news-details
സാമൂഹിക നീതി ബൈബിളിൽ

തീര്‍ത്ഥാടനം പ്രലോഭനങ്ങള്‍

സകലര്‍ക്കും സാമൂഹ്യനീതി സംലഭ്യമാക്കുന്ന സംവിധാനത്തിന്‍റെ പ്രതീകമാണ് വാഗ്ദത്തഭൂമി. അതിനെ ദൈവരാജ്യമെന്നും ദൈവഭരണമെന്നും ബൈബിള്‍ വിശേഷിപ്പിക്കുന്നു. ദൈവം രാജാവായി ഭരിക്കുമ്പോള്‍, അഥവാ ദൈവത്തിന്‍റെ തിരുഹിതം സ്വന്തം ജീവിത നിയമമായി വ്യക്തികളും സമൂഹങ്ങളും സ്വീകരിച്ച് നടപ്പിലാക്കുമ്പോള്‍ സാമൂഹ്യനീതി ഏവര്‍ക്കും ലഭ്യമാകും. അതിനു സഹായിക്കുന്നതാണ് സീനായ് മലയില്‍ വച്ചു നല്‍കപ്പെട്ട ഉടമ്പടിയുടെ നിബന്ധനകളായ പത്തുപ്രമാണങ്ങള്‍. എന്നാല്‍ പ്രമാണങ്ങള്‍ നല്‍കപ്പെട്ടതുകൊണ്ടു മാത്രം നീതി നടപ്പിലാകുന്നില്ല. നീതിനിഷ്ഠമായ ഒരു സമൂഹനിര്‍മ്മിതിക്ക് മനുഷ്യന്‍റെ സഹകരണവും കഠിനപ്രയത്നവും ആവശ്യമാണ്. നീതിനിഷ്ഠ സമൂഹത്തിന്‍റെ പ്രതീകമായ വാഗ്ദത്തഭൂമിയിലേക്ക് ദീര്‍ഘമായൊരു യാത്ര ആവശ്യമാണ്- ഒരു തീര്‍ത്ഥയാത്ര. ഇതിനെയാണ് മരുഭൂമിയിലൂടെയുള്ള ഇസ്രായേല്‍ ജനത്തിന്‍റെ യാത്രയായി ബൈബിള്‍ ചിത്രീകരിക്കുന്നത്.

ഇത് ചുട്ടുപൊള്ളുന്ന, തണലും വഴിയുമില്ലാത്ത മണലാരണ്യത്തിലൂടെ നടത്തിയ ചരിത്രപരമായ ഒരു യാത്ര മാത്രമല്ല; ഓരോ സമൂഹവും ഓരോ വ്യക്തിയും നടത്തേണ്ട ഒരു ആന്തരിക, അഥവാ ആത്മീയയാത്രയും കൂടിയാണ്. പുറപ്പാടു യാത്രയില്‍ ഇസ്രായേല്‍ ജനം നേരിട്ട പ്രലോഭനങ്ങള്‍ ഏവര്‍ക്കും ഈ യാത്രയില്‍ ഒരു മുന്നറിയിപ്പും താക്കീതുമായി നിലകൊള്ളുന്നു. നമുക്കു മാര്‍ഗ്ഗദര്‍ശകമാകുന്നതിനുവേണ്ടിയാണ് പരിശുദ്ധാത്മനിവേശനത്താല്‍ പ്രേരിതരായി വിശുദ്ധ ഗ്രന്ഥകര്‍ത്താക്കള്‍ അവ രേഖപ്പെടുത്തിയതും സഭ കാത്തുസൂക്ഷിക്കുന്നതും. അവര്‍ക്കുണ്ടായ വീഴ്ചകളില്‍നിന്നു പാഠങ്ങള്‍ പഠിക്കണം; അവര്‍ ഇടറിയ വഴികളില്‍ കാലിടറാതെ നാം മുന്നേറണം. എങ്കിലേ ദൈവം ആഗ്രഹിക്കുന്നതും വാഗ്ദാനം ചെയ്തതുമായ സാമൂഹ്യനീതി ഒരു യാഥാര്‍ത്ഥ്യമാകൂ!
വാഗ്ദത്ത ഭൂമിയിലേക്ക് നടത്തിയ തീര്‍ത്ഥാടനമധ്യേ ഇസ്രായേല്‍ജനം നേരിട്ട നിരവധി പ്രലോഭനങ്ങളില്‍ പ്രധാനപ്പെട്ട ചിലത് അപഗ്രഥിക്കാനാണ് തുടര്‍ന്നു ശ്രമിക്കുന്നത്. പ്രത്യക്ഷത്തില്‍ പണ്ടെങ്ങോ നടന്ന സംഭവങ്ങളോ അല്ലെങ്കില്‍ വിവരണം ആകര്‍ഷകമാക്കാന്‍ ഗ്രന്ഥകാരന്‍ ഉണ്ടാക്കിയ കെട്ടുകഥകളോ ആയി തോന്നാമെങ്കിലും ഇവിടെ വിവരിക്കുന്ന സംഭവങ്ങളുടെ ചരിത്രപരത നിഷേധിക്കാനാവില്ല. അതിലുപരി ആ സംഭവങ്ങളിലൂടെ വിശുദ്ധഗ്രന്ഥം അടിവരയിടുന്ന പ്രബോധനങ്ങള്‍ ശ്രദ്ധിച്ചേ മതിയാവു!

1. ആരാധിക്കാന്‍ ഒരു വിഗ്രഹം

വലിയ സന്തോഷത്തോടെ, പ്രതീക്ഷകളോടെ ഈജിപ്തില്‍നിന്നു ഘോഷയാത്രയായി പുറപ്പെട്ട ജനം വലിയ അത്ഭുതങ്ങള്‍ കണ്ടു. കടല്‍ പിളര്‍ന്ന് വഴി തെളിഞ്ഞു. പകല്‍ മേഘം വഴിയില്‍ തണല്‍ വിരിച്ചു; രാത്രി അഗ്നിസ്തംഭം വഴികാട്ടി. പാറയില്‍ നിന്നു ദാഹജലം ഒഴുകി. ആകാശത്തു നിന്നു മന്ന പൊഴിഞ്ഞു. കാറ്റിന്‍റെ ചിറകില്‍ കാടപക്ഷികള്‍ വന്നെത്തി. അവസാനം അവര്‍ കര്‍ത്താവിന്‍റെ മലയായ ഹോറെബിന്‍റെ താഴ്വരയില്‍ പാളയമടിച്ചു. മലയിലേക്കു കയറിപ്പോയ നേതാവായ മോശ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങിവന്നില്ല. ജനം അക്ഷമരായി. മോശയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ല. ഈ സാഹചര്യത്തിലാണ് പുരോഹിതനായ അഹറോനെ ഒരു നിര്‍ദ്ദേശവുമായി ജനനേതാക്കള്‍ സമീപിക്കുന്നത്: "ഞങ്ങളെ നയിക്കാന്‍ വേഗം ദൈവങ്ങളെ (ദേവന്മാരെ എന്നു പി. ഒ. സി. വിവര്‍ത്തനം)ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല"(പുറ 32,1).

ജനത്തിന്‍റെ അഭ്യര്‍ത്ഥനയില്‍ ശ്രദ്ധേയമായൊരു കാര്യമുണ്ട്. ദൈവമാണ് ഞങ്ങളെ നയിക്കുന്നത് എന്ന് അവര്‍ വിശ്വസിക്കുന്നു. തുടര്‍ന്നും ദൈവം തന്നെ അവരെ നയിക്കണം എന്ന് അവര്‍ക്ക് നിര്‍ബന്ധവുമുണ്ട്. എന്നാല്‍ ആരാണീ ദൈവം? തങ്ങള്‍ക്കു കാണാനും എടുത്തുകൊണ്ടു നടക്കാനും പറ്റുന്ന ഒരു ദൈവം. ആ ദൈവം തങ്ങള്‍ക്കു മുമ്പേ പോകണം; അഥവാ ഞങ്ങള്‍ എടുത്തുകൊണ്ടു നടക്കുന്ന വഴിയില്‍ ദൈവം ഞങ്ങളുടെ മുന്‍പേ പോകണം. ഇവിടെ, ദൈവം നയിക്കണം എന്നു പറയുമ്പോഴും യഥാര്‍ത്ഥത്തില്‍ ജനം പോകാന്‍ ആഗ്രഹിക്കുന്നത് സ്വന്തം ഇഷ്ടം അനുസരിച്ചാണ്. തന്നെയുമല്ല, അവര്‍ ആരാധിക്കുന്ന ദൈവം അവരുടെ തന്നെ സൃഷ്ടിയാണ്. ദൈവങ്ങളെ ഉണ്ടാക്കിത്തരൂ എന്ന അവരുടെ ആവശ്യം ഇതാണല്ലോ സൂചിപ്പിക്കുന്നത്?

മലമുകളില്‍ മോശ സത്യദൈവത്തില്‍ നിന്നു കല്പനകള്‍ സ്വീകരിക്കുന്ന സമയത്താണ് താഴെ ജനം തങ്ങള്‍ക്കായി ദൈവങ്ങളെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് എന്നത് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. വെളിപ്പെടുത്തപ്പെട്ട ദൈവഹിതവും സ്വാര്‍ത്ഥതാല്‍പര്യങ്ങളാല്‍ പ്രേരിതമാകുന്ന മനുഷ്യഹിതവും തമ്മിലുള്ള സംഘര്‍ഷം ഇവിടെ കാണാം. എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്നവനാണ് യഥാര്‍ത്ഥ ദൈവം. അവിടുത്തെ ഹിതം അനുസരിച്ചു ജീവിക്കുക മാത്രമാണ്  നീതി ലഭ്യമാക്കാനുള്ള എക മാര്‍ഗ്ഗം. എന്നാല്‍ ഇവിടെ ജനം തങ്ങള്‍ക്കുവേണ്ടി സ്വന്തം ദൈവങ്ങളെ ഉണ്ടാക്കുന്നു. ദൈവഹിതം അനുസരിച്ചു മനുഷ്യന്‍ ജീവിക്കുക എന്നതിനു പകരം മനുഷ്യഹിതം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ദൈവത്തെ വാര്‍ത്തെടുക്കലാണ് ഇവിടെ നടക്കുന്നത്. യഥാര്‍ത്ഥമതാത്മകതയെ തലകുത്തി നിര്‍ത്തുന്ന മനോഭാവം.

ദൈവം കണിച്ചുതരുന്ന വഴിയിലൂടെ ജനത്തെ നയിക്കേണ്ട പുരോഹിതന് ഇവിടെ കാലിടറുന്നു; വഴി തെറ്റുന്നു. അഹറോന്‍ തന്നെയാണ് വിഗ്രഹനിര്‍മ്മിതിക്ക് മുന്‍കൈ എടുക്കുന്നത്."അഹറോന്‍ പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വര്‍ണ്ണവളയങ്ങള്‍  ഊരിയെടുത്ത് എന്‍റെയടുത്തു കൊണ്ടുവരുവിന്‍"(പുറ 32, 2). ജനത്തിന്‍റെ അഭ്യര്‍ത്ഥനയുടെ ഗുണദോഷങ്ങള്‍ പരിഗണിക്കാതെ പുരോഹിതന്‍ തീരുമാനമെടുത്തു. ജനത്തിന്‍റെ ആഭരണങ്ങള്‍ വാങ്ങി മൂശയില്‍ ഉരുക്കി വിഗ്രഹത്തെ വാര്‍ത്തെടുത്തു പ്രതിഷ്ഠിച്ചു. പോരാ, താന്‍ വാര്‍ത്തെടുത്ത കാളക്കുട്ടിയാണ് അവരെ മോചിപ്പിച്ചതും വഴി നടത്തിയതും എന്ന് ജനം വിളിച്ചുപറഞ്ഞപ്പോള്‍ അതിനെ തിരുത്തുകയല്ല പ്രോത്സാഹിപ്പിക്കുകയാണ് അഹറോന്‍ ചെയ്തത്. മാത്രമല്ല, ഒരു ആരാധനയും ആഘോഷവും അഹറോന്‍ തന്നെ നേതൃത്വം നല്കി സംഘടിപ്പിച്ചു: "അഹറോന്‍ കാളക്കുട്ടിയുടെ മുന്‍പില്‍ ഒരു ബലിപീഠം പണിതിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ കര്‍ത്താവിന്‍റെ ഉത്സവമായിരിക്കും. അവര്‍ പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് ദഹനയാഗങ്ങളും അനുരഞ്ജനയാഗങ്ങളും അര്‍പ്പിച്ചു. ജനം തീനും കുടിയും കഴിഞ്ഞ് വിനോദങ്ങളില്‍ ഏര്‍പ്പെട്ടു"(പുറ 32,5-6).

ഇസ്രായേലിന്‍റെ ആദ്യപുരോഹിതനായ അഹറോനാണ് ഇപ്രകാരം ജനത്തെ വഴിതെറ്റിച്ചത് എന്നു പറയുമ്പോള്‍ ബൈബിള്‍ അതിശക്തമായ ചില മുന്നറിയിപ്പുകളും താക്കീതുകളും നല്കുന്നുണ്ട്. ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ മോശയുടെ മുമ്പില്‍ ഒഴിവുകഴിവുകള്‍ പറയാന്‍ ശ്രമിച്ചെങ്കിലും ഇസ്രായേലിന്‍റെ ആദ്യപാപമെന്നു വിശേഷിപ്പിക്കാറുള്ള സീനായിലെ കാളക്കുട്ടിയുടെ ഉത്തരവാദിത്വത്തില്‍നിന്ന്  അഹറോന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ജനത്തിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയെന്ന ധാരണയില്‍ മതത്തെയും ജനത്തെയും വഴിതെറ്റിക്കുന്ന അഹറോന്‍റെ  തലമുറ ഇന്നും അവസാനിച്ചിട്ടില്ലല്ലോ?

ദൈവാരാധനയെന്നാല്‍ ഏതാനും ചില ആചാരങ്ങള്‍ കൃത്യനിഷ്ഠയോടെ കണിശമായി അനുഷ്ഠിക്കുന്നതു മാത്രമാണെന്നു കരുതുന്നിടത്തു തുടങ്ങുന്നു വഴിതെറ്റല്‍. ദൈവം ആഗ്രഹിക്കുന്നത് കാരുണ്യത്താല്‍ പ്രചോദിതവും നീതിനിഷ്ഠവുമായ ജീവിതവും പ്രവൃത്തികളും ആണെന്നതു മറന്ന്, വസ്തുക്കളിലും വാസ്തുശില്പങ്ങളിലും ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും അഭിരമിക്കുന്നത് ദൈവാരാധനയല്ല, വിഗ്രഹാരാധനയാണ്, അഥവാ ആരാധനാഭാസമാണെന്ന് അഹറോന്‍റെ പ്രവൃത്തിയിലൂടെ വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്നു.

വിഗ്രഹാരാധനയുടെ വിവിധ വശങ്ങള്‍ നാം കണ്ടുകഴിഞ്ഞതാണ്. അവയില്‍ ഒന്നു മാത്രം എടുത്തുകാട്ടട്ടെ. തന്‍റെ താല്‍പര്യങ്ങള്‍ നേടിത്തരുന്നവനായി ഭക്തന്‍ ദൈവത്തെ കാണുന്നു. അപ്പോള്‍ മതം തന്നെ ഒരു കച്ചവടസ്ഥാപനമായി മാറുന്നു. ഉദ്ദിഷ്ടകാര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നടത്തുന്ന ഒരു വ്യവഹാരമായി അധഃപതിക്കുന്ന ആരാധന. ലോകത്തിലെ ഒരു മതവും ഈ പ്രലോഭനത്തില്‍ നിന്നു മുക്തമല്ല. ജനത്തില്‍നിന്ന് അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ചോദിച്ചുവാങ്ങി അവര്‍ക്കുവേണ്ടി കാളക്കുട്ടിയെ നിര്‍മ്മിച്ച അഹറോന്‍റെ സ്ഥാനത്തല്ലേ ഇന്ന് പല മതനേതാക്കളും എന്ന ചോദ്യം ഉന്നയിച്ചേ മതിയാവൂ. പ്രമാണപ്പലകയുമായി ദൈവസന്നിധിയില്‍നിന്ന്  ഇറങ്ങി വന്ന്, കാളക്കുട്ടിയെ ഇടിച്ചുപൊടിച്ച് വെള്ളത്തില്‍ കലക്കി അവരെ കുടിപ്പിച്ച മോശ(പുറ 32,20) ഇനിയും എന്നാണ് മലയിറങ്ങി വരുക! തകര്‍ക്കപ്പെടേണ്ട എത്രയെത്ര വിഗ്രഹങ്ങള്‍, മാറ്റപ്പെടേണ്ട മനോഭാവങ്ങള്‍! ഉടമ്പടിയുടെ പ്രമാണങ്ങള്‍ തന്നെ അവയുടെ അന്ത്യം കുറിക്കണം.

2. അലസത - ആര്‍ത്തി - ആസക്തി

വാഗ്ദത്തഭൂമിയിലേക്കുള്ള തീര്‍ത്ഥാടനമധ്യേ ജനം നേരിട്ട മറ്റൊരു പ്രലോഭനമാണ് അലസത. ഒന്നിലും തൃപ്തിയില്ല; ഒരു ക്ലേശവും സഹിക്കാന്‍ സന്നദ്ധതയില്ല. എന്തിനും എപ്പോഴും പരാതി. വഴിയില്‍ തണലില്ല; കുടിക്കാന്‍ വെള്ളമില്ല; കഴിക്കാന്‍ ആഹാരമില്ല. കിട്ടുന്ന അപ്പത്തിനും വെള്ളത്തിനും രുചിയില്ല. യാത്ര ദുഷ്കരം. ലക്ഷ്യം കണ്ണെത്താദൂരത്ത്. അലസത നിരാശയും പ്രതിഷേധവുമായി; ജനം നേതാക്കന്മാരായ മോശയ്ക്കും അഹറോനും എതിരെ തിരിഞ്ഞു. മരുഭൂമിയിലെ ക്ലേശങ്ങളെക്കാള്‍ അടിമത്തത്തിന്‍റെ സുരക്ഷിതത്വമായിരുന്നു മെച്ചം എന്ന് അവര്‍ കരുതി. പുതിയൊരു നേതാവിനെ തിരഞ്ഞെടുത്ത്, വിട്ടുപോന്ന ഈജിപ്തിലേയ്ക്കു തന്നെ തിരിച്ചുപോകാന്‍ പ്രലോഭനം ശക്തമായി.

യാത്രയുടെ തുടക്കത്തില്‍ എത്ര സന്തോഷമായിരുന്നു,  എന്താവേശമായിരുന്നു അവര്‍ക്ക്! പകല്‍ മേഘമേലാപ്പില്‍ തണലായും രാത്രി അഗ്നിത്തൂണില്‍ വഴികാട്ടിയായും ദൈവത്തെ കണ്ടവര്‍ ആഹ്ളാദിച്ചു. പക്ഷേ സമയം കഴിയുന്തോറും ആവേശം കെട്ടടങ്ങി; അസംതൃപ്തി തലപൊക്കി; ഒപ്പം പരാതികളും. ആരംഭത്തില്‍ ഇഷ്ടഭോജ്യമായി കണ്ട സ്വര്‍ഗ്ഗീയ മന്ന ഇപ്പോള്‍ വിലകെട്ട അപ്പമായി. എന്നും ഒരേ ആഹാരം. "ഈജിപ്തില്‍ വെറുതെ കിട്ടിയിരുന്ന മത്സ്യം, വെള്ളരിക്ക, മത്തങ്ങ, സവോള, ചുവന്നുള്ളി, വെളുത്തുള്ളി, ഇവയൊക്കെ ഞങ്ങള്‍ ഓര്‍ക്കുന്നു. ഇവിടെ ഞങ്ങളുടെ പ്രാണന്‍ പോകുന്നു. ഈ മന്നായല്ലാതെ മറ്റൊന്നും കാണാനില്ല."(സംഖ്യ 11, 5-6). "ഈ വിലകെട്ട അപ്പം തിന്ന് ഞങ്ങള്‍ മടുത്തു"(സംഖ്യ 21, 5).

വിശപ്പടക്കാന്‍ എന്തെങ്കിലും മതിയെന്ന് കരുതിയവര്‍ക്ക് മന്നാ സ്വര്‍ഗ്ഗീയഭോജ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു പോരാ.  മാംസാഹാരം തന്നെ വേണം. "ആരാണ് ഞങ്ങള്‍ക്ക് ഭക്ഷിക്കാന്‍ മാംസം തരുക?"(സംഖ്യ 11, 5)വിശപ്പില്ലാത്തവര്‍ക്ക് ആസക്തി ഉണര്‍ന്നു. വിശിഷ്ടഭോജ്യങ്ങള്‍ വേണം. ഇവിടെ ഒരു പുതിയ സംസ്കാരം രൂപപ്പെടുന്നതു കാണാം -ആര്‍ത്തിയുടെയും ആസക്തിയുടെയും സംസ്കാരം. വിശപ്പടക്കാന്‍ ആഹാരമല്ല ഇവിടെ ആവശ്യം. തങ്ങളുടെ രുചിഭേദങ്ങളെ തൃപ്തിപ്പെടുത്തുന്ന വിശിഷ്ടഭോജ്യങ്ങളാണ്. ദൈവം സൗജന്യദാനമായി നല്‍കുന്ന പ്രകൃതിവിഭവങ്ങള്‍ കൊണ്ടു തൃപ്തിയാവാതെ കൂടുതല്‍ രുചികരമായവയ്ക്കുവേണ്ടി മുറവിളികൂട്ടിയവര്‍ക്ക് ദൈവം നല്കിയ മറുപടിയും തുടര്‍ന്നുണ്ടായ അനുഭവവും സാമൂഹ്യനീതിയെ സംബന്ധിച്ച് ഇന്നും വളരെ വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നുണ്ട്.

വ്യര്‍ത്ഥമായ പരാതി കേട്ട ദൈവം മോശയിലൂടെ പ്രതികരിച്ചു:"കര്‍ത്താവു നിങ്ങള്‍ക്കു മാംസം തരും, നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യും.  ഒന്നോ, രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേയ്ക്കല്ല നിങ്ങള്‍ അതു തിന്നുക. നിങ്ങളുടെ മൂക്കിലൂടെ പുറത്തുവന്ന് ഓക്കാനിക്കുന്നതുവരെ ഒരു മാസത്തേയ്ക്ക് നിങ്ങള്‍ അതു തിന്നും" (സംഖ്യ 11,19-20). പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. കര്‍ത്താവയച്ച കാറ്റിന്‍റെ ചിറകില്‍ കാടപക്ഷികള്‍ വന്നു; പാളയത്തിനു ചുറ്റും ഏതാണ്ട് പത്തു കിലോമീറ്റര്‍ വ്യാസാര്‍ദ്ധത്തില്‍ രണ്ടു മുഴം ഘനത്തില്‍ അവ കിടന്നു. ആര്‍ത്തി പൂണ്ട ജനം വാരിക്കൂട്ടി; കൊന്നു തിന്നു. തിന്നുതിന്ന് ഛര്‍ദ്ദിച്ച്, ആ ഛര്‍ദ്ദിയില്‍ കിടന്ന് അവര്‍ ചത്തു. അങ്ങനെ ആ സ്ഥലത്തിന് ആര്‍ത്തിയുടെ ശവക്കുഴി എന്ന അര്‍ത്ഥമുള്ള "കിബ് റോത്ത ഹത്താവാ" എന്ന പേരുണ്ടായി.

ആര്‍ത്തിയുടെയും ഒന്നുകൊണ്ടും തൃപ്തിയാകാത്ത ആസക്തിയുടെയും സംസ്കാരം ശവക്കുഴിയിലേക്കാണ് നയിക്കുക എന്ന വ്യക്തമായ താക്കീതാണ് " കിബ് റോത്ത ഹത്താവ." ചരിത്രത്തില്‍ എത്ര തവണ ആവര്‍ത്തിച്ചു കണ്ടിട്ടും ഇന്നും നാം പഠിക്കാത്ത വിലപ്പെട്ട ഒരു പാഠമാണ് ഈ പേരുവഴി ബൈബിള്‍ കൈമാറിത്തരുന്നത്. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ഈ പാഠം പ്രസക്തമാകുന്നത്. വസ്ത്രം, പാര്‍പ്പിടം, യാത്രാ സൗകര്യങ്ങള്‍, വാഹനങ്ങള്‍, വിനോദങ്ങള്‍, ആഘോഷങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കിബ് റോത്ത ഹത്താവ പ്രസക്തമാകുന്നു.

ഈ പാഠം പഠിക്കാത്തതുകൊണ്ടല്ലേ ഭൂമിയിലെ ജനസംഖ്യയുടെ മൂന്നില്‍ ഒരു ഭാഗം ഒരു നേരം പോലും വിശപ്പടക്കാന്‍ ആഹാരം കിട്ടാതെ വലയുമ്പോള്‍ ഒരു ചെറിയ വിഭാഗം അമിതാഹാരത്തിന്‍റെ ഭാരം പേറി രോഗികളാകുന്നു? കേറിക്കിടക്കാന്‍ സ്വന്തമായൊരു ചെറ്റക്കുടില്‍പോലും ഇല്ലാതെ കോടിക്കണക്കിന് ജനങ്ങള്‍ നരകിക്കുമ്പോള്‍ കോടികള്‍ മുടക്കി മനോഹര മാളികകള്‍ നിര്‍മ്മിക്കാന്‍ "സമ്പന്നര്‍ക്ക്" കഴിയുന്നു? ദൈവത്തിന്‍റെ പേരില്‍ പോലും ഈ ആര്‍ത്തിയുടെയും ആസക്തിയുടെയും സംസ്കാരം വളരുന്നില്ലേ എന്ന സംശയം ഉയരുന്നു. അലസതയും ആര്‍ത്തിയും ആസക്തിയും നീതിനിഷ്ഠമായ ഒരു സമൂഹമല്ല ശവക്കുഴികളായ "കിബ് റോത്ത് ഹത്താവാ" ആയിരിക്കും നിര്‍മ്മിക്കുക എന്ന് ഈ സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.

You can share this post!

ശാന്തപദം സുരക്ഷിതം

സഖേര്‍
അടുത്ത രചന

മനോനില ചിത്രണം

ടോം മാത്യു
Related Posts