news-details
ഇടിയും മിന്നലും

ആശ്രമത്തില്‍ വരുന്നവര്‍ക്കു പരിചയപ്പെടാന്‍വേണ്ടി വരാന്തയില്‍ നിരത്തിവച്ചിട്ടുള്ള പുസ്തകങ്ങളില്‍ എന്‍റെ കുറെയെണ്ണവും വച്ചിട്ടുണ്ട്. ആരോ കാണാന്‍ അന്വേഷിക്കുന്നു എന്നറിഞ്ഞ് ഇറങ്ങിച്ചെല്ലുമ്പോള്‍ വായനയില്‍ മുഴുകി നിന്നിരുന്ന ആളിനെക്കണ്ടിട്ട് ഒരു പരിചയവുമില്ലാതിരുന്നതുകൊണ്ട് ഞാന്‍ പേരുപറഞ്ഞു സ്വയം പരിചയപ്പെടുത്തി.

"അച്ചനെ എനിക്കു പരിചയമില്ല, അച്ചനെപ്പറ്റി കേട്ടിട്ടുമില്ല. ഈ പുസ്തകങ്ങളു കണ്ടപ്പോള്‍ ചുമ്മാതെ ഒന്നുരണ്ടെണ്ണം തുറന്നു നോക്കി. വായിക്കാന്‍ രസംതോന്നിയതുകൊണ്ട് ചുമ്മാതെ കുറെ വായിച്ചു. ഇതൊക്കെ എഴുതിയ അച്ചനെവിടെയാണെന്നു ചുമ്മാതെയൊന്നന്വേഷിച്ചു. ഇവിടെത്തന്നെയുണ്ടെന്നറിഞ്ഞപ്പോള്‍ കാണാന്‍ പറ്റുമോ എന്നു ചുമ്മാതെ ചോദിച്ചതാ."

"ഞാനും ചുമ്മാതെ ഇദ്ദേഹം കാണണമെന്നു പറഞ്ഞതുകൊണ്ടു ചുമ്മാതെയിങ്ങു വന്നെന്നേയുള്ളു. ഞാനിപ്പോളെന്‍റെപേരു ചുമ്മാതെയങ്ങു പറഞ്ഞതുകൊണ്ട് നിങ്ങളുടെ പേരും ചുമ്മാതെയൊന്നു പറ."

എന്‍റെ 'ചുമ്മാതെ' പ്രയോഗം കേട്ട് ആളു നിര്‍ത്താതെ ചിരിച്ചു. ഞാനും കൂടെച്ചിരിച്ചപ്പോള്‍ റോഡില്‍കൂടി പോയവരുപോലും എത്തിനോക്കുന്നതുകണ്ടു. സമ്പന്നമായ വസ്ത്രധാരണം. ആരും ശ്രദ്ധിക്കുന്ന ശരീരപ്രകൃതി. മുറ്റത്തുകിടന്നത് ബിഎംഡബ്ളിയു കാറ്. വല്ല തോട്ടംമുതലാളിയുമായിരിക്കുമെന്നു മനസ്സിലോര്‍ത്തു.

"ഞാന്‍ ഡോക്ടര്‍ ........ ." അങ്ങേരു പേരു പറഞ്ഞു.

"എവിടെയാണ് ഡോക്ടര്‍ പ്രാക്റ്റീസ് ചെയ്യുന്നത്?"

ഒരു വന്‍കിട സൂപ്പര്‍സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഒരു വിഭാഗത്തിന്‍റെ തലവനാണ്. വൈദ്യശാസ്ത്രത്തില്‍ അദ്ദേഹം നേടിയിട്ടുള്ള ഡിഗ്രികളെപ്പറ്റിക്കേട്ടപ്പോള്‍ അമ്പരന്നുപോയി. നാട്ടിലും വിദേശങ്ങളിലുമുള്ള പല വന്‍ഹോസ്പിറ്റലുകളിലും ചിലപ്പോഴൊക്കെ പോകേണ്ടിവരാറുണ്ട്. ഇപ്പോള്‍ ഇവിടെ എത്തിയിരിക്കുന്നത് ഒരു റീയല്‍ എസ്റ്റേറ്റു ബ്രോക്കറെ കാണാനാണ്. കുറെക്കാലമായിട്ടുള്ള മോഹം; ഏലം, കാപ്പി, കരുമുളക്, ഗ്രാമ്പൂ, കറുവാ, ഇഞ്ചി തുടങ്ങിയ  സുഗന്ധവിളകളൊക്കെ നട്ടുവളര്‍ത്തി അതിനുള്ളിലൊരുവീട്. ജോലിയുള്ളതുകൊണ്ട് ഒത്തിരി സ്ഥലംവേണ്ട, ഒരഞ്ചാറേക്കറുമതി. പറ്റിയ ഒരുസ്ഥലമുണ്ടെന്ന് ഒരു ബ്രോക്കറു പറഞ്ഞതനുസരിച്ചു കാണാന്‍ പോകുന്ന വഴിയാണ്. പറയുന്നതിനിടയില്‍ പിന്നെയും പിന്നെയും 'ചുമ്മാതെ' കയറിവന്നപ്പോള്‍ ഞാന്‍ ചിരിക്കാന്‍ തുടങ്ങിയതുകൊണ്ട് അങ്ങേരതു കുറച്ചുതുടങ്ങിയിരുന്നു.

"പൊതുവെ കര്‍ഷകരൊക്കെ സാമ്പത്തികത്തകര്‍ച്ചയിലായതുകൊണ്ട് സ്ഥലക്കച്ചവടങ്ങളൊന്നും നടക്കുന്നില്ലെന്നാണു തോന്നുന്നത്." എന്‍റെ അക്കാര്യത്തിലുള്ള അറിവ് അതായിരുന്നു.

"കാശിന്‍റെ കാര്യത്തില്‍ എത്രയായാലും വേണ്ടില്ല, നല്ലയൊരു സൈറ്റായിരിക്കണം."

"നിങ്ങളു ഡോക്ടര്‍മാര്‍ക്ക് കാശിനു പഞ്ഞമില്ലെന്നെല്ലാവര്‍ക്കുമറിയാം." അയാളൊന്നു ചിരിച്ചു.

"വൈഫും ഡോക്ടറാണ്, അവള്‍ക്ക് വരാന്‍പറ്റിയില്ല. ഇങ്ങോട്ടുവന്നവഴിക്കു വൈഫു ചുമ്മാതെ വിളിച്ചുപറഞ്ഞു, ഒരു വലിയകാര്യം ചെയ്യാന്‍ പോകുവല്ലേ, പോകുന്നവഴിക്കെവിടെയെങ്കിലും കയറി ചുമ്മാതെ ഒന്നുകുമ്പസാരിച്ചിട്ടേ കച്ചവടമുറപ്പിക്കാവൂന്ന്. കുമ്പസാരിക്കാന്‍ സൗകര്യമുണ്ടാകുമോ അച്ചാ?"

"അതിനുമുമ്പ്, ഇത്രയും പരിചയപ്പെട്ടതുകൊണ്ട് ചിലകാര്യങ്ങളെപ്പറ്റി സംസാരിക്കാന്‍ ഡോക്ടറിനു സമയമുണ്ടാകുമോ? കുമ്പസാരം കഴിഞ്ഞാല്‍പിന്നെ എനിക്കു ചോദിക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കും, അതുകൊണ്ടാണ്."

"എനിക്കു തിരക്കില്ലച്ചാ, ചുമ്മാതെ ഇഷ്ടംപോലെ സമയമുണ്ട്."

"വ്യക്തിപരമായ ചോദ്യങ്ങളായതുകൊണ്ട് സാറിനിഷ്ടമുണ്ടെങ്കില്‍മാത്രം മറുപടിപറഞ്ഞാല്‍മതി. ഡോക്ടറിന് വന്‍തുക സാലറി കിട്ടുന്നുണ്ടാകുമല്ലോ? അര്‍ഹിക്കുന്നതിലും വളരെകൂടുതല്‍ ശമ്പളം കിട്ടുന്നുണ്ടെന്നു തോന്നുന്നില്ലേ?"

"അങ്ങനൊരു തോന്നലെനിക്കില്ലച്ചാ. ഇങ്ങോട്ടുതരാമെന്നുപറയുന്നത് എത്രകൂടുതലായാലും അതുവാങ്ങുമ്പോള്‍ ചുമ്മാതെ അര്‍ഹതയില്ലെന്നു തോന്നിയിട്ടില്ല. തന്നെയല്ല, കുറെയൊക്കെ സാധുക്കള്‍ക്കുവേണ്ടി ഞങ്ങളു ചുമ്മാതെ ചെയ്യുന്നുമുണ്ടച്ചാ."

"ഇപ്പോള്‍ കിട്ടുന്നതിലും കൂടുതല്‍ ആരെങ്കിലും ഓഫര്‍ചെയ്താല്‍ അങ്ങോട്ടുപോകും എന്നാണല്ലോ സാറുപറഞ്ഞതിന്‍റെ ധ്വനി. അങ്ങനെ കൂടുതലുതന്ന് സാറിനെ വാങ്ങുന്ന ആശുപത്രിക്കാര് ആ കൂടുതലുമുഴുവന്‍ പാവം രോഗികളുടെ കൈയ്യില്‍നിന്നും പിഴിയും. തമ്പുരാന്‍ കനിഞ്ഞുതന്ന ദാനമല്ലെ സാറിന്‍റെ ഈ കഴിവ്? എത്രയോ പാവംരോഗികളെ പിഴിഞ്ഞിട്ടാണ് അത് ഒന്നിച്ചുവാരിക്കൂട്ടി ആശുപത്രിക്കാര് നിങ്ങള്‍ക്കു തരുന്നത്? വാരിക്കോരി കിട്ടുന്നതിന്‍റെ തുരുമ്പും പൊടിയുമൊക്കെ അല്പം ആര്‍ക്കെങ്കിലും പാവങ്ങള്‍ക്കു കൊടുത്തെന്ന് ആശ്വസിച്ചിട്ടെന്തുകാര്യം."

"ഞങ്ങളിഷ്ടംപോലെ കേള്‍ക്കുന്ന പരാതിയാണച്ചാ ഇത്. അച്ചന്‍ ചുമ്മാതെ ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്. ഒരു വല്യ കുടുംബത്തിലെ അംഗമാണു ഞാന്‍. എന്‍റെ തറവാട്ടുവീട്ടിലെ പട്ടിക്കൂടിനു ചുമ്മാതെ ചെലവാക്കിയ പൈസാമതിയായിരുന്നു എന്നെ മെഡിസിനു പഠിപ്പിക്കാന്‍. തന്നില്ല. എന്‍റെയപ്പന്‍ ബിസിനസ്സില്‍ പൊട്ടിയതുകൊണ്ട് കഷ്ടപ്പാടിലായിരുന്നു. കൂടെപ്പഠിച്ച് കഷ്ടിച്ചുപാസ്സായവരുചിലരുപോലും ചുമ്മാതെ സംസ്ഥാനത്തിനു വെളിയില്‍പോയി പത്തും ഇരുപതും ലക്ഷം അന്നുകൊടുത്തു മെഡിസിന് അഡ്മിഷന്‍ വാങ്ങിയപ്പോള്‍ കോളജിലെ ബസ്റ്റ് സ്റ്റുഡന്‍റായിരുന്ന എനിക്ക് നാട്ടില്‍ അഡ്മിഷന്‍ കിട്ടിയില്ല. അപ്പന്‍, ഉണ്ടായിരുന്നതു സകലവും കടപ്പെടുത്തി ഒരുവര്‍ഷം കഴിഞ്ഞ് എനിക്കു സീറ്റുവാങ്ങിത്തന്നു. പിന്നീടു സ്കോളര്‍ഷിപ്പുകിട്ടി. പഠിച്ചു. കുടുംബത്തിലെ കഷ്ടപ്പാടു തീര്‍ന്നു. ഞാനാരുടെയും ചുമ്മാതെ പിടിച്ചുവാങ്ങുന്നില്ല. ഇന്നിപ്പോള്‍ എനിക്കു കാശിനു പഞ്ഞമില്ല. പറ്റുന്നതുപോലെയൊക്കെ മറ്റുള്ളവരെ ചുമ്മാതെ സഹായിക്കുന്നുമുണ്ട്. അതൊക്കെപ്പോരെ അച്ചാ?"

"അതു മതിയോ പോരയോ എന്നുള്ളതല്ല സാറെ എന്‍റെ ചോദ്യം. ആവശ്യത്തിനു സമ്പാദിച്ചുകഴിഞ്ഞ് പിന്നെയും ചുമ്മാതെ രസത്തിനുവേണ്ടി ഏലോംകാപ്പീം നടാന്‍ അഞ്ചാറേക്കറു വാങ്ങിക്കഴിഞ്ഞെങ്കിലും സൗജന്യമായി രോഗികളെ ചികിത്സിക്കാന്‍ മേലേ?"

"അതച്ചന്‍ ചുമ്മാതെ തമാശിനു ചോദിച്ചതാണെന്നെനിക്കറിയാം. അച്ചാ കുമ്പസാരത്തിന്‍റെ കാര്യം.."

"ചുമ്മാതെ ഇഷ്ടംപോലെ സമയമുണ്ടെന്നല്ലെ നേരത്തെ പറഞ്ഞത്, എന്‍റെ ചോദ്യം കഴിഞ്ഞില്ല. സാറെ ഞാനീയിടെ ഒരു ആശുപത്രിബില്ലു കാണാനിടയായി. സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഒന്‍പതുദിവസം കിടന്നഒരു രോഗിയുടെ ബില്ലായിരുന്നു. ഒരുലക്ഷത്തിപന്തീരായിരം രൂപാ. അത്രയുമൊക്കെ ആകുമെന്നു നേരത്തെതന്നെ പറഞ്ഞിരുന്നതുകൊണ്ട് അവരത് അടയ്ക്കുകയും ചെയ്തു. എന്‍റെയൊരു സംശയം തീര്‍ക്കാന്‍വേണ്ടി ഞാനവരുടെ ബില്ലും കിട്ടിയറിപ്പോര്‍ട്ടുമെല്ലാംവാങ്ങി എനിക്കുപരിചയമുള്ള നല്ലവിദഗ്ദ്ധനായ വേറൊരു ഡോക്ടറെ കാണിച്ചു. അദ്ദേഹം വിശദീകരിച്ചപ്പോഴാണു മനസ്സിലായത്, തലേദിവസംചെയ്ത റിപ്പോര്‍ട്ടുമായി ചെന്നിട്ടും അതേ ടെസ്റ്റുകള്‍തന്നെ വീണ്ടും അവിടെചെയ്തു. രോഗവുമായി ഒരു ബന്ധവുമില്ലാതിരുന്ന മറ്റു കുറെ ടെസ്റ്റുകളും. അതിലൊക്കെ വിചിത്രം ഗുരുതരമോ അത്യാസന്നമോ ഒന്നുമല്ലാതിരുന്നിട്ടും അവിടെകിടന്ന എട്ടുദിവസങ്ങളിലും പള്‍സും പ്രഷറുമൊക്കെ സദാസമയവും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന യന്ത്രവുമായി ബന്ധിപ്പിച്ചാണ് രോഗിയെ കിടത്തിയിരുന്നത്. അതിന്‍റെ മാത്രം എട്ടുദിവസത്തെ ചാര്‍ജ് മുപ്പത്തിരണ്ടായിരം രൂപാ! ദിവസം രണ്ടുനേരമോ മൂന്നുനേരമോ ഏതൊരു നഴ്സിനും അഞ്ചുമിനിറ്റുകൊണ്ട് ചെയ്യാമായിരുന്ന നിസ്സാരപരിചരണത്തിന് എട്ടുദിവസത്തേയ്ക്ക് മുപ്പത്തിരണ്ടായിരം ചാര്‍ജുചെയ്ത് അവരു നേരത്തെ സൂചിപ്പിച്ചിരുന്ന ഒരുലക്ഷത്തിനു മുകളില്‍ കൊണ്ടെയെത്തിച്ചു. സൂപ്പര്‍ സ്പെഷ്യാലിറ്റിയില്‍ ജോലിചെയ്യുന്ന സാറിന്‍റെയടുത്ത് ഇതിനൊരു വിശദീകരണം ചോദിച്ച് ഒരു രോഗി വന്നാല്‍ സാറിന്‍റെ മറുപടി എന്തായിരിക്കും?"

"ഇങ്ങനെയൊക്കെ ചുമ്മാതെ ചോദിച്ചാല്‍ ഉത്തരം പറയാന്‍ പറ്റത്തില്ലച്ചാ. ഞങ്ങള്‍ക്കു പലതും വെരിഫൈ ചെയ്യാന്‍ വീണ്ടുംവീണ്ടും ചുമ്മാതെ ടെസ്റ്റുകള്‍ നടത്തേണ്ടിവരും."

"ഇപ്പോള്‍ സാറു 'ചുമ്മാതെ'ന്നു പറഞ്ഞതു വളരെശരിയാ, ചുമ്മാതെ ടെസ്റ്റകള്‍ നടത്തുന്നുണ്ട്." ചിരിക്കിടയില്‍ അങ്ങേരു തുടര്‍ന്നു:

"പിന്നെ സൂപ്പര്‍ സ്പെഷ്യാലിറ്റിയെന്നു പറഞ്ഞാല്‍ എല്ലാം ഹൈടെക്കല്ലെ അച്ചാ? ഏറ്റവും സൂക്ഷ്മമായതും കണ്ടു പിടിക്കാന്‍ ചുമ്മാതെ യന്ത്രസംവിധാനങ്ങളുള്ളപ്പോള്‍ അതെല്ലാം ഉപയോഗിച്ചല്ലെ രോഗപഠനം നടത്തുന്നത്. അതൊക്കെ വന്‍വിലയുള്ള ഇറക്കുമതി ചെയ്ത ഇലക്ട്രോണിക് മെഷീനുകളുമാണ്. അത് ഓപ്പറേറ്റുചെയ്യുന്നത് പ്രത്യേക പരിശീലനംകിട്ടിയ വിദഗ്ദ്ധരുമാണ്. അതിനെല്ലാം വരുന്ന ചെലവു ചുമ്മാതെ കണക്കുകൂട്ടുമ്പോള്‍ പിടിക്കുന്നിടത്തു നില്ക്കത്തില്ലച്ചാ."

"എന്നാലും ചുമ്മാതെ സ്റ്റെതസ്കോപ്പും, ബി.പി അപ്പാരട്ടസുംകൊണ്ട് നേഴ്സിനുചെയ്യാവുന്ന പണി യന്ത്രത്തേല്‍ ഘടിപ്പിച്ചു വന്‍തുക പിടുങ്ങുന്നതു വെറും ചുമ്മാതെ.." സാറും ചുമ്മാതെ ചിരിച്ചുപോയി.

"അച്ചന്‍ മുമ്പേ പറഞ്ഞില്ലേ, ഇപ്പോകിട്ടുന്നതിലും കൂടുതല്‍ ആരെങ്കിലും ഓഫര്‍ ചെയ്താല്‍ പോകുന്നകാര്യം, പോകത്തില്ലച്ചാ, കാരണം ഞാനിപ്പമതിന്‍റെ പാര്‍ട്ണറും, എന്‍റെ വിഭാഗത്തിന്‍റെ തലവനും, ഡയറക്റ്റര്‍ ബോര്‍ഡംഗവുമാണ്. അതുകൊണ്ട് പ്രൈവറ്റ് പ്രാക്റ്റീസു പോലുമില്ല."

"അതായത്, ഇദ്ദേഹത്തിന്‍റെ വിഭാഗത്തില്‍ ഇനിയും പുതിയ ഹൈടെക് മെഷീനുകള്‍ കൊണ്ടുവരും, കൂടുതല്‍ ടെസ്റ്റുകള്‍ക്കെഴുതും, അങ്ങനെ പിന്നെയും ചുമ്മാതെ രോഗിയുടെ കീശപിഴിയും എന്നൊക്കെ പ്രതീക്ഷിക്കാം."

"ഇതൊക്കെ സേവനം മാത്രമല്ലല്ലച്ചാ, ബിസിനസ്സുംകൂടെയല്ലെ.."

"പട്ടക്കടയില്‍ വ്യാജമദ്യോം വിഷച്ചാരായോം വില്‍ക്കുന്നവനും ബിസിനസ്സുകാരനാണ്. അവനെ ആര്‍ത്തിക്കാരനെന്നും, ക്രൂരനെന്നും, സമൂഹദ്രോഹിയെന്നും വിളിക്കാന്‍ ആര്‍ക്കും കൂടുതല്‍ ആലോചിക്കാനില്ല. സൂപ്പര്‍ സ്പെഷ്യാലിറ്റിയുടെയും ഹൈടെക് മെഷീനുകളുടെയും മറയില്‍, നല്ലകോട്ടും യൂണിഫോമുമിട്ട് ടൈയ്യും കെട്ടി മാന്യതയുടെ മൂടുപടമിട്ടുകൊണ്ടു, മരണത്തോടു മല്ലടിക്കുന്ന മനുഷ്യന്‍റെ ജീവനു വിലപറയുന്ന, ആര്‍ത്തിക്കാരെ സാമൂഹ്യദ്രോഹികളെന്നു വിളിക്കാന്‍ ഞങ്ങള്‍ക്കു സാധിക്കാതെവരുന്നു. കാരണം നിങ്ങളെ ഞങ്ങള്‍ക്ക് പിന്നെയും ആവശ്യമുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്കു ഡിമാന്‍റുണ്ട്, അതാണു നിങ്ങളുടെ ചൂഷണ തന്ത്രവും വിജയമന്ത്രവും! സാറിനിതിനകത്തുനിന്നു പുറത്തുവരാന്‍ പറ്റുമോ എന്നതാണ് ചുമ്മാതെ എന്‍റെ അവസാനത്തെചോദ്യം."

"ചോദ്യം മുഴുവന്‍ മനസ്സിലായില്ലച്ചാ.."

"ആവശ്യത്തിനു സമ്പാദിച്ചുകഴിഞ്ഞില്ലെ സാറെ, ഇനിയെങ്കിലും, സൂപ്പര്‍ സ്പെഷ്യാലിറ്റിയിലെ സാറിന്‍റെ വിഭാഗത്തിലെങ്കിലും, സാധാരണക്കാരനും പാവപ്പെട്ടവനും, ചെറിയചെലവില്‍ ചികിത്സ കൊടുക്കാന്‍ സാധിക്കുമോ എന്നതാണ് ഞാന്‍ ചോദിച്ചതിന്‍റെ സാരം."

"അതുപിന്നെ... ഞാന്‍ നേരത്തെ പറഞ്ഞില്ലെ അച്ചാ, ഇതൊരു ബിസിനസ്സുംകൂടെയല്ലെ? അതുകൊണ്ട്.. ... ..."

"നടപ്പുള്ളകാര്യമല്ലെന്നു പറയാനാണ് സാറു ബുദ്ധിമുട്ടുന്നത് എന്നെനിക്കുമനസ്സിലായി. അതുകൊണ്ട് ചുമ്മാതെ ഞാനൊരുകാര്യം പറയട്ടെ, നേരത്തെ സാറു ചോദിച്ച കാര്യത്തിന്, എനിക്കും തീരെ സൗകര്യമില്ല എന്നുതന്നെയാണ് എന്‍റെയുത്തരം."

"അതേതു കാര്യമാണച്ചാ... ?"

"കുമ്പസാരം."

"അതുമിതുമായിട്ടു ബന്ധമെന്താണച്ചാ ...?"

"സാറ് ആത്മാര്‍ത്ഥമായിട്ടാണു കുമ്പസാരിക്കുന്നതെങ്കില്‍ തീര്‍ച്ചയായിട്ടും, അന്യായമായിട്ടു പണമുണ്ടാക്കിയിട്ടുണ്ടെന്ന് ഏറ്റുപറയേണ്ടിവരും. പറഞ്ഞുകഴിഞ്ഞു ഞാനൊന്നു പ്രാര്‍ത്ഥിച്ചു പ്രായശ്ചിത്തവും തന്നുകഴിയുമ്പോള്‍ സാറിന്, മുമ്പേ ഭാര്യ വിളിച്ചുപറഞ്ഞതുപോലെ നല്ലകാര്യം ചെയ്യാന്‍ പോകുമ്പം ഒരു മനസ്സുഖം കിട്ടും. പക്ഷെ അങ്ങനെ തണുപ്പിച്ചുവിടാന്‍ എനിക്കുതാത്പര്യമില്ലെന്നേ ഞാന്‍ പറഞ്ഞുള്ളു. കുമ്പസാരം തെറ്റുപറ്റിയെന്ന് മനസ്സുപഴിക്കുമ്പോള്‍ അതുതിരുത്തിയേതീരൂ എന്നു നല്ലമനസ്സാക്ഷി മന്ത്രിക്കും. അതു തമ്പുരാന്‍റെ സ്വരമാണ്. അതിനു ചെവികൊടുക്കാതെ തണുപ്പിച്ചുവിടുന്നതു വഞ്ചനയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് എനിക്കതിനു തീരെ സൗകര്യമില്ലെന്നു ഞാന്‍ പറഞ്ഞത്. ....ഇതു ഞാന്‍ 'ചുമ്മാതെ'... പറഞ്ഞതല്ല സാറെ, കാര്യമായിട്ടുതന്നെയാ." ഞാന്‍ ചിരിച്ചെങ്കിലും സാറിനു ചിരിവന്നില്ല.

"ചെയ്തുകൊണ്ടിരിക്കുന്നതു തമ്പുരാനു നിരക്കുന്നതല്ല, എന്നു മനസ്സു പറയുന്നെങ്കില്‍ അതു തിരുത്താന്‍ തീരുമാനമെടുത്തിട്ടു കുമ്പസാരിക്കുക, ഇതാ, ഞാന്‍ റെഡി. സാറിനു വിവരമുള്ളതുകൊണ്ടാണ് ഇത്ര വ്യക്തമായും കര്‍ക്കശമായും ഞാന്‍ കാര്യങ്ങള്‍ പറഞ്ഞത്. ചുമ്മാതെ പറഞ്ഞതല്ല സാറെ. കാര്യമായിട്ടുതന്നെയാ." സാറിന്‍റെ മുഖത്തു ചെറിയ ചിരി വിടര്‍ന്നു.

"എന്നാല്‍ ഞാന്‍ പിന്നെ കുമ്പസാരിച്ചോളാമച്ചാ."

"ചുമ്മാതെ പറഞ്ഞതാണോ സാറേ?"

അതിനു മറുപടി പറയാതെയാണു സാറു പോയത്. എന്നാലും ഞാന്‍ പറഞ്ഞതു വെറും ചുമ്മാതെയായില്ല. കാരണം അന്നുരാത്രിയില്‍ മൊബൈലില്‍ സാറിന്‍റെ ഒരു സന്ദേശം വന്നു. 'അച്ചനുനന്ദി, ഞാന്‍ കുമ്പസാരിച്ചു.'

You can share this post!

ആരുമില്ലാത്തവര്‍ക്കല്ലേ ദൈവം

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts