വിദേശത്തേയ്ക്കു പോകുന്ന ഒരച്ചനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയി. എയര്‍ പോര്‍ട്ടിലിറങ്ങി അച്ചന്‍ ട്രോളിയെടുക്കാന്‍ പോയപ്പോഴേയ്ക്കും വണ്ടിയുടെ പുറകിലിരുന്ന ലഗ്ഗേജ് എടുക്കാന്‍ വേണ്ടി ഞാന്‍ ഡിക്കിതുറന്നു. സാമാന്യം ഭാരമുണ്ടായിരുന്ന സ്യൂട്കേയ്സ് താഴെയിറക്കാന്‍ ഞാന്‍ ബദ്ധപ്പെടുന്നതുകണ്ട് അവിടെനിന്നിരുന്ന ഒരാള്‍ ഓടിവന്ന് എന്നെ സഹായിച്ചു. അതു ട്രോളിയില്‍ എടുത്തുവച്ചതും അയാള്‍തന്നെ. അച്ചന്‍ യാത്രയുംപറഞ്ഞ് ട്രോളിയു മുന്തിപോയയുടനെ സഹായിക്ക് ഒരു നന്ദിയും പറഞ്ഞു ഞാന്‍ വണ്ടിയില്‍ കയറിയപ്പോഴേയ്ക്കും അയാള്‍ ഓടിവന്ന് ബസ്റ്റോപ്പില്‍വരെ ഒന്നിറക്കാമോ എന്നു ചോദിച്ചു. അതിരാവിലെ എയര്‍പോര്‍ട്ടില്‍ നിന്നും ബസ്സില്ലാത്തതുകൊണ്ടാണെന്ന് വിശദീകരണവും തന്നു. കൂടുതലൊന്നും ചോദിക്കാതെ കയറിക്കൊള്ളാനും പറഞ്ഞു. അല്പം നീങ്ങിയ പ്പോളയാള്‍ അയാള്‍ സംസാരിക്കാന്‍ തുടങ്ങി.
"അച്ചന്മാരാണെന്നു തോന്നിയതുകൊണ്ടാണ് ഞാനിങ്ങനെയൊരു സഹായം ചോദിച്ചത്. രാവിലെ വെറുതെ ബസ്റ്റോപ്പുവരെ ടാക്സിക്കാശു കളയേണ്ടാല്ലോന്നു കരുതി."
ഞാനതിനു മറുപടിയൊന്നും പറയാതിരുന്നതു കൊണ്ട് അയാള്‍തന്നെ സംസാരം തുടര്‍ന്നു.
"ഞാനും ഒരച്ചന്‍റെ ഡ്രൈവറാ. അച്ചനും ഇന്നു രാവിലത്തെ ഫ്ളൈറ്റിനു പോകും. ഞാന്‍ അച്ചനെ കൊണ്ടുവന്നുവിടാന്‍ വന്നതാണ്."
ചെക്കൗട്ട് ഗേറ്റിനടുത്തു കൂപ്പണ്‍ കാണിക്കുന്ന തിരക്കില്‍ ആയിരുന്നതുകൊണ്ട് അതിനും ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.
"അച്ചനിനി തിങ്കളാഴ്ചയെ തിരിച്ചുവരൂ. അന്നു വന്നു കൂട്ടിക്കൊണ്ടു പോയാല്‍മതി. നാലു ദിവസമല്ലേയുള്ളു. വണ്ടീംകൊണ്ടുതിരിച്ചുപോയാല്‍ രണ്ടുമുന്നുമണിക്കൂറങ്ങോട്ടും നാലുദിവസം കഴിഞ്ഞിങ്ങോട്ടും ഓടണ്ടേ, അതുകൊണ്ടു വണ്ടി ഞാന്‍ പാര്‍ക്കിങ്ങിലിട്ട് പാസ്സുംവാങ്ങി ആരെങ്കിലും ടാക്സിയില്‍ വന്നിറങ്ങുന്നവരുണ്ടോന്നു നോക്കിനില്ക്കുകയായിരുന്നു അതിലെങ്ങാനും കയറി ബസ്റ്റോപ്പിലിറങ്ങാന്‍. അപ്പഴാണച്ചന്മാരെക്കണ്ടത്."
പെട്ടെന്നു മനസ്സിലൊരു ചിന്ത. ഇയാളും ഞാന്‍ പോകുന്ന വഴിക്കുതന്നെയാണെങ്കില്‍ അത്രയുംദൂരം അയാളു ഡ്രൈവുചെയ്യുമല്ലോ. ലോഹ്യംകൂടാന്‍ തന്നെ തീരുമാനിച്ചു.
"ഇദ്ദേഹം സഹായിച്ചതുകൊണ്ട് ആ പെട്ടിയിറക്കാന്‍ എനിക്ക് എളുപ്പമായി. നടുവു നല്ല കണ്ടീഷനല്ല. അച്ചനേം കൊണ്ടു വന്നതാണെന്നുപറഞ്ഞു. എവിടെനിന്നാണെന്നു സ്ഥലംപറഞ്ഞില്ല."
തുടക്കമിട്ടുകൊടുത്തപ്പോള്‍ ആള്‍ക്കു നല്ല ഉത്സാഹമായി. സ്ഥലത്തെപ്പറ്റിയും അച്ചനെപ്പറ്റിയും സ്ഥാപനത്തെപ്പറ്റിയുമൊക്കെ പറഞ്ഞുതുടങ്ങി. അപ്പോഴേയ്ക്കും മെയിന്‍റോഡെത്താറായി. ആളു കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗുമെടുത്ത് ഇറങ്ങാന്‍ റെഡിയാകുകയായിരുന്നു.
"നമുക്കുരണ്ടുപേര്‍ക്കും പോകാനുള്ള മുക്കാലും വഴി ഒന്നുതന്നെയാ. എങ്കില്‍പിന്നെ ഒന്നിച്ചങ്ങു പോയാല്‍പോരെ, എനിക്കൊരു കൂട്ടുമാകുമല്ലോ." ഞാന്‍ പറഞ്ഞു.
"എനിക്കിനി ഇവിടെനിന്നു ബസ്സുകിട്ടും, പിന്നെ കൂടെവരുന്നതില്‍ അച്ചനുബുദ്ധിമുട്ടില്ലെങ്കില്‍ എനിക്കും സൗകര്യമായിരുന്നു."
"എന്നാല്‍ വാ, നമുക്കാ ഇന്‍ഡ്യന്‍ കോഫീ ഹൗസില്‍നിന്നല്പം ഭക്ഷണവും കഴിച്ചിട്ടാകാം യാത്ര."
കാപ്പികുടിക്കുന്നതിനിടയില്‍ ഡ്രൈവുചെയ്യുന്ന കാര്യം അങ്ങേരേറ്റെടുത്തു. എനിക്കത്രയും ആശ്വാസമായി. ഡ്രൈവുചെയ്യുന്നതിനിടയിലായാലും യാത്രയിലായാലും വഴിയില്‍ പള്ളികാണുമ്പോഴൊക്കെ കുരിശുവരയ്ക്കുന്നശീലം പണ്ട് അമ്മ പറഞ്ഞുതന്നത് ഇന്നും മുടക്കാറില്ല. അങ്ങനെ ഒന്നുരണ്ടിടത്തു ഞാന്‍ ചെയ്യുന്നതു കണ്ടപ്പോള്‍ അതിനെപ്പറ്റിയായി പിന്നെ അയാളുടെ സംസാരം.
"കുറേക്കാലംമുമ്പുവരെ ഞാനും അങ്ങനാരുന്നച്ചാ. പള്ളികണ്ടാല്‍ കുരിശുവരയ്ക്കും, വല്യപള്ളി കണ്ടാല്‍ നേര്‍ച്ചയിടും. അതുപോലെ പള്ളീപ്പോക്കും എല്ലാമുണ്ടായിരുന്നു. ഇപ്പഴതെല്ലാം നിര്‍ത്തി. ഞാന്‍ വേറൊരു ഗ്രൂപ്പിന്‍റെകൂടെചേര്‍ന്നു."
"ഇന്നിപ്പളതൊക്കെ ഒരു രീതിയല്ലെ. ഏതുകാര്യത്തിലും സഭയായാലും വിശ്വാസമായാലും ഇനീം കെട്ടിയോനും കെട്ടിയോളും ആയാല്‍പോലും ഇഷ്ടമില്ലെങ്കില്‍ ഒരുളുപ്പുമില്ലാതെ മാറിയെടുക്കുന്നതാണല്ലോ ഇപ്പോളത്തെ ഒരിത്." അത്ര ഇഷ്ടപ്പെ ടാത്തമട്ടില്‍ ഞാന്‍ പറഞ്ഞു.
"ഒരുകണക്കിന് അച്ചന്‍പറഞ്ഞതു ശരിയാ. പക്ഷെ വല്ലാതെ വെറുത്തുപോയതുകൊണ്ടു ചെയ്തതാ. പറഞ്ഞാലൊത്തിരിയൊണ്ടച്ചാ. അച്ചനോടുതന്നെ അച്ചന്മാരെപ്പറ്റിയും കന്യാസ്ത്രിമാരെപ്പറ്റിയും പറയുന്നതു ശരിയല്ലെന്നറിയാം. എന്നാലും എന്‍റെ അവസ്ഥമനസ്സിലാക്കാന്‍ വേണ്ടിമാത്രം അവസാനമുണ്ടായ കാര്യം പറയാം. എനിക്കു മക്കളു മൂന്നുപേരുണ്ട്. ഞാന്‍ കല്യാണം കഴിക്കുന്നതിനുമുമ്പുതന്നെ പലയിടത്തായിട്ടു വര്‍ഷങ്ങളായി അച്ചന്മാരുടെയും സിസ്റ്റേഴ്സിന്‍റെയും ഡ്രൈവറാണ്. ആ ബന്ധംവച്ച് വല്യ ഡൊണേഷന്‍ കൊടുക്കാതെ മക്കള്‍ക്ക് സിസ്റ്റേഴ്സിന്‍റെ വല്യ സ്കൂളില്‍ അഡ്മിഷന്‍ കൊടുത്തു. എന്‍റെ മക്കളുമൂന്നും എന്‍റെ കഷ്ടകാലത്തിന് പഠിക്കാന്‍ അത്ര സമര്‍ത്ഥരല്ലാതെ പോയി. മൂത്തയാള് ഏഴാംക്ളാസ്സുകഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്ററു വിളിച്ചുപറഞ്ഞു ഏഴാംക്ലാസ്സു പാസ്സാക്കിത്തരാം എട്ടാംക്ലാസ്സില്‍ വേറെവിടെങ്കിലും ചേര്‍ക്കണം. ആ സ്കൂളില്‍ പഠിക്കാനുള്ള സ്റ്റാന്‍റാര്‍ഡില്ലെന്ന്. ഞാനാവുന്നതു താണുപറഞ്ഞുനോക്കി. സമ്മതിച്ചില്ല. പിന്നെയുള്ള സ്കൂള് രണ്ടുകിലോമീറ്ററകലെയുള്ള ഗവണ്മെന്‍റു സ്കൂളാണ്, അല്ലെങ്കില്‍ അല്പംകൂടെ അകലെയുള്ള മറ്റൊരു സമുദായം നടത്തുന്ന സ്കൂളാണ്. ഗവണ്മെന്‍റുസ്കൂളിനെക്കാളും അല്പംമെച്ചം മറ്റെസ്കൂളായതുകൊണ്ട് അങ്ങോട്ടു റ്റിസി വാങ്ങിപ്പോന്നു. രണ്ടാമത്തെക്കുട്ടിയുടെ കാര്യത്തിലെങ്കിലും അവരു പരിഗണന കാണിക്കുമെന്നു പ്രതീക്ഷിച്ചു. പക്ഷെ അവളെയും അവരു പറഞ്ഞുവിട്ടു. അതോടെ മൂന്നാമത്തെ കുട്ടിയെയും അവിടെനിന്നു ഞാന്‍ തന്നെമാറ്റി ഇപ്പോള്‍ മൂന്നുപേരും തൊട്ടടുത്ത് ഈ സ്കൂളുള്ളപ്പോഴും മൂന്നുകിലോമീറ്ററകലെ മറ്റൊരു സമുദായം നടത്തുന്ന സ്കൂളില്‍ പഠിക്കുന്നു. മൂന്നു പെണ്‍കുട്ടികളാണെന്നെങ്കിലും അവരോര്‍ക്കണ്ടായിരുന്നോ അച്ചാ. കന്യാസ്ത്രികളാകുമ്പോള്‍ സ്വന്തം സമുദായത്തില്‍പെട്ട പെണ്‍കുട്ടികളാണെന്നെങ്കിലും കരുതി അവരെ ഒന്നു സഹായിക്കാമായിരുന്നില്ലേ. പലരും പറഞ്ഞതാ കേസുകൊടുക്കാന്‍. എന്നാ കേസുകൊടുത്താലും പണവും സ്വാധീനവുമല്ലെ വിജയിക്കു. തന്നെയല്ല, കേസുകൊടുത്തു ജയിച്ച് കുട്ടികളെ തിരിച്ചവിടെ എടുപ്പിച്ചാലും അവരെ ഏതൊക്കെത്തരത്തില്‍ പീഡിപ്പിക്കും എന്നെനിക്കറിയാം. വഴക്കിനൊന്നും പോകാത്തതുകൊണ്ട് കുട്ടികളുടെ മനസ്സില്‍ വെറുപ്പും അരിശോമൊന്നുമില്ലാതെ അവരു മനസ്സമാധാനത്തില്‍ പഠിക്കുന്നു."
"നിങ്ങള്‍ക്ക് നിങ്ങളു ജോലിചെയ്യുന്ന സ്ഥാപനത്തിലെ അച്ചനോടു പറയാന്‍ പാടില്ലായിരുന്നോ?"
"അവിടേം നടക്കുന്നത് അതുതന്നെയാ, ഉള്ളജോലീന്നുംകൂടെ പിരിച്ചുവിട്ടാല്‍പിന്നെ അതുംകൂടെ താങ്ങാന്‍ ബുദ്ധിമുട്ടാകും. അതു കൊണ്ടു നോക്കിയിട്ടു ഞാന്‍കണ്ട പ്രതിവിധി ഇതായിരുന്നു. ഇവരൊക്കെചൊല്ലുന്ന കുര്‍ബ്ബാനേം വേണ്ട, ഇവരൊക്കെപ്പറയുന്ന പ്രസംഗോംകേക്കണ്ട, അല്ലാതെതന്നെ ജീവിക്കാമോന്നു നോക്കട്ടെയെന്നു വച്ചു. അങ്ങനെ പള്ളീപ്പോക്കുംനിര്‍ത്തി, കുരിശു വരേംനിര്‍ത്തി. മക്കളും ഭാര്യേം പോകുന്നുണ്ട്. അതു വേണ്ടെന്നു പറയാന്‍ എനിക്കവകാശമില്ലല്ലോ." നീണ്ട മൗനം.
അയാളുടെ മൗനത്തോടു ഞാനും കൂട്ടുചേര്‍ന്നു. കുറെനേരം കഴിഞ്ഞു ഞാനാത്മഗതംപോലെ ഉറക്കെപ്പറഞ്ഞു:
"ഒരുപിടി കുഴമണ്ണും, ഒരു മെഴുകുതിരിയും നല്ല വെയിലത്തുവയ്ക്കുക. ഒരുമണിക്കൂര്‍കഴിഞ്ഞ് എടുത്തുനോക്കുക. ഒരാകൃതിയുമില്ലാത്ത ഒരുമണ്‍കട്ടകിട്ടും, മെഴുകുതിരിയോ?.. ഉരുകിമയപ്പെട്ട് ഏതാകൃതിയും കൊടുക്കാന്‍ പാകത്തിന് മാര്‍ദ്ദവമുള്ളതായിരിക്കും. ജീവിതാനുഭവങ്ങള്‍ നമ്മെ കടുപ്പിച്ചു പരുഷരാക്കാം. അതേസമയം മയപ്പെടുത്തി രൂപപ്പെടുത്താനുമുതകാം. ഏതുവേണമെന്നു തീരുമാനിക്കേണ്ടത് അച്ചനും കന്യാസ്ത്രിയുമല്ല, അവനവനാണ്."
നിശ്ശബ്ദമായ യാത്രയായിരുന്നു പീന്നീട്. പക്ഷെ ഒന്നു ഞാന്‍ ശ്രദ്ധിച്ചു, വഴിയരികില്‍ അടുത്ത പള്ളികണ്ടപ്പോള്‍ എനിക്കുമുമ്പേ അയാള്‍ കുരിശുവരച്ചു.