news-details
ഇടിയും മിന്നലും

എന്നെ വിളിക്കാന്‍ വന്നപ്പോള്‍തന്നെ ഞാനവരോടു പറഞ്ഞതായിരുന്നു ഞാനവിടെ ശരിയാകത്തില്ലെന്ന്.  എന്നിട്ടും നിര്‍ബ്ബന്ധിച്ചപ്പോള്‍ സമ്മതിച്ചു. പത്തായിരംപേരു കൂടുന്ന ഏകദിന കണ്‍വന്‍ഷനാണ്, വര്‍ഷങ്ങളായിട്ടു നല്ലരീതിയില്‍ നടക്കുന്ന ഒന്നാണ്. അറിയപ്പെടുന്ന എല്ലാവരുംതന്നെ അവിടെ വചനപ്രഘോഷണം നടത്തിയിട്ടുണ്ട്. അവിടെ ഇതുവരെയും ചെന്നിട്ടില്ലാത്ത പ്രഘോഷകരെതേടി അവരിറങ്ങിയതാണ് എന്നൊക്കെയായിരുന്നു അവരു തന്ന വിശദീകരണങ്ങള്‍. അങ്ങനെ സ്റ്റെപ്പിനികളെ തപ്പിയെടുത്ത കൂട്ടത്തില്‍ ഞാനും പെട്ടുകാണും എന്നു ഞാനൂഹിച്ചു.

നിശ്ചിതദിവസം പത്തുമണിമുതലുള്ള സമയമായിരുന്നു എനിക്കു തന്നിരുന്നതെങ്കിലും ഒമ്പതുമണിക്കുതന്നെ ഞാന്‍ സ്ഥലത്തെത്തുമ്പോള്‍ ഗാനശുശ്രൂഷ തുടങ്ങിയിരുന്നു. അതുകഴിഞ്ഞപ്പോള്‍ അന്നു പ്രത്യേകമായി പ്രാര്‍ത്ഥനാസഹായം ചോദിച്ചിട്ടുണ്ടായിരുന്നവരുടെ നിയോഗങ്ങളൊക്കെ വായിച്ചു. തുടര്‍ന്ന് ആമുഖപ്രസംഗം ആയിരുന്നു. അവതരണം കേട്ടിട്ട് അതു നടത്തിയത് സംഘാടകരിലൊരാളായിരിക്കും എന്നുഞാനൂഹിച്ചു. അദ്ദേഹം തുടങ്ങിയതുതന്നെ ആ ഒരുമാസത്തിനുള്ളിലുണ്ടായ രണ്ടു ഭീകര പ്രകൃതിദുരന്തങ്ങളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു. അവസാനത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു എന്ന ഭീഷണിയോടെ, മത്തായി: 24, മര്‍ക്കോസ്:13, ലൂക്കാ: 21 അദ്ധ്യായങ്ങളിലെ അവസാനനാളുകളെപ്പറ്റിയുള്ള യേശുവിന്‍റെ മുന്നറിയിപ്പുകള്‍ വായിച്ചും, വെളിപാട്: അദ്ധ്യായം 16-ലെ ദുരന്തങ്ങളുടെ വിവരണത്തിലെ ചില ഭാഗങ്ങള്‍ ആവര്‍ത്തിച്ചു വായിച്ചും, അവയ്ക്കെല്ലാം വര്‍ത്തമാനകാലസംഭവങ്ങളുമായി ഏറെ സമാനതകളുള്ളവയാണെന്നും അന്ത്യത്തിന്‍റെ ലക്ഷണങ്ങളാണെന്നും ശക്തമായി സ്ഥാപിച്ചു. 2004- ലെ സുനാമി മുതലിങ്ങോട്ട് കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളിലുണ്ടായ പ്രകൃതിക്ഷോഭങ്ങളുടെയും, മലേഷ്യന്‍ വിമാനം കാണാതായതിന്‍റെയും, ഐ. എസ്. ഭീകരരുടെ ക്രൂരതകളുടെയും ചിത്രങ്ങളും നിരത്തി ഒരു പതിനഞ്ചുമിനിറ്റുനേരം ദുരന്താവതരണങ്ങളുടെ പെരുമഴയായിരുന്നു.

യൗനാന്‍ പ്രവാചകന്‍റെ മുന്നറിയിപ്പു ശ്രവിച്ച്, ചാക്കുടുത്തു ചാരത്തിലിരുന്നു പരിഹാരംചെയ്ത നിനെവെ രാജാവിനെയും ജനത്തെയുംപോലെ പശ്ചാത്തപിച്ചു പരിഹാരം ചെയ്യുക. ഉപവസിക്കുക, ദശാംശം കൊടുക്കുക, ജാഗരണ പ്രാര്‍ത്ഥന നടത്തുക, കരുണയ്ക്കുവേണ്ടി കരഞ്ഞപേക്ഷിക്കുക, അവസാനം അടുത്തെത്തിയിരിക്കുന്നു, ദൈവകോപം ശമിപ്പിക്കുക. പ്രഭാഷകന്‍ തുടര്‍ന്നു; മത്തായി: 16- ലെ 'കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചറിയാന്‍ എന്തുകൊണ്ടു നിങ്ങള്‍ക്കു കഴിയുന്നില്ല' എന്ന യേശുവിന്‍റെ ചോദ്യം ഒന്നുകൂടി തീവ്രവേദനയോടെ ഏറ്റുപറഞ്ഞ്, നെഞ്ചുപൊട്ടിയുള്ള വിലാപത്തോടെ ആമുഖപ്രസംഗമവസാനിക്കുമ്പോള്‍ മണി പത്തുകഴിഞ്ഞിരുന്നു.

ഈ വിലാപങ്ങള്‍ക്കും ഭീഷണികള്‍ക്കുമിടയില്‍ ഓരോമിനിറ്റുമിടവിട്ട് 'പ്രയ്സ് ദ ലോഡ്' എന്ന അട്ടഹാസം എന്തുദ്ദേശത്തിലായിരുന്നു എന്നറിഞ്ഞുകൂടാ. പ്രത്യേകിച്ചും, ഐ. എസ്. ഭീകരര്‍, എത്ര നിരപരാധികളെയാണ് നിരത്തിനിര്‍ത്തി അതിക്രൂരമായി കഴുത്തറുത്തു കൊന്നത് എന്നു ചോദിച്ചുകഴിഞ്ഞ്, ഒരു മൂന്നാലു പ്രാവശ്യമെങ്കിലും അത്യുച്ചത്തില്‍ 'പ്രയ്സ് ദ ലോഡ്' പറഞ്ഞപ്പോള്‍ മുമ്പിലിരുന്ന ജനംമുഴുവന്‍ അയാളോടൊപ്പം അതേറ്റുപറയുന്നതു കേട്ടപ്പോള്‍ എന്‍റെ ഞരമ്പാകെ വരിഞ്ഞുമുറുകി. നിരപരാധികള്‍ ദാരുണമായി കൊലചെയ്യപ്പെടുന്നതു പറഞ്ഞപ്പോഴാണല്ലോ, കഥയറിയാതെ ആട്ടം കാണുന്ന ഈ ജനം ആര്‍ത്തു സ്തുതിപാടിയത് എന്നോര്‍ത്തപ്പോള്‍ വല്ലാത്തൊരു പിരിമുറുക്കം ഉള്ളില്‍. തൊട്ടുപിന്നാലെ സ്റ്റേജില്‍ കയറിച്ചെന്ന് ഇവരോടുതന്നെ സംസാരിക്കേണ്ട ഞാന്‍, ഉടന്‍തന്നെ വിട്ടുപോകണമോ, അതോ 'ചാവേറാ'കണമോ എന്ന ശങ്കയിലായി. ജനം 'പ്രധാന പ്രഭാഷകനെ' പ്രതീക്ഷിച്ചു പ്രാര്‍ത്ഥനാഗാനം തുടങ്ങിക്കഴിഞ്ഞിരുന്നു.

രണ്ടുമണിക്കൂര്‍ സംസാരിക്കാനുള്ള സന്ദേശം മനസ്സില്‍ ചിട്ടപ്പെടുത്തിക്കൊണ്ടായിരുന്നു ഞാന്‍ ചെന്നത്. ആമുഖപ്രഭാഷണത്തില്‍ പറഞ്ഞതെല്ലാം കേട്ടതോടെ ഉള്ളില്‍ ചിട്ടപ്പെടുത്തിയിരുന്നതെല്ലാം തെറ്റി. ലോകാവസാനം കാത്തിരിക്കുന്ന ഈ ജനത്തിന്‍റെ മുമ്പില്‍ചെന്നുനിന്ന് 'മരിച്ചവരുടെ ഒപ്പീസ്' ഒരെണ്ണമങ്ങു പാടിയാലോ എന്നായിരുന്നു ആദ്യം തോന്നിയത്.

ഞാന്‍ കയറിച്ചെന്നപ്പോള്‍ ജനമെഴന്നേറ്റു. പ്രസംഗപീഠത്തിലെത്തി പരിശുദ്ധാത്മാവിന്‍റെ ഗാനത്തിനു തുടക്കമിട്ടു. എല്ലാവരും പാടിക്കൊണ്ടിരിക്കുമ്പോള്‍ എങ്ങിനെയൊന്നു തുടങ്ങും എന്നൊരു വെപ്രാളത്തിലായിരുന്നു ഞാന്‍. കുനിഞ്ഞുനിന്ന് ആലോചിക്കുമ്പോള്‍ കണ്ണെത്തിയത് പീഠത്തിന്‍റെ താഴത്തെത്തട്ടില്‍ നിവര്‍ത്തിയിട്ടിരുന്ന ദീപികപ്പത്രത്തിന്‍റെ ചരമവാര്‍ത്തപ്പേജില്‍. പാട്ടുകഴിഞ്ഞ് ഒരു ചെറിയ പ്രാര്‍ത്ഥനയും ചൊല്ലിയശേഷം താഴേപ്പടിയില്‍നിന്നും പത്രമെടുത്തു, തീയതിനോക്കി, രണ്ടാഴ്ചമുമ്പത്തെ ഒരു ചൊവ്വാഴ്ചയിലെ പത്രമായിരുന്നു. എല്ലാവരുടെയും മുമ്പില്‍ ഞാനത് നിവര്‍ത്തി ഉയര്‍ത്തിപ്പിടിച്ചു.

"ഇതു കഴിഞ്ഞതിന്‍റെ മുമ്പിലത്തെ ചൊവ്വാഴ്ചത്തെ ദീപികപത്രമാണ്. നിങ്ങളുകാണുന്നത് ചരമവാര്‍ത്തകള്‍ ഫോട്ടോസഹിതമുള്ള പേജാണ്. ഇതില്‍കാണുന്ന ഇത്രയുംപേരുടെ ലോകം ആ തിങ്കളാഴ്ച അവസാനിച്ചു. അതുകൊണ്ടാണല്ലോ ചൊവ്വാഴ്ചത്തെ പത്രത്തില്‍ അവരുടെ ഫോട്ടോസഹിതം ഈ വാര്‍ത്തവന്നത്. ഇങ്ങനെ ദിനംപ്രതി എത്രയോപേരുടെ ലോകം അവസാനിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ ഒരോരുത്തരുടെയും ലോകവുമവസാനിക്കും, തീര്‍ച്ച. നീണ്ടുനിവര്‍ന്നു കിടക്കയില്‍ കിടന്നായിരിക്കുമോ, വഴിയേപോകുമ്പോള്‍ വണ്ടിതട്ടിയായിരിക്കുമോ, ഐ. എസ്. ഭീകരര്‍ കഴുത്തുകണ്ടിച്ചിട്ടായിരിക്കുമോ എന്നൊന്നും നമുക്കു നിശ്ചയമില്ല എന്നുമാത്രം."

ഞാനത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ ആരാണ്ടോ ഇടയ്ക്കിരുന്ന് വളരെ ഉച്ചത്തില്‍ 'പ്രയ്സ് ദ ലോഡ്' പറഞ്ഞു, ഒത്തിരിപ്പേരത് ഏറ്റും പറഞ്ഞു. അതുവരെ ഞരമ്പുപിരിഞ്ഞിരുന്ന ആര്‍ക്കൊക്കെയോ പിരിഅയഞ്ഞുതുടങ്ങി എന്നുറപ്പായിരുന്നു. അതൊന്നും ഒട്ടും ശ്രദ്ധിക്കാതെ ഞാന്‍ തുടര്‍ന്നു:

"കര്‍ത്താവിന്‍റെകാലം മുതലേ ഉണ്ടായിരുന്നു ലോകാവസാനത്തെപ്പറ്റിയുള്ള ഈ കോലാഹലം. പൗലോസ് ശ്ലീഹാപോലും ആ ധാരണയിലായിരുന്നു കുറേക്കാലം. അതുകഴിഞ്ഞ് എത്രയോ പ്രാവശ്യം ഒരോ നൂറ്റാണ്ടുകളില്‍ ലോകാവസാനംവരുന്നേന്നും പറഞ്ഞ് ഒരോരുത്തരു പരക്കംപാഞ്ഞു, എത്രയോ പേര് അവരുടെ കൂടെപ്പാഞ്ഞു? എന്നിട്ടെന്തായി? ഭൂഗോളമിന്നും അതൊന്നുമറിയാത്തമട്ടില്‍ ചുറ്റിത്തിരിയുന്നു. 1960- ല്‍ ഫാത്തിമായിലെ വെളിപ്പെടുത്തല്‍ പ്രകാരം ലോകാവസാനമെന്നുംപറഞ്ഞ്, തിരീം വെഞ്ചരിച്ച്, കുമ്പസാരിച്ചു കുര്‍ബ്ബാനേം കൈക്കൊണ്ടു ഭക്തജനങ്ങള്‍ അന്ത്യംകാണാന്‍ ഉറക്കമിളച്ചു ഭീതിയോടെ കാത്തിരുന്നപ്പോഴും മറ്റു ലോകരെല്ലാം അവരുടെ കാര്യംനോക്കി നടന്നു. കര്‍ത്താവു വലതുകൈ പിടിച്ചിരിക്കുന്നത് രണ്ടുവിരലുയര്‍ത്തിയാണെന്നും അതിന്‍റെയര്‍ത്ഥം രണ്ടായിരം വര്‍ഷമെന്നാണെന്നും അതുകൊണ്ടു രണ്ടായിരാമാണ്ടില്‍ ലോകാവസാനമെന്നും പറഞ്ഞ് എന്തൊരു കോലാഹലമായിരുന്നു. എത്രയോ അച്ചന്മാരുതന്നെ അതു പ്രസംഗിച്ചു ജനത്തെ പേടിപ്പിച്ചു. അന്നുണ്ടാകാന്‍ പോകുന്ന കടുകട്ടിയായ അന്ധകാരത്തില്‍ വെഞ്ചരിച്ച തിരിമാത്രമെ കത്തിച്ചാല്‍ തെളിയൂ എന്നാരൊക്കെയോ അച്ചന്മാരു പറഞ്ഞെന്നും പറഞ്ഞ് കുറേപ്പേരെങ്കിലും എന്‍റെയടുത്ത് തിരിവെഞ്ചരിക്കാന്‍ വന്നിട്ടുണ്ട്. അവരുടെ മുമ്പില്‍വച്ചുതന്നെ തിരിക്കുള്ളിലെ തുണിത്തിരി ഹന്നാന്‍വെള്ളത്തില്‍മുക്കി കത്തിച്ചാലും തീ പിടിക്കാത്ത പരുവത്തില്‍ കൊടുത്തത് കടുംകൈ ആയിപ്പോയെന്ന് ഇപ്പോത്തോന്നുന്നുണ്ട്. എന്നിട്ടെന്തായി, ആ തിരികത്തിക്കാന്‍ ഒരുവര്‍ഷം മുഴുവന്‍ ഉറക്കമിളച്ചതുമിച്ചം. ഇന്നും ഈ അണ്ഡകടാഹം നിര്‍ബ്ബാധം സൂര്യനുചുറ്റും മാന്യമായിട്ടു വലം വയ്ക്കുന്നു. അതെത്രകാലത്തേയ്ക്കെന്നു തീരുമാനിക്കുന്നത് ഭൂമിയിലിരുന്ന അബദ്ധവിരേചന നടത്തുന്ന ദിവ്യന്മാരല്ല, അതു പിതാവിനുമാത്രമറിയാവുന്ന രഹസ്യമാണെന്നു കര്‍ത്താവുതന്നെ പറയുന്നു. തമ്പുരാന്‍റെ മേശപ്പുറത്ത് നമ്മളൊക്കെ ഭിത്തിയില്‍തൂക്കുന്ന 'ഗ്രിഗോറിയന്‍ കലണ്ടറു' മാത്രമല്ല ഉള്ളത്. ആ കലണ്ടറിനു തുടക്കമിട്ടത് 1582-ല്‍ മാത്രമാണ്. ആ പരിഷ്ക്കാരം വരുത്തിയത് ഗ്രിഗറി 13-ാമന്‍ പാപ്പായാണ്. അതിനുമുമ്പ് യേശുവിനും 45 വര്‍ഷങ്ങള്‍ക്കുമുമ്പ് ജൂലിയസ് സീസര്‍ ആവിഷ്ക്കരിച്ച ജൂലിയന്‍ കലണ്ടറാണുണ്ടായിരുന്നത്. ഭൂരിഭാഗം രാഷ്ട്രങ്ങളും ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിക്കുമ്പോഴും, ലോകത്തെ പലരാജ്യങ്ങളിലും ഇന്നും മറ്റു പലതരത്തിലുള്ള കലണ്ടറുകളാണ് പിന്തുടരുന്നത്. ലോകനിയന്താവായ തമ്പുരാന്‍റെ മുമ്പില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍വച്ച് തീയതിനോക്കി ലോകമവസാനിപ്പിക്കാന്‍ തുനിയുന്നവരെ ഞരമ്പുരോഗികള്‍ എന്നല്ലാതെ എന്താണു വിളിക്കുക?
പ്രകൃതിദുരന്തങ്ങള്‍ എന്നുമുണ്ടായിരുന്നു. പണ്ടൊക്കെ വാര്‍ത്താവിനിമയത്തിന്‍റെ പരിമിതിമൂലം ആരുമാരുമറിഞ്ഞില്ല. ഇന്നാണെങ്കില്‍ അറയാതൊന്നു തുമ്മിയാല്‍പോലും ഫോട്ടോസഹിതം ചന്ദ്രനില്‍വരെ എത്തും. അതുകൊണ്ട് ഒരു പ്രകൃതിദുരന്തമുണ്ടായിക്കൊണ്ടിരിക്കുമ്പോള്‍തന്നെ അതിന്‍റെ സര്‍വ്വ തീവ്രതയോടുംകൂടെ ലോകമെമ്പാടും കണ്‍മുമ്പില്‍ കാണും. അതിനെയൊക്കെ പെരുപ്പിച്ചുകാട്ടി 'പുലി വരുന്നേ'ന്നു കാറിയിട്ടെന്താ ഗുണം? ലോകാവസാനത്തെ ഓടിച്ചുവിടാനും തമ്പുരാന്‍റെ കോപത്തെ ശമിപ്പിക്കാനും, ദശാംശോം, കരുണപ്രാര്‍ത്ഥനയും, ഉപവാസവും ഒന്നും പോരാ, അവ വേണ്ടെന്നല്ല, പോരെന്നാണു ഞാന്‍ പറഞ്ഞത്. പിന്നെയെന്തുവേണം എന്ന് വളരെ തീക്ഷ്ണമായും ആത്മാര്‍ത്ഥമായും ആമുഖപ്രഭാഷകന്‍ നമ്മെ ഓര്‍മ്മിപ്പിച്ചു: കാലത്തിന്‍റെ ചുവരെഴുത്തുകള്‍ നമ്മള്‍ വായിച്ചറിയണം. കര്‍ത്താവു പറയുന്നതുപോലെ രാവിലത്തെ ചെമ്മാനം അപകടത്തിന്‍റെയും, അന്തിയിലെ ചെമ്മാനം പ്രശാന്തിയുടെയും സൂചനകളാണ്. ചെമ്മാനം കണ്ടാലുടനെ വിളറിപിടിക്കാനല്ല, അതിന്‍റെ സൂചനകള്‍ വായിച്ചറിഞ്ഞു ചെയ്യേണ്ടതു ചെയ്യാനാണു കണ്ണുതുറക്കേണ്ടത്.

മക്കള്‍ നാനാവഴിക്കു പോകുന്നെങ്കില്‍ വഴിമാറ്റിക്കൊണ്ടു പോകുന്നവരെ പഴിച്ചിട്ടുകാര്യമില്ല. പഠനത്തിനും, പണത്തിനും മുന്‍ഗണന നല്കി മക്കളെ വളര്‍ത്തുമ്പോള്‍ അവരുടെ മുമ്പില്‍ വഴികളേതായാലും തെറ്റില്ല എന്നുവരും. പ്രകൃതിയെ അളവിലധികം ചൂഷണം ചെയ്താല്‍ പ്രകൃതിദുരന്തങ്ങള്‍ തുടര്‍ക്കഥയാകും. പരിശുദ്ധപിതാവിന്‍റെ പുതിയ ചാക്രികലേഖനം കാലത്തിന്‍റെ ചുവരെഴുത്തുകളുടെ നേര്‍വായനയാണ്. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഐഎസിനെയും ആര്‍എസ്എസ്സിനെയും പ്രതിസ്ഥാനത്തു നിര്‍ത്തിയാല്‍ പോരാ. സ്വന്തം മനസ്സാക്ഷിയുടെ കോടതിയില്‍ വിശ്വാസികള്‍ ഒറ്റയ്ക്കൊറ്റയ്ക്കും സഭ കൂട്ടായും സ്വയം പ്രതിസ്ഥാനത്തുനിര്‍ത്തി ഒരു വിചാരണ നടത്തണം, ഉറകെട്ടുപോയതുകൊണ്ടല്ലെ വലിച്ചെറിയപ്പെടുന്നതും ചവിട്ടി മെതിക്കപ്പടുന്നതുമെന്ന് കണ്ടെത്തണം. മതനേതൃത്വം മൗനം പാലിക്കേണ്ടിടത്ത് വാതോരാതെ പുലമ്പിയതുകൊണ്ടല്ലെ സഭ ജീര്‍ണിക്കുന്നതെന്ന സത്യത്തിലേയ്ക്കു കണ്ണുതുറക്കണം"

പറഞ്ഞുതുടങ്ങിയപ്പോള്‍ ഇടയ്ക്കിടയ്ക്ക് അവിടിവിടെയായി 'പ്രയ്സ് ദ ലോഡ്' കേട്ടെങ്കിലും ഞാന്‍ ഒച്ചപ്പാടില്ലാതെ പറഞ്ഞുനീങ്ങിയപ്പോള്‍ എല്ലാം ശാന്തമായിരുന്നു. സാവകാശം എന്‍റെയും സമനില വീണ്ടെടുത്ത് ഒരുങ്ങിവന്ന രണ്ടുമണിക്കൂര്‍ വിഷയം വിളമ്പാന്‍ ബുദ്ധിമുട്ടുണ്ടായില്ല.

 
 

You can share this post!

ആരുമില്ലാത്തവര്‍ക്കല്ലേ ദൈവം

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts