news-details
ധ്യാനം

'ആഗമനം', 'സന്ദര്‍ശനം' എന്നീ വാക്കുകള്‍ വലിയ മനുഷ്യരുടെ വരവിനെയാണ് സൂചിപ്പിക്കുന്നത്. പഴയകാലങ്ങളില്‍ രാജാക്കന്മാര്‍ ജനത്തെ സന്ദര്‍ശിക്കുവാന്‍ വരുമ്പോള്‍ പെരുമ്പറ കൊട്ടി വിളംബരം നടത്തുന്ന പതിവുണ്ടായിരുന്നു. മറഞ്ഞിരിക്കുന്ന ദൈവികശക്തിയുടെ വെളിപ്പെടുത്തലിനെയും 'സന്ദര്‍ശനം' എന്ന വാക്കുകൊണ്ട് സൂചിപ്പിക്കാറുണ്ട്. സന്ദര്‍ശനത്തിന്‍റെ വില സന്ദര്‍ശിച്ചവന്‍റെ വിലയാണ്. പ്രധാനമന്ത്രിയും, പ്രസിഡന്‍റും, ബിഷപ്പും ഒക്കെ സന്ദര്‍ശനം നടത്തിയെന്നാണ് പറയുന്നത്. കുറുക്കന്‍ കോഴിക്കൂടിനെ സന്ദര്‍ശിച്ചെന്നോ, കള്ളന്‍ പാതിരാത്രിയില്‍ വീടു സന്ദര്‍ശിച്ചെന്നോ പറയാറില്ല. വിലയുള്ളവരുടെ ആഗമനത്തെ സന്ദര്‍ശനം എന്നു വിളിക്കുന്നു. ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മയാണ് ആഗമനകാലം. തിന്മനിറഞ്ഞ ഈ ലോകത്തെ അവിടുന്നു സന്ദര്‍ശിക്കുന്നു. ഈ ലോകത്തിന്‍റെ കാറ്റിനും, തണുപ്പിനും വിധേയനാകുവാന്‍ ദൈവം നിശ്ചയിക്കുന്നു. ലോകം നിശ്ചയിക്കുന്ന അതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങുവാന്‍ അപരിമിതനായ ദൈവം തീരുമാനമെടുക്കുന്നതിന്‍റെ ഓര്‍മ്മയാണ് ക്രിസ്തുമസ്സ്. സര്‍വ്വവ്യാപിയായ ദൈവം ഒരു മനുഷ്യശിശുവായി പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങുവാന്‍ തീരുമാനിക്കുന്നു. ഇതിനെ വിളിക്കുന്ന പേരാണല്ലോ 'മനുഷ്യാവതാരം.' എന്‍റെ വ്യക്തിജീവിതത്തിലും ഇതു സംഭവിക്കണം. ദൈവം തരുന്ന ജീവിതപങ്കാളിയേയും, മക്കളെയും മക്കളില്ലാത്ത അവസ്ഥയേയും, ഇഷ്ടമില്ലാത്ത ഭക്ഷണത്തെയും കാലാവസ്ഥയേയും ജനങ്ങളെയുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരവസ്ഥ. ദൈവം നമ്മുടെ കൂടെയുണ്ട്. നമ്മില്‍നിന്ന് അകന്നിട്ടില്ല. വിവിധങ്ങളായ വഴികളിലൂടെ ദൈവം നമ്മിലേക്കു കടന്നുവരുന്നു. വലിയ ആനന്ദത്തിന്‍റെ മൂഹൂര്‍ത്തങ്ങള്‍ ദൈവം നമ്മെ സന്ദര്‍ശിക്കുന്ന അവസരമാണ്. അതുപോലെ തന്നെ രോഗങ്ങളും, തകര്‍ച്ചകളും വഴി ദൈവം നമ്മെ സന്ദര്‍ശിക്കും. രോഗത്തിന്‍റെയും ക്ഷീണത്തിന്‍റെയും അവസരങ്ങളില്‍ ദൈവം നമ്മോടു വ്യക്തിപരമായി സംസാരിക്കുന്നു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതത്തിലുണ്ടായ ഒരു രോഗം അദ്ദേഹത്തിന്‍റെ കണ്ണുതുറപ്പിച്ചു. ക്രിസ്തു തന്നെ വ്യക്തിപരമായി സന്ദര്‍ശിച്ച അവസരമായി അദ്ദേഹമതിനെ കണ്ടു. ഒരു മിന്നല്‍പ്രകാശംപോലെ സാവൂളിനെ ക്രിസ്തു സന്ദര്‍ശിച്ചു.

ഞാന്‍ നിശ്ചലനായിരിക്കുവാന്‍ എന്‍റെ രോഗത്തിലൂടെ ക്രിസ്തു എന്നെ സന്ദര്‍ശിക്കുന്നു. ദൈവത്തിനായും എനിക്കായും സമയം മാറ്റിവെയ്ക്കാന്‍ കഴിയാതെ ഓടി നടക്കുമ്പോള്‍ ദൈവം കടന്നുവരും. എന്‍റെ ജോലി, ആഘോഷങ്ങള്‍, എന്‍റെ സമൂഹം എന്നിവ എന്നെ കയ്യടക്കുമ്പോള്‍ രോഗം, വേദന, സഹനങ്ങള്‍ എന്നിവ എന്നെ നിശ്ചലനാക്കും. ഇതിലൂടെ ദൈവം എന്നെ സന്ദര്‍ശിക്കുകയാണ്. ഞാന്‍ എന്നിലേക്ക് തിരിഞ്ഞുനോക്കുവാനും, എന്‍റെ ദൈവത്തിന്‍റെ മുഖത്തു നോക്കുവാനുമായി ഈ സാഹചര്യങ്ങള്‍ എന്നെ സഹായിക്കുന്നു. കാത്തിരിപ്പിന്‍റെ ദിവസങ്ങളാണല്ലോ ക്രിസ്തുമസ്സുകാലം. നാമെല്ലാവരും പലതിനായി കാത്തിരിക്കുന്നവരാണ്. മരുന്നു കഴിക്കുന്ന ആള്‍ രോഗശമനത്തിനായി കാത്തിരിക്കും. കര്‍ഷകന്‍ വിളവെടുപ്പിനായി കാത്തിരിക്കും. കര്‍ത്താവിന്‍റെ സന്ദര്‍ശനത്തിനായി നാം കാത്തിരിക്കണം. ദൈവകൃപയുടെ പ്രഛന്നവേഷങ്ങള്‍ ജീവിതത്തില്‍ കടന്നുവരുമ്പോള്‍ അതിന്‍റെയെല്ലാം പിറകിലുള്ള ദൈവികപദ്ധതിയെപ്പറ്റി ധ്യാനിക്കുക. ദൂതന്‍റെ സന്ദര്‍ശനവും, മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നതുമെല്ലാം നാം ധ്യാനിക്കുമ്പോള്‍ നമ്മെ സന്ദര്‍ശിക്കുന്ന ദൈവത്തെ തിരിച്ചറിയുക. ദരിദ്രരും, നിസ്സാരരുമായ മനുഷ്യരിലൂടെ ദൈവം തന്നെയാണ് നമ്മെ സന്ദര്‍ശിക്കുന്നത്. ഈ ചെറിയവരില്‍ ഒരുവനു ചെയ്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തത് എന്ന തിരുവചനം നമുക്കു മറക്കാതിരിക്കാം. ഓരോ ചെറിയ അനുഭവത്തിലും ക്രിസ്തുവിനെ നമുക്കു കണ്ടെത്തുവാന്‍ കഴിയട്ടെ. അവന്‍റെ സന്ദര്‍ശനം വീണ്ടെടുപ്പിനു വേണ്ടിയാണ്. ക്രിസ്തു സന്ദര്‍ശിച്ചിടത്തെല്ലാം വീണ്ടെടുപ്പുകള്‍ നടന്നു. സക്കേവൂസും, സമരിയാക്കാരിയും, പാപിനിയായ സ്ത്രീയുമെല്ലാം ആ വീണ്ടെടുപ്പ് അനുഭവിച്ചു. എന്നെ വീണ്ടെടുക്കുവാന്‍ മനുഷ്യരൂപത്തില്‍ എന്നെ സന്ദര്‍ശിക്കുന്ന ക്രിസ്തുവിനെ പ്രതീക്ഷയോടുകൂടി ഈ ക്രിസ്തുമസ് കാലത്ത് കാത്തിരിക്കാം.

You can share this post!

പരിശുദ്ധാത്മാവിലുള്ള ജീവിതം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts