news-details
സാമൂഹിക നീതി ബൈബിളിൽ

തീർത്ഥാടനം - പ്രലോഭനങ്ങൾ

3. അധികാരമോഹം

തീര്‍ത്ഥാടകര്‍ നേരിട്ട മറ്റൊരു വലിയ പ്രലോഭനമായിരുന്നു അധികാരമോഹം. ജനത്തെ വാഗ്ദത്തഭൂമിയുടെ സ്വാതന്ത്ര്യത്തിലേക്കു നയിക്കാനായി മോശയെയും സഹായിക്കാന്‍ അഹറോനെയും നിശ്ചയിച്ചതു ദൈവമായിരുന്നു. നേതൃത്വവും അധികാരവും അതു സമൂഹത്തില്‍ നല്കുന്ന ഉന്നതസ്ഥാനവും അഭികാമ്യമായി കരുതി സ്വന്തമാക്കാനുള്ള ശ്രമം ജനത്തിനിടയിലുണ്ടായി. മോശയുടെ സ്വന്തം സഹോദരങ്ങളും സഹപ്രവര്‍ത്തകരുമായ അഹറോനും മിരിയാമും പോലും ഈ പ്രലോഭനത്തിനു വശംവദരായി. "കര്‍ത്താവ് മോശ വഴി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ എന്നവര്‍ ചോദിച്ചു"(സംഖ്യ 12,2).

ജനത്തെ നയിക്കുകയും അവരുടെ പരാതികള്‍ കേട്ട് തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്യാന്‍വേണ്ടി ദൈവം തന്നെ ആവശ്യപ്പെട്ടതനുസരിച്ച് സഹായികളെ നിശ്ചയിക്കുന്ന സംഭവത്തിലും അധികാരമോഹത്തിന്‍റെ ദുര്‍മുഖം കാണാം. തിരഞ്ഞെടുക്കപ്പെട്ട എഴുപതുപേരില്‍ മോശയുടെ മേലുണ്ടായിരുന്ന ദൈവിക ചൈതന്യം അയയ്ക്കപ്പെട്ടപ്പോള്‍, പാളയത്തിനു പുറത്ത് രണ്ടുപേര്‍ക്കും അതേ ചൈതന്യം ലഭിച്ചു. മോശയുടെ സേവകനായ ജോഷ്വായ്ക്ക് ഇത് മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല: "പ്രഭോ അവരെ വിലക്കുക!"(സംഖ്യ 11.28) അധികാരം കൈവിട്ടുപോകുന്നു എന്നു കരുതിയതാവാം ജോഷ്വായുടെ ഈ പ്രതികരണത്തിനു കാരണം. എന്നാല്‍ മോശയ്ക്ക് ഈ ഭയമുണ്ടായിരുന്നില്ല: "നീ എന്നെ പ്രതി അസൂയപ്പെടുന്നുവോ? കര്‍ത്താവിന്‍റെ ജനം മുഴുവന്‍ പ്രവാചകന്മാരാവുകയും അവിടുന്ന് തന്‍റെ ആത്മാവിനെ അവര്‍ക്കു നല്‍കുകയും ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു" (സംഖ്യ 11, 29) എന്ന മറുപടി ഇത് വ്യക്തമാക്കുന്നു.

പൗരോഹിത്യത്തിന്‍റെ കാര്യത്തിലും ഈ അധികാരമോഹം ദൃശ്യമായി. കോറഹിന്‍റെ നേതൃത്വത്തില്‍ മോശയ്ക്കും അഹറോനും എതിരേ പ്രതിഷേധമുയര്‍ത്തി നേതൃത്വം പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം സംഖ്യ 16ല്‍ വിശദമായി വിവരിക്കുന്നുണ്ട്. ഇവിടെയും അധികാരമോഹം ദൈവം അംഗീകരിക്കുന്നില്ല. മോശയുടെ  അധികാരത്തെ ചോദ്യം ചെയ്ത മിരിയാമിനു കുഷ്ഠം ബാധിച്ചു; പൗരോഹിത്യാധികാരം സ്വയം ഏറ്റെടുക്കാന്‍ ശ്രമിച്ച കോറഹിന്‍റെ സംഘത്തെ ഭൂമി വിഴുങ്ങി; സംഘത്തില്‍ അവശേഷിച്ചവരെ അഗ്നിയും(സംഖ്യ 16, 31-35).

അധികാരമോഹം മോശയുടെ കാലത്തെ ഒരു സവിശേഷത മാത്രമല്ലല്ലോ? രാഷ്ട്രീയ - സാമൂഹിക - മതതലങ്ങളിലെല്ലാം എന്നത്തേക്കാളേറെ ഈ പ്രവണത ശക്തിപ്പെടുന്നതു കാണാം. അതുകൊണ്ടായിരിക്കണമല്ലോ ക്രിസ്തുവിന്‍റെ സഭയില്‍ അധികാരസ്ഥാനമോഹികള്‍ക്ക്(carrierism) സ്ഥലമില്ല എന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ പരസ്യമായി താക്കീതു നല്‍കിയത്. പഞ്ചായത്തുതലം മുതല്‍ ദേശീയതലം വരെ എല്ലാ മേഖലകളിലും അധികാരത്തിനുവേണ്ടി നടക്കുന്ന മത്സരങ്ങള്‍, അതിനുവേണ്ടി നടക്കുന്ന ഉപജാപങ്ങള്‍, കുത്സിതമാര്‍ഗ്ഗങ്ങള്‍, ഭീകരപ്രവൃത്തികള്‍ എല്ലാം അനുദിനം നാം കാണുന്നു. സമ്പത്തും സുഖഭോഗങ്ങളും സമൂഹത്തില്‍ സ്ഥാനമാനങ്ങളും ആര്‍ജിക്കാനുള്ള ഉപാധിയായി അധികാരം കരുതപ്പെടുന്നിടത്ത് എങ്ങനെയാണ് സാമൂഹ്യനീതി പുലരുക? അധികാരമെന്നാല്‍ ആധിപത്യത്തിനുള്ള അനുമതിയല്ല, സേവനത്തിനുള്ള കടമയും അവകാശവും ആണെന്നു പഠിപ്പിക്കാന്‍ നസ്രത്തിലെ തച്ചന്‍ ഒന്നുകൂടെ അവതരിക്കേണ്ടി വരുമോ?

4. ഭീരുത്വം

വാഗ്ദത്തഭൂമിയിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ ജനം നേരിട്ട മറ്റൊരു പ്രലോഭനമായിരുന്നു ഭീരുത്വം. ഉടമ്പടിയുടെ മലയില്‍നിന്ന് ദൈവത്തിന്‍റെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനം എന്ന അവബോധത്തോടെ പന്ത്രണ്ടു ഗോത്രങ്ങള്‍ യുദ്ധത്തിനൊരുങ്ങി, അണിയണിയായി മുന്നേറി, വാഗ്ദത്തഭൂമിയിലേയ്ക്ക്. ഉടമ്പടിയുടെ പേടകം, മുന്‍പേ പോയി. കര്‍ത്താവിന്‍റെ മേഘം അവര്‍ക്കു വഴികാട്ടി(സംഖ്യ 10). ജനം സന്തോഷത്തോടെ അനുഗമിച്ചു. എന്നാല്‍ നിര്‍ണ്ണായകനിമിഷത്തില്‍ എല്ലാ പ്രതീഷകളും തകര്‍ന്നടിഞ്ഞു.

പാരാന്‍ മരുഭൂമിയില്‍ കാദെശ്ബര്‍ണെയായിലെ പാളയത്തില്‍നിന്ന് മോശ പന്ത്രണ്ടു ഗോത്രപ്രതിനിധികളെ കാനാന്‍ ദേശം നിരീക്ഷിക്കാനായി പറഞ്ഞയച്ചു. നാല്പതുദിവസത്തെ രഹസ്യനിരീക്ഷണത്തിനുശേഷം മടങ്ങിയെത്തിയ ചാരന്മാര്‍ ദേശത്തെക്കുറിച്ചു വിശദമായ വിവരണം നല്കി. തേനും പാലും ഒഴുകുന്ന നാട്. ദൈവം തങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന പറുദീസ സമാനമായ, ദേശത്തുനിന്ന് അവര്‍ കൊണ്ടുവന്ന മുന്തിരിക്കുലയും പഴങ്ങളും  ദേശത്തിന്‍റെ സമൃദ്ധിയുടെയും ഫലപുഷ്ടിയുടെയും വ്യക്തമായ അടയാളങ്ങളായിരുന്നു. ഇനി ഒന്നേ ചെയ്യാനുള്ളൂ. ഒറ്റക്കെട്ടായി മുന്നേറുക, കടന്നുചെന്നാക്രമിക്കുക, ദേശം കൈവശപ്പെടുത്തുക. അതിനു തങ്ങള്‍ക്കു സാധിക്കും എന്നു കാലെബും ജോഷ്വായും പറഞ്ഞെങ്കിലും മറ്റു പത്തുപേര്‍ അതിനെ എതിര്‍ത്തു. "ഞങ്ങള്‍ ഒറ്റുനോക്കിയ ദേശം അവിടെ വസിക്കാന്‍ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്നതാണ്. അവിടെ ഞങ്ങള്‍ കണ്ട മനുഷ്യരോ അതികായകന്‍മാര്‍... അവരുടെ മുന്‍പില്‍ ഞങ്ങള്‍ വെറും വിട്ടിലുകളാണെന്നു ഞങ്ങള്‍ക്കു തോന്നി. അവര്‍ക്കു ഞങ്ങളെക്കുറിച്ചും അങ്ങനെ തോന്നിയിരിക്കണം"(സംഖ്യ 13,32-33).

ഈ വാര്‍ത്ത കേട്ടു ഭയന്നു വിറച്ച ജനം രാത്രി മുഴുവന്‍ ഉറക്കെ നിലവിളിച്ചു. യുദ്ധത്തിനു പുറപ്പെടാന്‍ വിസമ്മതിച്ചു. വാഗ്ദത്തഭൂമിയുടെ പടിവാതില്‍ക്കല്‍ എത്തിയവര്‍ അങ്ങനെ പിന്തിരിഞ്ഞ് മരുഭൂമിയിലൂടെ നാല്പതുവര്‍ഷം അലയേണ്ടി വന്നു. ഭയന്നു പിന്‍മാറിയ ആ ഒരു തലമുറ മുഴുവന്‍ മരുഭൂമിയില്‍ മരിച്ചു മണ്ണടിഞ്ഞതിനുശേഷമാണ് വാഗ്ദത്തഭൂമിയില്‍ ജനത്തിനു പ്രവേശിക്കാന്‍ കഴിഞ്ഞത്. സാമൂഹ്യനീതിയെയും വാഗ്ദത്തഭൂമിയെയും സംബന്ധിച്ച് സുപ്രധാനമായൊരു പാഠം ഈ വിവരണത്തിലുണ്ട്. അലസര്‍ക്കും ഭീരുക്കള്‍ക്കും സൗജന്യമായി ലഭിക്കുന്ന ദാനമല്ല വാഗ്ദത്തഭൂമിയെന്ന ദൈവരാജ്യം. അതിനുവേണ്ടി അധ്വാനിക്കണം; ക്ലേശിക്കണം; അപകടകരമായ വഴികളിലൂടെ മുന്നേറാന്‍ തയ്യാറാകണം. പരാജയ ഭീതിയോടെ പിന്‍തിരിയുന്നവര്‍ക്ക് അവിടെ പ്രവേശനം സാധ്യമാവില്ല.

എന്നും പ്രസക്തമായൊരു പാഠമാണിത്. രക്ഷാചരിത്രം അതിന്‍റെ പരിസമാപ്തിയിലെത്തുമ്പോള്‍ സംജാതമാകുന്ന പുതിയ ഭൂമിയില്‍നിന്നു പുറന്തള്ളുന്നവരുടെ പട്ടികയില്‍ ആദ്യമേ വരുന്നതു ഭീരുക്കളാണ്. "എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മ്മാര്‍ഗ്ഗികള്‍..... എന്നിവരുടെ ഓഹരി തീയും ഗന്ധവുമെരിയുന്ന തടാകമായിരിക്കും" (വെളി 21,8). ക്രിസ്തുവിശ്വാസിക്ക് ഒരിക്കലും ഭീരുവായിരിക്കാന്‍ കഴിയുകയില്ല. ജീവന്‍പോലും നഷ്ടപ്പെടുത്താന്‍ സന്നദ്ധരാകുന്നവര്‍ക്കേ യേശുവിനെ അനുഗമിക്കാന്‍ കഴിയൂ. അതു മറ്റുള്ളവരെ വധിക്കാന്‍ വേണ്ടി നടത്തുന്ന സാഹസവും അക്രമവുമല്ല, അപരനുവേണ്ടി ജീവന്‍ത്യജിക്കാനുള്ള സന്നദ്ധതയാണ്. നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവരെ ഭാഗ്യവാന്മാരെന്നു വിളിച്ചുകൊണ്ട് അവര്‍ക്കു നല്‍കുന്ന വാഗ്ദാനം, അഥവാ ഉറപ്പ് "സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്" (മത്താ 5,10) ഈ സത്യം ഉറക്കെ പ്രഘോഷിക്കുന്നു.

നീതി വസിക്കുന്ന സംവിധാനം സംജാതമാകണമെങ്കില്‍ അതിനുള്ള വില കൊടുക്കാന്‍ തയ്യാറാകണം. പ്രതിബന്ധങ്ങള്‍ കണ്ടു ഭയന്നു പിന്മാറിയാല്‍ പരാജയം നിശ്ചയം. നേരെമറിച്ച്, ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് അവിടുത്തെ കല്പനകളനുസരിച്ച് ജീവിക്കാന്‍ തയ്യാറാകുന്നിടത്ത് നീതി സ്ഥാപിക്കപ്പെടും. മരുഭൂമിയിലൂടെ ഇസ്രായേല്‍ ജനം നടത്തിയ തീര്‍ത്ഥാടനവും അവര്‍ നേരിട്ട പ്രലോഭനങ്ങളും നമ്മെ അനുസ്മരിപ്പിക്കുന്ന ഒരു സത്യമാണിത്. കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ക്ക് ധൈര്യമുണ്ടാകും. നീതിക്കുവേണ്ടി, തിന്മയുടെ ശക്തികള്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ ആത്യന്തിക വിജയം അവര്‍ക്കായിരിക്കും. ദാവീദിന്‍റെ മുമ്പില്‍ ഗോലിയാത്തെന്നപോലെ, വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നവരുടെ മുമ്പില്‍നിന്ന് മലകള്‍ എന്നതുപോലെ (മര്‍ക്കോ 11,23) പ്രതിബന്ധങ്ങള്‍ മാറും; വിജയം നിശ്ചയമാകും. ചെറിയവരിലൂടെ, ദുര്‍ബലം എന്നു കരുതപ്പെടുന്ന ചെറിയ സമൂഹങ്ങളിലൂടെയാണ് ദൈവം വലിയകാര്യങ്ങള്‍ ചെയ്യുന്നത്. ആത്യന്തികമായി നീതിയുടെ സ്ഥാപനം ദൈവത്തിന്‍റെ തന്നെ പ്രവൃത്തിയാണ്. നമ്മില്‍നിന്നാവശ്യപ്പെടുന്നത് നിര്‍ഭയവും ധീരവുമായ സഹകരണം മാത്രം.

You can share this post!

സ്മൃതി ബോബി

ജോസ് കട്ടികാട
അടുത്ത രചന

ആരാധനാഭാസങ്ങള്‍

മൈക്കിള്‍ കാരിമറ്റം
Related Posts