news-details
ഇടിയും മിന്നലും

പത്തന്‍പതുപേരുള്ള ഒരു സംഘമായിരുന്നു. ഉല്ലാസയാത്ര ഞാനും കൂടെച്ചേര്‍ന്നു. പ്രശസ്തമായ കടപ്പുറമായിരുന്നു ഉച്ചകഴിഞ്ഞുള്ള പ്രധാന ലക്ഷ്യം. മൂന്നുമണി കഴിഞ്ഞപ്പോഴവിടെയെത്തി. എല്ലാവരോടുമൊപ്പം കടലോരത്തുകൂടി ഒത്തിരി നേരം നടന്നു. കഴിഞ്ഞ് മിക്കവരും കടലില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ കയറിപ്പോന്നു. കുറെ ഉയരത്തില്‍ നിരനിരയായി പണിതിട്ടിരുന്ന ചാരുബഞ്ചുകളിലൊന്നില്‍ സൗകര്യമായിട്ടിരുന്നു. സൂര്യനപ്പോഴും അസ്തമിച്ചിട്ടില്ല. എങ്കിലും മേഘം  മൂടിക്കിടന്ന ചക്രവാളം. കടലിലേയ്ക്കുന നോക്കി പലകാര്യങ്ങളെപ്പറ്റിയും ആലോചിച്ചു ചാരിക്കിടന്നൊന്നു മയങ്ങി. ആരോ സംസാരിക്കുന്ന കേട്ടാണുണര്‍ന്നത്. ഞാനിരിക്കുന്നതിനടുത്ത ബഞ്ചിലും അതിനപ്പുറത്തുള്ള ബഞ്ചുകളിലുമൊക്കെ വിദേശികള്‍ ഒറ്റയ്ക്കും ഇണയായിട്ടുമൊക്കെയിരിപ്പുണ്ട് എന്‍റെ തൊട്ടടുത്തിരുന്ന ബഞ്ചില്‍ ഒരു സായിപ്പ് ഒറ്റയയ്ക്കയിരുന്നു. അയാളുടെ അടുത്തുചെന്നിരുന്ന ഒരാള്‍ രണ്ടുമൂന്നു വിദേശഭാഷകള്‍ മാറി മാറി ശ്രമിച്ചു അവസാനം ഇംഗ്ലീഷില്‍ എത്തി. അലക്ഷ്യമായിട്ടെങ്കിലും ശ്രദ്ധിച്ചപ്പോള്‍ കുശലപ്രശ്നങ്ങളും പിന്നെയാസ്ഥലത്തിന്‍റെ പ്രത്യേകതകളെപ്പറ്റിയുമൊക്കെയാണു സംസാരം. പിന്നെയുമൊന്നു മയങ്ങിത്തെളിയുമ്പോള്‍ അയാള്‍ ഞാനിരുന്ന ബഞ്ചില്‍ എന്‍റടുത്തിരുപ്പുണ്ട്. മൂന്നാല പുസ്തകങ്ങള്‍ കൈയിലിരുന്നത് അപ്പോഴാണു ശ്രദ്ധിച്ചത്. എന്നോടായി പിന്നീട് സംസാരം. ഇംഗ്ലീഷിലാണ്.

കടലിലോട്ടു നോക്കിയിട്ടെന്തു തോന്നുന്നു എന്തായിരുന്നു ആദ്യ ചോദ്യം. ഞാന്‍ ശ്രദ്ധിക്കാതെ മറുപടി കൊടുക്കാതിരുന്നപ്പോള്‍ എന്‍റെ തോളില്‍ തട്ടി ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.

"കടലിലോട്ടു നോക്കിയിട്ടു കടലിലപ്പിടി വെള്ളമാണെന്നു തോന്നുന്നു" ഇംഗ്ലീഷിലുള്ള ചോദ്യത്തിന് പച്ചമലയാളത്തില്‍ ഞാന്‍ മറുപടി കൊടുത്തു.

"മലയാളിയാണല്ലോ, ഇവിടെ വരുന്നവരേറെയും വിദേശികളും, മറ്റും സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാ." അയാളുടെ സൗജന്യമായ വിശദീകരണം.

"കടലിലെ ഇളകി മറിയുന്ന തിരപോലെയാണ് ഇദ്ദേഹത്തിന്‍റെ മനസ്സും  എന്നു തോന്നുന്നല്ലോ." അയാള്‍ വിടാന്‍ ഭാവമില്ല. ഒന്നും മിണ്ടാതെ എഴുന്നേറ്റു പോകാനാണു തോന്നിയതെങ്കിലും, വേറെ പണിയൊന്നുമില്ലല്ലോ, നിന്നുകൊടുത്തേക്കാം എന്താ പ്ലാനെന്നറിയാമല്ലോ എന്നു മനസ്സു പറഞ്ഞു. ഞാനൊന്നും മിണ്ടാതെ കടലിലേക്കു തന്നെ നോക്കിയിരുന്നു. "പ്രശ്നങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല. മനസ്സ് ഇളകി മറിച്ചു എങ്കിലും ശാന്തമാക്കാന്‍ നമുക്കുകഴിയും. താങ്കളുടെ മുഖം കണ്ടാലറിയാം എന്തോ കാര്യമായ വിഷമം ഉള്ളില്‍ തിങ്ങുന്നുണ്ട്. താങ്കളുടെ കണ്ണുകളിലതുവായിച്ചറിയാം".ബാക്കികൂടി കേള്‍ക്കാന്‍ വേണ്ടി ഞാന്‍ മനപ്പൂര്‍വ്വം കണ്ണില്‍ വിഷാദം വരുത്തി അയാളെ നോക്കി.

"നിങ്ങളുടെ മുഖത്തെ വൃത്തിയായി വെട്ടിയൊതുക്കാത്ത താടി കണ്ടാലറിയാം എന്തോ മാനസികത്തകര്‍ച്ച നിങ്ങളെ വേട്ടയാടുന്നുണ്ടെന്ന്. നിങ്ങളുടെ ഭാര്യ മറ്റൊരാളെയാണു നിങ്ങളെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. നിങ്ങളുടെ കണ്ണിനു ചുറ്റുമുള്ള  ഇരുളിമ അതിനു തെളിവാണ്." അറിയാതെ തോളില്‍ കിടന്ന ടര്‍ക്കി കൊണ്ട് മോന്തു തുടച്ചപ്പോഴാണ് ഞാനെന്തു വിഡ്ഢിത്തമാ കാണിക്കുന്നതെന്നോര്‍ത്തത്. രംഗം കൊഴുപ്പിക്കാന്‍ വേണ്ടി ഞാന്‍ ഒന്നുരണ്ടു ദയനീയമായ ദീര്‍ഘനിശ്വാസവും തട്ടി.

"നിങ്ങളുടെ മക്കളും അവരവരുടെ കാര്യം നോക്കിപ്പോയിട്ടുണ്ടാകും. അവര്‍ക്കും അമ്മയോടാകും കൂടുതല്‍  താല്പര്യം" ഒന്നിനും മറുപടി പറയാതെ നോട്ടവും ഭാവവും കൊണ്ടു മാത്രം ഞാന്‍ സഹകരിച്ചപ്പോള്‍ അയാള്‍ക്കും സംശയം തോന്നിക്കാണും.

"ഞാനീപ്പറഞ്ഞതൊക്കെ മിക്കവാറും ശരിയല്ലെ"

അയാളുടെ ചോദ്യത്തിനുത്തരം കൊടുത്തല്ലെ പറ്റൂ.

"ആ, ഏറെക്കുറെ പറഞ്ഞ പോലൊക്കെയാ."

"എങ്കില്‍ ഇതാ ഈ പുസ്തകങ്ങള്‍ പാതി വിലയ്ക്കു തരാം സെക്കന്‍റ് ഹാന്‍റാണ്" അയാള്‍ നീട്ടിയ പുസ്തകങ്ങള്‍ ഞാന്‍ നോക്കാന്‍ വാങ്ങി.

"ഇതു കൂടാതെ ഇവിടെ യോഗാ ക്ലാസ്സുകളുമുണ്ട്. വേണമെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് പരിശീലനം കിട്ടും, സമയമുണ്ടെങ്കില്‍ രണ്ടോ മൂന്നോ മണിക്കൂറുകളോ, താല്പര്യമുണ്ടെങ്കില്‍ ചെറിയ ചെലവില്‍ മുറികളുണ്ട് എത്ര ദിവസം വേണമെങ്കിലും താമസിക്കാം. ഇവിടെ വരുന്നവരൊക്കെ ഇതിനൊക്കെവേണ്ടി വരുന്നവരാണ്." അയാള്‍ അഞ്ചാറു പരസ്യ ബ്രോഷറുകളും നീട്ടി. എല്ലാം വാങ്ങി നോക്കിയശേഷം തിരികെക്കൊടുത്തു. ഒരു പുസ്തകം മാത്രം വാങ്ങി താമസിയാതെ ഒരുങ്ങിവരാമെന്നു പറഞ്ഞ് എഴുന്നേറ്റപ്പോള്‍ അയാള്‍ പറഞ്ഞു:

"ഇവിടിരുന്നോള്ളൂ, ഞാന്‍ മാറിക്കൊള്ളാം." അയാള്‍ അടുത്ത സീറ്റിലിരുന്ന സായിപ്പിനടുത്തേയ്ക്കു പോയി. എന്‍റെ മുഖത്തുനോക്കി സ്നേഹിക്കാത്ത ഭാര്യേം, നോക്കാത്ത മക്കളേം കണ്ടു പിടിച്ച് അയാളുടെ വര്‍ത്തമാനത്തില്‍ നിന്നും അന്യന്മാരധികം അവിടെച്ചെല്ലാറില്ലെന്നു മനസ്സിലായി. മാത്രമല്ല ഞാന്‍ നല്ല അടിപൊളി ഡ്രസ്സിലായിരുന്നു താനും. ഒരു പുസ്തകമെങ്കിലും ചെലവാക്കാന്‍ അയാള്‍ക്കു സാധിച്ചല്ലോന്നോര്‍ത്തിരുന്നപ്പോഴാണ് മറ്റു പലതും മനസ്സിലേക്കു കടന്നു വന്നത്.

രോഗവും ദുരിതവും അല്ലെങ്കില്‍ സാമ്പത്തിക കടക്കെണിയോ പലതരത്തിലും പരാജയമോ, ഇങ്ങിനെന്തെങ്കിലുമായി വിഷാദിച്ചിരിക്കുന്നവര്‍ക്കും, മനസ്സുമടുത്തവര്‍ക്കും വഴിമുട്ടിയവര്‍ക്കും നമ്മുടെ പല സിദ്ധന്മാരും ദിവ്യസൃഷ്ടികൊണ്ട് കാരണനിര്‍ണ്ണയം നടത്തുന്നതും, പൂര്‍വ്വികരുടെ തെറ്റിന്‍റെ ഫലമാണെന്നും, ദൈവകോപവും ബന്ധനവുമാണെന്നും എണ്ണിയെണ്ണിപ്പറയുമ്പോള്‍ എത്രയോ പേര്‍ പെട്ടു പോകുന്നു. അതിനുള്ള പ്രതിവിധി ഏതെങ്കിലും സ്ഥലത്തുപോയി പ്രാര്‍ത്ഥനയോ ഏതെങ്കിലും പ്രത്യേകപള്ളില്‍ കുര്‍ബാനയോ, അതല്ലെങ്കില്‍ ഇത്ര തുക സംഭാവനയോ, ഇതൊക്കെ കേള്‍ക്കുമ്പോള്‍ അതങ്ങു വിശ്വാസിച്ചു പോകുന്നവര്‍ ഒരിത്തിരിയില്ലെ? ചെയ്യേണ്ടതെന്തൊക്കെയോ ചെയ്യാതെ കിടക്കുന്നതോ, ചെയ്യരുതാത്തതെന്തൊക്കെയോ ചെയ്തു കൂട്ടിയതോ ഒക്കെ വരുത്തി വയ്ക്കുന്ന അവശിഷ്ടങ്ങളാണ് പേറുന്ന കുരിശുകളധികവും എന്നറിയാന്‍ കൂട്ടാക്കാതെ എന്തെങ്കിലുമൊക്കെ ചെയ്തു പ്രതിവിധി തേടുന്നതിനല്ലെ പണ്ട് കാരണവന്മാരു പറഞ്ഞു തരുന്നത്, "ഇരുമ്പുണ്ട വിഴുങ്ങിയിട്ടു, ചുക്കുകഷായം കുടിച്ചാല്‍ പോരാ" എന്ന്!!

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts