news-details
ഇടിയും മിന്നലും

പഴയ തോല്‍ക്കുടം മതിയോ?

നോമ്പുകാലമായതുകൊണ്ട് പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനുമൊക്കെയായി തുടര്‍ച്ചയായി അച്ചന്മാരെത്താറുണ്ട്. വേണ്ടതെല്ലാം ചെയ്തുകൊടുത്ത് ആരെയും ശല്യപ്പെടുത്താതെ ഒഴിഞ്ഞുമാറി നടക്കാറാണു പതിവ്. എങ്കിലും ചിലരൊക്കെ സംസാരിക്കാനും ചിലകാര്യങ്ങളില്‍ ഉപദേശം തേടിയും സമീപിക്കുമ്പോള്‍ എന്‍റെതായ രീതിയില്‍ പ്രതികരിക്കാറുണ്ട്. സഭയിലെ സമകാല പ്രശ്നങ്ങളെക്കുറിച്ചും അവയൊക്കെ സൃഷ്ടിക്കുന്ന ഉതപ്പുകളെക്കുറിച്ചുമൊക്കെ ആകുലപ്പെടുന്നവരാണ് എല്ലാവരുംതന്നെ. പലരുടെയും ആശങ്കകള്‍ക്ക് അപ്പഴപ്പോള്‍ കൊടുക്കാനായ എന്‍റെ നിരീക്ഷണങ്ങളെ ഒന്നു സമാഹരിക്കുകയാണിവിടെ.

തടവറയില്‍ ജീവിതം ശീലിച്ചുപോയവര്‍ക്ക് അതിനുള്ളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, അതിന്‍റെ നാലുഭിത്തികളും ചായം പൂശുന്നതിനും, അതിന്‍റെ തറ മിനുക്കുന്നതിനും മാത്രമായിരിക്കുമല്ലോ വ്യഗ്രത. എന്നാല്‍ ജയില്‍ ഭിത്തികള്‍ക്കപ്പുറത്തെ ശുദ്ധവായുവും സ്വാതന്ത്ര്യവും സ്വപ്നം കാണുന്നവര്‍ക്ക് അതിനുള്ളിലെ അസൗകര്യങ്ങള്‍ വിഷയമേ അല്ലാതായിത്തീരുന്നു. അച്ചനായാലും തടവറയിലായിരിക്കാന്‍ സാധ്യതയുണ്ട്. ധ്യാനിക്കാനെത്തിയതല്ലേ, സ്വയമൊന്നു ചോദിച്ചു നോക്കുക: എന്‍റെ ശരികള്‍ ശരിവയ്ക്കുന്നവരെ നല്ലവരും അല്ലാത്തവരെ മോശക്കാരുമായി കാണാനുള്ള, എന്‍റെ ശരികളോടുമാത്രം ഒട്ടിപ്പിടിക്കാനുള്ള ആ ചപലത എനിക്കുചുറ്റും ഞാന്‍തന്നെ കെട്ടിഉയര്‍ത്തിയിരിക്കുന്ന മതിലുകളല്ലേ? അതംഗീകരിക്കാന്‍ സാധിച്ചാല്‍, അറിഞ്ഞുകൊണ്ടവരൊക്കെ തെറ്റുചെയ്യുന്നവരെന്നുള്ള വിധിയെഴുത്തു തിരുത്തും; 'പിതാവെ, ഇവര്‍ ചെയ്യുന്നതെന്താണെന്നിവരറിയുന്നില്ല, ഇവരോടു പൊറുക്കണമെ' എന്നു കര്‍ത്താവു പറഞ്ഞത് മതിലുകളില്ലാതിരുന്നതുകൊണ്ടാണെന്നു തിരിച്ചറിയും. അടുത്തുവരുന്നവര്‍ കളയെടുക്കാനോ, കവര്‍ന്നെടുക്കാനോ എന്നുനോക്കിയിട്ടോ, കടനനയ്ക്കാനോ ഇറുത്തെടുക്കാനോ എന്നു തിട്ടപ്പെടുത്തിയിട്ടോ അല്ലല്ലോ റോസപ്പൂ മണം പരത്തുന്നത്. തിരിച്ചെന്തു കിട്ടുമെന്നു കണക്കെടുത്തിട്ടല്ലല്ലോ മരം തണലുവിരിക്കുന്നത്. ആളും തരവും നോക്കിയല്ലല്ലോ ദീപം പ്രഭചൊരിയുന്നത്.

'ഇവര്‍ക്കൊക്കെ ഇതെന്തുപറ്റി?' എന്നു ചോദിക്കാനാണല്ലോ നമുക്കിഷ്ടം. എന്നാല്‍ തിരിച്ചൊരു ചോദ്യത്തിനും പ്രസക്തിയില്ലേ, ഈ നോമ്പുകാലത്ത്, 'എനിക്കിതെന്തുപറ്റി' എന്ന്? ഞാന്‍ എന്‍റെ ശരിതെറ്റുകളുടെ മതില്‍കെട്ടിനകത്തായതാണ് എനിക്കു പറ്റിയിരിക്കുന്നത് എന്നുത്തരം കിട്ടിയേക്കാം, സ്വയം ചോദിക്കുന്നത് ആത്മാര്‍ത്ഥതയോടെ ആണെങ്കില്‍! ഈ മതില്‍ ആരു കെട്ടി? എന്‍റെ വിശ്വാസങ്ങളും, ഞാന്‍ അള്ളിപ്പിടിച്ചിരിക്കുന്ന എന്‍റെ ശരികളും. അതെവിടെനിന്നു കിട്ടി? എന്‍റെ കുടുംബത്തിലും പാരമ്പര്യത്തിലുംനിന്ന്, എന്‍റെ അറിവിലും എന്‍റെ അഭിരുചികളിലുംനിന്ന്. ലഹരിക്ക് അടിപ്പെട്ടവന് അതുകിട്ടാതെ അടങ്ങത്തില്ലല്ലോ. അതുപോലെ എനിക്കും ഒരു ഡി അഡിക്ക്ഷന്‍, ലഹരിമുക്തി അനിവാര്യമല്ലേ ഈ മതിലുപൊളിക്കാന്‍? അതു പൊളിഞ്ഞാലോ, വേര്‍തിരിവില്ലാതെ എല്ലാവരോടും സമചിത്തതയോടെ പ്രത്യുത്തരിക്കാനും, സമഭാവത്തോടെ സമീപിക്കാനും, സഹാനുഭൂതിയോടെ സഹകരിക്കാനും അതൊരു ഉള്‍വിളിപോലെ എന്നെ ഉത്തേജിപ്പിക്കും. ഇവര്‍ക്കൊക്കെ ഇതെന്തുപറ്റി എന്നുള്ള ചോദ്യത്തിന് ഉത്തരവുമാകും!

'അപ്പോള്‍ എന്‍റെ ശരികളൊന്നും ശരിയല്ലെന്നു വരില്ലേ' എന്നല്ലേ? വരാം, വരാതിരിക്കാം. എന്‍റെ ശരികളെയും മൂല്യങ്ങളെയും തള്ളണമെന്നല്ല, അതുമാത്രംമതി എന്നുള്ള ഒട്ടിപ്പിടുത്തം, അതായത് അറ്റാച്മെന്‍റ്, അതാണ് വിഷയം. അത് എന്‍റെയുള്ളില്‍ എന്നെ അംഗീകരിക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇടമില്ലാതാക്കും. മറ്റുള്ളവരെ, എന്‍റെ ശരിതെറ്റുകള്‍ അംഗീകരിക്കാത്ത ആരെയും 'ഉള്‍ക്കൊള്ളാന്‍' എനിക്കു പറ്റാതെവരും. ഉള്ളില്‍ ഇടമില്ലാതെ വരുമ്പോഴാണല്ലോ ഉള്‍ക്കൊള്ളാന്‍ പറ്റാതെവരുന്നത്, അതാണെന്‍റെ തടവറ, അതു പൊളിയണമെന്നര്‍ത്ഥം.

ഇതുമാത്രം ശരി, ഇതുമാത്രംമതി എന്നു ശഠിച്ച് ഞാന്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതത്രയും കറതീര്‍ന്നതും കലര്‍പ്പില്ലാത്തതും ആണെന്നെന്താണത്ര ഉറപ്പ്. പട്ടണത്തിലെ തിരക്കുള്ള തെരുവില്‍ കാറില്‍നിന്നിറങ്ങി ഓടിച്ചെല്ലുന്ന ഒരുമാന്യന്‍ കടയുടെ മുമ്പില്‍നില്‍ക്കുകയായിരുന്ന രണ്ടോമൂന്നോ വയസ്സുമാത്രമുള്ള കുട്ടിയെ കാലില്‍ തൂക്കിപ്പിടിച്ചു പിടലിക്കിട്ടടിച്ചു കൊല്ലാന്‍ തുടങ്ങിയാല്‍ ആള്‍ക്കാരു നോക്കിനില്‍ക്കുമോ? ഓടിക്കൂടിയവര്‍ അയാളെ അടിച്ച് അവശനാക്കിയപ്പോളേക്കും അടുത്തെവിടെയോ ഉണ്ടായിരുന്ന എസ്ഐ എത്തി. പ്രതിയെ കണ്ടപ്പോള്‍ എസ്ഐ അന്തം വിട്ടു. അദ്ദേഹത്തിനു പരിചയമുള്ള ഒരു ഡോക്ടര്‍. ഭാര്യ ഷോപ്പിങ്ങിനുപോയപ്പോള്‍ അലസമായി കാറിലിരുന്ന ഡോക്ടര്‍ കണ്ടത്, കൈയ്യിലിരുന്ന പേന വായില്‍വയ്ക്കുന്ന കുട്ടിയെയായിരുന്നു. അടുത്തുതന്നെനിന്ന് എന്തിനോ വിലപേശുന്ന അമ്മയതു ശ്രദ്ധിച്ചില്ല. അടുത്തനിമിഷം ഡോക്ടര്‍ ശങ്കിച്ചതു സംഭവിച്ചു. പേനയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ കുട്ടി ശ്വാസംകിട്ടാതെ പരാക്രമം കാണിച്ചുതുടങ്ങി. അമ്മയപ്പോഴും അതറിയുന്നില്ല. ഡോക്ടര്‍ ഓടിയെത്തി കുട്ടിയെ രക്ഷിച്ചതാണ് അവിടെയുണ്ടായ സംഭവം. കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ പേനയുടെ അടപ്പു തള്ളിപ്പോരാന്‍ ചെയ്യേണ്ടതെന്താണെന്നറിയാവുന്ന ഡോക്ടര്‍ കുട്ടിയെ രക്ഷിച്ചു. അതിനുകിട്ടിയ അംഗീകാരമോ? ജനം തെറ്റിധരിച്ചു. ഫലമോ, അടിയുടെ പെരുനാള്! കുറെനാളായിട്ട് എന്തൊക്കെയോ തൊണ്ടയില്‍ കുടുങ്ങിയിട്ടു ശ്വാസംമുട്ടിയിരുന്ന സഭയെ തലേംകുത്തിപ്പിടിച്ചു തമ്പുരാന്‍ പിടലിക്കിട്ടടിച്ചിട്ടും തൊണ്ടയില്‍ കുടുങ്ങിയതു കക്കിപ്പോകാത്തത്, സ്വയംതൊണ്ടയില്‍ ഞെക്കിപ്പിടിച്ചിരിക്കുന്നതു കൊണ്ടല്ലേ, ഒട്ടിപ്പിടിച്ചിരിക്കുന്നതുകൊണ്ടല്ലേ?

ഉത്തരം വ്യക്തമാക്കാം. ആഗോളസഭയുടെ നൂറ്റാണ്ടുകളിലൂടെയുള്ള വളര്‍ച്ചയുടെയും പരിണാമത്തിന്‍റെ പാതയില്‍ ഓരോ കാലഘട്ടങ്ങളിലും വളര്‍ച്ചയ്ക്കുതകുന്നതും ഭക്തിസംവര്‍ദ്ധകവുമായ പലതും മാര്‍പ്പാപ്പാമാരും, പ്രാദേശികസഭകളില്‍ സഭാദ്ധ്യക്ഷന്മാരും ആവിഷ്ക്കരിച്ചിട്ടുണ്ട്. അവയില്‍ പലതും അതതു കാലഘട്ടങ്ങളില്‍മാത്രം പ്രസക്തമായവയോ അതതു പ്രദേശങ്ങളില്‍മാത്രം ആവശ്യമായവയോ ആയിരുന്നിരിക്കാം. പക്ഷേ ആ യാഥാര്‍ത്ഥ്യം മറന്ന് കാലത്തെ അതിജീവിച്ച് അവയൊക്കെ പാരമ്പര്യങ്ങളുടെ സംഹിതയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. പലപ്പോഴും ചരിത്രപരമായ കാരണങ്ങളാലും കളങ്കിതരായ സഭാനേതാക്കളുടെ സ്വാധീനത്താലും, കലര്‍പ്പും മായവും മാലിന്യങ്ങളുംചേര്‍ന്ന് ഒഴുകിക്കൊണ്ടിരുന്ന ചരിത്രവും സഭയ്ക്കുണ്ടല്ലോ. അവയില്‍നിന്നൊക്കെ ഒരു ശദ്ധീകരണം ലക്ഷ്യംവച്ചായിരുന്നല്ലോ, 'ഉറവിടങ്ങളിലേക്കു തിരികെപ്പോവുക' എന്ന അജണ്ടയും ആഹ്വാനവുമായി ജോണ്‍ ഇരുപത്തിമൂന്നാമന്‍പാപ്പാ, രണ്ടാം സാര്‍വ്വത്രിക സൂനഹദോസ് വിളിച്ചുകൂട്ടിയത്. അതു മുഴുവന്‍ ലക്ഷ്യംകണ്ടില്ല, എന്നുള്ളതാണ് ഇന്നു നാം അഭിമുഖീകരിക്കുന്ന കേരളസഭയിലെ പ്രശ്നം. ചരിത്രപരമായ സാഹചര്യങ്ങളാല്‍, സഭയുടെ പലഭാഗങ്ങളിലും എന്നോ തുടങ്ങിവയ്ക്കുകയും സാവകാശം ചിരപ്രതിഷ്ഠ നേടുകയും ചെയ്ത പല പാരമ്പര്യങ്ങളെയും അനുഷ്ഠാനങ്ങളെയും, ഉദ്ദേശശുദ്ധിയോടെയാണെങ്കിലും ഇന്ന് അന്ധമായി മുറുകെപ്പിടിക്കുമ്പോള്‍ വിമതസ്വരങ്ങളുയരും, വിരുദ്ധാഭിപ്രായങ്ങളും പൊന്തിവരും എന്നുള്ളത് സ്വാഭാവികം മാത്രം.

പാപനാശിനിയെന്നും, പുണ്യതീര്‍ത്ഥമെന്നും വിളിക്കപ്പെടുന്ന ഗംഗയെ ശുദ്ധീകരിക്കുന്നതിനുള്ള മള്‍ട്ടി ക്രോര്‍ പദ്ധതികളെപ്പറ്റി പലപ്പോഴും വാര്‍ത്താമാദ്ധ്യമങ്ങളില്‍ വരാറുണ്ട്. വിശുദ്ധനദിയെ വിശുദ്ധീകരിക്കുക എന്നുള്ളത് വൈരുദ്ധ്യമായിത്തോന്നാം. പക്ഷെ അതൊരു കലര്‍പ്പില്ലാത്ത സത്യമാണ്. കാലാകാലങ്ങളായി ആ നദിയില്‍ സ്നാനംചെയ്യുന്ന ലക്ഷങ്ങളില്‍നിന്നും ഊര്‍ന്നിറങ്ങിയതും, അതിന്‍റെ ഓരങ്ങളിലൂടെ ഒലിച്ചിറങ്ങിയതും, മൂല്യബോധമില്ലാതെ ആയിരങ്ങള്‍ ആ നദിയിലേക്ക് വലിച്ചെറിഞ്ഞതുമായ മാലിന്യങ്ങള്‍ ഏറ്റുവാങ്ങിയ ആ മഹാനദിക്ക് എല്ലാം ആവഹിക്കുന്ന ബംഗാള്‍ ഉള്‍ക്കടലിലേക്ക് അതെല്ലാം തള്ളാനാവാതായപ്പോള്‍ അവയെല്ലാം അടിയിലടിഞ്ഞു!

ഈശോ ശിഷ്യരില്‍ ഉണര്‍ത്തിയ ഉള്‍വിളിയുടെ പ്രത്യുത്തരത്തില്‍നിന്നും പ്രവഹിച്ച തിരുസഭ എന്ന ചൈതന്യധാര ശിഷ്യരുടെ സമകാലത്തുതന്നെ ശക്തമായ കുത്തൊഴുക്കായപ്പോള്‍ ഓരത്തുണ്ടായിരുന്നതൊത്തിരി അതില്‍ ഒലിച്ചിറങ്ങിയിട്ടുണ്ട്. പിന്നീട് സഭയിലെത്തിയ ചൈതന്യശുഷ്ക്കരുടെ ലൗകീകവീക്ഷണങ്ങളും, പെട്ടുപോയതുകൊണ്ട് ചേര്‍ന്നൊഴുകിയവരുടെ നിസ്സംഗതയും, നാനാമോഹസാഫല്യങ്ങള്‍ക്കായി സഭയെ വ്യഭിചരിച്ചവരുടെ വിഴുപ്പുകളും എല്ലാം ചേര്‍ന്ന് ഒഴുകിക്കൊണ്ടിരുന്ന സഭയില്‍ വത്തിക്കാന്‍ സൂനഹദോസിന് ഒരു സമൂലമാറ്റം വരുത്താന്‍ സാധിച്ചില്ല എന്നുള്ളത് ദുഃഖസത്യമാണ്. അതിനൊരു കാരണം പാരമ്പര്യങ്ങളെയും പഴമയെയും മുറുകെപ്പിടിക്കാനുള്ള നമ്മുടെ വ്യഗ്രതയാണ് എന്നു പറയാതെവയ്യ. പഴമയോടുള്ള പ്രതിപത്തിയാണ് അതിനു നിദാനം എന്നു തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അതല്ല, പാരമ്പര്യങ്ങളുടെ മാളങ്ങളില്‍ ചേക്കേറിയാല്‍ റിസ്ക്കില്ല, വെല്ലുവിളിയില്ല, സുരക്ഷിതമാണ് എന്ന മിഥ്യാധാരണയാണ്. ഒരുപക്ഷേ അറിയാതെ നാം ചുമക്കുന്നത് ഉച്ഛിഷ്ടങ്ങളും, വിഴുപ്പുകളുമാണെങ്കില്‍ അതംഗീകരിക്കുവാനും ശുദ്ധീകരിക്കുവാനും നാം സന്നദ്ധരാകേണ്ടതല്ലേ? പുതിയവീഞ്ഞ് പഴയ തോല്‍ക്കുടങ്ങളില്‍ സൂക്ഷിക്കാന്‍ ശ്രമിച്ചാല്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള ദുരന്തത്തെപ്പറ്റി കര്‍ത്താവു പറഞ്ഞത് അറംപറ്റിയോപോലും!!

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts