news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

നെറ്റിയിലെ വിയര്‍പ്പിന്‍റെ ഉപ്പുരസം കൂട്ടി അന്നം ഉണ്ണാന്‍ ഉള്ള നിഷ്ക്കര്‍ഷയാണ് പറുദീസായുടെ പുറത്തുവച്ച് ദൈവം മനുഷ്യന് നല്‍കുന്ന ആദ്യത്തെ കല്‍പന(ഉല്‍പ.3/19). ജീവന്‍റെ ശ്വാസത്തെ നിലനിര്‍ത്താന്‍ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭൂമി നനയണം.

ഈ മണ്ണിലെ ഭൂരിപക്ഷത്തിനും തൊഴില്‍ എന്നത് അന്നത്തിനു വേണ്ടിയുള്ള നിവര്‍ത്തികേടാണ്. അതുകൊണ്ടുതന്നെ അറിഞ്ഞും അറിയാതെയും മനുഷ്യന്‍ ഓരോ രാവും പുല്‍കുന്നതും ഓരോ പകലും പുണരുന്നതും ചെയ്തു മുഴുമിപ്പിക്കാന്‍ പറ്റാത്ത പലതിനെ ഓര്‍ത്തു പ്രലപിച്ചും ചെയ്തു തുടങ്ങാനുള്ള മഹാപര്‍വ്വത്തെപ്പറ്റി വിലപിച്ചും ആണ്. തൊഴില്‍ എന്നത് പശി അടക്കാനുള്ള മാര്‍ഗ്ഗം മാത്രമായിപ്പോയി എന്ന വിവക്ഷ എത്രയോ പരിതാപകരം ആണ്.

കണ്‍ഫ്യുഷ്യസ് എന്ന ആ ഗുരു പറയുന്നത് കേള്‍ക്കുക. നിങ്ങള്‍ സ്നേഹിക്കുന്ന ഒരു തൊഴിലില്‍ ഏര്‍പ്പെടുക. പിന്നീട് ഒരിക്കലും നിങ്ങള്‍ ഒരു തൊഴിലാളി ആയി മാറുന്നില്ല. ഇഷ്ടപ്രേയസിക്ക് വേണ്ടി ചെവി മുറിച്ച് നല്‍കിയ വാന്‍ഗോഗ് രാപകല്‍ ഇല്ലാതെ പടം വരയില്‍ മുഴുകിയപ്പോള്‍ ആരോ ചോദിച്ചു. നിങ്ങള്‍ക്ക് ഭക്ഷിക്കണ്ടേ. അപ്പോള്‍ അയാള്‍ പറഞ്ഞു. ഞാന്‍ എന്‍റെ ഹൃദയവും ആത്മാവും എന്‍റെ തൊഴിലില്‍ അര്‍പ്പിക്കുമ്പോള്‍ എനിക്ക് എന്നെത്തന്നെ നഷ്ടമാവുന്നു. പിന്നീട് ചുറ്റും നടക്കുന്ന ഒന്നും ഞാന്‍ അറിയുന്നില്ല. ഇങ്ങനെ തൊഴിലില്‍ സ്വയം അലിഞ്ഞ് ഇല്ലാതെപോയ ഒരു മകനാണ് ഇന്ത്യയുടെ മിസൈല്‍മാനെന്ന് വിളിക്കപ്പെടുന്ന ആ രാമേശ്വരന്‍കാരന്‍. ISRO ല്‍ ജോലി ചെയ്യാന്‍ തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ വിക്രം സാരാഭായ്ക്ക് ഒരു കത്ത് ലഭിച്ചത്രേ. മകനെ അന്വേഷിച്ചുള്ള ഒരു അച്ഛന്‍റെ കത്തായിരുന്നു അത്. എന്തുകൊണ്ട് ഇതുവരെ വീട്ടില്‍ അറിയിച്ചില്ല എന്ന സ്നേഹശാസനത്തിന് മുന്നില്‍നിന്ന ആ ചെറുപ്പക്കാരന് പറയാനുണ്ടായിരുന്നത് ഇത്ര മാത്രം ആയിരുന്നു. "മറന്നുപോയി". ജോലിക്കിടയില്‍ സ്വയം അലിഞ്ഞ് ഇല്ലാതാകുന്നു.

മൂന്ന് വര്‍ഷം  ഊരുതെണ്ടിയായി നടന്ന നസ്രത്തിലെ തച്ചനും ഇങ്ങനെയൊക്കെതന്നെ ആയിരുന്നു. കാണാന്‍ വന്ന ജനത്തോട് അനുകമ്പ തോന്നി സ്വയം മറന്നുപോകുന്ന ആള്‍. ഭക്ഷണം കഴിക്കാന്‍പോലും അവന്‍റെ ശിഷ്യന്മാര്‍ക്ക് അവനെ ഓര്‍മ്മിപ്പിക്കേണ്ടിവന്നു. കാരണം അവന് തൊഴില്‍ത്തന്നെ ആത്മനിര്‍വൃതിക്കു കാരണമാകുകയാണ്.

ഒരുവന്‍റെ തൊഴില്‍ അവന്‍റെ ആത്മാവിഷ്കാരത്തിന്‍റെ ചാലാണ് എന്നും ഓരോ തൊഴിലിനും തൊഴിലാളിക്കും അന്തസ്സുണ്ട് എന്നും പുതിയ കാലത്തെ പറഞ്ഞുപഠിപ്പിക്കാന്‍ തുടങ്ങിയത് കാള്‍ മാര്‍ക്സാണ്. അതുകൊണ്ട് തന്നെ ഒരുവന്‍റെ തൊഴിലിന്‍റെ ഉല്‍പാദനം വേറൊരാള്‍ വാങ്ങുമ്പോള്‍ നടക്കുന്നത് അയാളുടെ സത്തയുടെ അന്യവത്കരണമാണെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. കാരണം ആത്മാവിഷ്കാരത്തിന്‍റെ ഒരു ഭാഗം വേറൊരാള്‍ അപഹരിക്കുന്നു. കുറച്ചുകൂടി കഠിനമായി പറഞ്ഞാല്‍ ഒരാളുടെ സത്തയെ വേറൊരാള്‍ വിലയ്ക്ക് വാങ്ങുന്നു. മുതലാളിത്തവ്യവസ്ഥയെ മാര്‍ക്സ് എതിര്‍ത്ത് തുടങ്ങുന്നത് ഇങ്ങനെതന്നെ 'സത്തയുടെ അന്യവല്‍ക്കരണം.'

ഒരുവന്‍റെ തൊഴില്‍ അവന്‍റെ ആത്മാവിഷ്കാരത്തിന്‍റെ ഭാഗം ആകണം എന്നുള്ളതൊക്കെ എഴുതി വയ്ക്കാന്‍ കൊള്ളാവുന്ന ഒന്നായി മാറിയിരിക്കുന്നു ഈ ഉപഭോഗസംസ്കാരത്തില്‍. കാരണം ആത്മാവിഷ്കാരത്തിനുതകുന്ന ഒരു തൊഴില്‍ തെരഞ്ഞെടുപ്പ് സാധ്യമാകുന്നത് വെറും ന്യൂനപക്ഷങ്ങള്‍ക്കു മാത്രമാണ്.  അതുകൊണ്ട് തന്നെ ബാക്കിവരുന്ന മഹാഭൂരിപക്ഷത്തിനും ആത്മാവിഷ്കാരം എന്നത് ഓരോ മാസാവസാനവും ബാങ്കില്‍ എത്തുന്ന  നോട്ടുകളുടെ എണ്ണത്തില്‍ ഒതുങ്ങുന്നു. കൂടുതല്‍ നോട്ടുകള്‍, കൂടുതല്‍ ആത്മസംതൃപ്തി. ഒരു മനുഷ്യന്‍റെ ഏറ്റവും പരിതാപകരമായ അവസ്ഥ ഇവിടെ ആണ് കണ്ടുമുട്ടുന്നത്. അക്കങ്ങളില്‍ തൃപ്തി കണ്ടെത്തി അടിമ കണക്കേ ജീവിക്കാന്‍ സ്വയം സമ്മതിക്കുകയാണ് മനുഷ്യന്‍.

എന്താണ് അടിമയുടെ പ്രത്യേകത. അവന് ഒന്നും സ്വന്തമായിട്ടില്ല. സമയം പോലും സ്വന്തമായി ഇല്ല. 16 മണിക്കൂര്‍ നിരന്തരം പണിയുന്ന ഒരുവന്‍ എങ്ങനെയാണ് ഒരു മനുഷ്യന്‍ എന്ന പേരിന് അര്‍ഹനാകുന്നത്. ജീവിക്കാന്‍വേണ്ടി തൊഴില്‍ എന്നതാണ് ദൈവത്തിന്‍റെ കാഴ്ചപ്പാട്. അല്ലെങ്കില്‍ അന്നത്തിന് വേണ്ടി തൊഴില്‍. അതുകൊണ്ടല്ലേ പൗലോസ് തന്‍റെ അജഗണത്തിന് എഴുതുമ്പോള്‍ ഇപ്രകാരം എഴുതുന്നത് "അദ്ധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ". അനേകം കാര്യങ്ങളില്‍ ഇടപെട്ട് സഭയുടെ അവസ്ഥയും മോശമാക്കുന്നവരോട് അദ്ദേഹത്തിന് പറയാന്‍ ഉള്ളത് ഇത് തന്നെ. അവര്‍ ശാന്തരായി ജോലി ചെയ്യട്ടെ. (2 തെസ 3/10).

അന്നത്തിന് വേണ്ടി വിയര്‍ക്കുക എന്നതിന് പകരം എന്നോ സുഖിക്കാന്‍വേണ്ടി ഇന്നിന്‍റെ വിയര്‍പ്പ് എന്നു പറഞ്ഞ് സമ്പാദിക്കുകയാണ് പുതിയ തലമുറ. ഇസ്രായേലിന്‍റെ അടിമത്തത്തിന്‍റെ കാലങ്ങളിലും ഇങ്ങനെതന്നെ ആയിരുന്നു. മനുഷ്യന്‍ മനുഷ്യനാണ് എന്ന് മറന്ന കാലമായിരുന്നു അത്. അവനെ മോചിപ്പിക്കാനാണ് ദൈവം ഒരുമ്പെടുന്നത്. കാരണം ദൈവത്തെപ്പറ്റി ചിന്തിക്കാന്‍പോലും പറ്റാത്ത വിധം അവര്‍ തൊഴിലില്‍ മുഴുകിപ്പോയിരുന്നു.  ഇസ്രായേല്‍ ജനം അടിമത്തത്തിന്‍റെ അവസ്ഥയില്‍ നിലവിളിച്ചെങ്കില്‍ ഇന്നിന്‍റെ തലമുറ  അടിമത്തത്തില്‍ ആണ് എന്ന് തിരിച്ചറിയാതെ അടിമത്തത്തിന്‍റെ നുകം പേറുകയാണ്.

ഈ അടിമത്തത്തില്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മെത്തന്നെയാണ്. ബിസിനസ് തിരക്കിനിടയില്‍ അപ്പന് ഫോണ്‍ വന്നു. ഉടനടി സ്കൂളില്‍ എത്തുക. ആരെയൊ ക്കെയോ ശപിച്ച് അയാള്‍ ആദ്യമായി മകള്‍ പഠിക്കുന്ന സ്കൂളില്‍ എത്തി. എന്തെങ്കിലും അത്യാഹിതം എന്ന ഉള്‍ഭയം ക്ലാസ്ടീച്ചറിന്‍റെ പുഞ്ചിരി അയാളില്‍ ഇല്ലാതാക്കി. ചിരിച്ച് നില്‍ക്കുന്ന ടീച്ചറിനോട് തന്‍റെ സമയം നഷ്ടപ്പെടുത്തുന്നു എന്ന നീരസത്തില്‍ അയാള്‍ ചോദിച്ചു. എന്താണ് കാര്യം. മകള്‍ വരച്ച പടം ടീച്ചര്‍ അയാളുടെ കൈയില്‍ കൊടുക്കുമ്പോള്‍ അയാള്‍ ക്ഷുഭിതനായി. "ഇതിനാണോ ഇത്രയും തിരക്കിനിടയില്‍ എന്നെ വിളിച്ചത്." "ദേഷ്യപ്പെടേണ്ട - ആ ചിത്രത്തില്‍ താങ്കള്‍ ഇല്ല. അത് പറയാന്‍ വിളിച്ചതാണ്." ഒന്നുകൂടി അയാള്‍ ചിത്രത്തിലേക്ക് നോക്കി. നായക്കുട്ടി ടോമിവരെ ഉണ്ട് മകള്‍ വരച്ച കുടുംബചിത്രത്തില്‍ പക്ഷേ, അയാള്‍ അതില്‍ ഇല്ല. മകളുടെ കൈപിടിച്ച് സ്കൂള്‍പടി ചവിട്ടി പുറത്തേക്കിറങ്ങുമ്പോള്‍ പുതിയ ഒരു സക്കായി ആയി മാറുകയായിരുന്നു അയാള്‍ അവിടെ.

ആത്മീയതയും അതിന്‍റെ വ്യാപാരങ്ങളും ഒരു തൊഴിലായി മാറുകയും അതിന്‍റെ തൃപ്തി എന്നത് ഒടുക്കം കൈയില്‍ ലഭിക്കുന്ന കവറിന്‍റെ കനത്തില്‍ അടിസ്ഥാനമിടുകയും ചെയ്യുമ്പോള്‍ പുറംലോകവുമായി ആത്മീയശുശ്രുഷയുടേത് എന്നു പറയപ്പെടുന്ന ലോകത്തിന് വലിയ അന്തരം ഇല്ലാതാകുന്നതിന്‍റെ സൂചന വളരെ സ്പഷ്ടമായി കാണുന്നുണ്ട്. ആത്മാവില്‍ തുടങ്ങി ശരീരത്തില്‍ എല്ലാം അവസാനിക്കുന്നു എന്നാണ് പൗലോസിന്‍റെ ഭാഷ്യം. മറ്റൊരുതരത്തലില്‍ പറഞ്ഞാല്‍ ശരീരം ആത്മാവിനെ കീഴടക്കുന്നു. വേല ചെയ്യുന്നവന്‍ കൂലിയ്ക്ക് അര്‍ഹനാണ് എന്നത് സത്യംതന്നെ. പക്ഷേ ഒരു ശുശ്രൂഷകനെ സംബന്ധിച്ച് കൂലിക്കുവേണ്ടിയെന്നവണ്ണം ഒരു കണക്കുപറച്ചില്‍ തികച്ചും അനുചിതം തന്നെ. ഈ ഇടയ്ക്ക് അങ്ങനെയും കണ്ടു ഒരു കാഴ്ച. ഒരു ശുശ്രൂഷയ്ക്കു ശേഷം മടങ്ങിപോകുമ്പോള്‍ കൈയില്‍ തന്നത് പോരാ എന്ന് പറഞ്ഞ് വീണ്ടും ചോദിക്കുന്ന ഒരാളെ. ആയിരം കാരണങ്ങള്‍ നിരത്താന്‍ ഉണ്ടാകും. പക്ഷേ പൗലോസിന്‍റെ കണക്ക് ഒരാളുടെ മുന്‍പില്‍ നമ്മുടെ ന്യായവാദങ്ങള്‍ക്ക് പ്രസക്തി ഉണ്ടായിരിക്കുകയില്ല. രാപകല്‍ സുവിശേഷത്തിനുവേണ്ടി ജോലി ചെയ്ത അയാള്‍ തന്‍റെ ഉപജീവനത്തിനുവേണ്ടി ആരെയും ബുദ്ധിമുട്ടിക്കാന്‍ തയ്യാറായില്ല (2 തെസ. 3/8) എന്നത് 'ദൈവശുശ്രൂഷ'കൊണ്ടു മാത്രം ജീവിക്കുന്ന നമ്മളെ വല്ലാതെ ഭാരപ്പെടുത്തേണ്ടതാണ്. തനിക്ക് അറിയാവുന്ന കൂടാരപ്പണി ചെയ്താണ് അയാള്‍ തന്‍റെ പശി അടക്കിയത്. ദൈവശുശ്രൂഷകള്‍ തൊഴിലായി മാറുന്നു എന്നത് കണ്ണുതുറപ്പിക്കേണ്ട ഒന്നാണ്. വീട്ടിലെ കുഞ്ഞിനെ അമ്മ ഉറക്കുന്നതും ആയ ഉറക്കുന്നതും തമ്മിലുള്ള വ്യത്യാസമാണ് അത്. ഒന്ന് ആത്മസാക്ഷാത്കാരം ആണ്. രണ്ട് വെറും തൊഴിലും.

മെയ്മാസം തുടങ്ങുന്നതു തന്നെ തൊഴിലാളികളെ വണങ്ങിയാണ്. നസ്രത്തിലെ മൂന്നു വയറുകളെ നിറയ്ക്കാന്‍ വിയര്‍പ്പൊഴുക്കിയ ജോസഫിനെ നമുക്കോര്‍ക്കാം. അയാളെപ്പറ്റി ബൈബിളിലെ ഉറപ്പ് അയാള്‍ നീതിമാനാണ് എന്നുള്ളതാണ്. ഏതൊരു തൊഴിലാളിക്കും തന്‍റെ പേരിനോടു ചേര്‍ത്തുകിട്ടേണ്ട അടിക്കുറിപ്പും ഇതുതന്നെ - 'അയാള്‍ നീതിമാനാണ്.' 

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts