news-details
സാമൂഹിക നീതി ബൈബിളിൽ

സഹോദരന്‍ - കാവല്‍ക്കാരന്‍

"കര്‍ത്താവ് കായേനോടു ചോദിച്ചു: നിന്‍റെ സഹോദരന്‍ ആബേല്‍ എവിടെ? അവന്‍ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്‍റെ കാവല്‍ക്കാരനാണോ ഞാന്‍?" (ഉല്‍പത്തി 4: 9).

മനുഷ്യര്‍ തമ്മിലുള്ള പരസ്പരബന്ധത്തില്‍ അവശ്യം നിലനില്‍ക്കേണ്ട ഒരു സവിശേഷ ഗുണമാണ് സാമൂഹ്യനീതി. സമൂഹത്തില്‍ നീതി പുലരാന്‍ പാലിക്കേണ്ട ഒരു മനോഭാവത്തിലേക്ക് മേലുദ്ധരിച്ച ദൈവവചനം ശ്രദ്ധ ക്ഷണിക്കുന്നു. അപരനെ ശത്രുവായിക്കണ്ട് എതിരിട്ടു തോല്‍പ്പിക്കാനും കീഴടക്കി നശിപ്പിക്കാനും പ്രേരിപ്പിക്കുന്ന ഒരു മനോഭാവം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അപരന്‍ എനിക്കു നരകമാണെന്നു കരുതുന്ന, പഠിപ്പിക്കുന്ന തത്ത്വശാസ്ത്രങ്ങളും അവയില്‍ നിന്നുരുത്തിരിയുന്ന പ്രത്യയശാസ്ത്രങ്ങളും ഉണ്ട്.  എന്നാല്‍ ഈ കാഴ്ചപ്പാടും നിലപാടും ഒരിക്കലും സാമൂഹ്യനീതിയിലേക്കും യഥാര്‍ത്ഥവും ശാശ്വതവുമായ സമാധാനത്തിലേക്കും നയിക്കുകയില്ലെന്നതിന് ചരിത്രം സാക്ഷി.

ദൈവത്തിന്‍റെ ചോദ്യവും കായേന്‍റെ തര്‍ക്കുത്തരവും സാമൂഹ്യനീതിയുടെ കാതലിലേക്കു തന്നെയാണ് വിരല്‍ചൂണ്ടുന്നത്. വയലിലേക്കു വിളിച്ചുകൊണ്ടുപോയി, സാക്ഷികള്‍ ആരുമില്ലെന്നുറപ്പാക്കിയതിനു ശേഷം കായേന്‍ തന്‍റെ ഇളയ സഹോദരന്‍ ആബേലിനെ വധിച്ചു. എന്താണീ ക്രൂരകൃത്യത്തിനു കായേനെ പ്രേരിപ്പിച്ചത് എന്നു വ്യക്തമല്ല; എന്നാല്‍ ബൈബിള്‍ ചില സൂചനകള്‍ നല്‍കുന്നുണ്ടു താനും. കാര്യകാരണങ്ങളിലേക്കു തിരിയുന്നതിനു മുമ്പേ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്. ബൈബിള്‍ ആരംഭം മുതല്‍ അവസാനം വരെ ഊന്നിപ്പറയുന്ന ഒരു സത്യം: മനുഷ്യര്‍ പരസ്പരം സഹോദരങ്ങളാണ്. അതേസമയം ഈ സാഹോദര്യത്തിന്‍റെ നിരാസവും തിരസ്കാരവുമായി പാപം കടന്നുവരുന്നതും, അത് മനുഷ്യജീവിതത്തെ മുഴുവന്‍ വിഷലിപ്തമാക്കുന്നതും ബൈബിള്‍ തന്നെ വരച്ചുകാട്ടുന്നുണ്ട്. പറുദീസായില്‍ തുടങ്ങിയതാണ് ഈ ദ്വന്ദ്വഭാവം.  

ആദ്യപുരുഷന്‍ സ്ത്രീയെ ആദ്യമായി കണ്ടപ്പോള്‍ ഉരുവിട്ട ആദ്യത്തെ പ്രേമഗാനം ഈ സാഹോദര്യത്തെ ഊന്നിപ്പറയുന്നു: "ഒടുവില്‍ ഇതാ, എന്‍റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും" (ഉല്‍പത്തി 2: 23). നീ എന്‍റേതാണ്; ഞാന്‍ നിന്‍റേതും. നാം ഒന്നാണ് എന്ന ആദിമനുഷ്യന്‍റെ കീര്‍ത്തനത്തെ ദൈവം അംഗീകരിച്ചതാണ്. ഉറക്കിയ പുരുഷന്‍റെ വാരിയെല്ലില്‍നിന്നു സ്ത്രീയെ സൃഷ്ടിക്കുമ്പോള്‍ ദൈവം തന്നെ ഈ അഭേദ്യബന്ധത്തിന് അടിത്തറയിടുന്നു.

എന്നാല്‍ ജീവന്‍റെ ഉറവിടമായ ദൈവത്തെ നിഷേധിച്ചതോടെ ഈ സഹോദരബന്ധത്തില്‍ വിള്ളല്‍ വീണു. വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്‍റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പുരുഷന്‍ തന്‍റെ പ്രേമഗാനം മറന്നു; സ്ത്രീയെ തന്‍റെതന്നെ ഭാഗമായല്ല, ശത്രുവും പ്രലോഭനകാരിയുമായാണ് ചിത്രീകരിക്കുന്നത്.  "നീ എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്‍റെ പഴം എനിക്കു തന്നു. ഞാന്‍ അതു തിന്നു." (ഉല്‍പത്തി 3: 12). ദൈവനിഷേധം സഹോദരനിഷേധത്തിലേക്കു നയിക്കുന്നു എന്ന അടിസ്ഥാന സത്യമാണ് വി. ഗ്രന്ഥകാരന്‍ കഥാരൂപത്തില്‍, പ്രതീകങ്ങളിലൂടെ, അവതരിപ്പിക്കുന്നത്. സഹോദര നിഷേധം ആത്യന്തികമായി എങ്ങോട്ടാണ് നയിക്കുന്നതെന്ന് കായേന്‍റെ കഥയിലൂടെ വ്യക്തമാക്കുന്നു. ദൈവദത്തമായ പ്രമാണങ്ങള്‍, അഥവാ പ്രകൃതിജീവിത നിയമങ്ങള്‍ ലംഘിക്കുന്നിടത്ത് ഐക്യം തകരുന്നു. അസൂയയും ശത്രുതയും വിദ്വേഷവും ഉടലെടുക്കുന്നു. അതു കൊലപാതകത്തിലേക്കും സമൂലനാശത്തിലേക്കും നയിക്കുന്നു.

കായേന്‍റെ കഥയിലേക്കു മടങ്ങിവരുമ്പോള്‍ ആദ്യമേ ശ്രദ്ധയില്‍പ്പെടുന്നത് അവന്‍റെ ബലിയര്‍പ്പണമാണ്. കായേനും ആബേലും, ഒരേ മാതാപിതാക്കള്‍ക്കു പിറന്ന സഹോദരര്‍. രണ്ടുപേരും ദൈവത്തിനു ബലിയര്‍പ്പിച്ചു. ഓരോരുത്തരും അവരവര്‍ക്കു ലഭ്യമായ വസ്തുക്കള്‍, തങ്ങളുടെ അദ്ധ്വാനഫലം, ആണ് അര്‍പ്പിച്ചത്. കര്‍ഷകനായ കായേന്‍ കാര്‍ഷികോല്പന്നങ്ങളും ഇടയനായ ആബേല്‍ ആടിന്‍റെ കൊഴുപ്പും. ഇതു തികച്ചും സ്വാഭാവികംതന്നെ. അര്‍പ്പിച്ച വസ്തുക്കളില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെന്നു വി. ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുപോലുമില്ല. പക്ഷേ ദൈവം ആബേലിന്‍റെ ബലി സ്വീകരിച്ചപ്പോള്‍ കായേന്‍റേതു തിരസ്കരിച്ചു. ഇവിടെയാണ് കഥാകാരന്‍റെ കാഴ്ചപ്പാടില്‍ ശത്രുതയുടെ തുടക്കം എന്നു തോന്നും, ആദ്യനോട്ടത്തില്‍. എന്നാല്‍ കായേനോടുള്ള കര്‍ത്താവിന്‍റെ ചോദ്യവും താക്കീതും, "ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ തന്നെ പതിയിരുപ്പുണ്ടെന്ന് ഓര്‍ക്കണം, നീ അതിനെ കീഴടക്കണം" (ഉല്‍പത്തി 4: 67), മറ്റൊരു ദിശയിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്.

ബലിയര്‍പ്പിച്ച വസ്തുവല്ല, അര്‍പ്പകന്‍റെ ഹൃദയമാണ് ദൈവം പരിഗണിക്കുന്നത്. ബലിയര്‍പ്പണ സമയത്തു തന്നെ കായേന്‍റെ ഹൃദയത്തില്‍ ആബേലിനെതിരെ ശത്രുത പതിയിരുന്നു എന്ന ഒരു സൂചന ഈ ഓര്‍മ്മപ്പെടുത്തലില്‍ കാണാനാവും. കായേന്‍ ആബേലിനെ വെറുക്കാന്‍ കാരണം എന്താണെന്ന് വി. ഗ്രന്ഥകാരന്‍ പറയുന്നില്ല. എന്നാല്‍ ഉള്ളില്‍ സഹോദര വിദ്വേഷം വച്ചുകൊണ്ടുള്ള ബലിയര്‍പ്പണം ദൈവത്തിനു സ്വീകാര്യമല്ല എന്ന് ഇവിടെ ഊന്നിപ്പറയുന്നു.

കൊന്നവനും കൊല്ലപ്പെട്ടവനും സഹോദരങ്ങളാണ്; മാത്രമല്ല, ദൈവഭക്തരുമാണ്. ദൈവത്തിനുള്ള ബലിയര്‍പ്പണം സഹോദരവധത്തിലേക്കു നയിച്ചു എന്ന വി. ഗ്രന്ഥകാരന്‍റെ നിരീക്ഷണം തികച്ചും ഭയാനകമത്രെ. ബലിവേദി കുരുതിക്കളമായി. സഹോദരനെ ശത്രുവായിക്കരുതി ഉന്മൂലനം ചെയ്യാന്‍ കായേനെ പ്രേരിപ്പിച്ച മതാത്മകത ഇവിടെ പ്രതിക്കൂട്ടിലാകുന്നു. പരസ്പരം ഐക്യത്തില്‍ ബന്ധിപ്പിക്കേണ്ട മതം - (അതാണല്ലോ റെലിഗിയോ - റിലിജിയന്‍ എന്ന വാക്കിന്‍റെ മൂലാര്‍ത്ഥം). മനുഷ്യനെ പരസ്പരം അകറ്റുകയും തമ്മിലടിപ്പിക്കുകയും കൊലപാതകത്തിലേക്കു നയിക്കുകയും ചെയ്യുന്നതിന്‍റെ ഈ ഭീകരചിത്രം മാനവചരിത്രത്തിന്‍റെ ആരംഭത്തില്‍ നടന്ന ഒറ്റപ്പെട്ട സംഭവമല്ല; വഴിതെറ്റിയ ദൈവഭക്തിയും മദം പൊട്ടിയ മതാത്മകതയും ഒഴുക്കിയ സഹോദരരക്തം മാനവചരിത്രത്തിന്‍റെ ഇടനാഴികളില്‍ കട്ടപിടിച്ചു കിടക്കുന്നു, ഇന്നും ചൂടാറാതെ. മതഭക്തി മതഭ്രാന്തായും ദൈവവിശ്വാസം മത ഭീകരതയായും പരിണമിക്കുന്നതിന്‍റെ ഏറ്റം അവസാനത്തെ തെളിവുകള്‍ മധ്യപൗരസ്ത്യ ദേശത്തു നടമാടുന്ന ഇസ്ലാമിക സ്റ്റേറ്റിന്‍റെ (IS) കൊടും ഭീകരതയില്‍ ദൃശ്യമാണ്. കായേന്‍ എന്ന ദൈവവിശ്വാസി, അഥവാ മതഭീകരന്‍, ഇന്നും ചരിത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
കായേന്‍റെ കൊലപാതകത്തിന് ദൈവത്തെയും മതത്തെയും പഴിക്കാനാവുമോ? മാനവസാഹോദര്യത്തിന്‍റെ നാരായവേരിനു കത്തിവയ്ക്കുന്നത് ദൈവവിശ്വാസവും മതഭക്തിയുമാണെന്നു പഠിപ്പിക്കുന്ന യുക്തിവാദങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ഇന്നും പ്രബലമാണ്. എന്നാല്‍ ദൈവവും മതവുമാണോ അതിക്രമങ്ങള്‍ക്കു വഴി തെളിക്കുന്നത്? അല്ലായെന്ന് കായേന്‍റെ കഥ തുടര്‍ന്നു വായിച്ചാല്‍ ബോധ്യപ്പെടും. സഹോദരനെ വെറുക്കുന്നവന്‍റെ ബലി ദൈവത്തിനു സ്വീകാര്യമല്ല എന്ന് ഈ കഥതന്നെ ഉറക്കെ പ്രഖ്യാപിക്കുന്നു. കായേന്‍ ഉചിതമായി പ്രവര്‍ത്തിക്കാത്തതാണ് ബലി തിരസ്കൃതമാകാന്‍ കാരണം. ബൈബിളില്‍ ഉടനീളം പ്രതിധ്വനിക്കുന്ന ഒരു പ്രബോധനമാണിത്. ബലിയര്‍പ്പണം നീതിനിര്‍വ്വഹണത്തിനു സഹായിക്കണം; നീതിയില്ലാത്തിടത്തു ബലി സ്വീകാര്യമല്ല.

"അന്യായ സമ്പത്തില്‍ നിന്നുള്ള ബലി പങ്കിലമാണ്. നിയമ നിഷേധകന്‍റെ കാഴ്ചകള്‍ സ്വീകാര്യമല്ല... ദരിദ്രന്‍റെ സമ്പത്തു തട്ടിയെടുത്ത് ബലിയര്‍പ്പിക്കുന്നവന്‍ പിതാവിന്‍റെ മുമ്പില്‍ വച്ച് പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്. ദരിദ്രന്‍റെ ജീവന്‍ അവന്‍റെ ആഹാരമാണ്. അതപഹരിക്കുന്നവന്‍ കൊലപാതകിയാണ്" (പ്രഭാ. 34: 18-22) എന്നിങ്ങനെയുള്ള പ്രഭാഷക സൂക്തങ്ങള്‍ യഥാര്‍ത്ഥ ഭക്തിയും സാഹോദര്യവും സാമൂഹ്യനീതിയും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. നീതിയില്ലാത്ത, നീതി നിര്‍വ്വഹണത്തിലേക്കു നയിക്കാത്ത, അനീതി നിറഞ്ഞ ബലികളും മററു മതാത്മക ചടങ്ങുകളും ദൈവത്തിനു സ്വീകാര്യമല്ല. അവയെല്ലാം ദൈവത്തെ പ്രസാദിപ്പിക്കുകയല്ല, അവഹേളിക്കുകയും പ്രകോപിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് പ്രവാചകന്മാര്‍ തറപ്പിച്ചു പറഞ്ഞു. "നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങള്‍ എനിക്കു സഹിക്കാനാവില്ല. നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്സഹമായിരിക്കുന്നു" (ഏശ. 1: 13-15; ആമോ. 5: 21-23). ബലിയര്‍പ്പണത്തിനു മുമ്പേ സഹോദരനുമായി രമ്യതപ്പെടണം, അഥവാ ബലിയര്‍പ്പണം സാഹോദര്യത്തിലേക്കു നയിക്കണം എന്ന യേശുവിന്‍റെ പ്രബോധനം (മത്താ. 5: 23-24) ഈ കാഴ്ചപ്പാടിന്‍റെ തുടര്‍ച്ചയും സ്ഥിരീകരണവുമായി കാണാം.

ദൈവത്തിന്‍റെയും മതവിശ്വാസത്തിന്‍റെയും പേരില്‍ മനുഷ്യര്‍ മനുഷ്യനെതിരെ ആയുധമെടുക്കുന്നെങ്കില്‍ അത് ഏതു ദൈവത്തെ സംരക്ഷിക്കാനാണ് എന്നു ന്യായമായും ചോദിക്കേണ്ടതുണ്ട്. ഗ്രീസിലെ പുരാതനമായ ഒരു ആരാധന കേന്ദ്രമായിരുന്നു അപ്പോളോ ദേവനു പ്രതിഷ്ഠിതമായ ഡെല്‍ഫി. ഉടനെ ശത്രുക്കളുടെ ആക്രമണമുണ്ടാകും എന്ന് ഒരിക്കല്‍ അരുളപ്പാടുണ്ടായി. ദേവവിഗ്രഹം ഇളക്കിയെടുത്ത് സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ പുരോഹിതന്മാര്‍ ശ്രമിച്ചപ്പോള്‍ വീണ്ടും ഒരരുളപ്പാട്: "അപ്പോളോ തന്നെത്തന്നെ കാത്തുകൊള്ളും. നിങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ നോക്ക്." ജനം മലകളിലേക്ക് ഓടി രക്ഷപ്പെട്ടു. ശത്രുക്കള്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ ഭൂമി കുലുങ്ങി. വലിയ കല്ലുകള്‍ ഉരുണ്ടുവന്ന് ശത്രുസൈന്യത്തെ നശിപ്പിച്ചു എന്ന് ഐതിഹ്യം. ഇതു കഥയോ ചരിത്രമോ ആകട്ടെ, ഒരു കാര്യം പ്രസക്തമാണ്. ദൈവത്തെ സംരക്ഷിക്കാന്‍ വേണ്ടി മനുഷ്യന്‍ പരസ്പരം പടവെട്ടരുത്. ദൈവം വിദ്വേഷത്തിന്‍റെയും ശത്രുതയുടെയും ദൈവമല്ല, ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദൈവമാണ്. ഇതു സത്യമാണ്. ഈ സത്യമാണ് കായേന്‍റെ കഥയിലൂടെ വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത്.

ബലിപീഠത്തില്‍  നിന്നിറങ്ങി സഹോദരനെ വധിച്ച കായേനെ ദൈവം നേരിട്ടു. സാക്ഷികളാരുമില്ല എന്നു കരുതിയ കായേനു തെറ്റി. എല്ലാം  കാണുന്ന ദൈവം തന്‍റെ ചെയ്തികളും ഹൃദയവും കാണുന്നുണ്ട് എന്ന് അവനെ ബോധ്യപ്പെടുത്തുന്നതാണ് ദൈവത്തിന്‍റെ ചോദ്യം. തന്നെയുമല്ല, താന്‍ വധിച്ചത് സ്വന്തം സഹോദരനെയാണെന്നും അന്യായമായി ചിന്തപ്പെട്ട രക്തത്തിന്‍റെ നിലവിളി കേട്ട്, പ്രതികാരം ചെയ്യുന്നവനാണ് ദൈവം എന്നും തുടര്‍ന്നു കേള്‍ക്കുന്ന ദൈവസ്വരം പഠിപ്പിക്കുന്നു. "നീ എന്താണ് ചെയ്തത്? നിന്‍റെ സഹോദരന്‍റെ രക്തം മണ്ണില്‍ നിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്‍റെ കൈയില്‍ നിന്ന് നിന്‍റെ സഹോദരന്‍റെ രക്തം കുടിക്കാന്‍ വാ പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും... നീ ഭൂമിയില്‍ അലഞ്ഞു തിരിയുന്നവന്‍ ആയിരിക്കും" (ഉല്‍പത്തി 4: 10-12).

നിലവിളി കേള്‍ക്കുന്നവനാണ് ബൈബിളില്‍ സ്വയം വെളിപ്പെടുത്തുന്ന ദൈവം. അനീതിക്കും മര്‍ദ്ദനത്തിനും ഇരയാകുന്നതാരാണെങ്കിലും അവരുടെ നിലവിളി ദൈവം കേള്‍ക്കും. നീതിയുടെ കാര്യത്തില്‍ വര്‍ണ്ണ, വര്‍ഗ്ഗ, ജാതി, മത വ്യത്യാസമില്ല. ഈജിപ്തിലെ ഇഷ്ടികക്കളങ്ങളില്‍ നിന്നുയര്‍ന്നത് അടിമകളാക്കപ്പെട്ട ഇസ്രായേല്‍ ജനത്തിന്‍റെ നിലവിളിയാണ്; അവിടെ ദൈവം ഇറങ്ങിവന്നപ്പോള്‍ നിലവിളിക്കു കാരണക്കാരായ ഈജിപ്തിന്‍റെ അധിപര്‍ ശിക്ഷിക്കപ്പെട്ടു. (പുറ. 3: 7-8; 12: 29-36; 14: 24-25). ഇസ്രായേല്‍ ഒരു സാമ്രാജ്യമായി വളര്‍ന്നപ്പോള്‍ നിലവിളി കേട്ട് ദൈവം ഇറങ്ങിവന്നത് ഇസ്രായേലിന്‍റെ അധിപന്മാര്‍ക്കെതിരേ ശിക്ഷ നടപ്പിലാക്കാനാണ്(ഏശ.5). എന്നാല്‍ ദൈവത്തിന്‍റെ ശിക്ഷാവിധി നാശത്തിലേക്കല്ല, മാനസാന്തരത്തിലേക്കും, അതുവഴി രക്ഷയിലേക്കും നയിക്കാന്‍ വേണ്ടിയുള്ളതാണെന്ന് കായേന്‍റെ കഥയില്‍ തുടര്‍ന്നു പ്രസ്താവിക്കുന്നു.

"കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും" എന്ന കായേന്‍റെ വിലാപത്തിനു ദൈവം നല്‍കുന്ന മറുപടിയും സംരക്ഷണമുദ്രയും സംശയമുളവാക്കാം. കൊലപാതകിയായ കായേനെ കൊല്ലാന്‍ ദൈവം ആരെയും അനുവദിക്കുകയില്ല എന്നും കായേനെ കൊല്ലുന്നവനെതിരെ ഏഴിരട്ടി പ്രതികാരം ചെയ്യും എന്നും പറയുമ്പോള്‍ കായേന്‍ ഇനിയും നിര്‍ഭയനായി കൊലപാതകം തുടര്‍ന്നുകൊള്ളട്ടെയെന്ന് ദൈവം  അനുവദിക്കുകയാണോ? അതിനുവേണ്ടിയാണോ അവന്‍റെ നെറ്റിയില്‍ സംരക്ഷണമുദ്ര പതിക്കുന്നത്? തീര്‍ച്ചയായും അല്ല. എന്നാല്‍ ഈ സംരക്ഷണം നിഗൂഢമായ ദൈവിക സ്വഭാവത്തിലേക്കും ദൈവനീതിയിലേക്കും വെളിച്ചം വീശുന്നുണ്ട്. പാപിയുടെ മരണമല്ല, മാനസാന്തരമാണ് ദൈവം ആഗ്രഹിക്കുന്നത് (എസെ. 33: 11). കായേന്‍ കൊലപാതകം തുടരുകയല്ല, ആബേല്‍ തന്‍റെ സഹോദരനാണ് എന്നു മനസ്സിലാക്കി, തന്‍റെ തെറ്റിനെക്കുറിച്ച് അനുതപിക്കാനും സഹോദരനെ സ്നേഹിച്ചു സംരക്ഷിക്കാനും തയ്യാറാകണം. അതുവരെ അവന്‍ തന്‍റെ പാപഭാരവും ചുമന്ന് ശിക്ഷാഭീതിയോടെ അലയും.

മരണവും കൊലപാതകവും ഒന്നിനും പരിഹാരമാകുന്നില്ല. കൊല്ലുന്നവനെ കൊന്നതുകൊണ്ട് നീതി നടപ്പിലാവുകയില്ല. ആരും ആരെയും കൊല്ലുകയില്ലാത്ത, കൊല്ലണം എന്ന ചിന്തപോലും കടന്നുവരാത്ത ഒരു മനോഭാവം, അതില്‍നിന്നുരുത്തിരിയുന്ന ജീവിതശൈലിയും സമൂഹസംവിധാനവും സംജാതമാകണം. അതാണ് ദൈവം കൊലപാതകിക്കു നല്‍കുന്ന സംരക്ഷണത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും. ബൈബിള്‍ അവതരിപ്പിക്കുന്ന മനുഷ്യന്‍റെ ചരിത്രം മുഴുവന്‍തന്നെസാഹോദര്യത്തിന്‍റെ ചരിത്രമാണെന്നു പറഞ്ഞാല്‍ തെറ്റുണ്ടാവുകയില്ല. ദൈവമനുഷ്യബന്ധമാണ് ഈ സാഹോദര്യത്തിന്‍റെ ഉറവിടം;  യഥാര്‍ത്ഥ മതാത്മകത മാനവസാഹോദര്യത്തിന് അടിത്തറയാവണം. ദൈവത്തിന്‍റെ ഛായയില്‍, കുടുംബമായി വളരാന്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ പരസ്പരം സഹോദരങ്ങളാണെന്നു തിരിച്ചറിയണം. ശത്രുവായി കരുതി വകവരുത്തുകയല്ല, സഹോദരനായി കണ്ടു സംരക്ഷിക്കുകയാണ് വേണ്ടത്. "എനിക്കറിയില്ല, സഹോദരന്‍റെ കാവല്ക്കാരനാണോ ഞാന്‍" എന്ന ചോദ്യത്തില്‍ നുണയും ധിക്കാരവുമുണ്ട്. സഹോദരന്‍റെ രക്തംപുരണ്ട കയ്യിലെ കറ കഴുകിക്കളയാനോ ഒളിച്ചുവയ്ക്കാനോ കഴിയില്ല. അതിനാല്‍ മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരില്‍, വിശ്വാസത്തിന്‍റെയും ആചാരങ്ങളുടെയും മറവില്‍ നടക്കുന്ന യുദ്ധങ്ങള്‍ക്കും പീഡനങ്ങള്‍ക്കും നരഹത്യയ്ക്കും ഒരു ന്യായീകരണവുമില്ല. ദൈവം എല്ലാ മനുഷ്യരുടെയും സ്രഷ്ടാവും പിതാവും ആണെന്നും, മനുഷ്യരെല്ലാം സഹോദരങ്ങളാണെന്നുമുള്ള അടിസ്ഥാനസത്യം അംഗീകരിക്കാതെ സാമൂഹ്യനീതി സാധ്യമല്ല.

സഹോദരന്‍റെ കാവല്‍ എന്‍റെ ഉത്തരവാദിത്തമല്ല എന്നു ധിക്കാരം പറഞ്ഞ കായേന്‍റെ മനോഭാവത്തെ തിരുത്തിക്കുറിക്കുന്നതാണ് രക്ഷാചരിത്രം. വിശ്വാസികളുടെ പിതാവ് എന്നറിയപ്പെടുന്ന അബ്രാഹത്തിന്‍റെ മനോഭാവത്തില്‍ ഈ രക്ഷാചരിത്രത്തിന്‍റെ ഒരു വശം ദൃശ്യമാകുന്നു. വേലക്കാര്‍ തമ്മിലുണ്ടായ കലഹം തങ്ങളുടെ ബന്ധത്തെ ബാധിക്കുമോ എന്നു ഭയന്ന അബ്രാഹം സഹോദരപുത്രനായ ലോത്തിനോടു പറഞ്ഞു: "നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്മാര്‍ തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മള്‍ സഹോദരങ്ങളാണ്" (ഉല്‍പത്തി 13: 8). കലഹിക്കരുത്, നമ്മള്‍ സഹോദരങ്ങളാണ് എന്ന മനോഭാവമാണ് സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുക. അതുതന്നെയാണ് സാമൂഹ്യനീതിയുടെ അടിസ്ഥാനം. ഈ ഒരു മനോഭാവത്തിന് ബൈബിള്‍ തന്നെ അനേകം ഉദാഹരണങ്ങള്‍ നല്കുന്നുണ്ട്. പരസ്പരം അകന്നുപോയ ഇസ്മായേലും ഇസഹാക്കും പിതാവിന്‍റെ മരണസമയത്ത് ഒരുമിച്ചു; സഹോദരന്മാര്‍ ഒന്നിച്ച് പിതാവിനെ സംസ്കരിച്ചു (ഉല്‍പത്തി 25: 8). ജ്യേഷ്ഠനെ വഞ്ചിച്ച്, പിതാവിന്‍റെ അനുഗ്രഹം വാങ്ങി, ഒളിച്ചോടിയ യാക്കോബും അവസരം കിട്ടുമ്പോള്‍ അവനെ കൊല്ലും എന്നു ശപഥം ചെയ്ത ഏസാവും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയത് ശത്രുക്കളായല്ല, പരസ്പരം സ്നേഹിക്കുന്ന സഹോദരങ്ങളായാണ്(ഉല്‍പത്തി 27: 41; 33: 4). തന്നെ കൊല്ലാന്‍ ശ്രമിക്കുകയും പിന്നെ അടിമയായി വില്‍ക്കുകയും ചെയ്ത സഹോദരങ്ങള്‍ അനേകം വര്‍ഷങ്ങള്‍ക്കുശേഷം തന്‍റെ മുമ്പില്‍ ഭയന്നുവിറച്ചു നില്‍ക്കുമ്പോള്‍ ജോസഫ് പ്രതികാരത്തിനു ശ്രമിക്കുകയല്ല, സാഹോദര്യം ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത് (ഉല്‍പത്തി 45: 4-5).

ഇസ്രായേല്‍ ജനംതന്നെ ഒരു കൂട്ടായ്മയായിരുന്നു. പന്ത്രണ്ടു സഹോദരങ്ങളില്‍ നിന്നുത്ഭവിച്ച പന്ത്രണ്ടു ഗോത്രങ്ങളുടെ ഒരു സാഹോദര്യം; പരസ്പരം സംരക്ഷിക്കാനും കാവല്‍ നില്‍ക്കാനും പ്രതിജ്ഞാബദ്ധരാകേണ്ടവര്‍. മനുഷ്യരെല്ലാം സഹോദരങ്ങളാണ് എന്ന സത്യം തന്‍റെ ശിഷ്യന്മാര്‍ അംഗീകരിച്ച് നിരന്തരം അതനുസരിച്ചു ജീവിക്കണം എന്ന് യേശു അനുസ്മരിപ്പിക്കുന്നു. ശിഷ്യസമൂഹത്തിലെ ശുശ്രൂഷകള്‍ സ്ഥാനമാനങ്ങള്‍ക്കുള്ള തീട്ടൂരങ്ങളല്ല, സാഹോദര്യം ഉറപ്പിക്കാനുള്ള ഉത്തരവാദിത്തങ്ങളാണ് എന്നു ഗുരുനാഥന്‍ പഠിപ്പിച്ചു. "നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളു, നിങ്ങളെല്ലാം സഹോദരന്മാരാണ്" (മത്തായി 23: 8). യേശുവിന്‍റെ സഭ സഹോദരന്മാരുടെ കൂട്ടായ്മയാണ് - സകല മനുഷ്യരും സഹോദരങ്ങളുടെ കൂട്ടായ്മയായി വളരാന്‍ പ്രേരകമായി നില്‍ക്കുന്ന അടയാളവും ഉപകരണവും.

അപരനിലൂടെ എന്നെ സമീപിക്കുന്നതും, എന്‍റെ സ്നേഹവും പരിഗണനയും കാവലും ആവശ്യപ്പെടുന്നതും താന്‍ തന്നെയാണെന്ന ഗുരുമൊഴിയില്‍ ഈ സത്യം അതിന്‍റെ പൂര്‍ണ്ണതയില്‍ പ്രകടമാകുന്നു. "എനിക്കു വിശന്നു, നിങ്ങള്‍ എനിക്കു ഭക്ഷിക്കാന്‍ തന്നു..... എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്" (മത്തായി 25: 35-40). യഥാര്‍ത്ഥ മതവും വിശ്വാസവും അതു പ്രചരിപ്പിക്കുകയും ആചരിക്കുകയും ചെയ്യുന്ന ആചാര്യന്മാരും ജനവും ഈ സത്യം എന്നും അംഗീകരിക്കും. "അതിഥി ദേവോ ഭവ" എന്ന ഭാരത ഋഷിമാരുടെ സൂക്തം ഇതുതന്നെയല്ലേ പഠിപ്പിക്കുന്നത്? അതിനാല്‍ അപരനെ സഹോദരനായി കണ്ട് കാവല്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കാത്ത മതവും വിശ്വാസവും യഥാര്‍ത്ഥ ദൈവഭക്തിയോ ദൈവാരാധനയോ അല്ല, സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാണ് ലക്ഷ്യംവയ്ക്കുന്നത്. "ഉദരമാണ് അവരുടെ ദൈവം" (ഫിലി. 3: 19; റോമ 16: 18) എന്ന വി. പൗലോസിന്‍റെ വിലാപം ഈ സത്യത്തിന്‍റെ വ്യക്തമായ പ്രഖ്യാപനമാണ്. മനുഷ്യരെല്ലാം പരസ്പരം സഹോദരങ്ങളായി അംഗീകരിച്ച് കാവല്‍ നില്‍ക്കുന്നിടത്ത് യഥാര്‍ത്ഥ സാമൂഹ്യനീതി സംജാതമാകും. അതാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവിക പദ്ധതി. 

You can share this post!

സ്മൃതി ബോബി

ജോസ് കട്ടികാട
അടുത്ത രചന

ആരാധനാഭാസങ്ങള്‍

മൈക്കിള്‍ കാരിമറ്റം
Related Posts