news-details
കാലികം

''പെണ്‍കുട്ടികള്‍ ജീവിച്ചുകൊള്ളട്ടെ''

ഇതുപോലൊരു കല്പന ചരിത്രത്തില്‍ മറ്റൊരു ചക്രവര്‍ത്തിയും പുറപ്പെടുവിച്ചിട്ടില്ല. "പെണ്‍കുട്ടികള്‍ ജീവിച്ചുകൊള്ളട്ടെ" കല്പിച്ചത് ഈജിപ്തിലെ താതുമോസ് എന്നുപേരുള്ള ഫറവോയായിരുന്നു. ക്രിസ്തുവിനു ആയിരത്തിനാന്നൂറു വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു ആ രാജകല്പന (ബി.സി 1479-1425).

അഭയാര്‍ത്ഥികളായി വന്ന ഇസ്രയേല്‍ മക്കള്‍ ഈജിപ്തില്‍ പെരുകിവര്‍ദ്ധിച്ചപ്പോള്‍ ഈജിപ്തുകാര്‍ അവരെ ഭയപ്പെട്ടു. ഫറവോ ഇസ്രായേല്‍ ജനത്തെ അടിമവേലചെയ്യിപ്പിച്ച് സംഭരണനഗരങ്ങളും പണ്ടകശാലകളും ഉദ്യാനങ്ങളും പണിയാന്‍ അവരെ നിയോഗിച്ചു. പ്രഹരിക്കാന്‍ ക്രൂരന്മാരായ മേല്‍നോട്ടക്കാരെയും. പീഡിപ്പിക്കുന്തോറും അവര്‍ വര്‍ദ്ധിക്കുകയും വ്യാപരിക്കുകയും ചെയ്തപ്പോള്‍ ഫറവോ ഒരു കല്പന പുറപ്പെടുവിച്ചു. "ഹെബ്രായര്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം നൈല്‍നദിയില്‍ എറിഞ്ഞുകളയുവിന്‍. പെണ്‍കുട്ടികള്‍ ജീവിച്ചുകൊള്ളട്ടെ" (പുറ: 1.22). പെണ്‍കുട്ടികള്‍ വേട്ടയാടപ്പെടുന്ന വര്‍ത്തമാനാവസ്ഥയില്‍ ഫറവോയുടെ കല്പന ഒരു ദേവദൂത് പോലെയാണ്. ഫറവോയ്ക്കുണ്ടായിരുന്ന കാരുണ്യവും വിവേകവും നമുക്കു നഷ്ടപ്പെട്ടുവോ?

"ആതിര, ആര്യ, രാജി"- ഇണപിരിയാത്ത കൂട്ടുകാര്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍, കൗമാരത്തില്‍ നിന്ന് യൗവ്വനത്തിലേക്ക് ചേക്കേറുവാന്‍ ഒരുങ്ങുന്ന പ്രായം. കൊല്ലം ജില്ലയിലെ കോന്നിക്കടുത്തുള്ള ഗ്രാമത്തില്‍ നിന്നും എങ്ങനെ ഈ പെണ്‍കുട്ടികള്‍ മഹാനഗരമായ ബാംഗ്ളൂരിലും, പിന്നെ എങ്ങനെ അവരുടെ ചേതനയറ്റ ശരീരങ്ങള്‍ ഒറ്റപ്പാലത്തെ റെയില്‍വേ ട്രാക്കിലും എത്തി? കേരള സമൂഹം ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ്. ഒപ്പം പെണ്‍മക്കളുടെ മാതാപിതാക്കന്മാരുടെ മനസ്സില്‍ അഗ്നിപടരുന്നു.

നമ്മുടെ സ്വന്തം ന്യൂഡല്‍ഹിയില്‍, പട്ടാളവും, പോലീസും സര്‍വ്വസമയവും കാവല്‍ നില്‍ക്കുന്ന ദേശീയ തലസ്ഥാന നഗരിയില്‍ സ്വന്തം കൂട്ടുകാരനുമൊത്ത് യാത്ര ചെയ്ത പെണ്‍കുട്ടിയെ നാലാള്‍സംഘം ബസില്‍ വച്ചു ക്രൂരമായി പീഡിപ്പിച്ചവശയാക്കിയതും പതിമൂന്നുദിവസങ്ങള്‍ക്കുശേഷം അവള്‍ മരണത്തിന് കീഴടങ്ങിയതും 2012 ഡിസംബറിലെ കഥ. നമ്മള്‍ അവള്‍ക്ക് "നിര്‍ഭയ" എന്ന പേരുനല്‍കി. എന്തൊരു വിരോധാഭാസം! പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയമായി നടക്കാന്‍ കഴിയാത്ത നാടാണോ ഇത്?

നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2012 ല്‍ 2,44,270 സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമസംഭവങ്ങളാണ് രേഖപ്പെടുത്തിയത്. ബലാല്‍സംഗം, തട്ടികൊണ്ടുപോക്ക്, സ്ത്രീപീഡനം, ഭര്‍ത്താവും അമ്മായിഅമ്മയും പീഡിപ്പിച്ചത്..... പീഡനങ്ങള്‍ പലവിധം. 2013 ല്‍ 24,915 ബലാല്‍സംഗകേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

സിനിമ വര്‍ത്തമാന സമൂഹാവസ്ഥയുടെ പ്രതിഫലനവും വിമര്‍ശനവുമാണ് എന്നാണ് കരുതപെടുന്നത്. സമീപകാലത്ത് പെണ്‍കുട്ടികള്‍ ഏറ്റുവാങ്ങുന്ന ദുര്യോഗത്തെ പ്രമേയമാക്കിയ ഒട്ടേറെ സിനിമകള്‍ മലയാളികള്‍ ആവേശപൂര്‍വ്വം വരവേറ്റിട്ടുണ്ട്. ഒരു കൊലപാതകത്തെ വിദഗ്ദമായി ഒരു കുടുംബം മൂടിവെച്ച കഥ പറയുന്ന "ദൃശ്യം" മലയാളികള്‍ ആഘോഷിച്ച ചിത്രമായിരുന്നു.

കോളേജില്‍ പഠിക്കുന്ന തന്‍റെ മകളെ ചതിയില്‍ കുടുക്കി പീഡിപ്പിച്ച് പിന്നെ കൊലചെയ്ത മൂന്നു വി.ഐ.പികളെ കൊല ചെയ്ത പിതാവിന്‍റെ കഥ, കോളേജധികൃതരുടെ ഒത്താശയോടെ പീഡിപ്പിക്കപ്പെട്ടു വധിക്കപ്പെട്ട 'ചിന്താമണി' യുടെ കഥ,  കല്‍ക്കട്ടയിലെ വമ്പന്‍ സെക്സ് റാക്കറ്റിന്‍റെ കഥപറഞ്ഞ "കല്‍ക്കട്ടാന്യൂസ്" അങ്ങനെ ചിത്രങ്ങള്‍ നീളുന്നു.

സമൂഹത്തിന്‍റെ ജീര്‍ണത തുറന്നുകാട്ടുകയും പ്രതികാരത്തിലൂടെ പ്രതികരിക്കുകയും ചെയ്യുന്ന സിനിമകള്‍ നമ്മുടെ പ്രശ്നങ്ങള്‍ക്കുത്തരമല്ല. നമുക്കുവേണ്ടത് ഒരു തിരുത്തല്‍ ബോധവത്കരണമാണ്. ആധുനീകരണത്തിന് മൂല്യങ്ങളുടെ സന്നിവേശമുണ്ടാകണം. "മോഡേണ്‍ ആകുക" എന്നാല്‍ ജീര്‍ണതയെ മഹത്വീകരിക്കുക എന്നല്ല എന്ന തിരിച്ചറിവിലേക്കു നമ്മുടെ യുവജനസമൂഹത്തെ നമുക്ക് നയിക്കുവാന്‍ സാധിക്കണം.

സ്ത്രീ-പുരുഷ ബന്ധങ്ങളുടെ വ്യാകരണത്തിനു പാളിച്ച പറ്റിയിട്ടുണ്ട് എന്നതാണ് പ്രശ്നം. "അച്ചാച്ചന്‍, അണ്ണന്‍, എട്ടന്‍, എട്ടത്തി, അനിയത്തി, ചേച്ചി, മാഡം" ഈ സംബോധനകള്‍ അപ്രത്യക്ഷമാകുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് ബന്ധങ്ങളുടെ വിശുദ്ധിയാണ്. കൂടെ പഠിക്കുന്ന ആണ്‍കുട്ടികള്‍ ഇന്നും പെണ്‍കുട്ടികളുടെ കാവല്‍ക്കാരായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പക്ഷേ നവമാധ്യമങ്ങളുടെ വരവോടെ പല സംരക്ഷിത വലയങ്ങളും തകരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

അദ്ധ്യാപികമാര്‍ നേഴ്സുമാരെപ്പോലെ കോട്ടിട്ടു പഠിപ്പിക്കേണ്ട ഗതികേടിലേക്ക് ഗുരുശിഷ്യബന്ധത്തിന്‍റെ പവിത്രത ഇല്ലാതാകുമ്പോള്‍ തകരുന്നത് പരമ്പരാഗത വിശ്വാസസമവാക്യങ്ങളാണ്. അദ്ധ്യാപികയെ ഗുരുവായി കാണാന്‍ കഴിയാത്ത ആണ്‍കുട്ടികള്‍ കൂടിവരുന്നു എന്ന പഠന റിപ്പോര്‍ട്ടിന്‍റെ വെളിച്ചത്തില്‍വേണം ഇതിനെ കാണുവാന്‍.

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ സ്ത്രീയെ പുരുഷന്‍റെ ദാസിയായിട്ടല്ല, ഉപകരണമായിട്ടല്ല, സഖിയായി, പങ്കാളിയായി, സുഹൃത്തായിട്ടാണ് സൃഷ്ടിച്ചത്. തിന്മയുടെ വഴിയേ നടന്നുതുടങ്ങിയപ്പോഴാണ് അവര്‍ നഗ്നരാണെന്ന് ആണിനും പെണ്ണിനും തോന്നിതുടങ്ങിയത്. (ഉല്‍പത്തി: 3.10) അങ്ങനെ വരുമ്പോള്‍ നമ്മളെ വലയം ചെയ്യുന്ന ഒരു ആഗോളതിന്മയുടെ രംഗപടത്തിന്‍റെ പ്രതലത്തില്‍ മാത്രമേ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള സമകാലിക പീഡന പരമ്പരയെ ചടുലമായി വിശകലനം ചെയ്യാന്‍ കഴിയൂ. നമ്മളെ ഗ്രസിക്കുന്ന കച്ചവട സംസ്കാരത്തിന്‍റെ അനന്തരഫലമാണിത്. സ്ത്രീകള്‍ ഉപയോഗിക്കുന്ന സ്വര്‍ണ്ണത്തിന്‍റെയും വസ്ത്രങ്ങളുടെയും മാത്രമല്ല പുരുഷന്മാര്‍ ഉപയോഗിക്കുന്ന ചെരുപ്പിന്‍റെയും വസ്ത്രങ്ങളുടെയും, എന്തിന് മെഡിക്കല്‍ കോളേജിന്‍റെയും എഞ്ചിനിയറിംഗ് കോളേജിന്‍റെയും പരസ്യത്തിന് ഒരു സുന്ദരിയായ പെണ്ണുവേണം. സ്ത്രീയെപറ്റിയുള്ള ധാരണകളാണ് മാറ്റേണ്ടത്. ബന്ധങ്ങളുടെ പവിത്രതയാണ് നമ്മള്‍ വീണ്ടെടുക്കേണ്ടത്.

നസ്രത്തിലെ ഒരു പെണ്‍കുട്ടി വിവാഹത്തിന് മുമ്പ് ഗര്‍ഭവതിയായതും അവളെ കൈവെടിയരുതെന്ന് വിവാഹ വാഗ്ദാനം ചെയ്ത പുരുഷനു ദൈവം കല്പന നല്‍കിയതും ആ യുവതി യേശുവെന്ന വിശ്വൈക ഗുരുവിന് ജന്മം നല്‍കിയതുമായ കഥയാണല്ലോ ക്രിസ്തുമസിന്‍റെ കഥ, രക്ഷയുടെ കഥ, ദൈവത്തിനുണ്ടായിരുന്ന, യൗസേപ്പിനുണ്ടായിരുന്ന സ്ത്രീയോടുള്ള മനോഭാവം കരഗതമാക്കുവാനാണ് നമ്മള്‍ കൈകോര്‍ക്കേണ്ടത്.

യേശുവിന്‍റെ ശിഷ്യഗണത്തില്‍ ആണുങ്ങള്‍ മാത്രമല്ല ഉണ്ടായിരുന്നത്, സ്ത്രീകളും ഉണ്ടായിരുന്നു. സ്ത്രീകളെ ബഹുമാനിക്കുവാന്‍ യേശുപഠിപ്പിച്ചതുപോലെ മറ്റൊരു ഗുരുവും പഠിപ്പിച്ചിട്ടില്ല. "ഞാന്‍ നിങ്ങളോടു പറയുന്നു. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു" (മത്താ: 5.28).

പുരുഷന്മാരെ മാറിമാറി പ്രാപിച്ച സമരിയാക്കാരിയേയും, പാപിനിയെന്ന് അറിയപ്പെട്ടിരുന്ന മഗ്ദലനാ മറിയത്തെയും യേശു മാറ്റി നിര്‍ത്തിയില്ല, പാപിനി എന്നു വിളിച്ചില്ല. അവരുടെ സ്ത്രീത്വത്തെ അവന്‍ ആദരിച്ചു, അവര്‍ക്ക് പുതിയ സാധ്യതകള്‍ അവന്‍ തുറന്നു കൊടുത്തു. താന്‍ ജീവിച്ച കാലഘട്ടത്തിന്‍റെയും സാമൂഹ്യവ്യവസ്ഥയ്ക്കും അപ്പുറത്തുനിന്നാണ് യേശു ചിന്തിച്ചതും പഠിപ്പിച്ചതും. ഉത്ഥാനത്തിന്‍റെ സന്ദേശം ലോകത്തെ അറിയിക്കുവാന്‍ ഒരു സ്ത്രീയെ ചുമതലപ്പെടുത്തിയതുവഴി സ്ത്രീക്കു സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന സാമൂഹ്യവ്യവസ്ഥക്കു യേശു തുടക്കം കുറിച്ചു.

അപ്പനോടുള്ള പക തീര്‍ക്കാന്‍ മകളെ പീഡിപ്പിച്ച കഥ കേട്ടു ഇരയെ കാണാന്‍ പോയി. ഇരക്കു ഓര്‍മ്മയും സമനിലയും നഷ്ടപ്പെട്ടിരുന്നു. പീഡനത്തിന്‍റെ ക്രൂരതയില്‍ അവള്‍ ഒരു ജീവശവമായി മാറി. അമ്മ ഇതുവരെ ഒരിടത്തും പരാതി നല്‍കിയിട്ടില്ല. പരാതിപെട്ടാല്‍ കൊന്നുകളയും എന്നാണ് പീഡകരുടെ താക്കീത്. (ഇത് ബിഹാറിലല്ല, ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍). ഇരകള്‍ക്ക് പരാതിപെടാന്‍പോലും അവകാശം നിഷേധിക്കപ്പെടുമ്പോള്‍ വയലാറിന്‍റെ വരികളാണ് ഓര്‍മ്മയില്‍ വരുന്നത്. "കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവമേ അഭിനന്ദനം, നിനക്കഭിനന്ദനം". ഇത് നിസ്സഹായവസ്ഥയുടെ വരികളാണ്. നമുക്ക് ഏറ്റുപറയുവാനുള്ളത് ഈജിപ്തിലെ ഫറവോയുടെ കല്പനയാണ് "പെണ്‍കുട്ടികള്‍ ജീവിക്കട്ടെ". ആമേന്‍. 

You can share this post!

തൊട്ടില്‍ക്കാലം

ഷാജി സി എം ഐ
അടുത്ത രചന

വലിയ മുതലാളിയുടെ രസതന്ത്രങ്ങള്‍

വിനീത് ജോണ്‍
Related Posts