കുട്ടിയും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ആ വേദന താല്‍ക്കാലികമോ സ്ഥിരമോ ആകാം. മാതാവോ പിതാവോ ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വേളകള്‍ താല്‍ക്കാലിക വേര്‍പാടിന്‍റെ ഉദാഹരണമാണ്. മാതാപിതാക്കളുടെ മരണം മൂലം സ്ഥിരമായ വേര്‍പാട് ഉണ്ടാകുന്നു. ഇത്തരത്തില്‍ ബന്ധങ്ങള്‍ വേര്‍പെടുത്തുന്ന അവസ്ഥയെ ഡിപ്രൈവേഷന്‍ (Deprivation) എന്ന് പറയുന്നു.
മറ്റു ചിലപ്പോള്‍ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ അല്ലാതെതന്നെ രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെടാതെ പോകാറുണ്ട്. ചില കുട്ടികള്‍ ജനനം മുതല്‍ രക്ഷിതാക്കളില്‍ നിന്ന് വര്‍ഷങ്ങളോളം വേര്‍പെട്ട് ജീവിക്കേണ്ടതായി വരാറുണ്ട്. കുട്ടിക്ക് രക്ഷിതാവുമായി ശരിയായ ബന്ധം സ്ഥാപിക്കാന്‍ കഴിയാത്ത അവസ്ഥയാണിത്. ഇതിനെ privation എന്നാണ് പറയുന്നത്.
രക്ഷിതാക്കളുടെ അസാന്നിധ്യത്തിന്‍റെ അനന്തര ഫലങ്ങളെക്കുറിച്ച് പഠനം നടത്തിയ റോബര്‍ട്സണ്‍, ബൗള്‍ബി എന്നിവരെപ്പോലുള്ളവര്‍ എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനങ്ങള്‍ ഇവയാണ്. Deprivation, Privation എന്നിങ്ങനെ രക്ഷിതാക്കളുടെ അസാന്നിധ്യത്തെ രണ്ടു രൂപത്തില്‍ കാണാം. Privation മൂലമുണ്ടാകുന്ന ദീര്‍ഘകാല ഫലങ്ങള്‍ Deprivation മൂലമുണ്ടാകുന്ന ദീര്‍ഘകാല ഫലങ്ങളേക്കാള്‍ ഗുരുതരമാണ്. കുട്ടിയുടെ ചെറുപ്രായത്തില്‍ രക്ഷിതാക്കളുടെ വേര്‍പാട് മൂലമുണ്ടാകുന്ന അനന്തരഫലങ്ങളില്‍ നിന്നും കുട്ടികള്‍ വളരെ പെട്ടെന്ന് പൂര്‍വ്വസ്ഥിതിയിലേക്ക് മാറുന്നു. ചെറിയ കാലയളവിലെ ഡിപ്രഷന്‍ മൂലമുണ്ടാകുന്ന വിഷമത്തിന്‍റെ അളവ് ഓരോ കുട്ടിയുടെ നിയന്ത്രണശേഷി അനുസരിച്ചായിരിക്കും. ഉദാഹരണമായി തന്നെ പരിപാലിക്കുന്ന വരോട് കുട്ടിക്കുള്ള മാനസിക ബന്ധം നല്ലതാണെങ്കില്‍ കുട്ടിക്ക് ആ വേര്‍പാടിന്‍റെ അനന്തര ഫലം അത്ര ഗുരുതരമായി അനുഭവപ്പെടില്ല.
റോബര്‍ട്സണും ബൗള്‍ബിയും ചേര്‍ന്ന് അവതരിപ്പിച്ച PDD മോഡല്‍ ഇത്തരം വേര്‍പാടിന്‍റെ അനന്തരഫലം എന്തെല്ലാമാണ് എന്നതിലേക്ക് വെളിച്ചം വീശുകയാണ്. അമ്മ വേര്‍പെട്ടു പോയ ഒന്നിനും നാലിനും ഇടയ്ക്ക് പ്രായമുള്ളവരില്‍ നടത്തിയ പരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ തങ്ങളുടെ PDDമോഡല്‍ ആവിഷ്കരിച്ചത്. പ്രൊട്ടസ്റ്റ് കുട്ടി കരയുകയും അമ്മയെ വിളിക്കുകയും ചെയ്യുന്നു. അവര്‍ക്ക് പരിഭ്രമം സാധാരണമാണ്. ഇത് കുറച്ച് മണിക്കൂറുകള്‍ മുതല്‍ ഏതാനും ആഴ്ചകള്‍വരെ തുടരും. ഡെസ്പെയര്‍ കുട്ടി ഉദാസീനനായി കാണപ്പെടുന്നു. ചിലസമയങ്ങളില്‍ കരയുകയും അമ്മയെ വിളിക്കുകയും ചെയ്യുന്നു. ഡിറ്റാച്ച്മെന്‍റ് കുട്ടി വളരെ കുറച്ചു മാത്രം കരയുകയും ചുറ്റുപാടുകളെ താല്‍പര്യത്തോടെ വീക്ഷിക്കുകയും ചെയ്യുന്നു. പുറമെനിന്ന് നോക്കുമ്പോള്‍ കുട്ടി വേര്‍പാടിന്‍റെ വിഷമതകള്‍ തരണം ചെയ്തു എന്ന് തോന്നുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുട്ടി തന്‍റെ വികാരങ്ങളെ മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. അമ്മ തിരിച്ചു വരുന്ന സമയത്ത് കുട്ടി താല്പര്യം കാണിക്കാതിരിക്കുകയും, ചിലപ്പോള്‍ ദേഷ്യത്തോടെ തള്ളി അകറ്റുകയും ചെയ്യുന്നു. എന്നിരുന്നാലും ആ ബന്ധം താമസിയാതെ പുനഃസ്ഥാപിക്കപ്പെടുന്നു. ദീര്‍ഘിച്ച കാലയള വിലെ deprivation മൂലമുണ്ടാകുന്ന അനന്തര ഫലങ്ങളെക്കുറിച്ച് പഠിക്കുന്നതിനു വേണ്ടി ബൗള്‍ബി, മോഷണ സ്വഭാവമുള്ള 44 കുട്ടിക ളെയും കുറ്റവാസന ഇല്ലാത്ത 44 കുട്ടികളെയും ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തി. ഇരുഗ്രൂപ്പി ലുംപെട്ട കുട്ടികളുടെ കുടുംബപശ്ചാത്തലം അദ്ദേഹം താരതമ്യപ്പെടുത്തി. മോഷണസ്വഭാവം ഉള്ളവരില്‍ 32 ശതമാനത്തിനും ധാര്‍മിക മനസ്സാക്ഷിയുടെ അഭാവം കണ്ടെത്തി. അത്തരം കുട്ടികളില്‍ അധികപേരും അഞ്ച് വയസ്സിന് മുമ്പ് ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ഡിപ്രൈവേഷന്‍ അനുഭവിച്ചവര്‍ ആയിരുന്നുവെന്ന് അദ്ദേഹം കണ്ടെത്തി. ചെറിയ പ്രായത്തില്‍ ഉണ്ടാകുന്ന വേര്‍പാട് കാലങ്ങള്‍ക്കുശേഷം പ്രകടമാകുന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ഇത്തരം ഘടകങ്ങളില്‍ കൂടുതലായും കുട്ടികളുടെ വൈകാരിക വികാസത്തെയാണ് ബാധിക്കുന്നത് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഒരു കുട്ടിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയിലും വികാസത്തിലും ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് രക്ഷിതാക്കളാണ്.
സാമൂഹ്യജീവിതത്തിലെ ബാലപാഠങ്ങള്‍ കുഞ്ഞ് അഭ്യസിക്കുന്നത് രക്ഷിതാക്കളുമായുള്ള ഇടപെടലുകളില്‍ കൂടെയാണ്. രക്ഷിതാക്കളുടെ വാത്സല്യം, ലാളന, പ്രശംസ, സ്നേഹം, അംഗീകാരം എന്നിവ ലഭിക്കാതെ പോകുന്ന ശിശുവിന്‍റെ മാനസിക വളര്‍ച്ചയെ കുറിച്ച് മനശാസ്ത്രജ്ഞര്‍ വളരെയേറെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള കുട്ടികളില്‍ ആവശ്യമായ മാനസികവികാസം നടക്കാതെ വരുന്നു. ഇത് വ്യക്തിത്വ രൂപീകരണത്തില്‍ അനാരോഗ്യ പ്രവണതകള്‍ സൃഷ്ടിച്ചേക്കാം. കുട്ടികള്‍ക്ക് വേണ്ടത്ര വാത്സല്യം ലഭിക്കാതെ വരുന്നതു മൂലം ബുദ്ധിവികാസത്തിന് ആവശ്യമായ അംശങ്ങള്‍ വേണ്ടരീതിയിലും തോതിലും ലഭിക്കാതെ വരും. വളര്‍ന്നുവരുമ്പോള്‍ മാനസിക വൈകല്യങ്ങളുടെ ഉടമകളും പെരുമാറ്റദൂഷ്യം ഉള്ളവരുമായി മാറാനുള്ള സാധ്യത ഇത്തരക്കാരില്‍ കൂടുത ലാണ്. ഇത്തരം ശിക്ഷകള്‍ ഭാവിയില്‍ കടുത്ത അരക്ഷിതബോധം, അപക്വത, മാനസികമായ അപര്യാപ്തത, അമിതമായ ഉത്കണ്ഠ, യുക്തി സഹമല്ലാത്ത ഭയം, വിഷാദം തുടങ്ങിയ രോഗല ക്ഷണങ്ങള്‍ പ്രകടമാക്കുന്നതായി മനശാസ്ത്ര പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രക്ഷിതാവിന്‍റെ പരിചരണം സാമൂഹ്യപ്രതിബദ്ധതയുള്ള പൗരന്മാ രായി കുട്ടികളെ മാറ്റിയെടുക്കുന്നതില്‍ അതി പ്രധാനമായ പങ്കാണ് വഹിക്കുന്നത്. പഠനത്തില്‍ രക്ഷിതാക്കളുടെ താല്‍പര്യവും വിദ്യാലയത്തിലെ അന്തരീക്ഷവും കുട്ടിയുടെ സ്വഭാവരൂപീകരണവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് ശാസ്ത്ര നിഗമനം. സാമൂഹികവും മാനസികവുമായ വളര്‍ച്ചയില്‍ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണെന്ന് നമുക്ക് ഇതിലൂടെ ബോധ്യമാകുന്നത്.
രക്ഷിതാക്കളുടെ അസാന്നിധ്യം ചില കുട്ടികളില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്ന മറുവശവും ശ്രദ്ധേയമാണ്. പരിചരിക്കാനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും ആളില്ലാത്ത അവസ്ഥ ചില കുട്ടികളില്‍ സ്വാശ്രയ ശീലവും ആത്മവിശ്വാസവും വളര്‍ത്തുന്നതായി മനശാസ്ത്രജ്ഞര്‍ വിലയിരുത്തിയിട്ടുണ്ട്. കുട്ടികളുടെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും സ്വാതന്ത്ര്യം നല്‍കാതെ കാര്‍ക്കശ്യത്തോടെ പെരുമാറുകയും ചെയ്യുന്ന രക്ഷിതാവിനോട് കുട്ടികള്‍ക്കു വെറുപ്പും വിദ്വേഷവും ആണ് ഉണ്ടാ വുക. അധീശത്വ സ്വഭാവം വെച്ച് പുലര്‍ത്തുന്ന രക്ഷിതാക്കളുടെ സംരക്ഷണത്തില്‍ വളരുന്ന കുട്ടികള്‍ പൊതുവേ ആത്മവിശ്വാസം കുറഞ്ഞ വരും അനാവശ്യ ഭീതി വെച്ചുപുലര്‍ത്തുന്നവരുമായി കാണപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ രക്ഷിതാക്കളുടെ അസാന്നിധ്യം ഗുണമാവുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ആയാലും അസാന്നിധ്യത്തില്‍ ആയാലും കുട്ടികള്‍ക്ക് ലഭിക്കുന്ന വിവിധങ്ങളായ അനുഭവങ്ങളും വ്യക്തിത്വ രൂപീകരണത്തില്‍ നിര്‍ണായകമാണ് എന്ന് പറയുന്നതാണ് ശരി.