news-details
സാമൂഹിക നീതി ബൈബിളിൽ

നിത്യജീവന്‍ അവകാശമാക്കാന്‍ എന്തുചെയ്യണം എന്ന ചോദ്യവുമായി തന്നെ സമീപിച്ച ധനികനായ മനുഷ്യന്‍റെ മുമ്പില്‍ യേശു ഒരു പ്രമാണപ്പട്ടിക നിരത്തിവച്ചു (മര്‍ക്കോ 16, 19), ആ പട്ടികയില്‍ ആദ്യമേ വരുന്നത് 'കൊല്ലരുത്' എന്ന പ്രമാണമാണ്. പത്തു പ്രമാണങ്ങളില്‍ അഞ്ചാമത്തേതാണ് 'നീ കൊല്ലരുത്' എന്ന കല്പന (പുറ. 20, 14; നിയ. 5, 17) അവതരണം 'അരുത്' എന്ന നിഷേധാത്മകരീതിയിലാണെങ്കിലും  ജീവനു നല്കേണ്ട സംരക്ഷണവും കരുതലുമാണ് ഈ പ്രമാണത്തിന്‍റെ മുഖ്യലക്ഷ്യം. തുടര്‍ന്നു വരുന്ന മറ്റ് അഞ്ചു പ്രമാണങ്ങളിലും ഇതേ അവതരണരീതി തന്നെ അവലംബിച്ചിരിക്കുന്നെങ്കിലും പ്രമാണങ്ങളുടെയെല്ലാം ഉള്ളടക്കവും ലക്ഷ്യവും ഭാവാത്മകമാണ്. അരുത് എന്ന വിലക്കിലൂടെ ഒരു സംരക്ഷണവലയം സൃഷ്ടിക്കുന്നു. എന്നാല്‍ അരുതുകള്‍ മാത്രമല്ല, ക്രിയാത്മകമായ സംരക്ഷണത്തിനുള്ള ഉത്തരവാദിത്വവും ഈ പ്രമാണങ്ങള്‍ സൂചിപ്പിക്കുന്നു.

നീ കൊല്ലരുത് എന്ന അഞ്ചാം പ്രമാണത്തെ സംബന്ധിച്ച കത്തോലിക്കാസഭയുടെ ആധികാരിക പ്രബോധനത്തിന്‍റെ വിശദരൂപം സാര്‍വ്വത്രികസഭയുടെ മതബോധനഗ്രന്ഥം (CCC)  2258- 2330 ഖണ്ഡികകളിലും  യുവജനമതബോധനഗ്രന്ഥം 378-399 ഖണ്ഡികകളിലും കാണാം. ജീവന്‍ നേരിടുന്ന ഭീഷണികളുടെയും ജീവനു നല്കേണ്ട സംരക്ഷണത്തിന്‍റെയും വിവിധങ്ങളായ വിശദാംശങ്ങളിലേക്ക് കടക്കാതെ, ഈ പ്രമാണത്തെ സംബന്ധിച്ച ബൈബിളിന്‍റെ പ്രബോധനങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിക്കാന്‍ മാത്രമേ ഇവിടെ ശ്രമിക്കുന്നുള്ളൂ.

മനുഷ്യജീവന്‍ മാത്രമല്ല, പക്ഷിമൃഗാദികളും വൃക്ഷലതാദികളുമടങ്ങുന്ന സകല ജീവജാലങ്ങളുടെയും ജീവന്‍ ദൈവത്തിനു വിലപ്പെട്ടതാണ്. അവയെല്ലാം വളര്‍ന്നു വികസിച്ച് ദൈവനിശ്ചിതമായ ലക്ഷ്യം പ്രാപിക്കണം എന്ന ദൈവികപദ്ധതിയെ സൂചിപ്പിക്കുന്നതാണ് അഞ്ചാം പ്രമാണം. അതേസമയം ഒന്ന് മറ്റൊന്നിന് വളവും ഭക്ഷണവുമായിത്തീരുക എന്നതും ദൈവികപദ്ധതി തന്നെ. സകല ജീവജാലങ്ങളോടും അവയ്ക്കെല്ലാം അസ്തിത്വവും വളര്‍ച്ചയും ഉറപ്പുവരുത്തുന്ന ആവാസ വ്യവസ്ഥയോടും മനുഷ്യനുള്ള ഉത്തരവാദിത്വത്തെയും അവയോടെല്ലാം മനുഷ്യന്‍ കാണിക്കേണ്ട കരുതലിനെയും കുറിച്ചുള്ള അവബോധം എന്നത്തോക്കാളേറെ ഇന്നു ശക്തമായി വരുന്നുണ്ട്. പ്രത്യേകിച്ചും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി പ്രപഞ്ചത്തെ ചൂഷണം ചെയ്യുന്നതുവഴി നേരിടുന്ന ആഗോളപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ലൗദാത്തോ സി എന്ന ചാക്രികലേഖനത്തില്‍ പ്രതിഫലിക്കുന്നത് ഈ ഉല്‍ക്കണ്ഠയുടെയും കരുതലിന്‍റെയും തീവ്രമായ ഒരു പ്രകടനമാണ്.

സകല ജീവജാലങ്ങളുടെയും മൂല്യവും പ്രാധാന്യവും എടുത്തുപറയുമ്പോഴും മനുഷ്യജീവന്‍റെ അതുല്യമായ പ്രാധാന്യം ആരംഭം മുതലേ ബൈബിള്‍ അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്. "നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം" എന്ന ആലോചനയിലും "ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു: ദൈവത്തിന്‍റെ സാദൃശ്യത്തില്‍ അവിടുന്ന് അവരെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു." (ഉല്‍പ. 1, 26-27) എന്ന വിവരണത്തിലും ഈ പ്രാധാന്യം വ്യക്തമാകുന്നുണ്ട്. പുരോഹിതപാരമ്പര്യത്തില്‍(P)പെട്ട ആദ്യഅദ്ധ്യായത്തിലെ വിവരണത്തില്‍ മാത്രമല്ല യാഹ് വിസ്റ്റ് (J) ഗ്രന്ഥകാരന്‍റേതെന്നു കരുതപ്പെടുന്ന സൃഷ്ടിയുടെ രണ്ടാം വിവരണത്തിലും മനുഷ്യജീവന് നല്കുന്ന ഈ ഊന്നല്‍ കാണാം.

"ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്‍റെ ശ്വാസം അവന്‍റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു" (ഉല്‍പ. 2,7). മനുഷ്യന്‍റെ ശ്വാസകോശങ്ങളെ ത്രസിപ്പിക്കുന്നത് ദൈവത്തിന്‍റെ ശ്വാസമാണ്; അവനെ ജീവനുള്ളവനാക്കുന്നത് ദൈവത്തിന്‍റെ ജീവനും. ദൈവത്തിന്‍റെ മുഖം വഹിക്കുന്ന ദൈവത്തിന്‍റെ ജീവനാല്‍ ജീവിക്കുന്ന ഓരോ മനുഷ്യവ്യക്തിയും ദൈവത്തിന് അമൂല്യനാണ്. കളിമണ്‍ കൂടാരമായ മനുഷ്യശരീരത്തില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന അമൂല്യനിധിയാണ് ജീവന്‍. പ്രപഞ്ചത്തിന്‍റെ അധിപനും (ഉല്‍പ. 1,28) കാവല്‍ക്കാരനും (ഉല്‍പ. 2, 15) ആയി നിയോഗിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ ജീവന്‍റെ സംരക്ഷകനായിരിക്കണം. അതിനാല്‍ത്തന്നെ ജീവനെതിരായി ഉയരുന്ന സകല ഭീഷണികളും വെല്ലുവിളികളും ദൈവം അതീവ ഗൗരവത്തോടെ വീക്ഷിക്കുന്നു.

ഒരു കൊലപാതകത്തിലൂടെയാണ് മരണം ഈ ലോകത്തേയ്ക്കു കടന്നുവന്നതെന്ന വിശുദ്ധ ഗ്രന്ഥകാരന്‍റെ നിരീക്ഷണം (ഉല്‍പ. 4,8) പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമാക്കുന്നില്ലെങ്കിലും കൊലപാതകിയെ ദൈവം നേരിടുന്ന വിധത്തിലാണ് അഞ്ചാം പ്രമാണത്തിന്‍റെ പ്രസക്തി ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. "നീയെന്താണ് ചെയ്തത്? നിന്‍റെ സഹോദരന്‍റെ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചു കരയുന്നു. നിന്‍റെ  സഹോദരന്‍റെ രക്തം കുടിക്കാന്‍ വാപിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും" (ഉല്‍പ. 4, 10-11). വധിച്ചത് തന്‍റെ സഹോദരനെയാണെന്ന അവബോധം കായേനെ തന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനായിക്കേണ്ടതിന്‍റെ ഉത്തരവാദിത്വത്തെക്കുറിച്ച് അനുസ്മരിപ്പിക്കുന്നു.

കാവല്‍ക്കാരന്‍ കാപാലികനാകുന്നതിലെ വൈരുധ്യത്തിന്‍റെ തീവ്രത ഇവിടെ എടുത്തു കാട്ടുന്നു. സഹോദരനെ വധിച്ച തനിക്ക് ജീവിക്കാന്‍ അവകാശമില്ല, സാധ്യതയുമില്ല എന്ന ധാരണയാണ് "കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും" എന്ന കായേന്‍റെ വിലാപത്തില്‍ പ്രതിധ്വനിക്കുന്നത്. എന്നാല്‍ അവിടെയും അഞ്ചാം പ്രമാണത്തിന്‍റെ പ്രാധാന്യം വി. ഗ്രന്ഥം എടുത്തുകാട്ടുന്നു. "കര്‍ത്താവു പറഞ്ഞു, ഒരക്കലുമില്ല. കായേനെ കൊല്ലുന്നവന്‍റെ മേല്‍ ഏഴിരട്ടിയായി ഞാന്‍ പ്രതികാരം ചെയ്യും. ആരും കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്‍റെ മേല്‍ ഒരടയാളം പതിച്ചു"(ഉല്‍പ. 4,15). കൊലപാതകിക്കുപോലും സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഇവിടെ അവതരിപ്പിക്കുന്ന ഏഴിരട്ടി പ്രതികാരത്തിന്‍റെ നിയമം. നിര്‍ബാധം കൊലപാതകം തുടരാനുള്ള അനുവാദം നല്കുകയല്ല, ജീവനു സംരക്ഷണം നല്കേണ്ടതിന്‍റെ പ്രാധാന്യം എടുത്തുകാട്ടുകയാണ് ഇതിന്‍റെ ലക്ഷ്യം.  

പ്രളയാനന്തരം സംജാതമാകുന്ന പുതിയ സംവിധാനത്തില്‍ മനുഷ്യജീവനു സംരക്ഷണം നല്കുന്ന പ്രമാണം കൂടുതല്‍ ശക്തമായി അവതരിപ്പിക്കുന്നുണ്ട്. "ജീവരക്തത്തിന് മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കുചോദിക്കും. ഓരോരുത്തനോടും സഹോദരന്‍റെ രക്തത്തിനു ഞാന്‍ കണക്കുചോദിക്കും. മനുഷ്യരക്തം ചൊരിയുന്നവന്‍റെ രക്തം മനുഷ്യന്‍ തന്നെ ചൊരിയണം. കാരണം എന്‍റെ ഛായയിലാണ് ഞാന്‍ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്" (ഉല്‍പ. 9, 5-6). അപരന്‍റെ ജീവനെ മാനിക്കാത്തവന് ജീവിക്കാന്‍ അവകാശമില്ല എന്ന ഈ കാഴ്ചപ്പാട് അക്രമത്തിന് അതിരു കല്പിക്കുകയും ജീവന് സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ഈ നിലപാടിന്‍റെ കൂടുതല്‍ വ്യക്തവും തീവ്രവുമായ അവതരണമാണ് തുല്യപ്രതികാരത്തിന്‍റെ നിയമത്തില്‍ കാണുന്നത്. "കണ്ണിനുപകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ; കാലിനുപകരം കാല്; പൊള്ളലിനു പകരം പൊള്ളല്‍; മുറിവിനു പകരം മുറിവ്; പ്രഹരത്തിനു പകരം പ്രഹരം" (പുറ. 21, 24-25). ശിക്ഷാഭീതികൂടാതെ ആരും ആരെയും ഉപദ്രവിക്കരുത് എന്ന് ഈ പ്രമാണം ഉറപ്പുവരുത്തുന്നു. ഇവിടെയും അവതരണരീതി നിഷേധാത്മകവും പ്രതികാര ലക്ഷ്യത്തോടുകൂടി ആയതും എന്നു തോന്നാമെങ്കിലും നിയമത്തിന്‍റെ ലക്ഷ്യം ജീവന്‍റെ സമഗ്രമായ സംരക്ഷണമാണെന്നതില്‍ സംശയത്തിന് ഇടമില്ല.

മനുഷ്യജീവനോടുള്ള ആദരവ്, വ്യക്തികളുടെ മാഹാത്മ്യത്തോടുള്ള ആദരവ്, സമാധാന സംരക്ഷണം എന്ന മൂന്ന് ഉപശീര്‍ഷകങ്ങള്‍ക്കു കീഴിലാണ് സാര്‍വ്വത്രിക മതബോധനഗ്രന്ഥം ഈ പ്രമാണത്തെ വിശകലനം ചെയ്ത് നിര്‍ദ്ദേശങ്ങള്‍ നല്കുന്നത്. ആത്യതന്തികമായ ലക്ഷ്യം ജീവന്‍റെ, അതും നിഷ്കളങ്കജീവന്‍റെ സംരക്ഷണം ഉറപ്പുവരുത്തുകയാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. പ്രത്യക്ഷത്തിലുള്ള കൊലപാതകം മാത്രമല്ല, ജീവനെ ക്ഷയിപ്പിക്കുന്നതോ അപകടപ്പെടുത്തുന്നതോ നശിപ്പിക്കുന്നതോ ആയ സകലപ്രവൃത്തികളും മനോഭാവങ്ങളും സംവിധാനങ്ങളും ഈ പ്രമാണത്തിന്‍റെ പരിധിയില്‍ വരുന്നു.

"ദരിദ്രന്‍റെ സമ്പത്തു തട്ടിയെടുത്ത് ബലിയര്‍പ്പിക്കുന്നവന്‍ പിതാവിന്‍റെ മുമ്പില്‍ വച്ച് പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്. ദരിദ്രന്‍റെ ജീവന്‍ അവന്‍റെ ആഹാരമാണ്. അത് അപഹരിക്കുന്നവന്‍ കൊലപാതകിയാണ്. അയല്ക്കാരന്‍റെ ഉപജീവനമാര്‍ഗം തടയുന്നവന്‍ അവനെ കൊല്ലുകയാണ്; വേലക്കാരന്‍റെ കൂലി കൊടുക്കാതിരിക്കുന്നത് രക്തച്ചൊരിച്ചിലാണ്" (പ്രഭാ. 34, 20-22) എന്നിങ്ങനെയുള്ള പ്രഭാഷണവചനങ്ങള്‍ ഈ പ്രമാണത്തിന്‍റെ വിവിധ വശങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. ജോലിക്കു ന്യായമായ കൂലി കൊടുക്കാതിരിക്കുന്നതുപോലതന്നെ കുറ്റകരമാണ് ചെയ്യാത്ത ജോലിക്കു കൂലി വാങ്ങുന്നതും ജോലിക്കും ജോലിചെയ്യുന്നവന്‍റെ ആവശ്യങ്ങള്‍ക്കും ആനുപാതികമല്ലാത്ത വേതനം വിവിധ മാര്‍ഗ്ഗങ്ങളിലൂടെ നിര്‍ബന്ധപൂര്‍വ്വം ഈടാക്കുന്നതും സേവന-വേതന വ്യവസ്ഥകളും ജീവിക്കാന്‍ ആവശ്യമായ വേതനം നല്കേണ്ടതിന്‍റെ ആവശ്യകതയും എല്ലാം ഈ പ്രമാണത്തിന്‍റെ പരിധിയില്‍ വരുന്നു.  

"നന്മയെ ദ്വേഷിക്കുകയും തിന്മയെ സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ തൊലി ഉരിഞ്ഞെടുക്കുന്നു. അവരുടെ അസ്ഥികളില്‍നിന്ന് മാംസവും. നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ മാംസം ഭക്ഷിക്കുന്നു... അവരുടെ അസ്ഥികള്‍ തകര്‍ക്കുന്നു. ചട്ടിയിലെ ഇറച്ചിയും കുട്ടകത്തിലെ മാംസവും പോലെ അവരെ നുറുക്കുകയും ചെയ്യുന്നു" (മിക്കാ 3, 2-3) എന്ന പ്രവാചകവിമര്‍ശനം കൊല്ലരുത് എന്ന പ്രമാണത്തിന്‍റെ വിവിധങ്ങളായ സാമൂഹ്യമാനങ്ങള്‍ എടുത്തുകാണിക്കുന്നു. ഇതുതന്നെയാണ് പ്രവാചകശൈലിയില്‍ പുതിയ നിയമത്തിലെ പ്രവാചകഗ്രന്ഥം എന്നു വിശേഷിപ്പിക്കാവുന്ന വി. യാക്കോബിന്‍റെ ലേഖനം അതിശക്തമായ ഭാഷയില്‍ ഓര്‍മ്മപ്പെടുത്തുന്നത്. "ധനവാന്മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത് ഉച്ചത്തില്‍ നിലവിളിക്കുവിന്‍... നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവു ശേഖരിച്ചവര്‍ക്ക് കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ കര്‍ണ്ണപുടങ്ങളില്‍ എത്തിയിരിക്കുന്നു...." (യാക്കോ. 5, 1-6).

മനുഷ്യജീവന്‍ അതിന്‍റെ എല്ലാ അവസ്ഥകളിലും സംരക്ഷിക്കപ്പെടണം എന്ന സമഗ്രമായ ഉത്തരവാദിത്വമാണ് അഞ്ചാം പ്രമാണം അനുശാസിക്കുന്നത്, പ്രത്യേകിച്ചും ജീവന്‍ ഏറ്റവും ദുര്‍ബലമായിരിക്കുന്ന അവസ്ഥയില്‍. ആധുനികലോകം രൂപപ്പെടുത്തിയിരിക്കുന്ന മനുഷ്യജീവന് ഹാനികരമായ മനോഭാവങ്ങളെയും നിയമവ്യവസ്ഥകളെയും ഈ കാഴ്ചപ്പാടിന്‍റെ പശ്ചാത്തലത്തില്‍ വിലയിരുത്തണം എന്ന് അഞ്ചാം പ്രമാണത്തിന്‍റെ വിശദീകരണത്തിന്‍റെ ഭാഗമായി സഭ ഉദ്ബോധിപ്പിക്കുന്നു. ഗര്‍ഭഛിദ്രവും ദയാവധവും ദൈവികനിയമത്തിന്‍റെ കഠിനലംഘനമായി പരിഗണിക്കണം. നിരപരാധരും നിഷ്കളങ്കരും ഏറ്റം നിസ്സഹായരുമായവരുടെ ജീവന്‍ നശിപ്പിക്കാന്‍ ഭൂരിപക്ഷാഭിപ്രായത്തിന്‍റെ പിന്‍ബലത്തോടെയാണെങ്കിലും ആര്‍ക്കും അവകാശമില്ല.

ഇതോടൊപ്പം ആഗോളസാമ്പത്തിക വ്യവസ്ഥിതിയില്‍ നിലനില്ക്കുന്ന അനീതിയും അനേകരുടെ ജീവഹാനിക്കു കാരണമാകുന്നു എന്ന കാര്യം സഭ പ്രത്യേകം അനുസ്മരിപ്പിക്കുന്നുണ്ട്. കോടിക്കണക്കിനു മനുഷ്യര്‍ പോഷകാഹാരക്കുറവുമൂലം നിത്യരോഗികളാവുകയും പട്ടിണി മരണത്തിനിരയാവുകയും ചെയ്യുമ്പോള്‍ അതിനുകാരണമാകുന്ന സമ്പദ്വ്യവസ്ഥകളും വ്യാപാരനിയമങ്ങളും എല്ലാം അഞ്ചാം പ്രമാണത്തിന്‍റെ വെളിച്ചത്തില്‍ കുറ്റക്കാരാവുന്നു. പടിവാതില്ക്കല്‍ പട്ടിണി കിടന്ന ലാസറിനെ കാണാതെ അനുദിനം സമൃദ്ധമായ വിരുന്നാഘോഷിച്ച ധനികന്‍ അവന്‍റെ മരണത്തിന് ഉത്തരവാദിയായിയെന്ന് ഉപമയിലൂടെ യേശു സമര്‍ത്ഥിച്ചത് ഇവിടെ ശ്രദ്ധേയമാകുന്നു. അപരന്‍റെ ആവശ്യങ്ങള്‍ക്കു നേരെ നിസ്സംഗതയോടെ കണ്ണടയ്ക്കുന്നവര്‍ നിത്യവിധിയാളന്‍റെ മുമ്പില്‍ കൊലക്കുറ്റത്തിന് ഉത്തരം പറയേണ്ടിവരും എന്ന് യേശു അനുസ്മരിപ്പിക്കുന്നുണ്ട് (മത്താ. 25, 31-46).

ദൈവരാജ്യത്തിന്‍റെ ആവിര്‍ഭാവത്തിന്‍റെ വെളിച്ചത്തില്‍ യേശു അവതരിപ്പിക്കുന്ന പുതിയ നിയമസംഹിതയില്‍ അഞ്ചാം പ്രമാണത്തിന് വളരെ അടിസ്ഥാനപരവും തീവ്രവുമായ ഒരു പുതിയ ഭാഷ്യം നല്കുന്നു: "കൊല്ലരുത്, കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്ന് പൂര്‍വ്വികരോട് പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും.... വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും" (മത്താ. 5, 21-22).

ശാരീരികമായ കൊലപാതകത്തിനപ്പുറത്ത് മനുഷ്യനെ ശത്രുതയിലേക്കു നയിക്കുന്ന സകല മനോഭാവങ്ങളെയും തിരുത്തിക്കുറിക്കാന്‍ യേശുനാഥന്‍ ആവശ്യപ്പെടുന്നു. കോപിക്കല്‍, ഭോഷന്‍, വിഡ്ഢി എന്നിങ്ങനെയുള്ള വിളികള്‍ എല്ലാം അപരനെ വെറുക്കുന്ന ചിന്തയുടെ അടയാളങ്ങളാണ്. അതിനാല്‍ ജീവനെതിരായ സകല ചിന്തകളുടെയും വേരുകള്‍തന്നെ പിഴുതുമാറ്റണം എന്ന് തുടര്‍ന്ന് പഠിപ്പിക്കുന്നു(മത്താ. 5, 38-47). എല്ലാവരെയും അവരുടെ യോഗ്യതകള്‍ പരിഗണിക്കാതെ തന്നെ, സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന "സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍" (മത്താ5, 48).

പ്രത്യക്ഷത്തില്‍ അസാധ്യമെന്നു തോന്നാവുന്ന ഈ കല്പനയുടെ അര്‍ത്ഥം വ്യക്തമാക്കുന്നതാണ് ലൂക്കാ നല്കുന്ന ഭാഷ്യം: "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍" (ലൂക്കാ 6, 36). നിയമാധിഷ്ഠിതമായ നീതിയെയും തജ്ജന്യമായ അവകാശവാദങ്ങളെയും എല്ലാം മറികടക്കുന്നതാണ് യേശു ആവശ്യപ്പെടുന്ന മനോഭാവവും ജീവിതശൈലിയും. അതിന്‍റെ അടിസ്ഥാനം കരുണയായിരിക്കണം. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, അര്‍ഹത നോക്കാതെ അപരന്‍റെ സംരക്ഷണത്തിനും സഹായത്തിനും പ്രേരിപ്പിക്കുന്ന, ദൈവതുല്യമായ കരുണ. കരുണയാല്‍ നയിക്കപ്പെടുന്ന വ്യക്തിയും സമൂഹവും ഒരിക്കലും അനീതി പ്രവര്‍ത്തിക്കുകയില്ല, ജീവനു ഭീഷണിയാവുകയില്ല.

അതേസമയം സകല ജീവജാലങ്ങളോടും പ്രത്യേകിച്ച് മനുഷ്യരോടുമുള്ള കരുണയും കരുതലും മറ്റുള്ളവര്‍ക്ക് അപകടകരമോ അനീതിക്കു കാരണമോ ആകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെയാണ് പൊതുസമൂഹത്തിന്‍റെയും നീതിപൂര്‍വ്വകമായ നിയമസംഹിതകളുടെയും ആവശ്യം. അടുത്തകാലത്ത് വളരെയേറെ ചര്‍ച്ചാവിഷയമായിരിക്കുന്ന വന്യജീവി-മൃഗസംരക്ഷണം ഈ കാഴ്ചപ്പാടിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. മനുഷ്യന്‍റെ ജീവനും കാര്‍ഷികവിളകള്‍ക്കും എന്തു നാശം വരുത്തിയാലും മൃഗങ്ങളുടെ സൈര്യവിഹാരത്തിനു തടസമുണ്ടാക്കരുത് എന്ന മൃഗസ്നേഹികളുടെ വാദം തെരുവുനായ്ക്കു കൊടുക്കുന്ന സംരക്ഷണം പോലും മനുഷ്യനു നല്കാന്‍ തയ്യാറാകുന്നില്ല എന്ന സത്യം ശ്രദ്ധിക്കപ്പെടുക തന്നെ വേണം.

സന്തുലിതമായ ഒരു ആവാസവ്യവസ്ഥയില്‍ സകല ജീവികള്‍ക്കും ഇടമുണ്ടാകണം. പരിധിയില്ലാതെ പെറ്റുപെരുകിയാല്‍ മനുഷ്യനു മാത്രമല്ല, മൃഗങ്ങള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയാതെ വരും. അതിനാല്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ പ്രപഞ്ചവിധാതാവുതന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനെ അറിയുക; അംഗീകരിച്ചു നടപ്പാക്കുക. എത്ര മനുഷ്യരെ കടിച്ചാലും കൊന്നാലും തെരുവില്‍ അലയുന്ന നായ്ക്കളെ ഉപദ്രവിക്കരുത് എന്നു വാദിക്കുമ്പോള്‍ ഇപ്രകാരമുള്ള സാമാന്യബുദ്ധിയും വിവേകവും നഷ്ടപ്പെടുന്നോ എന്നു സംശയിക്കണം. ജീവന്‍ സംരക്ഷിക്കപ്പെടണം, മനുഷ്യജീവന്‍ മാത്രമല്ല, എല്ലാത്തരം ജീവനും. അതിന് ആവശ്യമായ നിയമസംവിധാനങ്ങള്‍ പൊതുസമൂഹം പ്രാദേശികതലത്തിലും ആഗോളതലത്തിലും രൂപപ്പെടുത്തണം, നടപ്പിലാക്കണം എന്ന് 'കൊല്ലരുത്' എന്ന പ്രമാണത്തിലൂടെ നിര്‍ദ്ദേശിക്കുന്നു. ഇതിനെ അവഗണിച്ചുകൊണ്ടോ ഇതിന്‍റെ പ്രാധാന്യം ലഘൂകരിച്ചുകൊണ്ടോ സാമൂഹ്യനീതി സംലഭ്യമാക്കുക അസാധ്യമായിരിക്കും

You can share this post!

ശാന്തപദം സുരക്ഷിതം

സഖേര്‍
അടുത്ത രചന

മനോനില ചിത്രണം

ടോം മാത്യു
Related Posts