news-details
ഇടിയും മിന്നലും

ഒരു ഞായറാഴ്ച രാവിലെ ഒരച്ചനെ ബസ്റ്റാന്‍റിലിറക്കിയിട്ടു തിരികെ വരികയായിരുന്നു. ആശ്രമവഴിയിലേയ്ക്ക് തിരിഞ്ഞപ്പോള്‍ കുറെ മുമ്പിലൊരാള്‍ സൈഡു ചേര്‍ന്നു നടന്നു പോകുന്നു. പുറകില്‍ നിന്നു കണ്ടിട്ടു നല്ല പരിചയമുള്ള നടത്തം. ഇടത്തെ കക്ഷത്തില്‍ ഒരു പൊതി, വലത്തെ കക്ഷത്തില്‍ ഒരു കാലന്‍കുട. വൃത്തിയുള്ളതെങ്കിലും ഒരു പറിഞ്ഞ റ്റീഷര്‍ട്ടും കയറ്റി മടക്കിക്കുത്തിയ കരയന്‍മുണ്ടുമാണു വേഷം. എല്ലാംകൊണ്ടും പരിചിതമായ രൂപം. വണ്ടി തീരെ സ്പീഡു കുറച്ച് അടുത്തു ചെന്നപ്പോള്‍ ഞാന്‍ മുഖത്തേയ്ക്കു നോക്കി. ഞാനുദ്ദേശിച്ച ആളു തന്നെ. പക്ഷെ ഒത്തിരി മാറിപ്പോയതു പോലെ.

"ലൂക്കോസേ." ഞാൻ വിളിച്ചു.

വെളുക്കെച്ചിരിച്ചു കൊണ്ട് മുണ്ടിന്‍റെ മടക്കിക്കുത്തും അഴിച്ചിട്ട് അയാള്‍ ഓടി അടുത്തു വന്നു.

"സോസ്ത്രം അച്ചാ, യേശുവേ സോസ്ത്രം, അച്ചനിവിടെ വന്നിട്ടുണ്ടെന്നു ഞാനറിഞ്ഞാരുന്നു."

"എന്നിട്ടെന്താ ആശ്രമത്തിലൊന്നു വരാതിരുന്നത്?"

"ഇപ്പം പണിയാനൊന്നും വയ്യച്ചാ. എപ്പഴും ശാസം മുട്ടലും പുറംവേദനയും."

"എങ്ങോട്ടു പോകുവാ ഇപ്പോ?"

"ആശ്രമത്തിലെ പൂജയ്ക്കു ശമയായില്ലേ അങ്ങോട്ടാ."

"എന്നാ വാ വണ്ടിയേക്കേറ്."

"ഞാന്‍ നടന്നോളാം."

അയാള്‍ പണ്ടും അങ്ങിനായിരുന്നു. നടപ്പു മാത്രം. വണ്ടിവിട്ടു പോരുമ്പോള്‍ ലൂക്കോസിനെപ്പറ്റിയുള്ള ഒരുപാട് ഓര്‍മ്മകള്‍ മനസ്സിലേയ്ക്കു വന്നു. ഒരിക്കലും മാഞ്ഞുപോകാത്ത ഒത്തിരി ഓര്‍മ്മകള്‍. തൊണ്ണൂറ്റിയൊന്നിലാണ് ഞാനയാളെ ആദ്യം കാണുന്നത്. എനിക്ക് ഞങ്ങളുടെയൊരു സ്ഥാപനത്തിന്‍റ ഉത്തരവാദിത്വം ഉണ്ടായിരുന്ന കാലം. ഒരു ദിവസം രാവിലെ ഞാന്‍ പത്രവും വായിച്ചു മുറ്റത്തു നില്ക്കുമ്പോള്‍ അല്പം പരുങ്ങലോടെ ഒരു താടിക്കാരന്‍ ചെറുപ്പക്കാരന്‍ ഗേറ്റു കടന്നു വരുന്നു. ഇടത്തെകക്ഷത്തിലൊരു കെട്ട്, വലത്തെ കക്ഷത്തിലൊരു കുട. കൈലിമുണ്ടു കയറ്റിമടക്കിക്കുത്തിയിരിക്കുന്നു. ഒരു തമിഴന്‍റെ ലുക്കാണ്, അല്പം ദൂരെ പരുങ്ങി നില്ക്കുന്നതുകണ്ട് എന്താ വേണ്ടതെന്നു ഞാന്‍ ചോദിച്ചു.

"ഇങ്കെ സാമിയാരുണ്ടോ?"

"ഞാന്‍ തന്നെയാണല്ലോ സാമിയാര്." അതു കേട്ടപാടെ ആളു മുണ്ടിന്‍റെ മടക്കിക്കുത്തുമഴിച്ചിട്ടു കൈ കൂപ്പി.

"സോസ്ത്രം സാമീ."

"സോസ്ത്രം തനിക്കെന്താ വേണ്ടത്?"

പതുക്കെ അടുത്തു വന്ന് സ്വരം താഴ്ത്തി എന്തെങ്കിലും ഒരു ജോലി കൊടുക്കാമോന്നു ചോദിച്ചു. എന്തു പണീം ചെയ്തോളാമെന്ന്. ഊരൂം പേരുമൊക്കെ ചോദിച്ചപ്പോള്‍ തമിഴ്നാട്ടിലെ കമ്പത്തിനടുത്തൊരു സ്ഥലത്താണെന്നു പറഞ്ഞു. പേരു ലൂക്കോസ്. കല്യാണം കഴിച്ചിട്ടില്ല. അഞ്ചാറു വയസ്സുതാഴെ ഒരനുജനുണ്ട്. അപ്പന്‍ രോഗിയാണ്. അമ്മ പണിയെടുക്കുന്നതുകൊണ്ടു ഒന്നുമാകുന്നില്ല. വീടില്ല. ചെറ്റപ്പുരയാണ്. പണിതു കിട്ടുന്ന കാശൊക്കെ സൂക്ഷിച്ചു വയ്ക്കുകയാണ്. ഒരു വീടുണ്ടാക്കാന്‍. ഇത്രയുമൊക്കെക്കേട്ടപ്പോള്‍ രണ്ടുമൂന്നു ദിവസത്തേയ്ക്കു ജോലി കൊടുക്കാമെന്നു ഞാന്‍ സമ്മതിച്ചു.

"ശാപ്പാടു കെടയ്ക്കണം." ഇടയ്ക്കിടയ്ക്കു തമിഴു കയറിവന്നു.

"അപ്പോ തനിക്കു ഞാന്‍ പണിക്കൂലിയൊന്നും തരണ്ടായിരിക്കുമല്ലോ."

"അമ്പതു രൂപ തരണം."

ഒരു ഉളുപ്പുമില്ലാത്ത സംസാരം. ഭക്ഷണമടക്കം അന്നൊക്കെ നാല്പതു രൂപയും, ഭക്ഷണമില്ലാതെ അമ്പതു രൂപയുമായിരുന്നു ദിവസക്കൂലി.

"പണിയില്ല തനിക്കു പോകാം." നാട്ടിലില്ലാത്ത കൂലി ചോദിച്ചതുകൊണ്ട് ഞാന്‍ പറഞ്ഞു.
"സോസ്ത്രം സാമീ." സ്തുതീം ചൊല്ലി അയാള്‍ തിരിച്ചു നടന്നു.

പെട്ടെന്നെനിക്കൊരു മനസ്താപം. അയാള്‍ക്ക് ഒരിടത്തും പണികിട്ടാതെ വന്നാല്‍ രാവിലെ പട്ടിണിയാകുമല്ലോ. കാപ്പികുടിക്കാന്‍പോലും ഒന്നുംകൊടുക്കാതെ പറഞ്ഞുവിട്ടതു ശരിയായില്ല. പറഞ്ഞ പേര് ഓര്‍മ്മയിലുണ്ടായിരുന്നു.

"ലൂക്കോസേ." അയാള്‍ തിരിച്ചു വന്നു. പോക്കറ്റില്‍ തപ്പിയിട്ട് രണ്ടിന്‍റെയും അഞ്ചിന്‍റെയുമൊന്നും നോട്ടു കിട്ടിയില്ല. അതുകൊണ്ട് പത്തിന്‍റെ നോട്ടെടുത്തു നീട്ടി.

"രാവിലെ ചായ കുടിക്കാനുള്ളതു തരാം."

"കാശു കൈയിലുണ്ട്, ഹോട്ടലീന്നു ശാപ്പിടാറില്ല."

കാശു വാങ്ങാതെ അയാള്‍ പോകാന്‍ തിരിഞ്ഞു.

"പോകാന്‍ വരട്ടെ. ഒരു ദിവസത്തേയ്ക്ക് താന്‍ ജോലി ചെയ്തോ."

ഞാന്‍ പറഞ്ഞു കഴിഞ്ഞതേ, ഒരു മൂലയിലേയ്ക്കു മാറിനിന്ന് വേഷം മാറി പണിക്കിറങ്ങിക്കഴിഞ്ഞു. പണിയായുധങ്ങള്‍ ഇരിക്കുന്നിടം കാണിച്ചു കൊടുത്തു. ഒരു മണിയായപ്പോള്‍ ഉണ്ണാന്‍ വിളിച്ചു. ഊണു കഴിഞ്ഞയുടനെ പണിക്കിറങ്ങി. സന്ധ്യയായപ്പോഴാണു പണി നിര്‍ത്തിയത്. രണ്ടുമൂന്നു മണിക്കൂര്‍ കൂടുതല്‍ പണിതതിന് പത്തു രൂപാ കൂടുതല്‍ കൊടുത്തത് അയാള്‍ തിരിച്ചു തന്നു.

"നാളെ പണിയൊണ്ടോ?"

മടിച്ചുമടിച്ചയാള്‍ ചോദിച്ചു. ഒരാഴ്ച അയാള്‍ പണിക്കുവന്നു. ഇടയ്ക്കിടയ്ക്ക് ഞാനയാളുടെയടുത്തു ചെന്നു വര്‍ത്തമാനം പറയാന്‍. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട് പഠിത്തം നിര്‍ത്തിയതാണ്. പത്താം ക്ളാസ്സുവരെ പഠിച്ചു. അതോടെ അപ്പന്‍റെ ആസ്ത്മാ കൂടുതലായി, അവന്‍ പണിക്കിറങ്ങി. അഞ്ചാറു വയസ്സു താഴെ ഒരനുജനുണ്ട്. അവന്‍ പഠിക്കുന്നു. വീട്ടില്‍ നിന്നിറങ്ങി കുമളിയിലെത്തുന്നതിനിടയില്‍ ഓരോ ആഴ്ച വീതം മൂന്നു സ്ഥലങ്ങളില്‍ പണിയെടുക്കും, അടുത്ത സ്ഥലത്തേയ്ക്കു പോകുന്നതു നടന്നാണ്. അതിരാവിലെയൊരു നടപ്പ്. പണിക്കിറങ്ങാന്‍ സമയമാകുമ്പോഴേയ്ക്കും ഉദ്ദേശിച്ച സ്ഥലത്തെത്തിയിരിക്കും. പള്ളി, മഠം, സ്ഥാപനങ്ങളിലൊക്കെയാണു പണി ചോദിക്കാറുള്ളത്. നാലഞ്ചു മാസംകൊണ്ട് തിരിച്ചു വീട്ടിലെത്തും. ഒരു മാസത്തോളം വീട്ടില്‍ ചെലവഴിക്കും. പിന്നെയുമിറങ്ങും അടുത്ത യാത്രയ്ക്ക്. ഈസ്റ്ററും ഒക്ടോബറിലെ ഇടവകപ്പെരുനാളും കണക്കാക്കിയാണു വീട്ടില്‍ ചെല്ലുന്നത്. ലത്തീന്‍ ക്രമത്തിലെ മുഴുവന്‍ ഞായറാഴ്ചകളിലെയും സുവിശേഷവായനകള്‍ മനപ്പാഠമാണ്. തിരുസഭയിലെ ഏതു വിശുദ്ധന്‍റെ തിരുനാള്‍ ചോദിച്ചാലും കൃത്യം തീയതി അറിയാം. കല്യാണം കഴിക്കണമെന്നുണ്ട്. വീടില്ല. വീട്ടുചെലവു കഴിഞ്ഞ് കുടുംബത്തെക്കൂടെ പോറ്റാനുള്ളതില്ലതാനും. ഒരു വീടുവയ്ക്കണം. അതുകഴിഞ്ഞിട്ടേയുള്ളു ബാക്കിയൊക്കെ. കിട്ടുന്ന കാശൊക്കെ സൂക്ഷിക്കുന്നുണ്ടുതാനും. സ്ഥിരമായി എവിടെങ്കിലും നിന്നുകൂടെ എന്നു ഞാന്‍ ചോദിച്ചതിന് അയാളുടെ മറുപടി വിചിത്രമായിരുന്നു. അയാളെ ഇഷ്ടമില്ലാതെ വന്നാല്‍ പറഞ്ഞു വിടും, അപ്പോള്‍ അയാള്‍ക്ക് വെറുപ്പു വരും, ഇതാകുമ്പോള്‍ കിട്ടുന്ന പണിചെയ്ത് ആരോടും വെറുപ്പില്ലാതെ ജീവിക്കാമല്ലോന്ന്.

നാലഞ്ചുമാസം കഴിഞ്ഞ് വീണ്ടും ലൂക്കോസു വന്നു.

"അച്ചോ പണിയട്ടോ?"

മുഖവുരയില്ലാത്ത ചോദ്യം. ഒരാഴ്ച പണിതു. പോയി. പിന്നെയും വന്നു നാലഞ്ചുമസം കഴിഞ്ഞ്. അങ്ങിനെ ഒന്നുരണ്ടു കൊല്ലം കഴിഞ്ഞായിരുന്നു അത്തവണ ഒരാഴ്ചത്തെ പണീംകഴിഞ്ഞ് പണിക്കൂലിയും കൊടുത്തു കഴിഞ്ഞ് ഞാന്‍ ചുമ്മാ ലൂക്കോസിനോടു പറഞ്ഞു:

"ഒരത്യാവശ്യത്തിനു കുറച്ചു കാശുവേണമല്ലോ ലൂക്കോസേ, ഒരു വഴീം കാണുന്നില്ല, ലൂക്കോസിന്‍റെ കൈയ്യിലുണ്ടെങ്കില്‍ താ."

"അച്ചന് എത്ര രൂപാ ഇപ്പം വേണം?"

"ഒരു ലക്ഷം രൂപാ കിട്ടിയാല്‍ ഇപ്പം അത്യാവശ്യം നടക്കും, എന്താ തരുമോ?"

എന്‍റെ ചോദ്യം വാസ്തവത്തില്‍ അയാളെ കളിയാക്കാനായിരുന്നു. കൈയ്യിലിരുന്ന പ്ളാസ്റ്റിക് സഞ്ചി നിലത്തോട്ടു വച്ചിട്ട് ലൂക്കോസ് കൈലി പൊക്കി അണ്ടര്‍വെയറിന്‍റെ വീര്‍ത്ത പോക്കറ്റീന്ന് ഒരു പൊതിയെടുത്തു തുറന്നു. കുറെ നോട്ടുകള്‍. അഞ്ഞൂറിന്‍റെയും നൂറിന്‍റെയുമൊക്കെയുണ്ട്. ചെറിയ നോട്ടുകളിലേയ്ക്കു വന്നപ്പോള്‍ എണ്ണം നിര്‍ത്തി. വീണ്ടും എണ്ണി ഉറപ്പാക്കി എന്‍റെ നേരെ നീട്ടി.

"ഇപ്പം ഇത് പത്തൊമ്പതായിരം ഉണ്ട്, ബാക്കിപിന്നെത്തരാമച്ചാ."

മടിച്ചു മടിച്ചാണെങ്കിലും ഞാനാ പൈസാ വാങ്ങിയപ്പോള്‍ എന്‍റെ കൈ പൊള്ളുന്നുണ്ടായിരുന്നു. ലൂക്കോസങ്ങു പോകുകേം ചെയ്തു. ഞാന്‍ വിളിച്ചു ചോദിച്ചു:

"ലൂക്കോസേ രസീതെഴുതിത്തരണ്ടേ?"

അയാള്‍ രണ്ടു കൈയും സ്വര്‍ഗ്ഗത്തിലേയ്ക്കുയര്‍ത്തി എന്തോ ഒരാംഗ്യം കാണിച്ചിട്ടു നടന്നു പോയി. രണ്ടു ദിവസം കഴിഞ്ഞ് സന്ധ്യയായപ്പോള്‍ ലൂക്കോസു കയറി വന്നു. പണം തിരിച്ചു ചോദിക്കാനാണെന്നു ഞാന്‍ കരുതി.

മേശപ്പുറത്തേയ്ക്ക് ചെറിയ പൊതി വച്ചിട്ടു പറഞ്ഞു:

"ഇന്നലെ കിട്ടിയില്ലച്ചാ, അമ്മയിന്നാ എടുത്തു തന്നത്, എണ്‍പത്തി ഒന്നായിരമുണ്ട്." ചിരിച്ചു കൊണ്ടയാള്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ എന്തെല്ലാം പാഠങ്ങള്‍ അയാളെന്‍റെ നെഞ്ചിനകത്തെഴുതിച്ചേര്‍ത്തു എന്ന് ഇന്നു വരെ ഞാന്‍ കണക്കെടുത്തിട്ടില്ല.

"ലൂക്കോസേ ഞാനിതൊന്നെഴുതിത്തരണ്ടേ?"

അപ്പോഴും അയാള്‍ മുകളിലേയ്ക്ക് കൈയ്യുയര്‍ത്തിപ്പറഞ്ഞു:

"അവിടെ എളുതിയിട്ടുണ്ടച്ചാ."

"ഞാനിതെന്നാ തിരിച്ചു തരേണ്ടത്?"

"കൊറേക്കളിഞ്ഞിട്ടു മതിയച്ചാ. ഞാന്‍ പൊക്കോട്ടെയച്ചാ."

എന്‍റെ അനുവാദത്തിനു കാത്തു നില്ക്കാതെ അയാള്‍ പോയിക്കഴിഞ്ഞു.

പിന്നീടറിഞ്ഞു, അയാള്‍ സൂക്ഷിക്കാനായി ഒന്നു രണ്ടു മഠങ്ങളില്‍ കൊടുത്തിരുന്ന പണമാണ് വാങ്ങി ഒന്നിച്ച് എന്നെയേല്‍പിച്ചതെന്ന്.

ഒറ്റ ഞായറാഴ്ച പള്ളീപ്പോക്കു മുടക്കില്ല. കാണുമ്പോഴൊക്കെ തലേഞായറാഴ്ച അച്ചന്‍ പള്ളിയില്‍ പറഞ്ഞ പ്രസംഗത്തിന്‍റെ കാര്യവും ലത്തീന്‍ റീത്തില്‍ വായന ഇന്നതായിരുന്നേനേമെന്നും കൃത്യമായിപ്പറയും. ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഏതെങ്കിലും മൂലയില്‍ക്കിടന്നുറങ്ങും, നിക്കറിന്‍റെ പോക്കറ്റാണു ബാങ്ക്, കൈയ്യിലുള്ളപ്ളാസ്റ്റിക് സഞ്ചീലാണു വീട്. കൂലി കൂടുതല്‍ കൊടുത്താല്‍ അതു വല്ല പാവപ്പെട്ടവര്‍ക്കും കൊടുത്തേക്കാന്‍ പറയും. കഷ്ടപ്പെടുന്നവരെക്കണ്ടാല്‍ രഹസ്യമായി സഹായിക്കും. മദ്യപിക്കുന്നവരെയോ പുകവലിക്കുന്നവരെയോ കണ്ടാല്‍ പറ്റുന്നതുപോലെ ഉപദേശിക്കും. യാതൊരു രേഖയുമില്ലാതെയാണ് അയാള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ഒരുലക്ഷം രൂപാ അയാളെന്നെ ഏല്‍പിച്ചത്. നമ്മളൊക്കെ അയാളെ വിചിത്രജീവിയെന്നു വിളിക്കാനാണു സാധ്യത. പക്ഷെ അയാളല്ലെ സാക്ഷാല്‍ മനുഷ്യ ജീവി !!

പിന്നെയുമൊരു രണ്ടുവര്‍ഷത്തേയ്ക്ക് പല പ്രാവശ്യം ലൂക്കോസ് പണിക്കു വന്നു. ഒരിക്കല്‍പോലും ആ പണത്തെപ്പറ്റി ചോദിച്ചിട്ടില്ല. പിന്നത്തെത്തവണ അയാള്‍ വന്നപ്പോള്‍ ഞാനങ്ങോട്ടു ചോദിച്ചപ്പോഴാണയാള്‍ പറഞ്ഞത് ആറു മാസം കൂടിക്കഴിഞ്ഞിട്ടയാള്‍ വീടുപണിയാന്‍ പ്ളാനിടുന്നുണ്ടെന്ന്. പറഞ്ഞതുപോലെതന്നെ അയാള്‍ പിന്നത്തെത്തവണ വന്നപ്പോള്‍ പണവും വാങ്ങിപ്പോയി. ഇനിയും കുറെക്കഴിഞ്ഞേ വരൂഎന്നും വീടു പണിത് പറ്റുമെങ്കില്‍ കല്യാണവും കഴിക്കുമെന്നുമൊക്കെപ്പറഞ്ഞാണന്നു പോയത്.
അതില്‍പിന്നെ ഞാനും സ്ഥലം മാറിപ്പോയിരുന്നു. പിന്നീട് ഇന്നാദ്യം കാണുകയാണ്. ആളു

തീരെ ശോഷിച്ചു പോയി. പള്ളീന്നു കഴിഞ്ഞ് എന്നെക്കാണാനയാള്‍ കാത്തു നിന്നു.
"വീടു പണിതോ ലൂക്കോസേ?"

"പണുതച്ചാ."

"കല്യാണം കഴിച്ചോ?"

അതിനയാള്‍ക്കാ പഴയ വെളുക്കെയുള്ള ചിരിയായിരുന്നു ഉത്തരം.

ഞാന്‍ വിവരങ്ങള്‍ ചോദച്ചറിഞ്ഞു. വീടുപണി കഴിഞ്ഞപ്പോള്‍ കുറച്ചു കടംവന്നു. അതിനനുജനുമായി വഴക്കായി. അപ്പനുമമ്മയും അനുജന്‍റെ പക്ഷംചേര്‍ന്നു. ഒടുവില്‍ വീട്ടീന്നിറങ്ങിപ്പോരേണ്ടിവന്നു. അതില്‍പിന്നെ തീരെ സുഖമില്ലാതായി. വലിവു പിടിച്ചു. പണിയാന്‍ പറ്റാതായി. വീട്ടില്‍ ചെന്നപ്പോള്‍ അനിയന്‍റെ ഭാര്യ ഭക്ഷണം പോലും കൊടുത്തില്ല. ഇപ്പോള്‍ അതുകൊണ്ട് വീട്ടില്‍ പോക്കില്ല. തെണ്ടി നടക്കലാണിപ്പോള്‍ പണി!!

"കഷ്ടപ്പെട്ടതു നീയല്ലെ ലൂക്കോസേ, അനിയന്‍ കാണിച്ചതു വഞ്ചനയല്ലേ?"

"അവന്‍റെ കുറ്റമല്ലച്ചാ, അവന്‍ കഷ്ടപ്പാടറിഞ്ഞിട്ടില്ല. അവനു പഠിക്കാനും പറ്റി. കഷ്ടപ്പാടുണ്ടെങ്കിലേ സ്നേഹമൊണ്ടാകത്തൊള്ള്."

ഒന്നാന്തരമൊരു പാഠം ലൂക്കോസെന്നെ പഠിപ്പിക്കുകയായിരുന്നു.

"എന്നാലും നിന്‍റെ അച്ഛനുമമ്മയ്ക്കും നിന്‍റെ ഭാഗം പറയാരുന്നല്ലോ."

"അതൊക്കെ അച്ചമ്മാരു പറയുന്നതാ, പക്ഷെ വീട്ടിലതൊന്നും നടക്കത്തില്ലച്ചാ, അവരെ രച്ചിക്കുന്നത് അനിയനല്ലേ. എന്നും ചുറ്റിക്കറങ്ങുന്ന ഞാനവരെ രച്ചിക്കുമെന്നവര്‍ക്കു വിച്വാസം ഇല്ലല്ലോ."

അതും വേറൊരു പാഠം.

"നിനക്കവരോടു വിരോധമില്ലേ?"

ഒരു നീണ്ട ചിരിയായിരുന്നു ഉത്തരം. എന്നിട്ടു പറഞ്ഞു:

"വെറുത്താലെന്‍റെ ഉറക്കം പോകും, എന്‍റെ വലിവും കൂടും. അതു കൊണ്ടിപ്പം ഞാന്‍ കിട്ടുന്നതൊക്കെപ്പാവങ്ങക്കു കൊടുക്കുവാ. വലിവും കുറവുണ്ട്."

അങ്ങിനേം ഒരു പാഠം!!!

You can share this post!

കടലില്‍ മൂത്രമൊഴിച്ചാല്‍...!

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts