news-details
സാമൂഹിക നീതി ബൈബിളിൽ

രക്തമൊഴുകുന്ന വയലുകള്‍

"കര്‍ത്താവ് ചോദിക്കുന്നു: നീ അവനെ കൊലപ്പെടുത്തി, അവന്‍റെ വസ്തു കയ്യേറിയോ? കര്‍ത്താവരുളിച്ചെയ്യുന്നു: നാബോത്തിന്‍റെ രക്തം നായ്ക്കള്‍ നക്കിക്കുടിച്ച സ്ഥലത്തുവച്ചുതന്നെ നിന്‍റെ രക്തം നായ്ക്കള്‍ നക്കിക്കുടിക്കും"(1 രാജാ 21,19).

വളരെ ലളിതമായിരുന്നു ആഹാബിന്‍റെ ആഗ്രഹം. ഇസ്രായേല്‍ രാജാവായ തന്‍റെ വേനല്‍ക്കാല വസതിക്കടുത്തുള്ള ചെറിയൊരു മുന്തിരിത്തോട്ടം വാങ്ങി ഒരു പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുക. കൊട്ടാരത്തിനടുത്ത് ഒരു പച്ചക്കറിത്തോട്ടമുണ്ടാക്കണം എന്ന രാജാവിന്‍റെ ആഗ്രഹത്തില്‍ എന്തെങ്കിലും തിന്മയോ അനീതിയോ വക്രതയോ കാണാനില്ല. സ്ഥലത്തിനു ന്യായമായ വില, അല്ല ഉടമസ്ഥന്‍ നിശ്ചയിക്കുന്ന മോഹവില തന്നെ കൊടുക്കാനും അയാള്‍ ഒരുക്കമാണ്. വിലയല്ല, പകരം സ്ഥലമാണ് ആഗ്രഹമെങ്കില്‍ അതിനും തയ്യാര്‍. ഒരു രാജാവെന്നനിലയില്‍ എന്താണ് ഇതില്‍ക്കൂടുതല്‍ ചെയ്യേണ്ട്?...

എന്നാല്‍ തോട്ടത്തിന്‍റെ ഉടമയായ നാബോത്ത് തോട്ടം വില്‍ക്കാന്‍ ഒരുക്കമല്ല; മാറ്റക്കച്ചവടത്തിനും അയാള്‍ വിസമ്മതിച്ചു. ഇതു രാജാവിനെ കുപിതനാക്കി; അതിലേറെ ദുഃഖിതനും. കൊട്ടാരത്തില്‍ തിരിച്ചെത്തി, കട്ടിലില്‍ കയറിക്കിടന്ന രാജാവിന്‍റെ അടുക്കല്‍ രാജ്ഞി ജെസബെല്‍ കാര്യം തിരക്കി. വിവരമറിഞ്ഞ രാജ്ഞിക്കു ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇസ്രായേല്‍ വാഴുന്ന മഹാരാജാവിന് തന്‍റെ കൊട്ടാരത്തിനടുത്ത് ഒരു പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിക്കാന്‍ സ്ഥലം കിട്ടാതെ വരുക! അതില്‍പരം അപഹാസ്യമായെന്തുണ്ട്. രാജ്ഞിക്ക് പുച്ഛമാണ് തോന്നിയത്. അങ്ങാണോ രാജാവ്? എഴുന്നേറ്റ് ഭക്ഷണം കഴിക്കുക. തോട്ടം നാളെ അങ്ങയുടേതായിരിക്കും.

എന്തുകൊണ്ടാണ് നാബോത്ത് തന്‍റെ സ്ഥലം വില്ക്കാനോ കൈമാറ്റം ചെയ്യാനോ വിസമ്മതിച്ചതെന്ന് ടയിര്‍ രാജാവിന്‍റെ മകളായ ജെസബെല്ലിനു മനസ്സിലാവില്ല. കാരണം നാബോത്തിന്‍റെ നിലപാട് ഒരു യഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍റേതാണ്. അവന് "ഭൂമി" ഒരു കച്ചവടചരക്കല്ല, തലമുറകളായി കൈമാറിവന്ന ദൈവത്തിന്‍റെ ദാനവും പിതൃസ്വത്തുമാണ്. അതില്‍ അവനു വസിക്കാം, കൃഷി ചെയ്യാം. മരിക്കുമ്പോള്‍ അവിടെ തന്നെ സംസ്കരിക്കപ്പെടാം. അങ്ങനെ തലമുറകളായി വസിക്കുന്ന, ദൈവത്തിന്‍റെ സ്വത്താണു ഭൂമി. അതിനു വിലപറയാനാവില്ല. "നിങ്ങള്‍ ഭൂമി എന്നേക്കുമായി വില്ക്കരുത്. എന്തെന്നാല്‍ ഭൂമി എന്‍റേതാണ്. നിങ്ങള്‍ കുടികിടപ്പുകാരുമാണ്" (ലേവ്യ 25,23) ദൈവം നല്‍കുന്ന അവകാശത്തില്‍ പങ്കുചേരാനും ദൈവജനത്തിന്‍റെ ഭാഗമായി പരിഗണിക്കപ്പെടാനും സഹായിക്കുന്നതാണ് ജോഷ്വായുടെ കാലം മുതല്‍ പിതൃസ്വത്തായി നല്കപ്പെട്ട ഭൂമി. അതില്‍നിന്നകറ്റപ്പെടുന്നത് ദൈവികസാന്നിധ്യത്തില്‍നിന്നു പുറന്തള്ളപ്പെടുന്നതിനു തുല്യമാണ്. ഭൂമിയുടെ ഈ ദൈവശാസ്ത്രം അറിയാത്ത വിജാതീയ രാജ്ഞി തന്‍റെ നാട്ടുനടപ്പനുസരിച്ചു പ്രവര്‍ത്തിച്ചു.
രാജാവിന്‍റെ മുദ്രമോതിരം കൊണ്ട് മുദ്രവച്ച രാജകല്പനയുമായി ദൂതന്‍ ഇസ്രേലിലേക്കു കുതിച്ചു. കല്പനപ്രകാരം പിറ്റേന്ന് പട്ടണത്തില്‍ ഉപവാസം പ്രഖ്യാപിച്ചു. സായാഹ്നത്തില്‍ മഹാസഭ വിളിച്ചു കൂട്ടി. സമ്മേളനത്തിന്‍റെ മുഖ്യ അതിഥിയായി നാബോത്തിനെ ഇരുത്തി. അയാള്‍ ദൈവത്തിനും രാജാവിനും എതിരേ ദൂഷണം പറഞ്ഞെന്ന് രണ്ടു സാക്ഷികള്‍ കള്ളം പറഞ്ഞു. രണ്ടു സാക്ഷികളുടെ മൊഴി നിയമപ്രകാരം സത്യമായി പരിഗണിച്ച് ശിക്ഷ വിധിച്ചു. നാബോത്തിനെ അവന്‍റെ മുന്തിരിത്തോട്ടത്തില്‍ കൊണ്ടുചെന്ന് കുടുംബസമേതം കല്ലെറിഞ്ഞു കൊന്നു. രാജ്യദ്രോഹകുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവന്‍റെ സ്വത്ത് രാജഭണ്ഡാരത്തിലേക്കു കണ്ടുകെട്ടുക അന്ന് നിയമമായിരുന്നു. അങ്ങനെ ഒരു മുതല്‍ മുടക്കും കൂടാതെ താന്‍ ആഗ്രഹിച്ച തോട്ടം ആഹാബിനു കിട്ടി.

സാക്ഷ്യം പറഞ്ഞവര്‍ക്കും വധശിക്ഷ വിധിച്ചവര്‍ക്കും കല്ലെറിഞ്ഞവര്‍ക്കും എല്ലാം അറിയാമായിരുന്നു നാബോത്ത് നിരപരാധനാണെന്ന്. എന്നാല്‍ രാജകല്പന ധിക്കരിക്കാനോ ചോദ്യം ചെയ്യാനോ അതില്‍ പ്രതിഷേധിക്കാനോ ആരും തയ്യാറായില്ല. നിരപരാധന്‍റെ രക്തം തോട്ടത്തില്‍ തളംകെട്ടിക്കിടന്നു, നായ്ക്കള്‍ നക്കിക്കുടിച്ചു. അത്രടം വരെ എത്തി ഇസ്രായേല്‍ ജനത്തിന്‍റെ നീതിന്യായ വ്യവസ്ഥ!

ബി.സി. 847-853 ആണ് ആഹാബിന്‍റെ ഭരണകാലം. ആഹാബിന്‍റെയോ ഭാര്യ ജെസബെല്ലിന്‍റേയോ പ്രത്യേക സ്വാര്‍ത്ഥതയുടെയും ക്രൂരതയുടെയും പ്രതിഫലനമല്ല മുകളില്‍ വിവരിച്ച സംഭവം. രാജഭരണത്തിന്‍റെ ആവിര്‍ഭാവത്തോടെ ഇസ്രായേല്‍ ജനം സാവകാശം ചെന്നുപെട്ട ദുരന്തത്തിന്‍റെ ഒരുദാഹരണം മാത്രമാണിത്. വാഗ്ദത്തഭൂമിയിലേക്കു പ്രവേശിക്കുമ്പോള്‍ എത്ര വലിയ നീതിബോധമുള്ള ഒരു ജനതയായിരുന്നു ഇസ്രയേല്‍! ആഖോര്‍ താഴ്വരയിലെ സ്മാരകം അതിന്‍റെ അടയാളമാണ്; ~ഒപ്പം നീതി പാലിക്കാന്‍ അഹ്വാനം ചെയ്യുന്ന ഒരു താക്കീതും. വാഗ്ദത്തഭൂമി കീഴടക്കിയപ്പോള്‍ എല്ലാ ഗോത്രങ്ങള്‍ക്കും കുലങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി, അവരുടെ സംഖ്യ അനുസരിച്ച് ജോഷ്വാ തന്നെയാണ് ദേശം വീതിച്ചു കൊടുത്തത്(ജോഷ്വ 13-21).

സ്വന്തമായൊന്നുമില്ലാതെ, ഫറവോയുടെ ഇഷ്ടികക്കളത്തില്‍ രക്തം വിയര്‍പ്പാക്കി ഒഴുക്കിയ ഒരു പറ്റം അടിമകളെ, കരുത്തുറ്റ കരം നീട്ടി മോചിപ്പിച്ച്, അത്ഭുതകരമായി വഴി നടത്തി, വാഗ്ദത്തഭൂമിയില്‍ കുടിയിരുത്തിയത് അവര്‍ ദൈവത്തിന്‍റെ സ്വന്തം ജനമായി ജീവിക്കുന്നതിനുവേണ്ടിയായിരുന്നു. സത്യത്തിലും നീതിയിലും, കരുണയിലും സ്നേഹത്തിലും അടിയുറച്ച അവരുടെ ജീവിതം ലോകജനതകള്‍ക്കു മുന്നില്‍ ഒരു സാക്ഷ്യമായിരിക്കണം. അവര്‍ ലോകത്തിന്‍റെ പ്രകാശമാകണം. അവരിലൂടെ, അവരുടെ ജീവിതത്തിലൂടെ, സത്യദൈവത്തെ ലോകം മുഴുവന്‍ അറിയണം; തിരുഹിതം അറിഞ്ഞതനുസരിച്ചു ജീവിക്കണം. എന്നാല്‍ അതല്ല സംഭവിച്ചത്.

ജോഷ്വായുടെ മരണത്തിനുശേഷം ഏകദേശം 150 വര്‍ഷം (ബി.സി. 1200-1030) ജനം ചെറിയ സമൂഹങ്ങളായി കാനാന്‍ ദേശത്ത് വസിച്ചു. പ്രതിസന്ധികളുണ്ടവുമ്പോള്‍ ദൈവം അവര്‍ക്കു നേതാക്കന്മാരെ നല്കും. "ന്യായാധിപന്മാര്‍ "എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ നേതാക്കന്മാര്‍ ശത്രുക്കളില്‍ നിന്നും സംരക്ഷണം നല്കും; സുരക്ഷിതത്വവും. പക്ഷെ കാലക്രമത്തില്‍ ഈ ന്യായാധിപസംവിധാനം പോരാ എന്ന് അവര്‍ക്കു തോന്നി. തങ്ങള്‍ക്കു മോചനം നല്കി നയിച്ച യാഹ്വേയുടെ കൂടെ മറ്റു ദേവന്മാരെയും അവര്‍ ആരാധിച്ചു തുടങ്ങി. നേതാക്കന്മാര്‍ അവിശ്വസ്തരും നീതിബോധമില്ലാത്തവരുമായി. ശത്രുക്കള്‍ കൂടുതല്‍ ശക്തരായി. അവസാനം ഏറ്റം വിശുദ്ധവും ശക്തികേന്ദ്രവുമായി അവര്‍  കരുതിയിരുന്ന ഉടമ്പടിയുടെ പേടകം പോലും ശത്രുക്കളായ ഫിലിസ്ത്യര്‍ പിടിച്ചെടുത്തു. (1സാമു 4-5). ഒരു പുതിയ സംവിധാനമുണ്ടായാലേ വാഗ്ദത്തഭൂമിയില്‍ ഉറച്ചുനില്ക്കാനാകൂ എന്ന് ജനം ഉറച്ചു വിശ്വസിച്ചു. അതിനായി അവര്‍ അന്നത്തെ നേതാവും അവസാനത്തെ ന്യായാധിപനുമായ സാമുവേലിനെ സമീപിച്ചു.

"അങ്ങു വൃദ്ധനായി; പുത്രന്മാരാകട്ടെ അങ്ങയുടെ മാര്‍ഗ്ഗം പിന്തുടരുന്നതുമില്ല. അതിനാല്‍, മറ്റു ജനതകള്‍ക്കുള്ളതുപോലെ ഒരു രാജാവിനെ ഞങ്ങള്‍ക്കും നിയമിച്ചുതരിക"(1സാമു 8,5). ജനത്തിന്‍റെ അഭ്യര്‍ത്ഥന സാമുവേലിനിഷ്ടമായില്ല. കാരണം ഇസ്രായേല്‍ ജനം ഇതരജനതകളെപ്പോലെയല്ല എന്ന് അയാള്‍ക്കറിയാമായിരുന്നു. തന്‍റെ സ്വന്തം ജനമാകേണ്ടതിനുവേണ്ടി ദൈവം തന്നെ അവരെ തിരഞ്ഞെടുത്ത് വളര്‍ത്തിയതാണ്. അതിനാല്‍ മറ്റ്  ജനതകളെപ്പോലെയാകാനുള്ള അവരുടെ ആഗ്രഹം വിശ്വാസത്യാഗത്തേക്കാള്‍ ഒട്ടും കുറവല്ല. ദൈവം തന്നെ അത് വെളിവാക്കുന്നുമുണ്ട്. പക്ഷേ അവര്‍ ആഗ്രഹിച്ചതുപോലെ ഒരു രാജാവിനെ വാഴിച്ചുകൊടുക്കാന്‍ ദൈവം സാമുവേലിനെത്തന്നെ ചുമതലപ്പെടുത്തി. കര്‍ത്താവു സാമുവേലിനോടു പറഞ്ഞു: "ജനം പറയുന്നതു ചെയ്യുക. നിന്നെയല്ല, തങ്ങളുടെ രാജാവായ എന്നെയാണ് അവര്‍ തിരസ്കരിച്ചിരിക്കുന്നത്." ദൈവത്തിന്‍റെ ഈ വാക്കുകളില്‍   ജനത്തിന്‍റെ വിശ്വാസരാഹിത്യത്തെയും നന്ദികേടിനെയും കുറിച്ചുള്ള ദുഃഖമുണ്ട്. അതേസമയം അവര്‍ക്കു താന്‍ നല്കിയ സ്വാതന്ത്ര്യം മാനിക്കാനുള്ള തീരുമാനവും.

അവരുടെ ആഗ്രഹവും ദുഃശാഠ്യവും വരുത്തിവയ്ക്കാന്‍ പോകുന്ന വിനകള്‍ എന്തൊക്കെയെന്നു വ്യക്തമായ താക്കീതു നല്കാനും ദൈവം സാമുവേലിനെ ചുമതലപ്പെടുത്തി: "നിങ്ങളെ ഭരിക്കാന്‍ പോകുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും... ഭടന്മാരായി നിങ്ങളുടെ പുത്രന്മാരെ നിയോഗിക്കും. .. ഉഴവുകാരും കൊയ്ത്തുകാരും ആയുധപ്പണിക്കാരും ... പുത്രിമാരെ പാചകക്കാരികളും അപ്പക്കാരികളും ..... നിങ്ങളുടെ .... മുന്തിരിത്തോട്ടങ്ങളിലും... ഏറ്റം നല്ലത് അവന്‍ തന്‍റെ സേവകര്‍ക്കു നല്കും... നിങ്ങള്‍ അവന്‍റെ അടിമകളായിത്തീരും..."(1 സാമു 8, 10-18). ഈ താക്കീതുകളൊന്നും തങ്ങള്‍ക്കൊരു രാജാവു വേണം എന്ന ആഗ്രഹത്തില്‍നിന്നു ജനത്തെ പിന്തിരിപ്പിച്ചില്ല. അങ്ങനെ  ഇസ്രായേല്‍ ചരിത്രത്തില്‍ ആദ്യമായൊരു രാജാവുണ്ടായി - 'ചോദിച്ചുവാങ്ങിയവന്‍' എന്നര്‍ത്ഥമുള്ള ശാവേല്‍ അഥവാ സാവൂള്‍.

രാജഭരണത്തെ സംബന്ധിച്ച് വ്യത്യസ്തവും പരസ്പര വിരുദ്ധമെന്നു തോന്നാവുന്നതുമായ രണ്ടു കാഴ്ചപ്പാടുകള്‍ ബൈബിളില്‍ കാണാം. നിഷേധാത്മകമായ ഈ കാഴ്ചപ്പാടാണ് മുകളില്‍ അവതരിപ്പിച്ചത്. എന്നാല്‍ ദൈവം തന്നെ ജനത്തിനു കനിഞ്ഞു നല്കിയ നേതാവാണ് രാജാവ് എന്ന ഒരു കാഴ്ചപ്പാടും ബൈബിളിലുണ്ട്. രാജഭരണത്തെക്കുറിച്ചുള്ള ഈ രണ്ടു മനോഭാവങ്ങള്‍ ചരിത്രത്തിന്‍റെ തന്നെ പ്രതിഫലനങ്ങളാണ്. പല തരത്തിലും രാജഭരണം ഇസ്രായേല്‍ ജനത്തിന് ഗുണകരമായിരുന്നു; അതേസമയം ദോഷഫലങ്ങളും കുറവായിരുന്നില്ല.

മറ്റേതു ജനതയോടും തുല്യമായി തല ഉയര്‍ത്തിനില്‍ക്കാന്‍ മാത്രം അന്തസും അഭിമാനവുമുള്ള ഒരു ജനവും രാജ്യവും രാഷ്ട്രവുമാണ് തങ്ങള്‍ എന്ന അവബോധം ഇസ്രായേലിനുണ്ടായത് രാജഭരണകാലത്താണ്. ദാവീദ് ഇസ്രായേലിനു സുരക്ഷിതത്വം നല്കി; ദേശത്തിനു വിസ്തൃതിയും ജനത്തിനു മഹത്വവും കൈവന്നു, സോളമന്‍റെ കാലമായപ്പോഴേക്കും അന്താരാഷ്ട്രതലത്ത് വലിയ സാമാജ്യങ്ങളെപ്പോലെ ഒരു സാമ്രാജ്യമായി ഇസ്രായേല്‍. വ്യവസായവും വാണിജ്യവും വികസിച്ചു. ദേശം സമ്പന്നവും സുശക്തവുമായി. ഫറവോയുടെ മക്കളെ ഭാര്യയായി സ്വീകരിക്കാന്‍ മാത്രം ഇസ്രായേല്‍ രാജാവ് വളര്‍ന്നു.

കേന്ദ്രീകൃത ഭരണസംവിധാനവും ആരാധനയും ജനത്തിന്‍റെ കെട്ടുറപ്പ് വര്‍ദ്ധിപ്പിച്ചു; ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ക്കു നിറം പകര്‍ന്നു. എന്നും നിലനില്‍ക്കുന്ന ദാവിദീന്‍റെ സാമ്രാജ്യത്തെയും വരാന്‍ പോകുന്ന രക്ഷകനായ ദാവീദിന്‍റെ പുത്രനെയും കുറിച്ച് പ്രവചനങ്ങളുണ്ടായി. ദൈവിക ഇടപെടലുകള്‍ വ്യക്തമാക്കുന്ന ജനത്തിന്‍റെ ചരിത്രത്തിനു രൂപം ലഭിച്ചത് രാജഭരണകാലത്താണ്. പ്രത്യേകിച്ചും ദാവീദിന്‍റെയും  സോളമന്‍റെയും കാലത്ത്. അങ്ങനെ ഒറ്റനോട്ടത്തില്‍ വലിയൊരു വിജയമായിരുന്നു രാജഭരണം; ദൈവം തന്നെ അനുഗ്രഹിച്ചു നല്കിയ സംവിധാനം. എന്നാല്‍ ഇത് രാജഭരണത്തിന്‍റെ ഒരു വശം മാത്രം.

ഭീകരവും സാമൂഹ്യനീതിയെ സംബന്ധിച്ച് സുപ്രധാനവുമായ മറ്റൊരു മുഖവും രാജഭരണത്തിനുണ്ട്. ജനത്തിനുണ്ടായ തിക്താനുഭവങ്ങളില്‍ നിന്നു രൂപപ്പെട്ടതോ അവയെ മുന്‍കൂട്ടി ഒരു താക്കീതുപോലെ വിവരിക്കുന്നതോ ആയ സാമുവേലിന്‍റെ വാക്കുകളില്‍ തെളിയുന്നത് രാജഭരണത്തിന്‍റെ ബീഭത്സമായ ഈ മുഖമാണ്. ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്നു  സംരക്ഷണം മാത്രമായിരുന്നു രാജാവിനുവേണ്ടി മുറവിളി കൂട്ടിയവര്‍ ആഗ്രഹിച്ചത്.  ഒരു പരിധിവരെ അവര്‍ക്കതു ലഭിക്കുകയും ചെയ്തു. എന്നാല്‍ അതിനു കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. ദൈവം തന്നെ തിരഞ്ഞെടുത്ത് അഭിഷേചിച്ച് രാജാവായി നല്കിയ സാവൂളില്‍ത്തന്നെ തുടങ്ങാം. ആദ്യമാദ്യം ശത്രുക്കള്‍ക്കെതിരേ സൈന്യത്തെ നയിക്കാന്‍ സാവൂളിനു  സാധിച്ചു. ചില വിജയങ്ങള്‍ നേടാനും. എന്നാല്‍ രാജാധികാരം ഒരു ലഹരിപോലെ തലയ്ക്കടിച്ചപ്പോള്‍ സാവൂളിനു കാലിടറി. തന്നെ നിയോഗിച്ച ദൈവത്തിന്‍റെ ഹിതമനുസരിച്ചാണ് താന്‍ ജനത്തെ നയിക്കേണ്ടത് എന്ന കാര്യം അയാള്‍ അവഗണിച്ചു;  വിജയം നല്കുന്നതു ദൈവമാണെന്നതും മറന്നു.

ഗോലിയാത്തിന്‍റെ വെല്ലുവിളിയില്‍ മനസു പതറിയ സാവൂള്‍ സാവകാശം മാനസികരോഗിയായതുപോലെ തോന്നും. ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാന്‍ കഴിയാത്തവിധം വിഭക്ത വ്യക്തിത്വത്തിനും വിഷാദരോഗത്തിനും ഇരയായ അയാള്‍ തന്‍റെ രാജഭരണത്തിന്‍റെ രണ്ടാം പകുതി ദാവീദിനെ വേട്ടയാടാന്‍ വേണ്ടിയാണ് ചെലവഴിച്ചത്. രാജ്യരക്ഷയും പ്രജകളുടെ നന്മയും എന്നതിലുപരി സിംഹാസനം ഉറപ്പിക്കാനും സ്വന്തമായൊരു രാജവംശം സ്ഥാപിക്കാനുമുള്ള വ്യഗ്രതയ്ക്കായി മുന്‍ഗണന.  ഒളിച്ചോടിയ അംഗരക്ഷകന് സംരക്ഷണം നല്കി എന്ന കുറ്റമാരോപിച്ച് പുരോഹിത സമൂഹത്തെ ഒന്നടങ്കം കൊന്നൊടുക്കുന്നതിന് അയാള്‍ക്ക് യാതൊരു ശങ്കയുമുണ്ടായില്ല.(1 സാമു 22, 6-23). ശത്രു സംഹാരത്തിനുവേണ്ടി അഭിഷിക്തനായ സാവൂള്‍ രാജാവിന്‍റെ വാള്‍ സ്വന്തം ജനത്തിന്‍റെ രക്തം ഒഴുകുന്നതിനും കാരണമായി. നോബിലെ പുരോഹിതന്മാര്‍ ഒരു ഉദാഹരണം മാത്രം. അവസാനം എന്‍ദോറിലെ മന്ത്രവാദിനിയുടെ അടുക്കല്‍ വച്ച് സാമുവേലില്‍ നിന്ന് വധശിക്ഷയുടെ വിധിത്തീര്‍പ്പ് ഏറ്റുവാങ്ങി,  മന്ത്രവാദിനി ഒരുക്കിയ അന്ത്യഅത്താഴവും  കഴിച്ച് സാവൂള്‍ നീങ്ങിയത് ദാരുണമായ മരണത്തിലേക്കായിരുന്നു. പിറ്റേദിവസം ഗില്‍ബോവിക്കുന്നില്‍ സാവൂളും മൂന്നു മക്കളും ഫിലിസ്ത്യരുടെ വാളിനിരയായി. രാജഭരണം എന്ന പരീക്ഷണം അതോടെ തീര്‍ത്തും പരാജയപ്പെട്ടു എന്നു തോന്നും.  എന്നാല്‍ സ്വന്തം ചിതാഭസ്മത്തില്‍ നിന്നുയിര്‍ക്കുന്ന ഫീനിക്സ് പക്ഷികളെപ്പോലെ  ഇസ്രായേല്‍ ജനം ഈ പരാജയത്തില്‍നിന്നും ഉയിര്‍ത്തു, അതിശക്തമായ ഒരു സാമ്രാജ്യമായി വളര്‍ന്നു, ശക്തനും ധീരനും കുശാഗ്രബുദ്ധിയുമായ ദാവീദിന്‍റെ നേതൃത്വത്തില്‍.

ഇസ്രായേല്‍ ജനത്തെ മുഴുവന്‍ കിടുകിടാവെറപ്പിച്ച മല്ലന്‍ ഗോലിയാത്തിനെ കവിണയില്‍ നിന്നു തൊടുത്തുവിട്ട ഒറ്റ കല്ലുകൊണ്ട് വീഴ്ത്തിയ  ഇടയബാലനായ ദാവീദിന്‍റെ സഞ്ചിയില്‍ കല്ലുകള്‍ ബാക്കി. സാവൂളിനെ ഭയന്ന് മരുഭൂമിയില്‍ അലഞ്ഞുനടന്ന ആ അംഗരക്ഷകന്‍ അനേകര്‍ക്ക് അഭയമായി(1 സാമു 22, 1-2). സാവൂളിന്‍റെ മരണത്തിനുശേഷം മടങ്ങിവന്ന ദാവീദ് ആദ്യം യൂദായുടെയും പിന്നീട്  ഇസ്രായേലിലെ മുഴുവന്‍ ഗോത്രങ്ങളുടെയും രാജാവായി അഭിഷേചിക്കപ്പെട്ടു. തന്ത്രപൂര്‍വ്വമായ നീക്കങ്ങളിലൂടെ ശത്രുക്കളെ പരാജയപ്പെടുത്തി. ജറുസലെം പിടിച്ചെടുത്ത് രാജ്യത്തിന്‍റെ തലസ്ഥാനമാക്കി. ഉടമ്പടിയുടെ പേടകം അവിടെ പ്രതിഷ്ഠിച്ച് മതപരമായ കേന്ദ്രവുമാക്കി. അങ്ങനെ ദാവീദിന്‍റെ നഗരമായ ജറുസലെം രാഷ്ട്രീയവും മതപരവുമായ തലസ്ഥാനമായി. ദാവീദ് എന്ന രാജാവിന്‍റെ കീഴില്‍ ഇസ്രായേല്‍ ജനം ശക്തമായ ഒരു രാജ്യമായി. ശത്രുക്കള്‍ കീഴടങ്ങി, അല്ലെങ്കില്‍ ഉടമ്പടികള്‍  വഴി സമാന്തരമായി. എല്ലാം കൊണ്ടും ഇസ്രായേല്‍ ജനത്തിന്‍റെ സുവര്‍ണദശയായിരുന്നു ദാവീദിന്‍റെ രാജഭരണം. വിശുദ്ധനും ദൈവത്തോട് വിശ്വസ്തനുമായിരുന്ന ദാവീദ് രാജാവിനെ ദൈവം അനുഗ്രഹിച്ചു. അവസാനിക്കാത്ത ഒരു സാമ്രാജ്യവും സുസ്ഥിരമായ ഒരു സിംഹാസനവും അതിലിരിക്കാന്‍ എന്നും ഒരു പുത്രനും ഉണ്ടായിരിക്കും എന്ന വാഗ്ദാനവും നല്കി(2 സാമു 7).
ഇതെല്ലാമായിട്ടും ദാവീദിന്‍റെ രാജഭരണം ജനത്തിനു ദോഷകരമായി. അതിര്‍ത്തികള്‍ വിസ്തൃതവും സുരക്ഷിതവുമാക്കാനുള്ള അമിതവ്യഗ്രതയില്‍ യുദ്ധങ്ങള്‍ വര്‍ദ്ധിച്ചു. പടയാളികള്‍ പടകുടീരങ്ങളില്‍ കാവല്‍ കിടന്നപ്പോള്‍ രാജാവ് അലസനായി, കൊട്ടാരത്തില്‍ വസിച്ചു. ആലസ്യം ആസക്തിയുണര്‍ത്തി. തനിക്കുവേണ്ടി പടപൊരുതുന്ന പടയാളിയുടെ  ഭാര്യയാണെന്നറിഞ്ഞിട്ടും ആളയച്ച് അവളെ വരുത്തി  സ്വന്തമാക്കാന്‍ മടി തോന്നിയില്ല - രാജാവ് അത്രമാത്രം രാജകീയതയില്‍ വളര്‍ന്നു കഴിഞ്ഞിരുന്നു, ഒപ്പം ദൈവത്തില്‍ നിന്ന് അകലുകയും. ബ ത്ഷേബായുടെ ഗര്‍ഭത്തില്‍  വളരുന്ന തന്‍റെ ശിശുവിന്‍റെ പിതൃത്വം ഭര്‍ത്താവായ ഊറിയായുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ തന്ത്രപൂര്‍വ്വം അയാളെ കുരുതികഴിക്കാനും ദാവീദു മടിച്ചില്ല (2 സാമു 11). അതിവിശുദ്ധനും ദൈവഭക്തനും നീതിമാനുമായ ദാവീദിന്‍റെ കാലത്ത് ഇതാണു സംഭവിച്ചതെങ്കില്‍ അത്രതന്നെ വിശ്വാസവും വിശുദ്ധിയുമില്ലാത്ത രാജാക്കന്മാരുടെ ഭരണത്തില്‍ എന്തു  സംഭവിക്കാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

നീതി നടപ്പിലാക്കേണ്ട രാജാവു തന്നെ അനീതി പ്രവര്‍ത്തിക്കുന്നു. കുടുംബങ്ങള്‍ക്കു സംരക്ഷണം നല്കേണ്ടവന്‍ കുടുംബം തകര്‍ക്കുന്നു. രാജ്യരക്ഷയ്ക്കുവേണ്ടി തന്‍റെ കല്പനയനുസരിച്ച് പടപൊരുതുന്ന പടയാളിയുടെ ജീവന്‍ രാജാവുതന്നെ ഒടുക്കക്കുന്നു. ഇനി എവിടെയാണ് രക്ഷ? നീതി-ന്യായത്തിന്‍റെ ആസ്ഥാനമായിരിക്കേണ്ട രാജസിംഹാസനം അനീതിയുടെ ഉറവിടമായാല്‍ പിന്നെ എവിടെ കിട്ടും നീതി? സാമുവേല്‍ വഴി ദൈവം നല്കിയ താക്കീത് യാഥാര്‍ത്ഥ്യമാവുകയായി. "അന്നു നിങ്ങള്‍ വിലപിക്കും. എന്നാല്‍ കര്‍ത്താവ് നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല"(1സാമു 8,18).

ദാവിദിന്‍റെ കാലത്തുതന്നെ അനീതിയുടെ ദോഷഫലങ്ങള്‍ വ്യക്തമായി. വ്യഭിചാരവും കൊലപാതകവും വഴി ധാര്‍മ്മികാധികാരം നഷ്ടപ്പെട്ട ദാവീദിന് ജനങ്ങളെയെന്നല്ലാ സ്വന്തം കുടുംബത്തെപ്പോലും നീതിപൂര്‍വ്വം ഭരിക്കാനോ നയിക്കാനോ കഴിഞ്ഞില്ല. പല ഭാര്യമാരില്‍നിന്നു ജനിച്ച ദാവിദീന്‍റെ മക്കള്‍ തമ്മില്‍ അസൂയയും വിദ്വേഷവും കാമാസക്തിയും ശത്രുതയും വര്‍ദ്ധിച്ചു. കുടുംബം തകര്‍ന്നു. അവസാനം സ്വന്തം പുത്രനെ ഭയന്ന് മരുഭൂമിയിലേക്ക് ഓടുന്ന ദാവീദ് രാജാവ് രാജഭരണത്തിന്‍റെ ദയനീയ പരാജയത്തിന് ഉദാഹരണമായി നില്ക്കുന്നു.

രാജാവും ദൈവികനിയമത്തിനു വിധേയനാണെന്നും ജനത്തെ നയിക്കേണ്ടത് ആത്യന്തികമായി ദൈവികനിയമങ്ങള്‍ അനുസരിച്ചാണെന്നും മറക്കുന്നിടത്ത് അനീതി പിറക്കുന്നു. അപ്പോള്‍ രാജാവിരിക്കുന്നത് അനീതിയുടെ സിംഹാസനത്തിലായിരിക്കും. അവര്‍ ഒഴുക്കുന്നത് ശത്രുക്കളുടെ മാത്രമല്ല, സ്വന്തം ജനത്തിന്‍റെയും രക്തമായിരിക്കും. സാവൂളും ദാവീദും തുടങ്ങി ആഹബില്‍ എത്തുമ്പോഴേക്കും യൂദായുടെയും ഇസ്രായേലിന്‍റെയും വയലുകളിലും തോട്ടങ്ങളിലും ഇസ്രായേല്‍ ജനത്തിന്‍റെ തന്നെ രക്തം ഒഴുകി, തളം കെട്ടി. നിസ്സഹായരായ ജനം നിലവിളിക്കാന്‍ പോലും കഴിയാതെ മരവിച്ചു. ഏതെങ്കിലും വിധത്തില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ജനത്തിനു സംരക്ഷണവും  സുരക്ഷിതത്വവും നല്കാന്‍, വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും നീതി ഉറപ്പു വരുത്താന്‍, രാജഭരണത്തിനു കഴിയുകയില്ല എന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് നിയമാവര്‍ത്തനചരിത്രകാരന്‍ ഇസ്രായേല്‍ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവം നല്കിയിരിക്കുന്ന സ്വാഭാവിക നിയമങ്ങളെ കാറ്റില്‍ പറത്തുന്നവര്‍ അനീതിയുടെ ഉറവിടങ്ങളായിത്തീരുന്നു - ബത്ഷേബായുടെയും ഊറിയായുടെയും നാബോത്തിന്‍റെയും കുടുംബത്തിന്‍റെയും ഉദാഹരണങ്ങള്‍ ബൈബിളില്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ആ സംഭവങ്ങള്‍ക്ക് ഇന്ന് പ്രസക്തി ഒട്ടും കുറഞ്ഞിട്ടുമില്ല എന്ന് ആനുകാലിക സംഭവങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്കുവേണ്ടി ഭൂമി കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ വഴിയാധാരരാക്കപ്പെടുന്ന നാബോത്തുമാരുടെ നിലവിളി ഈ ഭൂഗോളത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും ഉയരുന്നില്ലേ? വഴിക്കു വീതിയും അണക്കെട്ടുകള്‍ക്ക് ഉയരവും കൂട്ടാന്‍ വേണ്ടി കുടിയിറക്കപ്പെടുന്നവര്‍ ദശകങ്ങള്‍ കഴിഞ്ഞിട്ടും വഴിയിറമ്പുകളിലും മരച്ചുവടുകളിലും അന്തിയുറങ്ങേണ്ടി വരുന്നത് ഒരു സ്ഥിരം കാഴ്ചയായി മാറിയതിനാല്‍ ശ്രദ്ധിക്കപ്പെടുന്നു പോലുമില്ലല്ലോ.

രാജഭരണം പുരോഗമിച്ചതോടെ ഇസ്രായേലില്‍ ഉച്ചനീചത്വം ഉടലെടുത്തു. രാജാവും ഉദ്യോഗസ്ഥവൃന്ദവും വലിയവരായി; സാധാരണ ജനം ചെറിയവര്‍. ഭൂമി വില്ക്കുകയും വാങ്ങുകയും ചെയ്യാവുന്ന വസ്തുവായി. അതോടെ ഭൂമി ചുരുക്കം പേരുടെ കൈകളില്‍ ഒതുങ്ങി; ഭൂരിപക്ഷം ഭൂരഹിതരായി. ചെറിയവര്‍ക്കു സംരക്ഷണമില്ലാതെയായി. സാവകാശം ഈജിപ്തിലെ അടിമത്തത്തെ വെല്ലുന്ന അടിമത്തം വാഗ്ദത്തഭൂമിയില്‍ സംജാതമായി. ദൈവത്തെ മറന്ന് പടുത്തുയര്‍ത്തിയ സാമ്രാജ്യം ജനത്തിനു താങ്ങാനാവാത്ത ഭാരമായി, അവരുടെ ജീവരക്തം ഊറ്റിയെടുക്കുന്ന സംവിധാനമായിത്തീര്‍ന്നു. സകല മേഖലകളിലും നീതി നിഷേധിക്കപ്പെട്ടു. അനീതിയുടെ വിളനിലമായ ഈ സംവിധാനത്തിനെതിരേ പുറപ്പാടു നയിച്ച ദൈവം  ഗര്‍ജ്ജിച്ച ശക്തരായ പ്രവാചകരിലൂടെ. അതാണ് അടുത്തതായി കാണാന്‍ ശ്രമിക്കുന്നത്.  

You can share this post!

ശാന്തപദം സുരക്ഷിതം

സഖേര്‍
അടുത്ത രചന

മനോനില ചിത്രണം

ടോം മാത്യു
Related Posts