"അടിമകളായിക്കഴിഞ്ഞിരുന്ന ഇസ്രായേല്‍ മക്കള്‍ നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അവരുടെ നിലവിളി ദൈവസന്നിധിയിലെത്തി. ദൈവം അവരുടെ നിലവിളി കേട്ടു. അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി ഓര്‍മിച്ചു. അവിടുന്ന് അവരെ കടാക്ഷിച്ചു. അവരുടെ ദയനീയാവസ്ഥ ഗ്രഹിച്ചു" (പുറ. 2: 23-25).
വലിയ വാഗ്ദാനങ്ങളുടെ ഉടമകളായിരുന്ന ഇസ്രായേല്‍ മക്കള്‍ എപ്രകാരമാണ് വാഗ്ദത്തഭൂമിയില്‍ നിന്നകലെ ഈജിപ്തിലെത്തിയത് എന്ന് ഉത്പത്തി പുസ്തകത്തിന്‍റെ അവസാന അധ്യായങ്ങള്‍ വരച്ചുകാട്ടി. സ്വന്തം സഹോദരനെ അടിമയായി വിറ്റവരുടെ മക്കള്‍ കാലാന്തരത്തില്‍ അടിമകളാക്കപ്പെട്ടു. ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ദൈവം അവര്‍ക്കു നല്കിയ വിമോചനത്തിന്‍റെ വിവരണത്തില്‍ സാമൂഹ്യനീതിയെ സംബന്ധിച്ച സുപ്രധാനമായ ചില സത്യങ്ങള്‍ ദൃശ്യമാണ്. ഇതാകട്ടെ ദൈവത്തിന്‍റെ സ്വഭാവവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു.
ജീവന്‍ രക്ഷിക്കാന്‍വേണ്ടി ചില സ്ത്രീകള്‍ നടത്തിയ വീരോചിതമായ ശ്രമങ്ങളും കൊലപാതകത്തിലൂടെ മോചനം തേടിയ മോശയുടെ ഉദ്യമവും വിഫലമായി. അടിമകളാക്കപ്പെട്ട പീഡിതജനത്തിന് ഒരായുധം മാത്രം അവശേഷിച്ചു: നിലവിളി. നിലവിളിക്കുന്ന മനുഷ്യന്‍ പ്രത്യാശയുള്ളവനാണ്. തന്‍റെ നിലവിളി ആരെങ്കിലും കേള്‍ക്കുമെന്നും തനിക്കുത്തരം നല്കുമെന്നും പ്രതീക്ഷയുള്ളതുകൊണ്ടാണല്ലോ നിലവിളിക്കുന്നത്. കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍ നിലവിളിച്ചിട്ടെന്തു ഫലം?
പീഡിതന്‍റെ നിലവിളി വെറും വനരോദനമായിപ്പോവില്ല എന്നതിന് ഉറപ്പാണ് പുറപ്പാടുപുസ്തകം വിവരിക്കുന്ന ദൈവത്തിന്‍റെ ഇടപെടല്‍. പൂര്‍ണമായും പരാജയപ്പെട്ടു, എല്ലാ വാതിലുകളും അടഞ്ഞു എന്നു തോന്നുന്ന നിമിഷത്തില്‍ ദൈവം അപ്രതീക്ഷിതമായ രക്ഷാമാര്‍ഗങ്ങള്‍ തുറക്കുന്നു. അതിലൂടെ ദൈവത്തിന്‍റെ യഥാര്‍ഥമുഖം അനാവരണം ചെയ്യപ്പെടുന്നു. പുറപ്പാടുസംഭവത്തിലൂടെ വെളിപ്പെട്ടത് അന്നുവരെ അപരിചിതമായിരുന്ന ഒരു ദൈവചിത്രമാണ്. അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വെളിപ്പെടുത്താതിരുന്ന പേരു വെളിപ്പെടുത്തിക്കൊണ്ടാണ് ദൈവം മോശയെ വിമോചനദൗത്യം ഏല്പിക്കുന്നത്. കത്തിജ്വലിച്ചിട്ടും എരിഞ്ഞുചാമ്പലാകാതിരുന്ന മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷപ്പെട്ട ദൈവം നിലവിളി കേള്‍ക്കുന്നവനാണ്.
എന്താണ് ദഹിപ്പിച്ചു ചാരമാക്കാത്ത ഈ അഗ്നിയുടെ പ്രത്യേകത? ദൈവത്തിന്‍റെ വിശുദ്ധിയുടെ അടയാളമാണ് ഈ അഗ്നി എന്നു പൊതുവേ കരുതപ്പെടുന്നു. അതേസമയം ഈ പ്രത്യക്ഷീകരണത്തിന്‍റെ സാഹചര്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ശ്രമിച്ചു പരാജയപ്പെട്ടെങ്കിലും സ്വന്തം ജനത്തിന്‍റെ അടിമത്തവും അവര്‍ അനുഭവിക്കുന്ന ക്ലേശങ്ങളും മോശയുടെ മനസ്സില്‍ ജ്വലിക്കുന്ന കനലുകള്‍പോലെ ആയിരുന്നു. അതാണോ മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷമായത്? അതോ ദൈവത്തിന്‍റെ തന്നെ സ്വഭാവമോ? എങ്കില്‍ എന്താണ് ആ സ്വഭാവത്തിന്‍റെ പ്രത്യേകത? നിഷ്കളങ്കര്‍ നിഷ്കരുണം പീഡിപ്പിക്കപ്പെടുന്നു; നിസ്സഹായര്‍ നിരന്തരം ചൂഷണത്തിനും മര്‍ദനത്തിനും ഇരയായിത്തീരുന്നു. മനുഷ്യന്‍ മനുഷ്യനെതിരേ ചെയ്യുന്ന ഈ ക്രൂരതയുടെ മുന്നില്‍ ജ്വലിക്കുന്ന ദൈവത്തിന്‍റെ ക്രോധാഗ്നിയാവില്ലേ അത്?
മനുഷ്യന്‍ മനുഷ്യനെതിരെ ചെയ്യുന്ന അതിക്രമങ്ങള്‍ക്കുമുന്നില്‍ നിശ്ശബ്ദം, നിഷ്ക്രിയനായി നോക്കിനില്ക്കുന്നവനല്ല ദൈവം. തന്‍റെ ജനത്തിന്‍റെ നിലവിളി കേള്‍ക്കാന്‍ കാതും ക്ലേശങ്ങള്‍ കാണാന്‍ കണ്ണും ഗ്രഹിക്കാന്‍ ഹൃദയവുമുള്ളവനാണ് ദൈവം എന്ന് പുറപ്പാടുസംഭവം വെളിപ്പെടുത്തുന്നു. ആബേലിന്‍റെ നിലവിളികേട്ട് കായേനെ നേരിട്ട ദൈവം നിലവിളിയുടെ മൂലകാരണങ്ങള്‍ കണ്ടുപിടിച്ച് ഉന്മൂലനം ചെയ്യുന്നവനാണ്. ചരിത്രത്തില്‍ ഇടപെടുക മാത്രമല്ല, സകല മര്‍ദനങ്ങള്‍ക്കും അറുതി വരുത്തി, മാനവചരിത്രത്തെ പുതിയ വഴിയിലൂടെ നയിക്കുന്നവനുമാണ് എരിയുന്ന മുള്‍പ്പടര്‍പ്പില്‍ മോശയ്ക്കു പ്രത്യക്ഷപ്പെട്ട ദൈവം.
"നിന്‍റെ ചെരിപ്പുകള്‍ അഴിച്ചുമാറ്റുക; നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്" (പുറ. 3: 5). മര്‍ദിതന്‍റെ നിലവിളികേട്ട് ഉത്തരം നല്കുന്നതിലൂടെയാണ് ദൈവം ഇവിടെ തന്‍റെ വിശുദ്ധി വെളിപ്പെടുത്തുന്നത്. ആ ദൈവത്തിന്‍റെ തിരുസാന്നിധ്യത്തിലേക്കു കടന്നുവരാന്‍ മോശ അശുദ്ധമായ തന്‍റെ ചെരിപ്പുകള്‍ അഴിച്ചുമാറ്റണം; അഥവാ ഒരു സമൂലപരിവര്‍ത്തനത്തിനു വിധേയനാകണം. തനിക്കു പരിചിതവും പ്രയോഗിച്ചു പരാജയപ്പെട്ടതുമായ അക്രമത്തിന്‍റെയും കൊലപാതകത്തിന്‍റെയും വഴികള്‍ ഉപേക്ഷിച്ച് ദൈവം നയിക്കുന്ന നീതിയുടെയും വിമോചനത്തിന്‍റെയും പുതിയ വഴികള്‍ പരിശീലിക്കണം. ജനത്തിന്‍റെ മോചനം എന്ന സ്വപ്നം എരിയുന്ന കനല്‍പോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മോശയെത്തന്നെയാണ് ദൈവം വിമോചകനായി നിയമിക്കുന്നത്.
"ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്ക് അയയ്ക്കാം. നീ എന്‍റെ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരണം" (പുറ. 3:10). അതിനുള്ള മാര്‍ഗം ആയുധപ്രയോഗമോ ശത്രുനിഗ്രഹമോ അല്ല, മറിച്ച് കര്‍ത്താവിന്‍റെ ആധികാരികമായ ഇടപെടലാണ്; ശക്തമായ വചനമാണ്. കൈവശം ഉണ്ടായിരുന്ന ഏക ആയുധമായ വടിയും താഴെയിടാന്‍ കല്പിച്ചതിനുശേഷമാണ് ദൈവം മോശയെ തന്‍റെ വക്താവും സ്ഥാനപതിയും പ്രതിനിധിയുമായി ഫറവോയുടെ അടുത്തേക്ക് അയയ്ക്കുന്നത്. സ്വന്തം പദ്ധതികളോ ശക്തിയോ അല്ല, ദൈവത്തിന്‍റെ ശക്തമായ കരമാണ് അടിമകള്‍ക്കു മോചനം നല്കുന്നത് എന്ന് ആദ്യമേ മോശയും പിന്നീട് ഫറവോയും ഇസ്രായേല്‍ജനവും ഗ്രഹിക്കണം അതിലൂടെ ദൈവത്തിന്‍റെ രൂപവും സ്വഭാവവും എല്ലാവര്‍ക്കും വെളിപ്പെടണം. ഇതാണ് പുറപ്പാടുചരിത്രത്തിലുടനീളം സംഭവിക്കുന്നത്.
നിലത്തിട്ട വടി ദൈവകല്പനയനുസരിച്ച് മോശ വീണ്ടും കൈയിലെടുത്തു. പാഞ്ഞടുക്കുന്ന ഈജിപ്തു സൈന്യത്തിന്‍റെയും മറികടക്കാനാവാത്ത പ്രതിബന്ധമായി നിന്ന ചെങ്കടലിന്‍റെയും മേല്‍ വിജയം വരിക്കാന്‍ ദൈവം നല്കിയ ആയുധമായിരുന്നു ആ വടി. മോശയുടെ നേതൃത്വപാടവമോ ഇസ്രായേല്‍ ജനത്തിന്‍റെ ശക്തിയോ അല്ല, നിലവിളി കേള്‍ക്കുന്ന ദൈവമാണ് അവര്‍ക്കു മോചനം നല്കുന്നതെന്ന് വ്യക്തമാക്കാനാവാം കേവലം ഒരു വടിയുമായി മോശയെ ഫറവോയുടെ അടുക്കലേക്ക് അയച്ചത്.
പുറപ്പാടു സംഭവത്തിന്‍റെ തുടക്കത്തില്‍ത്തന്നെ വെളിപ്പെടുത്തപ്പെടുന്ന ദൈവത്തിന്‍റെ പേര് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. "അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തു പറയണം? ദൈവം മോശയോട് അരുളിച്ചെയ്തു. ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു... ഇതാണ് എന്നേക്കും എന്‍റെ നാമധേയം. അങ്ങനെ സര്‍വ്വ പുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്തില്‍ ഞാന്‍ അറിയപ്പെടണം" (പുറ. 3: 14-15). പേര് ഒരു നിര്‍വചനമാണ്. അതിനാല്‍ത്തന്നെ ദൈവത്തിന്‍റെ പേര് മനുഷ്യര്‍ക്ക് അജ്ഞാതമായിരിക്കും. മനുഷ്യന്‍റെ പരിമിതമായ ബുദ്ധികൊണ്ട് അപരിമേയനും സര്‍വാതിശായിയുമായ ദൈവത്തെ ഗ്രഹിക്കാനോ നിര്‍വചിക്കാനോ കഴിയില്ല. അപ്പോള്‍ ദൈവം വെളിപ്പെടുത്തിയ 'യാഹ്വേ' എന്ന പേരിന്‍റെ അര്‍ഥവും പ്രസക്തിയും എന്ത് എന്ന ചോദ്യം ഉയരുന്നു.
മോശയുടെ ചോദ്യത്തിന് ദൈവം നല്കുന്ന മറുപടിയാണ് ശ്രദ്ധേയം: "ഞാന്‍." എന്താണ് നിന്‍റെ പേര് എന്ന ചോദ്യത്തിന് ഞാന്‍ എന്ന മറുപടി. "ഞാന്‍ ഞാന്‍ തന്നെ" എന്നു വിശദീകരണം. മറ്റാരെങ്കിലുമോ എന്തെങ്കിലുമോ ആയി ബന്ധപ്പെടുത്തി ദൈവത്തെ നിര്‍വചിക്കാനാവില്ല. 'ഞാന്‍' എന്ന് കേവലമായ അര്‍ഥത്തില്‍ പറയാന്‍ ഒരാള്‍ക്കേ കഴിയൂ. അതാണ് ദൈവം. അപ്പോള്‍ എങ്ങനെയാണ് ഈ ദൈവത്തെ അറിയുക? ദൈവത്തിന്‍റെ പ്രവൃത്തികളിലൂടെ; ഇവിടെയാണ് മോശയ്ക്കു ലഭിക്കുന്ന വെളിപാടിന്‍റെ സവിശേഷത. "ഞാന്‍ കര്‍ത്താവാണ്.(യാഹ്വേ എന്ന പേര് ദൈവത്തോടുള്ള ആദരവുമൂലം യഹൂദര്‍ ഉച്ചരിക്കാറില്ല; പകരം അദോനായ് എന്നാണു പറയുക. അതിന്‍റെ വിവര്‍ത്തനമാണ് കര്‍ത്താവ്) ഈജിപ്തുകാര്‍ ചുമത്തിയ ഭാരം നീക്കി നിങ്ങളെ ഞാന്‍ മോചിപ്പിക്കും... ഈജിപ്തുകാരുടെ ദാസ്യത്തില്‍നിന്നു നിങ്ങളെ മോചിപ്പിച്ച ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും" (പുറ. 6: 6-7). 'ഞാന്‍' എന്ന പേരിന്‍റെ വിശദീകരണമാണിത്. നിങ്ങളെ മോചിപ്പിച്ചുകഴിയുമ്പോള്‍ ഞാന്‍ ആരെന്നു നിങ്ങള്‍ അറിയും. പ്രവൃത്തിയിലൂടെ സ്വയം വെളിപ്പെടുത്തുന്ന ദൈവം. ആ പ്രവൃത്തിയാകട്ടെ അടിമത്തത്തില്‍നിന്നുള്ള മോചനവും.
അടിമകള്‍ക്കു മോചനം നല്കാന്‍ വിസമ്മതിക്കുന്ന രാജ്യത്തിനെതിരെ ശക്തമായ ശിക്ഷണനടപടികള്‍ ഉണ്ടായി. ഒന്നിനു പിറകേ ഒന്നായി വരുന്ന കൂടുതല്‍ കൂടുതല്‍ ശക്തവും ഭീകരവുമായ ശിക്ഷകള്‍ നീതി നടപ്പിലാക്കുന്ന ദൈവത്തിന്‍റെ പ്രവൃത്തികളായി കാണണം. മനുഷ്യന്‍ മനുഷ്യര്‍ക്കെതിരെ നടത്തുന്ന അനീതിയും അക്രമവും ഭീകരമായ ശിക്ഷാവിധിക്കു കാരണമാകും, അതു പ്രപഞ്ചശക്തികളിലൂടെ ആയിരിക്കും നടപ്പിലാകുക എന്നു പഠിപ്പിക്കുന്നതാണ് ഈജിപ്തിനെതിരെ ആഞ്ഞടിച്ച മഹാമാരികള്‍. "നീ മൂലം മണ്ണ് ശപിക്കപ്പെട്ടതായിരിക്കും" (ഉല്‍പ. 3: 17) എന്ന് ആദാമിനോടും, "നിന്‍റെ കയ്യില്‍നിന്ന് നിന്‍റെ സഹോദരന്‍റെ രക്തം കുടിക്കാന്‍ വാ പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും; കൃഷി ചെയ്യുമ്പോള്‍ മണ്ണ് നിനക്കു ഫലം തരില്ല" (ഉല്‍പ. 4: 11-12) എന്നു കായേനോടും പറഞ്ഞ അതേ ഭാഷയാണ് ഈജിപ്തിലെ മഹാമാരികളിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്.
മനുഷ്യന്‍ മനുഷ്യനെതിരെ ചെയ്യുന്ന അതിക്രമങ്ങള്‍ക്ക് പ്രപഞ്ചവസ്തുക്കളിലൂടെ തന്നെ ശിക്ഷ ലഭിക്കുന്നു എന്ന് ഈജിപ്തിനെ ബാധിച്ച മഹാമാരികളിലൂടെ നല്കുന്ന പാഠം എന്നത്തേക്കാളെറേ ഇന്ന് ശ്രദ്ധേയമാകുന്നു. കുടിക്കാന്‍ കൊള്ളാത്തവിധം ജലം രക്തമായി മാറിയതാണ് ആദ്യത്തെ മഹാമാരി. തുടര്‍ന്നുവന്ന മഹാമാരികളെല്ലാം തന്നെ സൃഷ്ടപ്രപഞ്ചം മനുഷ്യനെതിരെ തിരിയുന്നതിന്‍റെ ഉദാഹരണങ്ങളാണ്. ഇതിന്‍റെയെല്ലാം കൂടുതല്‍ രൂക്ഷമായ ഭാവങ്ങളല്ലേ ഇന്നു നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്? വിഷലിപ്തമായ ജലം, വായു, മാരകമായ വിഷം കലര്‍ന്ന മണ്ണും മണ്ണിലെ ഉത്പന്നങ്ങളും പ്രപഞ്ചത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഭയാനകമായ വ്യതിയാനങ്ങള്‍, ഉരുകുന്ന മഞ്ഞുമലകള്‍, ഉയരുന്ന ജലവിതാനം, പടരുന്ന മരുഭൂമികള്‍, പകരുന്ന മാരകരോഗങ്ങള്‍, വീശിയടിക്കുന്ന തീക്കാറ്റ്, പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വതങ്ങള്‍.
പുറപ്പാടു നയിച്ച, നിലവിളി കേള്‍ക്കുന്ന ദൈവം വീണ്ടും ഒരു പുറപ്പാടിന് ആഹ്വാനം ചെയ്യുന്നതിന്‍റെ അടയാളങ്ങളാവുകയല്ലേ ഒന്നിനൊന്ന് കൂടുതല്‍ ഭയാനകങ്ങളായ ഈ പ്രപഞ്ചപ്രതിഭാസങ്ങള്‍? ആദ്യജാതന്മാര്‍ വധിക്കപ്പെട്ടിട്ടും മനസ്സു തിരിയാത്ത ഫറവോയും സൈന്യവും ചെങ്കടലില്‍ ചത്തുപൊങ്ങി. നീതി നടപ്പിലാക്കാന്‍ ഇറങ്ങിവന്ന ദൈവത്തിന്‍റെ പ്രവൃത്തിയായിരുന്നു അത്.
കടലിന്‍നടുവില്‍ തെളിഞ്ഞ വഴിയിലൂടെ ഇസ്രായേല്‍ക്കാരെ പിന്‍തുടര്‍ന്നു പിടിക്കാന്‍ ശ്രമിച്ച ഈജിപ്തുസൈന്യത്തിന് യാഥാര്‍ഥ്യബോധം ജനിച്ചത് വൈകിയാണ്. "ഇസ്രായേല്‍ക്കാരില്‍നിന്ന് നമുക്ക് ഓടി രക്ഷപ്പെടാം. കര്‍ത്താവ് അവര്‍ക്കുവേണ്ടി ഈജിപ്തിനെതിരേ യുദ്ധം ചെയ്യുന്നു" (പുറ. 14, 25). ഈ അവബോധം അവര്‍ക്കു രക്ഷണീയമായില്ല. അവര്‍ പിന്തിരിഞ്ഞോടിയത് തങ്ങളെ മൂടുന്ന കടല്‍ജലത്തിനു നടുവിലേക്കാണ്. അനുതപിക്കാന്‍ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയവര്‍ക്ക് അവശേഷിച്ചത് സമൂലനാശം.
മനുഷ്യര്‍ക്ക് പ്രപഞ്ചത്തോടും പരസ്പരവും ഉണ്ടായിരിക്കേണ്ട നീതിനിഷ്ഠമായ ബന്ധത്തെക്കുറിച്ച് ഈ വിവരണങ്ങളിലൂടെ സുപ്രധാനമായ പഠനങ്ങളാണ് ബൈബിള്‍ നല്കുന്നത്; അതോടൊപ്പം നീതി നിഷേധിക്കപ്പെടുന്നവന്‍റെ പക്ഷം ചേരുന്ന ദൈവത്തെക്കുറിച്ചും. അടിമകളുടെ വിയര്‍പ്പും രക്തവും വീണ് കുതിരുന്ന ഫറവോയുടെ ഇഷ്ടികക്കളങ്ങളില്‍ നിന്നുയരുന്ന നിലവിളികള്‍ പ്രപഞ്ചസൃഷ്ടാവിന്‍റെ അടുത്തെത്തണം. പ്രപഞ്ചശക്തികളിലൂടെതന്നെ ദൈവം പ്രത്യുത്തരിക്കും. ഭൂമിയുടെ പാലകനും (ഉല്‍. 2,15) സഹോദരന്‍റെ കാവല്‍ക്കാരനും (ഉല്‍. 4,9) ആകാന്‍ വിളിക്കപ്പെട്ട മനുഷ്യന്‍ തന്‍റെ ദൗത്യം വിസ്മരിച്ച് ഭൂമിയുടെ അധിപനും സഹോദരന്‍റെ അന്തകനുമാകുമ്പോള്‍ കയ്യും കെട്ടി, നിര്‍വികാരനായി നോക്കിയിരിക്കുന്നവനല്ല, പുറപ്പാടു സംഭവത്തിലൂടെ സ്വയം വെളിപ്പെടുത്തിയ ദൈവം.
"ആരാണ് കര്‍ത്താവ്? അവന്‍റെ വാക്കുകേട്ട് എന്തിന് ഞാന്‍ ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണം? ഞാന്‍ കര്‍ത്താവിനെ അറിയുന്നില്ല. ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കുകയില്ല" (പുറ. 5,2) എന്ന ഫറവോയുടെ നിലപാടില്‍ ധാര്‍ഷ്ഠ്യമുണ്ട്. ആത്യന്തികമായി അതു നയിച്ചത് ചെങ്കടലിലെ സമൂലനാശത്തിലേക്കാണ്. ഫറവോയുടെ ഹൃദയകാഠിന്യം കര്‍ത്താവിന്‍റെ കരുത്തും മര്‍ദിതരോടുള്ള പക്ഷപാതവും വെളിപ്പെടുത്താന്‍ നിമിത്തമായി. അത് എന്നേക്കും ഒരടയാളവും താക്കീതും ആയിരിക്കാന്‍ വേണ്ടിയാണ് വിശുദ്ധഗ്രന്ഥത്തില്‍ കുറിച്ചിട്ടിരിക്കുന്നത്. നിലവിളി കേള്‍ക്കുന്ന ദൈവം നീതി നടപ്പിലാക്കുകതന്നെ ചെയ്യും. അനീതിയില്‍ അടിയുറച്ച്, മര്‍ദനവും ചൂഷണവും തുടരുന്നവര്‍ അതിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരും എന്ന് ചെങ്കടലില്‍ ചത്തുപൊങ്ങിയ ഫറവോയുടെയും സൈന്യത്തിന്‍റെയും ശവങ്ങള്‍ അനുസ്മരിപ്പിക്കുന്നു.
നിലവിളി കേള്‍ക്കുന്ന ദൈവം ജനത്തെ അടിമത്തത്തിന്‍റെ ഭവനത്തില്‍നിന്നു പുറത്തുകൊണ്ടുവരുന്നതു കൊണ്ടുമാത്രം തൃപ്തനാകുന്നില്ല. മരുഭൂമിയിലൂടെയുള്ള ഇസ്രായേല്‍ജനത്തിന്‍റെ പ്രയാണം അതിനുള്ള തെളിവാണ്. മുന്നില്‍ വഴികാട്ടിയും പിന്നില്‍ സംരക്ഷകനും മുകളില്‍ തണലുമായി ദൈവം അവരെ നയിച്ചു. ആകാശത്തുനിന്ന് അപ്പം വര്‍ഷിച്ചു; കാറ്റിന്‍റെ ചിറകില്‍ കാടപ്പക്ഷികളെ അയച്ചു; പാറയില്‍നിന്ന് ദാഹജലം ഒഴുക്കി. ഈജിപ്തിനെ പ്രഹരിച്ച ബാധകള്‍ അനീതിക്കെതിരെയുള്ള ശിക്ഷാവിധിയുടെ പ്രതീകങ്ങളാകുമ്പോള്‍ മരുഭൂമിയിലെ സംരക്ഷണം നീതി നിര്‍വഹണത്തിന്‍റെ അടയാളങ്ങളാകുന്നു. ദൈവത്തിന്‍റെ കരുത്തും കരുണയും, വിധിയും വിടുതലും അനുഭവിച്ചറിഞ്ഞ ഇസ്രായേല്‍ ഒരു പുത്തന്‍ജനതയാവണം; ദൈവം നടപ്പിലാക്കുന്ന നീതിയുടെ അടയാളങ്ങളും ഉപകരണങ്ങളുമാകണം. അതിനുവേണ്ടിയാണ് അവരെ മരുഭൂമിയിലേക്കും മരുഭൂമിയിലൂടെയും നയിച്ചത്. ദൈവം അയയ്ക്കുന്ന ശിക്ഷയുടെയും നല്കുന്ന രക്ഷയുടെയും ദൃക്സാക്ഷികളായവര്‍ തിരുഹിതമനുസരിച്ച്, നീതിനിഷ്ഠമായ ഒരു സമൂഹത്തെ കരുപ്പിടിപ്പിക്കണം. ഈ ഭൂമിയില്‍ അവര്‍ ദൈവത്തിന്‍റെ നീതിയുടെ സാക്ഷികളും ഉപകരണങ്ങളും ആവണം. അതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് സീനായ്മലയില്‍ നിന്ന് ഉടമ്പടിയുടെ പ്രമാണങ്ങളായി നല്കുന്നത്.