കാണാനുദ്ദേശിച്ചുവന്ന അച്ചന്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ ധ്യാനത്തിനൊക്കെപ്പോകാറുള്ള, പ്രായമുള്ള ഏതെങ്കിലുമൊരച്ചനെക്കാണണമെന്നു നിര്‍ബ്ബന്ധിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ആ വകുപ്പില്‍ ഞാന്‍ മാത്രമെ അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നുള്ളു. അതുകൊണ്ടാണു ഞാനിറങ്ങിച്ചെന്നത്.
അവരു രണ്ടുപേരുണ്ടായിരുന്നു. അതിലൊരാള്‍ക്ക് എന്നെക്കണ്ടപ്പോള്‍ ഭയങ്കര സന്തോഷം.
"അച്ചനിവിടുണ്ടെന്നറിഞ്ഞില്ലായിരുന്നു. ഏതായാലും അച്ചനെത്തന്നെ കണ്ടതു നന്നായി."
എനിക്കാളെ മുമ്പെങ്ങും കണ്ടിട്ടുപോലുമുള്ള ഓര്‍മ്മയുമില്ലായിരുന്നു. എന്‍റെ നിസ്സംഗഭാവം കണ്ടിട്ടാകണം അയാള്‍ അടുത്തനാളില്‍ ഞാന്‍ നടത്തിയ ഒരു ധ്യാനത്തിനുണ്ടായിരുന്ന വിവരമൊക്കെ വിശദീകരിച്ചു. സ്വകാര്യമായി അല്പസമയം സംസാരിക്കണമെന്നാവശ്യപ്പെട്ടതുകൊണ്ട് കൂടെ വന്നയാളെ മുറിയിലിരുത്തി ഞങ്ങള്‍ കുറച്ചകലേയ്ക്കു മാറിനിന്നു.
കൂടെയുള്ളയാളെ നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടുവന്നിരിക്കുന്നതാണ്. ഹിന്ദുമതത്തിലേയ്ക്കു തിരിച്ചുപോകാന്‍ തീരുമാനമെടുത്തിരിക്കുന്ന ഒരു പരിവര്‍ത്തിത ക്രൈസ്തവനാണ്. പലരും പറഞ്ഞിട്ടും അയാള്‍ ആ തീരുമാനത്തില്‍ ഉറച്ചുനില്ക്കുകയാണ്. അയാള്‍ പോയാല്‍ വേറെ കുറേപ്പേരും ആ കൂട്ടത്തില്‍ പോകും. അതുകൊണ്ട് അടിയന്തിരമായി എന്തെങ്കിലും ചെയ്യണം. സംസാരത്തിന്‍റെ സാരാംശം അതായിരുന്നു.
"തനിക്കെന്നോടു വ്യക്തിവൈരാഗ്യം വല്ലതുമുണ്ടോ? ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യമാണ് അയാളുപയോഗിക്കുന്നത്. ഏതുമതത്തിലും വിശ്വസിക്കാന്‍ അയാള്‍ക്ക് അവകാശമുണ്ട്. ഒരുകാലത്ത് അയാള്‍ ഹിന്ദു ആയിരുന്നു. അതല്ല ക്രിസ്തുമതമാണു ശരി എന്നുതോന്നിയപ്പോള്‍ അയാള്‍ ക്രിസ്ത്യാനിയായി. ഇന്നിപ്പോള്‍ അയാള്‍ക്ക് അതു തെറ്റിപ്പോയി ഹിന്ദുമതം തന്നെയാണു ശരിയെന്നു തോന്നി അയാള്‍ തിരിച്ചു പോകാന്‍ തുടങ്ങുമ്പോള്‍ ഞാനതിനു തടയിടാന്‍ തുനിഞ്ഞാല്‍ അയാളതിനു കേസുകൊടുത്താല്‍ ഞാന്‍ അഴിയെണ്ണും. പേരും പടോം പത്രത്തില്‍ വരുന്ന പരിപാടിയാണെങ്കിലും വാതത്തിന്‍റെ അസുഖമുള്ളതുകൊണ്ട് സാഹസത്തിനൊന്നും മനസ്സില്ല."
"അച്ചനെന്നെ കളിയാക്കാന്‍ പറഞ്ഞതാണെന്നെനിക്കറിയാം. അച്ചാ അയാളു മനസ്സായിട്ടു പോകുന്നതല്ല. ആരൊക്കെയോ അയാളെ വശീകരിച്ചു സമ്മതിപ്പിച്ചിരിക്കുന്നതാ. ഏതായാലും അച്ചനൊന്നു സംസാരിച്ചുനോക്കാമല്ലോ."
"അയാള്‍ക്കു പറയാനുളളതു കേട്ടിട്ട് എനിക്കെന്തു ചെയ്യാന്‍ പറ്റുമെന്നു നോക്കാം."
ഞാന്‍ ഒറ്റയ്ക്കു മുറിയിലേയ്ക്കു കയറിച്ചെന്നു. അയാള്‍ എഴുന്നേറ്റു വണങ്ങി.
"അച്ചാ, അങ്ങേരു കാര്യമൊക്കെ പറഞ്ഞുകാണുമല്ലോ. ഞാന്‍ തീരുമാനമെടുത്തുകഴിഞ്ഞ കാര്യമാണ്. ഇനിയും ആരുപറഞ്ഞാലും അതിനു മാറ്റം വരുമെന്നും തോന്നുന്നില്ല. പിന്നെ അങ്ങേരൊരു നല്ലമനുഷ്യനായതുകൊണ്ട് നിര്‍ബ്ബന്ധിച്ചപ്പോള്‍ ഞാന്‍ കൂടെപ്പോരാന്‍ സമ്മതിച്ചെന്നേയുള്ളു."
"എന്‍റെ കാര്യവും അങ്ങനെതന്നെ. ഇദ്ദേഹത്തോടു സംസാരിക്കണമെന്ന് അങ്ങേരിപ്പോള്‍ നിര്‍ബ്ബന്ധിച്ചതുകൊണ്ടു മാത്രമാണ് ഞാനുമിപ്പോളിവിടിരിക്കുന്നത്. സംസാരിച്ച് ഇയാളുടെ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റം വരുത്താമെന്ന മോഹമൊന്നും എനിക്കില്ലതാനും. എന്നാലും 'ഘര്‍ വാപസി'യൊക്കെ നടക്കുന്ന ഇക്കാലത്ത് ഇങ്ങനെയൊന്നു കേട്ടപ്പോള്‍ ഒരു കൗതുകംതോന്നി തന്നെ കാണാന്‍വന്നു എന്നുള്ളതു സത്യം." ഞാന്‍ സത്യം മറച്ചു വച്ചില്ല.
"അച്ചനിത്രയും തുറന്നുപറഞ്ഞതുകൊണ്ട് ഞാന്‍ സത്യമെന്താണെന്നു പറയാം. ഘര്‍ വാപസിയൊക്കെ ഇപ്പോള്‍ വന്നതല്ലെ? ഞാനിതു രണ്ടുമൂന്നു വര്‍ഷങ്ങളായിട്ടാലോചിച്ചു തീരുമാനിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യമാണ്. അതു പൂര്‍ത്തിയായതിപ്പോഴാണെന്നേയുള്ളു. ഞാനിതു പരസ്യപ്പെടുത്തി ആളുകൂട്ടി പ്രഖ്യാപിക്കാനൊന്നും പോകുന്നില്ല. അച്ചന്മാരും സിസ്റ്ററന്മാരുമൊക്കെ ചിന്തിക്കുന്നതുപോലെ ആരും എന്നെ നിര്‍ബ്ബന്ധിച്ചിട്ടുമില്ല. എനിക്കെന്തെങ്കിലും തരാമെന്നു പറഞ്ഞു മോഹിപ്പിച്ചിട്ടുമില്ല. എനിക്കു നാലുമക്കളാണ്. മൂന്നാണും ഒരുപെണ്ണും. രണ്ടരക്കൊല്ലം മുമ്പുവരെയും ആണ്‍മക്കളു പള്ളീ പ്പോകാതിരുന്നാല്‍ ഞാന്‍ വഴക്കുപറഞ്ഞു വിടുമായിരുന്നു. ഞാനതു നിര്‍ത്തി. അവരിപ്പോള്‍ പോകുന്നുണ്ടോ എന്നെനിക്കറിയില്ല.
എന്‍റെ അപ്പനുമമ്മയും എനിക്കിരുപതു വയസ്സുള്ളപ്പോള്‍ പെന്തക്കൊസ്തു സഭയില്‍ ചേര്‍ന്നതാണ്. എന്‍റെ മൂത്തരണ്ടു സഹോദരിമാരുടെയും കല്യാണം കഴിഞ്ഞിരുന്നു. ഞങ്ങളു ക്രിസ്ത്യാനികളായതിന്‍റെ പേരില്‍ പിണങ്ങി പിന്നീട് അവരു വീട്ടില്‍ കയറിയിട്ടില്ല. അഞ്ചാറുവര്‍ഷം കഴിഞ്ഞ് ഞാന്‍ പെന്തക്കൊസ്തു വിഭാഗത്തില്‍പെട്ട ഒരുപെണ്ണിനെ കല്യാണംകഴിച്ചു. പൊട്ടിപ്പൊളിഞ്ഞ ഒരു ചെറിയ വീടാണുണ്ടായിരുന്നത്. പെന്തക്കൊസ്തു സഹോദരങ്ങളുടെ സംഭാവനകൊണ്ട് നല്ലയൊരു വീടിന് അടിത്തറകെട്ടി. ആയിടയ്ക്കായിരുന്നു അവിടടുത്തൊരു പള്ളിയില്‍ കരിസ്മാറ്റിക് ധ്യാനം നടന്നത്. അയല്‍പക്കകാരൊക്കെപ്പറഞ്ഞതു കേട്ട് ഞങ്ങളും പോയി ധ്യാനം കൂടി. അതോടെ അപ്പനും അമ്മയ്ക്കും മനസ്സുമാറ്റമുണ്ടായി, അവരു കത്തോലിക്കാസഭേല്‍ചേര്‍ന്നു. ആ കൂടെ വേറെ കുറെ പെന്തക്കൊസ്തുകാരും കത്തോലിക്കായില്‍ചേര്‍ന്നു. കുറച്ചുനാള്‍കഴിഞ്ഞ് കുടുംബത്തില്‍ അലോഹ്യമൊഴിവാക്കാന്‍ ഞാനും കുടുംബവും അങ്ങോട്ടുതന്നെ കൂടി കത്തോലിക്കരായി. അതോടെ സഹായംനിന്നു, വീടുപണി മുടങ്ങി. ഒന്നുരണ്ടു കൊല്ലം കഴിഞ്ഞ് ഇടവകപ്പള്ളിയില്‍ ഒരപേക്ഷവച്ചു. സഹായം കിട്ടാനാണോ കത്തോലിക്കാസഭേല്‍ ചേര്‍ന്നതെന്ന പരിഹാസമായിരുന്നു അധികാരികളില്‍നിന്നും കിട്ടിയത്. മക്കളു നാലായപ്പോള്‍ ചെലവും കൂടി. താമസിക്കുന്ന പത്തുസെന്‍റു മാത്രമെയുള്ളു ഭൂമി. പത്തറുപത്തഞ്ചുവയസ്സായിരുന്ന അപ്പനുമമ്മയും ഞാനുംകൂടി പണിയെടുത്താണ് വീടു പുലര്‍ത്തിയത്. ഒരു പുതിയവികാരിയച്ചന്‍ വന്നപ്പോള്‍ പള്ളി ചെറുതായിരുന്നതുകൊണ്ട് പുതിയ പള്ളിപണിയാന്‍ പ്ലാനിട്ടു. പള്ളിയോഗത്തില്‍ തീരുമാനമായി. പണി തുടങ്ങി. പിരിവുകൊടുക്കാന്‍ പറ്റാത്തവരു പകരം പൊതുപ്പണിയെടുത്തു വീട്ടണം എന്നായിരുന്നു തീരുമാനം. ആഴ്ചയില്‍ ഒന്നോരണ്ടോദിവസം പണിയെടുത്തിട്ടും അതുപോരെന്നും തിരക്കു പണിയുള്ളപ്പോള്‍ തുടര്‍ച്ചയായിട്ടു പണിയണമെന്നും നിര്‍ബ്ബന്ധമായപ്പോള്‍ ഗതിമുട്ടി അപ്പനുമമ്മയും പെന്തക്കോസ്തിലേയ്ക്കുതന്നെ തിരികെപ്പോയി. പണ്ടുകൂടെച്ചേര്‍ന്ന കുറേപ്പേരും ആകൂട്ടത്തില്‍ തിരിച്ചുപോയി. ഞാന്‍ പിന്നെയും പിടിച്ചുനിന്നു. മൂത്ത ആണ്‍മക്കളു രണ്ടും പത്താംക്ലാസ്സില്‍ പഠിത്തംനിര്‍ത്തി ഓരോ ചെറിയ ജോലിക്കുപോയിതുടങ്ങി. താമസിച്ചിരുന്നവീട് ആകെ പൊട്ടിയൊലിച്ചിരുന്നതുകൊണ്ട് എല്ലാവരുംകൂടി ഉത്സാഹിച്ച് പണ്ടേ കെട്ടിയിട്ടിരുന്ന പുരത്തറയുടെ പാതി കെട്ടിപ്പൊക്കി അത്യാവശ്യം താമസിക്കാന്‍ പാകമാക്കി. അപ്പോഴും പള്ളിയില്‍ അപേക്ഷവച്ചിട്ട് പള്ളി പണിതതിന്‍റെ കടം പറഞ്ഞ് കൈയ്യൊഴിഞ്ഞു. ആണ്‍മക്കളതോടെ പള്ളീപ്പോക്കു നിര്‍ത്തി. പിന്നെ നിര്‍ബ്ബന്ധിച്ചാണ് പറഞ്ഞുവിട്ടിരുന്നത്. രണ്ടരവര്‍ഷംമുമ്പ് പള്ളിയില്‍ പോയിട്ടു വന്നവഴി പത്താംക്ലാസ്സില്‍ പഠിച്ചിരുന്ന മകളെ ആ ഇടവകയിലെ ഒരുമാന്യന്‍റെ മകന്‍ കയറിപ്പിടിച്ചതിന് ആങ്ങളമാരു ചോദ്യം ചെയ്തതിന്‍റെ പേരില്‍ ഇടവകയില്‍ സംഘര്‍ഷമുണ്ടായി. ഞങ്ങളൊറ്റപ്പെട്ടു. അന്നുമുതല്‍ അവരു പള്ളീപ്പോക്കു നിര്‍ത്തി. ഞാനും പോക്കുകുറച്ചു. ഭാര്യ പണ്ടേ അപ്പന്‍റെയും അമ്മയുടെയും കൂടെ പെന്തക്കോസ്തിലേയ്ക്കു പോയിരുന്നു. മക്കളൊക്കെ വളര്‍ന്നു. മൂത്തആണ്‍മക്കളു രണ്ടും ഒരോ പെണ്‍കുട്ടികളുമായി അടുപ്പത്തിലാണ്. അവരു ഹിന്ദുക്കളാണുതാനും. അങ്ങനൊരു സാഹചര്യത്തിലാണ് വീട്ടില്‍തന്നെ നാലുപാടാകാതെ പണ്ടത്തെ ഹിന്ദുവിശ്വാസത്തിലേയ്ക്കുതന്നെ മടങ്ങിയാലോ എന്നു ഞാനാലോചിച്ചത്. കൊട്ടാരംപോലത്തെ പള്ളിപണിതപ്പോഴും കൂലിപ്പണികൊണ്ടു പോലും തികയാതിരുന്ന ഞങ്ങളുടെ കണ്ണുനീരുകാണാത്ത കൂട്ടരെക്കാള്‍ ഭേദം ഞങ്ങളെ കൂടെക്കൂട്ടുന്നവരുടെ കൂട്ടത്തിലേയ്ക്കു പോകുന്നതാണെന്നുതോന്നി. മക്കള്‍ക്കെല്ലാവര്‍ക്കും സമ്മതം. ഞങ്ങളുപോയാല്‍ അപ്പനുമമ്മയും പോരുകയാണെന്നു പറഞ്ഞു. അതറിഞ്ഞപ്പോള്‍ പണ്ടുകൂടെപ്പോന്നവരും പോന്നാലോ എന്നാലോചിക്കുകയാണെന്നു പറയുന്നു. ഞങ്ങളെ ആരും നിര്‍ബ്ബന്ധിച്ചിട്ടുമല്ല. ഞങ്ങള്‍ക്കൊന്നും തരാമെന്നും പറഞ്ഞിട്ടില്ല. ഞങ്ങളൊരു പൂജാരിയെയും വിളിക്കുന്നില്ല. പരസ്യോം കൊടുക്കുന്നില്ല. ഞങ്ങളു പള്ളീലേയ്ക്കില്ലെന്നുമാത്രം. അത്യാവശ്യം അമ്പലത്തിലൊക്കെ പോയിത്തുടങ്ങും. പിന്നെ മക്കളുടെ കാര്യം. അതവരു തീരുമാനിച്ചോട്ടെ. ഞാനീ പറഞ്ഞതിനെപ്പറ്റി അച്ചനെന്തുപറയുന്നു. അച്ചനിനീം അങ്ങേരു നിര്‍ബ്ബന്ധിച്ചകാരണം എന്നോടീ തീരുമാനം മാറ്റാന്‍ പറഞ്ഞാലും ഞാന്‍ മാറ്റില്ല എന്നു നേരത്തെ പറഞ്ഞല്ലോ. അതുപോലെ മനസ്സുമടുത്തിട്ടാണച്ചാ."
"തന്‍റെ വിശ്വാസംപോലെ താന്‍ചെയ്യ്. അതല്ലാതെ എനിക്കൊന്നും പറയാനില്ല. ഒന്നു മാത്രം ഓര്‍മ്മിക്കുക; തമ്പുരാനില്‍ വിശ്വാസമുണ്ടെങ്കില്‍ ശരിയേത് എന്നുകാണിച്ചുതരാന്‍ ഒന്നൂടെ പ്രാര്‍ത്ഥിക്ക്. എന്നിട്ട് പകതീര്‍ക്കലോ, തിരിച്ചടിയോ, ഓടിയൊളിക്കലോ ഒന്നുമാകാതെ, ശരിയെന്നുറപ്പുള്ളതു ചെയ്യുക. പിന്നീടു തിരിഞ്ഞുനോക്കുമ്പോള്‍ 'അതു വേണ്ടായിരുന്നു' എന്നു ദുഃഖിക്കാനിടയാകാതിരിക്കണമെങ്കില്‍ തീരുമാനത്തിന് മനസ്സാക്ഷിയുടെ അംഗീകാരം ഉണ്ടായിരിക്കണം."
മറുപടിക്കു കാത്തുനില്ക്കാതെ ഞാന്‍ മുറിയുടെ പുറത്തുവരുമ്പോള്‍ ആകാംക്ഷയോടെ മറ്റെയാള്‍ കാത്തുനില്ക്കുന്നുണ്ടായുരുന്നു.
"വല്ലോം രക്ഷയുണ്ടോ അച്ചോ?"
"രക്ഷിക്കാന്‍ ഞാന്‍ തമ്പുരാനല്ലല്ലോ. വിട്ടുപോകുന്നവരെ കുറ്റം പറഞ്ഞിട്ടെന്തുകാര്യം? കോടികള്‍ മുടക്കി പള്ളിയും മേടയും പണിയുമ്പോള്‍ വി. ബേസില്‍ പണ്ടുപറഞ്ഞതു മറക്കുന്നു: 'അള്‍ത്താരകള്‍ പട്ടുകൊണ്ടു പൊതിയുമ്പോള്‍ ഉടുതുണിയില്ലാത്ത പാവങ്ങളെ ഓര്‍ക്കുക, സക്രാരി പൊന്നു പൊതിയുമ്പോള്‍ തലയ്ക്കുമീതെ മേല്‍ക്കൂരയില്ലാത്തവരെ മറക്കാതിരിക്കുക.' മാനംമുട്ടുന്ന പള്ളിമുഖവാരങ്ങളും തൊണ്ട കീറുന്ന കീര്‍ത്തന അട്ടഹാസങ്ങളും ഉള്ളിലെ ശൂന്യത മറയ്ക്കാനുള്ള പുകമറകള്‍ മാത്രം. അതു തിരിച്ചറിയണമെങ്കില്‍ ഇന്നു തമ്മില്‍ പോരടിക്കുന്ന, പരസ്പരം പാരവയ്ക്കുന്ന, റീത്തുകള്‍ മതിലുകള്‍ സൃഷ്ടിക്കുന്ന, പൈതൃകം ഭിന്നിപ്പിക്കുന്ന, പണക്കൊഴുപ്പിന്‍റെ പര്യായമായ സഭയ്ക്കും പ്രത്യേകിച്ചു കേരളസഭയ്ക്കും ആരും അന്യരില്ലാത്ത ആരേയും അന്യരാക്കാത്ത സര്‍വ്വരും അന്യരാക്കിയവരേയും സ്വന്തമാക്കുന്ന യേശുവിലേയ്ക്കുള്ള ഒരു 'ഘര്‍ വാപസി' അനിവാര്യമായിരിക്കുന്നു. അതിന്‍റെ വിളംബരം മാത്രമാണെന്നോര്‍മ്മിക്കുക അടിക്കടി പത്രത്താളുകളില്‍ വരുന്ന ഘര്‍ വാപസി വാര്‍ത്തകള്‍."
അയാള്‍ അന്തംവിട്ടു വായുംപൊളിച്ചു നില്ക്കുമ്പോള്‍ തിരിഞ്ഞുനോക്കാതെ ഞാന്‍ സ്ഥലംവിട്ടു.