ഗൂഗിള്‍ എന്ന ആപ്ലിക്കേഷന്‍ നമ്മുടെയൊക്കെ നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയിട്ട് ഏറെക്കുറെ രണ്ടു പതിറ്റാണ്ടോളമായി. 1995-89 കാലഘട്ടത്തില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ലാറി പേളിന്‍റെയും സെര്‍ജി ബ്രില്‍ന്‍റെയും തലച്ചോറില്‍ ജനിച്ച ഈ വമ്പന്‍ ആശയം 2004ല്‍ ഇന്ത്യയില്‍ എത്തുകയും ഇന്ന് ദിവസത്തില്‍ ഒരു തവണയെങ്കിലും ഗൂഗിള്‍ ഉപയോഗിക്കാത്തവര്‍ ഇല്ല എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുകയും ചെയ്യുന്നു. എങ്കിലും ഈ ഗൂഗിളിലും ചില പോരായ്മകള്‍ നമുക്ക് തോന്നാറുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് വായുമലിനീകരണത്തെപ്പറ്റി അറിയണം എന്നു വിചാരിക്കുക. നിങ്ങള്‍ വായു മലിനീകരണം (Air Pollution) എന്ന് ടൈപ്പ് ചെയ്തുകഴിയുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട നൂറുകണക്കിന് ലേഖനങ്ങളും സൈറ്റുകളും വിവരങ്ങളും വീഡിയോകളും നിങ്ങളുടെ സ്ക്രീനില്‍ തെളിഞ്ഞുവരും. നിങ്ങള്‍ക്ക് താല്‍പര്യം തോന്നുന്ന അഞ്ചോ എട്ടോ ഇത്തരം സൈറ്റുകള്‍ തുറന്നു പഠിച്ചതിനു ശേഷമേ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള ഒരു ഉത്തരത്തിലേക്ക് (final result) നിങ്ങള്‍ എത്തിച്ചേരുകയുള്ളൂ. അതുപോലെതന്നെ, ഇതേ വിഷയവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഒരു തുടര്‍ചോദ്യം (follow up question) ഉണ്ടെങ്കില്‍ നിങ്ങള്‍ വീണ്ടും അത് ടൈപ്പ് ചെയ്യുകയും തിരയുകയും മുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ ഒരുപാടു കാര്യങ്ങളിലൂടെ കടന്നുപോയശേഷം ഉത്തരത്തില്‍ എത്തുകയും വേണ്ടിവരുന്നു. അതായത് ഗൂഗിള്‍ ചെയ്ത് ഒരു അവസാന ഉത്തരത്തില്‍ എത്തിച്ചേരുക എന്നത് അല്പം ശ്രമകരവും സമയം ആവശ്യമുള്ളതുമായ ഒരു പാരിപാടി തന്നെയാണ്.
എന്നാല്‍ ഇതേ ചോദ്യം ഈ വിഷയത്തെപ്പറ്റി നല്ല അറിവുള്ള ഒരു സുഹൃത്തിന്‍റെ അടുത്താണ് ചോദിക്കുന്നതെങ്കിലോ? നിങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ ഉത്തരം ലഭിക്കും എന്നു മാത്രമല്ല, എത്ര തുടര്‍ചോദ്യങ്ങളും സംശയങ്ങളും ചോദിക്കുകയും ചെയ്യാം. സമയം അല്പംപോലും നഷ്ടപ്പെടുത്താതെ തന്നെ നിങ്ങള്‍ക്ക് ശരിയായി ഉപസംഹാരത്തില്‍ എത്തുകയും ചെയ്യാം. ഇതുപോലെ നമുക്ക് സംശയങ്ങള്‍ ചോദിക്കാനും സമയം നഷ്ടപ്പെടുത്താതെ കൃത്യമായ ഉത്തരം നല്‍കുകയും ചെയ്യുന്ന ഒരു സോഫ്ട്വെയര്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് നമ്മളില്‍ ബഹുഭൂരിപക്ഷം പേരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? നമ്മുടെ ഈ ആഗ്രഹം സാദ്ധ്യമാക്കുന്ന ഒരു മികച്ച സോഫ്ട്വെയര്‍ ആണ് ടെക്നിക്കല്‍ ഫീല്‍ഡില്‍ വിപ്ളവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചാറ്റ് ജി പി റ്റി (Chat GPT)
എന്താണ് ചാറ്റ് ജി പി റ്റി? 2015ല്‍ അമേരിക്കയില്‍ ആരംഭിച്ച ഒരു കമ്പനിയാണ് Open AI ഈ കമ്പനിയുടെ പേരില്‍ത്തന്നെ ഒരു പ്രധാന പദം നമുക്ക് കാണാന്‍ കഴിയും AI - Artificial Intellegence അഥവാ നിര്‍മ്മിത ബുദ്ധി. നിര്‍മ്മിത ബുദ്ധി എന്ന വാക്കിന്‍റെ അര്‍ത്ഥം പരിചിതമില്ലാത്തവര്‍ ഇന്ന് തുലോം കുറവാണ്. AI - Artificial Intellegence ഉപയോഗപ്പെടുത്തിയിരിക്കുന്ന യന്ത്രങ്ങളെല്ലാം ചെയ്യുന്നത് മനുഷ്യര്‍ കൊടുത്തിരിക്കുന്ന വിവരങ്ങളെ പഠിക്കുക, വ്യാഖ്യാനിക്കുക, അതനുസരിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക അല്ലെങ്കില്‍ ഒരു Command / order Follow ചെയ്യുക എന്നതാണ്. എന്നാല്‍ ഇവിടെ ജനറേറ്റീവ് AI എന്ന ആശയമാണ് പ്രാവര്‍ത്തികമാക്കുന്നത്. എന്നു പറഞ്ഞാല്‍ യന്ത്രങ്ങള്‍ / കമ്പ്യൂട്ടര്‍ പഠിച്ചുവച്ചിരിക്കുന്ന വലിയ ഇന്‍ഫോര്‍മേഷന്‍ഷ് അഥവാ ഡാറ്റാ ഉപയോഗിച്ച് പുതിയ വിവരങ്ങള്‍ ജനറേറ്റ് ചെയ്യുക അല്ലെങ്കില്‍ ഉല്പാദിപ്പിക്കുക എന്നതാണ് gererative AI. അതായത് നമ്മള്‍ യന്ത്രത്തോട് അല്ലെങ്കില്‍ കമ്പ്യൂട്ടറിനോട് ഒരു ചോദ്യം ചോദിക്കുമ്പോള്‍ ആ ചോദ്യത്തിന്‍റെ അര്‍ത്ഥമെന്താണെന്ന് മനസ്സിലാക്കി, ഈ മെഷീന്‍ പഠിച്ചുവച്ചിരിക്കുന്ന ഇന്‍ഫോര്‍മേഷനില്‍ നിന്നും മനുഷ്യന്‍ സംസാരിക്കുന്നതുപോലെ തന്നെയുള്ള വാക്യങ്ങളും വാചകങ്ങളും നമ്മുടെ മുന്നിലേക്ക് തരിക. ഇതാണ് ജനറേറ്റീവ് AI എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ടെക്നോളജി ഉപയോഗിച്ചാണ് ചാറ്റ് ജി പി റ്റി പ്രവര്‍ത്തിക്കുന്നത്. ചാറ്റ് ജി പി റ്റിയുടെ ജി എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത് ഇതേ generative A I ആണ്. PT എന്നത് Pre trained എന്ന വാക്കിനെ സൂചിപ്പിക്കുന്നു. മുന്‍പേ തന്നെ വേണ്ട വിധത്തിലുള്ള പരിശീലനം കൊടുത്തിരിക്കുന്ന എന്നതാണ് അര്‍ത്ഥം. അതായത്, ഇത്തരത്തിലുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ മനുഷ്യര്‍ തന്നെ യന്ത്രങ്ങളെ പഠിപ്പിച്ച് വച്ചിരിക്കുന്നു.
യന്ത്രങ്ങളെ ഇത്തരത്തില്‍pretrained ചെയ്യാനായി RLHF (Reinforcement learning Human Feedback) എന്ന ഒരു ടെക്നോളജിയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. നമ്മള്‍ ഒരു സിസ്റ്റത്തിനോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ആ ചോദ്യത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കുക എന്നതാണ് ആദ്യത്തെ പടി. അതിനായി ഒരുപാട് ഡേററ ഈ സിസ്റ്റത്തിന്‍റെ ഉള്ളിലേക്ക് ഫീഡ് ചെയ്തു കൊടുക്കുന്നു. ലക്ഷക്കണക്കിന് വാക്കുകളും വാചകങ്ങളും ഇതിനായി യന്ത്രത്തിലേക്ക് ഫീഡ് ചെയ്യുന്നു. നേരത്തെതന്നെ ഇപ്രകാരം സൂക്ഷിച്ചുവച്ചിരിക്കുന്ന കോടാനുകോടി വാക്കുകളില്‍ നിന്നുമാണ് നമ്മള്‍ ചോദിക്കുന്ന ചോദ്യത്തിന്‍റെ ആശയം കമ്പ്യൂട്ടര്‍ മനസ്സിലാക്കുന്നത്. ഒരു ചോദ്യം ലഭിച്ചാല്‍ ഏതു തരത്തിലുള്ള ഉത്തരമാണ് കൊടുക്കേണ്ടതെന്നും ഈ മെഷീനുകളെ പഠിപ്പിച്ച് വച്ചിരിക്കുന്നു അഥവാ പ്രോഗ്രാം ചെയ്തിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ചോദ്യങ്ങളും ഉത്തരങ്ങളും ഈ യന്ത്രങ്ങളെ പഠിപ്പിച്ചുവച്ചിരിക്കുന്നു.
ചോദ്യങ്ങള്‍ ചോദിച്ച്, പല രീതിയില്‍ ഉത്തരങ്ങള്‍ ജനറേറ്റ് ചെയ്യിക്കുക എന്നതാണ് അടുത്ത പടി. യന്ത്രങ്ങള്‍ തരുന്ന ഉത്തരങ്ങളുടെ നിലവാരം പരിശോധിക്കുകയും ഏറ്റവും നല്ല ഉത്തരമേതെന്ന് റാങ്ക് ചെയ്യുകയും ചെയ്യുമ്പോള്‍ ഏറ്റവും മേന്മയുള്ള ഉത്തരങ്ങളെ മെഷീന്‍ പഠിച്ചുവയ്ക്കുന്നു. മൂന്നാമത്തെ സ്റ്റേജില്‍ മെഷീന്‍ തന്നെ പല ഉത്തരങ്ങള്‍ കണ്ടെത്തുകയും അതില്‍ ഏറ്റവും നല്ലതിനെ ചോദ്യകര്‍ത്താവിന്‍റെ മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് മുന്‍പ് പറഞ്ഞ RLHF.. ജി പി റ്റി യിലൂടെ പ്രവര്‍ത്തിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മുന്‍പേ തന്നെ പഠിച്ചുവച്ചിരിക്കുന്ന വിവരങ്ങളെ ചോദ്യകര്‍ത്താവിന്‍റെ ആവശ്യമനുസരിച്ച് പുനരവതരിപ്പിക്കുക എന്നതാണ് Chat GPT.
Chat GPT ക്ക് ഒരുപാട് നല്ല വശങ്ങള്‍ ഉണ്ട്. നമ്മള്‍ ഒരു ചോദ്യം ചോദിക്കുമ്പോള്‍ അതിലെ അക്ഷരത്തെറ്റുകളും ഘടനാപരമായ തെറ്റുകളും മാറ്റി അതിനെ അര്‍ത്ഥവത്തായ വാചകമാക്കി മാറ്റാനും മനസ്സിലാക്കാനും ചാറ്റ് ജി പി റ്റിക്കു കഴിയും. കൊടുക്കുന്ന ഭാഷയെ നമ്മള്‍ ആവശ്യപ്പെടുന്ന ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യാന്‍ ഈ സംവിധാനത്തിന് കഴിവുണ്ട്. വലിയ ഉപന്യാസത്തെ ചുരുക്കി എഴുതാനും ചെറിയ ഒരു ആശയത്തെ എത്ര വേണമെങ്കിലും വിപുലീകരിക്കാനും ചാറ്റ് ജി പി റ്റിക്ക് നിസ്സാരസമയം മതിയാവും. നിങ്ങള്‍ക്ക് ആവശ്യമുള്ള ഒരു കമ്പ്യൂട്ടര്‍ കോഡ് നിര്‍മ്മിക്കണമെങ്കില്‍ നിങ്ങള്‍ മറ്റാരുടെയും സഹായം ചോദിച്ച് പോകേണ്ടതില്ല. മാത്രമല്ല നിങ്ങള്‍ പറയുന്ന ഒരു കോഡിലെ തെറ്റുകള്‍ കണ്ടുപിടിച്ച് പരിഹരിച്ച് തരുന്നതിലും ചാറ്റ് ജി പി റ്റി മിടുക്കനാണ്. ഇപ്രകാരം എണ്ണിയാല്‍ തീരാത്തത്ര അനന്തമായ സാധ്യതകള്‍ ഉള്ള ഒരു ആപ്ലിക്കേഷനാണ് ചാറ്റ് ജി പി റ്റി. കസ്റ്റമര്‍ സര്‍വ്വീസിലും വിദ്യാഭ്യാസമേഖലയിലും സര്‍ഗ്ഗാത്മകതയിലും ചിത്രകലയിലും സാങ്കേതികതയിലും ആരോഗ്യമേഖലയിലും വരെ ചാറ്റ് ജി പി റ്റി കൃത്യമായ ഒരു ഇടം കണ്ടെത്തിയിരിക്കുന്നു.
ഒരുപാട് ഗുണഗണങ്ങള്‍ ഉള്ളപ്പോള്‍തന്നെ ഇതിന്‍റെ ഒരു നെഗറ്റീവ് വശം കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. 2021 വരെയുള്ള വിവരങ്ങള്‍ മാത്രമേ ഈ ആപ്ലിക്കേഷനില്‍ ഫീഡ് ചെയ്തിട്ടുള്ളൂ. അതിനാല്‍ത്തന്നെ അതിനുശേഷം ഉള്ള കാര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍ ഈ ആപ്ലിക്കേഷന്‍ എനിക്കറിയില്ല എന്ന ഉത്തരമേ തരികയുള്ളൂ. അതുപോലെതന്നെ കമ്പനിയുടെ ഗൈഡ് ലൈസന്‍സ് അനുസരിച്ചുള്ള ഉത്തരങ്ങള്‍ മാത്രമേ ഈ ആപ്ലിക്കേഷന് തരാന്‍ കഴിയൂ. വിദ്യാര്‍ത്ഥികള്‍ ഉത്തരങ്ങളും അസൈന്‍മെന്‍റുകളും പ്രോജക്റ്റുകളും മറ്റും ചെയ്യാന്‍ ഈ ആപ്ലിക്കേഷന്‍ വലിയ തോതില്‍ ഉപയോഗിക്കുന്നത് കുട്ടികളിലെ ക്രിയേറ്റിവിറ്റി കുറയാനും അവരെ മടിയന്മാരായി മാറ്റാനും കാരണമായേക്കാം. ഓണ്‍ലൈന്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചേക്കാം. ഹാക്കര്‍മാര്‍ ഈ ആപ്ലിക്കേഷന്‍റെ കുത്സിത പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത് അല്പം ഭീതിയോടെ കാണേണ്ടതാണ്. പണം കൊടുത്ത് ഈ സേവനം ഭാവിയില്‍ ലഭ്യമാക്കേണ്ടിവരും എന്നതും ഒരു നെഗറ്റീവ് പോയിന്‍റാണ്. പല മനുഷ്യരുടെയും ജോലി നഷ്ടപ്പെടാന്‍ ഈ ഒരു ആപ്ലിക്കേഷന്‍ കാരണമാകും എന്നതും ഒരു മോശം കാര്യം തന്നെയാണ്. നൂറു മനുഷ്യര്‍ ചെയ്യുന്ന ഒരു ജോലി ഒരു മെഷീന്‍ രാപകലില്ലാതെ ചെയ്യുമെന്നിരിക്കെ തൊഴില്‍ ദാതാക്കള്‍ ഇത്തരം ജോലികള്‍ക്കായി മനുഷ്യരെ നിയമിക്കുന്നത് അവസാനിപ്പിക്കുന്ന കാലം വിദൂരമല്ല. അതേ സമയം ഇങ്ങനെ ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളവര്‍ക്ക് യന്ത്രങ്ങളെ ട്രെയിന്‍ ചെയ്യിപ്പിക്കുന്ന ജോലി ലഭിക്കത്തക്കവിധം പദ്ധതികള്‍ ആവിഷ്കരിക്കുന്നു എന്ന കമ്പനിയുടെ വാദം ഒരു പ്രത്യാശ നല്കുന്നുമുണ്ട്.
ചാറ്റ് ജി പി റ്റിയാണ് നാളെയുടെ ടെക്നോളജി എന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നു. എന്നാല്‍ കമ്പ്യൂട്ടറുകള്‍ മനുഷ്യനെ ഭരിക്കാന്‍ തുടങ്ങുന്ന പുതിയ യുഗത്തിന്‍റെ ആരംഭമാണ് ചാറ്റ് ജിപിറ്റി എന്ന് ആശങ്കപ്പെടുന്നവരും കുറവല്ല. ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യരാശിയുടെ നന്മക്കായി ഉപകരിക്കട്ടെ എന്നും ഇവയെല്ലാം വിവേകത്തോടെ ഉപയോഗിക്കാനുള്ള വെളിച്ചവും തെളിച്ചവും മനുഷ്യന് ഉണ്ടാകട്ടെ എന്നും നമുക്ക് ആശിക്കാം.