ആമോസിനു തൊട്ടുപിന്നാലെ ഇസ്രായേലില്‍ വന്ന ഹോസിയായും ഇതേ ശബ്ദത്തില്‍, ഇതേ ഭാഷയില്‍ അനീതി തുറന്നുകാട്ടി, വിധി പ്രഖ്യാപിച്ചു. "ഇസ്രായേല്‍ ജനമേ, കര്‍ത്താവിന്‍റെ വാക്കു കേള്‍ക്കുക. ദേശവാസികള്‍ക്കെതിരേ അവിടുത്തേക്ക് ഒരാരോപണമുണ്ട്. ഇവിടെ വിശ്വസ്തതയോ സ്നേഹമോ ഇല്ല. ദൈവവിചാരം ദേശത്ത് അറ്റുപോയിരിക്കുന്നു. ആണയിടലും വഞ്ചനയും കൊലപാതകവും മോഷണവും സീമാതീതമായിരിക്കുന്നു" (ഹോസി 4, 1-2). "അവര്‍ നീതിയെ ചവിട്ടിമെതിക്കുന്നു" (ഹോസി 5.11) എന്ന് ഒറ്റവാക്കില്‍ വ്യക്തമായൊരു ചിത്രം അവതരിപ്പിക്കുന്നു.
ഹോസിയായുടെ സമകാലികരാണ് യൂദായില്‍ പ്രസംഗിച്ച ഏശയ്യായും മിക്കായും. പ്രവാചകരില്‍ അഗ്രഗണ്യന്‍ എന്നറിയപ്പെടുന്ന ഏശയ്യായുടെ പ്രവചനങ്ങള്‍ ആരംഭിക്കുന്നതുതന്നെ അനീതിക്കെതിരെ വ്യക്തമായ ഒരു കുറ്റപത്രം അവതരിപ്പിച്ചുകൊണ്ടാണ്: "വിശ്വസ്തനഗരം വേശ്യയായിത്തീര്‍ന്നതെങ്ങനെ? നീതിയും ധര്‍മ്മവും കുടികൊണ്ടിരുന്ന അവളില്‍ ഇന്നു കൊലപാതകികളാണ് വസിക്കുന്നത്. നിന്‍റെ വെള്ളി കിട്ടമായി മാറിയിരിക്കുന്നു. നിന്‍റെ വീഞ്ഞില്‍ വെള്ളം കലര്‍ന്നിരിക്കുന്നു. നിന്‍റെ പ്രഭുക്കന്മാര്‍ കലഹപ്രിയരാണ്. അവര്‍ കള്ളന്മാരോടു കൂട്ടുചേരുന്നു. സകലരും കോഴ കൊതിക്കുന്നു. സമ്മാനത്തിന്‍റെ പിന്നാലെ പായുന്നു. അവര്‍ അനാഥരുടെ പക്ഷത്തു നില്ക്കുന്നില്ല, വിധവകളുടെ അവകാശം പരിഗണിക്കുന്നുമില്ല" (ഏശ 1, 21-23).
സ്വത്തു സ്വരുക്കൂട്ടാനുള്ള ശ്രമത്തില്‍ സഹജീവികളായ മനുഷ്യരോട് യാതൊരു പരിഗണനയും കൂടാതെ, അനേകരെ നിരാലംബരും വഴിയാധാരവുമാക്കുന്ന സമ്പന്നര്‍ക്കും സാമ്പത്തിക ക്രമത്തിനും എതിരേ ശക്തമായ താക്കീതാണ് പ്രവാചകനിലൂടെ നല്കുന്നത്: "മറ്റാര്‍ക്കും വസിക്കാന്‍ ഇടം കിട്ടാത്തവിധം, വീടോടു വീടു ചേര്‍ത്ത്, വയലോടു വയല്‍ ചേര്‍ത്ത് അതിന്‍റെ മധ്യേ തനിച്ചു വസിക്കുന്നവര്‍ക്ക് ദുരിതം. സൈന്യങ്ങളുടെ കര്‍ത്താവ് ശപഥം ചെയ്യുന്നത് ഞാന്‍ കേട്ടു: അനേകം മന്ദിരങ്ങള്‍ നിര്‍ജ്ജനമാകും. മനോഹരമായ മാളികകള്‍ വസിക്കാന്‍ ആളില്ലാതെ ശൂന്യമായിക്കിടക്കും" (ഏശ 5, 8-9).
ആമോസ്, ഹോസിയാ, ഏശയ്യാ എന്നീ മൂന്നു പ്രവാചകന്മാരുടെയും വിമര്‍ശനങ്ങള്‍ കൂടുതല്‍ രൂക്ഷമായി അവതരിപ്പിക്കുന്ന പ്രവാചകനാണ് മൊറേഷെത്തില്‍ നിന്നുള്ള മിക്കാ. കര്‍ത്താവിനു തുല്യന്‍ ആര് എന്നര്‍ത്ഥമുള്ള മിക്കയാ എന്ന പേരിന്‍റെ ഹ്രസ്വരൂപമാണ് മിക്കാ. ഉപയോഗിക്കുന്ന ഉദാഹരണങ്ങളും ഭാഷാശൈലിയും വാക്കുകളുടെ മൂര്‍ച്ചയും പരിഗണിച്ച്, അനീതികള്‍ക്കിരയായ ഒരു കര്‍ഷകനായിരുന്നു മിക്കാ എന്ന നിഗമനത്തില്‍ എത്തുന്ന വ്യാഖ്യാതാക്കളുണ്ട്. തൊഴില്‍ എന്തുതന്നെ ആയിരുന്നാലും പാവപ്പെട്ടവര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ കയ്പുനീര്‍ മട്ടുവരെ കുടിച്ചവനാണ് ഈ പ്രവാചകന്‍ എന്നു തോന്നും.
സമൂഹത്തില്‍ നടമാടുന്ന അനീതിക്കും അക്രമത്തിനും എതിരേ അതിശക്തവും വ്യക്തവുമായ ഭാഷയില്‍ അദ്ദേഹം പ്രതികരിക്കുന്നു. "കിടക്കയില്‍ വച്ചു തിന്മ നിരൂപിക്കുകയും ദുരുപായങ്ങള്‍ ആലോചിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം. പുലരുമ്പോള്‍ അവരതു ചെയ്യുന്നു. അവര്‍ വയലുകള്‍ മോഹിക്കുന്നു. അവ പിടിച്ചടക്കുന്നു. വീടുകള്‍ മോഹിക്കുന്നു. അവ സ്വന്തമാക്കുന്നു. വീട്ടുടമസ്ഥനെയും അവന്‍റെ കുടുംബാംഗങ്ങളെയും, മനുഷ്യനെയും അവന്‍റെ അവകാശത്തെയും അവര്‍ പീഡിപ്പിക്കുന്നു" (മിക്കാ 2, 1-2). പാവപ്പെട്ടവരെ അവരുടെ പരമ്പരാഗത ഭൂമിയില്‍നിന്നും കുത്സിതമാര്‍ഗ്ഗങ്ങളിലൂടെ ആട്ടിയിറക്കുന്ന ധനികര്‍ ആ ഭൂമിയില്‍ തങ്ങള്‍ക്കായി മാളികകള്‍ പണിയുന്നു. അത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള റിസോര്‍ട്ടുകളാകാം, വ്യവസായാവശ്യങ്ങള്‍ക്കുള്ള പണിശാലകളാകാം; വിസ്തൃതമായ വഴികളാകാം. സര്‍വ്വോപരി അധര്‍മ്മം തേര്‍വാഴ്ച നടത്തുന്ന നഗരങ്ങളാകാം.
"രക്തത്താല്‍ നിങ്ങള്‍ സീയോണ്‍ പണിതുയര്‍ത്തുന്നു. അധര്‍മ്മത്താല്‍ ജറുസലെമും. അതിന്‍റെ ന്യായാധിപന്മാര്‍ കോഴ വാങ്ങി വിധിക്കുന്നു. പുരോഹിതന്മാര്‍ കൂലി വാങ്ങി പഠിപ്പിക്കുന്നു. പ്രവാചകന്മാര്‍ പണത്തിനുവേണ്ടി ഭാവി പറയുന്നു"(മിക്കാ 3, 10-11). പണം ഏറ്റം വലിയ മൂല്യമായി പരിഗണിക്കപ്പെടുന്നു. പോരാ, പണം തന്നെ ദൈവം എന്ന ധാരണ കടന്നുവരുന്നു. അങ്ങനെ ദൈവത്തിന്‍റെ സ്ഥാനത്ത് പണം എന്ന വിഗ്രഹം അവരോധിക്കപ്പെടുന്നു. ആ മൂര്‍ത്തിയുടെ മുമ്പിലാണ് മനുഷ്യരക്തം ബലിയായി അര്‍പ്പിക്കപ്പെടുന്നത്.
"നന്മയെ ദ്വേഷിക്കുകയും തിന്മയെ സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ തൊലി ഉരിഞ്ഞെടുക്കുന്നു. അവരുടെ അസ്ഥികളില്‍നിന്നു മാംസവും. നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ മാംസം ഭക്ഷിക്കുന്നു." ഒരു പക്ഷേ പ്രവാചക വചനങ്ങളില്‍ ഏറ്റവും ക്രൂരവും പ്രാകൃതവുമായി തോന്നാവുന്ന ഒന്നാണ് മിക്കായുടെ ഈ ആരോപണം. പച്ചയായ മനുഷ്യമാംസം ഭക്ഷിച്ചു എന്ന് ഇതര്‍ത്ഥമാക്കണമെന്നില്ല. പാവപ്പെട്ടവര്‍ അനുഭവിക്കുന്ന ചൂഷണത്തിന്‍റെയും മര്‍ദ്ദനത്തിന്‍റെയും ക്രൂരതയും തദ്ഫലമായുണ്ടാകുന്ന അതിദയനീയമായ അവസ്ഥയും ചിത്രീകരിക്കാന്‍ ഈ ഉദാഹരണങ്ങള്‍ സഹായിക്കും എന്നതില്‍ സംശയമില്ല.
ആമോസിന്‍റെയും ഹോസിയായുടെയും ആഹ്വാനത്തിനു ഫലമുണ്ടായില്ല. (ബി. സി. 721ല്‍) ഇസ്രായേല്‍ അസീറിയായ്ക്കു കീഴടങ്ങി. പത്തു ഗോത്രങ്ങള്‍ ചരിത്രത്തില്‍നിന്നും ഭൂപടത്തില്‍നിന്നും അപ്രത്യക്ഷമായി. അവശേഷിച്ച യൂദാഗോത്രത്തിനും (ബെഞ്ചമിന്‍ യൂദായുടെ ഭാഗമായി പരിഗണിക്കപ്പെട്ടിരുന്നു) അതേ ഗതിതന്നെ ഉണ്ടാകും എന്ന മുന്നറിയിപ്പുമായി കടന്നുവന്ന ജെറെമിയാ, ഒബാദിയാ, നാഹും, ഹബക്കുക്ക്, സെഫാനിയാ എന്നീ പ്രവാചകന്മാരുടെയും മുഖ്യസന്ദേശം ഇതുതന്നെയായിരുന്നു - ജനത്തില്‍ നിലനില്ക്കുന്ന അനീതിയെ തുറന്നുകാട്ടി മാറ്റത്തിനു ക്ഷണിക്കുക, ചുരുക്കം ഉദാഹരണങ്ങള്‍ മാത്രം എടുത്തുകാട്ടട്ടെ.
"നിങ്ങള്‍ എന്‍റെ ദേശം ദുഷിപ്പിച്ചു" (ജറേ 2-7). "നിന്‍റെ വസ്ത്രാഞ്ചലത്തില്‍ നിരപരാധരായ പാവങ്ങളുടെ ജീവരക്തം പുരണ്ടിരിക്കുന്നു" (ജറെ 2, 34). "എന്‍റെ ജനത്തിനിടയില്‍ ദുഷ്ടന്മാര്‍ കടന്നുകൂടി, വേടന്മാരെപ്പോലെ പതിയിരിക്കുന്നു. അവര്‍ കെണിയൊരുക്കി മനുഷ്യരെ കുടുക്കിലാക്കുന്നു. കൂട്ടില്‍ പക്ഷികളെന്നപോലെ അവരുടെ ഭവനങ്ങളില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു. അങ്ങനെ അവര്‍ വമ്പന്മാരും പണക്കാരുമായി. അവര്‍ തടിച്ചുകൊഴുത്തു. അവരുടെ ദുഷ്ടതയ്ക്കതിരില്ല. അവരുടെ വിധികള്‍ നീതിയുക്തമല്ല. അനാഥര്‍ക്കുവേണ്ടി അവര്‍ നിലകൊള്ളുന്നില്ല. ദരിദ്രരുടെ അവകാശം സംരക്ഷിക്കുന്നുമില്ല" (ജറെ 5, 26-28).
ബാബിലോണ്‍ പ്രവാസത്തിന്‍റെ ആരംഭത്തില്‍ ജനത്തെ മാനസാന്തരത്തിനു ക്ഷണിച്ച എസെക്കിയേല്‍ പ്രവാചകന്‍ അനേകം ഉദാഹരണങ്ങളിലൂടെ ജനം അനുഭവിക്കുന്ന ക്രൂരമായ അനീതിയുടെ വ്യക്തമായ ചിത്രം അവതരിപ്പിക്കുന്നുണ്ട്. "ഇസ്രായേലിലെ രാജാക്കന്മാര്‍ തങ്ങളുടെ ശക്തിക്കൊത്ത് നിന്നില്‍ രക്തച്ചൊരിച്ചില്‍ നടത്തി. നിന്നില്‍ മാതാപിതാക്കള്‍ നിന്ദിക്കപ്പെട്ടു. പരദേശികള്‍ കൊള്ളയടിക്കപ്പെട്ടു. അനാഥരും വിധവകളും ദ്രോഹിക്കപ്പെട്ടു... നിന്നില്‍ രക്തം ചിന്തുന്നതിനായി കോഴ വാങ്ങുന്നവരുണ്ട്. നീ പലിശ വാങ്ങുകയും ലാഭമുണ്ടാക്കുകയും അയല്ക്കാരനെ ഞെരുക്കി സമ്പത്തുണ്ടാക്കുകയും ചെയ്യുന്നു. അവളുടെ മധ്യേ പ്രഭുക്കന്മാര്‍ ഇരയെ ചീന്തിക്കീറി അലറുന്ന സിംഹത്തെപ്പോലെയാണ്" (എസെ. 22, 6-27).
ഹബക്കുക്ക് പ്രവാചകന്‍റെ വിലാപവും ഇതേ പ്രമേയം തന്നെ അവതരിപ്പിക്കുന്നു: "നിയമം നിര്‍വീര്യമാക്കപ്പെടുന്നു. നീതി നിര്‍വ്വഹിക്കപ്പെടുന്നില്ല. ദുഷ്ടന്‍ നീതിമാനെ വളയുന്നു. നീതി വികലമാക്കപ്പെട്ടിരിക്കുന്നു." (ഹബ 1,4) "അനര്‍ത്ഥങ്ങള്‍ എത്തിപ്പിടിക്കാതിരിക്കാന്‍ ഉന്നതങ്ങളില്‍ കൂടുകൂട്ടേണ്ടതിന്, തന്‍റെ കുടുംബത്തിനുവേണ്ടി അന്യായമായി ധനം നേടുന്നവന് ഹാ കഷ്ടം!.... ഭിത്തിയില്‍ നിന്ന് കല്ലു വിളിച്ചു പറയും; മേല്ക്കൂരയില്‍ നിന്ന് തുലാം മറുപടി പറയും. രക്തംകൊണ്ട് നഗരം പണിയുകയും അകൃത്യംകൊണ്ട് പട്ടണം സ്ഥാപിക്കുകയും ചെയ്യുന്നവന് ഹാ കഷ്ടം!" (ഹബ 2, 9-12)
കാനോനികപ്രവാചകന്മാരില്‍ അവസാനത്തെ പ്രവാചകനായ മലാക്കിയുടെ സന്ദേശവും വ്യക്തമല്ല. ശിക്ഷാവിധി നടപ്പിലാക്കാന്‍ കര്‍ത്താവ് വേഗം വരും എന്ന താക്കീതോടെയാണ് അനീതിയുടെ പട്ടിക സമാപിക്കുന്നത്. "ആഭിചാരക്കാര്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസത്യം ചെയ്യുന്നവര്‍ക്കും കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും പരദേശികളെ ഞെരുക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കും എതിരേ സാക്ഷ്യം നല്കാന്‍ ഞാന്‍ വേഗം വരും - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു" (മലാ 3,5)
നാഥാന്‍ മുതല്‍ മലാക്കിവരെ ഏകദേശം അറുന്നൂറു വര്‍ഷം ദീര്‍ഘിച്ച പഴയനിയമ പ്രവാചകരുടെ സന്ദേശത്തില്‍ ഒരു മുഖ്യഘടകം സമൂഹത്തില്‍ നിലനിന്ന അനീതിക്കെതിരെയുള്ള വിമര്‍ശനങ്ങളായിരുന്നു. ഉടമ്പടിയുടെ നിയമങ്ങളാകുന്ന തൂക്കുകട്ട പിടിച്ച് (ആമോ 7, 8-9) അളന്നുനോക്കുമ്പോള്‍ പരിഹരിക്കാനാകാത്ത വിധം വക്രമായിരിക്കുന്ന ഇസ്രായേല്‍ സമൂഹമെന്ന മതില്‍ ഇടിച്ചു തകര്‍ക്കുകയല്ലാതെ മറ്റൊരു വഴിയും അവശേഷിക്കുന്നില്ല എന്ന പ്രതീതി ജനിപ്പിക്കുന്നതാണ് ആമോസിന്‍റെ പ്രവചനങ്ങള്‍. എന്നാല്‍ എല്ലാം ഇനിയും നഷ്ടപ്പെട്ടിട്ടില്ല, രക്ഷാമാര്‍ഗ്ഗം പൂര്‍ണ്ണമായും അടയ്ക്കപ്പെട്ടിട്ടില്ല. എന്ന് തുടര്‍ന്നു വന്ന പ്രവാചകന്മാര്‍ പ്രഘോഷിച്ചു. അവരുടെയെല്ലാം പ്രഘോഷണങ്ങളില്‍ അനീതിയുടെ രൂക്ഷമായ അവതരണമാണ് "നരഭോജികള്‍" എന്ന ശീര്‍ഷകം.
മനുഷ്യമാംസം ഭക്ഷിക്കുന്നു എന്ന ആരോപണം അക്ഷരാര്‍ത്ഥത്തില്‍ എടുത്തില്ലെങ്കിലും പാവപ്പെട്ടവര്‍ അനുഭവിക്കുന്ന മര്‍ദ്ദനത്തിന്‍റെയും ചൂഷണത്തിന്‍റെയും ക്രൂരത വ്യക്തമാക്കുന്നതാണ് നരഭോജികള്‍ എന്ന വിശേഷണം. ഈ വിമര്‍ശനങ്ങള്‍ ഒന്നും കാലഹരണപ്പെട്ടുപോയിട്ടില്ല, കൂടുതല്‍ രൂക്ഷമായതേ ഉള്ളൂ എന്നു തെളിയിക്കുന്നതാണല്ലോ ആനുകാലിക സംഭവങ്ങള്‍? ഭൂമിയുടെ ഒരു ഭാഗത്ത് പട്ടിണി മൂലം കോടിക്കണക്കിനാളുകള്‍ നരകതുല്യമായ യാതനയനുഭവിക്കുകയും മരണത്തിനു തന്നെ ഇരയാവുകയും ചെയ്യുമ്പോള്‍ അവര്‍ക്കു നല്കേണ്ടിയിരുന്ന ആഹാരം പല വിധത്തില്‍ നശിപ്പിച്ചു കളയുന്നതിനെ എങ്ങനെ വിശേഷിപ്പിക്കണം? ആഗോളതലത്തിലെ അനീതിയിലേക്കു പോകണ്ടാ, നമ്മുടെ തന്നെ മാളികകളുടെയും മനോഹര സൗധങ്ങളുടെയും പിന്നാമ്പുറങ്ങളിലും കുപ്പത്തൊട്ടികളിലും ആഹാരത്തിനുവേണ്ടി നായ്ക്കളുമായി പടപൊരുതേണ്ടി വരുന്ന മനുഷ്യക്കോലങ്ങളെ കണ്ടില്ലെന്നു നടിക്കാനാവുമോ? അമിതാഹാരവും അധ്വാനരാഹിത്യവും മൂലം അമിതഭാരം താങ്ങി തളരുന്നവര്‍ എന്തേ പട്ടിണിക്കോലങ്ങളെ കാണാതെ പോകുന്നു? തങ്ങളുടെ അമിതഭാരം അവരുടെ മാംസം ഭക്ഷിച്ചുണ്ടായതാണെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരോട് കലഹിക്കാനാകുമോ?
എന്നാല്‍ ഇതുമാത്രമല്ലല്ലോ? നരഭോജികള്‍ എന്ന വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാകുന്ന സംഭവങ്ങളും അത്രതന്നെ വിരളമല്ലാതായിട്ടില്ലേ? ഗര്‍ഭഛിദ്രത്തിലൂടെ പുറത്തെടുക്കുന്ന മനുഷ്യശിശുക്കളുടെ ശരീരഭാഗങ്ങള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കായി ഉപയോഗിക്കുന്ന ഫാക്ടറികള്‍ അത്ര രഹസ്യമല്ലാത്ത വാര്‍ത്തയായിട്ടുണ്ടല്ലോ. ഒരു പടികൂടി കടന്ന് താന്‍ തന്നെ കാശു വാങ്ങി അബോര്‍ട്ട് ചെയ്ത ശിശുവിന്‍റെ ജഡം വീട്ടില്‍ കൊണ്ടുപോയി പൊരിച്ചു തിന്നുന്ന പ്രസവവിദഗ്ധ വൈദ്യരെ എന്തു വിളിക്കണം? മനുഷ്യഭ്രൂണങ്ങളെ വിശിഷ്ട വിഭവങ്ങളായി വിളമ്പുന്ന അത്യാധുനിക ഭോജനശാലകള്‍ ദോഷൈകദൃക്കുകളുടെ ഭാവനാസൃഷ്ടി മാത്രമല്ലല്ലോ. ഇനിയും എത്രയെത്ര തലങ്ങളില്‍ നരഭോജികള്‍ അഴിഞ്ഞാടുന്നു, അരങ്ങു തകര്‍ക്കുന്നു!
ഒരു കാര്യം വ്യക്തം, അനീതി സമൂഹത്തില്‍ നിലനില്‍ക്കുന്നു; പോരാ വര്‍ദ്ധിക്കുന്നു. അത് ഭീകരമായ ശിക്ഷ വിളിച്ചു വരുത്തും എന്നതിനു സംശയം വേണ്ട. ആ വിപത്തുകളുടെ അടയാളങ്ങള്‍ പ്രകൃതിയിലും സമൂഹങ്ങളിലും വ്യക്തികളിലും നാം കാണുന്നുമുണ്ടല്ലോ. മക്കളുടെ രക്തം കുടിക്കാന്‍ നിര്‍ബന്ധിതയായ അമ്മഭൂമിയുടെ നിലവിളി ഏറ്റുവാങ്ങി ദിഗന്തങ്ങളില്‍ പ്രഘോഷിച്ച ഫ്രാന്‍സീസ് പാപ്പായുടെ നിലവിളി വനരോദനമായിത്തീരുന്നോ എന്ന ഭയം നിലനില്ക്കുന്നു. എന്താണ് ഈ അനീതികള്‍ക്കു കാരണം? ആരാണിതിന് മുഖ്യ ഉത്തരവാദികള്‍? അതാണ് പ്രവാചകരുടെ പഠനങ്ങളിലൂടെയുള്ള ഈ തീര്‍ത്ഥയാത്രയില്‍ അടുത്തതായി നാം അന്വേഷിക്കുന്നത്.