വമ്പന്‍ പ്രോജക്ടുകളാണിന്നെവിടെയും. ഗ്രാമങ്ങളിലെ ഇത്തിരിപ്പോന്ന നാട്ടുകൂട്ടങ്ങളുടെ തനതു നന്മയിലേക്കുപോലും പബ്ലിക് റിലേഷന്‍സും പരസ്യങ്ങളും പരാദജീവികളെപ്പോലെ പറ്റിപ്പിടിച്ചുകയറുകയാണ്. മക്കളുടെ ഫേസ്ബുക്കും വാട്ട്സ്ആപ്പും വീട്ടമ്മമാര്‍ക്ക് അയല്‍ക്കൂട്ടങ്ങളില്‍ വിളമ്പാനുള്ള പുതിയ ഇനം വിഭവങ്ങളായി. 'പ്രേമവും', 'ബാഹുബലിയും' വീട്ടകങ്ങളുടെ വീഡിയോ പ്ലേയറുകളിലും ഡസ്ക്ടോപ്പിലുമൊക്കെ കൗണ്ടര്‍ പോയിന്‍റുകളായി നിറഞ്ഞോടുമ്പോള്‍, പതിമൂന്നാം നൂറ്റാണ്ടുമുതല്‍ വൈറലായി ഓടുന്ന, നിഴല്‍പോലെ കൂടെയെത്തി, സ്നേഹത്തിന്‍റെ ചന്ദ്രപ്രകാശം കൊണ്ട് മനുഷ്യജീവിതങ്ങളെ ചേര്‍ത്തുപിടിച്ചു നിര്‍ത്തുന്ന ദ്വന്ദ്വവ്യക്തിത്വങ്ങളാണ് ഫ്രാന്‍സിസും ക്ലാരയും. പരസ്പരപൂരകങ്ങളായി മാത്രമേ അവരെ നമുക്ക് കാണാനാവൂ. ക്രിസ്തു എന്ന വ്യക്തിയുടെ ജീവിതത്തിന്‍റെ സാന്ദ്രത മനസ്സിലാക്കിയ മനുഷ്യര്‍. മലയിലും ജറുസലേമിലും ആരാധന നടത്തിയവരോട്- ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കണമെന്ന്, നിങ്ങളറിയാതെ ദൈവം നിങ്ങളുടെ കൂടെയുണ്ടെന്ന് പറഞ്ഞ് - ദൈവ മനുഷ്യബന്ധത്തെ ആഘോഷമാക്കി ചിത്രീകരിച്ച്, ആ മഹാവിരുന്നിലേക്ക് ക്ഷണിച്ച് കടന്നുപോയ ക്രിസ്തുവിനോടൊപ്പം, തിരിച്ചറിവിന്‍റെ നേരറിവില്‍ വിരുന്നുണ്ണാന്‍ ഇറങ്ങിപുറപ്പെട്ടവരാണ് ഫ്രാന്‍സിസും ക്ലാരയും. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉയര്‍ന്ന കലോറി മൂല്യം നിലനിര്‍ത്തുന്ന ട്രിഗര്‍ എന്ന് അവരെക്കുറിച്ച് പറയാനാണെനിക്കിഷ്ടം.
ക്രിസ്തു സംസാരിച്ചതു മുഴുവന്‍ മനുഷ്യനുണ്ടാകേണ്ട ശരിയായ ബന്ധങ്ങളെക്കുറിച്ചും ബന്ധങ്ങളുടെ തിരിച്ചറിവുകളെക്കുറിച്ചുമായിരുന്നു. നിസ്വാര്‍ത്ഥ സ്നേഹത്താല്‍ ആവേശിതയായി ഒരാള്‍ സ്വീകരിക്കുന്ന ക്രിസ്തുസമാനമായ നിലപാടാണ് ശിഷ്യത്വം എന്ന് ക്ലാരയെ കൂടുതലറിയുമ്പോള്‍ ഏറ്റുപറഞ്ഞുപോകും. ക്ലാര - വെളിച്ചവും തെളിച്ചവും ആണ്. എന്നാല്‍, വിശ്വാസവും വിശ്വസ്തതയും കൊണ്ട് എന്നും നമ്മെ അമ്പരപ്പിക്കുന്ന ധൈര്യവതി - അങ്ങനെ ക്ലാരയെ വിളിക്കാന്‍ തോന്നാന്‍ കാരണങ്ങളുണ്ട്. സ്നേഹത്തിന്‍റെ വിശ്വസ്തത ധൈര്യംകൊണ്ട് തെളിയിച്ചവളാണ് ക്ലാര. തന്‍റെ മനസ്സില്‍ സ്നേഹംകൊണ്ട് പ്രതിഷ്ഠ നേടിയ സുഹൃത്ത് ഒരു മുന്നറിയിപ്പുമില്ലാതെ ലോകത്തിനുമുമ്പില്‍ ഭോഷനായി, 'കല്ലുകള്‍ - പള്ളിപണിയാന്‍ കല്ലുകള്‍' - എന്നു വിളിച്ചുചോദിച്ച് തെരുവിലിറങ്ങിയപ്പോള്‍, അന്നന്നുവേണ്ട ആഹാരം മാത്രം മതിയാക്കി ഭിക്ഷാപാത്രം നീട്ടിയപ്പോള്‍ - പ്രഭുഭവനത്തിന്‍റെ അകത്തളങ്ങളില്‍നിന്ന്- ക്ലാരയും തീരുമാനമെടുത്തു. ഒരുപക്ഷേ ഫ്രാന്‍സിസിന്‍റേതിനേക്കാള്‍ വീരോചിതമായ ചുവടുവയ്പ്. കണക്കുകൂട്ടലുകളില്ലാതെ, ഉഭയകക്ഷി ചര്‍ച്ചയൊന്നുമില്ലാതെ, ഫ്രാന്‍സിസിനെ പഴിക്കാതെ, ഫ്രാന്‍സിസിന്‍റെ വഴി ആത്മാവിലും സത്യത്തിലും ദൈവവഴിയെന്ന് തിരിച്ചറിഞ്ഞ് ക്ലാരയും പുറപ്പെട്ടെത്തി. ഉദാത്തമായ, പവിത്രമായ സൗഹൃദത്തിന്‍റെ മാംസംധരിച്ച രൂപമാണ് ക്ലാര. പുരുഷന്മാര്‍ക്കു മാത്രം അനുവദിക്കപ്പെട്ടതായിരുന്നു സ്വാതന്ത്ര്യത്തിന്‍റെ ലോകം എന്നും. അവിടെ ക്ലാര തുടങ്ങിവച്ച ജീവിതശൈലി അവളുടെ സ്നേഹത്തിന്‍റെ വെളിച്ചവും തെളിച്ചവുമായിരുന്നു. വ്രതത്രയങ്ങളുടെ അച്ചുതണ്ടില്‍നിന്ന് ദൈവികസ്വാതന്ത്ര്യത്തോടെ ഭ്രമണം ചെയ്യുന്ന ജീവിതശൈലിയിലേക്ക് പ്രവേശം ചെയ്തവളാണ് ക്ലാര.
ഫ്രാന്‍സിസ് സ്നേഹിക്കുന്നതും അനുകരിക്കുന്നതും ക്രൂശിതനായ ഈശോയെ മാത്രമെന്ന് ക്ലാര അറിഞ്ഞിരുന്നു. അതുകൊണ്ട് ഫ്രാന്‍സിസിന്‍റെ സ്നേഹവിഷയത്തെ ഫ്രാന്‍സിസിനെക്കാള്‍ ഒരുപടി കൂടി കടന്ന് ക്ലാര സ്നേഹിച്ചു. അതിനാല്‍ 'ക്രിസ്തുനാഥനാണ് എന്‍റെ ജന്മാവകാശം' എന്ന് അവള്‍ ജീവിതത്തിലുറപ്പിച്ചു. ക്രിസ്തുവിന്‍റെ അനാവിം സഭ രാജകീയ പ്രൗഢിയിലേക്ക് വഴിമാറിയപ്പോള്‍ ലളിതജീവിതത്തിലൂടെയും പരിഹാരകൃത്യങ്ങളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും സഭയെ തിരിച്ചുവിളിക്കാന്‍ ക്ലാരയ്ക്കു കഴിഞ്ഞു. വിശുദ്ധ ദാരിദ്ര്യം പാലിക്കാന്‍ നിയമാവലിയില്‍ അതെഴുതി ചേര്‍ക്കാന്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരത്തിനായി മരണനിമിഷംവരെ അവള്‍ കാത്തിരുന്നു. ക്രിസ്തുവിനെ സ്നേഹിക്കാന്‍ - തന്‍റെ മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ ഒത്തിരിപ്പേരെ സ്വാധീനിക്കുവാന്‍ എന്നും ക്ലാരയ്ക്കു കഴിയുന്നതും തന്‍റെ സ്വത്വംകൊണ്ട് ക്രിസ്തുവിനെ സ്നേഹിച്ചു എന്ന കാരണംകൊണ്ടാണ്. ദൈവത്തെ അറിഞ്ഞവര്‍ ദൈവത്തെ സ്നേഹിക്കാന്‍ നടത്തുന്ന ശ്രമമാണ് ശിഷ്യത്വം. ക്രിസ്തുവിലെത്തുന്ന ഒരാള്‍ സ്വീകരിക്കുന്ന ജീവിതനിലപാട് സാര്‍വ്വത്രിക സ്നേഹത്തിന്‍റേതാണ്. വ്യക്തിത്വത്തിന്‍റെ പൂര്‍ണ്ണദാനത്തിലേക്ക് അതായത് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലേക്കുള്ള പരിണാമമാണത്.
കൂട്ടായ്മ - വിശുദ്ധീകരണത്തിനും സംരക്ഷണത്തിനും നിലനില്പിനും വേണ്ടിയാണെന്ന് തന്‍റെ മക്കളെ ഒരുമിച്ചുനിര്‍ത്തി ക്ലാര സാക്ഷ്യപ്പെടുത്തുന്നു. "നിങ്ങളുടെ ഉള്ളിലുള്ള സ്നേഹം ബാഹ്യപ്രവൃത്തികളിലൂടെ പ്രകടിപ്പിക്കുവിന്‍" എന്ന് ക്ലാര കത്തുകളിലൂടെ അനുശാസിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. പരിമിതികള്‍ നിറഞ്ഞ മനുഷ്യന് ദൈവം ചേര്‍ത്തുവയ്ക്കുന്ന സമ്മാനമാണ് കൂട്ടായ്മ എന്ന് ഫ്രാന്‍സിസിന്‍റെ ജീവിതത്തെ അനുധാവനം ചെയ്തതിനെക്കുറിച്ച് ക്ലാര പറയും. അങ്ങനെ ആത്മീയതയുടെയും ശിഷ്യത്വത്തിന്‍റെയും പുതിയ തലങ്ങള്‍ ഫ്രാന്‍സിസിലൂടെയും ക്ലാരയിലൂടെയും രൂപപ്പെട്ടു. ഇന്ന്, ആഗോളവ്യാപകമായ ആത്മീയമന്ദതയെ ഭയത്തോടെ നാം വീക്ഷിക്കണം. ദൈവം അധികമാരാലും നിഷേധിക്കപ്പെടുന്നില്ല. എന്നാല്‍ ദൈവാരാധനയെ, നിയമങ്ങളെ, സഭയെ ആളുകള്‍ നിഷേധിക്കുന്നു. നമ്മുടെ കൊച്ചുകേരളത്തില്‍പോലും നാം വലിയ ദേവാലയങ്ങള്‍ പണിയുമ്പോള്‍, ലോകത്തിന്‍റെ പല കോണുകളിലും ഒരുകാലത്ത് ജനനിബിഡമായിരുന്ന ദേവാലയങ്ങള്‍ ശൂന്യമാകുന്നു. ഫ്രാന്‍സിസിന്‍റെയും ക്ലാരയുടെയും കൂട്ടായ്മ - വിശ്വാസത്തിന്‍റെയും ദൈവഭയത്തിന്‍റെയും ലാളിത്യത്തിന്‍റെതുമായ കൂട്ടായ്മ ജീവിക്കാന്‍ നമുക്കു സാധിച്ചില്ലെങ്കില്‍? വി. അല്‍ഫോന്‍സായുടെ തിരുനാളിനൊരുക്കമായ നൊവേന ദിനങ്ങളിലൊന്നില്‍ - ഹിമാലയത്തില്‍ ദൈവാനുഭവധ്യാനത്തിനുശേഷം മടങ്ങിയെത്തിയ കാര്‍മ്മിക വൈദികന്‍ പങ്കുവച്ചതോര്‍ക്കുന്നു- ഹിന്ദു സന്ന്യാസികള്‍ ക്രൈസ്തവരെ വെറുക്കുന്നതിനു മൂന്നു കാരണങ്ങള്‍ - (1) മാംസഭക്ഷണം (2) അവിഹിതബന്ധങ്ങള്‍ (3) ആഢംബരത്വവും ഒച്ചപ്പാടും. സൗഖ്യശുശ്രൂഷയുടെയും രോഗശാന്തിയുടെയും ഫ്ളക്സ് ബോര്‍ഡുകള്‍ വച്ചും ധ്യാനകേന്ദ്രങ്ങള്‍ പണിതും ആളുകളെ കൂട്ടി ഒച്ചപ്പാടുകള്‍ കൂട്ടുമ്പോള്‍ ഓര്‍മ്മിക്കേണ്ടത് - നിശ്ശബ്ദമായി വചനം പ്രഘോഷിച്ച്, പരിപൂര്‍ണ്ണ സന്തോഷത്തിലൂടെ ആത്മീയശാന്തിയും സ്നേഹാനുഭവവും നല്കുന്ന ഫ്രാന്‍സിസിനെ - ക്ലാരയെ- അല്‍ഫോന്‍സാമ്മയെ ഒക്കെയല്ലേ?
ഇവരെല്ലാം നമ്മെ പ്രചോദിപ്പിക്കുന്നത്, മലയിലെ പ്രസംഗത്തിലെ ക്രിസ്തുവിനെ സ്വപ്നം കാണാനാണ്. ക്രിസ്തു സംസാരിച്ചത് തന്‍റെ മുമ്പിലിരുന്ന ദരിദ്രരോടും സാധാരണക്കാരോടും. അവനു പറയാനുള്ളത് അവര്‍ ഭാഗ്യമുള്ളവരാണെന്നും. ദാരിദ്ര്യംകൊണ്ട്, സഹനംകൊണ്ട്, വിലാപംകൊണ്ട്, ശാന്തതകൊണ്ട് അവര്‍ ദൈവരാജ്യത്തോട് അടുത്താണെന്നും. ഈ സുവിശേഷം പ്രസംഗിച്ചതുകൊണ്ട്, നന്മയുടെ ഇടങ്ങള്‍ വളര്‍ത്തുന്ന ആത്മീയതയുടെ ആള്‍രൂപമായി ക്ലാര ഇന്നും നമ്മുടെ മനസ്സില്‍ നില്‍ക്കുന്നു. നൂറ്റാണ്ടിനുമുന്‍പ്, ഫ്രാന്‍സിസിനെപ്പോലെ ക്യാപൂച്ചിനും ക്ലാരിസ്റ്റിനുമൊക്കെ തെണ്ടിനടക്കാമായിരുന്നു. തിരിച്ചുവന്ന് ക്ലാരയെപ്പോലെ ദൈവസന്നിധിയിലിരിക്കാമായിരുന്നു. ഇന്നത് സാധിക്കുമോ? ലളിതവത്കരിക്കപ്പെടേണ്ട ജീവിതശൈലികളെ എത്രമാത്രം സങ്കീര്‍ണമാക്കാമോ അത്രമാത്രം സങ്കീര്‍ണമാക്കി ആത്മീയതയ്ക്ക് നാം നമ്മുടെതായ മുഖം നല്കി. ക്ലാരയുടെ ജ്ഞാനവും ശക്തിയും എവിടെനിന്ന് എന്ന് നമുക്കിനി മനസ്സിലാക്കാവുന്നതല്ലേയുള്ളൂ.
ആരെയും ഭയപ്പെടാതെ സ്നേഹിക്കാന്‍, ജീവന്‍ നല്കി സ്നേഹിച്ചാല്‍പോലും ഒറ്റിക്കൊടുത്തും തള്ളിപ്പറഞ്ഞും നിസംഗതയോടെ നോക്കിനിന്നും നമ്മെ കുരിശിലേറ്റുമ്പോള്‍ ധാരണയുടെ പ്രതീക്ഷപോലുമില്ലാതെ സ്നേഹിക്കാന്‍, ജാഗരിച്ച് പ്രാര്‍ത്ഥിക്കാന്‍ നമ്മെ ധൈര്യപ്പെടുത്താന്‍ ക്ലാരയുടെ ചുവടുകള്‍ - ക്ലാരയുടെ സൗഹൃദം നമുക്കു മുമ്പിലുണ്ട്.