റൊമേലു ലുകാകു
ബെല്‍ജിയം,17 ജൂണ്‍ 2018
ഞങ്ങള്‍ പാപ്പരായിരിക്കുന്നു എന്നുറപ്പിച്ച ആ നിമിഷത്തെ ഞാന്‍ വ്യക്തമായോര്‍ക്കുന്നുണ്ട്. ഫ്രിഡ്ജിനടുത്തു നില്‍ക്കുന്ന അമ്മയെയും അവരുടെ മുഖത്തെ ഭാവവും എനിക്കിപ്പൊഴും വ്യക്തമായി കാണാം.
എനിക്ക് ആറുവയസ്സായിരുന്നു. സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണ സമയത്ത് വീട്ടില്‍ വന്നതാണ് ഞാന്‍. ഒന്നൊഴിയാതെ, എല്ലാ ദിവസവും അമ്മയുടെ മെനു അതുതന്നെ : റൊട്ടിയും പാലും. കുട്ടിയായിരിക്കുമ്പോള്‍ നിങ്ങളതിനെക്കുറിച്ച് ചിന്തിക്കുകപോലുമില്ല. പക്ഷേ എനിക്കിപ്പോള്‍ ഊഹിക്കാം; അന്ന്, അതേ ഞങ്ങള്‍ക്ക് താങ്ങാനാവുമായിരുന്നുള്ളു.
വീട്ടിലെത്തിയ ഞാന്‍ അടുക്കളയിലേക്ക് ചെന്നു. അവിടെ ഫ്രിഡ്ജിനടുത്ത് അമ്മ പാല്‍പ്പാത്രവുമായി നില്‍പ്പുണ്ട്, സാധാരണപോലെ തന്നെ. പക്ഷെ ഇത്തവണ അവരതില്‍ എന്തോ ചേര്‍ത്തിളക്കുന്നുണ്ട്. നോക്കൂ... അവരത് നന്നായി കുലുക്കുന്നുമുണ്ട്. സത്യത്തില്‍ എന്താ സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എന്നിട്ടവര്‍, എല്ലാം ഭംഗിയാണെന്ന പുഞ്ചിരിയോടെ ഉച്ചഭക്ഷണം എനിക്ക് വിളമ്പി. അപ്പോഴാണ് എനിക്കത് പിടികിട്ടിയത്. അമ്മ പാലില്‍ വെള്ളം ചേര്‍ത്തിളക്കുകയായിരുന്നു. ഈ ആഴ്ച പൂര്‍ത്തിയാക്കാനാവശ്യമായത്ര പണം ഞങ്ങള്‍ക്കില്ലായിരുന്നു. ഞങ്ങളിതാ പാപ്പരായിരിക്കുന്നു. വെറും ദരിദ്രരല്ല, പാപ്പര്‍.
എന്‍റെ അച്ഛന്‍ ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരനായിരുന്നു. അദ്ദേഹം തന്‍റെ കരിയറിന്‍റെ അവസാനത്തിലെത്തിയിരുന്നു, പണമെല്ലാം തീര്‍ന്നുപോയി. ആദ്യം പോയത് കേബിള്‍ ടിവിയാണ്. ഇനി ഫുട്ബോളില്ല. മാച്ച് ഓഫ് ദി ഡേയില്ല. നോ സിഗ്നല്‍.
പിന്നെ, രാത്രിയില്‍ വീട്ടിലേക്കെത്തുമ്പോള്‍ മൊത്തം ഇരുട്ടായി. കറണ്ടില്ല, ഓരോ തവണയും രണ്ടോ മൂന്നോ ആഴ്ചക്കാലത്തോളം. വൈകാതെ, കുളിക്കാന്‍ ചൂടുവെള്ളവുമില്ലാതായി. അമ്മ കെറ്റിലില്‍ വെള്ളമെടുത്ത് സ്റ്റൗവില്‍ വച്ച് ചൂടാക്കിത്തരും. ആ ചൂടുവെള്ളം കപ്പില്‍ കോരി തലയിലേക്കൊഴിച്ചായിരുന്നു എന്‍റെ വിശാലമായ കുളി.
മുമ്പും ചിലപ്പോഴൊക്കെ അമ്മയ്ക്ക് തെരുവിലെ ബേക്കറിയില്‍ നിന്ന് റൊട്ടി കടം വാങ്ങേണ്ടിവന്നിട്ടുണ്ട്. ബേക്കറിക്കാര്‍ക്ക് എന്നെയും അനിയനെയും നന്നായറിയാമായിരുന്നതുകൊണ്ട് വെള്ളിയാഴ്ച പണം കൊടുക്കാമെന്ന ഉറപ്പില്‍ തിങ്കളാഴ്ച ഒരു മുഴുവന്‍ റൊട്ടി അമ്മയ്ക്കവര്‍ നല്‍കിയിരുന്നു.
ഞങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന് ഞാന്‍ മുമ്പേ മനസ്സിലാക്കിയിരുന്നു. പക്ഷെ, അമ്മ പാലില്‍ വെള്ളം ചേര്‍ക്കുന്നതു കണ്ടപ്പോള്‍ നിക്കത് ഉറപ്പായി.
പറഞ്ഞുവന്നത്... ഇതായിരുന്നു ഞങ്ങളുടെ ജീവിതം.
ഞാനൊരു വാക്കും മിണ്ടിയില്ല. അമ്മയെ കൂടുതല്‍ സങ്കടപ്പെടുത്താന്‍ എനിക്കിഷ്ടമില്ലായിരുന്നു. ഞാനെന്‍റെ ഉച്ചഭക്ഷണം കഴിച്ചു. പക്ഷെ, ദൈവത്തെപ്രതി ആ ദിവസം ഞാനൊരു പ്രതിജ്ഞയെടുത്തു...
ഞാനെന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയാമായിരുന്നു; എന്താണ് ചെയ്യാന്‍ പോകുന്നതെന്നും.
അമ്മയിങ്ങനെ ജീവിച്ചാല്‍ പോരാ. ഇല്ല, എനിക്കിതു പോരാ...
ഫുട്ബോള്‍ കളിക്കാര്‍ സാധാരണയായി മനോവീര്യത്തെപ്പറ്റി സംസാരിക്കാറുണ്ട്. നോക്കൂ... ഞാനാണ് നിങ്ങളിതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മനോബലമുള്ള ആള്‍.
എനിക്കോര്‍മ്മയുണ്ട്, അനിയനും അമ്മയ്ക്കുമൊപ്പം കൂരിരുട്ടത്തിരുന്ന് പ്രാര്‍ത്ഥന ചൊല്ലുന്നത്, ചിന്തിക്കാം... വിശ്വസിക്കാം... അറിയാം...
അതെ, അത് സംഭവിക്കാന്‍ പോകുന്നു.
കുറച്ചുകാലം ആ പ്രതിജ്ഞ ഞാന്‍ എന്‍റെയുള്ളില്‍ത്തന്നെ സൂക്ഷിച്ചുവച്ചു. അങ്ങനെയൊരുനാള്‍ സ്കൂളില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ അമ്മ കരയുകയാണ്. അങ്ങനെ ഞാനവരോട് പറഞ്ഞു, "അമ്മേ... നോക്കൂ.. ഇതെല്ലാം മാറാന്‍ പോവുകയാ. ഞാന്‍ ഉടന്‍ തന്നെ ആന്‍ഡെര്‍ലെക്റ്റിനു വേണ്ടി ഫുട്ബോള്‍ കളിക്കാന്‍ പോകും. അതോടെ നമ്മളുടെ പ്രശ്നങ്ങളൊക്കെ തീരും. അമ്മയ്ക്കു പിന്നെ വിഷമിക്കേണ്ടിയേ വരില്ല".
എനിക്ക് ആറു വയസ്സായിരുന്നു.
ഞാനെന്‍റെ അച്ഛനോട് ചോദിച്ചു, "അച്ഛന്‍ എപ്പഴാ പ്രൊഫഷനലായി ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയത്?"
"പതിനാറു വയസ്സില്‍" അദ്ദേഹം പറഞ്ഞു
"ഓ! അപ്പോള്‍ പതിനാറു വയസ്സ്"
അത് സംഭവിക്കാന്‍ പോവുകയാണ്.
ഞാനൊരു കാര്യം പറയട്ടെ എനിക്കെല്ലാ കളികളും ഫൈനല്‍ മത്സരങ്ങളായിരുന്നു. അത് പാര്‍ക്കില്‍ കളിക്കുമ്പോളായാലും, നഴ്സറിസ്കൂളില്‍ ഒഴിവു നേരത്ത് കളിക്കുമ്പോളായാലും. ഞാനെപ്പോഴും കട്ട സീരിയസായിരുന്നു. ഓരോ സമയം അടിക്കുമ്പോഴും ബോളിന്‍റെ പുറന്തോല്‍ പൊട്ടിക്കാനായിരുന്നു എന്‍റെ ശ്രമം. ഫുള്‍ പവര്‍.
ഞാന്‍ ചുമ്മാ കളിക്കുകയല്ല. ഒടുക്കലത്തെ കളി കളിക്കുകയാണ്.
ഞാന്‍ പൊക്കം വയ്ക്കാന്‍ തുടങ്ങിയപ്പോഴേക്കും കുറേ ടീച്ചര്‍മാരും രക്ഷാകര്‍ത്താക്കളും എന്നെ സമ്മര്‍ദ്ദത്തിലാക്കിത്തുടങ്ങി. ഒരു മുതിര്‍ന്നയാളുടെ ആ ചോദ്യം ഞാന്‍ മറക്കില്ല, "ഹേയ് നിനക്കെത്ര വയസ്സായി? ഏതു വര്‍ഷമാ നീ ജനിച്ചത്?"
ഇവരെന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത്..?!
എനിക്ക് 11 വയസ്സായപ്പോള്‍, ഞാന്‍ ലീസെ യൂത്ത് ടീമിനുവേണ്ടി കളിക്കുമ്പോള്‍ ഒരു ദിവസം ഒരു രക്ഷാകര്‍ത്താവ് എന്നെ ഗ്രൗണ്ടില്‍ പോകാനനുവദിക്കാതെ ശരിക്കും തടഞ്ഞു. "ഈ കുട്ടിക്കെത്ര വയസ്സായി? ഇവന്‍റെ ഐഡി എവിടെ? ഇവന്‍ എവിടെയുള്ളതാണ്?"
ഞാന്‍ ചിന്തിച്ചു ഞാനെവിടുന്നാണ്?
ഞാന്‍ ആന്‍റ്വെര്‍പില്‍ ജനിച്ചു. ബെല്‍ജിയംകാരന്‍.
എന്‍റെ അച്ഛന്‍ അവിടെയുണ്ടായിരുന്നില്ല.
ദൂരെ സ്ഥലങ്ങളിലേക്ക് എന്നെ കളിക്കാന്‍ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സ്വന്തമായി കാറില്ല. ഞാനൊറ്റക്കായിരുന്നു. എനിക്കുവേണ്ടി ഞാന്‍ തന്നെ നിലകൊള്ളണമായിരുന്നു. ഞാന്‍ പോയി ബാഗില്‍ നിന്ന് ഐഡിയെടുത്ത് എല്ലാ രക്ഷാകര്‍ത്താക്കളെയും കാട്ടി. അവരത് പരസ്പരം കൈമാറി വീണ്ടും വീണ്ടും നോക്കി.
എനിക്കോര്‍മ്മയുണ്ട്... എന്‍റെ രക്തം തിളയ്ക്കുകയായിരുന്നു. ഹോ! നിങ്ങളുടെയൊക്കെ മക്കളെ ഞാനിന്ന് തോറ്റു തുന്നം പാടിക്കും.... ഞാനവരെ തകര്‍ക്കും... കരയുന്ന മക്കളെയും കൊണ്ടാവും നിങ്ങളുടെ ഇന്നത്തെ മടക്കം..എനിക്ക് ബെല്‍ജിയന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരനാവണം. അതാണെന്‍റെ ലക്ഷ്യം. കേവലം മെച്ചപ്പെട്ടതും നല്ലതുമൊന്നുമല്ല; ഏറ്റവും മികച്ചതുതന്നെ.എന്‍റെ വീട്ടില്‍ ഓടിനടക്കുന്ന എലികള്‍... ടിവിയില്‍ ചാമ്പ്യന്‍സ് ലീഗ് കാണാനാവാത്തത്... മറ്റുള്ള രക്ഷാകര്‍ത്താക്കളുടെ വല്ലാത്ത നോട്ടം...
അതെ, അടക്കാനാവാത്ത പകയോടെയായിരുന്നു എന്‍റെ കളി.
എനിക്കൊരു ദൗത്യമുണ്ട്.
പന്ത്രണ്ടു വയസ്സായപ്പോഴേക്കും 34 കളികളിലായി 76 ഗോളുകള്‍ ഞാന്‍ നേടിയിരുന്നു. ഇതെല്ലാമടിച്ചതാകട്ടെ എന്‍റെ അച്ഛന്‍റെ ഷൂസുകള്‍ ധരിച്ചും. കാലുകള്‍ ഒരേ വലിപ്പമായതോടെ ഞങ്ങളത് ഷെയര്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു
ഒരു ദിവസം അപ്പൂപ്പന്‍ (അമ്മയുടെ അച്ഛന്‍) എന്നെ വിളിച്ചു. എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണ് അദ്ദേഹം. അച്ഛന്‍റെയും അമ്മയുടെയും നാടായ കോംഗോയിലേക്കുള്ള എന്‍റെ വേര്...
"ഞാന്‍ നന്നായി കളിക്കുന്നുണ്ട്, 76 ഗോളടിച്ചു, ലീഗില്‍ ജയിക്കുകയും ചെയ്തു. വന്‍ ടീമുകള്‍ ഇപ്പോള്‍ എന്നെ നോട്ടമിട്ടിട്ടുണ്ട്..."
സാധാരണ എന്‍റെ കളിയെപ്പറ്റി വലിയ താല്‍പ്പര്യം കാട്ടാറുള്ളയാളാണ് അപ്പൂപ്പന്‍. ഇത്തവണ എന്തോ പുള്ളി പറഞ്ഞു.. 'കൊള്ളാം മോനേ, പക്ഷേ.. നീയെനിക്കൊരുപകാരം ചെയ്യാമോ?'
"എന്താ അപ്പൂപ്പാ... പറയൂ."
"നീ എന്‍റെ മോളെ നന്നായി നോക്കണേ.."
ഞാനാകെ അസ്വസ്ഥനായി. അപ്പൂപ്പനെന്താ ഈ പറയുന്നത്?
"അമ്മയെയല്ലേ? അമ്മ നന്നായിരിക്കുന്നു അപ്പൂപ്പാ.."
"അല്ല, നീയെനിക്ക് വാക്കുതരണം. തരില്ലേ മോനേ... അവളെ നീ നന്നായി നോക്കണം.. എനിക്കുവേണ്ടി"
ഞാന്‍ പറഞ്ഞു, 'അതെ അപ്പൂപ്പാ... മനസ്സിലായി. ഞാന്‍ വാക്കുതരുന്നു.'
അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ അപ്പൂപ്പന്‍ മരിച്ചു. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.
അതോര്‍ക്കുമ്പോള്‍ എനിക്ക് വേദനയുണ്ട്. ഞാന്‍ ആന്‍ഡര്‍ലെക്റ്റിനായി കളിക്കുന്നതു കാണാന്‍ ഒരു നാലു കൊല്ലം കൂടി അദ്ദേഹം ജീവിച്ചിരുന്നില്ല. ഞാനെന്‍റെ വാക്ക് പാലിച്ചു, എല്ലാം ഭംഗിയാക്കി.
2009 മെയ് 24
സമനിലയ്ക്ക് ശേഷമുള്ള നിര്‍ണ്ണായകമായ കളി
ആന്‍ഡലെക്റ്റ് ഢെ സ്റ്റാന്‍റേഡ് ലീഗ്
അതായിരുന്നു എന്‍റെ ജീവിതത്തിലെ ഏറ്റവും ഉന്മത്തമായ ദിനം.
സീസണ്‍ തുടങ്ങുമ്പോള്‍ ഞാന്‍ കളി തുടങ്ങിയിരുന്നില്ല. "അണ്ടര്‍ 19 വിഭാഗത്തില്‍ വെയിറ്റിംഗ് ബെഞ്ചിലിരിക്കുന്ന ഞാനെങ്ങനെയാണ് എന്‍റെ പതിനാറാം പിറന്നാളില്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരനായി കരാറൊപ്പിടുക?" എന്നതായിരുന്നു എന്നെ വട്ടുപിടിപ്പിക്കുന്ന ചിന്ത.
ഞാന്‍ കോച്ചിന്‍റെ അടുത്തേക്കു ചെന്നു.
ഞാനങ്ങേരോട് ബെറ്റ് വച്ചു. "നിങ്ങളെന്നെ ശരിക്കും കളിപ്പിച്ചാല്‍, ഡിസംബറിനു മുമ്പ് ഞാന്‍ 25 ഗോളുകള്‍ അടിച്ചിരിക്കും."
"അങ്ങേര്‍ പൊട്ടിച്ചിരിച്ചു. ശരിക്കും എന്നെ പരിഹസിച്ചുതന്നെയാണ് ചിരിച്ചത്"
ഞാന്‍ തുടര്‍ന്നു, "നമുക്ക് ബെറ്റ് വയ്ക്കാം?"
"ശരി, ഡിസംബറിനുമുമ്പ് 25 ഗോളടിച്ചില്ലെങ്കില്‍ നിന്‍റെ സ്ഥാനം സ്ഥിരമായി വെയ്റ്റിംഗ് ബെഞ്ചിലായിരിക്കും"
"ഞാന്‍ ജയിച്ചാല്‍, കളിക്കാരെ വീട്ടിലെത്തിക്കുന്ന മിനിവാനുകള്‍ നിങ്ങള്‍ വൃത്തിയാക്കണം, സമ്മതിച്ചോ?"
"ഓകെ, ഏറ്റു"
"ഒന്നുകൂടിയുണ്ട്, എല്ലാ ദിവസവും ഞങ്ങള്‍ക്ക് പാന്‍ കേക്ക് ഉണ്ടാക്കിക്കൊണ്ടുവന്നു തരണം"
"ശരി സമ്മതിച്ചു", അങ്ങേര്‍ പറഞ്ഞു.
ഒരു മനുഷ്യനു പറ്റാവുന്ന ഏറ്റവും മണ്ടന്‍ വാതുവയ്പ്പായിരുന്നു അങ്ങേര്‍ നടത്തിയത്.
നവംബറോടെ ഞാന്‍ 25 തികച്ചു. ക്രിസ്മസിനുമുമ്പേ ഞങ്ങള്‍ പാന്‍ കേക്ക് തിന്നാനാരംഭിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ...
ഗുണപാഠമിതാണ് : വിശന്നുവലഞ്ഞിരിക്കുന്ന ഒരു ചെറുപ്പക്കാരനോട് വെറുതേ മത്സരിക്കാന്‍ നില്‍ക്കരുത്!
മെയ് 13ന് എന്‍റെ പിറന്നാള്‍ ദിനത്തില്‍ ആന്‍ഡര്‍ലെക്റ്റുമായി ഞാന്‍ പ്രൊഫഷണല്‍ കരാറൊപ്പിട്ടു. നേരെപോയി ഫിഫ കേബിള്‍ ടിവി പാക്കേജ് വാങ്ങി. സീസണ്‍ കഴിയാറായതിനാല്‍ വീട്ടില്‍ തന്നെയിരുന്നു. ബെല്‍ജിയന്‍ ലീഗ് അത്തവണ തകര്‍പ്പനായിരുന്നു. ആന്‍ഡര്‍ലെക്റ്റും സ്റ്റാന്‍ഡേഡ് ലീഗും സമനില പിടിച്ചു. കിരീടമാര്‍ക്കെന്നറിയാന്‍ ഒരു ദ്വിപാദ മത്സരം കൂടി വേണമായിരുന്നു.
ആദ്യപാദത്തിലെ കളി വലിയ ആവേശത്തോടെ ഞാന്‍ വീട്ടിലിരുന്ന് ടിവിയില്‍ കണ്ടു.
രണ്ടാം പാദ മത്സരത്തിന്‍റെ തലേന്ന് റിസര്‍വ്വ് കളിക്കാരുടെ കോച്ച് ഫോണ്‍ ചെയ്തു.
"ഹലോ റോം, നിങ്ങളെന്താ പരിപാടി?"
"ഞാന്‍... പാര്‍ക്കില്‍ പോയി ഫുട്ബോള്‍ കളിക്കാന്‍ പോകുന്നു".
"നൊ നൊ... വേഗം പായ്ക്ക് ചെയ്ത് പോരൂ.."
"എന്താ ഉദ്ദേശിച്ചത്? മനസ്സിലായില്ല"
"വേഗം പായ്ക്ക് ചെയ്ത് പോരാന്‍..."
"എന്ത്? ഞാനോ?"
"അതെ, എത്രയും വേഗമെത്തണം സ്റ്റേഡിയത്തില്‍. ആദ്യ ടീമില്‍ നിങ്ങളുമുണ്ട്. വൈകണ്ടാ.."
ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ അച്ഛന്‍റെ മുറിയിലേക്ക് കുതിച്ചുചാടുകയായിരുന്നു. "ഹേയ് എണീക്കപ്പാ... നമുക്കിപ്പൊ പോണം"
"ങേ..പോവാനോ? എങ്ങോട്ട്!?"
"ആന്‍ഡെര്‍ലെക്റ്റിലേക്ക്.."
ഞാനൊരിക്കലും മറക്കില്ല, സ്റ്റേഡിയത്തില്‍ എല്ലാവര്‍ക്കും ഞാനൊരു കാഴ്ചതന്നെയായിരുന്നു. ഡ്രെസ്സിംഗ് റൂമിലേക്ക് ഓടിച്ചെന്നപ്പോള്‍ കിറ്റ്മാന്‍ ചോദിച്ചു.
"ഏത് നമ്പരാ വേണ്ടത്? "
"എനിക്ക് 10 തന്നോളൂ" ഞാന്‍ പറഞ്ഞു.
അങ്ങേര്‍ വീണ്ടും ചോദിച്ചു. "കുട്ടീ, നിനക്കേത് നമ്പരാ വേണ്ടത്?"
"എനിക്ക് 10 തരൂ.." ഞാന്‍ ആവര്‍ത്തിച്ചു.
ഹ ഹ ഹ, ശരിക്കും ഞാനന്ന് ഭയക്കാന്‍ പോലുമറിയാത്ത കുട്ടിയായിരുന്നെന്ന് തോന്നുന്നു.
"അക്കാഡമി കളിക്കാര്‍ക്ക് 30നു മുകളിലേ കിട്ടൂ" അങ്ങേര്‍ പറഞ്ഞു.
"എന്നാപ്പിന്നെ ആറും മൂന്നും ഒന്‍പത്. അതുകൊള്ളാം. 36 തരൂ.."
അന്നുരാത്രി ഹോട്ടലില്‍ ഡിന്നറിനിടെ സീനിയര്‍ കളിക്കാര്‍ എന്നെക്കൊണ്ടൊരു പാട്ടുപാടിച്ചു. ഏതാന്നോര്‍മ്മയില്ല. എന്‍റെ തലചുറ്റുന്നുണ്ടായിരുന്നു.
പിറ്റേന്നു രാവിലെ എന്‍റെ കൂട്ടുകാരന്‍ വന്ന് വീട്ടിലെ കതകില്‍ മുട്ടി; ഞാന്‍ കളിക്കാന്‍ ചെല്ലുന്നോ എന്നറിയാന്‍.
അമ്മ പറഞ്ഞു, "അവന്‍ കളിക്കാന്‍ പോയല്ലോ"
"കളിക്കാനോ? എവിടെ?"
"ഫൈനല്‍ കളിക്കാന്‍!"
ഞങ്ങള്‍ സ്റ്റേഡിയത്തില്‍ ബസിറങ്ങി, എല്ലാ കളിക്കാരും അടിപൊളി സ്യൂട്ടൊക്കെ ധരിച്ച് നടന്നു. ഞാന്‍ മാത്രം ഒരു നിറംകെട്ട ട്രാക് സ്യൂട്ട് ധരിച്ചും...
എല്ലാ ടി വി ക്യാമറകളും എന്‍റെ മുഖത്തായിരുന്നു. ലോക്കര്‍ റൂം വരെയുള്ള നടത്തം ഏതാണ്ട് 300 മീറ്റര്‍ വരും. ഒരു 3 മിനിറ്റ് നടത്തം. ഞാന്‍ ലോക്കര്‍ റൂമില്‍ കാല്‍കുത്തിയതും എന്‍റെ ഫോണ്‍ നിര്‍ത്താതെയടിക്കാന്‍ തുടങ്ങി. എല്ലാവരും എന്നെ ടിവിയില്‍ കണ്ടിരിക്കുന്നു. മൂന്നു മിനിറ്റിനുള്ളില്‍ എനിക്കു വന്നത് 25 മെസെജുകള്‍. എന്‍റെ കൂട്ടുകാര്‍ക്ക് ശരിക്കും വട്ടുപിടിച്ചു...
"ഡാ... നീയെങ്ങനെ കളിയിലെത്തി!?"
"റോം... എന്താടാ ഇത്!? നിന്നെ ടിവിയില്‍ കാണിക്കുന്നു..!"
ഒരാള്‍ക്കേ ഞാന്‍ മറുപടി അയച്ചുള്ളു. എന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്...
"ബ്രോ... ഞാന്‍ കളിക്കുമോ എന്നെനിക്കറിയില്ല. എന്താ സംഭവിക്കുന്നതെന്നും... നീ ടിവിയില്‍ നോക്കിയിരുന്നോളൂ..."
ഒടുവില്‍, കളിയുടെ 63ആം മിനിട്ടില്‍ മാനേജര്‍ എന്നെ വിളിച്ചു.
ആന്‍ഡര്‍ലെക്റ്റിനായി അന്ന് ആ ഗ്രൗണ്ടിലേക്കോടുമ്പോള്‍ എനിക്ക് പ്രായം, പതിനാറു വയസ്സും 11 ദിവസവും.
ഞങ്ങള്‍ക്ക് ആ ഫൈനല്‍ ജയിക്കാനായില്ല. പക്ഷെ, ഞാന്‍ സ്വര്‍ഗ്ഗത്തിലെത്തിയിരുന്നു. എന്‍റെ അമ്മയ്ക്കും അപ്പൂപ്പനും കൊടുത്ത വാക്ക് ഞാന്‍ പാലിച്ചിരിക്കുന്നു. ഇതാണാ നിമിഷം! എല്ലാം ശരിയാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്ന ആ നിമിഷം
അടുത്ത സീസണെത്തി. ഞാനന്ന് സ്കൂള്‍ ഫൈനലില്‍ പഠിക്കുകയാണ്; ഒപ്പം യൂറോപ്പ ലീഗിനായി കളിക്കുകയും. സ്കൂളില്‍ തടിയന്‍ ബാഗുമായാണ് ഞാന്‍ പോവാറ്, ഉച്ചയ്ക്കുശേഷം ഫ്ലൈറ്റ് പിടിക്കാന്‍. ലീഗ് മത്സരത്തില്‍ ഞങ്ങള്‍ വളരെ നല്ല വിജയം നേടി. മികച്ച രണ്ടാമത്തെ ആഫ്രിക്കന്‍ കളിക്കാരനും ഞാനായിരുന്നു. ശരിക്കും കിടുക്കി!
ഇതെല്ലാം സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നതുതന്നെയാണ്; ഒരുപക്ഷേ, ഇത്ര വേഗത്തിലല്ലെന്നു മാത്രം. വളരെപ്പെട്ടെന്നുതന്നെ മാധ്യമങ്ങള്‍ എന്നെ ഏറ്റെടുത്തു. വൈകാതെ ഞാന്‍ ദേശീയ ടീമിലിടം നേടുമെന്ന് അവര്‍ പ്രതീക്ഷിച്ചു. എന്തോ...അതുമാത്രം അങ്ങോട്ട് ശരിയാകുന്നില്ല.
തകര്‍പ്പന്‍ മുന്നേറ്റം. എനിക്ക് 17! 18! 19!
കളി തകര്‍പ്പനാവുമ്പോള്‍, പത്രത്തില്‍ അവരെഴുതും ; റൊമേലു ലുകാകു ബെല്‍ജിയന്‍ താരം.
കളിയല്‍പ്പം മോശമായാലുടന്‍ അവരെഴുതും; റൊമേലു ലുകാകു കോംഗോ വംശജനായ ബെല്‍ജിയന്‍ താരം.
എന്‍റെ കളി നിങ്ങളിഷ്ടപ്പെടുന്നില്ല എന്നതില്‍ തെറ്റില്ല. പക്ഷെ ഞാന്‍ ജനിച്ചത് ഈ മണ്ണില്‍ത്തന്നെയാണ്. ഇവിടെ, ആന്‍റ്വെര്‍പിലും ബ്രസ്സെല്‍സിലുമൊക്കെത്തന്നെയാണ് ഞാന്‍ വളര്‍ന്നത്.
ഞാന്‍ ബെല്‍ജിയനാണ്.
നമ്മളൊക്കെ ബെല്‍ജിയംകാരാണ്. അതല്ലേ ഈ നാടിനെ മനോഹരമാക്കുന്നത്?!
സത്യത്തില്‍ എനിക്കറിയില്ല; എന്തിനാണ് എന്‍റെ നാട്ടിലെ തന്നെ ചിലര്‍ എന്‍റെ തോല്‍വി ആഗ്രഹിക്കുന്നതെന്ന്. ചെല്‍സയില്‍ പോയപ്പോള്‍, ഞാന്‍ കളിക്കുന്നുണ്ടായിരുന്നില്ല. അവരുടെ പരിഹാസച്ചിരി ഞാന്‍ കേട്ടതാണ്. വെസ്റ്റ് ബ്രോമിലും അതുതന്നെയായിരുന്നു സ്ഥിതി.
പക്ഷെ ഇതിലൊന്നും കാര്യമില്ല. ഞങ്ങള്‍ പാലില്‍ വെള്ളം ചേര്‍ത്ത് കുടിച്ച നാളുകളില്‍ ഇവരൊന്നും എനിക്കൊപ്പമുണ്ടായിരുന്നില്ല. എനിക്ക് ഒന്നുമില്ലാതിരുന്ന ആ കാലത്ത് നിങ്ങള്‍ എന്നോടൊപ്പമുണ്ടായിരുന്നില്ലെങ്കില്‍ സുഹൃത്തേ... നിങ്ങള്‍ക്കൊരിക്കലും എന്നെ മനസ്സിലാവില്ല.
തമാശയെന്താന്നറിയാമോ..? കുട്ടിയായിരുന്നപ്പോള്‍ പത്തുകൊല്ലം എനിക്ക് ചാമ്പ്യന്‍സ് ലീഗ് കാണാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ക്കതിന്‍റെ ചെലവ് താങ്ങാനാകുമായിരുന്നില്ല. സ്കൂളില്‍ ചെല്ലുമ്പോള്‍ എല്ലാ കുട്ടികളും ഫൈനലിനെക്കുറിച്ച് സംസാരിക്കുകയാവും, എനിക്കുമാത്രം ഒരു പിടിയും കിട്ടില്ല. എനിക്കോര്‍മ്മയുണ്ട്, 2002 ലാണ്. മാഡ്രിഡും ലെവെര്‍കുസെനും തമ്മില്‍ ഫൈനല്‍ കളിച്ചപ്പോള്‍... എല്ലാവരും അതെക്കുറിച്ച് ആര്‍ത്തുവിളിക്കുകയായിരുന്നു... "എന്‍റെ ദൈവമേ...എന്തൊരടിയായിരുന്നു അത് അല്ലേ..." എന്നൊക്കെ.
അവര്‍ പറയുന്നതൊക്കെ മനസ്സിലാവുന്നു എന്ന തരത്തില്‍ ഞാന്‍ നന്നായഭിനയിച്ചു.
രണ്ടാഴ്ചയ്ക്കു ശേഷം കമ്പ്യൂട്ടര്‍ ക്ലാസ്സിലിരിക്കുമ്പോള്‍ എന്‍റെയൊരു കൂട്ടുകാരന്‍ ആ വീഡിയോ ഡൗണ്‍ലോഡ് ചെയ്തു. അങ്ങനെയാണ് പോസ്റ്റിന്‍റെ മുകളറ്റത്തേക്കുള്ള സിദാന്‍റെ ആ ഇടം കാല്‍ ഷോട്ട് ഞാന്‍ കണ്ടത്. ആ വേനലവധിക്ക് അവന്‍റെ വീട്ടില്‍ ചെന്നാണ് ഞാന്‍ റൊണാള്‍ഡോയുടെ ലോകകപ്പ് ഫൈനല്‍ കളി കണ്ടത്. ബാക്കി കളികളുടെ കഥയൊക്കെ ഞാന്‍ കേട്ടത് സ്കൂളിലെ കൂട്ടുകാരില്‍നിന്നാണ്.
മറ്റൊരു തമാശ, 2002ല്‍ എന്‍റെ ഷൂസില്‍ നിറയെ ഓട്ടകളായിരുന്നു. നല്ല മുഴുത്ത ഓട്ടകള്‍!
നോക്കൂ...പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം. ഞാന്‍ ലോകകപ്പ് കളിച്ചു!
ഇപ്പോളിതാ വീണ്ടും ഞാന്‍ ലോകകപ്പ് കളിക്കുന്നു. നിങ്ങള്‍ക്കറിയാമോ... എനിക്കിതൊക്കെ ഓര്‍ക്കുമ്പോള്‍ രസകരമായാണ് തോന്നുന്നത്. ജീവിതത്തിലെ ഈ സമ്മര്‍ദ്ദങ്ങളും നാടകീയതയുമൊക്കെ ചുരുങ്ങിയ സമയത്തേക്കുള്ളതാണെന്നേ...
നോക്കൂ... ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ ടിവിയിലെ മാച്ച് ഓഫ് ദി ഡേയില്‍ തിയെറി ഹെന്‍റിയുടെ കളി കാണാന്‍ പോലും കെല്‍പ്പുണ്ടായിരുന്നില്ല. ഇപ്പോളിതാ ദേശീയ ടീമില്‍ അദ്ദേഹത്തിനൊപ്പം, അദ്ദേഹത്തില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ കേള്‍ക്കുന്നു. ആ ഇതിഹാസ താരത്തിനൊപ്പം നിന്ന്, എങ്ങനെ അദ്ദേഹത്തെപ്പോലെ ഒഴിവുള്ളിടത്തേക്ക് ഓടിക്കളിക്കണമെന്ന് നേരിട്ട് മനസ്സിലാക്കുന്നു...
ലോകത്തില്‍ത്തന്നെ എന്നെക്കാള്‍ കൂടുതല്‍ ഫുട്ബോള്‍ കളി കാണുന്ന ഒരേയൊരാള്‍ തിയെറി ഹെന്‍റിയായിരിക്കും. ഞങ്ങള്‍ എല്ലാ കാര്യങ്ങളും കൂട്ടുകാരെപ്പോലെ ചര്‍ച്ച ചെയ്യാറുണ്ട്. അതാണെന്നെ സംബന്ധിച്ച് ഈ ലോകത്തിലേറ്റവും മനോഹരമായ കാര്യം.
സത്യത്തിലിപ്പോള്‍... ഇതൊക്കെകാണാന്‍ എന്‍റെ അപ്പൂപ്പനുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ വല്ലാതെ ആഗ്രഹിച്ചുപോകുന്നു.
പ്രിമിയര്‍ ലീഗിനെപ്പറ്റിയോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെപ്പറ്റിയോ ചാമ്പ്യന്‍സ് ലീഗിനെപ്പറ്റിയോ ലോകകപ്പിനെപ്പറ്റിയോ ഒന്നും പറയാനല്ല.
ഇപ്പോഴത്തെ, ഈ ജീവിതം കാണാന്‍ അദ്ദേഹമുണ്ടായിരുന്നെങ്കില്‍...
ഒരിക്കലെങ്കിലും അപ്പൂപ്പനൊന്ന് ഫോണ്‍ ചെയ്തിരുന്നെങ്കില്‍... എനിക്കു പറയാമായിരുന്നു...
"നോക്കൂ.. അപ്പൂപ്പാ... ഞാനന്നേ വാക്കു തന്നിരുന്നില്ലേ...അപ്പൂപ്പന്‍റെ മകള്‍ സുഖമായിരിക്കുന്നു.നമ്മുടെ വീട്ടിലിപ്പോള്‍ എലികളില്ല.ഞങ്ങളിപ്പോള്‍ നിലത്തുകിടന്നല്ല ഉറങ്ങുന്നത്.ഞങ്ങള്‍ നന്നായിരിക്കുന്നു അപ്പൂപ്പാ... വളരെ നന്നായിരിക്കുന്നു...ഇപ്പോള്‍ അവരെന്‍റെ ഐഡി ചോദിക്കാറില്ല. അവര്‍ക്കെല്ലാം ഞങ്ങളെ അറിയാം..."