ഒരു കല്യാണത്തിന് പോയതാണ്. കുര്‍ബാനയ്ക്കൊരുങ്ങാന്‍ സങ്കീര്‍ത്തിയിലെത്തിയപ്പോള്‍ ഒരു ചോദ്യം:
"അച്ചോ ഏതാ, എറണാകുളമാണോ, ചങ്ങനാശ്ശേരിയാണോ?"
"അല്ല ഞാന്‍ ഭരണങ്ങാനത്താ" ആളിനെ മനസ്സിലായില്ലെങ്കിലും ഞാന്‍ പറഞ്ഞു.
"അതല്ലച്ചോ, ഏതു കുര്‍ബ്ബാനയാ ചൊല്ലുന്നതെന്ന്".
"ഓ ശരി, എന്നാ രണ്ടും കൂടെ മിക്സ് ആയിക്കോട്ടെ."
"അതു വല്യ പാടാണല്ലോ,ച്ചാ."
"ഓ ഇല്ല, എനിക്കൊരു പാടുമില്ല. എനിക്കതൊക്കെ നല്ല വശമാ!"
"~ഒരു കാര്യം ഒന്നു പറഞ്ഞോട്ടെ അച്ചാ," അല്പം പരുങ്ങലോടെ അയാള്‍.
"എന്താ മിക്സ് വേണ്ടെന്നായിരിക്കും. എന്നാ നിങ്ങക്കിഷ്ടമുള്ളത് പാട്"
"അല്ലച്ചാ, അച്ചന്‍ ഞങ്ങളെ ദയവായി തടസ്സപ്പെടുത്തരുത്. വളരെ ബുദ്ധിമുട്ടിയാ ഇവരെയെല്ലാം സംഘടിപ്പിച്ചത്. മൂവായിരത്തഞ്ഞൂറുരൂപയാ പാട്ടു സംഘത്തിനു തന്നെ."
"അപ്പോ കുര്‍ബാനേം നിങ്ങളുതന്നെ ചൊല്ലിക്കോളാമെന്നായിരിക്കും."
"അച്ചന്‍ അരിശപ്പെടരുത്. സാഹചര്യമൊന്നു മനസ്സിലാക്കണം."
"ഏയ്, അരിശപ്പെട്ടില്ലല്ലോ. ഞാനൊരു തമാശ പറഞ്ഞതല്ലേ"
"എല്ലാം പാടിയേക്കട്ടെയച്ചോ"
"ഒരുതരം ആക്ഷന്‍ സോംഗ് അല്ലേ? നഴ്സറിപ്പിള്ളേരുടെ വാര്‍ഷികത്തിനൊക്കെ കാണുന്നതുപോലെ. പാട്ടെല്ലാം നിങ്ങളു പാടുക, ആക്ഷനൊക്കെ ഞാനും. ആട്ടെ, പിന്നെ വേറെ പുതിയ ഐറ്റം വല്ലതുമുണ്ടോ?"
അയാളുടെ മുഖം ഇരുണ്ടു. എന്നെയങ്ങു ഇടിച്ചുപിഴിയാനുള്ള അരിശം. പെട്ടെന്നയാള്‍ പോയി. സംഘക്കാരുമായിട്ടു കൂടിയാലോചിക്കാനായിരിക്കും.
അല്പം കഴിഞ്ഞു. പ്രധാന കാര്‍മ്മികന്‍ - ഗായകന്‍- വന്നു. വളരെ നയത്തില്‍ കുശലപ്രശ്നം കഴിഞ്ഞു ഡിമാന്‍റു വന്നു.
"ചതിക്കല്ലേ അച്ചാ, ഒന്നഡ്ജസ്റ്റു ചെയ്യണം"
"ഇല്ലെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. ചെല്ല്, തുടങ്ങാം. സമയം പോകുന്നു." അയാള്‍ പോയി.
പള്ളിക്കകത്ത് നല്ല അരങ്ങാണ്. മേളക്കാര് ശ്രുതിയൊപ്പിക്കുന്നു. താളം കൊഴുപ്പിക്കുന്നു. മൈക്കു സെറ്റുകാര് ആംഗിള്‍ ശരിയാക്കുന്നു. "ഹലോ ടെസ്റ്റിംഗ്, മൈക്ക് ടെസ്റ്റിംഗ്".
ഭക്തജനങ്ങള്‍ നാട്ടുകാര്യം വിളമ്പുന്നു. മൂലകളില്‍ ചൂടുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ചെറുക്കന്‍ വന്നു നില്പുണ്ട്. പെണ്ണിന്‍റെ മെയ്ക്കപ്പ് പോയത് പുറകില്‍മാറ്റി നിര്‍ത്തി 'ടച്ചിങ്ങ്' നടക്കുന്നു. എല്ലാം ഇട്ടു കെട്ടി വിഷണ്ണനായിട്ടു ഞാന്‍ സങ്കീര്‍ത്തിയില്‍ നില്ക്കുന്നു. പറഞ്ഞിരുന്നതിനേക്കാളും അരമണിക്കൂര്‍ വൈകിയിരിക്കുന്നു. വേറൊരു സ്റ്റേഷനില്‍ കുര്‍ബാനയ്ക്കു പോയിരുന്ന വികാരിയച്ചനും വന്നെത്തി. അച്ചന്‍ വേഗം രംഗം ചൂടാക്കി. താമസിയാതെ കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഗായകസംഘം കലക്കുകയാണ്. പാട്ടിന്‍റെ താളത്തിനും ഈണത്തിനുമൊപ്പം ഗായകന്‍റെ തലയും നടുവും കാലും കൈയ്യുമൊക്കെ ചലിക്കുന്നു.
പാട്ടിനുശേഷം കര്‍മ്മങ്ങള്‍ തുടര്‍ന്നു. ക്യാമറക്കാരും വീഡിയോക്കാരും ചേര്‍ന്ന് വേറൊരു ഐറ്റം അരങ്ങുതകര്‍ക്കുന്നുണ്ട്. ഗായകസംഘത്തിനു തടസ്സം വരാതെ പ്രാര്‍ത്ഥനകളൊക്കെച്ചൊല്ലി. പാട്ടിനൊപ്പിച്ച് ചുണ്ടും കൈയ്യുമൊക്കെ അനക്കി ഞാനങ്ങു സഹകരിച്ചു. കണ്‍മുമ്പില്‍തന്നെയായിരുന്നതുകൊണ്ടു ഗായകസംഘത്തിന്‍റെ സമാന്തരകര്‍മ്മങ്ങളൊക്കെ കാണാമായിരുന്നു. ഒരു പാട്ടുകഴിയുമ്പോള്‍ അതിനെപ്പറ്റി ചര്‍ച്ച. ഗായികയുമായിട്ടൊരു സല്ലാപം, മേളക്കാരോടൊരു തമാശ, അതിനിടയില്‍ പെട്ടെന്ന് 'റെഡി, വണ്‍, റ്റൂ, ത്രീ, സ്റ്റാര്‍ട്ട്' പാട്ടു കലക്കുന്നു.
താലീം മന്ത്രകോടീം വെഞ്ചരിപ്പെല്ലാം കഴിഞ്ഞ് കെട്ടിന്‍റെ സമയമായി. താലിച്ചരടെടുത്ത് പെണ്ണിന്‍റെ മുമ്പില്‍ നിന്നു കൊണ്ടു, പുറകില്‍ റെഡിയായിട്ടുനിന്നിരുന്ന ചെറുക്കന്‍റെ കൈയ്യിലേയ്ക്ക് കൊടുക്കുകയാണ്. "അച്ചന്‍റെ കൈയ്യൊന്നു മാറ്റിക്കേ പെണ്ണിന്‍റെ മുഖം മറയുന്നു." ഒരു ഫോട്ടോഗ്രാഫര്‍ ഉറക്കെ. എന്‍റെ തോളൊപ്പം പോലും പൊക്കമില്ലാത്ത പെണ്ണിന്‍റെ മുഖം മറയ്ക്കാതെ താലിച്ചരടു കൊടുക്കണമെങ്കില്‍ ഞാന്‍ മുട്ടേല്‍ നിന്നു കൊടുക്കണം. പോട്ടെ. ഞാനങ്ങു ക്ഷമിച്ചു.
തുടര്‍ന്നു ദിവ്യബലിയുടെ ഭാഗമായതുകൊണ്ടു ചുറ്റും നടക്കുന്ന ഗോഷ്ടികള്‍ കാണാന്‍ ശ്രമിച്ചില്ല. അവസാനം കുര്‍ബാന സ്വീകരണമായി. മുഖം മറയ്ക്കാതിരിക്കാനും ഫോട്ടോകിട്ടാനും വേണ്ടി ശ്രദ്ധാപൂര്‍വ്വം സാവകാശമാണ് വി. കുര്‍ബാന കൊടുത്തത്. ചെറുക്കന്‍റെ അപ്പനുകൊടുത്തു കഴിഞ്ഞപ്പോഴാണ് ഫോട്ടോഗ്രാഫര്‍ വീണ്ടും "അച്ചോ കൈ വലിക്കല്ലേ". അയാള്‍ വൈകിപ്പോയി, ക്ലിക്ക് ചെയ്യാന്‍... അതുവരെ കാര്‍ന്നോരു വായുംപൊളിച്ചും ഞാന്‍ കൈയും നീട്ടിയും നില്ക്കണം പോലും! ഏതായാലും "ഒന്നൂടെ കൊടുക്കാമോ?"ന്നു ചോദിച്ചില്ലല്ലോ എന്നാശ്വസിച്ചു. എല്ലാം കഴിഞ്ഞു മുറ്റത്തേക്കിറങ്ങിയപ്പോള്‍ ആ ഫോട്ടോഗ്രാഫറെക്കണ്ടു. "താന്‍ അല്പം കൂടെ പഠിച്ചിട്ടുവേണം ഇങ്ങിനത്തെ പരിപാടിക്കു പോകാന്‍' ഞാനൊന്നുപദേശിച്ചു.
"ഞാന്‍ സ്റ്റുഡിയോക്കാരനല്ലച്ചോ, പെണ്ണിന്‍റെയൊരു ബന്ധുവാ."
പിന്നീടു പാട്ടിനെപ്പറ്റിയും പാട്ടുകാരെപ്പറ്റിയും വികാരിയച്ചനോടു പറഞ്ഞപ്പം അച്ചന്‍ പറഞ്ഞുതന്നു.
"ജീവിതത്തിലൊരിക്കല്‍ മാത്രമുള്ള സംഭവമല്ലേ അച്ചാ. അവരതാഘോഷിക്കട്ടെ. ഇങ്ങനെ ചില പാകപ്പിഴകളൊക്കെക്കാണും. നമ്മളതു പെരുപ്പിക്കാതെ കണ്ണടച്ചേക്കുകയാ നല്ലത്."
അതും ശരിയാണല്ലോന്നോര്‍ത്തപ്പം ഗായകസംഘത്തെ ഒന്നു വാരണമെന്നോര്‍ത്തതു വേണ്ടെന്നുവച്ചു.