കരളത്തിലെത്തിയിരിക്കുന്ന പുതിയ വൈറസാണല്ലോ 'വെളി'. അത് ഒരുപാടുപേരെ ദിവസവും 'പെടുത്തി'ക്കൊണ്ടും പേടിപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു. അങ്ങനെ 'വളിപെടുത്തലു'കള്‍ പടര്‍ന്നുപിടിക്കുന്തോറും വെടിക്കെട്ടും പൂരവുമായി അതിനെ വരവേറ്റാഘോഷിക്കുന്ന നമ്മുടെ മലയാളം ചാനലുകളെ പൃഷ്ഠംകൊണ്ടുതന്നെ നമുക്കു നമിക്കാം.
പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ക്കായി ചാനലുകളിലേയ്ക്കു കണ്ണുംനട്ടിരിക്കുന്ന നമ്മള്‍ ഒരുപക്ഷേ ഓണ്‍ചെയ്യാനും റ്റ്യൂണ്‍ചെയ്യാനും കൂട്ടാക്കാതെപോകുന്ന, സ്വന്തംനെഞ്ചിനുള്ളിലെ ചില ചാനലുകളിലേയ്ക്ക് കണ്ണു തിരിക്കാനും, അതു തെളിയുന്ന മനസ്സാക്ഷിയുടെ മിനിസ്ക്രീനിലേയ്ക്കൊന്നു ശ്രദ്ധതിരിക്കാനുമൊരാഹ്വാന മാണിത്. കുമ്പസാരവും കൗണ്‍സലിങ്ങുകളുംവഴി വന്നുചേരുന്ന, ആരോടും വെളിപ്പെടുത്താനാവാത്ത, ഒരുതരത്തിലും സഹായിക്കാനാവാത്തതില്‍ നെഞ്ചിലെരിച്ചിലുണ്ടാക്കുന്ന, എണ്ണമില്ലാത്ത എപ്പിസോഡുകള്‍ പലപ്പോഴും ഉറക്കം കെടുത്താറുണ്ട്. ചിലരെങ്കിലും 'എനിക്കുണ്ടായ ഗതികേട് മറ്റുള്ളവര്‍ക്കെങ്കിലും വരാതിരിക്കാന്‍' എവിടെയും വിളിച്ചു പറയാന്‍ തയ്യാറാകുന്നവരുമുണ്ട്. അങ്ങനെയൊ രെണ്ണമാണിത്.
ഏഴെട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ടതിനു ശേഷം രണ്ടുമൂന്നു പ്രാവശ്യം അയാളു തനിച്ചും ഒന്നുരണ്ടു പ്രാവശ്യം ഭാര്യയും മൂന്നു മക്കളുമായും എന്നെക്കാണാന്‍ വന്നിട്ടുണ്ട്. ഗള്‍ഫില്‍ ജോലിചെയ്യുന്ന ആളാണ്. അവസാനം വന്നത് ഒരുവര്‍ഷംമുമ്പ് അയാള്‍ തനിച്ചായിരുന്നു. അന്നു കണ്ടുപിരിഞ്ഞതില്‍ പിന്നീട് ആളിനെപ്പറ്റി യാതൊന്നും അറിയില്ല. നാട്ടിലെയും മറുനാട്ടിലെയും അഡ്രസ്സും ഫോണ്‍നമ്പരും അറിയാമെങ്കിലും അയാള്‍ക്കുകൊടുത്ത വാക്കു മാനിച്ച് പിന്നീടു ഞാന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല.
പത്തുപതിനഞ്ചുവര്‍ഷങ്ങളായി ഗള്‍ഫുരാജ്യങ്ങളിലെ പള്ളികളില്‍ വിളിക്കുമ്പോള്‍ സഹായിക്കാന്‍ പോകാറുണ്ട്. അങ്ങനെയൊരവസരത്തില്‍ അവിടെ ഒരിടത്തുവച്ചുണ്ടായ പരിചയമാണ് അയാളും കുടുംബവുമായി. അതിനിടയാക്കിയ സാഹചര്യമാണു വിചിത്രം. വൈകുന്നേരങ്ങളിലാണ് എല്ലാദിവസവും കുര്‍ബ്ബാന. സാധാരണ ഒമ്പതുമണിയും ചിലദിവസങ്ങളില്‍ പത്തുമണിയുമാകും പള്ളിയിലെ കര്‍മ്മങ്ങള്‍ കഴിയാന്‍. പള്ളിയില്‍നിന്നും തിരികെപ്പോകുമ്പോഴാണ് സാധാരണ മിക്കവരുംതന്നെ കടകളില്‍ കയറുന്നത്. എന്തുംകിട്ടുന്ന വമ്പന്‍ മാളുകള്‍ ഏറെയുണ്ട് എല്ലായിടത്തും. അന്ന് കുര്‍ബ്ബാനയുംകഴിഞ്ഞ് ഞാനും ഒരു സഹൃത്തിന്‍റെകൂടെ ഒരു വലിയ മാള്‍ കാണാന്‍വേണ്ടി പോയതായിരുന്നു. രണ്ടാംനിലയിലേയ്ക്കു കയറാന്‍ എസ്ക്കലേറ്ററാണ്. അതില്‍ മുകളിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ രണ്ടുമൂന്നുപടി മുകളിലായി മൊബൈല്‍ഫോണില്‍മാത്രം ശ്രദ്ധിച്ച് പത്തുപന്ത്രണ്ടു വയസ്സുതോന്നിക്കുന്ന ഒരുപെണ്‍കുട്ടി. ശ്രദ്ധിച്ചില്ലെങ്കില്‍ എസ്ക്കലേറ്ററില്‍നിന്നും തറയിലേയ്ക്കു കാലുവയ്ക്കുമ്പോള്‍ ബാലന്‍സു തെറ്റും. മൊബൈലില്‍മാത്രം ശ്രദ്ധിച്ചുനിന്ന അവള്‍ക്കും അതുതന്നെ സംഭവിച്ചു. അവള്‍ മുമ്പിലിറങ്ങിയ ആളിന്‍റെ മേലേയ്ക്കു മറിഞ്ഞു. രണ്ടുപേരും വീണു. ചാടിഎഴുന്നേറ്റപ്പോള്‍ അവളുടെ കൈയ്യില്‍നിന്നും തെറിച്ചുവീണ ഫോണ്‍, അപ്പോഴേയ്ക്കും എസ്കലേറ്ററില്‍നിന്നിറങ്ങിയ ഞാന്‍ കാലുകൊണ്ടു തടഞ്ഞതുകൊണ്ട് അതിന്‍റെ യാത്ര എന്‍റെ കാല്‍ച്ചുവട്ടില്‍ അവസാനിച്ചു. ഞാനതെടുത്ത് അവളുടെ കൈയ്യിലേയ്ക്കു കൊടുത്തപ്പോള്‍ നന്ദി പറഞ്ഞുകഴിഞ്ഞ് അമ്പരന്നു നോക്കിയിട്ട് പെട്ടെന്നു മലയാളത്തിലൊരു സ്തുതി. അവള്‍ ആഴ്ചയില്‍ രണ്ടുദിവസം കുര്‍ബ്ബാനയ്ക്കു കൂടാന്‍ വരുന്നുണ്ടെന്നും ഒന്നുരണ്ടുപ്രാവശ്യം എന്‍റെ കുര്‍ബ്ബാനയ്ക്കു കൂടിയിട്ടുണ്ടെന്നും പറഞ്ഞു. അതുകഴിഞ്ഞാണെന്‍റെ കൂടെയുണ്ടായിരുന്ന ആളു പറഞ്ഞത് അവളുടെ അപ്പന്‍ പള്ളിയിലെ ഏറ്റം അടുത്ത ആളാണെന്നും പ്രാര്‍ത്ഥനാലീഡറാണെന്നും മറ്റും. ആ കുട്ടി വീട്ടില്‍ചെന്നുപറഞ്ഞിട്ടായി രിക്കാം അടുത്തദിവസം അയാള്‍ വന്നു പരിചയപ്പെട്ടു. പിന്നെ അതൊരു അടുപ്പമായി. അന്നു കേരളത്തിലൊന്നും സ്മാര്‍ട് ഫോണ്‍ എത്തിയിട്ടു പോലുമില്ല. അക്കാലത്തുതന്നെ അത്രയും വിലയുള്ള ഫോണാണല്ലോ കൊച്ചുപെണ്‍കുട്ടിക്കു വാങ്ങിക്കൊടുത്തിരിക്കുന്നതെന്ന് അന്നയാളോടു ഞാന്‍ പറഞ്ഞപ്പോള്‍ 'പഴയകാലമല്ലല്ലോ അച്ചാ, തന്നെയല്ല നമ്മുടെ നാട്ടിലേപ്പോലെയല്ലല്ലോ ഇവിടെയൊക്കെ' എന്ന് അന്നത്ര ഇഷ്ടപ്പെടാതെ പറഞ്ഞത് ഇന്നും എന്‍റെ ഓര്‍മ്മയിലുണ്ട്. ഇതു ഞങ്ങള്‍ പരിചയപ്പെട്ടതിന്‍റെ തുടക്കചരിത്രം. പിന്നീട് ആറേഴുവര്‍ഷങ്ങള്‍ക്കിടയില്‍ പലപ്പോഴും കാണാറുണ്ടായിരുന്നതു നേരത്തെപറഞ്ഞല്ലോ. അവസാനത്തേതായിരുന്നു ഒരുവര്‍ഷത്തോളംമുമ്പ്.
അതിനുമുമ്പു കണ്ട അവസരങ്ങളിലൊക്കെ, പഴയതുപോലെതന്നെ അയാളും ഭാര്യയും മക്കളും കുര്‍ബ്ബാനയ്ക്കുകൂടിയും ജീസസ് യൂത്തുപ്രവര്‍ത്തനങ്ങളുമൊക്കെയായി പള്ളിക്കാര്യത്തിലും പ്രാര്‍ത്ഥനയിലുമൊക്കെ സജീവമായിത്തന്നെ നീങ്ങുന്നകാര്യം പറയാറുണ്ടായിരുന്നു. അയാള്‍ അവസാനം വന്നത് ഒറ്റയ്ക്കായിരുന്നു. തീരെ ഉത്സാഹമില്ലാത്ത മട്ടിലായിരുന്നു സംസാരംതന്നെ. സാധാരണ അവധിക്കു വരുന്ന സമയത്തല്ലാതെ ഇത്തവണ തനിച്ചുവന്നത്, എന്തുചെയ്യണമെന്നറിയാത്ത ഒരു പ്രതിസന്ധിയിലായതുകൊണ്ടാണെന്നായിരുന്നു ആമുഖം. അഞ്ചാറുമാസത്തോളമായി എല്ലാ മേഖലകളിലും തുടര്‍ച്ചയായി പരാജയങ്ങള്‍. ആവര്‍ത്തിച്ചു തെറ്റുവരുത്തിയതിന് പത്തിരുപതു വര്‍ഷങ്ങളായി ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടു. അവിടെ കിട്ടിയിരുന്നതിലും വളരെകുറഞ്ഞ ശമ്പളത്തിന് മറ്റൊരുകമ്പനിയില്‍ ജോലികിട്ടിയെങ്കിലും അവിടെയും പിഴവുകള്‍. അയാള്‍ ഒരുപാടു സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും കാര്യത്തിലേയ്ക്കു വരാതെ കറങ്ങുകയാണെന്ന് ഞാനൂഹിച്ചു.
"ഒരുകുഴപ്പവുമില്ലാതെ പോയിരുന്നിടത്ത് പെട്ടെന്നിങ്ങനൊരു തിരിച്ചടിവരാനും അതു വിട്ടുമാറാതെ തുടരാനും തീര്‍ച്ചയായും എന്തെങ്കിലുമൊരുതുടക്കം കാണണമല്ലോ. അതെന്താണെന്നു വല്ലതും ഇയാള്‍ ആലോചിച്ചു നോക്കിയോ?"
"അതെനിക്കറിയാമച്ചാ." ഒരു നീണ്ടമൗനത്തിനു ശേഷമായിരുന്നു ആ മറുപടി.
"ഞാനൊരു വെട്ടില്‍ചെന്നു ചാടിപ്പോയതാണച്ചാ. എന്‍റെകൂടെ ജോലിചെയ്തിരുന്ന ഒരു ലേഡിയാണ് എനിക്കതു പഠിപ്പിച്ചുതന്നത്. അച്ചനോടതു പറയാന്‍കൊള്ളില്ല. മിസ്സ്ഡ് കോളടിച്ചു തുടങ്ങുന്ന ഒരു പരിപാടിയാണത്. തെറ്റാണെന്നറിയാമായിരുന്നെങ്കിലും മറ്റാരുമതറിയില്ലാത്തതു കൊണ്ടും എന്‍റെ ഓഫീസ്ഫോണ്‍ ഞാന്‍ മാത്രം സ്വകാര്യമായി കൈകാര്യം ചെയ്തിരുന്നതു കൊണ്ടും, അതൊരു വല്ലാത്ത തഴക്കമായിപ്പോയി. പല സ്ത്രീകളുമായി അങ്ങനെ ചാറ്റുചെയ്യാറുണ്ടായിരുന്നെങ്കിലും ലൈനില്‍കിട്ടിയ ഒരുപെണ്‍കുട്ടിയുമായി കുറച്ചുദിവസങ്ങള്‍കൊണ്ട് വല്ലാത്ത അടുപ്പത്തിലായി. അവസാനം തങ്ങളില്‍ കണ്ടുമുട്ടാം എന്നു ധാരണയായി. ബീച്ചിലെ ഒരു പ്രത്യേക സ്ഥലത്ത് അന്നു വൈകുന്നേരം 7 മണിക്ക് എത്താമെന്നായിരുന്നു പറഞ്ഞൊത്തത്. രണ്ടുപേരും തമ്മിലിതുവരെ കണ്ടിട്ടില്ലാത്തതുകൊണ്ട് പെട്ടെന്നു തിരിച്ചറിയാന്‍ ധരിക്കുന്ന വസ്ത്രത്തിന്‍റെ നിറം മാത്രം അറിയിച്ചു. സമയത്തു ബീച്ചിലെത്തിയപ്പോള്‍ പറഞ്ഞ സ്ഥലത്തു കാത്തുനിന്നിരുന്നത് എന്‍റെ മൂത്തമകള്!!!"
ഒരു വികാരവുമില്ലാതെ കഥപറയുന്നതുപോലെ അയാളതുപറഞ്ഞപ്പോള്‍ എനിക്കതു വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഞാനതുതന്നെ അയാളോടു പറയുകയുംചെയ്തു. അപ്പോഴാണ് അയാളതിനു കാരണം വിശദീകരിച്ചകൊണ്ടു ബാക്കിചരിത്രംകൂടി പറഞ്ഞത്.
"എന്‍റെ സര്‍വ്വസമനിലയുംതെറ്റി എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ ഒരുകൂസലുമില്ലാതെ അവളെന്നോടന്നു പറഞ്ഞതെന്താണെന്നറിയാമോ അച്ചാ, 'ഡോണ്ട് വറി പപ്പാ, റ്റേക്ക് ഇറ്റ് ഈസി, യൂ വില്‍ ഈസിലി ഗെറ്റ് സംവണ്‍ എല്‍സ്.' (സാരമില്ലപ്പാ, പോട്ടെന്നുവയ്ക്ക്, അപ്പനു വേറെ ആളെ കിട്ടാന്‍ വിഷമം വരില്ലെന്ന്) അതുംപറഞ്ഞ് അവളു കൂളായിട്ടു നടന്നുപോയി. ആകെത്തകര്‍ന്നു ഞാനന്ന് നൈറ്റു ജോലിയുണ്ടെന്നു വീട്ടിലേയ്ക്കു വിളിച്ചുപറഞ്ഞിട്ട് ഒറ്റയ്ക്കു താമസിച്ചിരുന്ന ഒരു ഫ്രണ്ടിന്‍റെ വീട്ടില്‍ വേറെ കാരണംപറഞ്ഞ് ആ രാത്രി തങ്ങാന്‍ തീരുമാനിച്ചു. പത്തുമണിയായപ്പോള്‍ മകളെന്നെ വിളിച്ചു. ഫോണ്‍കട്ടുചെയ്യാനാണു ശ്രമിച്ചതെങ്കിലും വെപ്രാളത്തിന് ഓണാക്കുകയാണുചെയ്തത്. ചെവിയില്‍ വച്ചപ്പോളവളു വീണ്ടും വളരെ കൂളായിട്ട് എന്നെ ആശ്വസിപ്പിച്ചു: അവളാരോടുമതു പറയുകയില്ലെന്നും അവളുടെ കൂടെപ്പഠിക്കുന്ന ഒരു പയ്യന്‍റെ അമ്മ ഇതുപോലെ ചാറ്റുചെയ്തു ചെന്നത് അതേക്ലാസ്സില്‍ തന്നെയുള്ള വേറൊരു പയ്യന്‍റെ മുമ്പിലായിരുന്നെന്നും, അതവന്‍ സ്കൂളില്‍വന്നു പറഞ്ഞ് എല്ലാവരും അറിഞ്ഞെന്നും, അവളിത് അനിയത്തിയോടല്ലാതെ ആരോടും പറയില്ല, അനിയത്തിയറിഞ്ഞാലും പ്രശ്നമില്ല, അവളാണ് ഇവളെക്കാള്‍ ഇക്കാര്യത്തില്‍ സ്മാര്‍ ട്ടെന്നും, പപ്പയ്ക്കു വേണമെങ്കില്‍ അവളോടു ചോദിച്ചുനോക്കാമെന്നും, അവരുതമ്മില്‍ എല്ലാക്കാര്യങ്ങളും പറയാറുണ്ടെന്നും, അമ്മ ന്യൂ ജനറേഷനല്ല, അതുകൊണ്ട് അമ്മ അറിയാതിരുന്നാല്‍ മതിയെന്നും, പപ്പാ ഒളിച്ചുമാറണ്ടാ, ധൈര്യമായിട്ടു വീട്ടിലേയ്ക്കുപോരാനും. പള്ളിയും പ്രാര്‍ത്ഥനയുമായി നടക്കുന്നതുകൊണ്ട് അവര്‍ക്കൊരുകുഴപ്പവും വരില്ലെന്നു ഞാന്‍ വിശ്വസിച്ച എന്‍റെ മക്കള്‍ അത്രമാത്രം വളര്‍ന്നെന്നു ഞാനറിഞ്ഞില്ലച്ചാ." അതു പറഞ്ഞുകൊണ്ടിരുന്നതിനിടയില്‍ അയാള്‍ ഒന്നുരണ്ടുപ്രാവശ്യം വിതുമ്പിപ്പോയി.
"എന്‍റെ പെരുമാറ്റത്തിലും ജോലിയിലുമെല്ലാം വല്ലാത്ത മാറ്റംകണ്ട് പരിചയമുള്ളവരെല്ലാം ചോദിക്കാറുണ്ടായിരുന്നു എനിക്കെന്തുപറ്റിയെന്ന്. ഭാര്യ പലപ്പോഴും പറയാറുണ്ടായിരുന്നു, നല്ല മനുഷ്യരെ പിശാചു പരീക്ഷിക്കുന്നതാണ്, മടിയും, പേടിയുമൊക്കെപ്പോകും, പോയൊരു ധ്യാനംകൂടിയാല്‍ എല്ലാം ശരിയാകുമെന്ന്. അവള്‍ക്കറിയില്ലല്ലോ സത്യമെന്താണെന്ന്. അവളെ സമാധാനിപ്പിക്കാന്‍ വേണ്ടിക്കൂടിയാണ് ധ്യാനംകൂടാനെന്നും പറഞ്ഞു ഞാനൊറ്റയ്ക്ക് അവധിയെടുത്തു പോന്നത്. പല പ്രാവശ്യം ആത്മഹത്യയെപ്പറ്റി ചിന്തിച്ചു. പക്ഷെ ധൈര്യമില്ല. ജീവിതത്തിലെ സര്‍വ്വവും നഷ്ടമായതു പോലെയൊരു തോന്നലാണെപ്പോഴും. ഒന്നും വിട്ടുപോകാതിരിക്കാന്‍ ഞാന്‍ എന്‍റെ തെറ്റുകളെല്ലാം എഴുതി കൊണ്ടുവന്നിട്ടുണ്ട്. അച്ചനതെല്ലാം വായിച്ചിട്ട് ഞാനെന്തുചെയ്യണമെന്നു പറയാമോ?"
"ഇല്ല, പറ്റത്തില്ല. അതു ഞാനല്ല, താന്‍തന്നെ വീണ്ടും വായിക്കണം. എന്നിട്ട് തനിക്കെന്തുപറ്റി എന്നു താന്‍തന്നെ കണ്ടുപിടിക്കണം. അതുകഴിഞ്ഞ് താനിനി എന്താണുചെയ്യേണ്ടത് എന്നു താന്‍തന്നെ തീരുമാനിക്കണം. എത്രദിവസം വേണമെങ്കിലും എന്‍റെ കൂടെ ഇവിടെ താമസിക്കാം."
"എനിക്കതിനു പറ്റുമോന്നറിയില്ലച്ചാ."
"പറ്റും, പറ്റണം. സംശയിക്കേണ്ട. ഒരു ക്ലൂ മാത്രം ഞാന്‍ തരാം. അതു പണ്ടു താന്‍ എന്നോടു പറഞ്ഞ ഒരു വര്‍ത്തമാനത്തിലുണ്ട്, താനതന്നുതന്നെ മറന്നുപോയിക്കാണും. കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്നതിനെപ്പറ്റി ഞാന്‍ പണ്ടു തന്നെ ആദ്യം പരിചയപ്പെട്ടപ്പോള്‍ തന്നോട് അല്പം വിഘടിതസ്വരത്തില്‍ സംസാരിച്ചപ്പോള്‍ അത്ര തൃപ്തിയില്ലാതെ അന്നു താന്‍ പറഞ്ഞകാര്യമാണ്. 'പഴയകാലമല്ലല്ലോ അച്ചാ, ഇവിടെ നമ്മുടെ നാട്ടിലെപ്പോലെയുമല്ലല്ലോന്നു' താനന്നു പറഞ്ഞത് എന്‍റെ മനസ്സിലിപ്പോഴും കിടപ്പുണ്ട്. അവിടെത്തുടങ്ങിയതാണ് തന്‍റെ പ്രശ്നം. ശരികള്‍ക്ക് പഴയകാലവും പുതിയകാലവുമെന്നു വ്യത്യാസമില്ലെന്നും നമ്മുടെ നാടും മറുനാടുമെന്നു വേര്‍തിരിവില്ലെന്നും അന്നു ഞാന്‍ പറഞ്ഞതു താന്‍ ശ്രദ്ധിച്ചുപോലുമില്ല."
"അന്നച്ചനതു നല്ലതുപോലെ പറഞ്ഞുതന്നിരുന്നെങ്കില്‍..!!"
"അല്ലല്ലോ, അതല്ലല്ലോ ശരി, അന്നച്ചന്‍ പറഞ്ഞതു നല്ലതുപോലെ കേട്ട് അതുപോലെ ചെയ്തിരുന്നെങ്കില്‍ എന്നു തിരുത്തണം."
ഏതായാലും എന്‍റെ മുമ്പില്‍ തുറന്നുവച്ച കടലാസുകെട്ടു വാങ്ങി വായിക്കാതെ, ധ്യാനിക്കാന്‍ പോകുന്നിടത്ത് അതുകൊടുത്ത് അവിടെകിട്ടുന്ന നിര്‍ദ്ദേശാനുസരണം വേണ്ടതുപോലെ ചെയ്യാനുപദേശിച്ചു. അതുകഴിഞ്ഞോ പിന്നീടെപ്പോളെങ്കിലുമോ വീണ്ടും കാണാം എന്നുപറഞ്ഞു യാത്രയാക്കി. പോകാനിറങ്ങിയപ്പോള്‍ മടിച്ചുമടിച്ച് ഒരുകാര്യം മാത്രം പറഞ്ഞു:
"എനിക്കു വന്നതുപോലെയുള്ള ഗതികേട് മറ്റാര്‍ക്കും വരാതിരിക്കാന്‍ അച്ചന്‍ പറ്റുന്നതു ചെയ്യണം. അച്ചന്‍ പ്രാര്‍ത്ഥിക്കണം, ഒരിക്കലും നമ്മളിനി കണ്ടുമുട്ടാതിരിക്കാന്‍."
അതെന്തുകൊണ്ടാണെന്നു ചോദിച്ചതിന് ഒരു മറുപടിയും തരാതെയാണയാള്‍ പോയത്! ഇപ്പോളെന്തായോ ആവോ..?