെങ്കില്‍...." അങ്ങനെയാണു കഥ കാര്യമാകുന്നത്. കഥകളിലൂടെ ബോധ്യമാകുന്ന കാര്യങ്ങളനുസരിച്ചാണ് അയാള്‍ യാഥാര്‍ത്ഥ്യത്തെ വിലയിരുത്തുന്നത്. തന്‍റെ ധാരണകള്‍ ശരിവക്കുന്നതേ അയാള്‍ കാണുകയുള്ളു, പരിഗണിക്കുകയുള്ളൂ. ബാക്കിയൊക്കെയും അയാള്‍ക്കെന്നും അജ്ഞാതമായിരിക്കും. പക്ഷേ അതുകൊണ്ട് അവയൊന്നും ഇല്ലാതാകുന്നില്ലല്ലോ.

2006 ലാണ് മഹാരാഷ്ട്രയിലെ മാലെഗാവില്‍ സ്ഫോടനം നടന്നത്. തുടര്‍ന്ന് ഷബീര്‍ അഹമ്മദ് മാസിയുള്ള അറസ്റ്റു ചെയ്യപ്പെട്ടു. അയാളുടെ മകന്‍ അതോടെ സ്കൂളില്‍ പോകുന്നതു നിര്‍ത്തിവച്ചു. "ഭീകരന്‍റെ മകന്‍" എന്ന് അവനു കേട്ടുകൊണ്ടു നില്ക്കാനാകില്ല. അവരുടെ അയല്‍പക്കത്തുള്ള വീട്ടില്‍നിന്നും നൂറുല്‍ ഹൂസയെ പോലീസ് രാത്രിയില്‍ പിടിച്ചുകൊണ്ടുപോയത് "പത്തുമിനിറ്റുകഴിഞ്ഞു വിടാം' എന്നു പറഞ്ഞാണ്. അയാളുടെ അമ്മക്ക് പിന്നീടുള്ള രാത്രികളില്‍ ഉറങ്ങാനായിട്ടില്ല. സഹോദരികളുടെ വിവാഹം മുടങ്ങിപ്പോയി. അഞ്ചരക്കൊല്ലത്തിനുശേഷം ഇരുവരും മടങ്ങിയെത്തി. കാരണമെന്തെന്നോ? സ്വാമി അസീമാനന്ദ് ആണ് സ്ഫോടനത്തിനു പിന്നിലെന്ന് അപ്പോഴാണ് തെളിഞ്ഞത്.

ബിന്‍ ലാദന്‍റെ പേരും പറഞ്ഞ് ഇറാഖിനെ നരകമാക്കി മാറ്റി, സദ്ദാം ഹുസൈനെ കൊന്നുകളഞ്ഞ അമേരിക്കക്കാരന്‍ നമ്മിലെല്ലാമുണ്ട്.

* * *

ഓരേ സംഭവത്തെക്കുറിച്ചുള്ള രണ്ടു വീക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

1. 1947 ല്‍ കാഷ്മീര്‍ രാജാവ് ഹരിസിംഗിന്‍റെ തീരുമാനം കാശ്മീരിനെ സ്വതന്ത്രമായി നിലനിര്‍ത്തുക എന്നതായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ കാശ്മീരിനെ ആക്രമിച്ചതോടെ, കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ രാജാവു തീരുമാനിക്കുകയായിരുന്നു.

2. കാശ്മീരില്‍നിന്നുള്ള മുസ്ലീമുകളെ ക്രൂരമാര്‍ഗങ്ങളുപയോഗിച്ച് ഹരിസിംഗ് പുറത്താക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് അവിടുത്തെ ജനങ്ങളും വടക്കുപാടിഞ്ഞാറു ഭാഗത്തെ ഗോത്രക്കാരും ചേര്‍ന്ന് തങ്ങളുടെ നാടിനെ വിമോചിപ്പിക്കാന്‍ ശ്രമമാരംഭിച്ചു. അതിനെ ചെറുക്കാനാണ് ഹരിസിംഗ് കാശ്മീരിനെ ഇന്ത്യയോടു ചേര്‍ത്തത്.

ആദ്യത്തേത് ഇന്ത്യന്‍ വീക്ഷണം; രണ്ടാമത്തേത് പാക്കിസ്ഥാന്‍ വീക്ഷണം. ഇവിയിലേതാണു ശരി? കൂടുതല്‍ ശരിയായതിലെത്താന്‍ ഇരുവീക്ഷണങ്ങളും തമ്മിലുള്ള സംഭാഷണം നടന്നേ മതിയാകൂ. മുന്‍വിധികള്‍ കുറച്ചെങ്കിലും ഇളക്കപ്പെടണമെങ്കില്‍ ഇതല്ലാതെ മറ്റെന്തു മാര്‍ഗം? എന്നാല്‍ സംഭവിക്കുന്നതു പൊതുവേ മറ്റൊന്നാണ്. നമുക്കറിയാവുന്നതുമാത്രം വീണ്ടും വീണ്ടും കണ്ടെത്തുക, കാണാതെ പഠിക്കുക; ബാക്കിയെല്ലാം കത്തിക്കുക, അല്ലെങ്കില്‍ അവയുടെ നേര്‍ക്ക് കണ്ണടക്കുക. റായ് ബ്രാഡ്ബറിയുടെ "ഫാരന്‍ഹീറ്റ് 451" പുസ്തകങ്ങള്‍ കത്തിക്കുന്നവരുടെ കഥ പറയുന്ന നോവലാണ്. അതിനു പ്രചോദനം അതിനു തൊട്ടുമുമ്പു നടന്ന കുറെ സംഭവങ്ങളായിരുന്നു. 1933 മെയ് 10 ന് ജര്‍മ്മന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ യഹൂദരും ഫ്രഞ്ചുകാരും അമേരിക്കക്കാരുമായ എഴുത്തുകാരുടെ 25,000 പുസ്തകങ്ങളാണു കത്തിച്ചത്. സ്റ്റാലിനിസ്റ്റ് റഷ്യ കൊന്നുതള്ളിയ കമ്മ്യൂണിസ്റ്റു വിരുദ്ധ എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും കൈയും കണക്കുമില്ല. "ഹോളിവുഡ് ടെന്‍" എന്നറിയപ്പെട്ട ഇടതുപക്ഷ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും 1938 ല്‍ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തി. ഇത്തരം കത്തിക്കലുകളും കണ്ണടച്ചിരുട്ടാക്കലും ഒരിക്കലും അവസാനിക്കുന്നില്ലല്ലോ. സല്‍മാന്‍ റഷ്ദിയുടെ "സെയ്റ്റാനിക് വേഴ്സസി"നെതിരെ അയത്തൊള്ള ഖൊമൈനി ഫത്വാ പുറപ്പെടുവിച്ചത് 1989 ലായിരുന്നല്ലോ. ആ പുസ്തകത്തിന്‍റെ തര്‍ജ്ജമക്കു ശ്രമിച്ച ജപ്പാന്‍കാരന്‍ 1991 ജൂലൈ മാസത്തില്‍ കൊല്ലപ്പെട്ടു. അതേമാസം ഇറ്റാലിയന്‍ തര്‍ജ്ജമയ്ക്കു ശ്രമിച്ചയാളെ ആരോ കുത്തി. 1993 ല്‍ അതിന്‍റെ നോര്‍വീജിയന്‍ പ്രസാധകനു നേര്‍ക്ക് മൂന്നുതവണ നിറയൊഴിച്ചു. ആ പുസ്തകം വില്പനക്കു വച്ച പലകടകളും അഗ്നിക്കിരയായി.

"ഞാന്‍ മാത്രം ശരി" വാദങ്ങള്‍ അങ്ങനെ തെഴുക്കുകയാണ്.

* * *

2013 ജൂണില്‍ മ്യാന്‍മറിലെ ബുദ്ധിസ്റ്റുകള്‍ക്കും മുസ്ലീമുകള്‍ക്കും ഇടയില്‍ കൊടിയ കലാപമുണ്ടായല്ലോ. അതിനെ തുടര്‍ന്ന് അവിടം സന്ദര്‍ശിച്ച ന്യൂയോര്‍ക് ടൈംസിന്‍റെ നിക്കോളാസ് ക്രിസ്റ്റോഫ് പതിമൂന്നു വയസ്സുള്ള ഒരു ബുദ്ധിസ്റ്റു പയ്യനോടു ചോദിച്ചു: "ഒരു മുസ്ലീമിനെ കണ്ടാല്‍ എന്തു ചെയ്യും?" അവന്‍റെ മറുപടി: "കൊല്ലും ഞാനവനെ." പിന്നീട് അദ്ദേഹം എട്ടുവയസ്സുള്ള ഒരു മുസ്ലീം കുട്ടിയോടു ചോദിച്ചു: "ഒരു ബുദ്ധിസ്റ്റിനെ കണ്ടാല്‍ എന്തു ചെയ്യും? അവന്‍റെ മറുപടി: "തലയെടുക്കും ഞാന്‍."

മുന്‍വിധികള്‍ ഇങ്ങനെയാണ് ശുഷ്കമായ ഒരു ജീവിതത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. അതില്‍നിന്നു മോചിതമാകണമെങ്കില്‍ ആദ്യം വേണ്ടത് അനേകം മുന്‍വിധികളുടെ ചരടുകളാല്‍ ഞാന്‍ നിയന്ത്രിക്കപ്പെടുന്നുവെന്ന് സ്വയം അംഗീകരിക്കുക എന്നതാണ്.

You can share this post!

ശാന്തപദം സുരക്ഷിതം

സഖേര്‍
അടുത്ത രചന

മനോനില ചിത്രണം

ടോം മാത്യു
Related Posts