കാകാലംതെറ്റി മഴപെയ്യുന്ന കാലമായതുകൊണ്ട് ഇരുട്ടാകുന്നതിനുമുമ്പ് ആശ്രമത്തിലെത്താന്‍ ഓടിച്ചിരുന്നവണ്ടിയിലെ പാട്ടുയന്ത്രത്തിലൂടെ നല്ലസ്വരത്തില്‍ ഭക്തിഗാനവും കേട്ട് സാമാന്യം വേഗത്തില്‍ വിട്ടുപോവുകയായിരുന്നു ഞാന്‍. അധികവും വളവുകളും തിരിവുകളുമാണ്. ഒരു വളവുതിരിഞ്ഞെത്തുമ്പോള്‍ നാലഞ്ചുപേര് ഒന്നിച്ചുകൈനീട്ടി. സൈഡില്‍ സര്‍ക്കാര്‍ ബോര്‍ഡുള്ള ഒരു ജീപ്പ് പാര്‍ക്കുചെയ്തിട്ടുണ്ട്. സാധാരണ ഒറ്റയ്ക്കുപോകുമ്പോള്‍ പോലീസല്ലാതെ പരിചയമില്ലാത്ത ആരു കൈകാണിച്ചാലും നിര്‍ത്താറുള്ളതല്ല. അതുകൊണ്ടു നിര്‍ത്താതെ മുന്നോട്ടെടുത്തെങ്കിലും വണ്ടിയ്ക്കെന്തെങ്കിലും പറ്റി വഴിയില്‍പെട്ടു പോയവരായിരിക്കുമല്ലോ കൈകാണിച്ചത് എന്നോര്‍ത്തപ്പോള്‍ പെട്ടെന്നുനിര്‍ത്തി വണ്ടി റിവേഴ്സെടുത്തു. അപ്പോഴേയ്ക്കും അവരിലൊരാള്‍ ഓടിവരികയും ചെയ്തു. സര്‍ക്കാരുദ്യോഗസ്ഥരാണ്, ഒരു കോണ്‍ഫ്രന്‍സിനുപോയി തിരിച്ചുവരുന്ന വഴിയാണ്, വണ്ടികേടായി. ഡ്രൈവര്‍ മെക്കാനിക്കിനെ വിളിച്ചു നന്നാക്കിച്ചുകൊള്ളും. സന്ധ്യയാകുംമുമ്പ് അവരെ എട്ടുപത്തു കിലോമീറ്റര്‍ മുമ്പിലുള്ള ജംഗ്ഷനില്‍വരെ ഒന്നെത്തിക്കാമോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ റിക്വസ്റ്റ്. നാലുപേര്‍ക്കുള്ള ഇടയുണ്ട് അഞ്ചുപേര്‍ക്കിരിക്കാന്‍ ബുദ്ധിമുട്ടാകുമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ഡ്രൈവര്‍ വരുന്നില്ല, നാലുപേരെയുള്ളു എന്നറിയിച്ചതുകൊണ്ട് ഞാന്‍ വണ്ടിസൈഡാക്കിനിര്‍ത്തി ഡോറെല്ലാം തുറന്നുകൊടുത്തു. നാലുപേരും കയറി. വണ്ടി സ്റ്റാര്‍ട്ടുചെയ്തപ്പോള്‍തന്നെ ഭക്തിഗാനവും തുടങ്ങി. അവര്‍ക്കതൃപ്തി തോന്നേണ്ട എന്നുകരുതി ഞാനുടനെ അത് ഓഫുചെയ്തു.
"ദൈവത്തിന്‍റെ പാട്ടുകളല്ലെ, നിര്‍ത്തണമെന്നില്ല. ദൈവംതുണച്ച് നിങ്ങളുവണ്ടിനിര്‍ത്തി കയറ്റിയില്ലായിരുന്നെങ്കില്‍ ഈ വഴി വണ്ടികളു കുറവായതുകൊണ്ടു ഞങ്ങളു കുടുങ്ങിയേനേം." മുമ്പിലിരുന്ന ആളാണുപറഞ്ഞത്.
"ആരു കൈകാണിച്ചാലും പ്രത്യേകിച്ച് ഈ റൂട്ടില്‍ ഞാന്‍ നിര്‍ത്താറുള്ളതല്ല. പിന്നെ വണ്ടികേടായതാണെന്നു തോന്നിയതുകൊണ്ടും നിങ്ങളെകണ്ടപ്പോള്‍ മാന്യന്മാരാണെന്നു തോന്നിയതുകൊണ്ടും നിര്‍ത്തിയതാണ്."
"ഫാദറാണെന്നു തോന്നുന്നു." എന്‍റെ താടിമീശയും ഇട്ടിരുന്ന ജൂബ്ബായും കണ്ടിട്ടായിരിക്കണം ഫ്രണ്ട്സീറ്റില്‍ ഇരുന്ന മദ്ധ്യവയസ്ക്കന്‍തന്നെയാണു ചോദിച്ചത്.
"തോന്നിയതു ശരിതന്നെയാണ്. സാറന്മാര് ഒരിടത്തുതന്നെ ജോലിചെയ്യുന്നവരാണോ?"
അവരെല്ലാവരും ഒരേ ഡിപ്പാര്‍ട്ടുമെന്‍റില്‍ നാലിടത്തു ജോലിചെയ്യുന്നവരാണ്. എന്‍റെ അടുത്തിരുന്നയാള്‍ ചീഫാണ്. മറ്റുമൂന്നുപേരും മൂന്നു സ്ഥലങ്ങളിലും. നാലുപേരുംകൂടി ഒരുമീറ്റിംഗും കഴിഞ്ഞു തിരിച്ചുവരുന്നവഴിയാണ്. എന്‍റെ കാര്യങ്ങളും അവരു ചോദിച്ചു, അതിനെല്ലാം മറുപടിയുംകൊടുത്തു. റോഡാകെ പൊട്ടിപ്പൊളിഞ്ഞതായിരുന്നു.
"എന്‍റെവണ്ടി അത്ര യാത്രാസുഖമുള്ളതല്ല, ഞാന്‍ പരമാവധി കുഴിയില്‍ചാടിക്കാതെ നോക്കാം, സ്പീഡും കുറയ്ക്കാം." ഒരു വളവിലെ വലിയകുഴിയില്‍ അറിയാതെചാടിയപ്പോള്‍ പുറകില്‍നിന്നൊരു 'അമ്മോ' വിളികേട്ടതുകൊണ്ട് ഞാന്‍ ക്ഷമാപണസ്വരത്തില്‍ പറഞ്ഞു.
"വേണ്ട, സ്പീഡു കുറയ്ക്കണമെന്നില്ല. അല്ലെങ്കില്‍ അടുത്ത ജംഗ്ഷനില്‍നിന്നു ഞങ്ങള്‍ക്കു വണ്ടികിട്ടാതെവരും." അവരുടെയുംകൂടി ആവശ്യമായതുകൊണ്ട് എന്‍റെ നോര്‍മല്‍ സ്പീഡില്‍തന്നെ വിട്ടു. എന്നിട്ടും ജംഗ്ഷനിലെത്തിയപ്പോഴേയ്ക്കും അവര്‍ക്കുപോകുവാനുള്ള ബസ്സ് പോയിക്കഴിഞ്ഞിരുന്നു. അവരാകെ വിഷമത്തിലായി.
"ഏതായാലും ഇത്രയുമായി. സാറന്മാരൊരുകാര്യംചെയ്യ്. ഇങ്ങോട്ടുകയറ്, എനിക്കൊരല്പം ചുറ്റാണെങ്കിലും ഞാന്‍ നിങ്ങളെ എത്തിച്ചേക്കാം." അവര്‍ക്കു ഞാന്‍പറഞ്ഞതു വിശ്വാസമായില്ല, കാരണം ഞാനൊരു ഇരുപതു കിലോമീറ്ററെങ്കിലും കൂടുതലോടേണ്ടിവരുമെന്നവര്‍ക്കറിയാമായിരുന്നു. അവരു മടിച്ചുനിന്നു.
"എന്‍റെ ബുദ്ധിമുട്ടോര്‍ക്കണ്ടാ. വെറുതെവേണ്ട, സാധ്യത തീരെക്കുറവാണെങ്കിലും, എന്നെങ്കിലും നിങ്ങളുടെ ഓഫീസിലെങ്ങാനും എനിക്കെങ്ങാനും എത്തേണ്ടിവന്നാല്‍ അന്ന് എന്നെ സഹായിച്ചാല്‍മതി."
അല്പം മടിച്ചിട്ടാണെങ്കിലും അവരു കയറി. വഴിക്ക് റോഡിലെ കുഴിയും, അകാലത്തിലെ മഴയും, മുല്ലപ്പെരിയാറും, അടുത്തകാലത്തെ വിവാദങ്ങളും, റബറുകര്‍ഷരുടെ ഗതികേടുമെല്ലാം സംസാരവിഷയമായി.
"ആരെല്ലാം എന്തെല്ലാം പ്രഖ്യാപനങ്ങളു നടത്തിയാലും കര്‍ഷകരുടെ ഗതി അധോഗതി തന്നെ. കസ്തൂരിരംഗനായാലും, മുല്ലപ്പെരിയാറായാലും, റബറുപ്രശ്നമായാലും അതൊന്നും ഭരണത്തിലിരിക്കുന്നവരുടെ ജീവിതത്തെ ബാധിക്കുന്നതല്ലല്ലോ. അവരൊഴുക്കുന്നതൊക്കെ വെറും മുതലക്കണ്ണീരാണ്. അവരുടെ കീശേലെന്തെങ്കിലുമെത്താന്‍ വഴിയുള്ളതു മാത്രമെ അവരു കാര്യമാക്കൂ." അതുവരെയും അവരുടെ സംസാരവിഷയങ്ങളില്‍ പലതിനെപ്പറ്റിയും എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും ഒന്നുംമിണ്ടാതെയിരുന്ന ഞാനും തീരെ മണ്ടനല്ലെന്നറിയിച്ചുകൊണ്ട് അത്രയും ഞാന്‍ പറഞ്ഞു. അവരുടെ ആരുടെയും ഭാഗത്തുനിന്ന് ഞാന്‍ പറഞ്ഞതിനോട് ഒരു പ്രതികരണവും ഉണ്ടാകാതെവന്നപ്പോള്‍ ഞാന്‍ തുടര്‍ന്നു:
"അഗതികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ഒരച്ചന്‍ തമിഴ്നാട്ടില്‍ ഒരു സ്ഥാപനംതുടങ്ങി. സര്‍ക്കാരിനോടപേക്ഷിച്ച എല്ലാ ആനുകൂല്യങ്ങളും ദിവസങ്ങള്‍ക്കുള്ളില്‍കിട്ടി. സ്ഥാപനത്തിന്‍റെ കെട്ടിടനിര്‍മ്മിതിക്കുള്ള കമ്പിയും സിമന്‍റുംപോലും ഏറെയും സൗജന്യമായി കൊടുത്തു. അവിടുത്തെ അന്തേവാസികള്‍ക്കു ചികിത്സയും മരുന്നും, വസ്ത്രവും ഭക്ഷണവും മുഴുവന്‍തന്നെ സൗജന്യമായി സര്‍ക്കാരു കൊടുക്കുന്നു. അവര്‍ക്കുള്ള കറണ്ടും വെള്ളവും എത്തിക്കുന്നതും സര്‍ക്കാര്‍ ചെലവിലാണ്. ഇതിനൊന്നും ഒത്തിരി ഓടിനടന്നിട്ടും കാലുപിടിച്ചിട്ടും കൈക്കൂലികൊടുത്തിട്ടുമൊന്നുമല്ല. നമ്മുടെ നാട്ടില്‍ ഇതിലേതെങ്കിലുമൊന്ന് സൗജന്യമായിട്ടുവേണ്ട, അല്പം ഇളവുചെയ്യാനെങ്കിലും അപേക്ഷകൊടുത്താല്‍ നാല്പതുവട്ടംനടത്തി, കട്ടിളയ്ക്കുവരെ കൈക്കൂലീം കൊടുത്ത് ആവശ്യംകഴിയുമ്പോഴേയ്ക്കും അനുവദിച്ചുകിട്ടിയാലായി." അതുപറഞ്ഞുനിര്‍ത്തിയിട്ടും അവരാരും പ്രതികരിക്കാതിരുന്നപ്പോഴാണ് അവരും സര്‍ക്കാരാഫീസറന്മാരാണല്ലോ, എന്നോര്‍ത്തത്.
"ഇപ്പോഴത്തെ ഈ കസ്തൂരിരംഗനും, റബര്‍വിലയിടിവുമൊക്കെ തമിഴ്നാട്ടിലായിരിക്കേണ്ടിയിരുന്നു, മുല്ലപ്പെരിയാറിന്‍റെ കാര്യംപോലെ അവരു പിടിച്ചിടത്തുകൊണ്ടുപോയി തളച്ചേനേം. നാടിനോടും ജനത്തോടും കൂറുളള നേതൃത്വമുണ്ടെങ്കിലല്ലേ കാര്യമുള്ളു." ഒരു സമാപനംപോലെ ഞാന്‍ പറഞ്ഞുനിര്‍ത്തി.
"ഫാദറു പറഞ്ഞ പലകാര്യങ്ങളും ഞങ്ങളും പറയാറുള്ളതൊക്കെത്തന്നെയാണ്. നമ്മുടെ നാടും രാഷ്ട്രീയവുമൊക്കെ അങ്ങനെ ആയിപ്പോയി. ഭരണകൂടമേതുമാറിവന്നാലും ഒരുമാറ്റവും പ്രതീക്ഷിക്കാനുമില്ല. പക്ഷേ ഞങ്ങള്‍ ഓഫീസേഴ്സ് ക്ലബ്ബിലുംമറ്റും ഒന്നിച്ചുകൂടുമ്പോള്‍ പറയാറുള്ള വേറൊരുകാര്യമുണ്ട്. അതുപറഞ്ഞാല്‍ ഞാനൊരു ഹിന്ദു ആയതുകൊണ്ട് ഫാദറിന് ഇഷ്ടക്കേടുണ്ടാകുമോ എന്നറിയില്ല. അപ്രിയസത്യങ്ങള്‍ പറയാതിരിക്കുന്നതാണല്ലോ നല്ലതും."
"സത്യമാണെങ്കില്‍ അതിനു ജാതിയോ മതമോ ഉണ്ടോ? പിന്നെ എനിക്കിഷ്ടക്കേടുണ്ടായാലും തീര്‍ച്ചയായും ഞാന്‍ നിങ്ങളെ വഴീലിറക്കിവിട്ടിട്ടു പോകത്തില്ല, തീര്‍ച്ച. അതോര്‍ത്തു പറയാതിരിക്കേണ്ട."
"ഇരുട്ടിനെ പഴിക്കാതെ ഒരു തിരിയെങ്കിലും കത്തിച്ചാല്‍ അത്രയുമായില്ലേ എന്നാണല്ലോ ഗുരുചിന്ത. സര്‍ക്കാരിനെ പഴിച്ചിട്ടു ഫലമില്ലെന്നുള്ളത് എല്ലാവര്‍ക്കുമറിയാം. സര്‍ക്കാരിനെക്കാളും കാര്യക്ഷമമായി പലകാര്യങ്ങളും ചെയ്യാമെന്നു തെളിയിച്ചിട്ടുള്ളതാണല്ലോ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും ക്രിസ്ത്യാനികള്‍. വിദ്യാഭ്യാസത്തിന്‍റെയും ചികിത്സയുടെയും മേഖലകളില്‍ ഇതിനു തെളിവുകളെത്ര വേണമെങ്കിലുമുണ്ട്. പക്ഷേ അതിനെയൊക്കെ വമ്പന്‍ ബിസിനസ്സ് പ്രസ്ഥാനങ്ങളാക്കിയെന്നുള്ളതല്ലേ സത്യം. എന്‍ജിനീയറിങ് കോളേജുകളും മെഡിക്കല്‍ കോളേജുകളും നിങ്ങളുടെ രൂപതകള്‍ മത്സരിച്ചു സ്ഥാപിച്ചപ്പോള്‍ ജനസേവനമല്ലായിരുന്നല്ലോ ഉദ്ദേശ്യം. സ്വന്തം സ്വാശ്രയസ്ഥാപനങ്ങളില്‍ കുട്ടികളെക്കിട്ടാന്‍ വിദേശങ്ങളില്‍ പണക്കാരുടെ കുട്ടികളെ പിടിക്കാന്‍ ഏജന്‍റുന്മാരെ നിയോഗിക്കുന്നത് എന്തിനുവേണ്ടിയാണ്? ജനസേവനത്തിനുവേണ്ടിയല്ലല്ലോ. ചോദിച്ചകാശു കൊടുക്കാനില്ലാതിരുന്നതുകൊണ്ട് മാര്‍ക്കുണ്ടായിട്ടും സീറ്റുകിട്ടാതെവന്ന എന്‍റെ മകനടക്കമുള്ള എത്രയോപേരെ എനിക്കറിയാം. ഈ രാത്രിയായ സമയത്ത് ഞങ്ങള്‍ക്ക് വലിയ ഉപകാരംചെയ്യുന്ന ഫാദറിനെപ്പോലെയുള്ള കുറെ ഫാദര്‍മാരെ അറിയാമെങ്കിലും, ആഗ്രഹിച്ചവിഷയം മറ്റൊരുസ്ഥാപനത്തില്‍ കിട്ടിയതുകൊണ്ട് എന്‍ജിനീയറിങ് കോളേജിലെ സീറ്റുപേക്ഷിക്കേണ്ടിവന്ന കുട്ടിയുടെ കൊടുത്തപണം തിരികെക്കിട്ടാന്‍വേണ്ടി മദ്ധ്യസ്ഥനായി ചെന്നപ്പോള്‍ ഒരച്ചന്‍പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കാന്‍പറ്റാതെ എന്‍റെ മനസ്സിലുണ്ട്. ഇന്നും ആ പണം തന്നിട്ടുമില്ല. വാസ്തവത്തില്‍ ഞാന്‍ പറയാന്‍വന്ന കാര്യം ഇതൊന്നുമല്ല. ഈ റബറിനും മറ്റും വിലയിടിഞ്ഞു കഷ്ടപ്പെടുന്ന ജനത്തിന് സര്‍ക്കാരൊന്നും ചെയ്യാന്‍ പോകുന്നില്ല എന്നറിയാവുന്നവര്‍ എന്തുകൊണ്ട് സ്വന്തംജനത്തിന്‍റെ ആവശ്യമറിഞ്ഞ് റബറടിസ്ഥാന ഉല്പന്നങ്ങള്‍ക്കുള്ള സംവിധാനം ഒരുക്കുന്നില്ല? എത്രയോ പേര്‍ക്കു ജോലിയാകും, ചെറുകിടക്കാരുടെ മുഴുവന്‍ റബറിനും ഉപയോഗവുമുണ്ടാകും. അതുപോലെ നെല്ലും തേങ്ങയുമൊക്കെ അടിസ്ഥാനമാക്കി എന്തെല്ലാം പ്രസ്ഥാനങ്ങളുണ്ടാക്കാം. വെറും ചക്കപോലും ഇന്നു വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത് ഇച്ഛാശക്തിയുള്ള നേതൃത്വം ക്രിസ്തീയ സമുദായം പോലെ ശക്തമായ നെറ്റുവര്‍ക്കുള്ള സഭകള്‍ക്കുണ്ടെങ്കില്‍, പണക്കാരുടെ മക്കള്‍ക്കുവേണ്ടി വൈറ്റ്കോളര്‍ജോലി മാത്രം പരിശീലിപ്പിച്ച് ഭൂമിയോടും കൃഷിയോടും താത്പര്യമില്ലാത്ത തലമുറയെ സൃഷ്ടിക്കുന്നതിനുപകരം, വല്യ ഗ്ലാമറില്ലാത്ത കാര്‍ഷികകോളേജുകളും മറ്റും സ്ഥാപിച്ചാല്‍ പഴിപറയുന്നതിനേക്കാള്‍ ഗുണംചെയ്യില്ലേ? നേരത്തെ ഞാന്‍ പറഞ്ഞതുപോലെ ഞങ്ങളു ക്ലബ്ബിലും മറ്റും ഒന്നിക്കുമ്പോള്‍ ഇതൊക്കെ ചര്‍ച്ച ചെയ്യാറുണ്ട്. പണ്ടൊക്കെ ജനത്തിന്‍റെ മനസ്സറിഞ്ഞ് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കിയിരുന്ന സമുദായനേതൃത്വമുണ്ടായിരുന്നു. ഇന്നുള്ള രാഷ്ട്രീയത്തിലെപ്പോലെതന്നെ സമുദായത്തിലും ഇരിപ്പിടം ഉറപ്പിക്കാനും ലാഭംകൊയ്യാനുമുള്ള അജണ്ടയോടുകൂടി തലപ്പത്തെത്തുന്നവര്‍ക്ക് ജനം വെറും ചവിട്ടുപടി മാത്രം. രാഷ്ട്രീയക്കാരെപ്പോലെതന്നെ തരംതാണു, സമുദായങ്ങളുടെ താക്കോല്‍സ്ഥാനങ്ങളിലുള്ളവരും. കുറെക്കാലംമുമ്പുവരെയും ക്രൈസ്തവാചാര്യന്മാരെപ്പറ്റിപറഞ്ഞാല്‍ അവരുടെ വാക്കും പെരുമാറ്റവുമൊക്കെ മറ്റുസമുദായങ്ങളിലുള്ളവരുടേതിനേക്കാള്‍ ആദരണീയമായിരുന്നു എന്ന് എല്ലാവരും അംഗീകരിക്കും. എന്നാലിന്ന് രണ്ടാംകിടരാഷ്ട്രീയക്കാരെക്കാള്‍ നെറികേടുകള്‍ പ്രസ്താവനകളിലും പ്രതികരണങ്ങളിലും പതിവായിക്കഴിഞ്ഞത് ആകെയുള്ള നിലവാരമിടിവിന്‍റെ ലക്ഷണമാണെന്നുവേണം കരുതാന്‍. ഇതെല്ലാം സൃഷ്ടിക്കുന്ന ജാള്യത മറയ്ക്കാന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം എന്തിനെയും പഴിച്ചുകൊണ്ടിരിക്കുക എന്നതാണ്. ചുറ്റും നോക്കുമ്പോള്‍ ഒരുവന്‍ കാണുന്നതൊക്കെ തിന്മയാണെങ്കില്‍ ചുറ്റും തിന്മകൂടുന്നതുകൊണ്ടല്ല, കാണുന്നവനില്‍ നന്മകുറയുന്നതുകൊണ്ടാണ് എന്നാണല്ലോ ഗുരുചിന്ത. ആത്മീയാചാര്യന്മാര്‍ അവരുടെ കഴിവിലും പരിധിയിലുമുള്ളതു ചെയ്തിട്ടുവേണ്ടേ രാഷ്ട്രീയക്കാരെയോ ഉദ്യോഗസ്ഥരെയോ പഴിക്കാന്‍?" അദ്ദേഹമൊന്നു നിര്‍ത്തി. എനിക്കിട്ടു നേരിട്ടുള്ള കുത്താണെന്നെനിക്കു മനസ്സിലായി. ഒന്നുംമിണ്ടാതെ കേട്ടുകൊണ്ടുമാത്രമിരുന്ന എന്‍റെ മുഖത്തേയ്ക്ക് പ്രതികരണമറിയാന്‍ അദ്ദേഹം ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടെന്നറിഞ്ഞുകൊണ്ടുതന്നെ ഞാന്‍ ഗട്ടറുകള്‍ നിറഞ്ഞ റോഡില്‍ മാത്രം കണ്ണുറപ്പിച്ചു ഡ്രൈവു ചെയ്തുകൊണ്ടിരുന്നു.
"ഞാന്‍ നേരത്തെ ഫാദറിനോടു പറഞ്ഞതുപോലെ അപ്രിയസത്യങ്ങള്‍ പറയാതിരിക്കുകയാണെപ്പോഴും ഉചിതം. എന്നാലും കേള്‍ക്കാന്‍ താത്പര്യമുള്ളവരോട് പറയുന്നതും ഉചിതമാണെന്നു തോന്നിയതുകൊണ്ടാണു പറഞ്ഞുപോയത്."
"നിങ്ങളുടെ വണ്ടിക്കുപറ്റിയതുപോലെ കുറെക്കാലം ഓടിക്കഴിയുമ്പോള്‍ ആവശ്യത്തിനു മെയിന്‍റെനന്‍സില്ലാതെ വന്നാല്‍ സഭയായാലും സമുദായമായാലും മെത്രാനായാലും ആചാര്യനായാലും ബ്രേക്ക്ഡൗണ്‍ ആകും. അതൊന്നു റിപ്പയര്‍ചെയ്യാന്‍ സാക്ഷാല്‍ ദൈവംതമ്പുരാന്‍തന്നെ എന്തെങ്കിലും ചെയ്യേണ്ടിവരും." ഞാന്‍ അതു പറഞ്ഞതും വണ്ടി വലിയൊരുകുഴിയില്‍ ചാടിയതും ഒരേസമയത്തായിരുന്നു. ദൈവമേന്നു ഞാനും, അയ്യോന്നോ, അമ്മേന്നോ ഒക്കെ മറ്റുള്ളവരും ഉറക്കെക്കാറിപ്പോയി. അതോടെ ഗട്ടറില്‍ചാടി അടുത്തദിവസം ഉണ്ടായ അപകടങ്ങളെപ്പറ്റി ഓരോരുത്തരു പറഞ്ഞുതുടങ്ങിയപ്പോള്‍ വിഷയം താനേമാറി.
അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങള്‍ കഷായംപോലെ കയ്ക്കുന്നുണ്ടായിരുന്നു.