കോണ്‍വെന്‍റില്‍ ചേര്‍ന്നു. റാഞ്ചി സെന്‍റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് ജീവശാസ്ത്രത്തില്‍ ബിരുദം നേടി. എന്നാല്‍, കന്യാസ്ത്രീയാകാനുള്ള പരിശീലനം തീരാന്‍ ഒരു കൊല്ലം മാത്രം ബാക്കിനില്‍ക്കെ അവര്‍ കോണ്‍വെന്‍റ് ഉപേക്ഷിച്ച് പുറത്തുവന്നു. അതെക്കുറിച്ച് തന്‍റെ ആത്മകഥയായ പച്ചവിരലില്‍ ദയാബായ് ഇങ്ങനെ കുറിക്കുന്നുണ്ട്.
ഹസാരിബാഗ് കോണ്‍വെന്‍റിന്‍റെ മുറ്റത്ത് ഒരുക്കിയ ക്രിസ്മസ് ട്രീയുടെ ചുവട്ടില്‍ ആദിവാസികളായ കുറേ മനുഷ്യര്‍ ക്രിസ്മസ് ആഘോഷിക്കാനെത്തിയിരുന്നു. പട്ടിണിയുടെ ഊരുകളില്‍ നിന്നും രണ്ടുദിവസം മുമ്പേ ചട്ടിയും കലവുമൊക്കെയെ ടുത്താണ് അവര്‍ വന്നത്. ഏതാണ്ട് 200 പേര്‍. ഊരുകളില്‍ നിന്നും കൊണ്ടുവന്ന വിഭവങ്ങള്‍ അവര്‍ പാകം ചെയ്തു. പങ്കുവച്ചു. അതേസമയം കോണ്‍വെന്‍റിനുള്ളില്‍ കേക്കും അപ്പവും പലതരം ഇറച്ചിക്കറികളുമൊക്കെയുണ്ടായിരുന്നു. കോണ്‍വെന്‍റിലുള്ളവരും ആ നാടോടികളും തമ്മിലുള്ള ബന്ധം വെറും പൊള്ളയായ കുറേ ആശംസകള്‍ പങ്കുവയ്ക്കുന്നതിലൊതുങ്ങി. പറഞ്ഞറിയിക്കാനാവാത്ത ഒരു സങ്കടം എന്നില്‍ നിറഞ്ഞു. എനിക്കീ മുറിക്കകത്ത് തങ്ങാനാവില്ല. എനിക്കവരുടെകൂടെ പോകണം..
മേഴ്സിയുടെ ആവശ്യപ്രകാരം സഭ അവളെ ബീഹാറിലെ ഗോത്രമേഖലയായ മഹോഡയിലെ ഹൈസ്കൂളില്‍ അദ്ധ്യാപനത്തിനയച്ചു. ഒന്നരവര്‍ഷത്തോളം അവിടെ ജോലി നോക്കി. വലിയ കുഴപ്പമില്ലാതെ പോവുകയായിരുന്നു. അപ്പോഴാണ് സൈനിക കേന്ദ്രമായ ജബല്‍പൂരിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കയച്ചത്. അതോടെ താളപ്പിഴകളാരംഭിച്ചു. പടിഞ്ഞാറന്‍ ശൈലിയിലുള്ള ഭക്ഷണവും ജീവിത രീതിയും യൂറോപ്യന്‍ അക്സന്‍റിലുള്ള ഇംഗ്ലീഷും മറ്റാഡംബരങ്ങളും സേവനത്തിനായി തുടിക്കുന്ന ആ ഹൃദയത്തിന് താങ്ങാന്‍ കഴിയുമായിരുന്നില്ല. തന്‍റെ ആത്മകഥയില്‍ അവര്‍ ഇങ്ങനെ എഴുതുന്നു. കര്‍ത്താവും പള്ളിയും, രണ്ടും രണ്ടാണ്. ക്രിസ്തുവിനൊപ്പം നിന്നാല്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട സഭയ്ക്കൊപ്പം നില്‍ക്കാനാവില്ല. എനിക്ക് ക്രിസ്തുവിനൊപ്പം നില്‍ക്കാനാണിഷ്ടം.
ബീഹാറിലേക്ക് വണ്ടി കയറി പത്തുവര്‍ഷത്തിനിപ്പുറം മേഴ്സി എല്ലാമുപേക്ഷിച്ചു പാലായിലെ വീട്ടില്‍ തിരികെയെത്തി. കോഴിക്കോട് മേരിക്കുന്ന് ആശുപത്രിയില്‍ നഴ്സിംഗ് പഠിക്കാന്‍ ചേര്‍ന്നു. അക്കാലത്താണ് ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറ പ്പെട്ടത്. കലാപഭൂമിയിലേക്ക് സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഇരിപ്പുറച്ചില്ല. വീണ്ടും ഉത്തരേന്ത്യയിലേക്ക്. കൊല്‍ക്കത്ത വഴി ബംഗ്ലാദേശിലെത്തി. കരുതിയതിലും ഭീകരമായിരുന്നു അവിടത്തെ അവസ്ഥ. എങ്ങും ശവക്കൂനകള്‍. അഭയാര്‍ഥികള്‍ക്കിടയില്‍ കോളറയും ടിബിയും ചിക്കന്‍പോക്സും പടര്‍ന്നുപിടിച്ചിരിക്കുന്നു. ദുരിതബാധിതര്‍ക്കിടയില്‍ സേവനവും പരിചരണവുമായി മേഴ്സി കഴിഞ്ഞുകൂടി.
കലാപമടങ്ങിയപ്പോള്‍ മുംബൈയിലേക്ക് മടങ്ങി. എം എസ് ഡബ്ല്യൂ പഠിക്കാനായിരുന്നു ആഗ്രഹം. അങ്ങനെ നിര്‍മ്മലനികേതനില്‍ ചേര്‍ന്നു. മുംബൈയിലെ ചേരിയില്‍ മുറിയെടുത്തു. കുട്ടികള്‍ക്ക് ട്യൂഷനെടുത്തും സാന്‍ഡ്വിച്ചുണ്ടാക്കി സ്കൂളുകള്‍ക്ക് മുമ്പില്‍ പോയി വിറ്റുമൊക്കെ നിത്യച്ചെലവിനുള്ള വഴി കണ്ടെത്തി. പഠനത്തിന്‍റെ ഭാഗമായ ഫീല്‍ഡ് വര്‍ക്കിനായി ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ അലഞ്ഞുനടന്നു. ഒരു വര്‍ഷമായപ്പോള്‍ ക്ലാസ് മുറികളോട് വിടപറഞ്ഞ് ആദിവാസിമേഖലകളില്‍ പൂര്‍ണ്ണസമയ സന്നദ്ധപ്രവര്‍ത്തകയായി മാറിയ മേഴ്സി പിന്നെ ഏഴുവര്‍ഷത്തിനു ശേഷമാണ് പഠനം തുടരുന്നത്.
പഠനം പൂര്‍ത്തിയാക്കിയതോടെ മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ തിന്‍സെയിലെ പ്രാകൃത ആദിവാസിവിഭാഗമായ ഗോണ്ടുകള്‍ക്കിടയിലേക്ക് മേഴ്സി മാത്യു സന്നദ്ധസേവനത്തിനായി എത്തുകയായിരുന്നു. അവരിലൊരാളായി മാറിയാല്‍ മാത്രമേ അവരുടെ പൂര്‍ണ്ണവിശ്വാസ്യത ആര്‍ജ്ജിക്കാനും അവരെ കൈപിടിച്ചുയര്‍ത്താനുമാകൂ എന്ന് തിരിച്ചറിഞ്ഞതോടെ മേഴ്സി ദയാ ബായ് ആയി. അവരുടെ വേഷവും ഭാഷയും ഭക്ഷണവുമൊക്കെ സ്വീകരിച്ചു. അവരിലൊരാളായി ഒരു കാലത്ത് നാട്ടുരാജാക്കന്മാരായിരുന്ന ഗോണ്ട് വംശജര്‍ കാലത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട് അപരിഷ്കൃതരായിത്തീരുകയായിരുന്നു. പരിഷ്കൃതരെന്നഭിമാനിച്ച മറ്റുള്ളവര്‍ ഗോണ്ടുകളെ അവഗണിച്ച് പുറമ്പോക്കില്‍ തള്ളി. കുടിവെള്ളവും വൈദ്യുതിയും വിദ്യാലയവും ആശുപത്രിയുമൊന്നുമില്ലാത്ത പ്രാകൃതഗ്രാമമായിരുന്നു തിന്‍സെ. മറ്റുള്ളവരെപ്പോലെ തങ്ങളും മനുഷ്യരാണെന്ന ബോധം ഗോണ്ടുകളുടെ മനസ്സില്‍ രൂഢമൂലമാക്കുകയായിരുന്നു ദയാബായിയുടെ ആദ്യ ദൗത്യം. തിന്‍സെയുടെ സമഗ്രമായ വികസനത്തിനായി 1981 മുതല്‍ 1995 വരെ അവര്‍ അശ്രാന്തം പരിശ്രമിച്ചു.
ബീഡിയിലയുള്‍പ്പെടെയുള്ള വനവിഭവങ്ങള്‍ ശേഖരിച്ച് വനം വകുപ്പിന് വില്‍ക്കുകയായിരുന്നു അന്നാട്ടുകാരുടെ മുഖ്യവരുമാന മാര്‍ഗ്ഗം. അവരെ ഏറ്റവും ചൂഷണം ചെയ്യുന്നതും വനം വകുപ്പുദ്യോഗസ്ഥരല്ലാതെ മറ്റാരുമായിരുന്നില്ല. പണിയെടുപ്പിച്ചിട്ട് കൂലി നല്‍കില്ല. ഇനി നല്‍കിയാല്‍ത്തന്നെ അതിലൊരുഭാഗം പടിയായി കൈക്കലാക്കും. ഈ അവസ്ഥ മാറ്റിയെടുക്കാന്‍ ഗോണ്ട് സ്ത്രീകളെ അവര്‍ സംഘടിപ്പിച്ചു. അവരോടൊപ്പം വനത്തില്‍ ബീഡിയില ശേഖരിക്കാന്‍ ദയാ ബായിയും പോയി. അവരോടൊപ്പം അധ്വാനിച്ചു. പാടത്തു പണി, വരമ്പത്ത് കൂലി എന്ന നിലയില്‍ അന്നന്നുതന്നെ കൂലി വാങ്ങാനും കൂലി ഒട്ടും കുറയാതെ പൂര്‍ണ്ണമായി ചോദിച്ചു വാങ്ങാനും അവരെ പ്രേരിപ്പിച്ചു.
തിന്‍സെ ഗ്രാമത്തിലെ മുതിര്‍ന്ന സ്ത്രീയായ ദുജിയ തന്‍റെ അനുഭവം വിശദീകരിക്കുന്നത് കേള്‍ക്കുക, ബീഡിയുണ്ടാക്കാനുള്ള തെണ്ട് മരത്തിന്‍റെ ഇലകള്‍ മുന്‍കൂര്‍ എടുത്തുകൊണ്ട് പോകാനനുവദിക്കുന്നതുകൊണ്ടാണ് വനം ഉദ്യോഗസ്ഥര്‍ കൂലി തരാന്‍ മടികാട്ടുന്നതെന്ന് ദയാബായ് ഞങ്ങളോട് പറഞ്ഞു. ഒരു രാത്രി പതിവുപോലെ ലോറിയുമായി അവരെത്തിയപ്പോള്‍ ദയാ ബായ് എന്നെ വിവരമറിയിച്ചു. ഞങ്ങള്‍ മറ്റു സ്ത്രീകളെയും കൂട്ടി ബീഡിയിലകള്‍ നിറച്ച ചാക്കുകള്‍ക്കുമുകളില്‍ കയറിയിരുന്നു. ചാക്കുകള്‍ക്കുചുറ്റും കൈകോര്‍ത്തു നിന്ന് ഞങ്ങള്‍ പാട്ടുപാടി. വനം ഉദ്യോഗസ്ഥര്‍ക്ക് മടങ്ങുകയല്ലാതെ വേറെ നിവൃത്തിയുണ്ടായില്ല. ഒന്നിച്ചു നിന്നാല്‍ അവകാശങ്ങള്‍ നേടാമെന്ന് അവളാണു ഞങ്ങളെ പഠിപ്പിച്ചത്. ഞങ്ങളുടെ കുട്ടികളെ എഴുതാനും വായിക്കാനും പഠിപ്പിച്ചതും അവളാണ് ഒരു തികഞ്ഞ കലാകാരി കൂടിയാണ് ദയാ ബായി. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ തെരുവുനാടകങ്ങളും പാട്ടുകളും വളരെ ഫലപ്രദമായി അവര്‍ ഉപയോഗിച്ചു. മദ്യാസക്തി, ജാതിചിന്ത, പരിസ്ഥിതി നശീകരണം തുടങ്ങിയവയ്ക്കെതിരേ നിരവധി നാടകങ്ങള്‍ രചിക്കുകയും അനവദ്യമായ ചാരുതയോടെ അവ അവതരിപ്പിക്കുകയും ചെയ്തു. 2002 ലെ ഗുജറാത്ത് കലാപത്തോടനുബന്ധിച്ച് നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്മെന്‍റ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സമാധാന പദയാത്രയില്‍ അത്യാവേശത്തോടെ പങ്കെടുത്തുകൊണ്ട് തന്‍റെ നടനപ്രതിഭ അവര്‍ വെളിവാക്കിയിരുന്നു. സിദാബന എന്ന നിരാലംബയായ ഗുജറാത്തി സ്ത്രീയെ ഏകാംഗനാടകരൂപത്തില്‍ അനാദൃശ്യമായ ചാരുതയോടെ അവതരിപ്പിച്ചുകൊണ്ട് അവര്‍ കാണികളെയാകെ ഉലച്ചുകളഞ്ഞു.
മുതിര്‍ന്നവര്‍ക്ക് റാന്തല്‍ വെട്ടത്തില്‍ അവര്‍ നിയമസാക്ഷരതാ ക്ലാസ്സുകളെടുത്തു. അവകാശപ്പോരാട്ടങ്ങളില്‍ തോളോടുതോള്‍ നിന്ന് പോരാടി. എന്നാല്‍ ആദിവാസികളുടെ അവകാശസമരങ്ങളുടെ നായികാസ്ഥാനം ദയാബായിക്ക് നിരവധി ശത്രുക്കളെ സമ്മാനിച്ചു. ഭൂവുടമകളും പോലീസും രാഷ്ട്രീയക്കാരും അവര്‍ക്കെതിരായി. നിരവധി തവണ മര്‍ദ്ദനങ്ങളും അപഹാസങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. ഹരേ ബ്ലോക്കിലെ സാലുവ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനില്‍ ഒരു കേസുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ എഴുതാത്തത് ചോദ്യം ചെയ്തതിന് ദയാ ബായിയെ എസ് ഐ മുഷ്ടിചുരുട്ടി ഇടിച്ചു. അവരുടെ പല്ലുകള്‍ ഇളകിത്തെറിച്ചു. ഗുരുതരമായി പരിക്കുപറ്റി എങ്കിലും അവര്‍ പിന്മാറിയില്ല.
സഹനത്തിന്‍റെയും ചെറുത്തുനില്‍പ്പിന്‍റെയും വഴികളിലൂടെ അവര്‍ മുന്നേറി. അവരുടെ ശ്രമഫലമായി ആ ഒറ്റപ്പെട്ട ഗ്രാമത്തില്‍ ആശുപത്രിയും വിദ്യാലയവും കുടിവെള്ളവുമെത്തി. ആ മണ്ണിന്‍റെ ഭാഷയും സംസ്കാരവുമുള്‍ക്കൊണ്ടുകൊണ്ട് ഗ്രാമങ്ങള്‍ തോറും അവര്‍ കുതിരപ്പുറത്ത് സഞ്ചരിച്ചു. അന്നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു.
തിന്‍സെയിലെ പോരാട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ദയാ ബായ് ബാരുള്‍ എന്ന ഗോത്രഗ്രാമത്തിലെത്തി. വീട്ടുകാര്‍ നിര്‍ബ്ബന്ധിച്ചു നല്‍കിയ കുടുംബവിഹിതമുപയോഗിച്ച് ബാരുളില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങി. കടുത്ത പാറക്കെട്ടുകള്‍ നിറഞ്ഞ ജലക്ഷാമത്താല്‍ പൊറുതിമുട്ടിയ ആ തരിശുഭൂമിയെ ഒരുതുള്ളി വെള്ളം പോലും പുറത്തുപോകാനനുവദിക്കാതെ ജീവനുള്ളതാക്കി മാറ്റി. അവിടെ ജൈവ കൃഷി ആരംഭിച്ചു. പ്ലാസ്റ്റിക്കും രാസവളവുമൊന്നും ഏഴയലത്ത് അടുപ്പിച്ചില്ല. നാടന്‍ വിത്തുകളും മണ്ണിര കമ്പോസ്റ്റുമൊക്കെ കൃഷിക്കു പയോഗിച്ചു. പഞ്ചസാരയും ഉപ്പും തേയിലയുമൊഴികെ മറ്റെല്ലാം ഫലഭൂയിഷ്ടമായ ആ മണ്ണില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചെടുത്തു. പശുക്കള്‍ കോഴികള്‍ താറാവുകള്‍ ഒക്കെയുണ്ടവിടെ. മണ്ണു കൊണ്ടുണ്ടാക്കിയ ചെറിയ വീട്ടില്‍ ആക്രോശ് എന്ന വളര്‍ത്തു നായയും ഗോരി എന്ന പൂച്ചയുമാണ് ഇന്ന് ദയാബായ്ക്ക് കൂട്ടിനുള്ളത്.
വിദേശഫണ്ടോ ആനുകൂല്യങ്ങളോ ഒന്നും പറ്റാതെ ദയാബായ് നടത്തിയ പോരാട്ടങ്ങള്‍ക്കും കഠിനാധ്വാനത്തിനും അവരുടെ വിജയത്തിനും സൂര്യതേജസ്സുണ്ട്. ഉന്നതവിദ്യാഭ്യാസവും ആവശ്യത്തിനു പണവുമുണ്ടായിരുന്നിട്ടും അവര്‍ സ്വമേധയാ ദാരിദ്ര്യം തെരഞ്ഞെടുത്തു. സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും നദിയായി അവര്‍ അനേകരിലേക്ക് ഒഴുകിപ്പടര്‍ന്നു. മനുഷ്യനു മനുഷ്യനെ തിരിച്ചറിയാന്‍ മതത്തിന്‍റെ വേലിക്കെട്ടു വേണ്ട എന്നതാണ് ദയാബായിയുടെ മതം.
അങ്ങനെ മേഴ്സി ദയയായി. ദയയുടെ നദിയായി..!