news-details
പുസ്തകപരിചയം

തീക്കല്ലുകളില്‍ കിളിര്‍ക്കുന്ന നീരുറവ

പ്രണയത്തെ ഓര്‍ത്തെടുക്കുന്ന നൂറ്റിയൊന്ന് ജപമണികളാണ് റോസി തമ്പിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം 'പ്രണയലുത്തിനിയ'. ക്രിസ്തീയ കുടുംബങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ആവര്‍ത്തിച്ചുചൊല്ലുന്ന ഒരു പ്രാര്‍ത്ഥനാരൂപമാണ് ലുത്തിനിയ. മനുഷ്യന്‍റെ ജീവിതത്തിലുടനീളം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കേണ്ട ഒന്നാണല്ലോ പ്രണയം. അതുകൊണ്ട് റോസി തമ്പിയെപോലെ എനിക്കും പ്രണയത്തെ ഒരു ലുത്തിനിയ ആക്കാനാണ് താത്പര്യം. ഏറെ എഴുതി പതംവന്നതു കൊണ്ടാകാം പ്രണയത്തെക്കുറിച്ച് മലയാളത്തില്‍ എന്തെഴുതിയാലും ഒരുതരം പുതുമയില്ലായ്മ ഉണ്ടാകാറുണ്ട്. അത് നല്ലതുപോലെ മനസ്സിലാക്കിയിട്ടാകണം റോസി തമ്പി ഈ പ്രമേയത്തെ ആറ്റിക്കുറുക്കി വായനക്കാരിലേക്ക് ഒരമ്മയുടെ കയ്യടക്കത്തോടെ പകര്‍ന്നേ പോകുന്നത്.

ശരീരത്തിന് തീ പിടിച്ച് ആത്മാവ് കത്തുമ്പോള്‍ പുറത്തുവരുന്ന ഒരുവനിലെ ഏറ്റവും മനോഹരമായതിനെ വിളിക്കേണ്ട പേരാണ് പ്രണയം. പെണ്ണിന് ആണും ആണിന് പെണ്ണും കൂട്ടിരിക്കുന്ന, വെറുതെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറയുന്ന ആ നല്ലകാലത്തെ കവയത്രി നൂറ്റൊന്ന് കാവ്യശകലങ്ങളിലായി വരച്ചിടുന്നു. പ്രണയത്തില്‍ വാക്കുകള്‍ ചുരുങ്ങുകയും പേരിടാനാവാത്ത ഏതൊക്കെയോ വികാരങ്ങളാല്‍ അടിമുടി പൂത്ത് തളിര്‍ക്കുകയും ചെയ്യുന്നു. ഓരോ പ്രണയിയും ഒരു ഏദന്‍തോട്ടത്തെ, ഏതോ പുരാതനമായ ഒരു നഷ്ടസ്വപ്നത്തെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പ്രായവും ജരാനരകളും കാണെക്കാണെ മാഞ്ഞുപോവുകയും പുതിയതൊന്ന് ആത്മാവിനുമേല്‍ മുത്തമിട്ടുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. അങ്ങനെ പ്രണയം തന്നെ ആത്മീയതയുമാകുന്നു. പ്രണയം എന്നും എപ്പോഴും പുതിയതുതന്നെ. ഏറ്റവും തീവ്രമായി അനുഭവിക്കുമ്പോഴും ആവിഷ്കരിക്കാന്‍ മുന്‍പുള്ളവര്‍ ഉപയോഗിച്ചു പഴകിപ്പോകാത്തവിധം ഭാഷയെ മെരുക്കിയെടുക്കുക ഏറെ പ്രയാസം. എന്തെന്നാല്‍ പ്രണയത്തെക്കുറിച്ച് അത്രമേല്‍ എഴുതപ്പെട്ടതാണ്. അങ്ങനെ പോകുന്നു കവയത്രിയുടെ നിരീക്ഷണങ്ങള്‍.

എന്തുകൊണ്ട് പ്രണയം എന്നതിന് കവയത്രിക്ക് കൃത്യവും സത്യസന്ധവും പ്രായോഗികവുമായ ഉത്തരമുണ്ട്. ആസുരമായ ഈ കാലത്ത് പരസ്പരം മുറിവുകളാവുന്നവര്‍ക്ക് ഒരു സ്നേഹലേപനമായി മാറാന്‍ കഴിയുക പ്രണയത്തിനാണ് എന്ന തിരിച്ചറിവും, പോര്‍വിളികളല്ല ഒന്നിച്ചിരുന്നുള്ള കൊച്ചുവര്‍ത്തമാനങ്ങളാണ് വേണ്ടതെന്ന വിശ്വാസവുമാണ് തനിക്ക് പ്രചോദനം എന്ന് അവര്‍ തന്‍റെ കാവ്യലോകത്തിന് മുദ്രയിടുന്നു. ജീവന്‍റെ ആനന്ദമായും ഒന്നാകുന്നതിന്‍റെ അനുഭൂതിയായും ഇളംകാറ്റിന്‍റെ ഉന്മാദമായും ലുത്തിനിയകള്‍ക്ക് രൂപമാറ്റം സംഭവിക്കുന്നു. ആകാശം കാണാതെ വളരുന്ന പുതുതലമുറയ്ക്ക് പുല്ലിന്‍റെ വെയില്‍ച്ചിരി കാട്ടിക്കൊടുക്കുന്നു. നല്ലതെല്ലാം നമ്മിലേക്ക് ഒഴുകിയെത്തുന്നതിന് ഒന്നേ വേണ്ടൂ പ്രണയത്തിലായിരിക്കുക എന്ന് ആരോ നമ്മുടെ കാതോരത്തിരുന്ന് മന്ത്രിക്കുന്നു. റോസി തമ്പിയുടെ കാവ്യലോകത്തിന് നിലപാടുതറയാകുന്നത് വിശുദ്ധ വേദപുസ്തകമാണ്.  സൃഷ്ടിക്കുശേഷം ഏഴാംനാള്‍ ഒറ്റക്കിരുന്ന് ഏകാന്തപ്പെട്ടപ്പോഴാണ് ദൈവം പ്രണയത്തെ സൃഷ്ടിച്ച് നരന്‍റെ ആത്മാവില്‍ ഒളിപ്പിച്ചുവെച്ചതെന്ന് കവയത്രി നിരീക്ഷിക്കുന്നു. പ്രപഞ്ചത്തിലുള്ള സമസ്ത ജീവജാലങ്ങളെയും സൃഷ്ടിച്ചതിനുശേഷം ഏറ്റവും ഒടുവില്‍ മാത്രം മനുഷ്യനെ ഉണ്ടാക്കിയിട്ട് അവന്‍റെ മൂക്കിലേക്ക് ആബ്ബാ ഊതുകയാണ്. മണ്ണും വെള്ളവും ആകാശത്തിന്‍റെ ചെറുകഷണവും അഗ്നിയും വായുവും ചേര്‍ന്ന പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമാണ് മനുഷ്യശരീരമെന്നാണ് ഭാരതീയപാരമ്പര്യം പഠിപ്പിക്കുന്നത്. ആബ്ബായുടെ നിശ്വാസം മനുഷ്യനിലേക്ക് പ്രവേശിച്ചതോടെ അവന്‍ ജീവനുള്ളവനായി തീര്‍ന്നു. ആബ്ബായുടെ പ്രണയമാണ് മനുഷ്യന്‍റെയുള്ളിലെ ജീവശ്വാസം. മനുഷ്യര്‍ തമ്മില്‍ പ്രണയിക്കുന്നതുകണ്ട് കൊതികൊള്ളുന്ന ഒരു സ്വര്‍ഗ്ഗം വിദൂരത്തെങ്ങോ ഉണ്ടാകണം.

ഉള്ളിലെ മുറിവുകളെ പരിചരിക്കാന്‍ പ്രണയത്തിന് ഏല്‍പ്പിച്ചുകൊടുക്കുക. അപ്പോള്‍ എത്ര ആഴമുള്ള വേദനയും ആനന്ദമായി രൂപാന്തരപ്പെടും എന്ന് ഒരു നാട്ടുവൈദ്യന്‍റെ തന്മയത്വത്തോടെ കവയത്രി നിര്‍ദ്ദേശിക്കുന്നതും ശ്രദ്ധേയമാണ്. പ്രണയത്തില്‍ ഒരു തെരഞ്ഞെടുപ്പിന്‍റെ അനിവാര്യതയുണ്ട്. അതുകൊണ്ട് ആര്‍ക്കും ആരെയും പ്രണയിക്കാനാകില്ല, പ്രണയം നമ്മെ തെരഞ്ഞെടുക്കുവോളം എന്നെഴുതാന്‍ കവയത്രിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുന്നില്ല. പ്രണയികള്‍ ആത്മാവിന്‍റെ മൊഴി കേള്‍ക്കുന്നവരാണ്. അതുകൊണ്ട് പ്രണയത്തെ ഇനി മുതല്‍ ആത്മീയത എന്ന് ധൈര്യമായി വിളിക്കാം. ~ഒരു മനുഷ്യന് ചെയ്യാവുന്ന ഏറ്റവും നല്ല ആത്മീയപ്രവൃത്തി ഏതെന്നു ചോദിച്ചാല്‍ പ്രണയിക്കുക എന്ന് കവയത്രി മറുപടി നല്‍കും. ഒരൊറ്റ ലേപനം കൊണ്ട് പ്രണയം മനുഷ്യനെ ദൈവമാക്കുകയും ദൈവത്തെ കേവലം ജൈവമനുഷ്യനാക്കുകയും ചെയ്യുന്നു. ദൈവം തേരിറങ്ങുന്നത് പ്രണയികളുടെ ഇടയിലേക്കല്ലാതെ മറ്റെവിടേയ്ക്കാണ്? അങ്ങനെയാണല്ലോ വചനം മാംസമാകുന്നത്. കൂട്ടായിരിക്കുന്നത് സ്വര്‍ഗ്ഗവും കൂട്ടറ്റ് പോകുന്നത് നരകവും. വിളക്കേന്തിയ കന്യകമാരുടെ കഥയുണ്ട് വേദപുസ്തകത്തില്‍. ചിലര്‍ വിളക്കിനോടൊപ്പം എണ്ണയും കൂടെ കരുതി. മറ്റുള്ളവര്‍ വിളക്കുമാത്രമേ കരുതിയുള്ളൂ. എണ്ണ ഉള്ളവരില്‍ നിന്ന് തരപ്പെടുത്താമെന്ന് കരുതി. എന്നിട്ട് മണവാളനെ കാത്തിരുന്നു. ക്രിസ്തു പറഞ്ഞ ആ ഉപമയെ സ്മൃതിപഥത്തില്‍ കൊണ്ടുവരുന്നുണ്ട് കവയത്രി. അതുകൊണ്ടാണ് പ്രണയം ഓര്‍ക്കാപ്പുറത്ത് കയറിവന്നേക്കാം എന്നും വിളക്കില്‍ എണ്ണ കരുതിവെയ്ക്കണമെന്നും അവര്‍ക്ക് എഴുതാനാകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണ്? രണ്ടുപേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതു തന്നെ. പ്രണയവെളിച്ചത്തെ ഉടല്‍മറകൊണ്ട് ഒളിച്ചുവെയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുടെ എണ്ണമല്ലേ ഭൂമിയില്‍ ഏറ്റവും കൂടുതലുള്ളത്? പ്രണയലുത്തിനിയകള്‍ ഉരുവിട്ടുവരുമ്പോള്‍, വറ്റിപ്പോയ ഉടല്‍നദിയില്‍ ഉറവ കിളിര്‍ക്കുന്നത് കാണാം, അത് പ്രണയം ഒരാളില്‍ പണിയെടുക്കാന്‍ തുടങ്ങുന്നതാണ്. കരുതലിന്‍റെ താക്കോലിട്ട് ശ്രദ്ധയുടെ താഴ് തുറക്കുമ്പോള്‍ ആത്മാവില്‍ നിന്ന് ആത്മാവിലേക്ക് പ്രണയം ചാലിട്ടൊഴുകാന്‍ തുടങ്ങുന്നു. രണ്ടുപേര്‍ പ്രണയികളായിരിക്കുന്നത് ദൈവം അവരെ തൊട്ടതുകൊണ്ടാണെന്ന് ലളിതമായ ആത്മീയതത്വം കവയത്രി പ്രകാശിപ്പിക്കുന്നുണ്ട്. ഇനി രതിയിലേക്ക് വരുമ്പോള്‍ ഉടലുകളെ മായ്ച്ചുകളയുന്ന പ്രണയത്തിന്‍റെ ബലിയാണ് രതി എന്ന് റോസി തമ്പി വ്യാഖാനിക്കുന്നു. ദൈവത്തിന്‍റെ ആത്മാവ് ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ പ്രണയത്താല്‍ ഉന്മത്തരായി മലകള്‍ നൃത്തം ചെയ്യുകയും കടല്‍ ശാന്തമാവുകയും മനുഷ്യര്‍ സൂര്യനിലേക്ക് നടന്നുകയറുകയും ചെയ്യുമത്രേ. എത്ര മനോഹരമായ നിരീക്ഷണമാണത്. രൂപമാറ്റങ്ങള്‍ സംഭവിക്കുന്നത് തീര്‍ച്ചയായും ഇത്തരം ജൈവപരതകളിലേക്കാണല്ലോ.

ഇങ്ങനെ അഹത്തിന്‍റെ കൂടുതകര്‍ത്ത് ആത്മാവിന്‍റെ സക്രാരിയിലേക്ക്, നൂറ്റിയൊന്ന് ജപമണികളിലൂടെ കടന്നുപോകുമ്പോള്‍ ഒടുക്കം നാം എത്തിച്ചേരുന്നത് നിഷ്കളങ്കമായ പ്രണയത്തിന്‍റെ രാജാങ്കണങ്ങളിലാണ്. ഒരു മഹാപ്രാര്‍ത്ഥനയോടെ പ്രണയലുത്തിനിയകള്‍ ആത്മാവിലേക്ക് ലയിച്ചു ചേരുന്നു. ഹാ പ്രണയമേ, അത്യുഷ്ണത്തില്‍ വീശുന്ന തണുത്ത കാറ്റാണ് നീ, ജീവന്‍റെ ഉറവ, പ്രളയശേഷം തെളിയുന്ന സൂര്യന്‍, വിത്തുകിളിര്‍ക്കുന്ന അയിര്‍മണ്ണ്, നിലയ്ക്കാത്ത ഗീതം, നിത്യമായ പ്രാര്‍ത്ഥന.

ലിഖിതം ബുക്സ് കണ്ണൂര്‍ ആണ് ഈ കുഞ്ഞുപുസ്തകത്തിന്‍റെ പ്രസാധകര്‍. ഒരു യാത്രയില്‍ വായിച്ചുതീര്‍ക്കാവുന്നതും എന്നാല്‍ വായിച്ച് തള്ളാന്‍ കഴിയാത്തതുമായ ഒരു ആകര്‍ഷണീയത പുസ്തകത്തിനുണ്ടെന്നത് തീര്‍ച്ച. ഇനിയൊക്കെ വായനക്കാരുടെ ഇഷ്ടം.


ഫോണ്‍: 9447133882 

You can share this post!

ഗൃഹബുദ്ധം

വി.ജി. തമ്പി
അടുത്ത രചന

കറ

ഡോ. കുഞ്ഞമ്മ ജോർജ്ജ്
Related Posts