news-details
ഇടിയും മിന്നലും

കുറെനാളുമുമ്പു അയാള്‍ വാങ്ങിയ പുതിയകാറു വെഞ്ചരിക്കാന്‍ വന്നപ്പോള്‍ പരിചയപ്പെടാനിടയായ ഒരു ധനികന്‍. തൊട്ടടുത്ത സംസ്ഥാനത്തില്‍ വന്‍കിട തോട്ടമുണ്ട്. അവിടെയൊരു സ്റ്റോറും ജോലിക്കാര്‍ക്കു താമസിക്കാനുള്ള നല്ലയൊരു കെട്ടിടവും പണിതീര്‍ന്നപ്പോള്‍ അതൊന്നു വെഞ്ചരിച്ചു കൊടുക്കാമെന്നു സമ്മതിച്ചു. രണ്ടുമൂന്നു മണിക്കൂറു യാത്രയുണ്ട്. എനിക്കവിടെയെത്താന്‍ അങ്ങേര് ഒരു കാറ് ഏര്‍പ്പാടാക്കിയിരുന്നു. സമയത്തുതന്നെ വണ്ടിയെത്തി. ടാക്സിയാണെങ്കിലും കാറ് ഇന്നോവായായിരുന്നു. ഞാനിറങ്ങിച്ചെന്നു.

"ജോസച്ചനാണോ?" ഡ്രൈവറുടെ ചോദ്യം.

"അതെ."

"ദൈവത്തിനു സ്തുതി, അച്ചാ. ഞാന്‍ സന്തോഷ്. സ്വന്തം ടാക്സിയാണ്. സാറ് സാധാരണ എന്നെയാണ് ഓട്ടം വിളിക്കാറുള്ളത്." ഡോറു തുറന്നുപിടിച്ചുകൊണ്ട് അയാളുടെ പരിചയപ്പെടുത്തല്‍. ഞാന്‍ കയറി "സീറ്റല്പം ചായ്ച്ചുവച്ചാല്‍ അച്ചനൊന്നുറങ്ങാനുള്ള സമയമുണ്ട്. ഞാന്‍ സ്പീഡില്‍ വിട്ടാലും രണ്ടു മണിക്കൂറെങ്കിലുമെടുക്കും അങ്ങെത്താന്‍." ഞാന്‍ കയറിയിരുന്നു കഴിഞ്ഞപ്പോള്‍ ആളുടെ ഓഫര്‍.

"സ്പീഡില്‍ പോകുന്നതിനു വിരോധമില്ല, ഓവര്‍സ്പീഡു വേണ്ട. വണ്ടിയിലിരുന്ന് ഉറങ്ങുന്നശീലം തീരെയില്ലാത്തതുകൊണ്ട് ചാരിക്കിടക്കുകയും വേണ്ട." ഞാനും നയം വ്യക്തമാക്കി.

"ഉറങ്ങുന്ന ശീലമില്ലെങ്കില്‍ മിണ്ടിപ്പറഞ്ഞിരുന്നാല്‍ യാത്രയുടെ മുഷിപ്പും മാറും. അച്ചന്‍റെ വീടെവിടെയാണ്?"

ഞാന്‍ സ്ഥലം പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാള്‍ക്കെന്നെക്കാളും പരിചയമാണ് എന്‍റെ നാടും പട്ടണവുമൊക്കെ. ആണ്ടുതോറും പത്തുമുപ്പതു തവണയെങ്കിലും അവിടെ എത്താറുണ്ട്. ശബരിമലയ്ക്ക് ഓട്ടം പോകുന്നതാണ്. പത്തുപതിനഞ്ചുവര്‍ഷം മുമ്പ് ഒന്നുരണ്ടുതവണ നോമ്പെടുത്ത് മലക്കുപോയിട്ടുമുണ്ട്, എരുമേലിയില്‍ പേട്ടതുള്ളിയിട്ടുമുണ്ട്. ആദ്യം 'ദൈവത്തിനു സ്തുതി'പറഞ്ഞെങ്കിലും കാറിലിരുന്ന വിഗ്രഹം ഹിന്ദുദൈവത്തിന്‍റേതായിരുന്നതിന്‍റെ കാരണം അപ്പോഴാണ് പിടികിട്ടിയത്. ആളു ഹിന്ദുവാണ്. അയാള്‍ ഹിന്ദുവാണെങ്കിലും ഞാന്‍ അച്ചനാണെന്നറിയാവുന്ന സ്ഥിതിക്ക്, ടാക്സിക്കാരനല്ലെ, എന്നെ സുഖിപ്പിക്കാന്‍വേണ്ടി ഒരു 'ദൈവത്തിനുസ്തുതി'യങ്ങു തട്ടിയതായിരിക്കും എന്നു മനസ്സിലോര്‍ത്തു. അയാളു പറഞ്ഞതുപോലെ മിണ്ടിപ്പറഞ്ഞിരിക്കാന്‍ സമയമൊത്തിരി ബാക്കിയുണ്ടായിരുന്നതുകൊണ്ട് ഞാനയാളെപ്പറ്റി ചോദിക്കാമെന്നുവച്ചു.

"നല്ല വണ്ടിയായതുകൊണ്ട് ഓട്ടം ധാരാളം കാണുമായിരിക്കുമല്ലോ."

"ആര്‍ക്കും ഓട്ടം കിട്ടാത്തപ്പോഴും എനിക്ക് ഓട്ടത്തിനു വലിയകുറവൊന്നുമില്ല."

"അത്, എനിക്കിപ്പോള്‍ തന്നെപ്പറ്റി തോന്നുന്നതുപോലെ മറ്റുള്ളവര്‍ക്കും താനൊരു മര്യാദക്കാരനാണെന്നറിയാവുന്നതുകൊണ്ടായിരിക്കും."

"നമ്മളെപ്പറ്റി നല്ലതുപറയുന്നതുകേള്‍ക്കാനെല്ലാവര്‍ക്കും ഇഷ്ടമല്ലേ അച്ചാ, ഞാനതുകൊണ്ട് എന്നെപ്പറ്റി നല്ലതുമാത്രം പറയിക്കാന്‍ ശ്രദ്ധിക്കാറുമുണ്ട്."

"അതു താനെന്നെക്കണ്ടപ്പോഴേ 'ദൈവത്തിനു സ്തുതി' പറഞ്ഞപ്പോള്‍തന്നെ എനിക്കു മനസ്സിലായി." ഞാന്‍ ചിരിച്ചുകൊണ്ടതു പറഞ്ഞപ്പോള്‍ അയാളും ചിരിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ചിരിച്ചില്ല.

"ഹിന്ദുവായ ഞാന്‍ അച്ചനെക്കണ്ടപ്പോള്‍ ക്രിസ്ത്യാനി പറയുന്ന സ്തുതി പറഞ്ഞത്, അച്ചനെ കൈയ്യിലെടുക്കാനാണെന്നായിരിക്കുമല്ലോ അച്ചന്‍ സൂചിപ്പിച്ചത്. അച്ചന്‍ മനസ്സിലാക്കിയതിലല്പം തെറ്റുപറ്റി. ഞാന്‍ ഹിന്ദുവുമല്ല, ക്രിസ്ത്യാനിയുമല്ല. എന്നാല്‍ ഞാന്‍ ഹിന്ദുവാണോ എന്നുചോദിച്ചാല്‍, അതെ ഞാന്‍ ജനിച്ചതു ഹിന്ദുവായിട്ടാണ്. ഇനി ക്രിസ്ത്യാനിയാണോന്നു ചോദിച്ചാല്‍ അതിനും ഉത്തരം അതെ എന്നുതന്നെയാ. മാമ്മോദീസായൊന്നും സ്വീകരിച്ചിട്ടില്ല. അത്യാവശ്യകര്‍മ്മങ്ങള്‍ക്കൊക്കെ വീട്ടുകാരോടൊപ്പം അമ്പലത്തില്‍ പോകാറുണ്ട്. പള്ളീല്‍ പോകാറുമില്ല, പള്ളിക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാറുമില്ല. മതമില്ലാത്ത ദൈവമാണെന്‍റേത്. അച്ചനോര്‍ക്കും എനിക്കെവിടെയോ അല്പം ലൂസുണ്ടെന്ന്."

"ഏയ്, തനിക്കു സാമാന്യത്തിലുപരി വിവരമുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അതിരിക്കട്ടെ, തന്‍റെ കുടുംബത്തെപ്പറ്റിയൊന്നും പറഞ്ഞില്ലല്ലോ."

"ചുരുക്കിപ്പറഞ്ഞാല്‍, കല്യാണം കഴിഞ്ഞിട്ട് പതിന്നാലു വര്‍ഷമായി, ഭാര്യയുണ്ട്, മക്കളില്ല. അമ്മയുണ്ട്, അപ്പനില്ല. രണ്ടു സഹോദരിമാരുണ്ട്, അവരെകെട്ടിച്ചയച്ചു."

"ചുരുക്കണമെന്നില്ല, അല്പം നീണ്ടുപോയാലും തിരിച്ചുവരുമ്പോള്‍ ബാക്കി പറയാമല്ലോ."
"ശരിയച്ചാ, ബോറടിക്കുമ്പം പറഞ്ഞേക്കണം, ഞാനവിടെ നിര്‍ത്തിയേക്കാം. ചില കാര്യങ്ങളെപ്പറ്റിയൊക്കെപ്പറഞ്ഞാല്‍ അച്ചന്‍റെ അഭിപ്രായംകൂടെ അറിയുകയും ചെയ്യാമല്ലോ."

അച്ഛന്‍ കൂലിപ്പണിക്കാരനായിരുന്നെങ്കിലും കറതീര്‍ന്ന, ഇടതുപക്ഷ രാഷ്ട്രീയക്കാരനായിരുന്നു. പണിതുണ്ടാക്കിയിരുന്ന കാശുമുഴുവന്‍ പാര്‍ട്ടിപ്രവര്‍ത്തനത്തിനാണ് ചെലവാക്കിയത്. അമ്മ പണിക്കുപോയിട്ടായിരുന്നു വീട്ടുകാര്യങ്ങള്‍ നടത്തിയിരുന്നതും മക്കളെപ്പഠിപ്പിച്ചതും. സഹോദരിമാരു രണ്ടുപേരും എട്ടാംക്ലാസ്സു കഴിഞ്ഞു പഠിത്തം നിര്‍ത്തി അമ്മയോടൊപ്പം തോട്ടത്തില്‍ പണിക്കുപോയിത്തുടങ്ങി. അവന്‍ പത്താംക്ലാസ്സിലെത്തിയതോടെ അമ്മയ്ക്കു രോഗമായി, പണിയാന്‍ പറ്റാതെയായി. ചേച്ചിമാര്‍ക്കു കിട്ടിയിരുന്നതുകൊണ്ട് വീട്ടുചെലവിനും അമ്മയുടെ മരുന്നിനും പോലും തികയാതെയായി. കൂടെപ്പഠിച്ച ഒരുകൂട്ടുകാരനുമായുണ്ടായിരുന്ന അടുപ്പംവഴി അവന്‍ പറഞ്ഞിട്ട്, അവന്‍റെ അപ്പന്‍റെ അനുജന്‍, ഉത്തരേന്ത്യയില്‍ മിഷനറിയായിരുന്ന ഒരച്ചന്‍ അയാളെ അങ്ങോട്ടുകൊണ്ടുപോയി. അവിടെ ഡ്രൈവിങ്ങും ഓട്ടോമൊബൈല്‍ മെക്കാനിസവും പഠിപ്പിച്ചു. അവിടെത്തന്നെ ഡ്രൈവറായും മെക്കാനിക്കായും ജോലിയും കൊടുത്തു. അങ്ങനെയാണ് ക്രിസ്ത്യാനികളും അച്ചന്മാരുമായി അടുപ്പം ഉണ്ടായത്. അങ്ങനെയിരിക്കുമ്പോഴാണ് അപ്പന്‍ ഭയങ്കര മദ്യപാനംതുടങ്ങിയത്. അതോടെ അമ്മയ്ക്കുരോഗംകൂടി. അങ്ങനെ അവിടുത്തെ ജോലിയുപേക്ഷിച്ച് നാട്ടില്‍വന്ന് അവന്‍ ഒരുവര്‍ഷം ടാക്സിഡ്രൈവറായി ജോലിനോക്കി. പിന്നീട് ഗള്‍ഫിലായിരുന്ന പഴയസഹപാഠിവഴി ഗള്‍ഫിലെത്തി. അവിടെ നല്ലജോലികിട്ടി. രണ്ടുവര്‍ഷംകൊണ്ട് സഹോദരിമാരെ രണ്ടുപേരെയും കെട്ടിച്ചയച്ചു. പിന്നത്തെവര്‍ഷം കല്യാണം കഴിച്ചു. വര്‍ഷം പതിന്നാലായി, വയസ്സ് നാല്പത്തിമൂന്ന്, മക്കളില്ല. പറ്റാവുന്ന എല്ലാ ചികിത്സയുംചെയ്തു. ഇനി പ്രതീക്ഷിക്കുകയേവേണ്ട എന്നു ഡോക്ടര്‍മാരു വിധിയും പറഞ്ഞു. ദത്തെടുക്കാനും കൃത്രിമ മാര്‍ഗ്ഗങ്ങളുപയോഗിച്ചു ഗര്‍ഭംധരിക്കാനും ഭാര്യ തയ്യാറല്ലായിരുന്നു.

"നാലു വര്‍ഷംമുമ്പ് നാട്ടില്‍വന്നപ്പോള്‍ എന്നെപ്പോലെ മക്കളില്ലാതിരുന്ന എന്‍റെയൊരു ബന്ധു, ദൈവമില്ലെന്നുംപറഞ്ഞു തോന്ന്യാസം നടന്നിരുന്ന അയാള്‍ വലിയവിശ്വാസിയായ വാര്‍ത്തകേട്ട് ഞാന്‍ കാണാന്‍ചെന്നു. ആരോ നിര്‍ബ്ബന്ധിച്ച് അയാളൊരു ധ്യാനംകൂടിയെന്നും, അതുകഴിഞ്ഞ് മാതാവിനോടു പ്രാര്‍ത്ഥിച്ച് അയാള്‍ക്കു കുട്ടിയുണ്ടായെന്നും കേട്ടപ്പോള്‍ എനിക്കും പ്രതീക്ഷതോന്നി. ഭാര്യയും സപ്പോര്‍ട്ടുചെയ്തു. ഞങ്ങളുംപോയി ധ്യാനംകൂടി. വാസ്തവത്തില്‍ ധ്യാനംകൂടിയപ്പോള്‍ എന്‍റെ പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടു. അവിടെ പറഞ്ഞതുമുഴുവന്‍ പണ്ട് അച്ചന്മാരുടെകൂടെ ജോലിചെയ്തിരുന്നപ്പോള്‍ അവരു പറഞ്ഞുകേട്ടിരുന്നതിനെല്ലാം എതിരായിട്ടായിരുന്നു. അന്ന് അവരുടെ ഡ്രൈവറായി ജോലിചെയ്തിരുന്നതുകൊണ്ട് അവരുമായി ഒരുപാടു സംസാരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍പോലും അവരെന്നോടു ക്രിസ്ത്യാനിയാകണമെന്നോ പള്ളീല്‍ പോകണമെന്നോ പറഞ്ഞിട്ടില്ല. പക്ഷെ ഒന്നിച്ചു താമസിച്ചിരുന്നതുകൊണ്ട് യേശുദേവനെപ്പറ്റിയും ക്രിസ്തുമതത്തെപ്പറ്റിയും അറിയാന്‍ സാധിച്ചിരുന്നു. അതില്‍നിന്നൊക്കെ വിരുദ്ധമായിട്ടാണ് ഞാന്‍ ധ്യാനത്തിനുകേട്ടതു മുഴുവന്‍. ഒരുപാടു ബന്ധനത്തെപ്പറ്റിയും, ശാപത്തെപ്പറ്റിയുമൊക്കെയായിരുന്നു ഏറെയും പറഞ്ഞത്. അച്ചന്മാരുടെ ക്ലാസ്സിനെക്കാള്‍ മറ്റുള്ളവരുടെ ക്ലാസ്സുകളായിരുന്നു കൂടുതലും. എന്‍റെ ഭാര്യയ്ക്ക് എല്ലാം വളരെ ഇഷ്ടപ്പെട്ടു. ഏതായാലും ക്രിസ്ത്യാനിയാകാനോ മാമ്മോദീസാ മുങ്ങണമെന്നോ ഒന്നും ഞങ്ങളോടാരുമൊന്നും പറഞ്ഞില്ല. പ്രാര്‍ത്ഥിച്ചാല്‍ ദൈവംകേള്‍ക്കും എന്നുള്ള വിശ്വാസം ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കുമുണ്ടായി എന്നതു സത്യമാണ്. നാലുകൊല്ലംമുമ്പ് അപ്പന്‍ മരിച്ചപ്പോള്‍ ഗള്‍ഫില്‍നിന്നു ജോലിയുപേക്ഷിച്ചു തിരിച്ചുപോന്നു. തിരിച്ചെത്തിയ ഉടനെ വീണ്ടും എല്ലാ ടെസ്റ്റുകളും നടത്തി. ഒരു പ്രതീക്ഷയും വേണ്ടെന്നു വീണ്ടും മറുപടി. സ്വന്തമായി വണ്ടിയെടുത്തു. ടാക്സിപ്പണി ചെയ്യുന്നു.

അതിനിടയില്‍ ഉപകഥ വേറെയുമുണ്ട്. ഗള്‍ഫിലെത്തിക്കഴിഞ്ഞ് രണ്ടു സഹോദരിമാരെയും ഒരു സഹോദരിയുടെ ഭര്‍ത്താവിനെയും ഗള്‍ഫില്‍ എത്തിച്ചു. അവരിപ്പോഴും അവിടെത്തന്നെയുണ്ട്. അവര്‍ ഓരോ വര്‍ഷവും അവധിക്കുവരുമ്പോള്‍ അപ്പനുമമ്മയ്ക്കും പെട്ടിനിറയെ സാധനങ്ങള്‍ കൊണ്ടുവന്നു കൊടുത്തിരുന്നു. ഞാന്‍ അവധിക്കുവരുമ്പോള്‍ അല്ലറചില്ലറ സാധനങ്ങള്‍ മാത്രമെ കൊണ്ടുവന്നിരുന്നുള്ളു. അതിന്‍റെപേരില്‍ പലപ്പോഴും അപ്പനുമമ്മയും എന്നെ കുത്തിപ്പറയാറുമുണ്ടായിരുന്നു.

പലരും പല സമ്മര്‍ദ്ദങ്ങളുമായെത്താറുണ്ടായിരുന്നു, ദത്തെടുക്കാനും വേറേതെങ്കിലും വഴിനോക്കാനുമൊക്കെപ്പറഞ്ഞ്. ഒന്നിനും വഴങ്ങാതെ ഞങ്ങളു പാര്‍ത്ഥന തുടര്‍ന്നു. ധ്യാനത്തില്‍ പറഞ്ഞതുപോലെ ബന്ധനങ്ങള്‍ മാറ്റാന്‍വേണ്ടി പലതുംചെയ്യാന്‍ ഭാര്യയുടെ ഭാഗത്തുനിന്നും നിര്‍ബ്ബന്ധംതുടങ്ങി. ഞാന്‍ വിശ്വസിക്കുന്ന യേശുദേവന്‍ സത്യമാണെങ്കില്‍ ഏതു ബന്ധനവും മാറ്റാന്‍ ആ ദൈവം മതി എന്നു ഞാനുംവാദിച്ചു. എന്നാല്‍പിന്നെ ക്രിസ്ത്യാനിയായിട്ടു പ്രാര്‍ത്ഥിക്കാന്‍ പലരും ഉപദേശിച്ചു. ഞാന്‍ വിശ്വസിക്കുന്ന ദൈവം ക്രിസ്ത്യാനിയും ഹിന്ദുവുമല്ല. മതമില്ലാത്ത ദൈവമാണെന്‍റേത്. ഞാന്‍ വിശ്വസിക്കുന്ന യേശുവിനെക്കാണാന്‍ എനിക്കമ്പലത്തില്‍ പോയാലുംമതി എന്നു ഞാന്‍ പറയുമ്പോള്‍ ആര്‍ക്കും അതു മനസ്സിലാകുന്നില്ല. പക്ഷെ രണ്ടുവര്‍ഷംമുമ്പ് എന്താണു സംഭവിച്ചതെന്നച്ചന്‍ വിശ്വസിക്കുമോ ആവോ. ഇന്നു ഞന്‍ രണ്ടുവയസ്സുള്ള ഒരാണ്‍കുട്ടിയുടെ അച്ഛനാണ്. വൈദ്യശാസ്ത്രം തോറ്റു, ബന്ധനമാണെന്നു പറഞ്ഞവരും തോറ്റു, ക്രിസ്ത്യാനിയായിട്ടു പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞവരും തോറ്റു. എന്‍റെ ദൈവം ഹിന്ദുവും ക്രിസ്ത്യാനിയുമല്ലെന്നുള്ള എന്‍റെ വിശ്വാസം ജയിച്ചു. പലരും പുറകെനടന്നു പറഞ്ഞു, പരസ്യമായിട്ടു സാക്ഷ്യം പറയാന്‍. ഞാന്‍ വിശ്വസിക്കുന്ന എന്‍റെ യേശു എന്നോടുപറഞ്ഞു, വിളിച്ചുകൂവി നടക്കരുതെന്ന്, വീട്ടില്‍ചെന്ന് എന്നും ദൈവത്തിനു നന്ദിപറഞ്ഞാല്‍ മതിയെന്ന്. ക്രിസ്ത്യാനിയായതുകൊണ്ടോ മാമ്മോദീസാ മുങ്ങിയതുകൊണ്ടോ മകനെ തന്നവനല്ല ദൈവം, ക്രിസ്ത്യാനിയായാല്‍മാത്രം വിളികേള്‍ക്കുന്നവനുമല്ല എന്നെനിക്കുറപ്പാണ്, പിന്നെയെന്തിനു ഞാന്‍ കള്ളസാക്ഷ്യം പറയണം.

ഓടിയെത്താന്‍ ഇനിയും സമയമുള്ളതുകൊണ്ട് മുമ്പേപറഞ്ഞ ഉപകഥയുടെ ബാക്കികൂടെപറയാം. എന്‍റെ ഭാര്യ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍മുതല്‍ സഹോദരിമാരു രണ്ടുപേര്‍ക്കും സംശയം, കുട്ടി എന്‍റേതുതന്നെയോ എന്ന്. കാരണം എനിക്കാണു തകരാറെന്നായിരുന്നു ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നത്. അവരത് അച്ഛനോടും അമ്മയോടും പറഞ്ഞു വലിയ പ്രശ്നങ്ങളുമുണ്ടാക്കി. കുട്ടിയുണ്ടായിക്കഴിഞ്ഞപ്പോള്‍ കാണാന്‍വരാന്‍തന്നെ അവര്‍ക്കിഷ്ടമില്ലായിരുന്നു. പിന്നീടവരു വന്നപ്പോഴൊന്നും അപ്പനുമമ്മയ്ക്കും സമ്മാനപ്പൊതികളുമില്ലായിരുന്നു. അവരുടെ കുത്തുംകോളും വച്ചുള്ള സംസാരവും പെരുമാറ്റവും കണ്ടും കേട്ടും മടുത്ത് ഒരിക്കലച്ഛനോട് ഞാനൊരു വിശദീകരണം ചോദിച്ചു, അച്ഛനെന്താണു വില്പത്രംപോലും എഴുതിവയ്ക്കാത്തതെന്ന്. അച്ഛനെന്നോടു സത്യം പറഞ്ഞു, പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാരും പറഞ്ഞിരുന്നുപോലും, ഒന്നും എഴുതിവയ്ക്കരുത്, മക്കളില്ലാത്തതുകൊണ്ട്, ഞാനാദ്യം മരിച്ചാല്‍ സ്വത്തുമുഴുവന്‍ എന്‍റെ ഭാര്യയുടെ പേരിലാകും, എല്ലാം അവളു കൊണ്ടുപോകുമെന്ന്. അതുകൊണ്ട് ഒന്നും എഴുതേണ്ട, അങ്ങനെയാണെങ്കില്‍ അവര്‍ക്കുംകൂടി അവകാശം കിട്ടുമെന്ന്. എനിക്കുമകനുണ്ടായപ്പോഴുള്ള അവരുടെ സംശയങ്ങളുടെയും ഹാലിളക്കത്തിന്‍റെയും കാരണവും, നേരത്തെ പെട്ടിനിറയെ സമ്മാനങ്ങളും, ഇപ്പോള്‍ അവധിക്കുവന്നാലും അപ്പനെയും അമ്മയെയും കാണാന്‍ ഒന്നോടിവന്നിട്ടുപോക്കു മാത്രവുമായതിന്‍റെ കാരണവുമൊക്കെ അച്ഛനു പിടികിട്ടിക്കഴിഞ്ഞാണ് അച്ഛനേതായാലും മരിച്ചത്."

കഥ തീര്‍ന്നില്ലെങ്കിലും ഒരെപ്പിസോഡ് അവിടെയവസാനിച്ചു. സാമാന്യത്തിലധികം വിവരമമുള്ളവനാണെന്ന് ആദ്യം അയാളോടൊരു ഭംഗിവാക്കായി പറഞ്ഞതായിരുന്നെങ്കിലും, അത് അക്ഷരംപ്രതി ശരിയാണെന്നതു സത്യമല്ലെ?

You can share this post!

പഴയ തോല്‍ക്കുടം മതിയോ?

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts