news-details
ഇടിയും മിന്നലും

ഇരട്ടക്കുട്ടികളുടെ അച്ഛന്‍

പ്രസംഗവുംകഴിഞ്ഞ് പള്ളിയകത്തുനിന്നും സങ്കീര്‍ത്തിയിലേയ്ക്കു വേഗംനടക്കുമ്പോള്‍ ഏറ്റവും മുമ്പില്‍തന്നെ ഇരുന്നിരുന്ന ഒരാള്‍ വേഗമിറങ്ങി എന്നെക്കാള്‍ സ്പീഡില്‍ ആ ഭാഗത്തേയ്ക്കു നടക്കുന്നതുകണ്ടപ്പോഴേ പണികിട്ടീ എന്നുറപ്പായിരുന്നു. രണ്ടുമണിക്കൂറു ക്ലാസ്സുകഴിഞ്ഞപ്പോള്‍ അഞ്ചുമണിയായിരുന്നു. അഞ്ചുമിനിറ്റു നടന്നാല്‍ ബസ്റ്റോപ്പിലെത്താം. അഞ്ചേകാലിനു നേരിട്ടുള്ള ഒരുപ്രൈവറ്റുബസ്സുണ്ടെന്ന് നേരത്തെ ഞാന്‍ ചോദിച്ചറിഞ്ഞിരുന്നു. അതുകിട്ടിയാല്‍ മൂന്നു മണിക്കൂര്‍കൊണ്ട് ഒറ്റവണ്ടിക്ക് എനിക്ക് എന്‍റെ സ്ഥലത്തെത്താം. അതുകൊണ്ട് നന്ദിപ്രകടനത്തിനു മൈക്കിനടുത്തേയ്ക്കുവന്ന ആളെപോലും പറയാന്‍ സമ്മതിക്കാതെ ഞാന്‍ പള്ളിമുറിയിലേയ്ക്ക് വിട്ടുപോകുമ്പോഴായിരുന്നു അത്. അഞ്ചേകാലിന്‍റെ ബസ്സങ്ങുപോയാലും ധാരാളം വണ്ടികളുള്ള റൂട്ടാണ്, എനിക്കുകാര്യമായ തിരക്കുമില്ലായിരുന്നെങ്കിലും, ആരെങ്കിലും സംസാരിക്കാന്‍വന്നാല്‍ ഒഴിവാക്കാന്‍വേണ്ടിയായിരുന്നു വാസ്തവത്തില്‍ ഞാന്‍ തിടുക്കം കാണിച്ചതുതന്നെ.

അഭ്യസ്തവിദ്യര്‍ ധാരാളമുള്ള ആ വലിയ ഇടവകയിലെ മാതാപിതാക്കള്‍ക്കുവേണ്ടി മാത്രം പ്രത്യേകം ഒരുക്കിയിരുന്ന ഏകദിനപരിപാടിയുടെ ഭാഗമായിരുന്നു എന്‍റെ പ്രഭാഷണം. മക്കളുണ്ടാകാന്‍ താത്പര്യമില്ലാത്ത ദമ്പതികളെപ്പറ്റിയും, പ്രസവിക്കാന്‍ ഇഷ്ടമില്ലാത്ത ഭാര്യമാരെപ്പറ്റിയും, സിസ്സേറിയനു നിര്‍ബ്ബന്ധംപിടിക്കുന്ന ഗര്‍ഭിണികളെപ്പറ്റിയുമൊക്കെ എന്‍റെ ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും എന്നൊരു സൂചന ബ. വികാരിയച്ചന്‍ നേരത്തെതന്നിരുന്നു. അതെല്ലാം ഉള്‍പ്പെടുത്തി, മക്കള്‍ അനുഗ്രഹമാണെന്നും, മക്കളുടെ എണ്ണവും ഒരു പ്രധാനപ്പെട്ട ഘടകമാണെന്നും, അതേസമയം പരിശുദ്ധപിതാവ് അടുത്തനാളില്‍ ഫിലിപ്പൈന്‍സ് സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ മാതാക്കളോടു പറഞ്ഞതുപോലെ മുയലുപ്രസവിക്കുന്നതുപോലെ മക്കളെ ജനിപ്പിക്കുന്നതു ശരിയല്ലെന്നും മറ്റും വളരെ കരുതലോടെ ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോഴും ആളുകളുടെ ഇടയിലെ കുശുകുശുപ്പും അല്പം ഇളക്കവുമൊക്കെക്കണ്ടപ്പോള്‍ എവിടെയോ സംഗതി പാളി എന്നുതോന്നി. അതുകൊണ്ടുകൂടിയായിരുന്നു പരിപാടി കഴിഞ്ഞപാടെ വിട്ടുപോരാന്‍ ഞാനോടിയത്.

എന്‍റെ കണക്കുകൂട്ടലു തെറ്റിയില്ല. വേഗംനടക്കുകയായിരുന്ന എന്‍റെയൊപ്പംനടന്ന് അയാള്‍ അഞ്ചേകാലിനുള്ള ബസ്സിന്‍റെ പേരു പറഞ്ഞിട്ട് അതിനുതന്നെയല്ലെ ഞാന്‍പോകുന്നത് എന്നു ചോദിച്ചു. അതേയെന്നു ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.

"എന്നാല്‍ തിരക്കു കൂട്ടണ്ടച്ചാ, അഞ്ചിരുപതിനെ വണ്ടി പള്ളിപ്പടിക്കല്‍ വരൂ, അച്ചനു കാപ്പികുടിക്കാന്‍ സമയമുണ്ട്." അത്രയുംപറഞ്ഞ് അയാള്‍ പിന്‍വലിഞ്ഞു. ഏതായാലും ഞാനുദ്ദേശിച്ച അപകടം വഴിമാറിപ്പോയെന്നോര്‍ത്ത് ആശ്വസിച്ചു. തുടര്‍ന്നുള്ള കുര്‍ബ്ബാനയ്ക്കുമുമ്പ് എല്ലാവര്‍ക്കുംവേണ്ടി ഒരുക്കിയിരുന്ന കാപ്പിയും കടിയും കഴിക്കാന്‍ ആളുകള്‍ നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ വികാരിയച്ചന്‍റെ ഊണുമുറിയിലെ കലത്തില്‍നിന്ന് ഒരുഗ്ലാസ് വെള്ളവും ഊറ്റിക്കുടിച്ചു ഞാന്‍ ബസ്റ്റോപ്പിലേയ്ക്കുനടന്നു. സമയത്തുതന്നെ ബസ്സുവന്നു. ഞാന്‍ കയറിച്ചെല്ലുമ്പോള്‍ രണ്ടുപേര്‍ക്കുള്ള സീറ്റില്‍ ഒരെണ്ണം എനിക്കുവേണ്ടി ഒഴിച്ചിട്ട് പള്ളിമുറ്റത്തുവച്ചു സംസാരിച്ച ആളുനില്ക്കുന്നു. അങ്ങേര്‍ക്കൊരു നന്ദിയുംപറഞ്ഞ് ഞാന്‍ സീറ്റിലിരുന്നു കഴിഞ്ഞപ്പോള്‍ ആളും അടുത്തിരുന്നു.

"കുറച്ചുദൂരംവരെ ഞാനും വരുന്നുണ്ടച്ചാ."
"പോകുന്നവഴിക്കാണോ ചേട്ടന്‍റെ വീട്?"
"അല്ലച്ചാ, അച്ചനോടല്പം സംസാരിക്കണമെന്നുണ്ടായിരുന്നു. അച്ചനു തിരക്കായതുകൊണ്ട് ഇതേ മാര്‍ഗ്ഗമുള്ളു എന്നുതോന്നി. അതുകൊണ്ടാണ് കൂടെക്കയറിയത്. അച്ചന്‍റെ ടിക്കറ്റു ഞാനെടുത്തു."

പത്തുതൊണ്ണൂറു രൂപാമുടക്കി എന്‍റെ ടിക്കറ്റുമെടുത്ത് എനിക്കിരിക്കാന്‍ സീറ്റുംതരപ്പെടുത്തിത്തന്ന് സംസാരിക്കാന്‍ വഴികണ്ടെത്തിയ അയാളോടു സംസാരിക്കാന്‍ താത്പര്യമില്ലെന്നെങ്ങനെ പറയും! എന്തായാലും ആളുതന്നെ തുടങ്ങട്ടെ എന്നുകരുതി ഞാന്‍ മിണ്ടാതിരുന്നു.

"ഞാനിവിടുത്തെ ഒരു വേദപാഠാദ്ധ്യാപകനാണ്. പത്താം ക്ലാസ്സിലാണു പഠിപ്പിക്കുന്നത്."

"അപ്പോള്‍ റിട്ടയേര്‍ഡ് ഹൈസ്കൂള്‍ അദ്ധ്യാപകനായിരിക്കും?" പത്താം ക്ലാസ്സിലാണു പഠിപ്പിക്കുന്നതെന്നു പറഞ്ഞതുകൊണ്ടാണ് അങ്ങനെ ഞാന്‍ ചിന്തിച്ചുപോയത്.

"ഇല്ലച്ചാ, സാമ്പത്തികശേഷി ഇല്ലാതിരുന്നതുകൊണ്ട് പത്താംക്ലാസ്സ് വരെയെ പഠിച്ചുള്ളു."
പിന്നീടയാള്‍ സ്വന്തം ജീവചരിത്രം ചുരുക്കിപ്പറഞ്ഞു. വയസ്സ് എഴുപതു കഴിഞ്ഞു. ആരോഗ്യപ്രശ്നമൊന്നുമില്ല. ആറുമക്കളാണ്, എല്ലാവരെയും ഓരോ നിലയിലാക്കി. കല്യാണത്തിനുമുമ്പുതന്നെ വേദപാഠം പഠിപ്പിച്ചുതുടങ്ങി. പിന്നീട് പ്രത്യേക പരിഗണനകിട്ടി, ദൈവശാസ്ത്രപഠനത്തിന് ഇടവകയില്‍നിന്നയച്ചു. നല്ലനിലയില്‍ പഠിച്ച് ഡിപ്ലോമ കിട്ടി. അങ്ങനെ വേദപാഠം പത്താംക്ലാസ്സില്‍ പഠിപ്പിക്കാന്‍ നിയോഗമായി. കൂടാതെ വേദപാഠാദ്ധ്യാപകര്‍ക്കു ക്ലാസ്സെടുക്കുവാനുംമറ്റും പോകുന്നുമുണ്ട്. ഞാന്‍ പള്ളിയിലന്ന് പറഞ്ഞ കാര്യങ്ങളൊക്കെ അദ്ദേഹവും വളരെ ശക്തമായി ക്ലാസ്സെടുക്കുമ്പോള്‍ പറഞ്ഞിരുന്ന കാര്യങ്ങളായിരുന്നുപോലും. പക്ഷെ ഇപ്പോളൊരു പ്രശ്നം! പലരുടെയും എന്നല്ല മക്കളുടെ പോലും ചോദ്യങ്ങള്‍ക്ക് ഉത്തരംകൊടുക്കാന്‍ പറ്റാതെവരുന്നു. അടുത്തനാളിലുണ്ടായ ഒരു കുടുംബപ്രശ്നംമൂലം ഇളയ മരുമകനുമായി അകല്‍ച്ചയിലുമാണ്.

കുടുംബജീവിതത്തെപ്പറ്റിയൊക്കെ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നതുകൊണ്ട് മക്കളെ പരിശീലിപ്പിച്ചതും മരുമക്കളെ കണ്ടുപിടിച്ചതുമൊക്കെ അതിനനുസരിച്ചായിരുന്നു. ഇളയ മകള്‍ക്കൊഴികെ മറ്റ് അഞ്ചുപേര്‍ക്കും നാലും അഞ്ചും മക്കളുണ്ട്. ഇളയമകളുടെ ഭര്‍ത്താവിനുമാത്രം രണ്ടുമക്കള്‍ മതിയെന്നു നിര്‍ബ്ബന്ധം. ഏതായാലും മകളതിനു സമ്മതിക്കാഞ്ഞതുകൊണ്ട് മൂന്നാമതും അവള്‍ ഗര്‍ഭവതിയായി. ചില അസ്വാഭാവികതകള്‍ കണ്ടതുകൊണ്ട് സ്ക്യാന്‍ ചെയ്തപ്പോള്‍ ഇരട്ടകളാണെന്നുറപ്പായി. അബോര്‍ഷന്‍ നടത്തുന്നില്ലെങ്കില്‍ കുറെയേറെ ബെഡ്റെസ്റ്റ്തന്നെ വേണമെന്നായിരുന്നു വൈദ്യശാസ്ത്രവിധി. ഭര്‍ത്താവിന് വല്ലാത്ത എതിര്‍പ്പായി. അവസാനം, നാലഞ്ചുമാസമായപ്പോള്‍ അയാള്‍ അവളെ അവളുടെവീട്ടില്‍ കൊണ്ടുവന്നുവിട്ടു. അപ്പന്‍ പോറ്റിക്കോളാന്‍ പറഞ്ഞു. ഏതായാലും പ്രശ്നം വഷളാക്കാതെ ബാക്കികാലം അവള്‍ വീട്ടില്‍തന്നെ കഴിഞ്ഞു. തുടര്‍ന്ന് മൂന്നുനാലുമാസത്തെ ചികിത്സയ്ക്കുതന്നെ വലിയതുക ചെലവായി. അവസാനം സിസ്സേറിയന്‍ ഓപ്പറേഷനിലൂടെയാണ് ഇരട്ടകള്‍ ജനിച്ചത്. ഒരു കുട്ടിയുടെ ഹൃദയത്തിന്‍റെ വാല്‍വിനു തകരാറുണ്ടായിരുന്നതുകൊണ്ട് അതിനെ പത്തിരുപതു ദിവസം ഇങ്കുബേറ്ററില്‍ ആക്കേണ്ടിയും വന്നു. ഡിസ്ചാര്‍ജു ചെയ്യാറായപ്പോളേയ്ക്കും കൈയ്യിലുണ്ടായിരുന്നതും കടംവാങ്ങിയതും തീര്‍ന്നു. വന്‍തുകയുടെ ബില്ലും. മരുമകനും വീട്ടുകാരും ഒന്നുരണ്ടു പ്രാവശ്യം കാണാന്‍ ചെന്നതല്ലാതെ ഒരു സഹായവും ചെയ്തില്ല. വലിയതുകയില്‍ ഒരുചെറിയ കുറവെങ്കിലുംചെയ്യാന്‍, സഭ നടത്തുന്ന ആ ആശുപത്രിയില്‍ കെഞ്ചിപ്പറഞ്ഞെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. മൂന്നിലധികം മക്കളുള്ളവര്‍ക്ക് പ്രത്യേക പ്രോത്സാഹനവും പലവിധ ആനുകൂല്യങ്ങളും മെത്രാനച്ചന്‍തന്നെ പ്രസംഗത്തില്‍ പരസ്യമായി വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. അതുംപറഞ്ഞു പലയിടത്തുമിദ്ദേഹം ക്ലാസ്സുമെടുത്തിട്ടുള്ളതാണ്. വികാരിയച്ചന്‍വഴി ആ പഴുതുപയോഗിച്ച് എന്തെങ്കിലും ബില്ലില്‍ കുറവുവരുത്താമോന്നു ശ്രമിച്ചുനോക്കി. മെത്രാന്മാരങ്ങനൊക്കെപ്പറയും അതനുസരിച്ചു സൗജന്യമായി ചികിത്സിക്കാനും ഓപ്പറേഷന്‍ ചെയ്യാനും ഡോക്ടര്‍മാരെ കിട്ടുകേലെന്നായിരുന്നു മറുപടി. തന്നെയല്ല, മക്കളുനാലുണ്ടെങ്കിലും മൂന്നല്ലെ പെറ്റുള്ളു, അടുത്തതിനു പരിഗണിക്കാമെന്നൊരു പരിഹാസവും!! പരിശുദ്ധപിതാവുപോലും, മുയലുപെറുന്നതുപോലെ പ്രസവിച്ചുകൂട്ടരുതെന്നാ പറഞ്ഞിരിക്കുന്നതെന്ന് ഒരുപദേശവും!! അവസാനം വികാരിയച്ചന്‍ ആരെയോ സ്വാധീനിച്ച് ബ്ലേഡു പലിശയില്ലാതെ പണം കടമെടുത്തുകൊടുത്തു സഹായിച്ചു. ഇപ്പോളതു കൊടുത്തുവീട്ടാനുള്ള വഴി തേടിക്കൊണ്ടിരിക്കുകയാണ്.

"അച്ചനെന്നെ സാമ്പത്തികമായി സഹായിക്കണമെന്നു പറയാനല്ല, ഞാന്‍ കൂടെക്കയറിയത്. എന്‍റെയീ അനുഭവം വച്ചുനോക്കുമ്പോള്‍ ഞാന്‍ വിശ്വസിച്ചതും പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നതുമൊക്കെ തെറ്റിപ്പോയോന്നൊരു സംശയം. പരിശുദ്ധ പിതാവിന്‍റെ ഭാഷയില്‍ സംസാരിക്കുകയല്ലെ ശരിയെന്നൊരു തോന്നല്‍. അങ്ങനെയിരിക്കുമ്പോളാണ് ഇന്ന് അച്ചന്‍റെ ക്ലാസ്സുകേട്ടത്. വികാരിയച്ചന്‍ ആഴ്ച്ചയിലാഴ്ചയില്‍ ആവര്‍ത്തിച്ചു പറയുന്ന കാര്യങ്ങള്‍തന്നെയാണ് അച്ചനുമിന്നു പറഞ്ഞത്. മകളു വീട്ടില്‍വന്നു മൂന്നാലുമാസം നിന്നിരുന്നതുകൊണ്ട് നമ്മുടെ നാട്ടുകാരല്ലെ, വിവരങ്ങളൊക്കെ കിള്ളിച്ചികഞ്ഞവരറിഞ്ഞിരുന്നു. അതുകൊണ്ടാണ് അച്ചന്‍ പള്ളിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ ആളുകള്‍ അല്പം ഇളകിയത്. അന്തരീക്ഷം അറിയാതെയാണ് അച്ചന്‍ പ്രസംഗിച്ചത്. അച്ചനെ ഉപദേശിക്കുകയല്ല, സാഹചര്യം അറിയാതെ പ്രസംഗിച്ചാല്‍ വിപരീതഫലമുണ്ടാകാം എന്നു തോന്നിയത് അച്ചനോടൊന്നു പറയാന്‍വേണ്ടിയാണ് ഞാനെന്‍റെ ചരിത്രം പറഞ്ഞത്."

"എനിക്കിദ്ദേഹംതന്ന തിരുത്തലിനു നന്ദിയുണ്ട്. എനിക്കു രണ്ടുനിര്‍ദ്ദേശങ്ങളുണ്ട്, ഒന്ന്, എതിര്‍പ്പില്ലെങ്കില്‍ ഇദ്ദേഹത്തിന്‍റെയും ഇളയമരുമകന്‍റെയും ഫോണ്‍നമ്പര്‍ തരുക, രണ്ട്, ബസ്സിലിരുന്നു പറയാനുള്ള കാര്യങ്ങളല്ലാത്തതിനാല്‍ ഞാന്‍ വിളിക്കുമ്പോള്‍ ഒന്നുവരാന്‍ മനസ്സുണ്ടാവുക." രണ്ടിനും അദ്ദേഹം സമ്മതിച്ചു. അടുത്ത സ്റ്റോപ്പില്‍ അദ്ദേഹം ഇറങ്ങി. ഞാന്‍ വിളിച്ചദിവസം ഇരുവരും വന്നു.

"ഞാന്‍ചെയ്ത തെറ്റിന്‍റെ ഗൗരവം എനിക്കറിയാം. ഒരു മൂന്നാമനില്ലാതെ നേരിട്ടുതന്നെ അതിനു പരിഹാരംചെയ്യാനുറച്ചിരിക്കുമ്പോഴായിരുന്നു അച്ചന്‍റെ വിളി. അച്ചന്‍ വിളിച്ചതില്‍ എനിക്കു സന്തോഷം. ആശുപത്രിയിലും അല്ലാതെയും ചെലവായ മുഴുവന്‍തുകയും ഇതിലുണ്ട്." അമ്മായിയപ്പന്‍റെ മുമ്പിലേയ്ക്ക് നോട്ടുകെട്ടുവച്ചുകൊണ്ട് ആ ചെറുപ്പക്കാരന്‍ പറഞ്ഞു. രണ്ടുപേരുടെയും കണ്ണുനിറഞ്ഞു.

"എന്നാലും അച്ചന്‍ എന്‍റെ സംശയത്തിന് ഒരുത്തരം തരണം. ആളെണ്ണം കൂട്ടാന്‍വേണ്ടി മത്സരിച്ച് മക്കളെ ജനിപ്പിച്ചിട്ട് എന്തുകാര്യം? എന്‍റെ വരുമാനമാര്‍ഗ്ഗം മൂന്നു പശുക്കളും പത്തിരുനൂറു വെട്ടുന്ന റബറുമാണ്. മൂത്തകുട്ടി മൂന്നാംക്ലാസ്സിലും, രണ്ടാമത്തേത് യുകെജിയിലുമാണ്. റബറിന്‍റെ വിലപോയതോടുകൂടി അടുത്തകൊല്ലംമുതല്‍ മക്കളെ രണ്ടിനെയും വലിയ സ്കൂളില്‍നിന്നും ഗവണ്മെന്‍റു സ്കൂളിലേയ്ക്കു മാറ്റാന്‍ തീരുമാനിച്ചിരിക്കുമ്പോഴായിരുന്നു ഭാര്യയുടെ ആശുപത്രിവാസം. ഗതിമുട്ടിയ അവസ്ഥയിലാണ് തെറ്റാണെന്നറിയാമായിരുന്നെങ്കിലും ഞാനവളെ വീട്ടില്‍ കൊണ്ടാക്കിയത്. അവിടെയും ബുദ്ധിമുട്ടാണെന്നെനിക്കറിയാമായിരുന്നു. മറ്റൊരുവഴിയും കാണാതെ രണ്ടുപശുക്കളെയും വിറ്റിട്ടാണ് ഞാനിപ്പോള്‍ ഈ പണവുമായി എത്തിയിരിക്കുന്നത്. സബ്സിഡിയും ആനുകൂല്യങ്ങളുംവരെ ഓഫര്‍ചെയ്ത് ഇങ്ങനെ മക്കളുടെ എണ്ണം കൂട്ടുന്നതിലെന്താ ന്യായം?"

"നീയിപ്പോള്‍ എന്നോടു ചോദിച്ചതിനും, മുയലുകളെപ്പോലെ പ്രസവിച്ചുകൂട്ടേണ്ടവരല്ല കത്തോലിക്കാതള്ളമാരെന്നു ഫ്രാന്‍സിസ്മാര്‍പ്പാപ്പാ പറഞ്ഞതല്ലേ ശരിയെന്നു, മൂന്നാലുദിവസങ്ങള്‍മുമ്പ് നിന്‍റെയീ അമ്മായിയപ്പന്‍ എന്നോടു ചോദിച്ചതിനും ഉത്തരം ഒന്നുതന്നെയാണ്. നല്ല ഭക്ഷണവും, മാന്യമായ വിദ്യാഭ്യാസവും, നല്ല മാതൃകയും മക്കള്‍ക്ക് ആവശ്യമാണ്, അര്‍ഹമാണ്. അതുകൊടുക്കുന്നില്ലെങ്കില്‍ പൊറുക്കാനാവാത്ത തെറ്റുമാണ്. അതിനെപ്പറ്റിയാണ് മാര്‍പ്പാപ്പാ മുയലിനെപ്പോലെ പ്രസവിച്ചാല്‍ പോരാ എന്നു ഫിലിപ്പൈന്‍സില്‍ പ്രസംഗിച്ചത്. കോട്ടും ബൂട്ടും ടൈയ്യുംകെട്ടി സാധാരണ സ്കൂളിനെക്കാള്‍ പത്തിരട്ടി ചെലവുവരുന്ന മുന്തിയ സകൂളില്‍ പഠിപ്പിച്ചേ തീരൂ എന്നില്ലല്ലോ. സ്നായ്ക്സും, ഫാസ്റ്റ്ഫുഢും, ഐസ്ക്രീമും ഇഷ്ടാനുസരണം കൊടുത്തുകൊള്ളണമെന്നില്ലല്ലോ. മക്കള്‍ക്ക് അര്‍ഹതപ്പെട്ടതും ആവശ്യമുള്ളതും എന്നതിനേക്കാള്‍ അവര്‍ക്കിഷ്ടമുള്ളതെല്ലാം കൊടുത്തു വളര്‍ത്തണമെന്നില്ലല്ലോ. ചുറ്റുംനോക്കി മറ്റുള്ളവരെപ്പോലെയോ അതിനെക്കാളുപരിയോ മക്കളെ എത്തിക്കാന്‍ തത്രപ്പെടുന്നതിനെക്കാള്‍ തങ്ങളുടെ നിലവാരവും ശേഷിയും തിരിച്ചറിഞ്ഞ് അതിനൊത്തുമാത്രം മക്കളെ വളര്‍ത്താന്‍ മാതാപിതാക്കന്മാര്‍ ശീലിക്കുമ്പോള്‍ ചെലവുകള്‍ കുത്തനെകുറയും. പശുക്കള്‍ കൂട്ടില്‍തന്നെനില്ക്കും. ആര്‍ഭാടജീവിതത്തിനുവേണ്ടി മക്കളുടെ എണ്ണം കുറയ്ക്കുന്ന ഇന്നത്തെ നസ്രാണി സംസ്ക്കാരത്തിലും, ചെലവുകള്‍ ചുരുക്കി നാലുമഞ്ചും മക്കളുമായി സംതൃപ്തജീവിതംനയിക്കുന്ന കുറെ കുടുംബങ്ങളെ എനിക്കറിയാം. മക്കളുടെ എണ്ണമല്ല പ്രശ്നം, അവര്‍ക്കു കൊടുക്കേണ്ടതെന്ത് എന്നതിനെപ്പറ്റിയുള്ള തിരിച്ചറിവാണു പ്രധാനം." ഒരുമണിക്കൂറോളം പിന്നെയും ഞങ്ങളിരുന്നു സംസാരിച്ചു. ഭാര്യയെയും ഇരട്ടക്കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാനുള്ള തിടുക്കമായിരുന്നു പിന്നീടവന്.

You can share this post!

ആരുമില്ലാത്തവര്‍ക്കല്ലേ ദൈവം

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts