news-details
കാലികം

തിരിഞ്ഞുനോട്ടം

എനിക്ക് ഒന്നിനെക്കുറിച്ചും ഖേദമില്ല. ഈ ഭൂമിയിലെ എന്‍റെ ജീവിതത്തെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ഒന്നിനെക്കുറിച്ചും regret (ഖേദം) ചെയ്യുന്നില്ല എന്നു വമ്പുപറയുന്നവരെ നിങ്ങള്‍ കണ്ടിട്ടില്ലേ? എന്നാല്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള 60 വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീപുരുഷന്മാരില്‍ നടത്തിയ സര്‍വ്വേയുടെ ഫലം ഇന്ന് കൗമാരത്തിലും യൗവനത്തിലും ഉള്ളവര്‍ക്ക് ഒന്നു ചിന്തിക്കാന്‍ വക നല്‍കുന്നതാണ്. കുറഞ്ഞപക്ഷം നിങ്ങളുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഇതേ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കാഴ്ചയും കാഴ്ചപ്പാടും ഉണ്ടാവാന്‍ സഹായകരമാകും.

"എന്‍റെ കൂടെ ജീവിച്ച എന്‍റെ പ്രിയപ്പെട്ടവരോട് കുറെക്കൂടി സ്നേഹം പ്രകടിപ്പിക്കാമായിരുന്നു." തങ്ങളുടെ ജീവിതത്തിലെ ഏറ്റം പ്രധാനപ്പെട്ട വ്യക്തിബന്ധങ്ങളില്‍ അല്പംകൂടി സ്നേഹവും പരിഗണനയും കരുതലും മനസ്സിലാക്കലുമെല്ലാം വേണ്ടിയിരുന്നു എന്നുള്ള വല്ലാത്ത സങ്കടം എല്ലാവരിലും തന്നെ ഉണ്ടായിരുന്നു. ഞാന്‍ നിങ്ങളെ ഒരുപാടു സ്നേഹിക്കുന്നു എന്ന് തന്‍റെ ജീവിതപങ്കാളിയോടോ മക്കളോടോ മറ്റു പ്രിയപ്പെട്ടവരോടോ വേണ്ട സമയത്ത് പറഞ്ഞിരുന്നില്ല.

ഈ വരികള്‍ വായിക്കുന്ന പ്രിയപ്പെട്ട വായനക്കാരാ, ഇപ്പോള്‍ത്തന്നെ നിങ്ങളുടെ ഫോണ്‍ ഒന്നെടുത്ത് നിങ്ങള്‍ക്ക് പ്രിയപ്പെട്ട വ്യക്തികളെ ഒന്നു വിളിക്കുക അല്ലെങ്കില്‍ ഒരു സന്ദേശം അയയ്ക്കുക. അവര്‍ നിങ്ങള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടവരാണെന്നും നിങ്ങള്‍ അവരെ എത്രയധികം സ്നേഹിക്കുന്നുണ്ടെന്നും അവരില്ലാത്ത ഒരു ലോകം നിങ്ങള്‍ക്കില്ലെന്നും ഇപ്പോഴെങ്കിലും അവരൊന്ന് അറിയിട്ടെ. ഈ വാക്കുകള്‍ കേള്‍ക്കുന്ന ആ വ്യക്തിയില്‍ നിറയുന്ന സന്തോഷം നിങ്ങള്‍ക്കുള്ളിലും തീര്‍ച്ചയായും അനുഭവിക്കാന്‍ കഴിയും. ഒന്നു പരീക്ഷിച്ചു നോക്കൂ.

"എനിക്ക് അല്പംകൂടി മെച്ചപ്പെട്ട ജീവിതപങ്കാളിയോ രക്ഷാകര്‍ത്താവോ മകനോ മകളോ ആകാമായിരുന്നു." ആരോഗ്യവും അധികാരങ്ങളും ധനവും ഉണ്ടായിരുന്ന കാലത്തില്‍ തനിക്കു കിട്ടിയ കുടുംബവും ബന്ധങ്ങളും വെറുതെ കിട്ടിയിരുന്നതുപോലെയും തന്‍റെ അവകാശം പോലെയുമാണ് പലരും കരുതിയിരുന്നത്. ഒന്നു വീണുപോയപ്പോഴാണ്, അവര്‍ കൈപിടിക്കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്തപ്പോഴാണ് താന്‍ അത്ര മെച്ചപ്പെട്ട ഒരു പങ്കാളിയോ  രക്ഷിതാവോ സന്താനമോ ആയിരുന്നില്ലെന്ന തിരിച്ചറിവ് ഉണ്ടായത്.

ഓര്‍ക്കുക, നിങ്ങളുടെ കുടുംബാംഗങ്ങളാരും പരിപൂര്‍ണ്ണരല്ല. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കുറവുകളും പോരായ്മകളും ഉണ്ട്. എന്നിരുന്നാലും നിങ്ങള്‍ക്ക് വീഴ്ചകളും ഇടര്‍ച്ചകളും ഉണ്ടാകുമ്പോള്‍ നിങ്ങളെ ഏറ്റവുമധികം ചേര്‍ത്തുനിര്‍ത്തുന്നത് അവരായിരിക്കും. അതുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവരില്‍നിന്ന് സ്വീകരിക്കുന്ന ഏതൊരു നന്മയ്ക്കും നന്ദിയുള്ളവരായിരിക്കുക.

"ജീവിതം അല്പംകൂടി സന്തോഷിച്ചും ആസ്വദിച്ചും ചെലവഴിക്കാമായിരുന്നു." തങ്ങളുടെ കഴിവിനും നിയന്ത്രണത്തിനും അപ്പുറത്തുള്ള വിഷയങ്ങളെപ്പറ്റിയാണ് തങ്ങള്‍ ഏറ്റവും കൂടുതല്‍ ആകുലപ്പെട്ടിരുന്നത് എന്ന തിരിച്ചറിവ് വളരെ വൈകിയാണ് മനുഷ്യര്‍ക്ക് ഉണ്ടാകുന്നത്. വാര്‍ദ്ധക്യത്തിലെത്തിയപ്പോഴാണ് ജീവിതത്തില്‍ തിരഞ്ഞെടുക്കാവുന്ന ഒരുപാട് സന്തോഷങ്ങള്‍ പാഴാക്കിക്കളഞ്ഞല്ലോ എന്ന ചിന്ത ഉണര്‍ന്നത്.

നിങ്ങള്‍ ഇഷ്ടപ്പെടുന്ന, നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു കാര്യമെങ്കിലും എല്ലാ ദിവസവും ചെയ്യാനായി ഒരല്പസമയം മാറ്റിവയ്ക്കുന്നത് ജീവിതസായാഹ്നത്തില്‍ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്‍കാതിരിക്കില്ല.

"എന്‍റെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് ജീവിക്കാമായിരുന്നു" മറ്റാരുടെയോ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും വേണ്ടി ജീവിച്ച മനുഷ്യര്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്വപ്നങ്ങളും മോഹങ്ങളുമായി വെറുതെ ജീവിച്ചു മണ്‍മറയുന്നു. ഈ വ്യക്തികളുടെ മുഴുവന്‍ ജീവിതവും അവരുടെ രക്ഷാകര്‍ത്താവിന്‍റെയോ മാതാപിതാക്കളുടെയോ ഇഷ്ടങ്ങളുടെ പൂര്‍ത്തീകരണം മാത്രമായിരുന്നു.

നിങ്ങളുടെ സാധ്യതകളും കഴിവുകളും ഇഷ്ടങ്ങളും നിങ്ങളോളം അറിയുന്ന മറ്റാരുമില്ല എന്ന് മനസ്സിലാക്കുക. നിങ്ങളുടെ സാധ്യതകളെ അതിന്‍റെ പരമാവധിയില്‍ ഉപയോഗിക്കുക. നിങ്ങള്‍ക്ക് സാധിക്കാതെ പോയ സ്വപ്നങ്ങളെ ഇനി നിങ്ങളുടെ മക്കളുടെ സ്വപ്നങ്ങളുടെമേല്‍ അടിച്ചേല്പിക്കാന്‍ ഇടയാകാതെ ഇരിക്കട്ടെ.

"എന്‍റെ സ്വന്തം കാര്യങ്ങള്‍ക്ക് അല്പംകൂടി പ്രാധാന്യം കൊടുക്കാമായിരുന്നു." ജീവിതസായാഹ്നത്തില്‍ എത്തിയ പലരും തിരിഞ്ഞുനോക്കുമ്പോള്‍. എനിക്ക് അല്പംകൂടി നല്ല ആഹാരം കഴിക്കാമായിരുന്നു, അല്പംകൂടി സമയം നല്ല ഉറക്കം കിട്ടേണ്ടിയിരുന്നു, എന്‍റെ ആരോഗ്യത്തിന് അല്പംകൂടി ശ്രദ്ധ കൊടുക്കേണ്ടിയിരുന്നു. ഞാനെന്ന വ്യക്തിക്ക് കുറെക്കൂടി പരിചരണവും ശ്രദ്ധയും കൊടുക്കേണ്ടതായിരുന്നു, അങ്ങനെയെങ്കില്‍ ഞാന്‍ ഇത്ര പെട്ടെന്ന് രോഗിയായി മാറില്ലായിരുന്നു... മുതലായ വൈകിയ ഖേദപ്രകടനങ്ങള്‍ ഉണ്ടാകാറുണ്ട്.  

നിങ്ങള്‍ അനാരോഗ്യത്തിലെത്തുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ജീവിതചര്യകളില്‍ ഏര്‍പ്പെടുക. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കാഴ്ചയിലോ കേള്‍വിയിലോ ശാരീരികക്ഷമതയിലോ ഉള്ള വ്യതിയാനങ്ങള്‍ക്ക് തക്കസമയം വൈദ്യസഹായം തേടുക. നിങ്ങള്‍ക്ക് മനസുഖം തരുന്ന ഭക്ഷ്യവിഭവങ്ങള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരോടൊപ്പം ആസ്വദിക്കുക.

"കുറെക്കൂടി സന്തോഷം തരുന്ന ഒരു ജോലി ചെയ്യാമായിരുന്നു." വാര്‍ദ്ധക്യത്തിലെത്തിയ പലരും പറഞ്ഞത് അവരുടെ ജോലിമേഖല അവര്‍ യഥാര്‍ത്ഥത്തില്‍ ആസ്വദിച്ചിരുന്നില്ല എന്നാണ്. അനുദിന ജീവിതത്തിലെ ബില്ലുകള്‍ പേ ചെയ്യാനുള്ള ഒരു മാര്‍ഗ്ഗം മാത്രമായിരുന്നു പലര്‍ക്കും അവരുടെ ജോലി അഥവാ തൊഴില്‍. അവരുടെ തൊഴില്‍ മേഖല അവര്‍ക്ക് ആവേശമോ ആനന്ദമോ സംതൃപ്തിയോ കൊടുത്തിരുന്നില്ല മറിച്ച് ജീവിക്കാനുള്ള ഒരു ഉപാധി മാത്രമായിരുന്നു.

നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി നിങ്ങള്‍ക്ക് സന്തോഷം തരുന്നുണ്ടോ? നിങ്ങള്‍ ഇപ്പോള്‍ പഠിക്കുന്ന കോഴ്സ് നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലിയിലേക്ക് എത്താന്‍ സഹായിക്കുമോ? നിങ്ങളുടെ നൈസര്‍ഗ്ഗികമായ കഴിവുകളെ ഉപയോഗിക്കത്തക്ക വിധത്തിലുള്ളതാണോ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന തൊഴില്‍.  ജോലിമേഖലയിലെ അസന്തുഷ്ടി ജീവിതത്തോടുതന്നെയുള്ള അസംതൃപ്തിയായി മാറിയേക്കാം എന്നു മറക്കരുത്.

'അല്പംകൂടി ആരോഗ്യം ഉണ്ടായിരുന്നപ്പോള്‍ കുറച്ചെങ്കിലും യാത്രകള്‍ പോകേണ്ടിയിരുന്നു." കാണാന്‍ കഴിയാതെപോയ മനോഹരങ്ങളായ ഇടങ്ങളെക്കുറിച്ചും എത്താന്‍ പറ്റാതെ പോയ സുന്ദരതീരങ്ങളെക്കുറിച്ചുമെല്ലാം നെടുവീര്‍പ്പിടുന്ന ഒരുപാടുപേര്‍ ഈ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഉണ്ട്. ആരോഗ്യവും സാഹചര്യങ്ങളും ഉണ്ടായിരുന്ന കാലത്ത് ബാങ്ക് ബാലന്‍സ് കുറയുമെന്നും സമയമില്ലെന്നും കുറച്ചുനാള്‍കൂടി കഴിയട്ടെ എന്നുമൊക്കെ മുട്ടായുക്തികള്‍ പറഞ്ഞവര്‍ ഇന്ന് ഒരുപാട് സമയം മിച്ചം വന്നപ്പോള്‍ കൂടെകൂടിയിരിക്കുന്ന രോഗങ്ങള്‍ കാരണം ഒരിടത്തേയ്ക്കും യാത്ര പോകാനാവാത്തവിധം വീടുകളിലും ആശുപത്രികളിലും പെട്ടുപോയിരിക്കുന്നു.

നിങ്ങളുടെ വീടിനും ജോലിസ്ഥലത്തിനും പുറത്ത് ലോകം ഇനിയും വിശാലമാണ്. അന്‍റാര്‍ക്കയിലും അമേരിക്കയിലും പോകാന്‍ കഴിയാത്തതിനാല്‍ ആകുലപ്പെടേണ്ട. നിങ്ങളുടെ പഞ്ചായത്തിലും നിങ്ങള്‍ ജീവിക്കുന്ന ജില്ലയിലും നിങ്ങള്‍ കണ്ടിട്ടില്ലാത്ത ഒരുപാട് സുന്ദരമായ ഇടങ്ങളും പൂക്കളും അരുവികളും മൃഗങ്ങളും മനുഷ്യരും ഉണ്ട്. ഓരോരുത്തരും അവനവനു കഴിയുന്ന സാധ്യതകളെ പ്രയോജനപ്പെടുത്തുക. 100 രൂപ ചെലവില്‍ ബസില്‍ പോയിവരാവുന്ന മനോഹരസ്ഥലങ്ങള്‍ നിങ്ങളുടെ കണ്ണിന്‍റെ ചെറിയ ഒരു മറവില്‍ ഇപ്പോഴും ഉണ്ട്.

നമുക്കു മുന്‍പേ ജീവിച്ച പ്രായമായ ഈ മനുഷ്യരുടെ തിരിച്ചറിവുകള്‍ നമുക്കു പാഠമാകണം. ഈ മനോഹരമായ ഭൂമിയില്‍ നിങ്ങള്‍ ഒരിക്കല്‍ക്കൂടി വരുമോ എന്ന് നിങ്ങള്‍ക്കും എനിക്കും ഉറപ്പില്ലല്ലോ.   

You can share this post!

അവധിക്കാല വ്യായാമം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

വലിയ മുതലാളിയുടെ രസതന്ത്രങ്ങള്‍

വിനീത് ജോണ്‍
Related Posts