news-details
ഇടിയും മിന്നലും

അവരു കാണാനുദ്ദേശിച്ചുവന്ന അച്ചന്‍ പണ്ടേ സ്ഥലംമാറിപ്പോയി എന്നറിഞ്ഞപ്പോള്‍ പ്രായമുള്ള ഏതെങ്കിലുമൊരച്ചനെ കാണാന്‍ ആഗ്രഹം പറഞ്ഞതുകൊണ്ട് ചുമ്മാ ഇറങ്ങിച്ചെന്നു. രണ്ടു കാറുകള്‍ കിടപ്പുണ്ടായിരുന്നു. എല്ലാവരുംകൂടെ പത്തുപന്ത്രണ്ടു പേരുണ്ട്, വളരെ ദൂരെനിന്നും വരികയാണ്, സ്ത്രീകളുമൊക്കെയുള്ളതുകൊണ്ട് അത്യാവശ്യം ടോയിലറ്റില്‍ പോകാനുംമറ്റും സൗകര്യംനോക്കിക്കയറിയതാണെന്നായിരുന്നു ആമുഖം. 'ടൗണില്‍ക്കൂടെയല്ലെയിങ്ങുപോന്നത് ഏതെങ്കിലും ഹോട്ടലില്‍ക്കയറിയാല്‍ പോരായിരുന്നോ' എന്നു നേരം വെളുത്തപ്പളേ ചോദിക്കുന്നതു മര്യാദയല്ലാത്തതുകൊണ്ട് അകത്തേയ്ക്കുള്ള വാതില്‍ തുറന്നുകൊടുക്കുമ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ എന്‍റെ മനസ്സുവായിച്ചതുപോലെ ഒരു മാപ്പപേക്ഷ:

"അച്ചാ, ക്ഷമിക്കണം. ടൗണില്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞതാ, ഏതെങ്കിലും ഹോട്ടലില്‍ക്കയറാമെന്ന്. അന്നേരമിദ്ദേഹത്തിനു നിര്‍ബ്ബന്ധം അടുത്തുതന്നെ നമ്മുടെ ആശ്രമമുണ്ട്, അറിയുന്ന അച്ചന്മാരുമുണ്ട്, ഇങ്ങോട്ടു പോന്നാല്‍മതിയെന്ന്. ആ അച്ചന്മാരു ട്രാന്‍സ്ഫറായ വിവരം അറിഞ്ഞില്ലായിരുന്നു. അച്ചനെ രാവിലെ ബുദ്ധിമുട്ടിച്ചതില്‍ സോറി."
അപ്പോഴേയ്ക്കും 'അദ്ദേഹം' ഇടപെട്ട് എന്നെയൊന്നൂതി:

"അച്ചനെന്നെ അറിയില്ലെങ്കിലും അച്ചനെ എനിക്കു നന്നായിട്ടറിയാം. അച്ചനല്ലേ നമ്മുടെ ഇടിയും മിന്നലും. ഞാനച്ചന്‍റെയൊരു ഫാനാ. എന്നാലും പണ്ടത്തേപ്പോലെയൊള്ള ആ ഇടിയിപ്പമില്ല കേട്ടോ, പൊകയാ കൂടുതല്. അച്ചാ ഞാനൊരു എക്സ് കപ്പൂച്ചിനാ. ഫിലോസഫി കഴിഞ്ഞു പോയതാണ്. ഞാന്‍ മാത്രമല്ല .." അയാളത്രയും പറഞ്ഞപ്പോഴേയ്ക്കും കൂടെയുണ്ടായിരുന്നയാളും പറഞ്ഞു:

"ഞാനും. ഞാന്‍ നൊവിഷ്യേറ്റു കഴിഞ്ഞപ്പോള്‍ പോയതാണ്. ഞങ്ങളുരണ്ടും ഒരേനാട്ടുകാരാണ്. ബന്ധുക്കളുമാണ്. ഇവിടെയടുത്ത് ഒരു ബന്ധുവിന്‍റെ വീട്ടില്‍ ഒരാവശ്യത്തിനു പോകുന്നവഴിയാണ്. ഞങ്ങളുടെ കൂടെപ്പഠിച്ച അച്ചന്മാരിവിടെ നേരത്തെ ഉണ്ടായിരുന്നു. അവരു കാണുമെന്നു കരുതിയാണിവിടെ കയറിയത്."

ആവശ്യങ്ങളൊക്കെ നടത്തി അല്പം കാപ്പിയൊരുക്കിയനേരത്ത് സ്ത്രീകളും കുട്ടികളും ആശ്രമപരിസരങ്ങളിലേയ്ക്കു നീങ്ങിയപ്പോള്‍ 'എക്സന്മാരും' ഞാനും മാത്രമായി.

"അച്ചനോടു വല്ലോം പറയാന്‍ പേടിക്കണം. ഒന്നും മിണ്ടാതിരുന്നു കേട്ടേച്ച് അതെല്ലാം എഴുതിപ്പിടിപ്പിക്കും. എന്നാലും കേട്ടോ അച്ചാ, ഈ പണി പഠിച്ചില്ലാരുന്നേല്‍ തെണ്ടിപ്പോയേനേയെന്നു പണ്ടു ധര്‍മ്മക്കാരന്‍ പറഞ്ഞപോലെ, സത്യം പറഞ്ഞാല്‍ അന്നു സെമിനാരീല്‍ പഠിച്ചില്ലാരുന്നേല്‍ തെണ്ടിപ്പോയേനേം. അന്നത്തെ പത്താംക്ലാസ്സില്‍ കൃത്യംമാര്‍ക്കില്‍ കഷ്ടിച്ചു പാസ്സായി. വീട്ടിലൊരു മേശപോലും തുടയ്ക്കാത്ത എന്നെക്കൊണ്ടെന്തു ചെയ്യുമെന്നുകരുതി അപ്പന്‍ വിഷമിക്കുന്നതുകണ്ടപ്പം അമ്മയാ അന്നെന്നോടു പറഞ്ഞത് നീ വല്ല സെമിനീരീലും പോടാന്ന്. തേങ്ങാന്നു പറഞ്ഞാല്‍ മാങ്ങാന്നു തിരിയുന്ന ഇവന്‍ പോയിട്ടെന്നാ സെമിനാരീടെ മുറ്റമടിക്കുമോന്നപ്പനന്നു കളിയാക്കി. എന്നാ നോക്കീട്ടെയുള്ളെന്നന്നൊരു വാശിതോന്നി. വികാരിയച്ചന്‍റെയടുത്തുചെന്നു. മാര്‍ക്കില്ലാഞ്ഞതുകൊണ്ടു രൂപതേലെടുക്കത്തില്ല, ആരെവേണേലും എടുക്കുന്നതു കപ്പൂച്ചിന്‍കാരാ, അവിടെപ്പായിനോക്കാന്‍ വികാരിയച്ചന്‍ പറഞ്ഞു. ഞാന്‍ നിര്‍ബ്ബന്ധിച്ച് അപ്പനേംകൂട്ടിച്ചെന്നു. വല്യ ബുദ്ധിമുട്ടുകൂടാതെ അഡ്മിറ്റുചെയ്തു. അങ്ങനെയായിരുന്നു തുടക്കം. ഉണ്ടപാത്രം അന്നുവരെ കഴുകിയിട്ടില്ലാതിരുന്ന എനിക്ക് ഞാനുണ്ടതല്ല, എല്ലാരുമുണ്ട പാത്രം മാത്രമല്ല അതു പാകംചെയ്ത കലംവരെ കഴുകേണ്ടിവന്നപ്പോള്‍ ഉളുപ്പുമാറി. ഉടുത്തുകുളിക്കുന്ന തുവര്‍ത്തുമുണ്ടു പിഴിയാന്‍പോലും മടിയായിരുന്ന എനിക്ക് കെട്ടുകണക്കിനു തണി കഴുകിത്തേയ്ക്കേണ്ടിവന്നപ്പോള്‍ മടുപ്പും മാറി. ചാണകം കണ്ടാല്‍പോലും കാലുകഴുകിയിരുന്ന എനിക്കു പന്നിക്കൂട്ടിലെപ്പണിയും ഇഷ്ടമായിത്തുടങ്ങി. പഠിക്കാനും മോശമായിരുന്നില്ലച്ചാ. എന്‍റെ ബാച്ചുകാരോടു ചോദിച്ചാല്‍പറയും, മിക്കതിനും ഫസ്റ്റു ഞാന്‍തന്നെയായിരുന്നു. ഇതൊക്കെയായിട്ടും ഫിലോസഫിയിലായപ്പോള്‍മുതല്‍ പെണ്ണുകെട്ടണമെന്നൊരു മോഹം. ആരുടേം പ്രാര്‍ത്ഥനേം ഉപദേശോം ഒന്നും ഫലിച്ചില്ല. ഒരു കുരുക്കില്‍ച്ചെന്നുചാടുകേം ചെയ്തു. റെക്ടറച്ചനതു പിടിച്ചു. ശിക്ഷിച്ചുപറഞ്ഞുവിടുന്നതിനുമുമ്പ് വേണമെങ്കില്‍ സ്വയംവിട്ടുപൊക്കോളാന്‍ അദ്ദേഹമാണന്നുപദേശിച്ചത്. അങ്ങനെ ഞാന്‍ എക്സ് കപ്പൂച്ചിനായി."

"ഇയാളു പോന്നതിന്‍റെ പിറ്റേവര്‍ഷം ഞാനുംപോന്നു. ഞാന്‍വരുമ്പോള്‍ ഇയാളു ചന്തയില്‍ പച്ചമീന്‍കടയില്‍ ജോലിയാണ്."

"അതിന്‍റെ കാര്യമാണച്ചാ ഞാന്‍ മുമ്പേ പറഞ്ഞത്. സെമിനാരീന്നാണു ജീവിക്കാന്‍ ജോലിചെയ്യണമെന്നു ഞാന്‍ പഠിച്ചത്. ഞാന്‍ തിരിച്ചുപോരുമെന്ന് വീട്ടില്‍ ആരുംപ്രതീക്ഷിച്ചില്ല. സാമ്പത്തികവും തീരെ മോശമായിരുന്നതുകൊണ്ട് ഞാന്‍വന്നതോടെ വീട്ടില്‍ വലിയ പ്രതിസന്ധിയായി. പെട്ടെന്നൊരു ബുദ്ധിതോന്നി. ചന്തയില്‍ചെന്ന് ആരുടെയെങ്കിലും കൂടെകൂടി വല്ല കച്ചവടവും ചെയ്യാന്‍. പക്ഷെ കൈയ്യില്‍ കാല്‍കാശില്ലാതെ ആരെങ്കിലും കൂട്ടത്തില്‍കൂട്ടുമോ. അവസാനം പച്ചമീന്‍കടയില്‍ മീന്‍വെട്ടിക്കൊടുക്കുന്ന ജോലികിട്ടി, അതുചെയ്തു. പലരും കളിയാക്കി. വീട്ടുകാരുപോലും എതിര്‍ത്തു. അപ്പോഴൊക്കെ പിടിച്ചുനില്‍ക്കാന്‍ കരുത്തുതന്നത് സെമിനാരിയിലെ ആദ്യ ദിവസങ്ങളില്‍ റെക്ടറച്ചന്‍ മുന്നില്‍വച്ചുതന്ന ഇന്നും ഓര്‍മ്മയിലുള്ള വാക്കുകളാണ്:

'മെയ്യനങ്ങാതെ കൈനീട്ടുന്നവന്‍ തെണ്ടി,  അദ്ധ്വാനിക്കാതെ ആവലാതിപ്പെടുന്നവന്‍ രോഗി, പണിയാതെ സമ്പാദിക്കുന്നവന്‍ ദ്രോഹി, വിയര്‍ക്കാതെ ഭക്ഷിക്കുന്നവന്‍ ഭോഗി, പണിതുവിയര്‍ത്തും, മെയ്യനങ്ങിയദ്ധ്വാനിച്ചും സമ്പാദിക്കുകയും കൊടുക്കുകയും ചെയ്യുന്നവന്‍ യോഗി.'
ഒരു വര്‍ഷം മീന്‍വെട്ടിക്കിട്ടിയ കാശുകൊണ്ട് വാടകയ്ക്കെടുത്ത അഞ്ചുസെന്‍റു സ്ഥലത്ത് ഒരു കോഴിഫാം തുടങ്ങി. പണിയെല്ലാം തന്നത്താനെചെയ്തതുകൊണ്ട് നല്ല മാര്‍ജ്ജിന്‍കിട്ടി. ആയിടയ്ക്കായിരുന്നു കല്യാണം. ജീവിതത്തിനും ഒരുകൂട്ടായി പണിയാനുംസഹായിയായി. മൂന്നാലു മക്കളായി. ആദ്യമൊരു തോട്ടംവാങ്ങി. അതിലൊരു വീടുവച്ചു. ടൗണില്‍ നല്ലൊരു ബിസിനസ്സായി. മക്കളെല്ലാം പഠിക്കുന്നു. അന്നു റെക്ടറച്ചന്‍ പറഞ്ഞതുവച്ചളന്നാല്‍ ഞാനിന്നുമൊരു 'യോഗി'യാണ്."

കാപ്പികുടിക്കാനിരുന്നപ്പോള്‍ ഭാര്യ പറഞ്ഞു:

"അച്ചനോടു സെമിനാരിപുരാണം മുഴുവന്‍ പറഞ്ഞുതീര്‍ന്നു കാണില്ലല്ലോ. കപ്പൂച്ചിനച്ചന്മാരെ കണ്ടാല്‍ ഇദ്ദേഹത്തിന്‍റെ സംസാരം തീരില്ല. അതിനുള്ള മരുന്നുവല്ലോം അച്ചന്‍ കൊടുക്കണം."

"അതിനുള്ള മരുന്ന് അച്ചന്‍ അടുത്ത ഇടിയും മിന്നലിലും കൊടുത്തോളും." കൂട്ടുകാരന്‍ എക്സിന്‍റെ കമന്‍റ്.

'എക്സ്' പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ മുഴുവന്‍ അയാളെപ്പോലെ വിട്ടുപോയവരെപ്പറ്റിയല്ല, എന്നെപ്പോലെ അകത്തുള്ളവരെപ്പറ്റിത്തന്നെയായിരുന്നു എന്‍റെ ചിന്ത. വിട്ടുപോയവര്‍ ഇന്നും അദ്ധ്വാനത്തിന്‍റെ വിലയറിഞ്ഞു ജീവിക്കുമ്പോള്‍, പെട്ടുപോയവര്‍ വിയര്‍ക്കാതെയും മെയ്യനങ്ങാതെയും 'എക്സു' പറഞ്ഞതുവച്ചു നോക്കിയാല്‍ രോഗികളും, ദ്രോഹികളും, ഭോഗികളുമൊക്കെയായിട്ടു കഴിയുന്നവര്‍ എത്രയെന്നൊരു കണക്കെടുക്കേണ്ട കാലമായില്ലേ? അതു മറ്റാരുമല്ല, സ്വയമല്ലേ ചെയ്യേണ്ടത് എന്നൊരു ചോദ്യവും എന്നോടുതന്നെ!!

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts