news-details
സാമൂഹിക നീതി ബൈബിളിൽ

അന്ധമായ തീക്ഷ്ണത

"അവന്‍ പറഞ്ഞു: അവളെ പുറത്തിറക്കി ചുട്ടുകളയുക" (ഉല്‍പ. 38: 25).

ഭീകരമായൊരു വിധിവാചകമാണിത്. ഉച്ചരിച്ചത് മറ്റാരുമല്ല, യാക്കോബിന്‍റെ മകനും മിശിഹായുടെ പൂര്‍വ്വികനുമായ യൂദാ, തന്‍റെ പുത്രഭാര്യ വേശ്യാവൃത്തി മൂലം ഗര്‍ഭിണിയായിരിക്കുന്നു എന്ന വാര്‍ത്ത  കേട്ട് ധാര്‍മ്മികരോഷത്താല്‍ ജ്വലിച്ച അമ്മായിയപ്പനാണ് അതിഭീകരമായ ഈ ശിക്ഷാവിധി കല്പിച്ചത്: ചുട്ടുകൊല്ലുക. സംഭവങ്ങളുടെ ധാര്‍മ്മികതയെക്കുറിച്ചുള്ള വിശകലനം അനുവാചകര്‍ക്ക് വിട്ട്, കഥാരൂപത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന യാഹ്വിസ്റ്റ് ഗ്രന്ഥകാരന്‍റെ തൂലികയില്‍ നിന്നാണ് യൂദായുടെ അപഭ്രംശത്തിന്‍റെയും തുടര്‍ന്നുണ്ടായ ശിക്ഷാവിധിയുടെയും വിവരണം. പ്രത്യക്ഷത്തില്‍ സാമൂഹ്യ നീതിയെ സംബന്ധിച്ച പാഠമൊന്നും ഈ വിവരണത്തില്‍ ഇല്ല എന്നു തോന്നാം. എന്നാല്‍ അടുത്തു പരിശോധിക്കുമ്പോള്‍ സുപ്രധാനമായ ചില ഉള്‍ക്കാഴ്ചകള്‍ ഈ വിവരണത്തിന്‍റെ വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത് കാണാന്‍ കഴിയും.

ഉല്‍പത്തി 38 -ാം അധ്യായം മുഴുവന്‍ ഈ ഒരു വിവരണത്തിനു വേണ്ടി മാറ്റിവച്ചിരിക്കുന്നതിനാല്‍ വി. ഗ്രന്ഥകാരന്‍ ഈ സംഭവത്തിനു നല്‍കുന്ന പ്രാധാന്യം ചെറുതല്ല എന്നു കാണാന്‍ കഴിയും. പിതാവിന്‍റെയും സഹോദരങ്ങളുടെയും കൂട്ടം വിട്ട് തനിച്ച് കാനാന്‍കാരുടെ ഇടയില്‍ വാസമുറപ്പിച്ച യൂദാ ഒരു കാനാന്‍കാരിയെ വിവാഹം ചെയ്തു.

അവളില്‍ നിന്ന് മൂന്ന് ആണ്‍മക്കള്‍ ജനിച്ചു. ഏര്‍, ഓനാന്‍, ഷേലാ. മൂത്തവനു പ്രായമായപ്പോള്‍ താമാര്‍ എന്ന കാനാന്‍കാരിയെ അവന് ഭാര്യയായി നല്കി. മക്കളില്ലാതെ ഏര്‍ മരിച്ചപ്പോള്‍ രണ്ടാമനായ  ഓനാന് താമാറിനെ ഭാര്യയായി നല്കി. അയാളും മക്കളില്ലാതെ മരിച്ചു. മൂന്നാമനും ഇതുപോലെ മരിച്ചേക്കും എന്നു ഭയന്ന യൂദാ താമാറിനെ അവളുടെ പിതൃഗൃഹത്തിലേക്കു പറഞ്ഞയച്ചു. ഷേലായ്ക്കു പ്രായമാകുമ്പോള്‍ ഭര്‍ത്താവായി നല്കാം എന്ന വാഗ്ദാനവും നല്കി. അതുവരെ അവള്‍ വിധവയായി പിതൃഭവനത്തില്‍ കഴിയണം. ഇതാണ് തുടക്കം.

ഇസ്രായേല്‍ ജനത്തിന്‍റെ പൂര്‍വ്വികരുടെ കാലത്തെ ഒരു സംഭവമായിട്ടാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. നിയമങ്ങളെല്ലാം ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. എന്നാലും ഭര്‍തൃസഹോദരധര്‍മ്മം എന്നൊരു നിയമം അവരുടെ ഇടയില്‍ പ്രചാരത്തിലിരുന്നുവെന്ന് വിവരണം സൂചിപ്പിക്കുന്നു. മക്കളില്ലാതെ മരിക്കുന്ന സഹോദരന്‍റെ ഭാര്യയെ സ്വീകരിച്ച്, അവളില്‍ നിന്നു ജനിക്കുന്ന ആദ്യസന്താനത്തെ മരിച്ച സഹോദരന്‍റെ പിന്‍തുടര്‍ച്ചാവകാശിയായി പരിഗണിക്കണം. ഇതാണ് നിയമം. (നിയ. 25: 5-10).

സഹോദരന്‍ ഈ ധര്‍മ്മം നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ അതിനുള്ള ശിക്ഷയും പ്രതിവിധിയും ആ നിയമത്തില്‍ തന്നെയുണ്ട്. ഇതിന്‍പ്രകാരം തന്‍റെ മൂന്നാമത്തെ മകനായ ഷേലായെ താമാറിനു ഭര്‍ത്താവായി യൂദാ നല്‍കേണ്ടിയിരുന്നു. അതു ചെയ്തില്ല. തികച്ചും വിജാതീയ സ്ത്രീ ആയിരുന്ന താമാറിനെ അവളുടെ ജനത്തിന്‍റെ നിയമങ്ങളും ആചാരങ്ങളും അനുസരിച്ച് ജീവിക്കാന്‍ അനുവദിച്ചില്ല. സ്വന്തം പിതൃഭവനത്തില്‍ യഹൂദരുടെ നിയമമനുസരിച്ച് വിധവയായി ജീവിക്കാന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. വേണ്ട സംരക്ഷണവും പരിഗണനയും സുരക്ഷിതത്വവും നല്കാതെ തനിക്കന്യമായ ഒരു നിയമം അനുസരിക്കാന്‍ താമാറിനെ നിര്‍ബ്ബന്ധിക്കുന്ന യൂദാ അവളുടെ കാര്യം മനഃപൂര്‍വ്വം മറന്നതുപോലെ തോന്നും.

തന്‍റെ രണ്ടു പുത്രന്മാര്‍ മരിച്ചതിന്‍റെ ഉത്തരവാദിത്വം താമാറിന്‍റെ മേല്‍ ആരോപിക്കുന്ന യൂദാ മനസ്സിലാക്കാതെ പോകുന്ന കാര്യമാണ് വി. ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നത്. മൂത്തമകന്‍ ഏര്‍ മരിക്കാന്‍  കാരണം അവന്‍റെ തന്നെ ദുഷ്ടതയാണ്. ഓനാന്‍റെ കുറ്റം മറ്റൊന്നായിരുന്നു. ഈ ബന്ധത്തില്‍ നിന്നു ജനിക്കാന്‍ പോകുന്ന ശിശു തന്‍റേതായിരിക്കുകയില്ല, മരിച്ചുപോയ സഹോദരന്‍റേതായിരിക്കും എന്നതിനാല്‍ കുഞ്ഞു ജനിക്കാതിരിക്കാന്‍ വേണ്ടി സംഗമസമയത്ത് ബീജം നിലത്തു വീഴ്ത്തി - ജനനനിയന്ത്രണത്തിന്‍റെ ബൈബിള്‍ നല്‍കുന്ന ആദ്യവിവരണം. ഇതില്‍ നിന്നാണ് ഓണനിസം എന്ന വാക്കു തന്നെ ഉണ്ടായത്. ഇവിടെ ഓനാന്‍റെ പ്രവൃത്തിയും അതിന്‍റെ ലക്ഷ്യവും ഒരുപോലെ തിന്മയാണെന്ന് വി.ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു. ഇരുവരുടെയും മരണത്തിന് ഉത്തരവാദികള്‍ അവര്‍ തന്നെ ആയിരുന്നു. പക്ഷെ ശിക്ഷിക്കപ്പെടുന്നത് നിരപരാധിയായ താമാറും.

അടുത്ത രംഗത്താണ് ശിക്ഷാവിധിക്കടിസ്ഥാനമായ സംഭവം വിവരിക്കുന്നത്. തന്‍റെ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് യൂദാ ആചാരപ്രകാരമുള്ള വിലാപം അനുഷ്ഠിച്ചു. "ദുഃഖത്തിന് ആശ്വാസമുണ്ടായപ്പോള്‍ എന്ന സാഹചര്യവിവരണം ക്രമപ്രകാരമുള്ള വിലാപദിനങ്ങള്‍ സമാപിച്ചതിനെ സൂചിപ്പിക്കുന്നു. ആടുകളുടെ രോമം കത്രിക്കല്‍ വലിയൊരാഘോഷമാണ്. അതിനായി പോകുമ്പോഴാണ് യൂദാ ആശ്വാസം തേടി, വഴിവക്കിലിരുന്ന വേശ്യയെ സമീപിക്കുന്നത്. ഇതില്‍ എന്തെങ്കിലും തെറ്റോ അസാധാരണത്വമോ ഉണ്ടെന്ന സൂചനപോലും വി. ഗ്രന്ഥകാരന്‍ നല്കുന്നില്ല. വേശ്യയ്ക്കു വേതനമായി കൊടുക്കാന്‍ കൈവശമൊന്നുമില്ലാത്തതിനാല്‍ കടം പറഞ്ഞു. പക്ഷേ വെറും വാക്കുകൊണ്ട് തൃപ്തിപ്പെടാതെ പണയം ചോദിച്ചപ്പോള്‍ തനിക്ക് ഏറ്റം വിലപ്പെട്ട, തന്‍റെ തന്നെ സ്വത്വത്തിന്‍റെ അടയാളമായ മുദ്രമോതിരവും വളയും വടിയും നിസ്സങ്കോചം കൊടുത്ത യൂദാ മനസ്സിലാക്കിയില്ല തന്‍റെ മുമ്പില്‍ വേശ്യാവേഷമിട്ടു നില്‍ക്കുന്നത് പുത്രഭാര്യയായ താമാറാണെന്ന്.

തന്‍റെ ആവശ്യം നിര്‍വ്വഹിച്ച യൂദാ പണയവസ്തുക്കള്‍ തിരിച്ചെടുക്കാനായി വാഗ്ദാനം ചെയ്തിരുന്ന ആടിനെയും കൊണ്ട് ദൂതനെ അയച്ചു. പക്ഷേ അതിനകം താമാര്‍ സ്വന്തം വീട്ടിലേക്കു മടങ്ങി, വേശ്യാവസ്ത്രം അഴിച്ച്, വിധവാ വസ്ത്രം ധരിച്ചുകഴിഞ്ഞിരുന്നു. അങ്ങനെ ഒരു വേശ്യ ആ നാട്ടിലില്ല എന്ന വിവരവുമായി ദൂതന്‍ തിരിച്ചുവന്നപ്പോഴും യൂദായ്ക്ക് അസാധാരണമായി ഒന്നും തോന്നിയില്ല. വേശ്യയ്ക്കു കൂലി കൊടുത്തില്ല എന്ന അപവാദം കേള്‍ക്കേണ്ടി വരില്ലല്ലോ എന്ന ചിന്തയേ അയാള്‍ക്കുള്ളൂ. പറഞ്ഞൊത്ത പണം കൊടുത്താല്‍ വേശ്യാവൃത്തിയില്‍ അപാകതയൊന്നുമില്ല എന്ന ഒരു മനോഭാവമാണ് യൂദാ പ്രകടമാക്കുന്നത്. അയാളാണ് അടുത്ത രംഗത്ത് വേശ്യാവൃത്തിയുടെ പേരില്‍ ഒരു സ്ത്രീയെ ചുട്ടുകൊല്ലാന്‍ വിധിക്കുന്നത്!

മൂന്നു മാസം കഴിഞ്ഞപ്പോള്‍ കേട്ട വാര്‍ത്ത യൂദായെ കോപാക്രാന്തനാക്കി. തന്‍റെ പുത്രഭാര്യ പിതൃഗൃഹത്തില്‍ ആയിരിക്കുമ്പോള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു. അവള്‍ ഗര്‍ഭിണിയാണ്. ഇനി വേറെ തെളിവെന്തു വേണം? ഗോത്രപിതാവിന്‍റെ ധാര്‍മ്മികരോഷം ഉണര്‍ന്നു, തീവ്രമായ ഭക്തി സടകുടഞ്ഞെണീറ്റു. തെളിവെടുപ്പും വിചാരണയും ഒന്നും കൂടാതെ വിധി പ്രസ്താവിച്ചു: "അവളെ പുറത്തിറക്കി ചുട്ടുകളയുക!" വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു എന്ന കുറ്റം ആരോപിക്കപ്പെടുന്ന സ്ത്രീക്ക് വധശിക്ഷ വിധിച്ച  യൂദാ തന്‍റെ കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. എത്ര ലാഘവത്തോടെയാണ് അയാള്‍ വന്നതും എണീറ്റുപോയതും! തുക കൊടുത്തു, കാര്യം തീര്‍ന്നു. എന്തേ ഇങ്ങനെ രണ്ടു സമീപനങ്ങള്‍ എന്നു ഗോത്രപിതാവു ചോദിച്ചില്ല; മറ്റാരും ചോദിച്ചില്ല, ചോദിക്കാന്‍ പ്രേരിപ്പിച്ചതുമില്ല.

ഏകദേശം രണ്ടായിരം വര്‍ഷം കാത്തിരിക്കേണ്ടിവന്നു ഈ ചോദ്യം ഉന്നയിക്കുന്ന ഒരാള്‍ വരാന്‍! "നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യത്തെ കല്ലെറിയട്ടെ" (യോഹ. 8: 7). അത് യൂദായുടെ തന്നെ ഒരു പിന്‍മുറക്കാരനായിരുന്നു. അവന്‍റെ ഉത്ഭവത്തിലേക്കു നയിച്ച വഴി കടന്നുപോയത് ഇവിടെ വധശിക്ഷ വിധിക്കുന്ന സംഭവത്തിലൂടെയാണെന്നത് ചരിത്രത്തിന്‍റെ വെറും ഒരാകസ്മികത എന്നതിനേക്കാള്‍ ദൈവിക ഇടപെടലുകളുടെ അടയാളമാണ് - വിരോധാഭാസമായി തോന്നാവുന്ന, മാനുഷിക നിയമങ്ങളെയും കാഴ്ചപ്പാടുകളെയും തലകുത്തി നിര്‍ത്തുന്ന വൈരുദ്ധ്യം.

ശിക്ഷാവിധി നടപ്പിലാക്കാന്‍ വന്നവരുടെ മുമ്പില്‍ പതറാതെ നിന്ന താമാറിന് ഒന്നേ പറയാനുള്ളൂ. ഈ മുദ്രമോതിരവും വളയും വടിയും ആരുടേതാണെന്ന് യൂദായോട് ചോദിക്കുക. ഇവയുടെ ഉടമസ്ഥനാണ് എന്‍റെ ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതാവ്. തന്‍റെ മേല്‍ വേശ്യാവൃത്തി ആരോപിക്കുന്ന ആള്‍ തന്നെയാണ് തന്നെ വേശ്യയായി പരിഗണിച്ച് ഗര്‍ഭിണിയാക്കിയത് എന്ന താമാറിന്‍റെ പ്രസ്താവനയ്ക്ക് ദൂരവ്യാപകമായ ധ്വനികളുണ്ട്. ആചാരങ്ങളും നിയമങ്ങളും പാലിക്കാനും നടപ്പിലാക്കാനും ബദ്ധപ്പെടുന്നവര്‍ തന്നെ അവ ലംഘിക്കുന്നതിലെ വിരോധാഭാസം ചെറുതല്ല. ഈ സംഭവത്തിന്‍റെ വിവരണത്തിലൂടെ വി. ഗ്രന്ഥകാരന്‍ നല്കുന്ന പാഠങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകരുത്. അവയുടെ ആനുകാലികപ്രസക്തിയിലേക്കു തിരിയുന്നതിനു മുമ്പേ യൂദായുടെ പ്രതികരണവും അനന്തരഫലങ്ങളും കൂടെ കണക്കിലെടുക്കണം.

തൊണ്ടിസാധനങ്ങള്‍ കണ്ട യൂദാ തന്‍റെ പങ്ക് സമ്മതിക്കുക മാത്രമല്ല താമാര്‍ തന്നെക്കാള്‍ നീതിനിഷ്ഠയുള്ളവളാണെന്നു അംഗീകരിക്കാനുള്ള ആര്‍ജ്ജവത്വവും പ്രകടമാക്കി. "അവന്‍ പറഞ്ഞു: അവള്‍ എന്നെക്കാള്‍ നീതിയുള്ളവളാണ്. ഞാന്‍ അവളെ എന്‍റെ മകന്‍ ഷേലായ്ക്കു ഭാര്യയായി നല്കിയില്ലല്ലോ" (ഉല്‍പ. 38:26). താമാറിന്‍റെ നീതിനിഷ്ഠയെ ഏറ്റുപറയുമ്പോള്‍ നീതിക്കു തന്നെ ഒരു പ്രത്യേക മാനം നല്കുന്നു. എന്തിനുവേണ്ടിയാണ് അവള്‍ വേശ്യയുടെ വേഷമിട്ട്, ജീവന്‍ തന്നെ അപകടത്തിലാക്കുന്ന സാഹസത്തിനു മുതിര്‍ന്നത് എന്ന് വിശദീകരിക്കുന്നതിലൂടെ ജീവന്‍റെ സംരക്ഷണവും നിലനില്‍പ്പുമാണ് നീതിയുടെ മുഖ്യലക്ഷ്യം എന്ന് സൂചിപ്പിക്കുന്നു.

മരണാനന്തര ജീവിതത്തെയും പുനരുത്ഥാനത്തെയും കുറിച്ച് അറിവില്ലാതിരുന്ന ആ കാലത്ത് ഒരാളുടെ നിലനില്പ് സന്തതി പരമ്പരയിലൂടെയാണ് പരിഗണിച്ചിരുന്നത്. സന്തതിയില്ലാതെ മരിക്കുന്നയാള്‍ എന്നേക്കുമായി വിഛേദിക്കപ്പെടുന്നു. വാഗ്ദത്തഭൂമിയില്‍ വാസമുറപ്പിച്ചപ്പോള്‍ എല്ലാ ഗോത്രങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ജോഷ്വാ ഭൂമി വീതിച്ചു കൊടുത്തു. ഭൂമിയില്‍ അവകാശമില്ലാത്ത ആരുമുണ്ടായിരുന്നില്ല. ഒരാള്‍ക്ക് അവകാശപ്പെട്ട ഭൂമി അയാളുടെ മരണശേഷം മക്കള്‍ക്ക് അവകാശമായി ലഭിക്കുന്നു. അങ്ങനെ മക്കളിലൂടെ ജീവിക്കുന്നതോടൊപ്പം വാഗ്ദത്തഭൂമിയുടെ അവകാശിയായി തുടരുകയും ചെയ്യുന്നു. വാഗ്ദത്തഭൂമിയില്‍ അവകാശം നഷ്ടപ്പെടുന്നത് ദൈവത്തില്‍ നിന്ന് അകറ്റപ്പെടുന്നതിനു തുല്യമായി പരിഗണിച്ചിരുന്നു. അതോടൊപ്പം ഓരോ ഗോത്രത്തിനും അവകാശമായി ലഭിച്ച ഭൂമി മറ്റു ഗോത്രങ്ങള്‍ക്കായി കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ല എന്നും നിയമമുണ്ടായിരുന്നു. വ്യക്തികളുടെയും ഗോത്രങ്ങളുടെയും നിലനില്‍പും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന നിയമമായിരുന്നു ഇത്.

ഈ പശ്ചാത്തലത്തില്‍ വേണം ഭര്‍തൃസഹോദര ധര്‍മ്മം എന്ന നിയമം മനസ്സിലാക്കാന്‍. താമാര്‍ ഇപ്രകാരം ഒരു സാഹസത്തിനു മുതിര്‍ന്നത് തനിക്കുവേണ്ടി മാത്രമല്ല, യൂദായ്ക്കും കുടുംബത്തിനും വേണ്ടി കൂടിയാണ്. ദൈവം അവളെ കടാക്ഷിച്ചനുഗ്രഹിച്ചു; സംരക്ഷിച്ചു. മാത്രമല്ല, രക്ഷാചരിത്രത്തില്‍ അതിധന്യമായൊരു സ്ഥാനവും അവള്‍ക്കു നല്‍കി. യൂദായുമായുള്ള അവിഹിതബന്ധത്തിലൂടെ അവളില്‍ നിന്നു ജനിച്ച ഏര്‍ മിശിഹായുടെ വംശാവലിയിലെ ഒരു കണ്ണിയായി. യേശുവിന്‍റെ വംശാവലിയില്‍ മത്തായി സുവിശേഷകന്‍ പേരെടുത്തു പറയുന്ന നാലു സ്ത്രീകളില്‍ ആദ്യത്തേതാണ് താമാര്‍.

നീതിബോധം നഷ്ടപ്പെടുന്ന ഭക്തിയും മതാചാരങ്ങളും എത്ര ഹീനവും ഭീകരവുമായി അധഃപതിക്കാം എന്നതിന് ഒരുദാഹരണമാണ് താമാറിന്‍റെ മേല്‍ യൂദാ പ്രസ്താവിച്ച ശിക്ഷാവിധി. എന്നാല്‍ ഇത് ചരിത്രത്തിലെ ഒറ്റപ്പെട്ട സംഭവമല്ലല്ലോ. വ്യഭിചാരക്കുറ്റം ആരോപിച്ച് കല്ലെറിയാന്‍ കൊണ്ടുവന്ന സ്ത്രീയുടെ മേല്‍ വിധി പ്രസ്താവിക്കാന്‍ യേശുവിനോടാവശ്യപ്പെട്ട യഹൂദനേതാക്കന്മാര്‍ പ്രകടമാക്കുന്നതും വഴിതെറ്റിയ മതാത്മകതയുടെ ഭീകരമുഖമാണ് (യോഹ. 8: 1-11). വിരുന്നുശാലയിലേക്ക് ഓടിക്കയറി, യേശുവിന്‍റെ കാല്ക്കല്‍ പ്രണമിച്ച് കണ്ണീരൊഴുക്കിയ പാപിനിയുടെ നേരേ നീണ്ട ഫരിസേയപ്രമാണി ശിമയോന്‍റെ ചൂണ്ടുവിരലും ചൂണ്ടുന്നത് ലക്ഷ്യം തെറ്റിയ മതാത്മകത അണിയുന്ന നീതിയുടെ മൂടുപടത്തിനു നേരെയാണ്. തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്ത സൂസന്നയെ വ്യഭിചാരക്കുറ്റം ആരോപിച്ച് വധശിക്ഷ വിധിച്ച ന്യായാധിപന്മാരിലൂടെ കാപട്യത്തിന്‍റെ ദുര്‍മുഖം തുറന്നുകാട്ടുന്നതും (ദാനി. 13) സമാനമായൊരു സംഭവമത്രെ.

നീതിബോധം നഷ്ടപ്പെടുന്ന മതാത്മകതയും കരുണയുടെ ഉറവ വറ്റിയ ഭക്തിയും സ്വന്തം പാപങ്ങള്‍ മറച്ചുവച്ച് അന്യനില്‍ കുറ്റമാരോപിക്കുന്ന ഫരിസേയ ധാര്‍ഷ്ട്യവും ഇന്നും വിരളമല്ലല്ലോ. തന്‍റേതില്‍ നിന്നു വ്യത്യസ്തമായൊരു വിശ്വാസസംഹിതയോ ആചാരാനുഷ്ഠാനങ്ങളോ കാത്തുപാലിക്കുന്നവരെ ദൈവവിരോധികളായിക്കണ്ട് ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന സ്പഷ്ടമായ മതഭ്രാന്തര്‍ മാത്രമല്ല ഇവിടെ പ്രതിക്കൂട്ടില്‍ നില്ക്കുക. ഞാന്‍ മാത്രം വിശുദ്ധന്‍, മറ്റെല്ലാവരും പാപികള്‍ എന്ന ഫരിസേയ മനോഭാവം (ലൂക്കാ 18: 9-14) മിക്കവാറും എല്ലാ മതങ്ങളിലും ദൃശ്യമാണ്. അതിലും എത്രയോ അധികമാണ് ഇന്നത്തെ പൊതുസമൂഹത്തില്‍ അരങ്ങേറുന്ന അനീതിയാരോപണങ്ങളും വിധിപ്രസ്താവങ്ങളും. പുറത്തിറക്കി ചുട്ടുകളയാന്‍ ആക്രോശിക്കുന്ന നേതാക്കന്മാരും അണികളും എവിടെയാണ് തങ്ങളുടെ കൈകളിലെ രക്തക്കറ മറച്ചുവയ്ക്കുക. ഏതു സമുദ്രത്തില്‍ കഴുകിയാണ്, ഏതു പുഴയില്‍ കുളിച്ചാലാണ് ഭീകരമായ അനീതികളുടെയും അക്രമങ്ങളുടെയും കറകള്‍ മായുക!

അഞ്ഞൂറു രൂപാ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിടുന്ന ഉന്നതനേതാവ് വാരിക്കൂട്ടിയ കോടികളുടെ കഥകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതിനെ എങ്ങനെ വ്യാഖ്യാനിക്കണം? നമ്മുടെ തെരുവുകളില്‍ നിരപരാധരുടെ രക്തം ഒഴുകുമ്പോള്‍ ഒളിവിലിരുന്നു നരവധങ്ങള്‍ ആസൂത്രണം ചെയ്ത തലമുതിര്‍ന്ന നേതാക്കള്‍ നിരപരാധരും നീതിനിഷ്ഠരും മാന്യന്മാരുമായി അധികാരശ്രേണിയില്‍ ഉയരുന്നു; കഴിവും സ്വാധീനവുമില്ലാത്ത ആരൊക്കെയോ ബലിയാടുകളാകുന്നു. "അവളെ ചുട്ടുകൊല്ലുക!" കാതടപ്പിക്കുന്ന ആക്രോശങ്ങള്‍ നമ്മുടെ അന്തരീക്ഷത്തില്‍ നിരന്തരം ഉയരുമ്പോള്‍ ആക്രോശിക്കുന്നവര്‍ക്ക് യൂദായുടെ ആര്‍ജവത്വം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നു വ്യാമോഹിച്ചു പോകുന്നു. "അവള്‍ എന്നെക്കാള്‍ നീതിയുള്ളവളാണ്", "വിധിക്കരുത്, നിങ്ങളും വിധിക്കപ്പെടുകയില്ല... നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും." (മത്താ. 7: 1-2).

You can share this post!

ശാന്തപദം സുരക്ഷിതം

സഖേര്‍
അടുത്ത രചന

മനോനില ചിത്രണം

ടോം മാത്യു
Related Posts