ഒക്ടോബര്‍ 7, ശനി രാവിലെ യഹൂദര്‍ പതുക്കെ സാബത്താഘോഷങ്ങളിലേക്ക് ഉണര്‍ന്നുവരവേ ഇസ്രായേലിന്‍റെ നേര്‍ക്ക് ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണമുണ്ടായി. വളച്ചുകെട്ടിയ മുള്‍വേലികള്‍ തകര്‍ത്ത് രഥചക്രമുരുളുന്നു. സര്‍വ്വതിനെയും നശിപ്പിക്കാനും പ്രഹരിക്കാനും ശേഷിയുള്ള മാരകായുധങ്ങളായിരുന്നു രഥത്തിനുള്ളില്‍. ഇതു യുദ്ധത്തിന്‍റെ ജൈത്രയാത്രയാണ്. ഈ ജൈത്രയാത്രയില്‍ വ്യക്തികള്‍ അവരുടെ കര്‍മ്മങ്ങളുടെ പ്രസക്തിയോ, പ്രാധാന്യമോ അറിയാത്ത വെറും ഉപകരണങ്ങള്‍ മാത്രം. ഗാസയില്‍നിന്ന് ഗാന്ധാരി വിലാപങ്ങള്‍ ഉയരുന്നു. കുരുതിയുടെ ജഡകുടീരങ്ങള്‍ പൊങ്ങുന്നു. മിസൈലുകളേറ്റ് നിലം പതിച്ചവരുടെയും വീണുപോയവരുടെയും ചോരയും മിഴിനീരുമേറ്റ് കുരുതിനിലങ്ങള്‍ നനഞ്ഞുകുതിര്‍ന്നു.
ശാന്തി പൂക്കുന്നു എന്ന് ലോകം കരുതിയ നാളുകളിലാണ് അശാന്തിയുടെ വെടിയൊച്ച കേട്ടത്. രക്തസാക്ഷിത്വത്തെ പ്രണയംപോലെയും മധുവിധുപോലെയും കാണുന്ന കുറച്ചുപേരൊഴികെ ബഹുശതം ആളുകളും അവിടെ സമാധാനം കാംക്ഷിക്കുന്നവരാണ്. ജന്മവേരുകള്‍ ആഴത്തില്‍ പതിഞ്ഞ സ്ഥലത്ത് ഹിംസയുടെ പ്രചണ്ഡവാതമടിച്ചു. മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ മാറിലടുക്കിപ്പിടിച്ച് അവര്‍ കണ്ണീര്‍ വാര്‍ക്കുന്നു.
****** ******
ഈ ദിവസങ്ങളില്‍ വീണ്ടും കാണണമെന്നു തോന്നിയ, കണ്ട ഒരു ചിത്രം The Boy in the Striped Pajamas ആണ്. രണ്ടാം ലോകമഹായുദ്ധത്തിന്‍റേതാണ് പശ്ചാത്തലം. നാസി കമാന്‍റന്‍റ് ആയ ഒരു മനുഷ്യന്‍റെ ഒമ്പതു വയസ്സായ ബ്രൂണോ എന്ന കുഞ്ഞിന്‍റെയും അവന്‍റെ അതേ പ്രായമുള്ള സാമുവേല്‍ എന്ന ജൂതകുട്ടിയുടെയും കറകളഞ്ഞ സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രം. ബെര്‍ലനില്‍ നിന്ന് 'ഔട്ട്വിത്ത്' എന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് ഉദ്യോഗ സ്ഥാനക്കയറ്റം കിട്ടി വരുന്നതാണ് അച്ഛന്‍. അതുമൂലം ബ്രൂണോയ്ക്ക് നഷ്ടമാകുന്നത് സ്വന്തം വീടും സൗഹൃദങ്ങളും സന്തോഷങ്ങളുമാണ്. ഒരു കൂട്ടിനായി അലയുന്ന ബ്രൂണോ ഒരു വലിയ വേലിക്കപ്പുറത്ത് സാമുവേല്‍ എന്ന യഹൂദബാലനെ കണ്ടെത്തി അവനുമായി കറയില്ലാത്ത സൗഹൃദം സ്ഥാപിക്കുന്നു.
സാമുവേല്‍ പറയാതെ തന്നെ അവന്‍ അനുഭവിക്കുന്ന വേദന പ്രേക്ഷകരുടെ ഞരമ്പുകളിലേക്ക് സംവഹിപ്പിക്കുന്ന രീതിയിലാണ് സിനിമ. തന്‍റെ ചങ്ങാതി സാമുവേല്‍ എന്തുകൊണ്ടാണ് ഓരോ ദിവസവും ഇങ്ങനെ ശോഷിച്ചുപോകുന്നത്? സത്യത്തില്‍ ആ വേലിക്കപ്പുറം നടക്കുന്നത് എന്താണ്? അവിടെ കാണുന്ന കാഴ്ചകള്‍ അവനെ അമ്പരിപ്പിക്കുന്നുണ്ടോ? എന്നതിനുള്ള ഉത്തരങ്ങളാണ് ഈ സിനിമ.
****** ******
യുദ്ധമുഖത്തുനിന്ന് ഓടിക്കിതച്ചെത്തിയ ഒരാള്‍ ചോദിച്ചു:
"പൂമ്പാറ്റയുടെ ചിറകു കിട്ടുമോ?"
"പൂമ്പാറ്റയുടെ ചിറകോ? എന്തിന്?"
"എനിക്ക് പറക്കാന്‍."
നേഴ്സറിസ്കൂള്‍ വാര്‍ഷികത്തില്‍ ചിത്രശലഭങ്ങളുടെ ചിറകുമായി നൃത്തംവെയ്ക്കുന്ന കുട്ടികളെപ്പോലെ ഒരു പൂമ്പാറ്റയായി എങ്ങോട്ടെങ്കിലും പറന്നുപോകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അയാള്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. ബോംബുകള്‍, മിസൈലുകള്‍ ഇവ വന്നുവീഴുന്ന ഭൂമിയിലെ കുഞ്ഞുങ്ങള്‍ക്കെങ്കിലും ഒരു പൂമ്പാറ്റയായി പറന്നുപോകാന്‍ കഴിയുമാറ് ചിറകുകളുണ്ടായിരുന്നുവെങ്കില്‍...
****** ******
'ദീര്‍ഘവും ദുഷ്ക്കരവുമായ യുദ്ധത്തിന് തയ്യാറെടുക്കൂ, ഗാസയെ വിജനപ്രദേശമാക്കൂ' എന്ന ദേശാധിപതിയുടെ യുദ്ധകാഹളത്തെ ഭീതിയോടെ മാത്രമേ കേള്‍ക്കാനാകൂ. രാഷ്ട്രീയ വികാരത്തേക്കാള്‍ മതപരമായ വികാരമാണ് ഇരുരാജ്യങ്ങളെയും യുദ്ധലഹരിയിലാഴ്ത്തുന്നത്. തുടങ്ങാന്‍ എളുപ്പമായതും തീര്‍ക്കാന്‍ പ്രയാസകരവുമായ ഒരു വികാരമാണത്. "യുദ്ധം ആര് ശരിയെന്ന് അന്വേഷിക്കുന്നില്ല, ആര് അവശേഷിക്കണം എന്നു മാത്രമാണ് അതു തീരുമാനിക്കുന്നത്" - ബര്‍ട്രാന്‍ഡ് റസ്സല്‍.
ദൈവാലയം സംരക്ഷിക്കാനും പിടിച്ചെടുക്കാനും വേണ്ടി, പുതിയ സാമ്പത്തിക ഇടനാഴികളിന്മേലുള്ള സംശയത്തിന്‍റെ മുനയൊടിക്കാന്‍ വേണ്ടി എന്നൊക്കെയാണ് യുദ്ധകാഹളം മുഴക്കാനുള്ള ഇമ്മിണി വലിയ കാരണങ്ങള്‍. ചരിത്രത്തില്‍ ഇങ്ങനെയും ഒരു കഥയുണ്ട്: ദൈവാലയം പണിയാനാഗ്രഹിച്ച ദാവീദിനെ ദൈവം മുടക്കുന്നു. കാരണം പറഞ്ഞത് "നിന്‍റെ കൈ മുഴുവന്‍ ചോരയാണ്" എന്നതാണ്. ചോര എന്നത് കാലത്തിന്‍റെ ചക്രം തിരിയാനായി നിരന്തരം ഒഴിച്ചുകൊടുക്കേണ്ട ലൂബ്രിക്കന്‍റാണ് എന്നൊരു വരി വിപ്ലവപ്രസ്ഥാനങ്ങളുടെ മതിലെഴുത്തുണ്ട്. നീ ബലിയര്‍പ്പിക്കാനായി ദൈവാലയത്തില്‍ പോകുമ്പോള്‍ നിന്‍റെ സ്നേഹിതന് നിന്നോട് എന്തെങ്കിലും കിരുകിരുപ്പുണ്ടെങ്കില്‍ ബലിവസ്തു അവിടെ വച്ചിട്ട് സഹോദരനോട് ആദ്യം രമ്യതപ്പെടുക എന്നാണ് വിശ്വഗുരു പറഞ്ഞത്. രമ്യതയുടെ ലൂബ്രിക്കന്‍റ് ഉപയോഗിക്കാന്‍.
****** ******
ഒലിവ് പൂക്കുന്ന മാസമാണ്. പക്ഷേ ഒലിവിലകളില്‍ ചോരക്കാറ്റാണ് വീശുന്നത്. തീമഴയില്‍ ഭയചകിതരായി മിഴിപൂട്ടിയിരിക്കുകയാണ് ഒലിവിന്‍ കായ്കള്‍. ഒലിവ് പൂക്കുന്ന ഒക്ടോബറിലാണ് ലോകാരാദ്ധ്യനായ അഹിംസാവാദിയുടെ ജയന്തി ആഘോഷം!