news-details
ഇടിയും മിന്നലും

കടലില്‍ മൂത്രമൊഴിച്ചാല്‍...!

 'ഇടിയും മിന്നലിനും ഇതെന്തു പറ്റി?' കുറെനാളുകളായിട്ട് കേട്ടുമടുത്ത ഒരു ചോദ്യമാണ്. സ്റ്റൈലു പാടെ മാറിപ്പോയി, പഴയ പഞ്ചില്ല, നീളം കൂടിപ്പോകുന്നു, ഇപ്പോള്‍ വളരെ സെന്‍റിമെന്‍റലാണ്, അങ്ങനെ പോകുന്നു നേരിട്ടും ഫോണ്‍വഴിയുമുള്ള കമന്‍റുകള്‍. ഇതെല്ലാം ശരിയാണെന്ന് സമ്മതിച്ചു കൊടുത്തിട്ടുള്ളതല്ലാതെ എന്തുപറ്റി എന്നാരോടും പറയാറില്ല.

ബ്രേക്ഫാസ്റ്റ് കഴിക്കാനിരുന്നപ്പോള്‍ ഒരു ഫോണ്‍വന്നു.

"പത്തുമുപ്പതു വര്‍ഷമായി ഞാന്‍ അസ്സീസി മാസികയുടെ വായനക്കാരനാണ്. അച്ചനെ ഇതുവരെ നേരിട്ടുകണ്ടിട്ടുമില്ല, പരിചയപ്പെട്ടിട്ടുമില്ല. എന്നാലും മാസിക കിട്ടിയാല്‍ ഞാന്‍ ആദ്യം വായിക്കാറുള്ളത് അച്ചന്‍റെ ഇടിയും മിന്നലുമാണ്."

ഇത്രയും പറഞ്ഞ് ആളൊന്നു നിര്‍ത്തി. ഈ 'ഊതല്‍' എന്തുദ്ദേശ്യത്തോടെയാണെന്ന് അറിയില്ലാതിരുന്നതുകൊണ്ട് ഒഴുക്കന്‍മട്ടില്‍ ഒരു 'ഓഹോ..' പറഞ്ഞ്, ഇഡ്ഡലിപ്പുറത്തേക്ക് സാമ്പാര്‍ ഒഴിക്കുമ്പോള്‍ അയാള്‍ സംസാരം തുടര്‍ന്നു.

"ഓരോകാലത്തും കേരളത്തിലെ സഭയിലുണ്ടായ വിവാദങ്ങളില്‍ ശക്തമായ അഭിപ്രായം, തമാശിലൂടെയാണെങ്കിലും, വിവരമുള്ളവര്‍ക്കു മനസ്സിലാകാന്‍ പാകത്തിന് വ്യക്തമായി അച്ചന്‍ എഴുതാറുണ്ടായിരുന്നു. എന്‍റെ മനസ്സില്‍ തോന്നിയിട്ടുള്ള കാര്യങ്ങള്‍തന്നെയാണ് അച്ചനും എഴുതാറുണ്ടായിരുന്നത്. എന്‍റെ ഒരുപാടു സംശയങ്ങള്‍ക്ക് ഉത്തരം കിട്ടിയതും അച്ചന്‍റെ ഇടിയും മിന്നലും വായിച്ചാണ്. കുറെനാളുകളായി സഭയില്‍ വല്ലാത്ത പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോള്‍ അച്ചന്‍ എന്തെങ്കിലും അതിനെപ്പറ്റി എഴുതുമെന്നു കരുതി ഓരോമാസവും അസ്സീസിമാസിക വരുന്നതും നോക്കിയിരുന്നു. പക്ഷേ, ഇതുവരെയും ഒന്നും എഴുതിക്കാണാഞ്ഞതുകൊണ്ട് ചില സംശയങ്ങള്‍ അച്ചനോടു ചോദിച്ചാലോ എന്നുതോന്നി. അല്പം സംസാരിക്കാന്‍ അച്ചനു സൗകര്യമുണ്ടാകുമോ?"

"സംസാരിക്കാം, പക്ഷേ, മറുപടി ചുരുക്കമായിരിക്കുമെന്നുമാത്രം. കാരണം, അപ്രിയസത്യങ്ങള്‍ എത്ര സത്യസന്ധമായി പറഞ്ഞാലും എഴുതിയാലും അതൊക്കെ വക്രീകരിച്ച് വാട്സാപ്പിലും ഫേസ്ബുക്കിലുംകേറ്റി ആര്‍മ്മാദിക്കുന്ന ഈ കാലത്ത്, ഫോണിലൂടെ ഞാന്‍ പറയുന്നതെല്ലാം റിക്കാര്‍ഡ് ചെയ്തിട്ട്, അതുവച്ച് നിങ്ങളെനിക്കിട്ടു പണിയുകേലെന്ന് എനിക്കുറപ്പില്ലല്ലോ. അതുകൊണ്ട് ഇദ്ദേഹം സംസാരിച്ചുകൊള്ളൂ, ഞാന്‍ കേള്‍ക്കാന്‍ റെഡി."

"അച്ചന്‍ ഊഹിച്ചതു ശരിയാണ്. ഫോണ്‍ റിക്കാര്‍ഡിങ്ങിലിട്ടിട്ടാണ് ഞാന്‍ സംസാരം തുടങ്ങിയത്. അച്ചനു പണിതരാനൊന്നുമല്ല. മാസികയിലാണെങ്കില്‍ വേണേല്‍ പിന്നെയും വായിക്കാം. അച്ചന്‍ ഫോണില്‍ പറയുന്ന കാര്യങ്ങള്‍ ഒന്നുകൂടെ കേള്‍ക്കണമെങ്കില്‍ റിക്കാര്‍ഡു ചെയ്യാതെ പറ്റില്ലല്ലോ. അതുകൊണ്ടാണ്. പക്ഷേ അച്ചാ, എനിക്കുതോന്നിയിട്ടുള്ളത്, പലരും വളച്ചൊടിച്ചു മെനകേടാക്കിയതിനെയാണ് അച്ചന്‍ നേരെയാക്കി അവതരിപ്പിക്കുന്നതെന്നാണ്. പറയുന്നതൊക്കെ വളച്ചൊടിക്കാന്‍ നോക്കിയിരിക്കുന്നവരുണ്ടാകും. അതുപേടിച്ച് അച്ചനെഴുതാതിരിക്കരുത്."

"ഞാന്‍ അത്രപേടിച്ചുതൂറിയൊന്നുമല്ല. ഇദ്ദേഹം കേട്ടിരിക്കാനിടയുള്ള ഒരു വളിപ്പാണ് എനിക്ക് ഓര്‍മ്മവരുന്നത്. പണ്ടൊരു വട്ടന്‍ കടലിലേക്കു മൂത്രമൊഴിക്കുന്നതു കണ്ടിട്ടു കാര്യം ചോദിച്ചപ്പോള്‍, കടലിലെ വെള്ളത്തിന് പഴേപോലെ ഉപ്പില്ല അതുകൊണ്ട് ഉപ്പുകൂടാനാണെന്നായിരുന്നു അയാളുടെ മറുപടി. ഞാന്‍ ഏതായാലും കടലില്‍ മൂത്രമൊഴിക്കുന്നില്ലെന്നുവച്ചു. അതുകൊണ്ടാണ് എഴുത്തിന്‍റെ ശൈലി മാറ്റിയത്."

"പറഞ്ഞതു പിടികിട്ടിയില്ലച്ചാ.."

"പണ്ടൊക്കെ എഴുതുന്നതു വായിക്കാനാളുണ്ടായിരുന്നു. എഴുതുന്നതു കൊള്ളേണ്ടിടത്തു കൊള്ളിക്കാന്‍ 'പഞ്ച്' വേണമായിരുന്നു. അന്നങ്ങനെ ചെയ്യാറുമുണ്ടായിരുന്നു. ഇന്നിപ്പോ കടലുപോലെയല്ലെ ട്രോളര്‍മാര്‍. യാതൊരു മാന്യതയും നിലവാരവുമില്ലാതെ സഭയേയും, നമ്മളൊക്കെ വളരെ വിലമതിക്കുന്ന എന്തിനെയുംപറ്റി വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ ചാറ്റുന്നവരും പോസ്റ്റുന്നവരുമൊക്കെ ആവണക്കെണ്ണകുടിച്ചപോലെയല്ലെ തൂറ്റുന്നത്. അതിന്‍റെകൂടെ ഞാനുംകൂടിയാല്‍, വെറുതെ കടലില്‍.... അതോടെ ഞാന്‍ സ്റ്റാന്‍റുവിട്ടു, സ്റ്റൈലു മാറ്റി, അത്രേയുള്ളുകാര്യം, അല്ലാതെ പേടിച്ചോടിയതൊന്നുമല്ല."

"ഞാന്‍ ചോദിക്കുന്നതു ധിക്കാരമാണെന്നു തോന്നരുത്, നേരെനിന്നു കാര്യം പറയേണ്ടവരൊക്കെ അച്ചനെപ്പോലെ ഇങ്ങനെ സ്റ്റാന്‍റുവിട്ടതുകൊണ്ടല്ലെ, അവസരം നോക്കിയിരുന്നവരൊക്കെ വല്ലാതെ ആഘോഷിക്കുന്നത്? അതുകൊണ്ടച്ചാ പറ്റിയിരിക്കുന്നതെന്താണെന്നറിയാമോ. എന്‍റെ കാര്യംതന്നെ പറയട്ടെ. എനിക്ക് കര്‍ത്താവില്‍ ഉറച്ചവിശ്വാസവും സഭയോടു വലിയ സ്നേഹവുമൊക്കെയുണ്ടായിരുന്നു. പക്ഷേ കുറേനാളായിട്ടു സഭയില്‍ കാണുന്നതും, ഈ അച്ചന്മാരും മെത്രാന്മാരുമൊക്കെ കാണിക്കുന്നതുമൊക്കെ കണ്ടുംകേട്ടും എന്‍റെ വിശ്വാസമെല്ലാം വല്ലാതെയങ്ങു കുറഞ്ഞുപോയതുപോലെയുണ്ട്. എനിക്കതില്‍ വിഷമവുമുണ്ട്. അതുകൊണ്ടാണ് അച്ചനെ വിളിച്ചത്."

"നിങ്ങളു പറഞ്ഞത് എനിക്കു മനസ്സിലാകുന്നുണ്ട്. നിങ്ങള്‍ക്കു മാത്രമല്ല, കേരളത്തിലെ നല്ല വിശ്വാസികളുടെയെല്ലാം വേദനയാണ് നിങ്ങളു പങ്കുവച്ചത്. അതിനൊരു പ്രതിവിധിയൊന്നും എനിക്കു പറഞ്ഞുതരാനില്ല. പക്ഷേ, ഒരുകാര്യം ഒന്നു ക്ലിയറാക്കിത്തരണമെന്നു മനസ്സു പറയുന്നു. കാലങ്ങളായി നമ്മളെല്ലാം മെത്രാനും അച്ചനുമൊക്കെ പറയുന്നതു കേട്ടും അനുസരിച്ചും, ജീവിച്ചവരായതുകൊണ്ട് നമ്മളറിയാതെതന്നെ നമ്മുടെ വിശ്വാസവും ഭക്തിയുമെല്ലാം അച്ചന്‍റെ ഉടുപ്പിലും മെത്രാന്‍റെ വടിയിലുമൊക്കെ ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് അവിടെ എന്തെങ്കിലും ഉടച്ചിലോ ഇടച്ചിലോ വല്ലതും ഉണ്ടായാല്‍ അതെല്ലാം അതേപടി നമ്മുടെ വിശ്വാസത്തെയും ബാധിക്കുന്നു. അതാണിപ്പോള്‍ ഇദ്ദേഹത്തിനും സംഭവിച്ചിരിക്കുന്നത്. അതു പൊളിച്ചടുക്കണം. അതിനുള്ള അനുഭവങ്ങളും, അവസരവുമൊക്കെയാണ് തമ്പുരാന്‍ ഇപ്പോള്‍ തന്നിരിക്കുന്നത് എന്നു മനസ്സിലാക്കിയാല്‍മതി. അതായത് സ്നേഹിക്കേണ്ടത്, ഇദ്ദേഹത്തിനുണ്ടായിരുന്നു എന്നു പറഞ്ഞതുപോലെ കര്‍ത്താവിനെയും സഭയെയുമാണ്. അതിനു കോട്ടംവരണ്ട. പിന്നെ അച്ചനോടും മെത്രാനോടും മറ്റുമുള്ള സ്നേഹം, അതൊക്കെ അവരും നമ്മളും മനുഷ്യരായതുകൊണ്ട് അവരുടെ ചെയ്തികളനുസരിച്ചു ഏറിയും കുറഞ്ഞുമൊക്കെയിരിക്കും. ചിലപ്പോള്‍ ഒട്ടും കണ്ടില്ലെന്നുംവരും. അതു സാരമാക്കണ്ട. അതും തമ്പുരാനും സഭയുമായി ബന്ധപ്പെടുത്തണ്ട."

"അച്ചന്‍ ഇപ്പഴാ പറഞ്ഞതു ശരിയാണെന്നൊരു തോന്നല്‍."

"എങ്കില്‍ സക്കേവൂസിനോടു കര്‍ത്താവുപറഞ്ഞതുപോലെ ഞാന്‍ ഇദ്ദേഹത്തോടും പറയുന്നു: നീ രക്ഷപെട്ടിരിക്കുന്നു, നീയും നിന്‍റെ കുടുംബവും"

"നന്ദിയച്ചാ." ആളു ഫോണ്‍ കട്ടാക്കി.

തമ്പുരാന്‍ അപ്പോള്‍ തോന്നിച്ചതു പറഞ്ഞു, ആള്‍ക്കു സമാധാനമായി. ദൈവത്തിനു സ്തുതി. പക്ഷേ ഇതേ ചോദ്യം പരസ്പരം ചോദിച്ച് സഭയിലുള്ള വിശ്വാസവും നഷ്ടപ്പെട്ട്, ഒരുമാതിരി നിസ്സംഗരായിത്തീര്‍ന്ന ആയിരക്കണക്കിനു സാധാരണ വിശ്വാസികളുടെ ആ ദുരവസ്ഥയ്ക്ക് ഉത്തരവാദികളായവര്‍ക്കും ഈ നോമ്പുകാലത്ത് ആത്മശോധനയ്ക്കായി ചിലത്.

എന്‍റെ എഴുത്തിന്‍റെ ശൈലി മാറ്റിയതിനെപ്പറ്റി അങ്ങേരോട് അങ്ങനെ പറഞ്ഞെങ്കിലും സത്യത്തില്‍ ഞാന്‍ സ്റ്റാന്‍റ് വിട്ടതല്ല, സ്റ്റാന്‍റില്ലാതായതാ. ഞാന്‍ ആയുധംവച്ചു കീഴടങ്ങിയ ആ പടകളെപ്പറ്റി ചിന്തിക്കാന്‍പോലും എനിക്കിഷ്ടമില്ല. 'ചെറിയോന്‍ പറഞ്ഞാല്‍ ചെവീപ്പോകില്ല' എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. കേരളത്തിലെ സഭയില്‍ അത് അക്ഷരംപ്രതി സത്യമാണ്. അച്ചന്മാരെ ധ്യാനിപ്പിക്കാന്‍ എന്നെ വിളിച്ചതുകൊണ്ടു പോയതായിരുന്നു. ധ്യാനം തുടങ്ങുന്നതിനുമുമ്പ് പരിചയപ്പെട്ട അച്ചന്മാരു പലരും ഞാന്‍ ഡോക്ടറേറ്റ് എടുത്തത് എവിടെനിന്നാണെന്നു ചോദിച്ചപ്പോള്‍ എരുമേലി സെന്തോമസ് ഹൈസ്കൂളില്‍ നിന്നാണെന്നു തമാശുരൂപത്തില്‍ പറഞ്ഞത് ആദ്യം അവര്‍ക്കു മനസ്സിലായില്ല. ഞാന്‍ വെറും എസ്എസ്എല്‍സിക്കാരനാണെന്നു ക്ലിയറാക്കിയപ്പോള്‍, അവരില്‍ രണ്ടുമൂന്നുപേര് അപ്പോളെ പെട്ടിയുമെടുത്തു ധ്യാനംകൂടാതെ വിട്ടുപോയ അനുഭവമെനിക്കുണ്ട്.

നിലയ്ക്കല്‍ പ്രശ്നവും മാര്‍ത്തോമ്മാ കുരിശുമൊക്കെ സഭയില്‍ വിവാദമുണ്ടാക്കിയ കാലത്ത് കര്‍ത്താവു ശിരസും തിരുസഭ ഉടലുമാണ് എന്നു വിശ്വാസമുണ്ടെങ്കില്‍ ഈ വിവാദങ്ങളില്‍ ഒരു കഴമ്പുമില്ലെന്നു നല്ല 'പഞ്ചോടു' കൂടെ ഞാനെഴുതിയപ്പോള്‍ എനിക്കു തലയ്ക്കു സുഖമില്ലെന്നും എന്നെ പിടിച്ചു 'തടിയിലിടണ'മെന്നും എന്‍റെ അധികാരികളോടു നിര്‍ദ്ദേശിച്ച സഭാനേതാക്കന്മാരെ എനിക്കറിയാം. എന്‍റെ മുഖത്തുനോക്കി ഞാന്‍ അനഭിമതനാണെന്നു പറയുക മാത്രമല്ല, ഞാനെടുത്തിരുന്ന ധ്യാനങ്ങള്‍ വിലക്കിയ അനുഭവങ്ങളുണ്ട് അനവധി. അങ്ങനെ എനിക്കു സ്റ്റാന്‍റില്ലാതാകുന്നു എന്നു മനസ്സിലായപ്പോള്‍ നിലനില്‍പിന്‍റെ വിഷയമായതുകൊണ്ട് ഞാന്‍ സ്റ്റൈലു മാറ്റി. പഞ്ച് ഒക്കെ ഒഴിവാക്കി.

മെഡിക്കല്‍കോളേജുകളും എന്‍ജിനീയറിങ് കോളേജുകളും മത്സരിച്ചു പടച്ചുകൂട്ടുന്നതിനെക്കാള്‍ മണ്ണിനെയും കൃഷിയെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന കാര്‍ഷിക കോളേജുകളും, കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്ക്കരിക്കുന്ന ഫാക്റ്ററികളും തുടങ്ങുകയും അതിനുള്ള സാങ്കേതിക വിദഗ്ദ്ധരെ വളര്‍ത്തിയെടുക്കുകയുമാണ് കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ കാലത്തിന്‍റെ ആവശ്യമെന്നും ഞാന്‍ എഴുതിയപ്പോള്‍ ആധുനികലോകത്തിന്‍റെ ഗതിവേഗം അറിയാത്ത മൂരാച്ചിയുടെ ജല്പനമെന്ന വിലയെ അതിനു ലഭിച്ചുള്ളു. ചെറിയോന്‍ പറഞ്ഞാല്‍ ചെവീല്‍ പോകത്തില്ലല്ലോ!

പക്ഷേ, അന്നു ഞാന്‍ ഇടിയുംമിന്നലിലും വ്യങ്ങ്യമായി സൂചിപ്പിച്ചവയൊക്കെ ഇന്നു കൃത്യമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. അതു ഞാന്‍ പ്രവചിച്ചതുകൊണ്ടല്ല. ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു മുന്‍കൂട്ടി കാണാന്‍, രാഷ്ട്രീയക്കാരുപറയുന്നതുപോലെ 'പാഴൂര്‍ പടിപ്പുര' വരെപോയി പ്രശ്നം വയ്പ്പിക്കേണ്ട കാര്യമൊന്നുമില്ല, കോമണ്‍ സെന്‍സെന്നു പറയുന്ന സാധനം മാത്രം ധാരാളംമതി.

വല്ലപ്പോഴുമെങ്ങാനും റീത്തുകള്‍ തമ്മിലുള്ള സൗന്ദര്യപ്പിണക്കമോ, പ്രാദേശികമായോ രൂപതകള്‍ തമ്മിലോ വിരളമായി പൊന്തിവരികയും കെട്ടടങ്ങുകയും ചെയ്തിരുന്ന തര്‍ക്കങ്ങളോ മാത്രമുണ്ടായിരുന്ന കേരള കത്തോലിക്കാ സഭയില്‍ കഴിഞ്ഞ പത്തുനാല്‍പതു വര്‍ഷങ്ങളിലൂടെ, ഒന്നിപ്പും ഐക്യവും സാദ്ധ്യമാക്കുന്നതിന് യോജിക്കാവുന്നതെവിടെയൊക്കെയാണ് എന്നു കണ്ടെത്തുന്നതിനുപകരം അന്തരങ്ങള്‍ കണ്ടെത്തി വിടവുകള്‍ വര്‍ദ്ധിപ്പിക്കുന്നതെങ്ങനെ എന്നതിലായിരുന്നല്ലോ സഭയിലെ തീവ്രവാദികളുടെ ഗവേഷണം മുഴുവന്‍. അതിന്‍റെ ആത്യന്തികഫലമല്ലേ ഇന്നു തര്‍ക്കങ്ങളുടെയും ചേരിതിരിവുകളുടെയും വികൃതമായ മുഖംപേറുന്ന നമ്മുടെ സഭ? വന്നുവന്ന് തെരുവുകള്‍ മാത്രമല്ല പള്ളിയകംവരെയും നാണംകെട്ട വെല്ലുവിളികളുടെയും മാനംകെട്ട ചെളിവാരി എറിയലിന്‍റെയും വേദികളായതും!

കോവിഡ് മഹാമാരി സൃഷ്ടിച്ച കൊടിയ കഷ്ടപ്പാടുകളിലൂടെയും അതിനു ശേഷമുണ്ടായിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയിലൂടെയും കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന കേരളത്തിലെ സാമാന്യജനത്തിന്‍റെയും പ്രത്യേകിച്ചു വിശ്വാസി സമൂഹത്തിന്‍റെയും ജീവിതയാതനകളില്‍ അവരോടൊപ്പം നില്‍ക്കേണ്ട സഭാനേതൃത്വത്തിന്, അതിനൊന്നും സമയമില്ലാതെ, ഒന്നിച്ചുകൂടുമ്പോളെല്ലാം സാധാരണക്രിസ്ത്യാനിയുടെ വിശ്വാസത്തെയോ ജീവിതത്തെയോ അശ്ശേഷംപോലും ബാധിക്കാത്ത, ആരാധനാ ക്രമത്തിന്‍റെ നൂലാമാലകളെപ്പറ്റി മാത്രം തലപുകയ്ക്കാന്‍ ഇടയാകുന്നത് പരിശുദ്ധ പിതാവു പറഞ്ഞതുപോലെ ആടിന്‍റെ ചൂരറിയാത്ത ഇടയന്മാരായതുകൊണ്ടല്ലേ? ഉത്തരത്തില്‍ അള്ളിപ്പിടിച്ചിരുന്നുകൊണ്ട്, ഉത്തരം താങ്ങുന്നതു താനാണെന്നു ചിന്തിക്കുന്ന, ഞാനില്ലെങ്കില്‍ പ്രളയം എന്ന അജ്ഞതബാധിച്ച, ഇത്തരക്കാരുടെ പിന്തുണയുള്ളതുകൊണ്ടാണല്ലോ ഭിന്ന അഭിപ്രായമുള്ളവരെയെല്ലാം സഭയില്‍നിന്നു പുറത്താക്കാന്‍ മസിലു വിറപ്പിക്കുന്നവരുള്ളത്. അതിന്‍റെ പ്രകടമായ തെളിവാണ്, സഭയിലെ പ്രശ്നങ്ങളെപ്പറ്റിയും പ്രശ്നപരിഹാരങ്ങളെപ്പറ്റിയും വ്യത്യസ്ത അഭിപ്രായങ്ങള്‍ അവതിരിപ്പിച്ച ഞങ്ങളുടെ കുറെ കപ്പൂച്ചിനച്ചന്മാരെ ഉടനെതന്നെ സഭയില്‍നിന്നു ഡിസ്മിസ് ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ട്രോളുകളിറങ്ങിയത്.

ഈശോയേയും സുവിശേഷത്തെയും അറിയിച്ചും പഠിപ്പിച്ചും കാണിച്ചും കൊടുക്കുന്ന മതബോധനസംവിധാനമുള്ള മറ്റു ക്രൈസ്തവസഭാ വിഭാഗങ്ങളിലെ പെണ്‍കുട്ടികളെ അപേക്ഷിച്ച്, വളരെയേറെ കത്തോലിക്കാപെണ്‍കുട്ടികളെ ലൗജിഹാദികള്‍ അടര്‍ത്തിയെടുക്കുന്നതിന്‍റെ കാരണം അവര്‍ യേശുവിനും സുവിശേഷത്തിനും വിലകല്പിക്കാത്തതുകൊണ്ടാണെന്നു വ്യക്തമല്ലേ? എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നറിയാന്‍ മതബോധനപാഠപുസ്തകങ്ങളില്‍ കര്‍ത്താവും സുവിശേഷവും തമസ്ക്കരിക്കപ്പെടുന്നതും അര്‍ഹമല്ലാത്ത മറ്റുപലതിനും മുന്‍ഗണന ലഭിക്കുന്നതുകൊണ്ടുമാണ് എന്നംഗീകരിക്കുന്നതിനു പകരം പുറമെനിന്നുള്ള കാരണങ്ങള്‍ തേടിപ്പോകുന്നതിലെന്തര്‍ത്ഥം?

എത്രയും വേഗം വിദേശങ്ങളിലേക്കു ചേക്കേറാനുള്ള ശാസ്ത്ര-സാങ്കേതിക വൈദഗ്ദ്ധ്യം നേടാനുള്ള വന്‍കിട കലാലയങ്ങള്‍ കെട്ടിപ്പടുക്കുകയും, നാടുവിടാനുള്ള എല്ലാ സൗകര്യങ്ങളും യുവജനങ്ങള്‍ക്ക് ഒരുക്കിക്കൊടുക്കുകയും ചെയ്തിട്ട്, മറ്റു സമുദായങ്ങളില്‍ അംഗസംഖ്യ വര്‍ദ്ധിക്കുന്നതില്‍ ആശങ്കപ്പെടുകയും, നമ്മുടെ ജനസംഖ്യ വര്‍ദ്ധിപ്പിക്കാനായി മക്കളുടെ എണ്ണംകൂട്ടാന്‍ ഉത്തേജനവും പാരിതോഷികവും പ്രഖ്യാപിക്കുകയും ചെയ്തിട്ടു കാര്യമുണ്ടോ?

സ്വന്തം നെഞ്ചത്തു കൈവച്ച്, സഭ ഒന്നു ചേര്‍ന്ന് ആത്മാര്‍ത്ഥമായി ഈ ആത്മശോധന ചെയ്താല്‍ ബസലിക്കാസഹിതം എല്ലാ പള്ളികളിലും ഒരുപോലെ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിക്കാം.

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts