'Nursing is not merely a calling or a vocation. It is a highly-skilled, safety-critical profession. Nurses are experts and leaders.' (Royal college of Nursing, UK)
ഒരു ആതുരശുശ്രൂഷകന്‍/ ശുശ്രൂഷക എപ്പോഴാണ് ഏറ്റവും നല്ല ജോലിക്കാരാകുന്നത്? അതൊരുപക്ഷേ പുസ്തകത്തിലുള്ളതൊക്കെ മനഃപാഠമാക്കിക്കഴിയുമ്പോഴായിരിക്കില്ല. പ്രാക്ടിക്കല്‍ സെക്ഷനിലൂടെയും ആവില്ല.
അവന്‍റെ അല്ലെങ്കില്‍ അവളുടെ കാലുകള്‍ രോഗിയുടെ ഷൂസിനുള്ളില്‍ ഇട്ടുനോക്കി അവര്‍ കടന്നുപോകുന്ന അവസ്ഥ നേരിട്ടറിയുമ്പോഴാവും അത്. എനിക്ക് അവരുടെ ഷൂസിനുള്ളില്‍ കാലിടാന്‍ അവസരം ലഭിക്കുകയില്ല, സ്വന്തമായി അങ്ങനെയൊരു ഷൂ ലഭിക്കുകയാണ് ചെയ്തത്.
എന്‍റെ രോഗികള്‍ കടന്നുപോയ അവസ്ഥകളിലൂടെയൊക്കെ ഞാനും കടന്നുപോയപ്പോഴാണ് ചെയ്തതൊക്കെയും ശമ്പളത്തിനുവേണ്ടിയുള്ള ഒരു ജോലി മാത്രമായിരുന്നു എന്നറിഞ്ഞത്.
ഉപജീവനത്തിനുവേണ്ടി ജോലി ചെയ്യുന്നതില്‍ എന്താണ് തെറ്റ്? ഒരു തെറ്റുമില്ല. പക്ഷെ, ആതുര സേവനം മറ്റുജോലികളില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. ഇവിടെ ട്രയല്‍ ആന്‍ഡ് എററുകള്‍ പാടില്ല. തോറ്റാല്‍ നഷ്ടപ്പെടുന്നത് ഒരു ജീവനാണ്. ഒരു അച്ഛനാണ്, അമ്മയാണ്, മകനാണ്, മകളാണ്, സഹോദരനാണ്, സഹോദരിയാണ്, ഭര്‍ത്താവാണ്, ഭാര്യയാണ്.
മനുഷ്യര്‍ ഏറ്റവും കൂടുതല്‍ സഹാനുഭൂതി കാണിക്കേണ്ടതും മറ്റുള്ളവരെ മനസ്സിലാക്കേണ്ടതും ആശുപത്രികളിലാണ്. വിദേശ സംസ്കാരം പുലര്‍ത്തുന്ന, വലിയ ബില്‍ വാങ്ങുന്ന ആശുപത്രികളിലൊക്കെ ജീവനക്കാര്‍ ചിരിക്കുന്നതും കരുണയോടെ പെരുമാറുന്നതുമൊക്കെ കണ്ടിട്ടുണ്ട്. അല്ലെങ്കില്‍ ജോലി പോകും എന്നവര്‍ക്കറിയാം.
പക്ഷെ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലും ചെറുകിട ആശുപത്രികളിലും ഇപ്പോഴും ജീവനക്കാരാണ് രാജാവ്. സെക്യൂരിറ്റിക്കാരന്‍ മുതല്‍ മെഡിക്കല്‍ ഡയറക്ടര്‍ വരെ കാര്‍ക്കശ്യമുഖമുള്ളവരാണ്.
ഞാന്‍ ആയുര്‍വേദ/ഹോമിയോ ചികിത്സാര്‍ത്ഥം കുറച്ചുനാള്‍ നാട്ടില്‍ പോയി താമസിച്ചിരുന്നു. അന്ന് എനിക്കു ജോലിക്കു വന്നുകൊണ്ടിരുന്ന പെണ്‍കുട്ടിയാണ് പ്രസവമെടുക്കാന്‍ പോലും കൈക്കൂലി കൊടുക്കേണ്ടി വന്ന അവസ്ഥ എന്നോടു പറഞ്ഞത്. ഞാന്‍ കേരളത്തില്‍ ജോലി ചെയ്തിട്ടില്ലാത്ത തിനാല്‍ പലപ്പോഴും പലരില്‍ നിന്നു കേട്ടിട്ടുണ്ടെ ങ്കിലും എനിക്കതേക്കുറിച്ച് ഉറപ്പിച്ചു പറയാനാവില്ല.
പക്ഷെ ഹൈദരാബാദില്‍ ഗവണ്മെന്‍റ് ആശുപത്രികളില്‍ പ്രാക്ടിസിനു പോയപ്പോള്‍ ഒക്കെ നേരില്‍ കണ്ടിട്ടുണ്ട്. ഡ്രിപ് മാറ്റിയിടാന്‍ പോകുമ്പോള്‍ സ്റ്റുഡന്‍റസ് ആയ ഞങ്ങളുടെ നേരെയും നീട്ടപ്പെടുമായിരുന്നു അഞ്ചിന്‍റെയും പത്തിന്‍റെയും നോട്ടുകള്‍. വേണ്ട എന്നു പറഞ്ഞ് പണിതീര്‍ത്തു പോരുമ്പോള്‍ അവര്‍ ആദരവോടെ കൈകള്‍ കൂപ്പും. ദൈവത്തോടെന്ന പോലെ...
രോഗിക്ക് ആതുരശുശ്രൂഷകര്‍ ദൈവങ്ങള്‍ തന്നെയാണ്. ജനനത്തിലും മരണത്തിലും ഒപ്പമുണ്ടാകുന്നവര്‍. അതിന്‍റെ ഇടവേളകളില്‍ എപ്പോഴെങ്കിലുമൊക്കെ നമുക്ക് വേണ്ടിയോ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയോ അവരെ കണ്ടുമുട്ടുമ്പോള്‍, നമ്മുടെ ഏറ്റവും തകര്‍ന്ന അവസ്ഥകളില്‍ അവരുടെ ഒരു ചിരി, ഒരാശ്വാസവാക്ക്, ഒരു അപ്ഡേറ്റ് ഒക്കെ നല്‍കുന്ന ആശ്വാസം ചെറുതല്ല. പക്ഷെ നമ്മുടെ നാട്ടില്‍ എത്ര പേര് അങ്ങനെയൊരു കരുണ കാണിക്കാറുണ്ട്?
നാട്ടിലും യു. കെ. യിലും ജോലിചെയ്ത ഒരു നഴ്സ് എന്ന നിലയിലും രണ്ടിടത്തും അഡ്മിറ്റ് ആയ പേഷ്യന്‍റ് എന്ന നിലയിലും എന്‍റെ ലേബര്‍ റൂം അനുഭവം ഇവിടെ പങ്കുവയ്ക്കുന്നു.
ഞാന്‍ മോനെ പ്രസവിച്ചത് നാട്ടിലും മോളെ പ്രസവിച്ചത് യു കെയിലുമായിരുന്നു. മോനുണ്ടായത് കുറച്ചു ദിവസങ്ങള്‍ നേരത്തെയാണ്. ആദ്യമായി വേദന വന്നത് ഒരു രാത്രിയിലാണ്. ഒരു ഏഴര എട്ടുമണിയോളം ആയിട്ടുണ്ടാകും. അപ്പോള്‍ തന്നെ ഞങ്ങള്‍ പേടിച്ച് അടുത്തുള്ള ആശുപത്രിയില്‍ പോയി. അവിടെ ചെന്നപ്പോഴേക്കും വേദനയൊക്കെ മാറിയിരുന്നു. എന്നാലും നേരെ ലേബര്‍ റൂമില്‍ അഡ്മിറ്റ് ആക്കി.
ഏഴാം മാസത്തില്‍ ഛര്‍ദ്ദി കൂടി അഡ്മിറ്റ് ആയ ഒരു സ്ത്രീ കൂടി അതിനുള്ളില്‍ ഉണ്ടായിരുന്നു. അടുത്തടുത്തായി രണ്ടു ട്രോളികളിലായി മുഖം പരസ്പരം കാണാതില്ലാത്ത വിധം ഞങ്ങളെ കിടത്തി. അവിടെ നാലഞ്ച് നഴ്സുമാര്‍ ഉണ്ടായിരുന്നു. ഓരോ നഴ്സുമാര്‍ ഞങ്ങളുടെ വയറില്‍ കൈ വച്ചുകൊണ്ട് അടുത്തിരുന്നു. പിന്നെ ആ കൈ എടുക്കാതെ അടുത്തുള്ള ട്രോളിയില്‍ കയറിയിരിക്കുന്ന മറ്റുള്ളവരോട് ഉറക്കെ സംസാരിക്കുകയും ചിരിക്കു കയും ചെയ്തുകൊണ്ടിരുന്നു.
മണിക്കൂറുകള്‍ കഴിഞ്ഞുപോയി. പരസ്പരമുള്ള സംസാരങ്ങളുടെ ആരോഹണാവരോഹണ ങ്ങളില്‍ ആ കൈകള്‍ ഉയരുകയും താഴുകയും ചെയ്തുവെന്നല്ലാതെ അവരാ ആ കൈ എടുക്കു കയോ ഞങ്ങളോടെന്തെങ്കിലും സംസാരിക്കുകയോ ചെയ്തില്ല.
നേരം രാത്രി ഒരുമണിയായി. എനിക്കാണെങ്കില്‍ ഉറക്കം വന്നിട്ടു വയ്യ. അവരുടെ വയറില്‍ തടവും സംസാരവും കാരണം ഉറങ്ങാനും പറ്റുന്നില്ല. കുറെ നേരം അവരെന്തെങ്കിലും പറയും എന്നോര്‍ത്ത് കാത്തു. പിന്നെ ചോദിച്ചു.
'എസ്ക്യൂസ് മി. എന്താണു പ്ലാന്‍ എന്നൊന്ന് പറയാമോ?'
'ഡോക്ടര്‍ കാണണം, എന്നാലേ പ്ലാന്‍ പറയാന്‍ പറ്റൂ.'
സംസാരം മുറിഞ്ഞ ദേഷ്യത്തോടെ ഒരു നേഴ്സ് പറഞ്ഞു. ഞാന്‍ വീണ്ടും കണ്ണടച്ച് കിടന്നു.
സമയം രണ്ടുമണിയായി. അവരപ്പോഴും ആ ഇരിപ്പു തുടരുന്നു. കൈകള്‍ എന്‍റെയും ആ സ്ത്രീ യുടെയും വയറില്‍ നിശ്ചലമായി ഇരിക്കുന്നു. സംസാരത്തിനിടയില്‍ ആവേശം കൂടുമ്പോള്‍ അതെ ടുക്കുകയും വീണ്ടും ഊക്കോടെ വയ്ക്കുകയും ചെയ്യുന്നുണ്ട്. എന്‍റെ ക്ഷമ നശിച്ചു. ഞാന്‍ ചോദിച്ചു.
'എപ്പോഴാണ് എന്നെ റൂമിലേക്ക് മാറ്റുന്നത്?'
'ഡോക്ടര്‍ കണ്ടിട്ട്'
മറ്റൊരുവള്‍ക്ക് എന്‍റെ ആ ചോദ്യം ഒട്ടും ഇഷ്ടപ്പെട്ടില്ല.
'എപ്പോഴാണ് ഡോക്ടര്‍ കാണുന്നത് ?' ഞാന്‍ വീണ്ടും ചോദിച്ചു.
'രാവിലെ റൗണ്ട്സിനു വരുമ്പോള്‍ ...'
ഒരുവള്‍ എന്തോ ദയ കാണിക്കുന്ന രീതിയില്‍ പറഞ്ഞു. എനിക്കു ദേഷ്യം വന്നു. ഇപ്പോള്‍ കുഞ്ഞുണ്ടാകും എന്ന പ്രതീക്ഷയില്‍ പുറത്ത് പ്രാര്‍ത്ഥനയോടെ ഇരിക്കുന്ന ഭര്‍ത്താവിനെയും അമ്മയെയും ഓര്‍ത്തപ്പോള്‍ സങ്കടവും.
ഞാന്‍ പറഞ്ഞു
'ഞാനിപ്പോള്‍ ലേബറിലല്ലല്ലോ. അതുകൊണ്ട് എന്നെയിപ്പോള്‍ റൂമിലേക്ക് മാറ്റണം. ഡോക്ടര്‍ അവിടെ വന്നു കണ്ടോളുമല്ലോ!'
കേള്‍ക്കാനാവാത്തതെന്തോ കേട്ടപോലെ അവരെന്നെ തുറിച്ചുനോക്കി. പിന്നെ പറഞ്ഞു.
'ഡോക്ടര്‍ വരാതെ റൂമിലേക്ക് മാറ്റാനാവില്ല. പ്രോട്ടോകോള്‍ അതാണ്.'
എനിക്കാകെ സങ്കടവും വിഷമവും ദേഷ്യവു മൊക്കെ വന്നു. ഞാന്‍ പറഞ്ഞു.
'എങ്കില്‍ എന്നെ ഡിസ്ചാര്‍ജ് ചെയ്തേക്കൂ ... ഞാന്‍ വീട്ടില്‍ പോയിക്കിടന്നുറങ്ങിയിട്ട് നാളെ വരാം.'
'അങ്ങനെ തോന്നുമ്പോള്‍ വീട്ടിപ്പോകാനാണെങ്കില്‍ പിന്നെ നീയെന്തിനാ വന്നത്?' മറ്റൊരുവള്‍ ക്രൂദ്ധയായി.
'അപ്പോള്‍ വേദനയുണ്ടായിരുന്നു, വന്നു. ഇപ്പോള്‍ വേദനയില്ല, പോണം. അത്രേ ഉള്ളൂ.' ഞാന്‍ ദേഷ്യം കടിച്ചമര്‍ത്തി സ്വരത്തില്‍ ശാന്തത വരുത്തി പറഞ്ഞു.
അവര്‍ മാറി നിന്ന് എന്തൊക്കെയോ പിറു പിറുത്തു. പിന്നെ അടുത്ത മുറിയില്‍ നിന്ന് ടെലി ഫോണ്‍ സംഭാഷണം കേട്ടു. മിനിറ്റുകള്‍ക്കുള്ളില്‍ ഞാന്‍ മുറിയിലേക്ക് മാറ്റപ്പെട്ടു. പോകുന്ന വഴിയില്‍ ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ചു.
'നിങ്ങളോട് അവരെന്തെങ്കിലും പറഞ്ഞായിരുന്നോ?'
'ഇല്ല, ഞങ്ങള്‍ അകത്ത് എന്താണ് സംഭവിക്കുന്നതെന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു.' അദ്ദേഹം പറഞ്ഞു.
ഞാന്‍, ഛര്‍ദ്ദി മൂലം അഡ്മിറ്റ് ആയ ആ സ്ത്രീയുടെ അമ്മയെ ദയയോടെ നോക്കി. അവരപ്പോഴും പ്രസവമുറിയുടെ വാതില്‍ക്കലേക്ക് ആധിയോടെ ഉറ്റുനോക്കിക്കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ പത്തുപത്തരയോടെ ഡോക്ടര്‍ വന്നു. സംസാരിച്ചു.'സമയമായിട്ടില്ല, എങ്കിലും നമുക്ക് ഇന്‍ഡ്യൂസ് ചെയ്യാം.'
'ഉവ്വ്' കേട്ടപാതി കേള്‍ക്കാത്ത പാതി ഞങ്ങള്‍ സമ്മതിച്ചു. തന്നിരുന്ന തീയതി ഇരുപതു ദിവസം മുന്നോട്ട് ആയിരുന്നിട്ടും കുഞ്ഞിനോ അമ്മക്കോ ഒരു കുഴപ്പവുമില്ലാതിരിക്കെ എന്തുകൊണ്ട് ഇന്‍ ഡ്യൂസ് ചെയ്യുന്നു എന്നു ഞങ്ങള്‍ ചോദിക്കുകയോ ഡോക്ടര്‍ പറയുകയോ ചെയ്തില്ല. അത് നാട്ടു നടപ്പല്ലല്ലോ.
രാത്രി പന്ത്രണ്ടു മണിക്ക് അവര്‍ എന്നെ ലേബര്‍ റൂമിലേക്ക് മാറ്റി ഇന്‍ഡ്യൂസ് ചെയ്യാനുള്ള മരുന്ന് തന്നു. ഒപ്പം എനിമയും. ആദ്യമൊക്കെ മറ്റുള്ളവരുടെ കരച്ചിലൊക്കെ കേട്ട് ഞാനെന്തായാലും കരയില്ല എന്ന് തീരുമാനിച്ചുറച്ച് പിറക്കാനിരിക്കുന്ന കുഞ്ഞു മുഖമൊക്കെ ഓര്‍ത്ത് വെറുതെ കിടന്നു.
ഉറങ്ങാനൊന്നും പറ്റിയില്ല. ഓരോ അരമണിക്കൂറിലും നഴ്സുമാര്‍ വന്ന് ബിപി നോക്കുകയും കുഞ്ഞിനെ ഹാര്‍ട്ബീറ്റ് നോക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ വയറൊഴിയാന്‍ തുടങ്ങി. അഞ്ചും ആറും പ്രാവശ്യമായപ്പോള്‍ മടുത്തു. ഒപ്പം തൊണ്ട വറ്റിവരണ്ടു. അടുത്തുനിന്ന നഴ്സിനോട് ഞാന്‍ വെള്ളം ചോദിച്ചു. അവര്‍ ഒരു പഞ്ഞിയില്‍ അല്‍പ്പം വെള്ളം മുക്കി എന്‍റെ വായില്‍ വച്ചു തന്നു.
ഞാന്‍ ദാഹിച്ചു വലഞ്ഞു. വെള്ളം കുടിച്ചില്ലെങ്കില്‍ മരിച്ചു പോകുമെന്നു തോന്നി. ഞാന്‍ ഉറക്കെ വിളിച്ചു
'സിസ്റ്റര്‍ .... സിസ്റ്റര്‍'
'എന്താ മോളേ ...' എന്നെക്കാള്‍ നാലഞ്ച് വയസ്സിനിളപ്പമുള്ള ഒരു കുട്ടി വന്നു ചോദിച്ചു. അവള്‍ അവിടെ നഴ്സിംഗ് പഠിച്ച് ബോണ്ട് ചെയ്യുന്ന തായിരുന്നു. കുട്ടിത്തം വിടാത്ത മുഖം. അവള്‍ മോളെ എന്നു വിളിച്ചപ്പോള്‍ എനിക്ക് നാണക്കേട് തോന്നി. നാലാം പ്രസവത്തിനു വന്ന മുപ്പത്തഞ്ചു കാരിയെയും അവര്‍ മോളെ എന്നാണ് വിളിച്ചത്.
'ഒരല്‍പം വെള്ളം തരാമോ ? തൊണ്ട പൊട്ടിപ്പോകുവാ ...' ഞാന്‍ ഭവ്യതയോടെ ചോദിച്ചു.
'വെള്ളംകുടിക്കാന്‍ പറ്റില്ലെന്നറിയില്ലേ?' അവര്‍ ചൂടായി.
എന്തായാലും അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അവര്‍ ഡ്രിപ് സ്റ്റാര്‍ട്ട് ചെയ്തു. വലിയ ദാഹം കുറയുമല്ലോ എന്നാശ്വസിച്ചിരിക്കുമ്പോള്‍ ഒരു നേഴ്സ് വന്ന് അതിനുള്ളില്‍ കണ്ട്രാക്ഷന്‍ വരാനുള്ള മരുന്ന് ആഡ് ചെയ്തു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ചെറിയ വേദനയൊക്കെ തുടങ്ങി.
ഈ കുഞ്ഞു വേദനക്കാണോ കെടന്നു നിലവിളിക്കുന്നത്? തൊട്ടപ്പുറത്തെ ബെഡില്‍ കിടന്നു നിലവിളിക്കുന്ന സ്ത്രീയെ ഞാന്‍ ആശ്ചര്യത്തോടെ നോക്കി. അങ്ങനെ മൂന്നാലുപേരെ ആശ്ചര്യത്തോടെ നോക്കിയപ്പോഴേക്കും എനിക്കും വേദന കലശ ലായിത്തുടങ്ങി.
വിശപ്പും ദാഹവും വേദനയും ഒറ്റപ്പെടലും. ആരെങ്കിലും എന്‍റെ അടുത്തൊന്നു വന്നിരുന്നെങ്കില്‍, എന്‍റെ കയ്യിലൊന്നു പിടിച്ചെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ച നിമിഷം.
നഴ്സുമാര്‍ പരസ്പരം പേരുവിളിക്കുന്നതു കേട്ടു പഠിച്ച് അവര്‍ അടുത്തുകൂടെ പോകുമ്പോള്‍ ഞാനവരെ പേരുചൊല്ലി വിളിച്ചു തുടങ്ങി. തിരക്ക് കൊണ്ടാ വാം പലരും എന്നെ തിരിഞ്ഞു നോക്കിയില്ല. എന്‍റടുത്തു വരാനും വെള്ളം തരാന്‍ പാടില്ല എന്ന് പറയാനും ഒന്ന് രണ്ടു പേര് തയ്യാറായി. അവരി ലൊരാള്‍ പോലും എന്‍റെ കയ്യിലൊന്നു പിടിച്ചില്ല. ആശ്വസിപ്പിച്ചില്ല.
പുറം വലിഞ്ഞു പൊട്ടി മരിച്ചു പോകുമെന്ന് തോന്നിയപ്പോള്‍ വിതുമ്പിക്കൊണ്ട് ഞാന്‍ തനിയെ പുറം തിരുമ്മിത്തുടങ്ങി. അതുകണ്ടു വന്ന ഒരു ആയമ്മ കുറച്ചു നേരം എന്‍റെ അടുത്തു വന്നുനിന്ന് പുറം തിരുമ്മിത്തന്നു. എല്ലാം പെട്ടെന്നു ശരിയാകും എന്നാശ്വസിപ്പിച്ചു.
അവരുടെ പേര് ഞാനോര്‍ക്കുന്നില്ല. വേദനയുടെ ഇടയില്‍ അതു മറന്നുപോയി. പക്ഷെ ആ മുഖം ഇപ്പോഴുമോര്‍ക്കുന്നുണ്ട്. ഓര്‍ക്കുമ്പോഴൊക്കെ ഒരുപാട് നന്മ വരുത്തണെ എന്നു പ്രാര്‍ത്ഥിക്കാറുണ്ട്.
ഒരു നഴ്സ് എന്ന നിലയില്‍, അവിടെയുള്ള ഒരു നഴ്സും എനിക്ക് നല്ല ഓര്‍മ്മകള്‍ തന്നില്ല എന്നത് എന്നെ വിഷമിപ്പിക്കുന്നു. എന്നാല്‍ യു. കെ. യില്‍ മോളെ പ്രസവിച്ചപ്പോഴാകട്ടെ ഹോസ്പിറ്റല്‍ എക്സ്പീരിയന്‍സ് വളരെ പോസിറ്റീവൊന്നുമല്ലായിരുന്നെങ്കിലും നഴ്സിന്‍റെ സ്നേഹപൂര്‍വമായ ഇടപെടല്‍ മൂലം അതൊരു നല്ല അനുഭവമായാണ് ഓര്‍ത്തിരിക്കുന്നത്.
നാട്ടിലേതുപോലെ ഇവിടെ ഡേറ്റിന്‍റെ അന്ന് തന്നെ മരുന്നുവച്ച് പ്രസവിപ്പിക്കില്ല. വേദന തുടങ്ങാനായി അഞ്ചു മുതല്‍ പത്തു ദിവസത്തോളം കാത്തിരിക്കും. മിക്ക കേസുകളിലും അതിനു മുന്‍പ് പ്രസവിക്കും. ഇല്ലെങ്കില്‍ മാത്രം മരുന്നു വയ്ക്കും.
അഞ്ചുദിവസങ്ങള്‍ക്കു ശേഷം വൈകുന്നേരം ഏഴു മണിയോടെ എനിക്ക് വേദന തുടങ്ങി. പത്തു മണി കഴിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന അമ്മായി അമ്മയുടെ നിര്‍ബ്ബന്ധം മൂലം ആ എയര്‍ലിസ്റ്റേജില്‍ അവര്‍ അഡ്മിറ്റ് ചെയ്യില്ല എന്നറിയാമായിരുന്നെങ്കിലും ആശുപത്രിയില്‍ പോയി. പക്ഷെ അവര്‍ പരിശോധിച്ച് സമയമായില്ല എന്നു പറഞ്ഞ് തിരിച്ചു വീട്ടില്‍ വിട്ടു.
പിറ്റേന്ന് പന്ത്രണ്ടു മണിക്കായിരുന്നു മരുന്നു വച്ച് ഇന്‍ഡ്യൂസ് ചെയ്യാന്‍ തീരുമാനമെടുക്കുന്നതിനുള്ള അപ്പോയ്ന്‍റ്മെന്‍റ്. അപ്പോഴേക്കും വേദന അടുപ്പിച്ചടുപ്പിച്ചു വന്നു തുടങ്ങിയിരുന്നെങ്കിലും അപ്പോയിന്‍റ്മെന്‍റിനു പോവുകയും അവര്‍ ബാക്കിയൊന്നും പരിശോധിക്കാതെ ഇന്‍ഡക്ഷനുള്ള പേപ്പറുകള്‍ ഒപ്പിടീപ്പിച്ച് തിരിച്ചു വിടുകയും ചെയ്തു.
വൈകുന്നേരം ഏഴുമണിയോടെ ഇരിക്കാനും നില്‍ക്കാനും വയ്യാത്ത അവസ്ഥയായി. വീണ്ടും ആശുപത്രിയിലേക്ക്. അവിടെ ചെല്ലുമ്പോള്‍ ലേബര്‍ റൂം ഫുള്‍ ആയതു കാരണം പുറത്ത് കാത്തിരി ക്കുന്ന അനേകരോടൊപ്പം കസേരയില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു.
ഞാനവിടെയിരുന്നു ഞരങ്ങുകയും ചിലപ്പോഴൊക്കെ അറിയാതെ നിലവിളിക്കുകയും ഭര്‍ത്താവിനെ അടിക്കുകയും മാന്തുകയും കടിക്കുകയു മൊക്കെ ചെയ്തു. ഒന്നൊന്നര മണിക്കൂര്‍ കഠിന വേദനയില്‍ ആ ഇരിപ്പു തുടര്‍ന്നപ്പോള്‍ പരിശോധിക്കാനായി അകത്തേക്കു വിളിച്ചു.
പെട്ടെന്നുതന്നെ എന്‍സ്വീറ്റ് ആയുള്ള വലിയൊരു മുറി നല്‍കപ്പെട്ടു. ഭര്‍ത്താവും ഒപ്പം അനുവദിക്കപ്പെട്ടു. മാലാഖയുടെ ചിരിയുള്ള മിഡ്വൈഫ് അതിലേക്കു വന്നു. വേദന കുറയ്ക്കാന്‍ ഉപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചു വിശദീകരിച്ചു.
നട്ടെല്ലില്‍ കുത്തിവച്ചു വേദന കുറയ്ക്കുന്ന എപിഡ്യൂറല്‍ അനാല്‍ജേസിയ പ്രസവത്തെ പതുക്കെയാക്കുന്നതിനാല്‍ കുഞ്ഞിന് അപകടസാധ്യത ഉണ്ടാകാം എന്ന കാരണത്താല്‍ ഞാന്‍ എടുത്തില്ല. പകരം ദോഷഫലങ്ങള്‍ ഇല്ലാത്ത നൈട്രസ് ഓക്സൈഡ് എന്ന ഗ്യാസ് വലിക്കാന്‍ തന്നു. മിഡ്വൈഫ് കയ്യില്‍ വച്ച് തന്ന ഒരു പൈപ്പ് വായില്‍ വച്ച് ഗര്‍ഭപാത്രത്തിന്‍റെ ഓരോ സങ്കോചത്തിനിടയിലും ഗ്യാസ് വലിച്ചെടുത്തു.
പേരു സൂചിപ്പിക്കുന്നതുപോലെ അതു നിര്‍ത്താതെ ചിരിപ്പിക്കുകയൊന്നുമില്ല. വേദന ഇല്ലാതാക്കുകയുമില്ല. പകരം നേര്‍വസ് സിസ്റ്റത്തെ സ്ലോ ചെയ്യുന്നതുകൊണ്ട് വേദനയുടെ കാഠിന്യം അറിയില്ല. വേദന അതെ തീവ്രതയോടെ ഉണ്ടാകുമെങ്കിലും മറ്റേതോ ശരീരത്തിലാണെന്നതു പോലെ മാറിനിന്ന് നോക്കിക്കാണുന്ന പ്രതീതി ഉളവാക്കും. ഒപ്പം ഒരു യൂഫോറിയ എഫക്ട് നല്‍കും. ഉള്ളിലേക്കു വലിച്ചാല്‍ ആ നിമിഷം തന്നെ ഫലമു ണ്ടാകും. നിര്‍ത്തിയാല്‍ ഏതാനും നിമിഷങ്ങള്‍ ക്കകം വീണ്ടും വേദനയുടെ കാഠിന്യം അറിഞ്ഞു തുടങ്ങും. വലിച്ചു തുടങ്ങുമ്പോള്‍ ചെറിയ ഛര്‍ദ്ദിയൊക്കെ ഉണ്ടാകുമെങ്കിലും അല്‍പ്പം കഴിയുമ്പോള്‍ അതൊക്കെ മാറും.
സൗമ്യതയോടെ, അതിലേറെ അനുകമ്പയോടെ മിഡ്വൈഫ് എന്നെ ലേബറില്‍ സപ്പോര്‍ട്ട് ചെയ്തു. പ്രസവം ആദ്യമായി നേരിട്ടു കാണുന്ന ഭര്‍ത്താവ് അല്‍പ്പം പരവേശത്തോടെയാണെങ്കിലും പുറം തിരുമ്മിത്തന്നും കയ്യില്‍ പിടിച്ചും ആശ്വസിപ്പിച്ചും കൂടെനിന്നു. ഒല്‍പ്പം കൂടുതല്‍ രക്തം പോയെങ്കിലും വേറെ പ്രശ്നങ്ങളൊന്നുമില്ലാതെ മോള്‍ കടന്നു വന്നു.
വേദനയും കഷ്ടപ്പാടുമൊക്കെ കൂടുതല്‍ അനുഭവിക്കേണ്ടിവന്നെങ്കിലും മോളുണ്ടായ അനുഭവത്തെ പോസിറ്റീവ് അനുഭവമായി ഞാന്‍ കാണുന്നത് ആ മിഡ്വൈഫിന്‍റെ സ്നേഹപൂര്‍ണ്ണമായ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രമാണ്. അവരുടെ കരുണാമസൃതമായ സംസാരവും ദയയോടെയുള്ള പെരുമാറ്റവും ആ അവസ്ഥയില്‍ ഒരുപാട് സഹായകരമായി.
ഇന്ത്യയിലെയും വിദേശത്തെയും നഴ്സിങ്ങില്‍ ഞാന്‍ ഏറ്റവുമധികം പറയാനാഗ്രഹിക്കുന്ന വ്യത്യാസം കമ്യൂണിക്കേഷനാണ്. നാട്ടില്‍ നഴ്സുമാര്‍ക്കും രോഗികള്‍ക്കുമിടക്കുള്ള ആശയവിനിമയം തുലോം കുറവാണ്. രോഗികളോടോ അവരുടെ റിലേറ്റീവ്സിനോടോ സംസാരിക്കാനോ അവര്‍ക്കു പറയാനുള്ളത് കേള്‍ക്കാനോ ആരും മെനക്കെടുന്നില്ല എന്നതാണ് സത്യം. എന്തെങ്കിലും ചോദിച്ചാല്‍ ത്തന്നെ ഡോക്ടറോട് ചോദിക്ക് എന്ന ഒറ്റ ഉത്തരത്തില്‍ ആ കമ്മ്യൂണിക്കേഷനെ അവിടെ വച്ച് മുറിച്ചുകളയുന്നു.
എന്നാല്‍ വിദേശത്ത് അങ്ങനെയല്ല. ബിപി എടുക്കുമ്പോഴും മരുന്നു തരുമ്പോഴും ഡ്രസിങ് ചെയ്യുമ്പോഴുമൊക്കെ അവര്‍ നമ്മളോട് സംസാരിച്ചു കൊണ്ടേയിരിക്കുന്നു. ചെയ്യാന്‍ പോകുന്ന പ്രൊസീജ്വറിനെക്കുറിച്ച്, ട്രീട്മെന്‍റ് പ്ലാനുകളെക്കുറിച്ച്, നമ്മുടെ ഇഷ്ടഭക്ഷണത്തെക്കുറിച്ച്, ഹോബിയെക്കുറിച്ച്, നടത്തിയ യാത്രകളെക്കുറിച്ച്....
മറ്റൊരു വ്യത്യാസമെന്നത് നഴ്സസിനെ വെറും മരുന്ന് കൊടുക്കുന്നവരും ഡ്രസിങ് ചെയ്യുന്നവരും ഡോക്ടറിന്‍റെ സഹായികളുമായൊക്കെ കാണാനാണ് ഇന്ത്യയില്‍ എല്ലാവര്‍ക്കും താല്പര്യം എന്നതാണ്. നഴ്സിംഗ് എന്നത് നാലുവര്‍ഷം നീളുന്ന ഡിഗ്രി കോഴ്സ് ആണെന്നത് പലരും സൗകര്യപൂര്‍വ്വം മറക്കുന്നു. ഈ നാലുവര്‍ഷങ്ങളിലായി കുട്ടികള്‍ ശരീരഘടന മുതല്‍ റിസര്‍ച് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ് വരെ പഠിക്കുന്നുണ്ട്. ഇങ്ങനെ പഠിച്ചിറങ്ങുന്ന കുട്ടികള്‍ നല്ല അറിവും ക്രിട്ടിക്കല്‍ തിങ്കിങ് കപ്പാസിറ്റിയും ഉള്ളവരാണ്. അവര്‍ക്ക് തങ്ങളുടെ രോഗികളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചു മറിയാം. മരുന്നുകളുടെ പ്രവര്‍ത്തനങ്ങളെയും പ്രതിപ്രവര്‍ത്തനങ്ങളെയും പാര്‍ശ്വഫലങ്ങളെയും കുറിച്ച് അറിയാം. രോഗി എന്നാല്‍ രോഗമല്ലെന്നും അതൊരു താല്കാലിക അവസ്ഥ മാത്രമാണെന്നും ചികിത്സയെന്നാല്‍ സമഗ്ര സമീപനമാണെന്നും അറിയാം.
എന്നാല്‍ ഈ അറിവിനെ നമ്മുടെ നാട് എത്രമാത്രം ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇപ്പോഴും പല ആശുപത്രികളിലും നഴ്സുമാരെന്നാല്‍ ഡോക്ടര്‍ക്കു വേണ്ടി ബി പി കഫ് കെട്ടിക്കൊടുക്കുക്കാനും ഫയല്‍ പിടിച്ച് പുറകെ നടക്കാനും എഴുതുന്ന മരുന്നുകള്‍ ചോദ്യങ്ങളില്ലാതെ കൊടുക്കാനുമുള്ള ഉപകരണങള്‍ മാത്രമാണ്. ദിവസത്തിന്‍റെ ഭൂരിഭാഗവും രോഗികളോടൊപ്പം ചെലവഴിക്കുന്ന നഴ്സിനോട് എത്ര ഡോക്ടര്‍മാര്‍ ട്രീട്മെന്‍റിനെക്കുറിച്ച് ഡിസ്കസ് ചെയ്യാറുണ്ട്? അവരുടെ അഭിപ്രായങ്ങളെ മാനിക്കാറുണ്ട്?
മുന്‍പ് പറഞ്ഞതൊക്കെത്തന്നെയാണ് നഴ്സിംഗ് എന്നാണ് യു. കെ.യിലെത്തുന്നത് വരെ ഞാനും കരുതിയിരുന്നത്. അത്രയുമൊക്കെ നന്നായി ചെയ്യാന്‍ സാധിച്ചാല്‍ അതില്‍ സന്തുഷ്ടയുമായിരുന്നു.
നാട്ടില്‍ വച്ച് ഒരിക്കല്‍ INC (Indian Nurses Council) നടത്തിയ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനിടയായി. അന്നാണ് ആദ്യമായി നഴ്സിങിന്‍റെ വിവിധ സാധ്യതകളെക്കുറിച്ച് കേള്‍ക്കുന്നത്. അവര്‍ പറഞ്ഞ നേഴ്സ് മാനേജര്‍, നേഴ്സ് കൗണ്‍സിലര്‍, നഴ്സ് പ്രെസ്ക്രൈബേര്‍, ക്ലിനിക്കല്‍ നഴ്സ് സ്പെഷ്യലിസ്റ്, അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്റ്റീഷനര്‍ എന്നിങ്ങനെയുള്ള പലവാക്കുകളും എനിക്ക് മനസ്സിലായതേയില്ല. കാരണം എന്‍റെ മനസ്സിലെ നഴ്സിനെത്താവുന്ന പരമാവധി ഉയരം ഒരു സൂപ്പര്‍ വൈസറോ സൂപ്രണ്ടോ ആയിരുന്നു.
നഴ്സിംഗ് എന്നാല്‍ അതിനപ്പുറമൊക്കെയാണെന്ന് മനസ്സിലായത് യു. കെ. യിലെത്തിയപ്പോഴാണ്. ഇവിടെ ഹോസ്പിറ്റലുകളെല്ലാം നേഴ്സ് ലെഡ് ആണ്. രോഗിയോടൊപ്പം മുഴുവന്‍ സമയവും ചെലവഴിക്കുന്ന നഴ്സാണ് അവരുടെ പ്രധാന ഡിസിഷന്‍ മേക്കര്‍.
അതായത് രോഗിയുടെ പ്രൈമറി കോണ്ടാക്ട് നേഴ്സ് ആണ്. കോടതിയില്‍ വക്കീല്‍ പൊതുജനത്തിനുവേണ്ടി നിലകൊള്ളുന്നതുപോലെ നഴ്സ് രോഗിക്ക് വേണ്ടി നിലകൊള്ളുന്നു. രോഗിയുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, റേഡിയോളോജിസ്റ്റ്, ഫിസിയോ തെറാപിസ്റ്റ്, പാത്തോളജിസ്റ്റ് തുടങ്ങിയ മറ്റ് ടീമംഗങ്ങള്‍ നേഴ്സ് വഴിയാണ് രോഗിയിലേക്കെത്തുന്നത്. അവരുടെയെല്ലാം സര്‍വീസുകള്‍ ക്രോഡീകരിക്കുന്നത് നേഴ്സ് ആണ്. ടീമംഗങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ അനലൈസ് ചെയ്ത് നഴ്സ് രോഗിക്കുവേണ്ടി നല്ലത് തിരഞ്ഞെടുക്കുന്നു. തെറ്റായതിനെ ചോദ്യം ചെയ്യുന്നു.
അഡ്മിഷന്‍റെ സമയത്ത് നഴ്സ് രോഗിയെ അസ്സസ്സ് ചെയ്ത് ആ രോഗിക്കു വേണ്ടുന്ന കെയര്‍ പ്ലാന്‍ തയ്യാറാക്കുന്നു. അതനുസരിച്ച് പരിചരണം ആസൂത്രണം ചെയ്യുന്നു. തീരുമാനങ്ങളെടുക്കാന്‍ നഴ്സ്ഇന്‍ചാര്‍ജിന്‍റെ സഹായം തേടുന്നു. സംശയമുള്ള സാഹചര്യങ്ങളില്‍ ഇന്‍ചാര്‍ജ് ഡോക്ടറിന്‍റെ സഹായം തേടുന്നു/തേടാന്‍ ആവശ്യപ്പെടുന്നു.
എല്ലാ ടീമംഗങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം രോഗിയുടെ സൗഖ്യവും ക്ഷേമവും മാത്രമാണ്. അതിനായി അനേകം തൂണുകളുള്ള ഒരു വീടുപോലെ ടീമംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആ തൂണുകളെല്ലാം കണക്ട് ചെയ്തിരിക്കുന്ന മേല്‍ക്കൂരയാണ് നഴ്സ്. നഴ്സ് നിലനില്‍ക്കുന്നതോ ടീമംഗങ്ങളുടെ പിന്തുണയോടെ രോഗിയുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനു വേണ്ടിയും.
നഴ്സിന്‍റെ ഈ പ്രവര്‍ത്തനങ്ങളെ രോഗികളും സഹപ്രവര്‍ത്തകരും സമൂഹവും അംഗീകരിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നു എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നല്‍കുന്നത്.
എന്നാല്‍ ഇന്ത്യയിലെ സ്ഥിതി അങ്ങനെയല്ല. എല്ലാ ബഹുമാനവും ഡോക്ടര്‍മാര്‍ക്കുള്ളതാണ്. രോഗം കണ്ടുപിടിക്കുകയും മരുന്നെഴുതുകയും ട്രീറ്റ്മെന്‍റ് പ്ലാന്‍ ചെയ്യുകയും ചെയ്യുന്നത് ഡോക്ടര്‍മാരാണ് എന്നത് ശരി തന്നെ. പക്ഷെ അത് പിഴവില്ലാതെ രോഗികളിലേക്കെത്തണമെങ്കില്‍ അറിവുള്ള നഴ്സുമാര്‍ വേണം. ഡോക്ടര്‍ എത്ര നല്ലതാണെങ്കിലും നഴ്സിന് അറിവും കഴിവുമില്ലെങ്കില്‍ ഡോക്ടര്‍ പ്ലാന്‍ ചെയ്ത ട്രീട്മെന്‍റ് രോഗികളിലേക്കെത്തില്ല. അതിനാല്‍ തന്നെ അവരും അംഗീകരിക്ക പ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം.
ഏതറിവും ഉപയോഗിക്കാതിരുന്നാല്‍ മറന്നു പോകും എന്നതുകൊണ്ടുതന്നെ ഡോക്ടര്‍മാരെപ്പോലെ തന്നെ നഴ്സുമാരും പഠിച്ചുകൊണ്ടേയിരിക്കണം. അവരും അപ്ഡേറ്റഡ് ആണെന്ന് ഹോസ്പിറ്റല്‍ മാനേജ്മന്‍റ് ഉറപ്പുവരുത്തണം.
യു. കെ.യില്‍ ഓരോ മാസത്തിലും സ്റ്റഡി ഡേയ്സ് ഉണ്ട്. ഒരുപാട് ഓണ്‍ലൈന്‍ ക്ലാസ്സുകളുണ്ട്. ഓരോ വര്‍ഷവും ചെയ്തു തീര്‍ക്കേണ്ട ട്രെയിനിങ്ങുകളുണ്ട്. സിമുലേഷനുകളുണ്ട്. ചില സ്കില്ലുകള്‍ പ്രാക്ടീസ് ചെയ്യുന്നില്ലെങ്കില്‍ പോലും മറന്നുപോകാതിരിക്കാന്‍ ഈ ട്രെയിനിങ്ങുകള്‍ സഹായിക്കും. അത് എമര്‍ജെന്‍സികളില്‍ ഉപകാരപ്പെടും.
മറ്റൊരു പ്രധാന വ്യത്യാസം ശമ്പളമാണ്. ലോകം മുഴുവന്‍ റിസഷനിലക്ക് പോയപ്പോള്‍ പൊതുവെ ശബളവര്‍ദ്ധനയില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മിക്ക രാജ്യങ്ങളിലും സാമാന്യം നല്ല ശമ്പളം നഴ്സുമാര്‍ക്ക് ലഭിക്കുന്നുണ്ട്. കേരളത്തിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങി എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. അതില്‍ UNA എന്ന നഴ്സസ് സംഘടനയുടെ പങ്കിനെ സ്നേഹത്തോടെ സ്മരിക്കുന്നു.
നമ്മുടെ നഴ്സുമാര്‍ പലപ്പോഴും പുറകോട്ടു നില്‍ക്കുന്ന ഒരു മേഖല റെക്കോര്‍ഡ് കീപ്പിങ് ആണ്. നമ്മള്‍ എല്ലാം നന്നായി ചെയ്യും. പക്ഷെ എഴുതി വയ്ക്കാന്‍ മറന്നുപോകും. എഴുതിയില്ലെങ്കില്‍ ചെയ്തിട്ടില്ല എന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെ എഴുതാതിരുന്നത് കൊണ്ടു മാത്രം കോടതിയില്‍ പോകേണ്ട അവസ്ഥയിലൂടെ കടന്നുപോയ പലരുമുണ്ട്.
എത്ര വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ ജോലി ചെയ്താലും പുതിയ സ്ഥലങ്ങളും അനുഭവങ്ങളുമായി വളെരെ പെട്ടെന്നുതന്നെ താദാത്മ്യം പ്രാപിക്കാനുള്ള നമ്മുടെ നഴ്സസിന്‍റെ കഴിവിനെ അഭിനന്ദിക്കേണ്ടത് തന്നെയാണ്. അതുകൊണ്ടാണല്ലോ ലോകം നമ്മുടെ നഴ്സുമാര്‍ക്കു വേണ്ടി കൈ നീട്ടി നില്‍ക്കുന്നതും.
മുഖ്യമന്ത്രി പിണറായി വിജയന്‍ യു. കെ.യില്‍ വന്നപ്പോള്‍ പ്രഖ്യാപിച്ച സ്കീം അനുസരിച്ച് ഗവണ്‍മെന്‍റ് ആശുപത്രികളില്‍ നിന്നും ഇന്‍റര്‍ട്രാന്‍സ്ഫര്‍ സ്കീമില്‍ യു. കെ.യിലേക്കു വരാനിരിക്കുന്ന നഴ്സുമാരിലാണ് ഇനിയത്തെ പ്രതീക്ഷ. ഇവിടെ പഠിച്ച നല്ല കാര്യങ്ങള്‍ അവര്‍ നാട്ടിലേക്ക് കൊണ്ടു വരുമെന്നും മറ്റുള്ളവര്‍ അവരുടെ അനുഭവങ്ങളെ ഉള്‍ക്കൊണ്ട് അതില്‍ നിന്ന് പഠിച്ച് മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ഉറച്ചു വിശ്വസിക്കാന്‍ ഞാനിഷ്ടപ്പെ ടുന്നു. എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം നഴ്സസ് ദിനാശംസകള്‍ നേരുന്നു.