news-details
സാമൂഹിക നീതി ബൈബിളിൽ

ആരാധനാഭാസങ്ങള്‍

"നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുഃസഹമായിരിക്കുന്നു. നിങ്ങള്‍ കരങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്ന് മുഖം മറയ്ക്കും. നിങ്ങള്‍ എത്ര പ്രാര്‍ത്ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലങ്ങളാണ്."(ഏശ 1, 14-15).

അനീതിയുടെ മൂലകാരണം തേടി പ്രവാചകഗ്രന്ഥത്തിലൂടെ വിശദമായി കടന്നുപോകുമ്പോള്‍ നാം ചെന്നെത്തുന്നത് ആരാധനയിലും ആരാധനയില്‍ കടന്നുകൂടിയ അനാചാരങ്ങളിലും ആരാധന തന്നെ രൂപം കൊടുത്ത ചില മനോഭാവങ്ങളിലുമാണ്. അനീതിക്കെതിരെ പടവാളെടുക്കുന്ന പ്രവാചകന്‍റെ കണ്ണു പതിയുന്നത് ജനത്തില്‍ തെറ്റായ വിശ്വാസങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്തുന്നവരിലാണ്. അവര്‍ പുരോഹിതന്മാരും പ്രവാചകന്മാരും രാജാക്കന്മാരുമാകാം. ജനത്തെ നേര്‍വഴി നയിക്കാന്‍ നിയുക്തരായ ഇടയന്മാര്‍തന്നെ അവരെ വഴിതെറ്റിച്ച്, ദൈവത്തില്‍ നിന്നകറ്റുന്നു. സമൂഹത്തില്‍ കടുത്ത അനീതിയ്ക്ക് വഴി തെളിക്കുന്നു. അതേസമയം തങ്ങള്‍ ദൈവത്തിനു സ്വീകാര്യരും വിശുദ്ധരുമാണെന്ന ഒരു മിഥ്യാധാരണ നിലനിര്‍ത്താന്‍ കാരണമാകുകയും ചെയ്യുന്നു.

ദൈവത്തെ ആരാധിക്കുക എന്ന മുഖ്യലക്ഷ്യത്തോടെയാണ് ഇസ്രയേല്‍ ജനത്തെ ദൈവം അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചത്. "എന്നെ ആരാധിക്കാനായി എന്‍റെ ജനത്തെ വിട്ടയയ്ക്കുക"(പുറ 4,23). യഥാര്‍ത്ഥമായ ദൈവാരാധന എല്ലാവര്‍ക്കും സ്വാതന്ത്ര്യവും വ്യക്തിമഹത്വവും ഉറപ്പുവരുത്തും. "നിങ്ങള്‍ നിവര്‍ന്നു നടക്കേണ്ടതിന് നിങ്ങളുടെ നുകത്തിന്‍റെ കെട്ടുകള്‍ ഞാന്‍ പൊട്ടിച്ചു."(ലേവ്യ 26,13) ദൈവം ചെയ്ത വലിയ കാര്യങ്ങള്‍ നന്ദിയോടെ അനുസ്മരിക്കാനും അവിടുത്തെ കല്പനകള്‍ പാലിക്കാനുമുള്ള തീരുമാനം ആവര്‍ത്തിച്ചുറപ്പിക്കാനും വരും തലമുറയ്ക്ക് പറഞ്ഞുകൊടുക്കുവാനും വേണ്ടിയാണ് പെസഹാ, പെന്തക്കുസ്താ, കൂടാരത്തിരുന്നാള്‍ തുടങ്ങിയ തിരുന്നാളുകളും സാബത്തുദിവസം, സാബത്തുവര്‍ഷം, ജൂബിലിവര്‍ഷം - മുതലായ അവസരങ്ങളും നിശ്ചയിച്ചത്. എന്നാല്‍ വിശ്വാസാധിഷ്ഠിതവും നീതിനിഷ്ഠവുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഇവയെല്ലാം പരാജയപ്പെട്ടു. ആഘോഷങ്ങള്‍ അരങ്ങുതകര്‍ത്തപ്പോള്‍ ദൈവികനിയമങ്ങള്‍ വിസ്മൃതമായി; പാവപ്പെട്ടവര്‍ക്കു നീതി നിഷേധിക്കപ്പെട്ടു. ദൈവാരാധന വിഗ്രഹാരാധനയായി വഴി തെറ്റി.

ആദ്യത്തെ പ്രധാനപുരോഹിതനായ അഹറോന്‍ തന്നെയാണ് ഇപ്രകാരം ആരാധന വഴിതെറ്റാന്‍ കാരണക്കാരനായത് എന്ന് ബൈബിള്‍ എടുത്തു പറയുന്നുണ്ട്. സീനായ് മലയുടെ താഴ്വരയില്‍ കൂടാരമടിച്ച ജനം അസ്വസ്ഥമായി. നേതാവായ മോശ മലമുകളിലേക്ക് പോയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. അപ്പോഴാണ് അവര്‍ തങ്ങളുടെ ആവശ്യം ഉന്നയിക്കുന്നത്. "ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരുക" (പുറ 32,1) ജനത്തെ നേര്‍വഴിക്കു നയിക്കേണ്ട പ്രധാനപുരോഹിതന്‍ ജനഹിതത്തിനു വഴങ്ങി; മാത്രമല്ല, അവരെ വിഗ്രഹാരാധനയിലേക്കു തള്ളിവിടുകയും ചെയ്തു. അവരില്‍നിന്നു ചോദിച്ചുവാങ്ങിയ അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍കൊണ്ടു കാളക്കുട്ടിയെ വാര്‍ത്തെടുത്തു കൊടുത്തപ്പോള്‍ ജനം വിളിച്ചുപറഞ്ഞു: "ഇസ്രായേലേ, ഇതാ നിങ്ങളെ ഈജിപ്തില്‍ നിന്ന് കൊണ്ടുവന്ന ദേവന്മാര്‍"(പുറ 32,4)."അതു കണ്ടപ്പോള്‍ അഹറോന്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠം പണിതിട്ട് ഇപ്രകാരം ഉദ്ഘോഷിച്ചു. നാളെ കര്‍ത്താവിന്‍റെ ഉത്സവദിനമായിരിക്കും. അവര്‍ പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് ദഹനയാഗങ്ങളും അനുരഞ്ജനയാഗങ്ങളും അര്‍പ്പിച്ചു. ജനം തീനും കുടിയും കഴിഞ്ഞ് വിനോദങ്ങളില്‍ ഏര്‍പ്പെട്ടു."(പുറ 32, 5-6) "ശത്രുക്കളുടെ ഇടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടുന്നതിന് അഹറോന്‍ അവരെ അനുവദിച്ചിരുന്നു." (പുറ 32,25) പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്ത മോശയ്ക്ക് നല്കാന്‍ ന്യായമായ വിശദീകരണങ്ങളൊന്നും അഹറോനുണ്ടായിരുന്നില്ല. "അവര്‍ സ്വര്‍ണ്ണം കൊണ്ടുവന്നു, ഞാനതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു." (പുറ 32,24).

എത്ര എളുപ്പത്തിലാണ് അഹറോന്‍ കൈകഴുകി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുന്നത്! സീനായ് മലയിലെ കാളക്കുട്ടിയാണ് ഇസ്രായേലിന്‍റെ ആദ്യപാപമായി പരിഗണിക്കപ്പെടുന്നത്. അതിനു മുഖ്യഉത്തരവാദി അഹറോനായിരുന്നു. അഹറോന്‍റെ പിന്‍മുറക്കാര്‍ ഈ പാരമ്പര്യം ഒട്ടും കുറവുവരുത്താതെ തുടര്‍ന്നു. ദൈവികനിയമങ്ങള്‍ ജനത്തെ പഠിപ്പിച്ച്, ദൈവജനമായി അവരെ വളര്‍ത്തിയെടുക്കുകയായിരുന്നു പുരോഹിതരുടെ മുഖ്യ ദൗത്യം. അതോടൊപ്പം ദൈവത്തിനു ബലിയര്‍പ്പിക്കുകയും ദൈവനാമത്തില്‍ ജനത്തെ ആശീര്‍വ്വദിക്കുകയും ചെയ്യുക. അങ്ങനെ ദൈവത്തിനും ജനത്തിനും ഇടയില്‍ ഒരു പാലം പോലെ മധ്യവര്‍ത്തിയും മധ്യസ്ഥനുമായി നില്‍ക്കേണ്ട പുരോഹിതനു ലക്ഷ്യം തെറ്റി; കാലിടറി. അതിനാല്‍ തന്നെ ബലിയര്‍പ്പണങ്ങളും ഉത്സവാഘോഷങ്ങളും ലക്ഷ്യം കാണാതെ പോയി. പ്രവാചക വിമര്‍ശനങ്ങളുടെ കാതല്‍ ഇവിടെ കാണാം. ആരംഭത്തില്‍ ഉദ്ധരിച്ച ഏശയ്യായുടെ വചനങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. മിക്കവാറും ഏല്ലാ പ്രവാചകന്മാരും ആരാധനയില്‍ വന്ന അപാകതകളുടെയും അതിനു മുഖ്യ കാരണക്കാരായ പുരോഹിതരുടെയും നേരെയാണ് വിരല്‍ ചൂണ്ടുന്നത്.

കര്‍ത്താവിന്‍റെ കല്പനയനുസരിക്കാതെ ബലിയര്‍പ്പിക്കുന്നതു കര്‍ത്താവിനു സ്വീകാര്യമല്ല എന്നു സാവൂള്‍ രാജാവിനോടു പറഞ്ഞ സാമുവേല്‍ പ്രവാചകനില്‍ ഈ പ്രബോധനപാരമ്പര്യത്തിന്‍റെ തുടക്കം കാണാം. "തന്‍റെ കല്പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതോ കര്‍ത്താവിനു പ്രീതികരം? അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം; മുട്ടാടുകളുടെ മേദസിനേക്കാള്‍ ഉല്‍കൃഷ്ടം" (1 സാമു 15,22). എന്നാല്‍ പുരോഹിതന്മാര്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ, ബലിയര്‍പ്പണങ്ങളും ഉത്സവാഘോഷങ്ങളുമായിരുന്നു ദൈവികനിയമങ്ങള്‍ അനുസരിച്ചുള്ള ജീവിതത്തേക്കാള്‍ അഭികാമ്യം! ജനങ്ങള്‍ എന്നാല്‍ സമ്പന്നരും അധികാരം കയ്യാളുന്നവരുമായ ഉന്നതര്‍ എന്നു വിവക്ഷ.

സോളമന്‍ ദേവാലയം നിര്‍മ്മിച്ച് ദൈവത്തിനു സമര്‍പ്പിച്ചത് വലിയ ആഘോഷത്തോടെയാണ്. "സോളമന്‍ ഇരുപതിനായിരം കാളകളെയും ഒരുലക്ഷത്തിയിരുപതിനായിരം ആടുകളെയും കര്‍ത്താവിനു സമാധാനബലിയായി അര്‍പ്പിച്ചു... കര്‍ത്താവിന്‍റെ മുമ്പില്‍ ഏഴു ദിവസം ഉത്സവം ആഘോഷിച്ചു." (1 രാജാ 8, 62-65). അങ്ങനെ ആഘോഷങ്ങളുടെ പാരമ്പര്യത്തിനു തുടക്കം കുറിച്ചു. ദേവാലയ പ്രതിഷ്ഠയോടനുബന്ധിച്ചു നടത്തിയ ദീര്‍ഘമായ പ്രാര്‍ത്ഥനയ്ക്ക് കര്‍ത്താവ് നല്കിയ ഉത്തരം ശ്രദ്ധേയമാണ്. പിതാവായ ദാവീദിനെപ്പോലെ വിശ്വസ്തത പാലിക്കുകയും നിയമങ്ങള്‍ അനുസരിക്കുകയും ചെയ്താല്‍ ദൈവത്തിന്‍റെ കൃപാകടാക്ഷം സോളമന്‍റെ മക്കളുടെയും ജനം മുഴുവന്‍റെയും മേല്‍ ഉണ്ടാകും. മറിച്ചായാല്‍  ഇപ്പോള്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ആലയം തന്നെ നാശക്കൂമ്പാരമാകും. (1 രാജാ 9, 1-9). പ്രവാസത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ചരിത്രം പുനരാഖ്യാനം ചെയ്യുന്ന നിയമാവര്‍ത്തനാത്മക ഗ്രന്ഥകാരന്‍റെ തൂലികയില്‍ നിന്നു വരുന്ന ഈ താക്കീത് എത്രമാത്രം പ്രസക്തമായിരുന്നു എന്ന് തുടര്‍ന്നു വന്ന പ്രവാചകന്മാരുടെ വിമര്‍ശനങ്ങളില്‍ നിന്ന് കാണാനാവും.

"നിങ്ങളുടെ ഉത്സവങ്ങളോട് എനിക്ക് വെറുപ്പാണ്, അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്ക് പ്രസാദമില്ല. നിങ്ങള്‍ ദഹനബലികളും ധാന്യബലികളും അര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കുകയില്ല... നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കണ്ടാ..." (ആമോ 5, 21-23). ഇസ്രയേല്‍ ജനത്തിന്‍റെ ആരാധനയുമായി ബന്ധപ്പെട്ട സകല പ്രവൃത്തികളും കര്‍ത്താവു തിരസ്കരിക്കുന്നു എന്ന് പ്രവാചകന്‍ പറയുന്നതിന് ഒരേ ഒരു കാരണമേയുള്ളൂ. നാട്ടില്‍ അനീതി നടമാടുന്നു. അനീതി പ്രവര്‍ത്തിക്കുന്നിടത്ത്, അനീതി നിലനില്‍ക്കുന്നിടത്ത്, അതിനു കാരണക്കാരായവര്‍ ബലിയര്‍പ്പിക്കുന്നതും ഉത്സവമാഘോഷിക്കുന്നതും ദൈവത്തെ പ്രസാദിപ്പിക്കുകയല്ല, അവഹേളിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ പ്രവാചകന്‍ തുടര്‍ന്നു പറയും: "നീതി ജലംപോലെ ഒഴുകട്ടെ. സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാല്‍ പോലെയും" (ആമോ 5,24).

തൊട്ടു പിന്നാലെ വന്ന ഹോസിയാ കുറെക്കൂടി ശക്തവും കഠിനവുമായ ഭാഷയിലാണ് അനീതിയുടെ മൂലകാരണങ്ങളെ അനാവരണം ചെയ്യുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതിയെ തുറന്നു കാട്ടിയതിനുശേഷം ആരാണിതിനു മുഖ്യ ഉത്തരവാദികള്‍ എന്ന സംശയത്തിനു പഴുതടച്ച് പ്രവാചകന്‍ പ്രഖ്യാപിക്കുന്നു: "എന്നാല്‍ അരും തര്‍ക്കിക്കേണ്ട, കുറ്റപ്പെടുത്തുകയും വേണ്ട, പുരോഹിതാ, നിനക്കെതിരെയാണ് എന്‍റെ ആരോപണം.....അജ്ഞത നിമിത്തം എന്‍റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്‍റെ പുരോഹിതനായിരിക്കുന്നതില്‍ നിന്ന് നിന്നെ ഞാന്‍ തിരസ്കരിക്കുന്നു." (ഹോസി 4, 4-6). അജ്ഞത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ദൈവത്തെയും അവിടുത്തെ തിരുഹിതത്തെയും കുറിച്ചുള്ള അജ്ഞതയാണ്. അതോടൊപ്പം തങ്ങള്‍ ആരെന്നും തങ്ങളെ സംബന്ധിച്ച ദൈവത്തിന്‍റെ പദ്ധതി എന്തെന്നും ജനം അറിയുന്നില്ല. അതാണ് അവര്‍ വഴി തെറ്റാന്‍ കാരണം. അറിയേണ്ട  പുരോഹിതനും അജ്ഞനായിത്തീര്‍ന്നിരിക്കുന്നു. അതിനാല്‍ പുരോഹിതനായി തുടരാന്‍ അയാള്‍ക്കിനി അര്‍ഹതയില്ല.

ഇത് ഇസ്രായേലിലെ ഏതെങ്കിലും ഒരു പ്രത്യേകപുരോഹിതനെതിരെയുള്ള കുറ്റാരോപണവും ശിക്ഷാവിധിയുമല്ല. എക്കാലത്തും നിലനില്ക്കുന്ന പൗരോഹിത്യം തന്നെയാണ് ഇവിടെ പ്രതിക്കൂട്ടിലാകുന്നത്. ഇന്നത്തെ ക്രിസ്തീയ പുരോഹിതരും ഇതിന് അപവാദമാവുകയില്ല. ദൈവത്തെ അറിയാനും അറിയിക്കാനും കടപ്പെട്ടവര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ദേശത്തെ ഏറ്റം മികച്ചതും സമ്പന്നര്‍ക്കുമാത്രം അഭിഗമ്യവും പാവപ്പെട്ടവരെ അവഗണിക്കുന്ന പുതിയ ആഗോള ഉപഭോഗസംസ്കാരത്തിനു  വഴിയൊരുക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും പടുത്തുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അജ്ഞതമൂലം ജനം നശിക്കുന്നു എന്ന പ്രവാചക വിലാപം ഇവിടെയും മാറ്റൊലി കൊള്ളുന്നത് കേള്‍ക്കാതെ പോകുന്നു.

തെറ്റായ പ്രബോധനങ്ങളും അവ നല്കുന്ന ബോധ്യങ്ങളുമാണ് അനീതിയുടെ അടിസ്ഥാനമായി പ്രവാചകര്‍ കാണുന്നത്. അതിനു കാരണക്കാരായി മൂന്നു വിഭാഗം നേതാക്കളെ എടുത്തു കാട്ടുന്നു. "പുരോഹിതന്മാരേ കേള്‍ക്കുവിന്‍. ഇസ്രായേല്‍ ഭവനമേ ശ്രദ്ധിക്കുക. രാജകുടുംബമേ ശ്രദ്ധിക്കുക. നിങ്ങളുടെ മേല്‍ വിധി പ്രസ്താവിച്ചിരിക്കുന്നു." (ഹോസി 5,1). പട്ടികയുടെ മുന്‍പില്‍ പുരോഹിതര്‍ തന്നെ. പിന്നാലെയാണ് രാജകുടുംബവും സമ്പന്നരും വരുന്നത്. "പുരോഹിതനെപ്പോലെ ജനവും" (ഹോസി 4,9) എന്ന കണ്ടെത്തലിന് പുരോഹിതന്‍റെ ഉത്തരവാദിത്വം വീണ്ടും എടുത്തു കാട്ടുന്നു.

ഉത്സവാഘോഷങ്ങളിലും ബലിയര്‍പ്പണങ്ങളിലും സാഫല്യം കണ്ടെത്തുന്നവര്‍ക്കെതിരെ, സാമുവേലിന്‍റെ തീക്ഷ്ണതയോടെ ഹോസിയാ ആവര്‍ത്തിക്കുന്നു: "ബലിയല്ല സ്നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്; ദഹനബലിയല്ല ദൈവജ്ഞാനമാണ് എനിക്കിഷ്ടം." (ഹോസി 6,6). ഉടമ്പടിയോടുള്ള വിശ്വസ്തതയാണ് ഇവിടെ സ്നേഹം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്, ഹെസെദ് എന്ന് ഹീബ്രു മൂലം. നീതി പ്രവര്‍ത്തിക്കാതെ ദൈവത്തെ അറിയാന്‍ കഴിയില്ല എന്നതു പ്രവാചകന്മാരുടെ പൊതുവായ ദര്‍ശനമാണ്. ജോസിയാ രാജാവിനെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ജറെമിയാ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. "അവന്‍ ദരിദ്രര്‍ക്കും അഗതികള്‍ക്കും ന്യായം നടത്തിക്കൊടുത്തു....എന്നെ അറിയുകയെന്നാല്‍ ഇതു തന്നെയല്ലേ എന്നു കര്‍ത്താവ് അരുള്‍ചെയ്യുന്നു."(ജറെ 22,16)

സ്വപ്നം കാണുന്നു. നിദ്രാപ്രിയരാണവര്‍..." (ഏശ 56, 10-11) എന്ന എശയ്യായുടെ വിമര്‍ശനം അനീതിയുടെ ഉറവിടങ്ങളിലേക്കു തന്നെയാണ് വിരല്‍ചൂണ്ടുന്നത്. പുരോഹിതന്‍ എന്ന വിശേഷണം ബലിയര്‍പ്പണത്തിനായി ഒദ്യോഗികമായി നിയുക്തരായവരെ മാത്രമല്ല, ജനത്തെ ദൈവോന്മുഖമായി, നീതിയുടെ പാതയില്‍ നയിക്കാന്‍ കടപ്പെട്ട എല്ലാവര്‍ക്കും യോജിച്ചതാണ്. "ആശാന്‍ അക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്താറു പിഴയ്ക്കും ശിഷ്യര്‍" എന്ന പഴമൊഴി ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു.

വിശുദ്ധിയിലേക്കു നയിക്കേണ്ട ബലിയര്‍പ്പണവും ദൈവോന്മുഖജീവിതത്തിനു കരുത്തു പകരേണ്ട ഉത്സവാഘോഷങ്ങളും അനീതിക്കു വഴി തുറക്കുകയും ജനത്തെ വ്യര്‍ത്ഥമായ സുരക്ഷിതബോധത്തിലേക്കു നയിക്കുകയും ചെയ്തു. ദൈവാരാധന വിഗ്രഹാരാധനയായിത്തീര്‍ന്നു. ആരാധനയുടെ അനുഷ്ഠാനങ്ങള്‍ ദൈവത്തെ അവഹേളിക്കുന്ന ആഭാസങ്ങളായി അധഃപതിച്ചു. ദൈവാരാധന എന്ന തോന്നല്‍ മാത്രം നിലനിര്‍ത്തുകയും എന്നാല്‍ യഥാര്‍ത്ഥമായ ആരാധനയുടെ യാതൊരു ഗുണവും അവശേഷിപ്പിക്കാത്തതുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നീതിനിര്‍വ്വഹണത്തിനു പ്രേരിപ്പിക്കുന്നതിനു പകരം അനീതിക്കു പ്രോത്സാഹനമായി. ജനത്തിന്‍റെ നേതാക്കന്മാര്‍ തന്നെയാണ് ഇതിനുത്തരവാദികള്‍ എന്ന പ്രവാചക വിമര്‍ശനത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ഇനി എന്താണ് പ്രവാചകന്മാര്‍ ആവശ്യപ്പെടുന്നത്? അതിലേക്കാണ് തുടര്‍ന്നു ശ്രദ്ധ തിരിക്കുന്നത്.    

(തുടരും)

You can share this post!

ശാന്തപദം സുരക്ഷിതം

സഖേര്‍
അടുത്ത രചന

മനോനില ചിത്രണം

ടോം മാത്യു
Related Posts